വധോന്മത്തമായ മതരാഷ്ട്രീയവും എഴുത്തുകാരുടെ പതിറ്റാണ്ടുകള്‍ നീണ്ട പ്രവാസവും ലോക് ഡൗണും .
”ആര്‍ക്ക് വേണ്ടിയാണ് മണി മുഴങ്ങുന്നതെന്ന് അറിയാന്‍ ആളെ അയക്കരുത്…
അത് മുഴങ്ങുന്നത് നിങ്ങള്‍ക്കുവേണ്ടിയാണ്.” – (കവി ജോണ്‍ ഡണ്‍)
കോവിഡ് 19 മനുഷ്യാധിവാസത്തിന്റെ സമൂഹ്യദൂരം വര്‍ദ്ധിപ്പിക്കുകയും മനുഷ്യന്റെ സമാജപരമായ ജീവിതത്തിന് താഴിടുകയും ചെയ്യുന്ന ഈ കെട്ടകാലം എത്രമാത്രം സങ്കീര്‍ണ്ണമാണെന്ന് നാം അറിയുന്നു…
എന്നാല്‍ ബ്രിട്ടീഷ് ഇന്ത്യന്‍ എഴുത്തുകാരനായ സല്‍മാന്‍ റഷ്ദിയുടേയും ബംഗ്ലാദേശ് എഴുത്തുകാരി തസ്ലിമ നസ്രീനിന്റെയും ജീവിതം മതമൗലിക വാദികള്‍ താഴിട്ട് പൂട്ടിയീട്ട് പതിറ്റാണ്ടുകളായി..
തസ്ലീമയും സല്‍മാന്‍ റഷ്ദിയും ഇസ്ലാമിക് ആവാസവ്യവസ്ഥയിലെ മന:ശാസ്ത്രപരമായ അധിനിവേശത്തിനെതിരെ അവരുടേതായ ഭാഷയില്‍ പ്രതികരിച്ചപ്പോള്‍ അവര്‍ ഭ്രഷ്ടരാവുകയും അധിവാസ സ്ഥലത്തു നിന്ന് പുറന്തള്ളപ്പെടുകയും ചെയ്തു.
എഴുത്തുകാര്‍ രാഷ്ട്രീയത്തോട് വിരക്തി കാണിക്കണമെന്ന ജോര്‍ജ് ഓര്‍വെലിന്റെ വാദത്തെ വിമര്‍ശിച്ചുകൊണ്ട് 1984 ല്‍ സല്‍മാന്‍ റഷ്ദി എഴുതി. ”സാഹിത്യവും രാഷ്ട്രീയവും – രണ്ടും കൂടിക്കലര്‍ന്നതാണ്. ആ കലര്‍പ്പിന് ചില അനന്തരഫലങ്ങളുണ്ട്. ചരിത്രവും രാഷ്ട്രീയവും നമ്മെ വലയം ചെയ്യുന്നു”.
ദി ക്രിട്ടിക് ഫേസ് ബുക്ക് പേജ് ലൈക്ക് ചെയ്യുക
ചരിത്രത്തിന്റെയും രാഷ്ട്രീയത്തിന്റെയും അണുവികിരണം ബാധിച്ച നമ്മള്‍ക്ക് നിശബ്ദമായ ഇടങ്ങള്‍ ലോകത്തിലില്ല. ആയതിനാല്‍ ചരിത്രം, വാദകോലാഹലങ്ങള്‍ , സംഭ്രമം, ഭീതി എന്നിവയില്‍ നിന്ന് എളുപ്പം രക്ഷപ്പെടാനാവില്ലെന്ന് റഷ്ദി സമര്‍ത്ഥിച്ചു.
അഞ്ചുവര്‍ഷത്തിന് ശേഷം അദ്ദേഹത്തിന്റെ ‘ദ സാത്താനിക് വേഴ്സസ് ‘ എന്ന നോവല്‍ പടിഞ്ഞാറും മുസ്ലിം രാജ്യങ്ങളിലും നടക്കുന്ന പ്രാദേശികവും അന്തര്‍ദേശിയവുമായ സംവാദ പരമ്പരകളിലേക്ക് ഉള്‍ച്ചേര്‍ക്കപ്പെട്ടു. ഇറാനിലെ മതനേതാവ് അദ്ദേഹത്തെ വധിക്കാനുള്ള ഉത്തരവ് നല്‍കി. ഇസ്ലാമിക ലോകം മുഴുവനും അതാവര്‍ത്തിച്ചു. അദ്ദേഹത്തിന് പ്രവാസിയായി ഒളിവില്‍ പോകേണ്ടി വന്നു.. ഒരെഴുത്തുകാരന്റ 31 വര്‍ഷക്കാലമായി തുടരുന്ന ‘ലോക് ഡൗണ്‍’.
ഇസ്ലാം സമാധാനത്തിന്റെ മതമല്ലെന്ന് പ്രഖ്യാപിക്കുകയും ബംഗ്ലാദേശിലെ മതാധിഷ്ഠിതമായ ആഭ്യന്തര അധിനിവേശത്തിനെതിരെ തന്റെ ‘ലജ്ജ’ എന്ന നോവലിലൂടെ പ്രതിഷേധിക്കുകയും ചെയ്തതാണ് തസ്ലീമ നസ്രീനെതിരെ ഫത്വ പ്രഖ്യാപിക്കപ്പെടാന്‍ ഇടയാക്കിയത്. അവര്‍ സ്വന്തം മണ്ണില്‍ നിന്ന് ആട്ടിയോടിക്കപ്പെട്ടു.. കല്‍ക്കട്ടയില്‍ അഭയം തേടിയ തസ്ലിമക്കെതിരെ അവിടെയും സംഹാരത്തിന്റെ കല്ലുകളുയര്‍ന്നു. നന്ദിഗ്രാമില്‍ ലോക മുതലാളിത്തത്തിന്റെ അധിനിവേശം നടപ്പാക്കിക്കൊണ്ടിരുന്ന സി.പി.എം പോലും മതവികാരം വ്രണപ്പെട്ടതുകൊണ്ടുണ്ടായ സ്വാഭാവിക പ്രതികരണമായി മതഭ്രാന്തിന്റെ കല്ലേറുകളെ വ്യാഖ്യാനിച്ചു..
തസ്ലിമയും റഷ്ദിയും ഇന്നും കൊറോണയേക്കാള്‍ മത വധഭീഷണിയുടെ ഭയ ജലധിയെ മറികടക്കാനാവാതെ ജീവിക്കുകയാണ്..
പുതിയ കാലത്തിന്റെ കാവിനിറത്തില്‍ നിറഭേദങ്ങളും വര്‍ണ്ണ ബോധങ്ങളും പൊലിഞ്ഞുപോയപ്പോള്‍ ഫാഷിസ്റ്റുകള്‍ ആട്ടിയോടിച്ച കലാകാരനാണ് എം.എഫ്.ഹുസൈന്‍. ഹൈന്ദവ ദേവതകളെ മോശമായി ചിത്രീകരിച്ചുവെന്നാരോപിച്ച് വേട്ടയാടപ്പെട്ടപ്പോള്‍ മൃത്യുഭയത്താല്‍ അദ്ദേഹം ഖത്തറിലേക്ക് പലായനം ചെയ്യുകയായിരുന്നു..
റഷ്ദിയില്‍ നിന്നും തസ്ലിമയില്‍ നിന്നും വ്യതിരിക്തമാണ് ഹുസൈന്റെ കലാപ്രവര്‍ത്തനപരിസരം. അവര്‍ മതാധികാരത്തിന്റെ സാംസ്‌കാരിക മന:ശാസ്ത്ര കോളനീകരണത്തിനെതിരെ നിഷേധം രേഖപ്പെടുത്തിയപ്പോള്‍ എം എഫ് ഹുസൈന്‍ ചിത്രങ്ങളില്‍ അങ്ങനെയൊരു നിഷേധത്തിന്റെ ഘടകം ഇല്ല. എന്നു മാത്രമല്ല അത് പ്രാചീന ഹൈന്ദവ ആവാസവ്യവസ്ഥയുടെ നവീകരണവും ഉദാത്തീകരണവും കൂടിയാണ്.
ദി ക്രിട്ടിക് യു ട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
ഹുസൈന്‍ ഹിന്ദുദൈവങ്ങളെ ചിത്രരചനാ വിഷയമാക്കുമ്പോള്‍ ഹൈന്ദവ ആവാസവ്യവസ്ഥയിലെ ‘ദൈവീക രതി ബോധ’ ത്തെ പുനരുദ്ധരിക്കുവാനാണ് ശ്രമിച്ചത്. അതായത് തസ്ലിമയും റഷ്ദിയും ഇസ്ലാമിക ആവാസവ്യവസ്ഥയെ നിഷേധിച്ചുവെങ്കില്‍ ഹുസൈനും കലാമണ്ഡലം ഹൈദരാലിയും യേശുദാസും ഹൈന്ദവ ആവാസവ്യവസ്ഥയെ ആസ്വദിക്കുവാനാണ് ശ്രമിച്ചത്..
എന്നാല്‍ സംഘപരിവാര്‍ ഫാഷിസ്റ്റുകള്‍ അദ്ദേഹത്തിന്റെ കലയുടെ ‘പൗരത്വം’ എന്താണെന്നാണ് അന്വേഷിച്ചത്. ആസന്നമരണഭയത്താല്‍ നാടുവിട്ടോടിയ ആ കലാകാരന് ഖത്തറില്‍ പ്രവാസിയായി മരിക്കേണ്ടി വന്നു.
ഇന്ത്യന്‍ ഹൈന്ദവ മിസ്റ്റിസിസത്തെ പുണര്‍ന്നും ഭരണകൂടത്തിന്റെ അടുപ്പക്കാരനായും അടിയന്തിരാവസ്ഥക്കാലത്ത് ഇന്ദിരാഗാന്ധിയില്‍ രക്ഷക മിത്തായ ദുര്‍ഗ്ഗയെ ഉപദര്‍ശിച്ചും 1986ല്‍ രാജ്യസഭാംഗമായും ബോളിവുഡിന്റെ സെലിബ്രിറ്റികളില്‍ ഇടം കണ്ടെത്തിയും സിഗരറ്റ് പാക്കറ്റ് അടക്കമുള്ള ഉല്‍പ്പന്നങ്ങള്‍ ഡിസൈന്‍ ചെയ്തും കലാബാഹ്യമായ ലീലകളില്‍ ഏര്‍പ്പെട്ടിട്ടുണ്ടെങ്കിലും ഇന്ത്യന്‍ ചിത്രകലയുടെ മെച്ചപ്പെട്ട വിരലടക്കത്തിന്റെ തെളിവുകളെ ഹിന്ദു സവര്‍ണ്ണ ഫാഷിസ്റ്റുകള്‍ മായ്ച്ചുകളയാന്‍ ശ്രമിച്ചപ്പോള്‍ അദ്ദേഹത്തിന്റെ വിമര്‍ശകര്‍ ഉള്‍പ്പെടെ ഇന്ത്യ മുഴുവന്‍ പ്രതിഷേധിച്ചു.
ഗുജറാത്ത് കൂട്ടക്കൊലയില്‍ പിടഞ്ഞു മരിച്ചു വീണ ഒരു അന്യമതസ്ഥന്റെ നിലവിളി ”ഒരു പട്ടി ചത്താലുള്ള ദു:ഖം മാത്രമേ തന്നിലുളവാക്കുന്നുള്ളൂ” എന്നു പറഞ്ഞ ഒരു ”രാജ്യസ്നേഹി” ഭരിക്കുന്ന വര്‍ത്തമാന ഇന്ത്യന്‍ സാഹചര്യത്തില്‍ അദ്ദേഹത്തിനു ജീവിക്കേണ്ടി വന്നില്ലല്ലോ
എന്ന കാര്യത്തില്‍ നമുക്കാശ്വസിക്കാം. അല്ലെങ്കില്‍ മറ്റൊരു പന്‍സാരെയോ, കല്‍ബുര്‍ഗിയോ ഗൗരി ലങ്കേഷോ ആയി ഹുസൈന്റെ വരകള്‍ ചോരയില്‍ ചിതറുമായിരുന്നു..
കോവിഡ് 19 നെ കുറിച്ച് മീഡിയോക്രിറ്റിയുടെ ആയുഷ്‌കാല പാട്ടം എടുത്തവരുടെ ‘കേരള മോഡലും’ ‘ചൈനീസ് മോഡലും’ കിംവദന്തികളും കേട്ട് ആരും നെഞ്ചത്തടിച്ച് ആഘോഷിക്കേണ്ട. ഇത് രോഗപ്രതിരോധ പഥ്യ കര്‍മ്മങ്ങളുടെയും അണു നശീകരണത്തിന്റേയും അന്തരാളം മാത്രമാണ്..
കൊറോണാനന്തരം മഹാവ്യാധികളും, മതമൗലികവാദികളും, ഫാഷിസ്റ്റുകളും, സാമ്രാജ്യത്വവും കൂടുതല്‍ ശക്തിയോടെ വരും. ക്ഷേത്രങ്ങളും പള്ളികളും ആള്‍ദൈവ കേന്ദ്രങ്ങളും പൂര്‍വാധികം ശക്തമായി അന്ധവിശ്വാസികളാല്‍ നിറയും.. രാഷ്ട്രീയ ഭൂരിപക്ഷം വര്‍ഗീയഭൂരിപക്ഷത്തില്‍ ഇനിയും ലയിച്ചില്ലാതാകും.
ഉല്‍പ്പാദന ശക്തികളെയും ഉത്പാദന ബന്ധങ്ങളെയും വിപ്ലവകരമായി മാറ്റിമറിക്കുക അതിലൂടെ സാമൂഹ്യ വ്യവസ്ഥയെ വിപ്ലവകരമായി മാറ്റിത്തീര്‍ക്കുക എന്ന മനുഷ്യരാശിയുടെ അടിസ്ഥാന വികസന പ്രക്രിയ സാധ്യമാക്കുന്നില്ല എങ്കില്‍ ഒരു വ്യവസ്ഥ എത്രതന്നെ മഹാത്ഭുതങ്ങള്‍ സൃഷ്ടിച്ചാലും വന്ധ്യവും മുരടിച്ചതുമായിത്തീരും.
ആ മാറ്റത്തിന് വേണ്ടിയുള്ള മുന്നേറ്റങ്ങളാണ് ലോക ജനാധിപത്യവാദികളില്‍ നിന്ന് ഉണ്ടാകേണ്ടത്.. അത് മറ്റൊരു സംഭവമാണ്….. ശരിയാണെന്നാണ് അറിവ്
സുഹൃത്തെ,
അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പന്ത്രണ്ടാം വര്‍ഷത്തേക്ക് കടക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2024 - 25 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.
The Critic, A/C No - 020802000001158,
Indian Overseas Bank,
Thrissur - 680001, IFSC - IOBA0000208
google pay - 9447307829
സ്നേഹത്തോടെ ഐ ഗോപിനാഥ്, എഡിറ്റര്‍, thecritic.in