വെറുപ്പിന്റെ കമ്പോളത്തില്‍ രാഹുല്‍ തുറന്ന സ്‌നേഹത്തിന്റെ കടയില്‍ ജനം കയറുമോ?

ഈ യാത്രയുടെ പ്രായോഗികരംഗത്തെ ഫലം വ്യക്തമാകുക വരാന്‍ പോകുന്ന ലോകസഭാതെരഞ്ഞെടുപ്പിലാണെന്ന വാദം നിലനില്‍ക്കുന്നുണ്ട്. ഒരര്‍ത്ഥത്തില്‍ അതു ശരിയാണ്. ആശയങ്ങളും നിലപാടുകളും എത്രമാത്രം ജനം സ്വീകരിക്കുന്നു എന്നതിന്റെ അളവുകോലാണ് ജനാധിപത്യത്തില്‍ തെരഞ്ഞെടുപ്പ്. എന്നാല്‍ അതെല്ലാം സാധ്യമാകുക മാതൃകാപരമായ ജനാധിപത്യ സംവിധാനത്തിലും ജനാധിപത്യമൂല്യങ്ങളെ മുറുകിപിടിക്കുന്ന രാഷ്ട്രീയപാര്‍ട്ടികളും നേതാക്കളും അണികളും വോട്ടര്‍മാരുമുണ്ടെങ്കില്‍ മാത്രമാണ്.

ഒരു സംശയവുമില്ല, രാഷ്ട്രീയത്തിനും രാഷ്ട്രീയപ്രവര്‍ത്തനത്തിനും പുതിയൊരു നിര്‍വ്വചനമാണ് രാഹുല്‍ നല്‍കുന്നത്. ഏറെകാലമായി വെറുപ്പിന്റെ കമ്പോളം തന്നെയാണ് നമ്മുടെ രാഷ്ട്രീയം. വ്യത്യസ്ഥമായി ചിന്തിക്കുന്നവരോട്, ജീവിക്കുന്നവരോട് വെറുപ്പുതന്നെയാണ് അതുല്‍പ്പാദിപ്പിച്ചു കൊണ്ടിരിക്കുന്നത്. ജാതിയുടെ പേരിലും മതത്തിന്റെ പേരിലും വംശീയതയുടെ പേരിലും വര്‍ണത്തിന്റെ പേരിലും ലിംഗത്തിന്റെ പേരിലും വര്‍ഗ്ഗത്തിന്റെ പേരിലുമൊക്കെ നടക്കുന്ന ഉന്മൂലനങ്ങളെ പോലും രാഷ്ട്രീയലക്ഷ്യങ്ങളുടേയും നിലപാടുകളുടേയും ആശയങ്ങളുടേയും പേരില്‍ ന്യായീകരിക്കുന്ന അവസ്ഥയിലേക്ക് രാഷ്ട്രീയം മാറിയിരിക്കുന്നു. ജനാധിപത്യമൂല്യങ്ങളെ മറികടന്ന് തെരഞ്ഞെടുപ്പുകളില്‍ വന്‍വിജയം നേടി അധികാരത്തിലെത്താന്‍ വെറുപ്പിന്റെ രാഷ്ട്രീയത്തിനാകുന്നു. അവിടേക്കാണ് സ്‌നേഹത്തിന്റെ, സാഹോദര്യത്തിന്റെ, ജനാധിപത്യത്തിന്റെ സന്ദേശവുമായി രാഹുല്‍ഗാന്ധി മറ്റൊരു രാഷ്ട്രീയത്തിന്റെ കട തുറക്കുന്നത്. ഏറെകാലമായി നാം മറന്നുപോയ മൂല്യങ്ങളാണ് ഈ കടയില്‍ ലഭ്യമാകുന്നത്. അത്തരം മൂല്യങ്ങളുമായി ജീവിച്ച ഒരു മഹാത്മാവിന്റെ 75-ാം രക്തസാക്ഷിദിനത്തില്‍ തന്നെയാണ് ഈ കട തുറന്നിരിക്കുന്നത്. ഇനിയത്തെ ചോദ്യം ഒന്നുമാത്രം. ഈ കടയിലേക്ക് ജനം കയറുമോ, ഈ മൂല്യങ്ങളെ സ്വകാര്യ – സാമൂഹ്യ ജീവിതത്തിലേക്ക് പകര്‍ത്തുമോ. അതിനുള്ള ഉത്തരത്തിലായിരിക്കും ഇനി രാജ്യത്തിന്റെ ഭാവി.

4000ത്തില്‍ പരം കിലോമീറ്റല്‍ കാല്‍നടയായി സഞ്ചരിച്ച് കഴിഞ്ഞ ദിവസം ശ്രീനഗറില്‍ സമാപിച്ച ഭാരത് ജോഡോയാത്രയുടെ സമാപനത്തില്‍ നടത്തിയ ഹ്രസ്വമായ പ്രസംഗത്തില്‍ മുത്തശ്ശിയുടേയും പിതാവിന്റേയും കൊലപാതകങ്ങളുടെ ഫോണ്‍ കോളുകള്‍ തനിക്കുവന്നതിനെ കുറിച്ച് രാഹുല്‍ പറഞ്ഞത് ആരേയും നൊമ്പരപ്പെടുത്തുന്ന വാക്കുകളായിരുന്നു. ‘ഇന്നലെ എന്നോട് ഒരു മാധ്യമ പ്രവര്‍ത്തകന്‍ ചോദിച്ചു ഈ യാത്രയുടെ അന്തിമ ലക്ഷ്യം എന്താണ്..? അപ്പോള്‍ ആ ചോദ്യത്തില്‍ നിന്ന് ഞാന്‍ ഒഴിഞ്ഞു മാറിയെങ്കിലും എനിക്ക് അതിന് ഉത്തരം ഉണ്ടായിരുന്നു. അതാണ് ഇത്. മേല്‍ പറഞ്ഞത് പോലെയുള്ള വെറുപ്പിന്റെ അനന്തര ഫലമായ ഇത്തരം കോളുകള്‍ രാജ്യത്തെ ഒരു വീടുകളിലേക്കും വരാതിരിക്കുക എന്നതാണ് ഈ യാത്രയുടെ അന്തിമ ലക്ഷ്യം’ മറ്റൊന്നു കൂടി അദ്ദേഹം കൂട്ടിചേര്‍ത്തു. ‘ഈ സംസാരം അമിത് ഷാ യ്ക്ക് മനസ്സിലാവണമെന്നില്ല.മോദിജിക്ക് മനസ്സിലാവണമെന്നില്ല. എന്തിന് ഡോവല്‍ജിക്ക് പോലും മനസിലാവാണമെന്നില്ല. കാരണം അവര്‍ക്ക് വേദന എന്നതില്‍ വലിയ താത്പര്യമില്ല.എന്നാല്‍ കശ്മീരികള്‍ക്ക് മനസ്സിലാവും.ഇവിടെ ചുറ്റും കൂടി നില്‍ക്കുന്ന പട്ടാളക്കാര്‍ക്ക് മനസ്സിലാവും.കാരണം ആയിര കണക്കിന് കാശ്മീരികളുടെ വീടുകളിലേക്ക് ഇത് പോലുള്ള കോളുകള്‍ വന്നിട്ടുണ്ട്.അത് പോലെ തന്നെ പട്ടാളക്കാരന്റെ വീടുകളിലേക്കും വന്നിട്ടുണ്ട്. അത് കൊണ്ട് നമുക്ക് മനസ്സിലാവും’ അതിനിയും ആവര്‍ത്തിക്കാതിരിക്കാനാണ് ‘നഫ്രത്ത് കീ ബസാര്‍ മേ മുഹബത്ത് കാ ദുക്കാന്‍ കോല്‍നേ കോശിഷ് കീ….’ എന്നു കൂടി രാഹുല്‍ കൂട്ടിചേര്‍ത്തത്. സ്വതന്ത്ര ഇന്ത്യയില്‍ വെറുപ്പിന്റെ രാഷ്ട്രീയത്തിന്റെ ആദ്യരക്തസാക്ഷി മഹാത്മാഗാന്ധിയുടെ 75-ാം രക്തസാക്ഷി വാര്‍ഷിക ദിനത്തിലായിരുന്നു രാഹുല്‍ ഈ വാക്കുകള്‍ രാജ്യത്തോട് പറഞ്ഞത് എന്നതും ഓര്‍ക്കാവുന്നതാണ്.

ദി ക്രിട്ടിക് ഫേസ് ബുക്ക് പേജ് ലൈക്ക് ചെയ്യുക

ഒരുപക്ഷെ നൂറ്റാണ്ടിനു മുന്നെ ഇന്ത്യയെ കണ്ടെത്താനും സാമ്രാജ്യത്വ വിരുദ്ധ പോരാട്ടത്തില്‍ ജനങ്ങളെ അണിനിരത്താനും മഹാത്മാഗാന്ധി നടത്തിയ യാത്രക്കുശേഷം രാജ്യം കണ്ട ഏറ്റവും മഹത്തായ യാത്രയായിരുന്നു ജോഡോ യാത്ര എന്നു പറയും. ആ യാത്രയില്‍ ഗാന്ധിയും ഉയര്‍ത്തിപിടിച്ചത് സ്‌നേഹത്തിന്റേയും സാഹോദര്യത്തിന്റേയും സ്വാതന്ത്ര്യത്തിന്റേയും രാഷ്ട്രീയമായിരുന്നു. അതു നല്‍കിയ കരുത്താണ് സൂര്യനസ്തമിക്കാത്ത സാമ്രാജ്യത്തെ മുട്ടുകുത്തിക്കാനുള്ള പോരാട്ടത്തിനു നേതൃത്വം നല്‍കാന്‍ അദ്ദേഹത്തിനു ഊര്‍ജ്ജം നല്‍കിയത്. ചില ഘടകങ്ങളിലെങ്കിലും ജോഡോ യാത്രക്ക്, ഗാന്ധിയുടെ യാത്രയുമായി സാമ്യങ്ങള്‍ കാണാം. നൂറ്റാണ്ടുകളോളം ഭരണഘടനയായി നിലനിന്ന മനുസ്മൃതി മൂല്യങ്ങളുടെ 56 ഇഞ്ച് നെഞ്ചളവുള്ള വെറുപ്പിന്റെ രാഷ്ട്രീയത്തെ മുട്ടുകുത്തിക്കാനുള്ള രാഷ്ട്രീയപ്രവര്‍ത്തനത്തിന്റെ ഭാഗമായാണ് സ്‌നേഹത്തിന്റേയും സാഹോദര്യത്തിന്റേയും സ്വാതന്ത്ര്യത്തിന്റേയും സന്ദേശവുമായി രാഹുല്‍ ഈ കിലോമീറ്ററുകളെല്ലാം താണ്ടിയത്. മുപ്പതും വര്‍ഷങ്ങള്‍ക്കുമുമ്പ് വെറുപ്പിന്റെ രാഷ്ട്രീയമുയര്‍ത്തി രാജ്യത്തു നടന്ന രഥയാത്രക്കുള്ള മറുപടി കൂടിയായിരുന്നു ഈ കാല്‍നട യാത്ര. ഒപ്പം ഇന്ദിരാഗാന്ദിയുടെ വധത്തെ തുടര്‍ന്ന് രാജ്യത്ത് സിക്ക് കൂട്ടകൊല നടത്തിയ കോണ്‍ഗ്രസ്സുകാരടക്കമുള്ള സംഘങ്ങള്‍ക്കും.

ജോഡോ യാത്രയില്‍ രാഹുല്‍ രാഷ്ട്രീയം പറയുന്നില്ല എന്ന പരാതി പല കോണുകളില്‍ നിന്നുയര്‍ന്നിരുന്നു. കേരളത്തിലെ ഇടതുപക്ഷത്തിലെ ഒരു വിഭാഗവും അത്തരത്തിലുള്ള അഭിപ്രായങ്ങള്‍ പറഞ്ഞിരുന്നു. തുടക്കത്തില്‍ പറഞ്ഞപോലെ രാഷ്ട്രീയമെന്നാല്‍ മൈക്കും വെച്ചുകെട്ടി വ്യത്യസ്ഥ നിലപാടുള്ളവരെ ഘോരഘോരം അധിക്ഷേപിക്കലും സാധിക്കുമെങ്കില്‍ കൊന്നുകളയുകയും വംശീയഹത്യതന്നെ നടത്തുകയും ചെയ്യലാണെന്നും അങ്ങനെ അധികാരത്തിലെത്തുകയാണെന്നും സ്‌നേഹത്തിനോ സാഹോദര്യത്തിനോ അതില്‍ സ്ഥാനമില്ല എന്നുമുള്ള ചിന്തയാണ് ഇത്തരം നിലപാടുകള്‍ക്കു പുറകില്‍. അതിന്റെ തുടര്‍ച്ചയാണ് മോദിക്കു ബദലാകാന്‍ രാഹുലിനാകില്ല എന്ന വിമര്‍ശനം. ആധുനിക കാല ജനാധിപത്യ രാഷ്ട്രീയമാണ് സത്യത്തില്‍ രാഹുല്‍ ഉയര്‍ത്തിപിടിക്കുന്നത്. അതു മനസ്സിലാക്കാനുള്ള രാഷ്ട്രീയം നമുക്കില്ല എന്നതാണ് യഥാര്‍ത്ഥ പ്രശ്‌നം.

ഈ യാത്രയുടെ പ്രായോഗികരംഗത്തെ ഫലം വ്യക്തമാകുക വരാന്‍ പോകുന്ന ലോകസഭാതെരഞ്ഞെടുപ്പിലാണെന്ന വാദം നിലനില്‍ക്കുന്നുണ്ട്. ഒരര്‍ത്ഥത്തില്‍ അതു ശരിയാണ്. ആശയങ്ങളും നിലപാടുകളും എത്രമാത്രം ജനം സ്വീകരിക്കുന്നു എന്നതിന്റെ അളവുകോലാണ് ജനാധിപത്യത്തില്‍ തെരഞ്ഞെടുപ്പ്. എന്നാല്‍ അതെല്ലാം സാധ്യമാകുക മാതൃകാപരമായ ജനാധിപത്യ സംവിധാനത്തിലും ജനാധിപത്യമൂല്യങ്ങളെ മുറുകിപിടിക്കുന്ന രാഷ്ട്രീയപാര്‍ട്ടികളും നേതാക്കളും അണികളും വോട്ടര്‍മാരുമുണ്ടെങ്കില്‍ മാത്രമാണ്. വംശീയതയും വര്‍ഗ്ഗീയതയുമടക്കമുള്ള വികാരങ്ങളും അതിനെയൊക്കെ കേന്ദ്രീകരിച്ച രാഷ്ട്രീയവും ജനാധിപത്യമൂല്യങ്ങളെ മറികടക്കുമ്പോള്‍ ഈ അളവുകോല്‍ അര്‍ത്ഥരഹിതമാകുന്നു. അതുകൊണ്ടാണല്ലോ ഹിറ്റ്‌ലറും മുസോളനിയും മുതല്‍ മോദിയടക്കമുള്ളവര്‍ ജനാധിപത്യസംവിധാനത്തിലൂടെ തന്നെ അധികാരത്തിലെത്തുന്നത്. അതിനാര്‍ത്ഥം ജനാധിപത്യമെന്നത് അര്‍ത്ഥശൂന്യമായി തീരുന്നു എന്നുമല്ല. ലോകം ഇന്നോളം പരീക്ഷിച്ച എല്ലാ രാഷ്ട്രീയസംവിധാനങ്ങളേക്കാള്‍ മികച്ചത് ജനാധിപത്യം തന്നെയാണ്. പല ഫാസിസ്റ്റ് ഭരണാധികാരികളും തെരഞ്ഞെടുപ്പിലൂടെ അധികാരത്തിലെത്തിയിട്ടുണ്ടെങ്കിലും അതുപോലെതന്നെ അധികാരത്തില്‍ നിന്നു തുരത്തിയ ചരിത്രവും ജനാധിപത്യത്തിനുണ്ട്. തങ്ങളുടെ ഭരണാധികാരികളെ തെരഞ്ഞെടുക്കാന്‍ ഓരോ പൗരനും അവസരം നല്‍കുന്ന ഏക സംവിധാനമാണ് ജന്ധിപത്യമെന്നതും മറക്കാതിരിക്കാം.

ദി ക്രിട്ടിക് യു ട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഇന്ത്യയിലെ ഇപ്പോഴത്തെ മൂര്‍ത്തമായ പ്രശ്‌നം സംഘപരിവാര്‍ മുന്നോട്ടുവെക്കുന്ന ഹിന്ദുത്വ രാഷ്ട്രീയത്തെ ജനാധിപത്യമൂല്യങ്ങളാല്‍ മറികടക്കാനാവുമോ എന്നതാണ്. ഇന്ത്യ ജനാധിപത്യവും ഭരണഘടനയും ലോകനിലവാരത്തില്‍ തന്നെ മികച്ചതാണെന്നതില്‍ ഇപ്പോഴും തര്‍ക്കമുണ്ടാകുമെന്നു തോന്നുന്നില്ല. ഇന്ത്യയുടെ അനന്തമായ വൈവിധ്യങ്ങളും ജനാധിപത്യത്തിന്റെ ശക്തിയാണ്. എന്നാല്‍ ഈ വൈവിധ്യങ്ങളേയും ജനാധിപത്യമൂല്യങ്ങളേയും തകര്‍ത്ത് അതിനു മുകളില്‍ തങ്ങള്‍ വിഭാവനം ചെയ്യുന്ന മതരാഷ്ട്രം സ്ഥാപിക്കാനാണ് സംഘപരിവാര്‍ നീക്കം. ഗാന്ധിവധത്തെ തുടര്‍ന്ന് ഏതാനും പതിറ്റാണ്ടുകള്‍ ഈ നീക്കത്തിനു തിരിച്ചടിയുണ്ടായെങ്കിലും അടിയന്തരാവസ്ഥകാലത്തു ലഭിച്ച സുവര്‍ണാവസരത്തെ മുതലാക്കാനും പിന്നീട് പടിപിടയായി വെറുപ്പിന്റെ രാഷ്ട്രീയം പ്രചരിപ്പിച്ച്, ഒരു വിഭാഗത്തെ ശത്രുവാക്കി ചിത്രീകരിച്ച് ജനാധിപത്യമൂല്യങ്ങളെ പുറകോട്ടാക്കി അധികാരത്തിലെത്താനും അവര്‍ക്കായി. എല്ലാതരം വൈവിധ്യങ്ങളെയും ഇല്ലാതാക്കലാണ് അവരുടെ രാഷ്ട്രീയം. അതിനെ മറികടന്ന്, എല്ലാ വൈവിധ്യങ്ങളും നിലനിര്‍ത്തി, വരുന്ന തെരഞ്ഞെടുപ്പില്‍ തന്നെ ഫാസിസത്തിന്റെ രഥയാത്രയെ തടയാന്‍ രാഹുല്‍ നയിച്ച ജോഡോ യാത്രക്കാകുമോ എന്നതിനു ഇപ്പോള്‍ മറുപടി പറയാനെളുപ്പമല്ല. അതേസമയം ഈ യാത്രയുടെ സന്ദേശം ഏറ്റെടുത്ത്, ഫാസിസത്തിനും വെറുപ്പിന്റെ രാഷ്ട്രീയത്തിനുമെതിരെ ഒന്നിക്കാന്‍ എല്ലാ പ്രതിപക്ഷ പ്രസ്ഥാനങ്ങളും തയ്യാറായാല്‍ അതു സാധ്യമാണു താനും. എന്നാല്‍ അത്തരമൊരു സൂചനയല്ല പല പാര്‍ട്ടികളും നല്‍കുന്നതെന്ന് യാത്രയുടെ സമാപന സമ്മേളനത്തില്‍ നിന്നു വ്യക്തമായി. മാത്രമല്ല, രാഹുല്‍ പറയുന്നത് മനസ്സിലാക്കാനും ഒപ്പം നില്‍ക്കാനും കഴിയുന്ന കോണ്‍ഗ്രസ്സുകാരും കാര്യമായിട്ടില്ലല്ലോ. അപ്പോഴും ദീര്‍ഘകാലാടിസ്ഥാനത്തില്‍ ഈ യാത്ര ഇന്ത്യന്‍ ജനാധിപത്യത്തെ ശക്തിപ്പെടുത്തും, രാഹുലിന്റെ കടയില്‍ ജനം കയറുമെന്നുറപ്പ്.

കേരളത്തിലിരുന്ന് ഇക്കാര്യം ചര്‍ച്ച ചെയ്യുമ്പോള്‍ ഇവിടുത്തെ ഏറ്റവും വലിയ രാഷ്ട്രീയ പാര്‍ട്ടിയായ സിപിഎം ഈ യാത്രയോടെടുത്ത നിഷേധാത്മകനിലപാടിനെ പരാമര്‍ശിക്കാതെ വയ്യ. ക്വിറ്റ് ഇന്ത്യാസമരത്തെ എതിര്‍ക്കല്‍, യുപിഎ സര്‍ക്കിരിനുള്ള പിന്തുണ പിന്‍വലിക്കല്‍, പ്രധാനമന്ത്രി സ്ഥാനം നിരസിക്കല്‍ തുടങ്ങിയ ചരിത്രപരമായ വിഡ്ഢിത്തങ്ങളുടെ ആവര്‍ത്തനമാണ് ഇക്കാര്യത്തിലും അവരുടെ നിലപാട്. വയനാട് വന്ന് മത്സരിച്ച് ഞങ്ങളെ തോല്‍പ്പിച്ചയാളല്ലേ രാഹുല്‍ എന്ന് ഒരു സിപിഎം വക്താവ് ചാനലിലിരുന്ന് ചോദിക്കുന്നതു. പോലും കേട്ടു. അതേകുറിച്ച് കൂടതലെന്തു പറയാന്‍ അടിയന്തരാവസ്ഥക്ക് അനുകൂലമായി വോട്ടുചെയ്ത നമ്മള്‍ ഒരുപക്ഷെ ഇതായിരിക്കും അര്‍ഹിക്കുന്നത്‌

സുഹൃത്തെ,
അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പന്ത്രണ്ടാം വര്‍ഷത്തേക്ക് കടക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2024 - 25 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.

The Critic, A/C No - 020802000001158,
Indian Overseas Bank,
Thrissur - 680001, IFSC - IOBA0000208
google pay - 9447307829
സ്നേഹത്തോടെ ഐ ഗോപിനാഥ്, എഡിറ്റര്‍, thecritic.in


ഞങ്ങളുടെ ഫേസ്ബുക് പേജ് ലൈക് ചെയ്യൂ..


Published On

Be the first to write a comment.

Leave a Reply