ജനസംഖ്യ കണക്കുകളുടെ വര്‍ഗ്ഗീയ വിശകലനത്തിനു പിന്നിലെ യാഥാര്‍ത്ഥ്യമെന്ത്?

2060 ല്‍ ലോകജനസംഖ്യ ഇന്നുളളതില്‍ നിന്നു 32 % വര്‍ദ്ധിച്ചു 960 കോടി ആകുമെന്നാണ്. ഈ സന്ദര്‍ഭത്തില്‍ ഇന്നു ലോകത്തിലെ ഏറ്റവും യുവത്വമുള്ളതും പ്രത്യുല്പാദന നിരക്കു കൂടിയതുമായ ജനതയായ മുസ്ലീങ്ങള്‍ 72 ശതമാനവും ക്രിസ്ത്യാനികള്‍ 34 ശതമാനവും വര്‍ദ്ധിക്കും. അതായത് 2060 ല്‍ 310 (32%) കോടി ക്രിസ്ത്യാനികളും 300 (31%) കോടി മുസ്ലീങ്ങളും ഉണ്ടാകും. മാത്രമല്ല, ഈ രണ്ടു മതങ്ങളുമൊഴിച്ചു പ്രധാന മതങ്ങളെല്ലാം വിശ്വാസികളുടെ എണ്ണം വര്‍ദ്ധിപ്പിക്കും എങ്കിലും 32 % എന്ന ശരാശരി നിരക്കിനു താഴെ വളരുന്നതുകൊണ്ട് അവരുടെ 2060 ലെ ജനസംഖ്യ ശതമാനം ഇന്നുള്ളതില്‍ നിന്നു താഴും. ഹിന്ദുക്കള്‍ ഇന്നുള്ള 110 കോടിയില്‍ നിന്നും 27% വര്‍ദ്ധിച്ചു 140 കോടിയും യഹൂദര്‍ 14.3 ദശലക്ഷത്തില്‍ നിന്നു 15 % വര്‍ദ്ധിച്ചു 16.4 ദശലക്ഷവുമാകും.

ഒരു മതേതര ജനാധിപത്യ ഭരണവ്യവസ്ഥയായ ഇന്ത്യയെ ഹിന്ദുത്വ മനുവാദത്തിന്റെ കാവിക്കമ്പളം പുതപ്പിക്കാന്‍ ശ്രമിക്കുകയാണു സംഘപരിവാര്‍ ഭരണകൂടം ഇന്ന്. ഇന്ത്യയില്‍ 79.80 % ജനങ്ങള്‍ 980,378,868 (2011) ആളുകള്‍ ഹിന്ദുമത വിശ്വാസികള്‍ ആയതിനാല്‍ തങ്ങളൊരു ഭൂരിപക്ഷം ആണെന്നും രാഷ്ട്രീയാധികാരം തന്നിഷ്ടത്തിനുള്ള അവകാശപത്രമാണെന്ന അഹങ്കാരവുമാണ് അവരെ നയിക്കുന്നത്. ഇന്ത്യയിലെ പ്രധാന ന്യൂനപക്ഷമായ 14.2 % മുസ്‌ളീങ്ങളും 2.3 % ക്രിസ്ത്യാനികളും 1.7 % സിഖുകാരും 0.7% ബൗദ്ധരും 0.37% ജൈനരും കൂടാതെ പാഴ്‌സി, യഹൂദ, ബഹായ്, ആദിവാസി വിശ്വാസികള്‍, പ്രത്യേക മതമില്ലാത്തവര്‍ ഒക്കെ തങ്ങളുടെ മുമ്പില്‍ തീര്‍ത്തും ദുര്‍ബലരാണെന്ന ചിന്തയാണു ഹിന്ദുത്വവര്‍ഗ്ഗീയവാദികളുടെ ധൈര്യത്തിന് ആധാരം. രാഷ്ട്രീയ അധികാരം ലഭിച്ചെന്ന ഹുങ്കില്‍ തങ്ങള്‍ക്കു വഴങ്ങാത്ത ന്യൂനപക്ഷങ്ങളെയും ദലിതരെയും ഒക്കെ ഒരുവശത്തു ഭരണഘടന അവര്‍ക്കു നല്കിയ അവകാശങ്ങള്‍ എടുത്തു കളഞ്ഞും മറുവശത്തു തങ്ങളോടനുഭാവമുള്ള ഗുണ്ടാസംഘങ്ങളെ കൊണ്ടു ശാരീരികമായി ആക്രമിച്ചും ചൊല്പടിക്കാക്കാന്‍ ശ്രമിക്കുകയാണ്. മോദിയുടെ 5 ട്രില്യന്‍ സമ്പദ്ഘടന വാചാടോപം കേട്ടു ലോകം ഭരിക്കാമെന്ന മൂഢസ്വര്‍ഗ്ഗത്തില്‍ കഴിയുന്ന ഹിന്ദുത്വ ആശയക്കാരുടെ ‘വിരാട് ഹിന്ദുത്വപുരുഷന്’ അവര്‍ കല്പിക്കുന്ന ശക്തിയും പ്രഭാവവും ഇന്നുണ്ടോ എന്ന പരിശോധന വളരെ പ്രസക്തമാണ്.

ന്യൂപപക്ഷങ്ങള്‍ ആരാണെന്നതു സംബന്ധിച്ചു സാമൂഹികശാസ്ത്രത്തിലും നിയമത്തിലും ധാരാളം ചര്‍ച്ചകള്‍ നടക്കുന്നു. ഒരു സമൂഹത്തിലെ മുഖ്യവിഭാഗത്തില്‍ നിന്നും സാംസ്‌കാരികമായും ശാരീരികമായും വ്യതിരിക്തത പുലര്‍ത്തുന്ന ഒരു കൂട്ടം ആളുകളെ പൊതുവേ ന്യൂനപക്ഷങ്ങളെന്നു വിളിക്കാം.. പലപ്പോഴും അവര്‍ നിയമപരവും സാമൃഹികവുമായ വിവേചനങ്ങള്‍ നേരിടാറുണ്ട്. ദേശരാഷ്ട്ര അതിര്‍ത്തിക്കുള്ളില്‍ എണ്ണംകൊണ്ടു ഭൂരിപക്ഷമല്ലാത്ത പ്രത്യേക സമൂഹങ്ങളെ ന്യൂനപക്ഷങ്ങളായി കണക്കാക്കാം. എങ്കിലും, പല ആധുനിക സാമൂഹിക ചിന്തകരും എണ്ണം കൂടാതെ ഒരു സമൂഹത്തിന്റെ സാമൂഹിക സാമ്പത്തിക രാഷ്ട്രീയ ഘടനയില്‍ ചെലുത്തുന്ന സ്വാധീനവും ന്യൂനപക്ഷങ്ങളൈ നിര്‍ണ്ണയിക്കാന്‍ പരിഗണിക്കേണ്ടതുണ്ടെന്നു കരുതുന്നു. പല സാംസ്‌കാരിക ഘടകങ്ങളും ദേശരാഷ്ട്രത്തിനകത്ത് ഒതുങ്ങാത്ത സാഹചര്യവും കണക്കിലെടുക്കണമെന്നും ചിലര്‍ ചിന്തിക്കുന്നു. വര്‍ണ്ണവിവേചന കാലഘട്ടത്തില്‍ സൗത്താഫ്രിക്കയിലെ തദ്ദേശീയ ജനതകളെയും ഇന്ത്യയിലെ ദലിതരെയും പലരും ന്യൂനപക്ഷമായി കണക്കാക്കാറുണ്ട്.

അന്താരാഷ്ട്ര നിയമങ്ങളും വികസിത ജനാധിപത്യ സമൂഹങ്ങളും ന്യൂനപക്ഷങ്ങള്‍ക്കു സവിശേഷ പരിഗണന നല്കുന്നുണ്ട്. ഇന്നത്തെ മനുഷ്യാവകാശ ചിന്തയുടെ ഒരടിസ്ഥാനംതന്നെ ന്യൂനപക്ഷ ക്ഷേമമാണ്. ആഗോളാടിസ്ഥാനത്തില്‍ വികസിച്ചു വരുന്ന ഈ മൂല്ല്യചിന്ത ദേശരാഷ്ട്രത്തില്‍ തങ്ങള്‍ നേരിടുന്ന പല പീഡനങ്ങളെയും ചെറുക്കാന്‍ അവര്‍ക്കു സഹായം ലഭ്യമാക്കുന്നുണ്ട്. ആഗോളബന്ധങ്ങള്‍ സങ്കീര്‍ണ്ണവും പരസ്പരബന്ധിതവുമായ ഈ ഇന്റര്‍നെറ്റു യുഗത്തില്‍ ഒരു വിഷയവും രാജ്യാതിര്‍ത്തിയില്‍ ഒതുങ്ങുന്നില്ല. അതുകൊണ്ടു ഹിന്ദുത്വവാദികളുടെ ഭൂരിപക്ഷ വര്‍ഗ്ഗീയത ദേശരാഷ്ട്രത്തിനകത്ത് ഒതുങ്ങാതെ ആഗോളതലത്തില്‍ രാഷ്ട്രീയമായും സാമ്പത്തികമായും തങ്ങളൊരു ന്യൂനപക്ഷമാണെന്ന തിരിച്ചറിവ് അവര്‍ക്കുണ്ടാക്കാവുന്ന സംഭവവികാസങ്ങള്‍ക്കു ഗതിവേഗം വര്‍ദ്ധിച്ചിട്ടുണ്ട്. അതില്‍ നിന്നു തിരിച്ചു കയറാന്‍ ശാഖകളിലെ കുറുവടി സംരക്ഷകരുടെ പദസഞ്ചലനം മതിയാകുമോ എന്നതു ചിന്തനീയമാണ്..

ആഗോളതലത്തില്‍ വിവിധ മതവിഭാഗങ്ങളുടെ സവിശേഷ വിതരണം ആഗോളവത്കരണ കാലത്ത് ഇന്ത്യയിലെ ഭൂരിപക്ഷ ഹിന്ദുക്കളെ ഒരു ‘യഥാര്‍ത്ഥ’ ന്യൂനപക്ഷമാക്കുന്നു. സാമൂഹിക പഠനങ്ങള്‍ നടത്തുന്ന പ്യൂ റിസേര്‍ച്ച് സെന്ററിന്റെ 2015 ലെ കണക്കുകള്‍ വ്യക്തമാക്കുന്നതു ലോകത്ത് 730 കോടി ജനങ്ങളുളളതില്‍ 230 (31.%) കോടി ക്രിസ്താനികളും 180 (24.1%) കോടി മുസ്ലീങ്ങളും 120 (16 %) കോടി പ്രത്യേക മതവിശ്വാസം ഇല്ലാത്തവരും, 110 (15.1%) കോടി ഹിന്ദുക്കളും 50 (6.9 %) കോടി ബൗദ്ധരും, 40 (5.7 %)) കോടി ഫോക് മതവിശ്വാസികളും, 10 (0.8 %)) കോടി ഇതര മത വിശ്വാസികളും 0.01 (0.2 %) ദശലക്ഷം യഹൂദരുമുണ്ടെന്നാണ്. ഈ കണക്കുകള്‍ ഹിന്ദുക്കളുടെ ഭൂരിപക്ഷ ശക്തിയുടെ യാഥാര്‍ത്ഥ്യം . തുറന്നു കാണിക്കുന്നു.

പഠനങ്ങള്‍ കാണിക്കുന്ന മറ്റൊരു വസ്തുത 2060 ല്‍ ലോകജനസംഖ്യ ഇന്നുളളതില്‍ നിന്നു 32 % വര്‍ദ്ധിച്ചു 960 കോടി ആകുമെന്നാണ്. ഈ സന്ദര്‍ഭത്തില്‍ ഇന്നു ലോകത്തിലെ ഏറ്റവും യുവത്വമുള്ളതും പ്രത്യുല്പാദന നിരക്കു കൂടിയതുമായ ജനതയായ മുസ്ലീങ്ങള്‍ 72 ശതമാനവും ക്രിസ്ത്യാനികള്‍ 34 ശതമാനവും വര്‍ദ്ധിക്കും. അതായത് 2060 ല്‍ 310 (32%) കോടി ക്രിസ്ത്യാനികളും 300 (31%) കോടി മുസ്ലീങ്ങളും ഉണ്ടാകും. മാത്രമല്ല, ഈ രണ്ടു മതങ്ങളുമൊഴിച്ചു പ്രധാന മതങ്ങളെല്ലാം വിശ്വാസികളുടെ എണ്ണം വര്‍ദ്ധിപ്പിക്കും എങ്കിലും 32 % എന്ന ശരാശരി നിരക്കിനു താഴെ വളരുന്നതുകൊണ്ട് അവരുടെ 2060 ലെ ജനസംഖ്യ ശതമാനം ഇന്നുള്ളതില്‍ നിന്നു താഴും. ഹിന്ദുക്കള്‍ ഇന്നുള്ള 110 കോടിയില്‍ നിന്നും 27% വര്‍ദ്ധിച്ചു 140 കോടിയും യഹൂദര്‍ 14.3 ദശലക്ഷത്തില്‍ നിന്നു 15 % വര്‍ദ്ധിച്ചു 16.4 ദശലക്ഷവുമാകും. ഫോക് മതങ്ങള്‍ 41.8 കോടിയില്‍ നിന്നും 5 % വര്‍ദ്ധിച്ചു 44.1 കോടിയാകും. ജപ്പാന്‍, ചൈന, തായ്‌ലാന്റ് പോലുള്ള രാജ്യങ്ങളിലെ കുറഞ്ഞ ജനനനിരക്കും വാര്‍ദ്ധക്യം ബാധിച്ച ജനതയും മൂലം ബൗദ്ധര്‍ ഇന്നുള്ള 50 കോടിയില്‍ നിന്നും 7 % കുറഞ്ഞു 46.2 കോടി ആകും. ജൈനമതം, ബഹായ്മതം, സിഖ്മതം, താവോമതം ഇതര ചെറു മതങ്ങള്‍ എന്നിവ 5.97 കോടിയില്‍ നിന്നും 2060 ല്‍ 5.94 കോടി അംഗങ്ങളാകും. അവിശ്വാസികളും ആജ്ഞേയവാദികളും ഉള്‍പ്പെടുന്ന പ്രത്യേക വിശ്വാസമൊന്നും ഇല്ലാത്തവരുടെ സംഖ്യ 120 കോടിയില്‍ അല്പം കുറവാണ് ഇന്നെങ്കിലും 2060ല്‍ അവര്‍ 120 കോടിയാകും. കുറഞ്ഞ പ്രത്യുല്പാദന നിരക്കും പ്രയമേറുന്ന ജനതയുടെ എണ്ണം കൂടുന്നതുകൊണ്ടും ഇന്നുള്ള 16% എന്നതു 13 % ആയി കുറയുമെങ്കിലും വടക്കേ അമേരിക്കയിലും യൂറോപ്പിലും അവരുടെ ശതമാനം വര്‍ദ്ധിക്കുമെന്നും ഏഷ്യയില്‍ ശതമാനം കുറയുമെന്നുമാണു പഠനങ്ങള്‍.

മറ്റൊരു പ്രധാന വ്യത്യാസം ഇന്നു ലോക ക്രൈസ്തവ ജനതയില്‍ 26% സഹാറ മരുഭൂമിക്കു തെക്കുള്ള ആഫ്രിക്കയിലെ 46 രാജ്യങ്ങളില്‍ ജീവിക്കുന്നുവെങ്കില്‍ വര്‍ദ്ധിച്ച പ്രത്യുല്പാദന നിരക്കു കാരണം അതു 2060 ല്‍ 42 % ആകും. അതുപോലെ, ഈ പ്രദേശത്തെ മുസ്‌ളീങ്ങളുടെ വിഹിതം ലോക മുസ്‌ളീങ്ങളില്‍ 16 നിന്നു 27 % ആകും. ഇന്നു മധ്യപൂര്‍വ്വേഷ്യയിലെയും വടക്കേ ആഫ്രിക്കയിലെയും മുസ്ലീം ശതമാനം ആഗോളതലത്തിലെ അംഗസംഖ്യയുടെ 20 % തന്നെയായി തുടരും. ഏഷ്യാ പസഫിക് മേഖലയിലെ ആഗോള വിഹിതം 61 ല്‍ നിന്നു 50 % ആയി കുറയും.

ഹിന്ദുക്കളും ബൗദ്ധരും 98-99 % തുടര്‍ന്നുള്ള പതിറ്റാണ്ടുകളിലും ഏഷ്യ പസഫിക് പ്രദേശത്തായിരിക്കും. 2060 ല്‍ ഫോക് മതങ്ങളുടെ 79 % ഏഷ്യ പസഫിക് മേഖലയില്‍ തന്നെയായിരിക്കും എങ്കിലും സബ് സഹാറയില്‍ 2015ലെ 7 ല്‍ നിന്നു 2060 ല്‍ ആഗോള വിഹിതം 16 % ആകും. ലോകത്തിലെ യഹൂദര്‍ 2015ല്‍ 42% ഇസ്രായേലിലും യുഎസ്എയിലും ആയിരുണെങ്കില്‍ 2060 ല്‍ അതു യഥാക്രമം 53 % വും 32 ശതമാനവുമാകും (1).

ആകെ 4,054,940,000 മനുഷ്യരുള്ള ഏഷ്യ പസഫിക് മേഖലയില്‍ അംഗബലത്തില്‍ ഒന്നാമതു ഹിന്ദുമതമാണ്. 2010 ല്‍ 1,024,630,000 ( 25.3 %) ഹൈന്ദവരും, 986,420,000 (24.3 ,%) മുസ്ലീങ്ങളും, 858,490,000 (21.2 %) മതരഹിതരും 489,480,000 (11.9 %) ബൗദ്ധരും 366,860,000 (7.4 %) ഫോക് മതവിശ്വാസികളും 287,100,000 (7.1 %) ക്രിസ്ത്യാനികളും 51,920,000 (1.3 %) മറ്റു മതവിശ്വാസികളും 200,000 (< 0.1 %) യഹൂദരും ഈ മേഖലയില്‍ വസിക്കുന്നു. രണ്ടായിരത്തി അമ്പതില്‍ 2010 ല്‍ നിന്നും 21.8 % വര്‍ദ്ധിച്ചു ജനങ്ങളില്‍ 4,937,900,000 ആകും. അന്ന് 1,369,600,000 ( 27.7 %) ഹൈന്ദവരും, 1,457,720,000 (29.5 %) മുസ്‌ളീങ്ങളും, 837,790,000 (17 %) മതരഹിതരും 475,840,000 (9.6 %) ബൗദ്ധരും 364,690,000 (9 %) ഫോക് മതവിശ്വാസികളും 381,200,000 (7.7 %) ക്രിസ്ത്യാനികളും 48,680,000 (1 %) മറ്റു മതവിശവാസികളും 200,000 (< 0.1 %) യഹൂദരും ഈ മേഖലയില്‍ ഉണ്ടാകും. ഈ മേഖലയിലെ ജനസംഖ്യയില്‍ 2050 ഓടെ വരാവുന്ന പ്രധാന വ്യത്യാസം മുസ്ലീം മതം അംഗസംഖ്യയില്‍ ഒന്നാമത് എത്തുമെന്നതാണ് (2). മാത്രമല്ല, ഈ മേഖല 2010 ല്‍ ആഗോള ജനസംഖ്യയുടെ 59 % ഉള്‍ക്കൊണ്ടിരുന്നുവെങ്കില്‍ 2050 അത് 53 % ആയി കുറയും.

വടക്കേ അമേരിക്കയില്‍ 2010 ല്‍ 344,530,000 ആണു ജനസംഖ്യ. അത് 2050 ല്‍ 435,420,000 ആകും. ഇവിടത്തെ പ്രബലമതം ക്രിസ്തുമതമാണ്; 2050 ലും അതിനു മാറ്റം വരില്ല. ഈ മേഖലയില്‍ 2010 ല്‍ ക്രിസ്ത്യാനികള്‍ 266,630,000 ((77.4 %) ആയിരുന്നത് 286,710,000 (65.8 %) ഉം പ്രത്യേക മതവിശ്വാസമില്ലാത്തവര്‍ 59,040,000 (17.1 ‰) ല്‍ നിന്നും 111,340,000 (25.6 %) ഉം യഹൂദര്‍ 6,040,000 (1.8 %) ല്‍ നിന്നും 5,920,000 (1.4 %) ഉും ബൗദ്ധര്‍ 3,860,000 (1.1 %) ല്‍ നിന്നും 6,080,000 (1.4 %) ഉം മുസ്ലിങ്ങള്‍ 3,480,000 (1 %) ല്‍ നിന്നും 10,350,000 (2.4 %) ഉം ഹൈന്ദവര്‍ 2,250,000 (0.7 %) ല്‍ നിന്നും 5,850,000 (1.3 %) ഉം മറ്റു മതങ്ങള്‍ 2,200,000 (0.6 %) ല്‍ നിന്നും 6,540,000 (1.5 % ) ഉം ഫോക് മതങ്ങള്‍ 1,020,000 (0.3 %) ല്‍ നിന്നും 2,630,000 (0.6 %) ഉം ആകും. വടക്കേ അമേരിക്കയില്‍ സംഭവിക്കുന്ന പ്രധാന മാറ്റം പ്രത്യേക മതവിശ്വാസം ഇല്ലാത്തവരുടെ ശതമാനം ജനസംഖ്യയുടെ നാലിലൊന്നാകുമെന്നതാണ്. മുസ്ലീങ്ങള്‍ യഹൂദരെ മറികടന്നു മൂന്നാമതെത്തുമെന്നും പ്രവചനമുണ്ട് (3).

സഹാറ മരുഭൂമിക്കു തെക്കുള്ള സബ് സഹാറ മേഖലയില്‍ 2010 ലെ 822,730,000 ല്‍ നിന്ന് 2050 ല്‍ 1,899,960,000 ആയി ജനസംഖ്യ ഉയരും. ഇവിടെ ഇക്കാലയളവില്‍ ക്രിസ്ത്യാനികള്‍ 517,320,000 (62.9 %) ല്‍ നിന്നു 1,112,390,000 ( 58.5 %) ആയും മുസ്ലിം സംഖ്യ 248,420,000 (32.2 %) ല്‍ നിന്നും 669,710,000 (35.2 %) ആയും ഫോക് മതങ്ങള്‍ 27,010,009 (3.3%) ല്‍ നിന്നും 61,470,000 (3.2 %) ആയും പ്രത്യേക വിശ്വാസം ഇല്ലാത്തവര്‍ 26,240,000 (3.2 %) ല്‍ നിന്നും 50,460,000 (2.7 %) ആയും മറ്റു മതങ്ങള്‍ 1,920,000 (0.2 %) ല്‍ നിന്നും 3,740,000 (0.2 %) ആയും ഹിന്ദുക്കള്‍ 1,560,000 (0.2 %) ല്‍ നിന്നും 1,900,000 (0.1 %) ആയും ബൗദ്ധര്‍ 160,000 (< 0.1 %) ല്‍ നിന്നും 220,000 (< 0.1 %) ആയും യഹൂദര്‍ 100,000 (< 0/1 %) ല്‍ നിന്നും 70,000 (< 0.1 %) ആയും മാറും. ഈ മേഖലയില്‍ മറ്റു മേഖലകളെക്കാള്‍ കൂടിയ തോതില്‍ ജനസംഖ്യ വര്‍ദ്ധിക്കും. ഈ കാലയളവില്‍ പ്രബലമായി ക്രൈസ്തവമതം തന്നെ തുടരും. മുസ്ലീങ്ങളും ക്രിസ്ത്യാനികളും തങ്ങളുടെ അംഗസംഖ്യ ഇരട്ടിയധികം വര്‍ദ്ധിപ്പിക്കും (4).

വടക്കെ ആഫ്രിക്ക- മധ്യപൂര്‍വ്വേഷ്യ മേഖലയില്‍ ജനസംഖ്യ 2010 ലെ 341,020,000 ല്‍ നിന്നു 588,960,000 ആയി വര്‍ദ്ധിക്കും. ഈ പ്രദേശത്തു 2010 ല്‍ 317,070,000 (93 %) നിന്നും മുസ്‌ളീങ്ങളുടെ സംഖ്യ 551,900,000 (93.7 %) ആയും ക്രിസ്ത്യാനികള്‍ 12,710,000 (3.7 %) നിന്നും 18,180,000 (3.1 %) ആയും യഹൂദര്‍ 5,630,000 (1.6 %) ല്‍ നിന്നും 8,200,000 (1.4 %) ആയും പ്രത്യേക മതവിശ്വാസമില്ലാത്തവര്‍ 2,100,000 (0.6 %) ല്‍ നിന്നും 3,280,000 (0.6 %) ആയും ഹിന്ദുമത വിശ്വാസികള്‍ 1,720,000 (0.5 %) ല്‍ നിന്നും 3,700,000 (0.6 %) ആയും ഫോക് മതങ്ങള്‍ 1,060,000 (0.3 %) ല്‍ നിന്നും 2,270,000 (0.4 %) ആയും ബൗദ്ധര്‍ 500,000 (0.1 %) ല്‍ നിന്നും 1,190,000 (0.2 %) ആയും 230,000 ( < 0.1 %) ല്‍ നിന്നും 260,000 (< 0.01 %) ആയും മാറും. ലോകത്തു മുസ്ലിം വിഭാഗം ഭൂരിപക്ഷമായി തുടരുന്ന ഏക മേഖല വടക്കെ ആഫ്രിക്ക-മധ്യപൂര്‍വ്വേഷ്യ ആയിരിക്കും (5).

ലാറ്റിന്‍ അമേരിക്ക-കരീബിയ മേഖലയില്‍ 2010 ല്‍ 5,90,080,000 ആളുകള്‍ ഉള്ളത് 748,620,000 ആയി വര്‍ദ്ധിക്കും. ഇവിടെ ക്രിസ്ത്യാനികള്‍ 531,280,000 (90 %) ല്‍ നിന്നു 665,500,000 (88.9 %) ആയും പ്രത്യേക മതമില്ലാത്തവര്‍ 45,390,000 (7.7 %) ല്‍ നിന്നും 65,150,000 (8.7 %) ആയും ഫോക് മതങ്ങള്‍ 10,040,000 (1.7 %) ല്‍ നിന്നും 14,310,000 (1.9 %) ആയും ഇതര മതങ്ങള്‍ 990,000 (0.2 %) ല്‍ നിന്നും 1,170,000 (0/2 %) ആയും മുസ്ലീങ്ങള്‍ 840,000 (0.1 %) ല്‍ നിന്നും 940,000 (0.1 %) ആയും ഹിന്ദുക്കള്‍ 660,000 (0.1 %) ല്‍ നിന്നും 640,000 (< 0.1 %) ആയും യഹൂദര്‍ 470,000 (< 0.1 %? ല്‍ നിന്നും 460,000 (< 0.1 %) ആയും ബൗദ്ധര്‍ 410,000 (< 0.1 %) ല്‍ നിന്നും 450,000 (< 0.1 %) ആയും മാറും’ ഇവിടെ കത്തോലിക്ക സഭയില്‍ നിന്നും പ്രൊട്ടസ്റ്റന്റു സഭയിലേക്കു ധാരാളം വ്യക്തികള്‍ മാറും എന്നതാണു പ്രധാന വ്യത്യാസം. (6)

യൂറോപ്പില്‍ 742,550,000 ല്‍ നിന്നു 696,330,000 ആയി ജനസംഖ്യ കുറയും. ക്രിസ്ത്യാനികള്‍ 553,280,000 (74.5 %) ല്‍ നിന്നും 454,090,000 (65.2 % ) ആയും പ്രത്യേക മതമില്ലാത്തവര്‍ 139,890,000 (18.8 %) ല്‍ നിന്നും 162,320,000 (23.3 %) ആയും മുസ്ലീങ്ങള്‍ 43,470,000 (5.9 %) ല്‍ നിന്നും 70,870,000 (10.2 %) ആയും യഹൂദര്‍ 1,420,000 (0.2 %) ല്‍ നിന്നും 1,200, 000 (0.2 %) ആയും ഹിന്ദുക്കള്‍ 1,380,000 (0.2 %) ല്‍ നിന്നും 2,660,000 (0.4 %) ആയും ബൗദ്ധര്‍ 1,350,000 (02 %) ല്‍ നിന്നും 2,490,000 (0.4 %) ആയും ഇതര മതങ്ങള്‍ 890,000 (0.1 %) ല്‍ നിന്നും 1,100,000 (0.2 %) ആയും ഫോക് മതങ്ങള്‍ 870,000 (0.1 %) ല്‍ നിന്നും 1,590,000 (0.2 %) ആയും മാറും. ലോകത്തിലെ വിവിധ മേഖലകളില്‍ യൂറോപ്പില്‍ മാത്രമാണ് 2050 ഓടെ ജനസംഖ്യ കുറയുക. ഇവിടെയും ക്രിസ്തുമതം തന്നെയായിരിക്കും പ്രധാന വിഭാഗം (7).

ആഗോള ജനസംഖ്യയെ സംബന്ധിച്ച പഠിക്കുന്ന വിദഗ്ദ്ധര്‍ പറയുന്നതു ഭാവിയിലും ലോകരാഷ്ട്രീയത്തില്‍ ഒരു മതവും മറ്റൊരു മതത്തെ അടിച്ചമര്‍ത്തുന്ന വിധം വളരില്ല എന്നാണ്. വര്‍ഗ്ഗീയ ശക്തികള്‍ ഭയപ്പെടുത്താന്‍ ഉപയോഗിക്കുന്ന ‘മുസ്ലീം പോപ്പുലേഷന്‍ ബോംബ്’ ഒരു കെട്ടുകഥ മാത്രമാണെന്നാണ് മുകളിലെ കണക്കുകള്‍ തെളിയിക്കുന്നു. മുസ്ലീങ്ങള്‍ ഇന്നത്തെപ്പോലെ ഭാവിയിലും മിഡില്‍ ഈസ്റ്റില്‍ തന്നെ കേന്ദ്രീകരിക്കും. ഇന്നു മിഡില്‍ ഈസ്റ്റില്‍ നടക്കുന്ന രാഷ്ട്രീയ പ്രശ്‌നങ്ങള്‍ക്കുള്ള പ്രധാന കാരണം മുസ്ലീം മതത്തിനകത്തെ ഷിയ സുന്നി വഴക്കാണ്. ഈ പ്രശ്‌നം പരിഹരിച്ചാല്‍ മറ്റുള്ളവര്‍ക്ക് ഇസ്ലാം ഭീഷണിയാകുമോ എന്നു ചോദിക്കാം. സുന്നി ഷിയ പ്രശ്‌നം മുസ്ലിം രാഷ്ട്രീയ നേതൃത്വം പരിഹരിച്ചാല്‍ ഇതര വിഭാഗങ്ങളും ആയുള്ള രാഷ്ട്രീയപ്രശ്‌നങ്ങളും പരിഹരിക്കാന്‍ അവര്‍ക്കാക്കുമെന്നു ചിന്തിക്കുകയാണു വേണ്ടത്. അമേരിക്ക താലിബാനുമായി നടത്തിയ ചര്‍ച്ചയും സൗദി രാജാവ് അബ്ദുള്ള ജറുസലേമിലെ യഹൂദ റബ്ബി ഡേവിഡ് റോസനു സ്വന്തം കൊട്ടാരത്തില്‍ നല്കിയ വിരുന്നടക്കം സൗദി അറേബ്യയും ഇസ്രയേലുമായി വളരുന്ന ബന്ധങ്ങളും ആ വഴിക്കു ചിന്തിക്കാനുള്ള സാധ്യതകളാണ് തുറന്നിടുന്നത് (7B).

ഇന്ത്യയിലെ ഹിന്ദുത്വവും യൂറോപ്പിലെയും അമേരിക്കയിലെയും തീവ്രവലതുപക്ഷവും മുസ്ലീങ്ങളോടുള്ള ‘വെറുപ്പിന്റെ രാഷ്ട്രീയം ഒഴിവാക്കുക എന്നതും പൊളിറ്റിക്കല്‍ ഇസ്ലാമിന്റെ പേരില്‍ നടക്കുന്ന ഭീകരവാദം അവസാനിപ്പിക്കുക എന്നതും ലോകസമാധാനത്തിനു പ്രധാനമാണ്. യൂറോപ്പിലെ ക്രിസ്ത്യന്‍ പിന്തുണയുള്ള തീവ്രവലതുപക്ഷം അവിടെ വളര്‍ത്തുന്ന ഇസ്‌ളാമോഫോബിയയ്ക്കും കാര്യമായ അടിസ്ഥാനമില്ല എന്നാണു കണക്കുകള്‍ വ്യക്തമാക്കുന്നത്.

ഇന്ത്യയെ സംബന്ധിച്ച ഒരു പ്രധാന സവിശേഷത 2050 ല്‍ ഒരു രാഷ്ട്രത്തിനകത്തു ഏറ്റവും വലിയ ഹൈന്ദവ സമൂഹത്തെയും മുസ്ലീം സമൂഹത്തെയും ഉള്‍ക്കൊള്ളുന്ന രാജ്യമായിരിക്കും എന്നതാണ്. ഇന്ത്യയിലെ ഹിന്ദുക്കള്‍ 2010 ലെ 973,750,000 യില്‍ നിന്നും 324,210,000 വര്‍ദ്ധിച്ചു 2050 ല്‍ 1,297,960,000 ആയി വര്‍ദ്ധിക്കും. എന്നാല്‍ 2010 ലെ 79.5 % എന്നതില്‍ നിന്നു 2.8 % കുറഞ്ഞു 76.7 % ആയി മാറും 2050 ല്‍. മുസ്ലീങ്ങള്‍ 2010 ലെ 176.2 ദശലക്ഷം (14.4 %) ആളുകളില്‍ നിന്നും 2050 ല്‍ 176.2 ദശലക്ഷം വര്‍ദ്ധിച്ചു 310.66 ദശലക്ഷം (18.4 %) ആളുകളാകും. ക്രിസ്ത്യാനികള്‍ ഇക്കാലത്ത് 31.13 ദശലക്ഷത്തില്‍ നിന്നും 5.61 ദശലക്ഷം വര്‍ദ്ധിച്ചു 36.74 ദശലക്ഷം ആകുമെങ്കിലും അവരുടെ പ്രാതിനിധ്യം 2.5 % ല്‍ നിന്നും 2.2 % ആയി കുറയും (8, 9). ലോകത്തിലെ ഹിന്ദുക്കളില്‍ 94 % വും മുസ്ലീങ്ങളില്‍ 11% ഇന്ത്യയിലായിരിക്കും. സിഖ്മതം, ബുദ്ധമതം, ജൈനമതം, യഹൂദര്‍, പ്രത്യേക വിശ്വാസം ഇല്ലാത്തവര്‍, ഫോക് മതങ്ങള്‍ മുതലായവ 2010 ല്‍ 4.1 % ഉണ്ടായിരുന്നത് 2050 ല്‍ 2.7 % ആയി കുറയും (8, 9).

1901 ല്‍ ബ്രിട്ടീഷ് ഇന്ത്യയില്‍ നടത്തിയ സെന്‍സസ് അനുസരിച്ച് ഇന്ത്യയിലെ 70 % ഹിന്ദുക്കളും 21 % മുസ്ലിംകളും ഉം 3% ബൗദ്ധരും 3 % അനിമിസ്റ്റുകളും 1 % ക്രൈസ്തവരും ഏകദേശം 1 ശതമാനത്തില്‍ അധികം ജൈന സിഖ് പാഴ്‌സി ജൂതരും മറ്റിതര വിഭാഗങ്ങളും ഉണ്ടായിരുന്നു (10). കൊളോണിയല്‍ ഭരണം ഇന്ത്യയില്‍ വ്യാപകമായി മതപരിവര്‍ത്തനം നടത്തിയിരുന്നു എന്ന വാദത്തിന് എതിരെയുള്ള ശക്തമായ ചോദ്യമാണ് ഈ സെന്‍സസ് ഉന്നയിക്കുന്നത്. സ്വതന്ത്ര ഇന്ത്യയുടെ ചരിത്രത്തില്‍ ആദ്യമായി നടന്ന 1951 ലെ സെന്‍സസ് അനുസരിച്ച് 84.1 % ഹിന്ദുക്കളും 9.8 % മുസ്ലീങ്ങളും 2.3 % ക്രിസ്ത്യാനികളും 1.89 % സിഖുകാരും 0.74 % ബൗദ്ധരും 0.46 % ജൈനരും 0.43 % അനിമിസ്റ്റുകളും മറ്റിതര വിഭാഗങ്ങളും ഉണ്ടായിരുന്നു (11).

ഓരോ സെന്‍സസ് റിപ്പോര്‍ട്ടുകള്‍ പുറത്തിറങ്ങുമ്പോളും ഇന്ത്യയില്‍ ഹിന്ദുക്കള്‍ അപകടത്തിലാണെന്ന പ്രചാരണം ഇന്നാരംഭിച്ചതല്ല. ഹിന്ദു സംഗതന്‍ നേതാവായിരുന്ന സ്വാമി ശ്രദ്ധാനന്ദിന്റെ സുഹൃത്ത് കേണല്‍ യു എന്‍ മുഖര്‍ജി 1912 ല്‍ തന്നെ 1911 ലെ സെന്‍സസ് റിപ്പോര്‍ട്ട് വിശകലനം ചെയ്തുകൊണ്ടു, രക്ഷിക്കാനുള്ള നടപടിയെടുത്തില്ലെങ്കില്‍ 420 വര്‍ഷങ്ങള്‍ക്കുള്ളില്‍ ‘ലോകത്തു’ നിന്നും ഇന്തോആര്യന്‍ ജനത അപ്രത്യക്ഷമാകുമെന്നു വാദിച്ചിരുന്നു (12). ഇത്തരം ആശങ്കകളൊക്കെ തെറ്റാണെന്ന് അനുനിമിഷം ബോധ്യപ്പെടുന്നുണ്ട്. ഇന്ത്യയിലെ ജനസംഖ്യാവിദഗ്ദ്ധര്‍ ഇതര സമുദായങ്ങള്‍ക്കു ഭീഷണിയാകുന്ന ഒരു രാഷ്ട്രീയ ശക്തിയായി മുസ്ലിം ജനത വളരുമെന്നു പറയുന്നില്ല. മാത്രമല്ല, മറ്റു സമുദായങ്ങളുടെ നിലയിലേക്ക് അവരുടെ പ്രത്യുല്പാദന നിരക്ക് താഴും എന്നുകൂടിയാണു വ്യക്തമാക്കുന്നത് ( 13). യുഎന്‍ പഠനങ്ങള്‍ പറയുന്നത് 2027 ല്‍ ഇന്ത്യ ചൈനയെ മറികടന്നു ലോകത്തില്‍ ഏററവുമധികം ജനങ്ങള്‍ അധിവസിക്കുന്ന രാജ്യമായി മാറും എന്നാണ് (14). പ്യൂ റിസര്‍ച്ച് സെന്ററിന്റെ പഠനങ്ങള്‍ സൂചിപ്പിക്കുന്നത് ഇന്ത്യയിലെ ജനസംഖ്യ 2059 വരെ വളരുമെന്നും അന്ന് ഇവിടെ 170 കോടി ജനങ്ങള്‍ ഉണ്ടാകുമെന്നുമാണ്. ലോക ജനസംഖ്യ 2100 വരെ വര്‍ദ്ധിച്ചു 10.9 ശതകോടി ജനങ്ങളില്‍ എത്തുമെന്നും കാണാം (15).

ഈ കണക്കുകള്‍ നല്കുന്ന വ്യക്തമായ ചിത്രം ഏഷ്യ ഒഴിച്ചുള്ള എല്ലാ മേഖലകളിലും ഒരു ശതമാനത്തില്‍ താഴെ മാത്രം ആളുകളേ ഹിന്ദുമതത്തില്‍ കാണൂ എന്നും അവര്‍ ഇന്ത്യയിലും നേപ്പാളിലുമായി കേന്ദ്രീകരിക്കപ്പെടും എന്നുമാണ്. ഹിന്ദുക്കള്‍ ലോകജനസംഖ്യയില്‍ 2010 ലെ 33.2 % എന്നതു 2050 ല്‍ 33.4 % ആകും. ഇന്ത്യയൊഴികെ ലോകരാഷ്ട്രീയം നിയന്ത്രിക്കുന്ന നിര്‍ണ്ണായക രാജ്യങ്ങളിലൊന്നും ഹിന്ദുക്കള്‍ക്കു ഭാവിയിലും നിര്‍ണ്ണായക സ്വാധീനമുണ്ടാകില്ല. ലോകത്തു 2010 ല്‍ ഹിന്ദുക്കള്‍ ഏറ്റവും അധികമുള്ള 10 രാജ്യങ്ങള്‍ പരിശോധിച്ചാല്‍ ജനസംഖ്യാപരമായി അവരുടെ ബലഹീനത വ്യക്തമാകും. ഇന്ത്യയില്‍ ഹിന്ദുക്കള്‍ 2010 ല്‍ 973,750,000 (79.5 %) ഉണ്ട്. നേപ്പാളില്‍ ഇത് 24,170,000 ( 80.7 %) ഉം ബംഗ്ലാദേശില്‍ 12,680,000 (8.5 %) ഉം ഇന്തോനേഷ്യയില്‍ 4,050,000 (1.7 %) ഉം പാക്കിസ്താനില്‍ 3,330,000 (1.9 %) ഉം ശ്രീലങ്കയില്‍ 2,830,000 13.6 %) ഉം യുഎസില്‍ 1,790,000 (0.6 %) ഉം മലേഷ്യയില്‍ 1,720,000 (6 %) ഉം, യുകെയില്‍ 890,000 (1.4 %) മ്യാന്‍മാറില്‍ 820,000 (1.7 %) ഉം ആണ്.

രണ്ടായിരത്തി അമ്പതിലും ഇതിനു കാര്യമായ വ്യത്യാസം വരില്ല. കൂടുതല്‍ ഹൈന്ദവരുളള രാജ്യങ്ങളില്‍ പത്താം സ്ഥാനം മ്യാന്മാറിനു പകരം കാനഡ കരസ്ഥമാക്കും. അന്ന് ഇന്ത്യയില്‍ 1,297,960,000 ( 76.7 %) ല്‍ ഹിന്ദുക്കളുണ്ടാകും. നേപ്പാളില്‍ ഇത് 38,120,000 (79.8 %) ഉം ബംഗ്ലാദേശില്‍ 14,470,000 (7.3 %) ഉം പാക്കിസ്താനില്‍ 5,630,000 (2%) ഉം യുഎസില്‍ 4,780,000 (1.2 %) ഉം ഇന്തോനേഷ്യയില്‍ 4,150,000 (1.4 %) ഉം ശ്രീലങ്കയില്‍ 3,430,000 (14 %) ഉം മലേഷ്യയില്‍ 2,270,000 (5 %) ഉം യുകെയില്‍ 1,370,000 (2 %) ഉം കാനഡയില്‍ 1,070,000 (2.3%) ഉം ആകും (16, 17)

മറ്റൊരു കണക്കു പ്രകാരം 2010 ല്‍ അതതു രാഷ്ട്രങ്ങളിലെ ജനസംഖ്യയില്‍ ഹൈന്ദവ വിശ്വാസികളുടെ വിഹിതം എടുത്താല്‍ ആദ്യ പത്തു സ്ഥാനത്തു വരുന്നവ നേപ്പാള്‍ 81.2 % , ഇന്ത്യ 80.8 %, മൗറിഷ്യസ് 50.4 %, ഫിജി 34..6 %, ഗയാന 30.5 %, ബൂട്ടാന്‍ 23.9 %, ട്രിനിഡാഡ് & ടൊബാഗോ 23.8 % , ബംഗ്ലാദേശ് 12.1 %, ശ്രീലങ്ക 8.3 %, മലേഷ്യ 5.9 % എന്നിവയാണ്. അവയില്‍ ഫിജി, മൗറീഷ്യസ്, ട്രിനിഡാഡ് & ടൊബാഗോ പോലുള്ള സ്ഥലങ്ങളില്‍ ഹിന്ദുക്കള്‍ രാഷ്ട്രീയ സ്വാധീനം പ്രകടിപ്പിക്കുന്നുണ്ട്. പക്ഷേ, ഇവയില്‍ ഭൂരിഭാഗവും സാമ്പത്തികവും രാഷ്ട്രീയവും സാമൂഹികവുമായ ഘടകങ്ങള്‍ കൊണ്ടു ലോക രാഷ്ട്രങ്ങളില്‍ നിര്‍ണ്ണായക ശക്തികളല്ല (18). ഈ കണക്കുകള്‍ സ്പഷ്ടമാക്കുന്നത് ഇന്ത്യയൊഴിച്ചുളള ഒരു ‘ഹൈന്ദവ’ രാഷ്ട്രവും ലോക രാഷ്ട്രീയത്തില്‍ ഒരു നിര്‍ണ്ണായക ശക്തിയല്ലെന്നും ഹിന്ദുത്വം ശത്രുക്കളായി പ്രഖ്യാപിച്ചിട്ടുള്ള രണ്ടു പ്രബല മതങ്ങളുടെ മുമ്പില്‍ അവര്‍ ജനസംഖ്യാപരമായി വെറുമൊരു ന്യൂനപക്ഷം മാത്രമാണ് എന്നുമാണ്.

കേരളത്തിലും മുസ്‌ളിം ജനസംഖ്യയുടെ വളര്‍ച്ച ചൂണ്ടിക്കാട്ടി വ്യാപകമായ ഭീതി സൃഷ്ടിക്കാന്‍ കാലങ്ങളായി വര്‍ഗ്ഗീയവാദികള്‍ ശ്രമിക്കുന്നുണ്ട്. ഇതിനൊപ്പം ജനസംഖ്യ വര്‍ദ്ധിപ്പിക്കണമെന്ന തീവ്ര ആശയമുള്ള ന്യൂനപക്ഷ മതനേതാക്കളും ഇവിടെയുണ്ട്. ഇരുകൂട്ടരും അസത്യങ്ങളും അര്‍ദ്ധസത്യങ്ങളും പ്രചരിപ്പിച്ച് അനാവശ്യ ഭീതി പരത്തുകയാണ്. കേരളത്തില്‍ 2011 സെന്‍സസ് അനുസരിച്ചു 54.73 % ഹിന്ദുക്കളും 26.56. % മുസ്ലീങ്ങളും 18.38 % ക്രിസ്ത്യാനികളും 0.01 % വീതം സിഖ്കാരും ബൗദ്ധരും ജൈനരും 0.02 % ഇതര മതങ്ങളും 0.26 % മതം പ്രത്യേകമായി സൂചിപ്പിക്കാത്തവരുമുണ്ട് (19). കേരള ജനതയുടെ ഭാവിഘടനയെക്കുറിച്ചു പഠിക്കുന്ന വിദഗ്ദ്ധര്‍ സൂചിപ്പിക്കുന്നത് 2050 ഓടെ മുസ്ലീം ജനസംഖ്യ 35 % ആകുമെന്നാണ്. എന്നാല്‍ അവര്‍ ഒരിക്കലും ഹൈന്ദവജനതയെ എണ്ണത്തില്‍ മറികടക്കില്ലയെന്നും പഠനം പറയുന്നുണ്ട്. മുസ്ലീങ്ങളുടെ പ്രത്യുല്പാദനവും 10-15 വര്‍ഷത്തിനുള്ളില്‍ പുനഃസ്ഥാപന നിരക്കില്‍ താഴെയെത്തുമെങ്കിലും ഇതര വിഭാഗങ്ങളുടെ പ്രത്യുല്പാദനം കുറയുന്നതായിരിക്കും മുസ്ലിം ജനസംഖ്യാ വര്‍ദ്ധവിനു കാരണമാകുകയെന്നും പഠനം വ്യക്തമാക്കുന്നു. 2051 ല്‍ ക്രിസ്ത്യാനികള്‍ 16.1 % ആയി കുറയും. 1901 ല്‍ 68.5 % ഹിന്ദുക്കളുണ്ടായിരുന്നതു 2051 ല്‍ 49.3 % ആകും.1901 ലെ സെന്‍സസ് റിപ്പോര്‍ട്ടനുസരിച്ച് 17.5 % മുസ്ലീങ്ങളാണ് ഇവിടെ ഉണ്ടായിരുന്നത്. ക്രിസ്ത്യാനികള്‍ 14 % വും. 1951 ല്‍ മുസ്ലീങ്ങള്‍ 17.5 % വും ക്രിസ്ത്യാനികള്‍ 20.9 % വും ആയി (20).

ചരിത്രാതീതകാലം മുതല്‍ വിവിധ മതവംശ ജനങ്ങളെ സഹര്‍ഷം സ്വീകരിച്ചിരുന്നു എന്നഭിമാനിക്കുന്ന ആര്‍ഷഹിന്ദുത്വഭാരതം സ്വാതന്ത്ര്യാനന്തരം ഭൂരിപക്ഷസ്വത്വത്തിനു വഴങ്ങില്ല എന്നു തങ്ങള്‍ കരുതിയ വിദേശ സ്വത്വങ്ങളെ എങ്ങനെ പരിഗണിച്ചുവെന്നതു ചിന്തനീയമാണ്. ഇന്ത്യയില്‍ നിന്നു കുടിയേറിയവര്‍ യൂറോപ്പിലും അമേരിക്കയിലുമൊക്കെ ഭരണ നേതൃത്വത്തില്‍ സ്ഥിരമായെത്തുമ്പോള്‍ നമുക്കു കാണിക്കാന്‍ സോണിയാ ഗാന്ധി മാത്രമാണുള്ളത്. അതു ‘നെഹ്‌റുവിന്റെ’ ബലത്തിലായിരുന്നു എന്നതു വ്യക്തവുമാണ്. അവര്‍ക്കെതിരെ ഇന്നും നടക്കുന്ന വ്യക്തിഹത്യകള്‍ ഹിന്ദുത്വഭാരതീയ ‘സഹിഷ്ണുതയുടെ’ ദൃഷ്ടാന്തമാണ്. യുഎസ് കോണ്‍ഗ്രസ്സ് അംഗമായ തുളസി ഗബാര്‍ഡ്, സെനറ്റര്‍ കമല ഹാരിസ്, റിപ്പബ്‌ളിക്കന്‍ പാര്‍ട്ടി നേതാവ് ബോബി ജിന്‍ഡാല്‍ തുടങ്ങിയവര്‍ യുഎസ് പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍വരെ മുന്നൊരുക്കങ്ങള്‍ നടത്തിയപ്പോളാണ് ഇന്ത്യയിലെ ഈ സ്ഥിതി (21, 22)

കാനഡയില്‍ 18 സിഖ് വംശജരാണു പാര്‍ലമെന്റിലേക്കു തിരഞ്ഞെടുക്കപ്പെട്ടത്. സിഖു മതത്തിന്റെ ജന്മദേശമായ ഇന്ത്യയിലെക്കാള്‍ 5 പേര്‍ കൂടുതലാണിത്. വിദേശ രാജ്യങ്ങളില്‍ ഇന്ത്യക്കാര്‍ക്കു കിട്ടുന്ന അംഗീകാരത്തിന്റെ സ്പഷ്ടമായ തെളിവാണിത്. ഇന്ത്യയില്‍ 1.7 % വും കാനഡയില്‍ 1.4 % വും ആണ് സിഖുകാര്‍. അവര്‍ തിരഞ്ഞെടുക്കപ്പെട്ടതു ഭരണ പ്രതിപക്ഷ പാര്‍ട്ടികളുടെ പ്രതിനിധികള്‍ ആയാണെന്നതും ശ്രദ്ധനീയം (23). കനേഡിയന്‍ പ്രധാനമന്ത്രി ജസ്റ്റിന്‍ ട്രൂഡോ കഴിഞ്ഞ 120 വര്‍ഷങ്ങളായി വ്യവസായികള്‍, രാഷ്ട്രീയക്കാര്‍, കലാകാരന്മാര്‍ എന്നിങ്ങനെ സിഖ് സമുദായം കാനഡയ്ക്കു നല്കുന്ന സമഗ്ര സംഭാവനകളെ പരസ്യമായി അംഗീകരിക്കുകയുണ്ടായി. ഇന്ത്യയിലെ പ്രധാന ന്യൂനപക്ഷങ്ങളായ മുസ്ലീങ്ങളെയും ക്രിസ്ത്യാനികളെയുമൊക്കെ തീവ്രവാദികളും ദേശദ്രോഹികളുമായി സംഘപരിവാര്‍ ഭരണകൂട രാഷ്ട്രീയം തന്നെ മുദ്ര കുത്തുമ്പോള്‍ കാനഡ നേരിടുന്ന 5 പ്രധാന തീവ്രവാദ ഭീഷണികളില്‍ ഒന്നായി 2018 ലെ ഒരു ഗവണ്‍മെന്റ് റിപ്പോര്‍ട്ടിലെ സിഖ് തീവ്രവാദമെന്ന പരാമര്‍ശത്തില്‍ നിന്നും മതത്തിന്റെ പേര് നീക്കം ചെയ്യുകയാണ് അവിടുത്തെ ഗവണ്‍മെന്റു ചെയ്തത് (24).

കനേഡിയന്‍ പ്രധാനമന്ത്രിയായിരുന്ന സ്റ്റീഫന്‍ ഹാര്‍പറും കാനഡയിലെ പ്രവാസി ഇന്ത്യക്കാരുടെ സംഭാവനകളെ പരസ്യമായി അഭിനന്ദിച്ചിട്ടുണ്ട് (25). ഇന്ത്യയിലെ ഹിന്ദുത്വഭീകരത കാനഡയിലേക്കും ഇസ്ലാമോഫോബിയ കയറ്റി വിടുന്നതായും അതവിടെ സാമൂഹിക പ്രശ്‌നങ്ങള്‍ സൃഷ്ടിക്കുന്നതായും റിപ്പോര്‍ട്ടുകള്‍ വരുന്നുണ്ട് (26). യുകെ ഹൗസ് ഓഫ് കോമണ്‍സ് സ്പീക്കര്‍ ജോണ്‍ ബേര്‍കൗ ബ്രിട്ടനിലെ ഇന്ത്യന്‍ സമൂഹം നല്കിയ സംഭാവനകളെ അഭിനന്ദിച്ചുകൊണ്ടു പറഞ്ഞത് അവര്‍ പാര്‍ലമെന്റിലും ദേശീയ ജീവിതത്തിലും കൂടുതലായി പ്രാതിനിധ്യം കരസ്ഥമാക്കണം എന്നാണ് (27). ആസ്‌ട്രേലിയയിലെ വിക്ടോറിയ മുന്‍ പ്രിമിയര്‍ വിന്‍സെന്റ് നാഫ്‌തൈന്‍ ഇന്ത്യന്‍ സമൂഹം കല, വിദ്യാഭ്യാസം, വ്യാപാരം,, സയന്‍സ് മുതലായ മേഖലകളില്‍ നല്കിയ നിര്‍ണ്ണായക സംഭാവനകളെ അഭിനന്ദിച്ചിട്ടുണ്ട് (28).

ഇന്നത്തെ ഭരണപക്ഷ രാഷ്ട്രീയത്തിന്റെ ശത്രുവായ ജവഹര്‍ലാല്‍ നെഹ്‌റുവിന്റെ ചിന്തയില്‍ പൊട്ടിവിരിഞ്ഞ ഇന്ത്യന്‍ ഐഐടികളില്‍ വിദ്യാഭ്യാസം കഴിഞ്ഞിറങ്ങി അമേരിക്കയിലെ ഇന്ത്യന്‍ പ്രവാസികളുടെ സവിശേഷമായതും അമേരിക്കയിലെ ഇന്ത്യന്‍ സമൂഹത്തിന്റെ പൊതുവായതുമായ സംഭാവനകളിലൂടെ അമേരിക്കയ്ക്കുണ്ടായ പുരോഗതിയെ പ്രത്യേകമായി അഭിനന്ദിച്ചുകൊണ്ട് 2005 ല്‍ അമേരിക്കന്‍ കോണ്‍ഗ്രസ്സ് ഒരു പ്രമേയം പാസാക്കുകയുണ്ടായി. 2005 ഏപ്രില്‍ 26 ന് 227-ാം നമ്പറായി ടോം ഡേവിസ് അവതരിപ്പിച്ചു പാസാക്കിയ പ്രമേയത്തിലൂടെ അമേരിക്കയുടെ വികാസത്തിന് ഇന്ത്യന്‍ സമൂഹം നല്കിയ നിര്‍ണ്ണായക സംഭാവനകളെ പ്രത്യേകമായി അംഗീകരിക്കണമെന്ന് ആവശ്യപ്പെടുന്നുണ്ട് (29). പൊതുവേ, ഗള്‍ഫ് രാജ്യങ്ങളും ഇന്ത്യന്‍ സമൂഹത്തിന്റെ സംഭാവനകളെ അഭിനന്ദിക്കുന്ന സമീപനമാണ് സ്വീകരിച്ചിട്ടുള്ളത്. യുഎഇ സാംസ്‌കാരിക വകുപ്പ് മന്ത്രി നഹ്യാന്‍ ബിന്‍ മുബാറക് അല്‍ നഹ്യാന്‍ വിദ്യാഭ്യാസം, ബാങ്കിങ്, ഫിനാന്‍സ്, ആരോഗ്യരക്ഷ, വ്യാപാരം,, എന്‍ജിനീയറിങ് രംഗങ്ങളില്‍ ഇന്ത്യന്‍ സമൂഹം സവിശേഷ വ്യക്തിമുദ്ര പതിപ്പിച്ചിട്ടുണ്ടെന്നു പറയുന്നു (30).

ആര്‍ഷ ഹൈന്ദവ വിരാട് പുരുഷന്റെ 56 ഇഞ്ചു സാംസ്‌കാരിക മഹത്വം കണ്ടാണു വിദേശ രാജ്യങ്ങള്‍ ഇത്തരം അഭിനന്ദനങ്ങളും അംഗീകാരങ്ങളും നല്കുന്നതെന്നു ധരിച്ചാല്‍ അതൊരു അബദ്ധമാകും. വത്യസ്തമായ സമൂഹങ്ങളുടെ ഉള്‍ച്ചേര്‍ക്കല്‍ രാഷ്ട്രീയത്തിന്റെ ഭാഗമായി ഉദാര ജനാധിപത്യങ്ങളെല്ലാം നിരന്തരം ഇത്തരം അംഗീകാരങ്ങള്‍ നല്കാറുണ്ട്. ഒരു ജനാധിപത്യത്തില്‍ പൂര്‍വ്‌ലിക പാരമ്പര്യമൊന്നും പ്രസക്തമല്ല. മതജാതിവംശ സ്വത്വങ്ങള്‍ക്കുപരി വിവിധ സാംസ്‌കാരിക ഘടകങ്ങളുടെ സഞ്ചയമായ സെക്യുലര്‍ പൗരന്മാരാണ് എല്ലാവരും. തുല്യ അവകാശവും അന്തസ്സുമുള്ളവരാണ് അവര്‍. ഈ തിരിച്ചറിവു നേടുന്നതില്‍ നിന്നാണ് മറ്റു ജനാധിപത്യങ്ങള്‍ ഇങ്ങനെയൊക്കെ ചെയ്യുന്നത്. കൂടാതെ, മനുഷ്യന്റെ ചിന്താപരമായ പരിമിതികളാലും സ്വഗോത്രസ്‌നേഹത്താലും ഭൂരിപക്ഷസ്വത്വം രാഷ്ട്രസ്വത്വമാകാമെന്നതിനാല്‍ അതിനെ ഘടനാപരമായി മറികടക്കേണ്ടതുണ്ടെന്ന ചിന്തയും ന്യൂനപക്ഷ സംരക്ഷണത്തിന്റെ ഒരടിസ്ഥാനമാണ്. ഒരു രാജ്യത്തു ന്യൂനപക്ഷങ്ങള്‍ അംഗീകരിക്കപ്പെട്ടാല്‍ അവര്‍ ഭൂരിപക്ഷമായ രാജ്യങ്ങളുമായുള്ള സൗഹാര്‍ദ്ദം ഊഷ്മളമാകും എന്നതും പ്രത്യേകമായി പരിഗണിക്കപ്പെടുന്നു.

ഏതൊരു രാജ്യത്തെയും ചെറുസംഭവങ്ങള്‍ പോലും ആഗോള പ്രതികരണങ്ങള്‍ സൃഷ്ടിക്കുന്നൊരു കാലമാണിന്ന്. ഇന്ത്യയിലെ ന്യൂനപക്ഷ ദലിത് മനുഷ്യാവകാശ ധ്വംസനങ്ങള്‍ ഇതര രാജ്യങ്ങളിലെ ഹിന്ദുക്കളുടെ ജീവിതത്തില്‍ കരിനിഴല്‍ വീഴ്ത്താമെന്നതുപോലെ പാക്കിസ്താന്‍ ബംഗ്‌ളാദേശ് എന്നിവിടങ്ങളിലെ ഹൈന്ദവ പീഡനങ്ങളും പൊളിറ്റിക്കല്‍ ഇസ്ലാമിന്റെ തീവ്രവാദവും ഇന്ത്യയിലെ മുസ്‌ളീങ്ങളെയും ദോഷകരമായി ബാധിക്കും. .ഇസ്രയേലിനായി അമേരിക്ക നടത്തുന്ന ഇടപെടലുകള്‍ യൂറോപ്പിലെയും മറ്റും ജനങ്ങളെ ആക്രമിക്കാന്‍ അല്‍ഖയ്ദ തീവ്രവാദികള്‍ക്കു പ്രേരണയാകുന്നതും മറ്റൊരു ഉദാഹരണം.

തീവ്രവാദികളായ മദൂദിസ്റ്റുകളും സവര്‍ക്കറിസ്റ്റുകളും ക്രിസ്ത്യന്‍ ക്രൂസേഡിനെ താലോലിക്കുന്നവരും സ്വമതം ‘സംരക്ഷിക്കാനുള്ള’ മനുഷ്യാവകാശ ധ്വംസനങ്ങളെ പിന്തുണയ്ക്കുകയും ഇതര മതസ്ഥരുടെ ക്രൂരതകളെ വിമര്‍ശിക്കുകയും ചെയ്യാറാണുള്ളത്. ഇതുമൂലം ഓരോ രാജ്യത്തും ന്യൂനപക്ഷ ഭൂരിപക്ഷങ്ങള്‍ തമ്മില്‍ കൂടുതല്‍ അകലുകയാണ്. ഓരോ മതസ്വത്വത്തിന്റെയും പേരില്‍ നടക്കുന്ന മനുഷ്യാവകാശ ധ്വംസനങ്ങള്‍ അതതു മതവിശ്വാസികളുടെ നേതൃത്വത്തില്‍ തടയാനുള്ള നടപടികള്‍ കൈക്കൊണ്ടും ഇരകളുടെ നൊമ്പരത്തില്‍ സാന്ത്വനമേകിയും മാത്രമേ സമാധാനവും പുരോഗതിയും ഉണ്ടാക്കാനാകൂ. ഇപ്പോള്‍ തുര്‍ക്കിയില്‍ നടക്കുന്ന ‘ഹാഗിയ സോഫിയ’ വിവാദം സംഭവങ്ങളുടെ ആഗോള മാനത്തിനു മറ്റൊരു ഉദാഹരണമാണ്. തന്റെ ഭരണ പരാജയം മറക്കാനാണു പൊളിറ്റിക്കല്‍ ഇസ്ലാമിസ്റ്റായ റെസെപ്പ് തയ്യിപ്പ് എര്‍ദോഗാന്‍ ലോകജനതയുടെ അഭിപ്രായം മാനിക്കാതെ പ്രസ്തുത ചരിത്ര സ്മാരകം മോസ്‌ക്ക് ആക്കിയത് (31). തുര്‍ക്കിയുടെ നടപടിക്കെതിരെ റഷയും ഗ്രീസുമൊക്കെ ശക്തമായ പ്രതികരണങ്ങളാണു നടത്തിയത്. എര്‍ദോഗാന്റെ നടപടിയെ ന്യായീകരിക്കുന്ന ‘കേരള മദൂദിമാരും ഖുത്തൂബുമാരും’ പറയുന്നതു ഓട്ടോമാന്‍ ഭരണാധികാരികള്‍ പണം നല്കിയാണ് മതാധികാരികളില്‍ നിന്നും പള്ളി കരസ്ഥമാക്കിയത് എന്നൊക്കെയാണ്. ഒരു രാജ്യം ആക്രമിച്ചു കീഴടക്കിയ സുല്‍ത്താനു മുന്നില്‍ നിരാശ്രയരായി നില്ക്കുന്ന ഇതര മതാധികാരികള്‍ക്കു മറ്റെന്താണു വഴിയെന്ന ചിന്തമാത്രം മതി ഈ വാദത്തിന്റെ പൊള്ളത്തരം വെളിവാകാന്‍.

പൊതുവേ, സെമിറ്റിക് മതങ്ങള്‍ സൈദ്ധാന്തികമായും പൊളിറ്റിക്കല്‍ ഇസ്‌ളാം പ്രത്യേകിച്ചും സെക്യുലറിസത്തിന് എതിരാണെന്നത് സ്പഷ്ടമാണ്. തങ്ങള്‍ക്കു ഭൂരിപക്ഷം ലഭിച്ചാല്‍ ന്യൂനപക്ഷങ്ങളെ സംരക്ഷിക്കുമെന്നു ലോകത്തെ ബോധ്യപ്പെടുത്താന്‍ കിട്ടിയ സുവര്‍ണ്ണാവസരമാണ് 0.2 % മാത്രമുള്ള തുര്‍ക്കിയിലെ ക്രൈസ്തവ വിശ്വാസികളുടെ സാംസ്‌കാരിക ചിഹ്നത്തില്‍ നടത്തിയ കടന്നു കയറ്റത്തിലൂടെ എര്‍ദോഗാന്‍ നഷ്ടപ്പെടുത്തിയത്. പാന്‍ ഇസ്ലാമിസം മാത്രം സ്വപ്നം കണ്ട് എര്‍ദോഗാനെ പിന്തുണയ്ക്കുന്ന പോളിറ്റിക്കല്‍ ഇസ്ലാമിസ്റ്റുകള്‍ എന്തുകൊണ്ടാണ് ബഹുഭൂരിപക്ഷവും സുന്നികളായ കുര്‍ദുകളെ എര്‍ദോഗാന്‍ ആക്രമിച്ചു കൊല്ലുന്നതെന്നു വ്യക്തമാക്കണം. കൊര്‍ദോവ പിടിച്ചെടുത്തില്ലേ, മുന്‍പ് പേഗന്‍ കേന്ദ്രമായിരുന്നില്ലേ, കെമാല്‍പാഷ ബലപ്രയോഗമല്ലേ നടത്തിയത് എന്നൊക്കെ ചോദിച്ചു ന്യായീകരണങ്ങള്‍ ചരിത്രത്തില്‍ നിന്നു കണ്ടെത്താം; വാദങ്ങളും ജയിക്കാം. അതിനപ്പുറം സമുദായത്തിലെ പാവങ്ങള്‍ക്കു ഗുണമൊന്നും ഉണ്ടാകില്ലെന്നു മനസ്സിലാക്കേണ്ടതുണ്ട്. ഇന്ത്യയില്‍ വ്യാപിക്കുന്ന ഇസ്ലാമോഫോബിയ മറികടക്കാവുന്ന വിധം സാമൂഹിക പിന്തുണ ലഭിക്കുന്നതിനു വേണ്ട ഒരു പ്രധാന കാര്യം മുസ്‌ളീം സമൂഹം തന്നെ പൊളിറ്റിക്കല്‍ ഇസ്‌ളാം നടത്തുന്ന ജനാധിപത്യവിരുദ്ധ മനുഷ്യാവകാശ ധ്വംസനങ്ങള്‍ തള്ളിപ്പറയുക എന്നതായിരിക്കും. മുസ്ലീങ്ങള്‍ കൂടുതല്‍ കൂടുതല്‍ അപരവത്ക്കരിക്കപ്പടും വിധം ഭൂരിപക്ഷ വര്‍ഗ്ഗീയ ശക്തികള്‍ നടത്തുന്ന പ്രചാരണങ്ങള്‍ അവസാനിപ്പിക്കുക എന്നതും സുപ്രധാനമാണ്.

ആധുനിക കാലഘട്ടം സുസ്ഥിരമായ ജനസഞ്ചയത്തെ ഒരു വിലമതിക്കാനാവാത്ത വിഭവമായാണു കാണുന്നത്. രാജ്യപുരോഗതിയുടെ പ്രധാന ചാലകശക്തിയായ സാമ്പത്തിക പ്രവര്‍ത്തനത്തിനു ശക്തമായ പ്രചോദനമാകുന്നതു ജനസഞ്ചയമാണ്. വിവിധ സ്വത്വങ്ങളുടെ കൂട്ടായ്മയായ ഈ ജനസഞ്ചയത്തെ സൗഹാര്‍ദ്ദത്തോടെ പരസ്പരം ഇടപെടാന്‍ പ്രാപ്തരാക്കിയ രാഷ്ട്രങ്ങള്‍ നിര്‍ണ്ണായക മുന്നേറ്റങ്ങള്‍ കരസ്ഥമാക്കുന്നു എന്നാണു ചരിത്രം. സാറാമ്മയുടെയും കേശവന്‍ നായരുടെയും സ്വപ്നങ്ങളിലെ ആകാശമിഠായിമാരിലാണു നമ്മള്‍ പ്രതീക്ഷയര്‍പ്പിക്കേണ്ടത്.

റഫറന്‍സ്

1.https://www.pewforum.org/…/the-changing-global-religious-l…/
2.https://www.pewforum.org/2015/04/02/asia-pacific/
3.https://www.pewforum.org/2015/04/02/north-america/
4.https://www.pewforum.org/2015/04/02/sub-saharan-africa/
5.https://www.pewforum.2015/04/02/middle-east-north-africa/
6.https://www.pewforum.org/…/02/latin-america-and-the-caribb…/
7.https://www.pewforum.org/2015/04/02/europe/
7B.https://www.google.com/url…
8.https://taazakhabarnews.com/by-2050-hindus-share-of-indias…/
9.https://www.pewresearch.org/…/by-2050-india-to-have-worlds…/
10.https://ruralindiaonline.org/…/report-on-the-census-of-ind…/
11.https://en.m.wikipedia.org/wiki/1951_Census_of_India
12. ‘sNbvPnMv tlmw emâvkv : lnµp s]mfnänI-vkv Bâv ]mÀ«oj³ Hm^v C´y’, \oXn \mbÀ t]Pv 107
13.https://www.counterview.net/…/rss-demonizing-muslim-demogra…
14.https://www.google.com/…/india-china-population-2050-un-rep…
15.https://www.pewresearch.org/…/worlds-population-is-project…/
16.https://www.pewforum.org/2015/04/02/hindus/
17.https://www.populationpyramid.net/canada/2050/
18.https://www.theglobaleconomy.com/rankings/hindu/
19.https://www.census2011.co.in/…/religion/state/32-kerala.html
20.https://www.google.com/…/kerala-muslims-will-be-double-the-…
21.https://www.google.com/…/tulsi…/amp_articleshow/67498178.cms
22.https://www.google.com/url…
23.https://www.google.com/…/canada-18-sikh-leaders-elected-to-…
24.https://www.google.com/om/…/canadian_pm_hails_indian_dias…
26.https://www.google.com/url…
27.https://www.google.com/…/uk-speaker-lauds-indian-diaspora-s…
28.https://m.economictimes.com/…/aust…/articleshow/40333330.cms
29.https://m.rediff.com/money/2005/apr/28iit.htm
30.https://www.thenational.ae/…/sheikh-nahyan-praises-contribu…
31.https://www.arabnews.com/node/1702991/middle-east

സുഹൃത്തെ,
അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പന്ത്രണ്ടാം വര്‍ഷത്തേക്ക് കടക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2024 - 25 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.

The Critic, A/C No - 020802000001158,
Indian Overseas Bank,
Thrissur - 680001, IFSC - IOBA0000208
google pay - 9447307829
സ്നേഹത്തോടെ ഐ ഗോപിനാഥ്, എഡിറ്റര്‍, thecritic.in


ഞങ്ങളുടെ ഫേസ്ബുക് പേജ് ലൈക് ചെയ്യൂ..


Published On

Be the first to write a comment.

Leave a Reply