ക്വിറ്റ് ഇന്ത്യാ പ്രക്ഷോഭവും സോഷ്യലിസ്റ്റ് പ്രസ്ഥാനവും
ക്വിറ്റ് ഇന്ത്യാ സമരത്തെ പരാജയപ്പെടുത്താനും സമര സേനാനികളെ ബ്രിട്ടീഷ് പോലീസിന് ഒറ്റിക്കൊടുക്കാനും കമ്യൂണിസ്റ്റ് പാര്‍ടിയും ഹിന്ദുമഹാസഭയും തീവ്രമായി പ്രവര്‍ത്തിച്ചു. ഇക്കാര്യത്തില്‍ പോലീസിനെ സഹായിക്കാമെന്നുള്ള വാഗ്ദാനവും അവര്‍ നല്‍കുകയുണ്ടായി. ബ്രിട്ടീഷ് സര്‍ക്കാറിന് വിപ്ലവത്തെ പരാജയപ്പെടുത്താനുള്ള എല്ലാ സഹായവും വാഗ്ദാനം ചെയ്തുകൊണ്ടുള്ള സന്ദേശങ്ങള്‍ പി.സി.ജോഷിയും ശ്യാമപ്രസാദ് മുഖര്‍ജിയും അയക്കുകയുണ്ടായി. കമ്യൂണിസ്റ്റ്, നെഹൃവിയന്‍ സ്വാധീനത്തിലായിരുന്ന ഇന്ത്യയുടെ ബൗദ്ധീകമണ്ഡലം ആഗസ്ത് വിപ്ലവത്തെ അപ്രധാനമായിട്ടാണ് വിലയിരുത്തിയത്.
1942 ആഗസ്ത് 9ന് ആരംഭിച്ച ക്വിറ്റ് ഇന്ത്യാ പ്രക്ഷോഭം എന്നറിയപ്പെട്ട ആഗസ്ത് വിപ്ലവം ലോകത്തിലെ തന്നെ സമാനതകളില്ലാത്ത ഒന്നായിരുന്നു. ഏറ്റവും കൂടുതല്‍ സാധാരണക്കാരായ ആളുകള്‍ പങ്കാളികളായ, ഏറ്റവും കൂടുതല്‍ ആളുകള്‍ അറസ്റ്റു ചെയ്യപ്പെട്ട, ഏറ്റവും കൂടുതല്‍ പേര്‍ രക്തസാക്ഷികളായ, കൗമാരക്കാര്‍ മുതല്‍ പ്രായമേറിയവര്‍ വരെ ലിംഗ വ്യത്യാസമില്ലാതെ മാതൃരാജ്യത്തിന്റെ സ്വാതന്ത്ര്യത്തിനു വേണ്ടി സ്വയംപ്രേരിതരായി ജീവന്‍ ത്യജിക്കാന്‍ വേണ്ടി മുന്നിട്ടിറങ്ങിയവരുടെ എണ്ണം കൊണ്ട് സവിശേഷമായ മറ്റൊരു സമരം ഉണ്ടായിട്ടില്ല. ഗാന്ധിജി പ്രഖ്യാപിച്ചതു പോലെ ഇന്ത്യയിലെ മണ്‍തരികളില്‍ നിന്ന് അക്ഷരാര്‍ത്ഥത്തില്‍ ഒരു വിപ്ലവം ഉറവയെടുക്കുകയായിരുന്നു.
ആഗസ്ത് വിപ്ലവത്തിന്റെ ചരിത്രം കോണ്‍ഗ്രസ്സ് സോഷ്യലിസ്റ്റുകളുടെ ചരിത്രം കൂടിയാണെന്നു പറയാം. കോണ്‍ഗ്രസ് സോഷ്യലിസ്റ്റ് പാര്‍ട്ടിയുടെ നേതൃത്വ പരമായ പങ്ക് അടയാളപ്പെടുത്താന്‍ ഇന്ത്യയുടെ മുഖ്യധാരാ ചരിത്രകാരന്മാരും എഴുത്തുകാരും ഇതുവരെയും തയ്യാറായിട്ടില്ല. ബ്രിട്ടണ്‍ യുദ്ധത്തില്‍ വ്യാപൃതമാവുന്ന അവസരത്തില്‍ തന്നെ ഇന്ത്യയില്‍ ബ്രിട്ടനെതിരെ സത്യാഗ്രഹം ആരംഭിക്കണമെന്നാവശ്യപ്പെട്ട് ലോഹ്യയും കോണ്‍ഗ്രസ് സോഷ്യലിസ്റ്റ് പാര്‍ട്ടി നേതാക്കളും ഗാന്ധിജിയില്‍ നിരന്തരം സമ്മര്‍ദ്ദം ചെലുത്തിയിരുന്നു. കൂടാതെ ഇതിനായി ജനങ്ങളെ തയ്യാറാക്കാന്‍ ലോഹ്യ രാജ്യത്തുടനീളം സഞ്ചരിച്ച് പ്രചരണം നടത്തുകയുണ്ടായി. ബ്രിട്ടന്റെ യുദ്ധം ജനാധിപത്യത്തിനു വേണ്ടിയാണെന്നും അതുകൊണ്ട് യുദ്ധസമയത്ത് ബ്രിട്ടന് അലോസരമുണ്ടാക്കുന്ന സാഹചര്യങ്ങള്‍ സൃഷ്ടിക്കരുതെന്നുമുള്ള അഭിപ്രായം കോണ്‍ഗ്രസ്സിനുള്ളില്‍ ശക്തമായിരുന്നു. കോണ്‍ഗ്രസ്സിന്റെ ഔദ്യോഗിക നേതൃത്വത്തിന്റെ ഈ നിലപാടിന് കൊളോണിയല്‍ മാധ്യമങ്ങള്‍ വന്‍ പ്രാധാന്യമാണ് കൊടുത്തിരുന്നത്. കോണ്‍ഗ്രസ് സോഷ്യലിസ്റ്റ് പാര്‍ട്ടി തുടക്കം മുതല്‍ രണ്ടാം ലോകയുദ്ധത്തില്‍ ഇന്ത്യ കക്ഷിയല്ല എന്നും യുദ്ധകാലം അന്തിമ സ്വാതന്ത്ര്യ സമരത്തിന്റെ സമയമാണെന്നും ഉള്ള നിലപാടിലായിരുന്നു. ഇന്ത്യന്‍ കമ്യൂണിസ്റ്റു പാര്‍ട്ടി യുദ്ധത്തെ ആദ്യം വിലയിരുത്തിയത് സാമ്രാജ്യത്വ യുദ്ധമെന്നായിരുന്നു.
സോവിയറ്റ് യൂണിയനുമായുള്ള അനാക്രമണ സന്ധി ലംഘിച്ചുകൊണ്ട് ഹിറ്റ്‌ലര്‍ സോവിയറ്റ് റഷ്യയെ ആക്രമിച്ചതിനു ശേഷം സോവിയറ്റ് യൂണിയന്‍ ബ്രിട്ടീഷ് പക്ഷത്തു ചേര്‍ന്ന് യുദ്ധത്തില്‍ പങ്കാളിയായപ്പോള്‍ ഇന്ത്യന്‍ കമ്യൂണിസ്റ്റ് പാര്‍ടി ബ്രിട്ടനും സഖ്യശക്തികള്‍ക്കും അനുകൂലമായ നിലപാടെടുത്തു. അതോടെ സി.പി.ഐക്ക് സാമ്രാജ്യത്വ യുദ്ധം ജനകീയ യുദ്ധമായി മാറി. യുദ്ധത്തില്‍ ബ്രിട്ടനെ സഹായിക്കുന്ന പ്രചരണ പ്രവര്‍ത്തനങ്ങള്‍ അവര്‍ ശക്തമായി തന്നെ സംഘടിപ്പിച്ചു. സുഭാഷ് ചന്ദ്ര ബോസിന്റെ നേതൃത്വത്തില്‍ ഐ.എന്‍.എ.പോരാളികള്‍ ബ്രിട്ടനോട് തുറന്ന യുദ്ധം പ്രഖ്യാപിച്ചു. ജപ്പാന്റെ സഹായത്തോടെ ഐ.എന്‍.എ.ഭടന്മാര്‍ ഇന്ത്യയിലേക്ക് മുന്നേറി. ഇത് ബ്രിട്ടനെതിരായ വികാരത്തിന് ചൂട് പകര്‍ന്നു. ഇന്ത്യയുടെ രാഷ്ട്രീയ അന്തരീക്ഷത്തെ അത് പ്രക്ഷുബ്ധമാക്കി.
ദി ക്രിട്ടിക് ഫേസ് ബുക്ക് പേജ് ലൈക്ക് ചെയ്യുക
യുദ്ധസമയത്ത് ഇന്ത്യയിലെ ജനങ്ങളെ എങ്ങിനെയെങ്കിലും കൂടെ നിര്‍ത്തണമെന്ന ആലോചനകള്‍ ബ്രിട്ടീഷ് സര്‍ക്കാറില്‍ സജീവമായിരുന്നു. അതിനായി ബ്രിട്ടന്‍ തയ്യാറാക്കിയ പദ്ധതിയായിരുന്നു ക്രിപ്‌സ് ദൗത്യം. 1942 മാര്‍ച്ച് 29 ന് ബ്രിട്ടീഷ് ഗവണ്‍മെന്റ് ഇന്ത്യക്കു വേണ്ടിയുള്ള പദ്ധതി പ്രഖ്യാപിക്കുകയുണ്ടായി. സ്റ്റാഫോര്‍ഡ് ക്രിപ്‌സിനെ ചില നിര്‍ദ്ദേശങ്ങളുമായി ഇന്ത്യയിലേക്ക് അയച്ചു. യുദ്ധം കഴിയുമ്പോള്‍ ഇന്ത്യക്ക് ഡൊമിനിയന്‍(ബ്രിട്ടീഷ് മേല്‍ക്കോയ്മക്കു കീഴില്‍ സ്വയംഭരണം) പദവി, നാട്ടുരാജാക്കന്മാര്‍ ഉള്‍പ്പടെയുള്ള ഭരണഘടനാ നിര്‍മ്മാണ സമിതി, ഇതില്‍ പങ്കെടുക്കാന്‍ താല്പര്യമില്ലാത്ത നാട്ടുരാജ്യങ്ങള്‍ക്ക് ബ്രിട്ടനുമായി നേരിട്ടുള്ള ബന്ധം നിലനിര്‍ത്താം, ഭരണഘടന ഉണ്ടാകുന്നതുവരെ യുദ്ധത്തില്‍ ബ്രിട്ടനെ സഹായിക്കാന്‍ വിഭവങ്ങള്‍ ഇന്ത്യാ ഗവണ്‍മെന്റ് സമാഹരിച്ചുനല്‍കണം എന്നിങ്ങനെയുള്ള നിര്‍ദ്ദേശങ്ങളെ ഗാന്ധിജി കേട്ട മാത്രയില്‍ തന്നെ നിരാകരിച്ചു. ക്രിപ്‌സ് നിര്‍ദ്ദേശങ്ങളെ പോസ്റ്റ് ഡേറ്റഡ് ചെക്കാണെന്നാണ് ഗാന്ധിജി വിശേഷിപ്പിച്ചത്. ക്രിപ്‌സ് ദൗത്യത്തിന്റെ നിഗൂഢതകള്‍ തുറന്നു കാണിച്ച് ലോഹ്യ സ്റ്റാഫോര്‍ഡ് ക്രിപ്‌സിന്റെ നിഗൂഢതകള്‍ എന്ന പേരില്‍ ഒരു ലഘുലേഖ അക്കാലത്ത് തയ്യാറാക്കിയിരുന്നു. ഇന്ത്യയെ വിഭജിക്കാനുള്ള ബ്ലൂ പ്രിന്റാണ് ക്രിപ്‌സ് നിര്‍ദ്ദേശങ്ങള്‍ എന്ന് ലോഹ്യ കുറ്റപ്പെടുത്തി. ഇന്ത്യയെ ബ്രിട്ടീഷ് ഇന്ത്യ, നാട്ടുരാജ്യങ്ങള്‍, ബ്രിട്ടണുമായി ബന്ധം നിലനിര്‍ത്താനാഗ്രഹിക്കുന്ന പ്രവിശ്യകള്‍, അവശേഷിക്കുന്ന സ്വതന്ത്ര ഇന്ത്യ എന്നിങ്ങനെ വിഭജിക്കുന്നതിനുള്ള ബ്രിട്ടീഷ് പദ്ധതിയാണ് ക്രിപ്‌സ് ദൗത്യത്തിന്റെ പിന്നിലുള്ളതെന്ന് ലോഹ്യ തന്റെ ലേഖനത്തില്‍ ആരോപിച്ചു. ക്രിപ്‌സിന്റെ നിര്‍ദ്ദേശങ്ങള്‍ക്കെതിരെ ഗാന്ധിജി ശക്തവും പരസ്യവുമായ നിലപാടാണെടുത്തിരുന്നത്. അതിനെ തുടര്‍ന്ന് രാജ്യത്താകമാനം വന്‍ പ്രതിഷേധങ്ങള്‍ ഉയരുകയുണ്ടായി. ഈ പ്രതിഷേധത്തെ സംഘടിതമായ രീതിയില്‍ ഉയര്‍ത്തിക്കൊണ്ടു വരുന്നതിന് ലോഹ്യയും കോണ്‍ഗ്രസ്സ് സോഷ്യലിസ്റ്റുകളും നേതൃത്വപരമായ പങ്കുവഹിച്ചു. സ്റ്റാഫോര്‍ഡ് ക്രിപ്‌സിന്റെ നിര്‍ദ്ദേശങ്ങളിലൂടെ യുദ്ധസമയത്ത് ഇന്ത്യയെ കൂടെ നിര്‍ത്താമെന്ന ബ്രിട്ടന്റെ ഗൂഢപദ്ധതിയെ ഇന്ത്യയിലെ ജനങ്ങള്‍ പരാജയപ്പെടുത്തി. ക്രിപ്‌സ് ദൗത്യം പരാജയപ്പെട്ട് വെറും കൈയ്യോടെ തിരിച്ചു പോകുമ്പോള്‍ ഇന്ത്യയില്‍ ഹിന്ദു – മുസ്ലീം വിഭജനം ശക്തമാണെന്നും അതുകൊണ്ട് ഇന്ത്യയില്‍ നിന്ന് പിന്മാറാന്‍ ബ്രിട്ടന് കഴിയില്ലെന്നുമുളള പ്രസ്താവന നടത്തി. ഇന്ത്യയെ മതാടിസ്ഥാനത്തില്‍ വിഭജിക്കാന്‍ ബ്രിട്ടണ്‍ മുതിരുകയാണെന്ന് പറഞ്ഞ് ലോഹ്യ ഈ പ്രസ്താവനക്കെതിരെ രംഗത്ത് വന്നു. ക്രിപ്‌സിന്റെ നിര്‍ദ്ദേശങ്ങള്‍ ഇന്ത്യയെ തകര്‍ക്കാനുള്ളതാണെന്ന പൊതുവികാരം വളരെ ശക്തമായിരുന്നു.
ക്രിപ്‌സിന്റെ നിര്‍ദ്ദേശങ്ങള്‍ വന്നതോടെ ഒരന്തിമ സമരത്തിന് സമയമായെന്ന നിലപാടിലേക്ക് ഗാന്ധിജി എത്തി. ബ്രിട്ടീഷുകാര്‍ ഇന്ത്യ വിടണമെന്ന അന്ത്യശാസന രൂപത്തിലുള്ള ഗാന്ധിജിയുടെ ലേഖനം ‘ഹരിജനി’ല്‍ പ്രസിദ്ധീകരിക്കപ്പെട്ടു. രാജ്യത്തിന്റെ ആവേശം ഉച്ചസ്ഥായിയിലായി. സോഷ്യലിസ്റ്റും ബോംബെ മേയറുമായിരുന്ന യൂസഫ് മെഹറലി നിര്‍ദിഷ്ഠ വിപ്ലവത്തിന് ക്വിറ്റ് ഇന്ത്യാ എന്ന മുദ്രാവാക്യം നല്‍കി. 1942 മെയ് മാസത്തില്‍ അലഹബാദില്‍ ചേര്‍ന്ന കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതിയിലേക്ക് ക്വിറ്റ് ഇന്ത്യാ പ്രമേയത്തിന്റെ കരടുമായി ഗാന്ധിജി മീരാ ബെന്നിനെ അയച്ചു. വര്‍ക്കിംഗ് കമ്മറ്റിയിലെ പൊതു വികാരം യുദ്ധസമയത്ത് ബ്രിട്ടനെ സഹായിക്കണമെന്നതായിരുന്നു. മാത്രമല്ല ബ്രിട്ടനെ സഹായിക്കാന്‍ ഗറില്ലാ സേനയുണ്ടാക്കണമെന്നുവരെ ഔദ്യോഗിക പക്ഷം വാദിച്ചു. അക്കാരണത്താല്‍ അന്തിമ സമരത്തിന് കോണ്‍ഗ്രസ്സ് സംഘടന കൂടെയുണ്ടാവില്ലെന്ന് ഗാന്ധിജി സംശയിച്ചിരുന്നു. അതു കൊണ്ടാണ് ആരെതിര്‍ത്താലും ഇന്ത്യയിലെ മണ്‍തരികളില്‍ നിന്ന് താന്‍ ഒരു വിപ്ലവം സൃഷ്ടിക്കുമെന്ന് ഗാന്ധിജി പ്രഖ്യാപിച്ചത്. കോണ്‍ഗ്രസ്സ് സോഷ്യലിസ്റ്റ് പാര്‍ടി അന്തിമ സമരത്തിന് തയ്യാറാണെന്ന് ഗാന്ധിജിയെ അറിയിച്ചു. അക്കാലത്ത് വിവിധ സംസ്ഥാനങ്ങളില്‍ നിന്നുള്ള കോണ്‍ഗ്രസ് സോഷ്യലിസ്റ്റു പാര്‍ടി നേതാക്കള്‍ ഗാന്ധിജിയെ സന്ദര്‍ശിച്ച് അന്തിമ സമരത്തിനുള്ള പിന്തുണ അറിയിച്ചിരുന്നു. സോഷ്യലിസ്റ്റ് നേതാവ് റാം നന്ദന്‍ മിശ്രയെ താന്‍ ഏറെ ബഹുമാനിക്കുന്ന രാഷ്ട്രീയ പ്രസ്ഥാനത്തിന്റെ നേതാവ് എന്ന് അഭിസംബോധന ചെയ്താണ് സ്വീകരിച്ചത്.
അന്തിമ സമരത്തെക്കുറിച്ച് ഗാന്ധിജി ആലോചിച്ച സമയം മുതല്‍ കോണ്‍ഗ്രസ്സ് സോഷ്യലിസ്റ്റുകള്‍ വിപ്ലവം ആരംഭിക്കാനുള്ള തയ്യാറെടുപ്പുകള്‍ നടത്തിയിരുന്നു. പോലീസിന് പിടികൊടുക്കാതെ ഒളിവില്‍ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നതിനുള്ള സംഘങ്ങളെ രാജ്യവ്യാപകമായി നിശ്ചയിച്ചു. 1942 ആഗസ്ത് 8 ന് മുംബെയില്‍ നടന്ന കോണ്‍ഗ്രസ്സ് സമ്മേളനം ക്വിറ്റ് ഇന്ത്യാ പ്രമേയം അംഗീകരിച്ചു. ഗാന്ധിജി പ്രവര്‍ത്തിക്കുക അല്ലെങ്കില്‍ മരിക്കുക എന്ന ശാസനം നല്‍കി. എട്ടാം തിയ്യതി രാത്രി ഗാന്ധിജി ഉള്‍പ്പടെയുള്ള കോണ്‍ഗ്രസ്സ് നേതാക്കള്‍ അറസ്റ്റു ചെയ്യപ്പെട്ടു. കോണ്‍ഗ്രസ്സ് നേതൃത്വമാകെ അഴിക്കുള്ളിലായതോടെ സമരം ചാപിള്ളയാകുമെന്ന ബ്രിട്ടീഷ് പ്രതീക്ഷകള്‍ തെറ്റിച്ചു കൊണ്ട് ആഗസ്ത് 9ന് ഇന്ത്യയാകമാനം ഇളകാന്‍ തുടങ്ങി.
ഈ സാഹചര്യം മുന്നില്‍ കണ്ടു കൊണ്ട് കോണ്‍ഗ്രസ്സ് സോഷ്യലിസ്റ്റു പാര്‍ടി നേതാക്കളും പ്രവര്‍ത്തകരും ഒളിവില്‍ പോകണമെന്ന നിര്‍ദ്ദേശം നേരത്തെ തന്നെ സി.എസ്.പി.നല്‍കിയിരുന്നു. കോണ്‍ഗ്രസ് നേതാക്കള്‍ അറസ്റ്റു ചെയ്യപ്പെട്ട ഉടനെ ഡോ.ലോഹ്യ, അച്യുത് പട് വര്‍ദ്ധന്‍, സുചേതാ കൃപലാനി, അരുണ ആസഫലി, സാദിക് അലി, ഗോപിനാഥ് ബര്‍ദ്ദോളി തുടങ്ങിയ സോഷ്യലിസ്റ്റു നേതാക്കളുടെ നേതൃത്വത്തില്‍ പ്രധാന പ്രവര്‍ത്തകര്‍ ബിര്‍ലാമന്ദിരത്തിലെ ഗാന്ധിജിയുടെ മുറിയില്‍ തന്നെ യോഗം ചേര്‍ന്ന് ആദ്യത്തെ കോണ്‍ഗ്രസ്സ് ബുള്ളറ്റിന്‍ പ്രസിദ്ധീകരിച്ചു. അന്തിമ യുദ്ധം പ്രഖ്യാപിച്ചുവെന്നും ജനങ്ങളോട് സമരം ഏറ്റെടുക്കാനും ബുള്ളറ്റിന്‍ ആഹ്വാനം ചെയ്തു. വിപ്ലവത്തിനുള്ള മാര്‍ഗരേഖ പുറപ്പെടുവിച്ചു. ആഗസ്ത് 9ന് തന്നെ ആദ്യ കോണ്‍ഗ്രസ്സ് ബുള്ളറ്റിന്‍ ഇറങ്ങി. പിറ്റേന്ന് സോഷ്യലിസ്റ്റ് നേതാക്കളായ ലോഹ്യ, പട് വര്‍ദ്ധന്‍, റാം നന്ദന്‍ മിശ്ര തുടങ്ങിയവര്‍ രഹസ്യ കേന്ദ്രത്തില്‍ യോഗം ചേര്‍ന്ന് തുടര്‍ന്ന് ഓരോ ദിവസവും ഇറങ്ങിയ ബുള്ളറ്റിനുകളില്‍ ഓരോ പ്രദേശവും ഓരോ വിഭാഗവും സ്വീകരിക്കേണ്ട വിപ്ലവ പ്രവര്‍ത്തനങ്ങള്‍ അക്കമിട്ട് നല്‍കിയിരുന്നു. വിപ്ലവ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നതിന് ലോഹ്യ, പട് വര്‍ദ്ധന്‍, പുരുഷോത്തം തൃക്കും ദാസ് ,സുചേത കൃപലാനി, അരുണാ ആസഫലി, ആര്‍.ആര്‍.ദിവാകര്‍ എന്നിവര്‍ അടങ്ങിയ സെന്‍ട്രല്‍ ഡയരക്ടറേറ്റ് രൂപികരിച്ചു. ലോഹ്യയും പട് വര്‍ദ്ധനും റാം നന്ദന്‍ മിശ്രയും ഒളിവില്‍ നിന്ന് നേതൃത്വം കൊടുക്കണമെന്നും തീരുമാനിച്ചിരുന്നു. വിപ്ലവ പ്രവര്‍ത്തനങ്ങളുടെ പ്രധാന ബുദ്ധികേന്ദ്രം ലോഹ്യ ആയിരുന്നു. എല്ലാ അര്‍ത്ഥത്തിലും ഗവണ്‍മെന്റിനെ ഇല്ലാതാക്കുക എന്ന ലക്ഷ്യം വെച്ചായിരുന്നു വിപ്ലവ പ്രവര്‍ത്തനങ്ങള്‍ മുന്നോട്ടു പോയിരുന്നത്.
ഗ്രാമങ്ങള്‍ പിടിച്ചെടുത്ത് സ്വതന്ത്ര സര്‍ക്കാരുകള്‍ സ്ഥാപിക്കുക, കോടതികള്‍, കോളജുകള്‍, സര്‍ക്കാര്‍ കാര്യാലയങ്ങള്‍ എന്നിവ അടപ്പിക്കുകയോ പ്രവര്‍ത്തനങ്ങള്‍ മരവിപ്പിക്കുകയോ ചെയ്യുക, ആളപായം ഉണ്ടാക്കാത്ത വിധത്തില്‍ റെയില്‍, റോഡ് ഗതാഗതം താറുമാറാക്കുക, കമ്പി – തപാല്‍ ബന്ധങ്ങള്‍ വിഛേദിക്കുക, സര്‍ക്കാര്‍ ആപ്പീസുകള്‍ തകര്‍ക്കുക തുടങ്ങിയ നിര്‍ദ്ദേശങ്ങള്‍ നല്‍കപ്പെട്ടു. കോണ്‍ഗ്രസ്സിനു വേണ്ടി തയ്യാറാക്കപ്പെട്ടത് എന്ന നിലയിലാണ് നിര്‍ദ്ദേശങ്ങളും ലോഹ്യ എഴുതിയ ഒട്ടനവധി ലഘുലേഖകളും ജനങ്ങള്‍ക്കിടയിലേക്ക് എത്തിച്ചത്. കോണ്‍ഗ്രസ്സിനു വേണ്ടി കോണ്‍ഗ്രസ് സോഷ്യലിസ്റ്റുകള്‍ വിപ്ലവ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിച്ചു. സമര സേനാനികള്‍ക്ക് നിര്‍ദ്ദേശം നല്‍കുന്നതിനുമായി ഒളിവില്‍ റേഡിയോ സ്റ്റേഷന്‍ സ്ഥാപിക്കാന്‍ ലോഹ്യ മുന്‍കൈയെടുത്തു. കോളജ് വിദ്യാര്‍ത്ഥി ആയിരുന്ന ഉഷാ മേത്തക്കായിരുന്നു പ്രക്ഷേപണത്തിന്റെ ചുമതല. ബ്രിട്ടീഷ് പോലീസിന്റെ കണ്ണുവെട്ടിയ്ക്കുന്നതിനായിരുന്നു പെണ്‍കുട്ടിയെ തെരഞ്ഞെടുത്തത്. കോണ്‍ഗ്രസ്സ് റേഡിയോ എന്ന പേരില്‍ പല കേന്ദ്രങ്ങളില്‍ നിന്നുമാണ് പ്രക്ഷേപണം നടത്തിയിരുന്നത്. സര്‍ക്കാര്‍ റേഡിയോ പ്രക്ഷേപണം തടസ്സപ്പെടുത്തി അതിന്റെ ഫ്രീക്വന്‍സിയിലും മാത്രമല്ല ഓടുന്ന വാഹനത്തില്‍ വെച്ചു പോലും പ്രക്ഷേപണം നടത്തിയിരുന്നു. കോണ്‍ഗ്രസ്സ് റേഡിയോവിലൂടെ ലോഹ്യയുടെ ചൂടന്‍ പ്രസംഗങ്ങളും പ്രവര്‍ത്തന പരിപാടികളും ജനങ്ങളിലെത്തിക്കൊണ്ടിരുന്നു. ഓരോ പ്രക്ഷേപണം കഴിയുമ്പോഴും ആ നിര്‍ദ്ദേശങ്ങള്‍ക്കനുസരിച്ച് വിപ്ലവ പ്രവര്‍ത്തനം നടക്കുന്നത് ബ്രിട്ടീഷ് ഭരണകൂടത്തെ അങ്കലാപ്പിലാക്കിയിരുന്നു. ക്വിറ്റ് ഇന്ത്യാ സമരത്തെ ലോകത്തിലെ എല്ലാ ജനതയുടെയും വിമോചനത്തിന്റെ വിപ്ലവമെന്ന തലത്തിലേക്ക് സമരത്തിന്റെ ലക്ഷ്യത്തെ ലോഹ്യ ഉയര്‍ത്തി കൊണ്ടുവന്നു.
പ്രക്ഷോഭം ഓരോ ദിവസം കഴിയുന്തോറും ഒരു സംഘടിത വിപ്ലവമായി മാറിക്കൊണ്ടിരുന്നു. ക്വിറ്റ് ഇന്ത്യാ പ്രക്ഷോഭത്തെക്കുറിച്ച് പഠിച്ച് റിപ്പോര്‍ട്ട് നല്‍കാന്‍ ബ്രിട്ടീഷ് സര്‍ക്കാര്‍ നിയോഗിച്ച ജസ്റ്റിസ് ടി.വിക്കന്‍ഡന്‍ തയ്യാറാക്കിയ റിപ്പോര്‍ട്ടില്‍ ഇപ്രകാരം രേഖപ്പെടുത്തിയിരിക്കുന്നു: വിപ്ലവം പൊട്ടിപ്പുറപ്പെട്ടപ്പോള്‍ ഉണ്ടായ ആവേശം ആഗസ്ത് 11 മുതല്‍ പ്രത്യേകമായ ദിശകളിലേക്ക് തിരിഞ്ഞു. അത് സംഘടിത രൂപം ആര്‍ജിച്ചു. കോണ്‍ഗ്രസ്സ് സോഷ്യലിസ്റ്റ് പാര്‍ട്ടിയും മറ്റ് ഇടതുപക്ഷ പാര്‍ട്ടികളുമാണ് ഇത് ശക്തിപ്പെടുത്തിയത്. ബോംബെ ആസ്ഥാനമായ അജ്ഞാത കേന്ദ്രമാണ് രാജ്യമൊട്ടാകെ നടന്ന വിപ്ലവത്തെ നിയന്ത്രിച്ചത്.
കോണ്‍ഗ്രസ്സിനു വേണ്ടി വിപ്ലവം നയിച്ചത് ഒളിവിലിരുന്നു കൊണ്ട് കോണ്‍ഗ്രസ്സ് സോഷ്യലിസ്റ്റു പാര്‍ടി ആയിരുന്നുവെന്നതിന്റെ സാധൂകരണമാണ് ഈ റിപ്പോര്‍ട്ട്. വിപ്ലവത്തിന്റെ നിര്‍ണായക മുഹൂര്‍ത്തത്തില്‍ ജയപ്രകാശ് നാരായണന്‍ ഒക്ടോബറില്‍ അതിസാഹസികമായി ഹസാരി ബാഗ് ജയിലിന്റെ കൂറ്റന്‍ മതില്‍ ചാടി. ജെ.പി.യുടെ ജയില്‍ ചാട്ടം ജനങ്ങളുടെ പോരാട്ടത്തിനു വീര്യം പകര്‍ന്ന സംഭവമായിരുന്നു. ജെ.പി. വിപ്ലവത്തിന്റെ വീരനായകനായി ഉയര്‍ത്തപ്പെട്ടു. അദ്ദേഹത്തിന്റെ ജയില്‍ ചാട്ടവും അതിനു ശേഷം കൊടും വനങ്ങള്‍ താണ്ടിയുള്ള യാത്രയും വേഷങ്ങള്‍മാറിയുള്ള സഞ്ചാരവും ജനങ്ങള്‍ക്കിടയില്‍ നാടോടിക്കഥ പോലെ പരന്നൊഴുകി. പിന്നീട് ലോഹ്യയും ജെ.പിയും ഒന്നിച്ച് സമരങ്ങള്‍ രൂപകല്പന ചെയ്തു. ഇന്ത്യയുടെ വടക്കുകിഴക്കന്‍ മേഖലയില്‍ സ്വതന്ത്ര സര്‍ക്കാര്‍ സ്ഥാപിക്കുന്നതിനുള്ള ലക്ഷ്യം വെച്ച് നേപ്പാളില്‍ ആസാദ് ദസ്ത എന്ന പേരില്‍ ഇരുവരും ഒരു ഗറില്ലാ സംഘത്തിന് രൂപം കൊടുത്തു. ഒളിപ്പോര്‍ സംഘത്തിന് നിര്‍ദ്ദേശങ്ങള്‍ നല്‍കിക്കൊണ്ടിരിക്കെ രഹസ്യം മണത്തറിഞ്ഞ നേപ്പാള്‍ പോലീസ് ഇരുവരെയും അറസ്റ്റ് ചെയ്തു. ബ്രിട്ടീഷ് പോലീസിന് കൈമാറുകയായിരുന്നു ഉദ്ദേശ്യം. അന്നു രാത്രി തന്നെ സംഘത്തിലെ ഒളിപ്പോരാളികള്‍ ജയില്‍ ആക്രമിച്ച് ലോഹ്യയെയും ജെ.പി.യേയും സാഹസികമായി രക്ഷപ്പെടുത്തി. ഈ സംഭവവും രാജ്യത്താകമാനമുള്ള ജനങ്ങളെ പിടിച്ചുകുലുക്കി.
കൗമാരക്കാര്‍ ബ്രിട്ടീഷ് ആയുധ വാഹനങ്ങള്‍ തകര്‍ക്കാന്‍ സ്വയം ചാവേറുകളായി. ബാരംഗബാറിയിലെ കനകലതയെപ്പോലുള്ള പെണ്‍കുട്ടികള്‍ ബ്രിട്ടീഷ് രാജിനെ വെല്ലുവിളിച്ച് ഇന്ത്യന്‍ പതാക ഉയര്‍ത്തിക്കൊണ്ട് വെടിയേറ്റു വീണു രക്തസാക്ഷിത്വം വരിച്ചു. ആയിരക്കണക്കിനാളുകള്‍ കൊല്ലപ്പെട്ടു. നിരവധി ഗ്രാമങ്ങള്‍ സ്വതന്ത്ര റിപ്പബ്ലിക്കുകളായി പ്രഖ്യാപിക്കപ്പെട്ടു. വലിയ ഭൂപ്രദേശമായ സത്താറ ജില്ലയാകെ അച്യുത് പട് വര്‍ദ്ധന്റെ നേതൃത്വത്തില്‍ സ്വാതന്ത്ര്യം പ്രഖ്യാപിച്ചു. ഒഡീശയിലെ ബാലസോര്‍, യു.പി.യിലെ ബലിയ തുടങ്ങിയ വലിയ ജില്ലകള്‍ സ്വാതന്ത്ര്യം പ്രഖ്യാപിച്ചു. ജംഷഡ്പൂരിലെ തൊഴിലാളികള്‍ക്കൊപ്പം ബ്രിട്ടീഷ് പോലീസിലെ ഇന്ത്യക്കാരായ പോലീസുകാരും പ്രക്ഷോഭത്തില്‍ പങ്കെടുക്കുകയുണ്ടായി. ജനങ്ങള്‍ സുസംഘടിതരും സായുധരുമായിരുന്നു. ഈ മേഖലകളില്‍ സന്ദര്‍ശിച്ച് ലോഹ്യ വിപ്ലവകാരികള്‍ക്കുള്ള മാര്‍ഗനിര്‍ദ്ദേശങ്ങള്‍ നല്‍കുകയും ഒളിപ്പോരു സംഘം രൂപീകരിക്കുകയും ചെയതിരുന്നു. പല ഗ്രാമങ്ങളും പ്രക്ഷോഭം കെട്ടടങ്ങിയിട്ടും ഏറെ നാള്‍ ബ്രിട്ടീഷ് ഭരണത്തിന് പുറത്ത് സ്വതന്ത്രമായി പ്രവര്‍ത്തിച്ചു. ഒരു ഘട്ടത്തില്‍ ജംബോ എന്ന പേരില്‍ അറിയപ്പെട്ടിരുന്ന ബ്രിട്ടീഷ് എയര്‍ഫോഴ്‌സിലെ വിംഗ്കമാന്‍ഡറായിരുന്ന മജുംദാര്‍ ഒളിവില്‍ ഡോ. ലോഹ്യയെ സന്ദര്‍ശിച്ച് 3 മാസം കൂടി വിപ്ലവം നീണ്ടു നില്‍ക്കുന്ന പക്ഷം ഇന്ത്യക്കാരായ പൈലറ്റുകള്‍ ബ്രിട്ടീഷ് സൈനിക കേന്ദ്രങ്ങള്‍ക്ക് നേരെ ബോംബിംഗ് നടത്തുവാന്‍ തയ്യാറാണെന്ന് അറിയിക്കുന്നുണ്ട്. വിപ്ലവകാരികള്‍ ബ്രിട്ടീഷ് ഇന്ത്യന്‍ സൈന്യത്തില്‍ നുഴഞ്ഞു കയറിയിരുന്നതായി ടി.വിക്കന്‍ഡന്റെ രഹസ്യ റിപ്പോര്‍ട്ടിലും സമ്മതിച്ചിട്ടുണ്ട്. ലോഹ്യയെ പിടിച്ചു കൊടുക്കുന്നവര്‍ക്ക് ബ്രിട്ടീഷ് സര്‍ക്കാര്‍ ഇനാം പ്രഖ്യാപിച്ചിരുന്നു. വിപ്ലവത്തിന്റെ നെടു തൂണുകളായിരുന്ന ലക്ഷക്കണക്കിനാളുകളാണ് അറസ്റ്റ് ചെയ്യപ്പെട്ടത്. വിപ്ലവത്തിന്റെ ബുദ്ധികേന്ദ്രമായ ലോഹ്യയെ 1944 മെയ് 20ന് അറസ്റ്റ് ചെയ്ത്, കുപ്രസിദ്ധമായ ലാഹോര്‍ കോട്ടയില്‍ ഏകാന്ത തടവില്‍ ഇരുട്ടുമുറിയില്‍ ചങ്ങലയ്ക്കിട്ടാണ് പാര്‍പ്പിച്ചത്. ഒരു തടവുകാരനു നേരെയും പ്രയോഗിച്ചിട്ടില്ലാത്ത അത്രയും ക്രൂരമായ മര്‍ദ്ദനമുറകളാണ് ലോഹ്യയ്ക്കു നേരെ തടവറയില്‍ ഉണ്ടായത്.
ദി ക്രിട്ടിക് യു ട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
കോണ്‍ഗ്രസ്സിന്റെ ഔദ്യോഗിക നേതൃത്വത്തിന് ഉദാസീനമായ നിലപാടായിരുന്നു ക്വിറ്റ് ഇന്ത്യാ സമരത്തോട് ഉണ്ടായിരുന്നത്. നേതാക്കളെ അറസ്റ്റ് ചെയ്തതിന്റെ ഫലമായുണ്ടായ ജനങ്ങളുടെ സ്വാഭാവിക പ്രതികരണമെന്ന നിലയിലാണ് അവര്‍ ക്വിറ്റ് ഇന്ത്യാ സമരത്തെ വിശേഷിപ്പിച്ചത്. കമ്യൂണിസ്റ്റ് പാര്‍ടിയും ഹിന്ദുമഹാസഭയും മുസ്ലീം ലീഗും ക്വിറ്റ് ഇന്ത്യാ സമരത്തെ പ്രത്യക്ഷമായി തന്നെ എതിര്‍ത്തു. മാത്രമല്ല ക്വിറ്റ് ഇന്ത്യാ സമരത്തെ പരാജയപ്പെടുത്താനും സമര സേനാനികളെ ബ്രിട്ടീഷ് പോലീസിന് ഒറ്റിക്കൊടുക്കാനും കമ്യൂണിസ്റ്റ് പാര്‍ടിയും ഹിന്ദുമഹാസഭയും തീവ്രമായി പ്രവര്‍ത്തിച്ചു. ഇക്കാര്യത്തില്‍ പോലീസിനെ സഹായിക്കാമെന്നുള്ള വാഗ്ദാനവും അവര്‍ നല്‍കുകയുണ്ടായി. ബ്രിട്ടീഷ് സര്‍ക്കാറിന് വിപ്ലവത്തെ പരാജയപ്പെടുത്താനുള്ള എല്ലാ സഹായവും വാഗ്ദാനം ചെയ്തുകൊണ്ടുള്ള സന്ദേശങ്ങള്‍ പി.സി.ജോഷിയും ശ്യാമപ്രസാദ് മുഖര്‍ജിയും അയക്കുകയുണ്ടായി. കമ്യൂണിസ്റ്റ്, നെഹൃവിയന്‍ സ്വാധീനത്തിലായിരുന്ന ഇന്ത്യയുടെ ബൗദ്ധീകമണ്ഡലം ആഗസ്ത് വിപ്ലവത്തെ അപ്രധാനമായിട്ടാണ് വിലയിരുത്തിയത്. എന്നാല്‍ ബ്രിട്ടീഷ് ഇന്റലിജന്‍സ് റിപ്പോര്‍ട്ട് പ്രകാരം പരപ്പിലും ആഴത്തിലും ഇത്രയും വലിയ മുന്നേറ്റം ചരിത്രം കണ്ടിട്ടില്ലെന്നതായിരുന്നു. ബ്രിട്ടീഷ് വൈസ്രോയിയായിരുന്ന ലിന്‍ലിത് ഗോ 1942 ആഗസ്റ്റ് 31 ന് ബ്രിട്ടണിലേക്ക് അയച്ച റിപ്പോര്‍ട്ടില്‍ 1857ലെ വിപ്ലവത്തിനു ശേഷം നടന്ന ഏറ്റവും വലിയ വിപ്ലവത്തെയാണ് അഭിമുഖീകരിക്കുന്നതെന്നും അതിന്റെ ഗൗരവവും വ്യാപ്തിയും ഇതുവരെയും മറച്ചുവെച്ചത് സൈനിക സുരക്ഷ മുന്‍നിര്‍ത്തിയാണെന്നും രേഖപ്പെടുത്തിയിട്ടുണ്ട്. ജോര്‍ജ് ആറാമന്റെ ജീവചരിത്രകാരനായ വീലര്‍ 1942 ലെ വിപ്ലവത്തില്‍ വിപ്ലവകാരികള്‍ വളരെ എളുപ്പത്തില്‍ ഗ്രാമങ്ങളില്‍ ബ്രിട്ടീഷ് ഭരണം അവസാനിപ്പിച്ച് സ്വതന്ത്ര ഭരണം സ്ഥാപിച്ചതിനെക്കുറിച്ച് പറയുന്നു. അന്തിമ സമരത്തിന് ഗാന്ധിജി ആഹ്വാനം നല്‍കിയപ്പോള്‍ തന്നെ ഇന്ത്യയില്‍ ഉരുത്തിരിഞ്ഞു കൊണ്ടിരിക്കുന്ന സ്‌ഫോടനാന്തരീക്ഷത്തിന്റെ പശ്ചാത്തലത്തില്‍ ഇന്ത്യക്ക് യുദ്ധാനന്തരം സ്വാതന്ത്ര്യം കൊടുക്കേണ്ടിവരുമെന്ന ആശങ്ക വിന്‍സ്റ്റണ്‍ ചര്‍ച്ചില്‍ 1942 ജൂലൈ 28ന്റെ അത്താഴ വിരുന്നില്‍ രാജാവിനോട് പറയുന്നുണ്ട്. ആഗസ്ത് വിപ്ലവം ഒരു സംഘടിത വിപ്ലവമായിരുന്നുവെന്ന് വിവിധ രേഖകളുടെയും തെളിവുകളുടെയും അടിസ്ഥാനത്തില്‍ ബ്രിട്ടീഷ് ഇന്റലിജന്‍സിനു വേണ്ടി ജസ്റ്റിസ് ടി.വിക്കന്‍ഡന്‍(T. Wickenden ) തയ്യാറാക്കിയ റിപ്പോര്‍ട്ട് അസന്നിഗ്ദ്ധമായി പ്രസ്താവിച്ചിട്ടുണ്ട്. ഇന്ത്യയുടെ സ്വാതന്ത്ര്യം അനിവാര്യമാണെന്ന് ബ്രിട്ടീഷ് സാമ്രാജ്യത്വ ബോധ്യപ്പെടുത്തുന്നതായിരുന്നു ക്വിറ്റ് ഇന്ത്യാ സമരം. ആഗസ്ത് വിപ്ലവത്തിനെതിരെ സമാനമില്ലാത്ത നിലയില്‍ ബ്രിട്ടീഷ് ഭരണകൂടത്തിന്റെ മൃഗീയമായ അടിച്ചമര്‍ത്തല്‍ ബ്രിട്ടനു മേല്‍ അന്താരാഷ്ട്ര സമ്മര്‍ദ്ദം ശക്തമാക്കുന്നതിനും കാരണമായി. ഐ.എന്‍.എ.യുടെ മുന്നേറ്റവും ഈ രണ്ട് സമരങ്ങളുടെയും പ്രേരണയാല്‍ പൊട്ടിപ്പുറപ്പെട്ട നാവിക കലാപവും ബ്രിട്ടനെ ഇന്ത്യ വിടാന്‍ പ്രേരിപ്പിച്ച ഘടകങ്ങളാണ്. ലോകത്തെ ദേശീയ വിമോചന സമരത്തിലെ ഏറ്റവും ഉജ്ജ്വലമായ സമരമായി 1942 ലെ ആഗസ്റ്റ് വിപ്ലവം വേറിട്ടു നില്‍ക്കുന്നു.
സുഹൃത്തെ,
അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പന്ത്രണ്ടാം വര്‍ഷത്തേക്ക് കടക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2024 - 25 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.
The Critic, A/C No - 020802000001158,
Indian Overseas Bank,
Thrissur - 680001, IFSC - IOBA0000208
google pay - 9447307829
സ്നേഹത്തോടെ ഐ ഗോപിനാഥ്, എഡിറ്റര്‍, thecritic.in