മരണശേഷവും നീതികിട്ടാത്തവരാണ് ക്യുവെര്‍ കമ്മ്യൂണിറ്റിയില്‍ പെട്ടെവര്‍

മരണശേഷവും നീതികിട്ടാത്തവരാണ് ക്യുവെര്‍ കമ്മ്യൂണിറ്റിയില്‍ പെട്ടെവര്‍. അഞ്ജനയുടേതിന് സമാനമായ അനുഭവങ്ങള്‍ പുതിയതല്ല. ക്യുവെര്‍ മനുഷ്യരുടെ ആത്മഹത്യകളും നഷ്ടങ്ങളും അവരുടെ വേദനയുമെല്ലാം ഇവിടത്തെ ക്യുവെര്‍ ദൃശ്യതയുടെ ഏറെക്കുറെ ആരംഭ ഘട്ടങ്ങള്‍ മുതല്‍ നേരിട്ട് അനുഭവിച്ചറിഞ്ഞിട്ടുമുണ്ട്. ആത്മഹത്യ ചെയ്ത ക്യുവെര്‍ ആളുകളെക്കുറിച്ച് നല്ലത് പറഞ്ഞ കേരളീയ സമൂഹത്തെ ഒരിടത്തു പോലും കാണാന്‍ കഴിഞ്ഞിട്ടില്ല,

അഞ്ജനയുടെ (ചിന്നു സുള്‍ഫിക്കര്‍) മരണവാര്‍ത്തയോടനുബന്ധിച്ച പല സംസാരങ്ങളും ചര്‍ച്ചകളും ഏറെ വേദനിപ്പിക്കുന്നുണ്ട്. ക്യുവെര്‍ കമ്മ്യൂണിറ്റിയെ ആക്ഷേപിച്ചും പഴിപറഞ്ഞുമുള്ള ആരോപണങ്ങളും ഈ വിഷയത്തോടൊപ്പം ചേര്‍ത്ത് വായിക്കേണ്ടി വന്നിട്ടുമുണ്ട്.

മരണശേഷവും നീതികിട്ടാത്തവരാണ് ക്യുവെര്‍ കമ്മ്യൂണിറ്റിയില്‍ പെട്ടെവര്‍. അഞ്ജനയുടേതിന് സമാനമായ അനുഭവങ്ങള്‍ പുതിയതല്ല. ക്യുവെര്‍ മനുഷ്യരുടെ ആത്മഹത്യകളും നഷ്ടങ്ങളും അവരുടെ വേദനയുമെല്ലാം ഇവിടത്തെ ക്യുവെര്‍ ദൃശ്യതയുടെ ഏറെക്കുറെ ആരംഭ ഘട്ടങ്ങള്‍ മുതല്‍ നേരിട്ട് അനുഭവിച്ചറിഞ്ഞിട്ടുമുണ്ട്. ആത്മഹത്യ ചെയ്ത ക്യുവെര്‍ ആളുകളെക്കുറിച്ച് നല്ലത് പറഞ്ഞ കേരളീയ സമൂഹത്തെ ഒരിടത്തു പോലും കാണാന്‍ കഴിഞ്ഞിട്ടില്ല, അങ്ങനെയൊരു സമൂഹവും ഇല്ല. ഒളിഞ്ഞും തെളിഞ്ഞും അവനല്ലെങ്കില്‍ അവളൊക്കെ ഇങ്ങനെയേ ചാകൂ എന്ന് പറഞ്ഞ എത്രയോ ആളുകളെ നേരിട്ടും അല്ലാതെയും അറിയാം.ഒരിക്കല്‍ പോലും മരണം സ്വയം തിരഞ്ഞെടുത്തവര്‍ക്ക് സമൂഹം നല്‍കുന്ന പരിഗണന ക്യുവെര്‍ ആളുകള്‍ക്കോ സ്വതന്ത്രമായി ജീവിക്കുന്ന സ്ത്രീകള്‍ക്കോ കിട്ടിയിട്ടുള്ളതായി കണ്ടിട്ടില്ല.

അഞ്ജനയുടെ ഫേസ്ബുക് പോസ്റ്റുകള്‍ കാണുന്ന ഓരോ മനുഷ്യരും, അവള്‍ അനുഭവിച്ച പ്രതിസന്ധികളുടെ ആഴം എത്ര ത്തോളമുണ്ടെന്ന് മനസിലാക്കാന്‍ കഴിയും. മരണശേഷം പ്രകടിപ്പിക്കുന്ന സംരക്ഷക സ്നേഹം ആ പെണ്‍കുട്ടിയെ വീണ്ടും വീണ്ടും കൊല്ലാതിരിക്കട്ടെ. ക്യുവെര്‍ കമ്യൂണിറ്റിയുടെ ദുര്‍ഘടഘട്ടങ്ങളില്‍ കൂടുതലും ഇടപെട്ടിട്ടുള്ളത് അതെ കമ്മ്യൂണിറ്റി ആളുകള്‍ തന്നെയാണ്. ഒരു പ്രവിലേജും ഇല്ലാത്ത മനുഷ്യര്‍. തല്ല് കിട്ടിയാലും അപമാനിക്കപ്പെട്ടാലും കുഴപ്പമില്ല എന്നോര്‍ത്ത് പരസ്പരം ചേര്‍ത്ത് നിര്‍ത്തുന്നത് ആ വിഷമം എപ്പോഴെങ്കിലുമൊക്കെ ഓരോരുതരും അനുഭവിച്ചിട്ടുള്ളതുകൊണ്ടാണ്. അങ്ങനെ കൂടെ കൂടിയും ഒരുമിച്ചു നിന്നുമൊക്കെയാണ് ക്യുവെര്‍ ജീവിതങ്ങള്‍ നിലനില്‍കുന്നത്. എന്നാലും ആളുകള്‍ക്ക് ആരുടേയും ഉത്തരവാദിത്വം പൂര്‍ണമായി എടുക്കാന്‍ കഴിയില്ല. വീട്ടില്‍നിന്ന് ഇറങ്ങി വന്നതുകൊണ്ട് കുടുംബത്തില്‍നിന്നും സമൂഹത്തില്‍നിന്നും നേരിട്ട അവഗണനയുടെയും സ്നേഹമില്ലായ്മയുടെയും ആഘാതവും അരക്ഷിതാവസ്ഥയും പെട്ടെന്നൊന്നും മാറാനും പോകുന്നില്ല. കൂടെ നിക്കുന്നവര്‍ക്കും ചേര്‍ത്ത് നിര്‍ത്തുന്നവര്‍ക്കും ഒരുപാട് പരിമിതികള്‍ ഉണ്ട്. എങ്കിലും പറ്റുന്നപോലെ കൂടെ ഒരുമിച്ചു നില്‍ക്കാന്‍ ശ്രമിക്കുന്നവരാണ് ഓരോരുത്തരും. ക്യുവെര്‍ മനുഷ്യരില്‍ പലരും വീട്ടുകാര്‍ ഒഴിവാക്കിയവരും വീടുവിട്ടു കൂട്ടുകാരുടെ കൂടെയോ ഒറ്റക്കോ ജീവിക്കുന്നവരും ആണ്. കമ്മ്യൂണിറ്റി ആളുകള്‍ തന്നെയാണ് അവരുടെ കുടുംബം. അവരിലൊരാള്‍ മരിച്ചു കഴിഞ്ഞാലും തലേന്നുവരെ തന്റെ കൂടെയുറങ്ങിയ തന്റെ ഏറ്റവും പ്രിയപ്പെട്ട കൂട്ടുകാര്‍ക്കു പോലും മരണശേഷം കാണാന്‍ കഴിയണമെന്നില്ല, തൊടാനോ അടുത്തിരിക്കാനോ കഴിയണമെന്നില്ല. പെട്ടന്നൊരിക്കല്‍ ആരെങ്കിലും മരണപ്പെട്ടാല്‍ പിന്നെ അവരുടെ കാര്യത്തില്‍ വീട്ടുകാര്‍ക്ക് മാത്രമാണ് അവകാശം. ഒരിക്കലും വീട്ടിലേക്കു തിരികെ പോകണ്ട എന്ന് പറഞ്ഞിരുന്നവര്‍ മരിച്ചു കഴിഞ്ഞു വീട്ടിലേക്കു പോകേണ്ടിവരുന്നതും എവിടെയോ സ്നേഹമില്ലാത്തവരുടെ സാന്നിദ്ധ്യത്തില്‍ ശരീരം അടക്കം ചെയ്യുന്നതുമൊക്കെ കണ്ടു നിസ്സഹായരായി നിന്നിട്ടുണ്ട്. ഓരോ ക്യുവെര്‍ വ്യക്തിക്കും ഇതൊന്നും പുതിയ സംഭവമല്ല.

ഒരു ട്രാന്‍സ്‌മെന്‍ സുഹൃത്ത് തൃശ്ശൂരില്‍ ആത്മഹത്യ ചെയ്തപ്പോള്‍ അവന്റെ പാര്‍ട്ണര്‍, ഏറ്റവും അടുത്ത സുഹൃത്തുക്കള്‍ എല്ലാവര്‍ക്കും ബോഡി കാണാന്‍ പോലും കഴിയാതെ മാറിനില്‍ക്കേണ്ടി വന്നു. പുരുഷനായി മാത്രം അറിയപ്പെടാന്‍ ആഗ്രഹിച്ച അവന്റെ മരണവാര്‍ത്ത ‘ആണ്‍വേഷം കെട്ടിയ യുവതി ആത്മഹത്യ ചെയ്തു.’ എന്നായിരുന്നു. മരിച്ചശേഷം ശരീരത്തോട് കാണിക്കുന്ന ബഹുമാനം മാധ്യമങ്ങള്‍ നല്‍കിയിരുന്നത് ഇങ്ങനെയൊക്കെയാണ്. അഞ്ജനയുടെ രക്ഷാകര്‍ത്താക്കളോട് ഒരു കാര്യമേ പറയാനുള്ളൂ; അവളുടെ ജീവിതവും സ്വാതന്ത്ര്യവും മരണവും എല്ലാം അവളുടെ തിരഞ്ഞെടുപ്പായിരുന്നു. സ്വന്തം ലൈംഗികത തിരിച്ചറിയാനോ, ജീവിതം തിരഞ്ഞെടുക്കാനോ വ്യക്തിസ്വാതന്ത്ര്യമില്ലാത്ത ഒരു സമൂഹത്തിന് വ്യക്തിയുടെ തിരഞ്ഞെടുപ്പിന്റെ പ്രാധാന്യം മനസ്സിലാവണമെന്നില്ല. സ്വന്തം കുടുംബം പ്രിയപെട്ടതാകുന്നതുപോലെ എല്ലാവരുടെയും അങ്ങനെ ആകണമെന്നില്ല. ചേര്‍ത്ത് നിര്‍ത്തമായിരുന്നില്ലേ, ഒരു പൂച്ചക്കുഞ്ഞിനെ പോലെ എങ്കിലും പരിഗണിക്കാമായിരുന്നില്ലേ എന്നൊക്കെ ചോദിക്കുന്നവരോട്; എത്ര ചേര്‍ത്ത് നിര്‍ത്തിയാലും അതിജീവിക്കാന്‍ ബുദ്ധിമുട്ടുന്ന പ്രതിസന്ധിയിലൂടെ ജീവിക്കുന്നവരാണ് ഓരോ ന്യുനപക്ഷ ജീവിതങ്ങളും. വീട്ടുകാര്‍ ഇറക്കി വിടുമ്പോളും ജന്മം തന്നതിന്റെ വൈകാരികത പോലും ഇല്ലാതെ ഉപദ്രവിക്കുമ്പോളും ഒരോരുത്തരും അനുഭവിക്കുന്ന മാനസികാവസ്ഥ എന്താണെന്ന് പ്രിവിലേജ്ഡ് ആയ ഒരു സമൂഹത്തിന് മനസിലാകില്ല. കൂടെ നിന്നവരെ കുറ്റവാളികളാക്കാനുള്ള ശ്രമവും അവരോടുള്ള ക്രൂരതയും മരിച്ചവരും ജീവിച്ചിരിക്കുന്നവരുമായ ക്യുവെര്‍ സമുദായങ്ങളോട് കാണിക്കുന്ന ആക്രമണവുമെല്ലാം തികച്ചും ഹോമോഫോബിയ – ട്രാന്‍സ് ഫോബിയ മനോഭാവമാണ്. ക്യുവെര്‍ സൗഹാര്‍ദ്രമെന്ന് നടിക്കുന്ന, അവകാശപ്പെടുന്ന കേരള സമൂഹമാണ് 21 വയസ്സുള്ള ഒരു പെണ്‍കുട്ടിയുടെ ആത്മഹത്യയെ ഇത്രയും ക്രൂരമായി ആഘോഷിച്ചുകൊണ്ടിരിക്കുന്നത്. എന്തൊരു ഹൈപ്പോക്രസിയാണത്. നിങ്ങളുടെ പ്രിവിലേജ്കള്‍ക്കൊണ്ടു കാണാന്‍ കഴിയുന്ന ജീവിതമല്ല ഓരോ ക്യുവെര്‍ മനുഷ്യരുടെയും.

ഓരോ മാസവും അഞ്ചിലേറെ ക്രൈസിസ് കേസുകള്‍ സഹയാത്രിക ചെയ്യാറുണ്ട്. ഒരു കേസില്‍ പോലും വീട്ടുകാരുടെയോ പോലീസിന്റെയോ സഹകരണം വേണ്ട വിധത്തില്‍ ഉണ്ടായിട്ടില്ല. ട്രാന്‍സ് ആളുകളുടെ ഉന്നമനം ഏറ്റെടുക്കുന്ന സര്‍ക്കാരോ പാര്‍ട്ടി സംവിധാനങ്ങളോ വീട്ടുകാരുടെ നിര്‍ബന്ധിത പരിവര്‍ത്തന ചികിത്സകളെയോ മര്‍ദ്ദനങ്ങളെയോ തടയാനുള്ള സംവിധാനങ്ങള്‍ കണ്ടെതാത്തതെന്താണ്?

2018 ല്‍ ഏകദേശം ഇതേ സമയത്താണ് തിരുവന്തപുരത്ത് പാച്ചു എന്ന ട്രാന്‍സ്‌മെന്‍ ആത്മഹത്യ ചെയ്തത്. ഇടതുപക്ഷ സര്‍ക്കാര്‍ അവകാശപ്പെടുന്ന ഒരു ക്യുവെര്‍ ഫ്രണ്ട്ലി സ്റ്റേറ്റിലാണ് ഡോക്ടര്‍ മാരുടെ ക്യുവെര്‍ വിരുദ്ധ സമീപനം മൂലം ആ ആത്മഹത്യയും സംഭവിച്ചത്. ഈ ലോകം തങ്ങളുടേതല്ല എന്നുള്ള തിരിച്ചറിവിലും ഒറ്റപെടലിലും നിരാശ്ശയിലും മരണം തിരഞ്ഞെടുക്കുന്ന ഓരോ മനുഷ്യരുടെയും മാനസികാവസ്ഥയെ ഈ ഏജന്‍സിക്കും ഏറ്റെടുപ്പുകാര്‍ക്കും വിധിക്കാതിരുന്നൂടെ. അഞ്ജനയുടെ മരണത്തെ വികലമായി വ്യാഖ്യാനിച്ച പത്രവും മറ്റ് മാധ്യമങ്ങള്‍ക്കുമെതിരെ നിയമ നടപടികള്‍ സഹയാത്രികയുടെ ഭാഗത്ത് നിന്നും ഉണ്ടായിട്ടുണ്ട്, മാത്രമല്ല മരണശേഷം അഞ്ജനക്കെതിരെ നടക്കുന്ന സൈബര്‍ അക്രമണങ്ങള്‍ക്കെല്ലാം എതിരെ നിയമ നടപടികളുമായി മുന്നോട്ടു പോകാനും തീരുമാനിച്ചിട്ടുണ്ട്.

സ്വതന്ത്രമായി ജീവിക്കുന്ന, സ്വന്തമായി നിലപാടുള്ള ഏതു സ്ത്രീക്കാണ് ഇവടെ അഭിമാനത്തോടെ മരിക്കാന്‍ കഴിഞ്ഞിട്ടുള്ളത്, അല്ലെങ്കില്‍ മരിക്കാന്‍ കഴിയുക..?

സുഹൃത്തെ,
അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പന്ത്രണ്ടാം വര്‍ഷത്തേക്ക് കടക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2024 - 25 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.

The Critic, A/C No - 020802000001158,
Indian Overseas Bank,
Thrissur - 680001, IFSC - IOBA0000208
google pay - 9447307829
സ്നേഹത്തോടെ ഐ ഗോപിനാഥ്, എഡിറ്റര്‍, thecritic.in


ഞങ്ങളുടെ ഫേസ്ബുക് പേജ് ലൈക് ചെയ്യൂ..


Published On

Be the first to write a comment.

Leave a Reply