ഇന്ത്യ എന്നത് ഒരു ദു:സ്വപ്നത്തിന്റെ പേരാകണോ?

ലേഖനത്തോടുള്ള യൂണിവേഴ്‌സിറ്റി അധികൃതരുടെ പ്രതികരണത്തിന് പുറകിലെ താല്‍പ്പര്യങ്ങള്‍ ഭരണകൂടത്തിന്റേതു തന്നെയാണ്. പക്ഷേ, സര്‍വകലാശാല നിലപാടിനെതിരെ അധ്യാപകരും വിദ്യാര്‍ത്ഥികളും ശക്തമായി പ്രതികരിക്കുന്നുണ്ട്. ജനാധിപത്യത്തെ അട്ടിമറിക്കുവാന്‍ ബിജെപി ഏതറ്റവും വരെ പോകുമെന്നതിന്റെ തെളിവുകളാണ് പ്രൊഫസര്‍ ദാസിന്റെ ലേഖനം പുറത്തു കൊണ്ടുവരുന്നത്.

അശോക യൂണിവേഴ്‌സിറ്റിയിലെ ഇക്കണോമിക്‌സ് വിഭാഗം അസിസ്റ്റന്റ് പ്രൊഫസര്‍ സബ്യസാചി ദാസ് ജൂലായ് 25 ന് സോഷ്യല്‍ സയന്‍സ് റിസര്‍ച്ച് നെറ്റ്വര്‍ക്കില്‍ പ്രസിദ്ധീകരിച്ച ലേഖനം ഏറെ വിവാദങ്ങള്‍ക്ക് തിരി കൊളുത്തിയിരിക്കുകയാണ്.2019 ലെ ലോക്‌സഭ തിരഞ്ഞെടുപ്പില്‍ ബിജെപി നടത്തിയ അട്ടിമറി ശാസ്ത്രീയമായ അപഗ്രഥനത്തിലൂടെ തുറന്നുകാട്ടുന്നതാണ് സബ്യസാചിയുടെ ലേഖനം.2019ലെ ലോക്‌സഭ തെരഞ്ഞെടുപ്പില്‍ ഇഞ്ചോടിഞ്ച് മത്സരം നടന്ന മണ്ഡലങ്ങളിലെ അന്തിമ ഫലം എങ്ങനെ എല്ലാ അനുപാതങ്ങളേയും തെറ്റിച്ചുകൊണ്ട് ബിജെപിയ്ക്ക് അനുകൂലമായി എന്നതിനെക്കുറിച്ചുള്ള സമഗ്രമായ പഠനമാണ് ഈ ഗവേഷണ പ്രബന്ധം. Democratic Backsliding in the World’s Largest Democracy (‘ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യ രാജ്യത്തിലെ ജനാധിപത്യത്തിന്റെ പിന്‍വലിയല്‍’) എന്ന പേരിലുള്ള പ്രബന്ധത്തിലെ വാദഗതികള്‍ ഇവയാണ്:

ഇഞ്ചോടിഞ്ച് മത്സരം നടന്ന മണ്ഡലങ്ങളില്‍ അവസാന ലാപ്പില്‍ ബിജെപി ജയിച്ച മണ്ഡലങ്ങളില്‍ മഹാഭൂരിപക്ഷവും ബിജെപി ഭരണത്തിലുള്ള സംസ്ഥാനങ്ങളായിരുന്നു. 2019ലെ ലോകസഭാ തെരഞ്ഞെടുപ്പിന്റെ ആദ്യ നാല് ഘട്ടങ്ങളിലെ 373 മണ്ഡലങ്ങളില്‍ പോള്‍ ചെയ്ത വോട്ടെണ്ണുന്ന സമയത്തെ വോട്ടും തമ്മില്‍ ഗണ്യമായ അന്തരം ഇലക്ഷന്‍ കമ്മീഷന്‍ വെബ്‌സൈറ്റിലെ സ്ഥിരീകരിച്ച അന്തിമ കണക്കുകള്‍ പ്രകാരം തന്നെ ചൂണ്ടിക്കാണിക്കപ്പെട്ടിരുന്നു. പതിനയ്യായിരം വോട്ടുകള്‍ക്ക് മുകളിലാണ് പല മണ്ഡലങ്ങളിലേയും വ്യത്യാസം. ചോദ്യങ്ങളുയര്‍ന്നപ്പോള്‍ ഇതിനേക്കുറിച്ച് കൃത്യമായ വിശദീകരണം നല്‍കുന്നതിനു പകരം ആ കണക്കുകള്‍ സ്വന്തം വെബ്‌സൈറ്റില്‍ നിന്ന് നീക്കം ചെയ്യാനായിരുന്നു ഇലക്ഷന്‍ കമ്മീഷന്‍ തയ്യാറായത് ! ബിജെപിയും എതിര്‍ കക്ഷിയിലെ സ്ഥാനാര്‍ത്ഥിയും തമ്മില്‍ ഇഞ്ചോടിഞ്ച് പോരാട്ടം നടന്ന മണ്ഡലങ്ങളില്‍ ആനുപാതികമല്ലാത്ത രീതിയില്‍ ബിജെപി സ്ഥാനാര്‍ഥികള്‍ വിജയിച്ചിരിക്കുന്നു.

മക് ക്രാരി (McCrary) എന്ന സ്റ്റാറ്റിസ്റ്റിക്കല്‍ ടെസ്റ്റാണ് പഠനത്തിനായി സബ്യസാചി ഉപയോ?ഗിച്ചത്. നീതിയുക്തമായ തിരഞ്ഞെടുപ്പില്‍ രണ്ട് പാര്‍ട്ടികള്‍ തമ്മില്‍ നേരിട്ടുള്ള മത്സരത്തില്‍ ഇരു പാര്‍ട്ടികള്‍ക്കും വിജയസാധ്യത 50 ശതമാനമായിരിക്കേണ്ടതുണ്ട്. പക്ഷേ, സംഭവിച്ചത് അങ്ങനെയല്ല എന്ന് പഠനം തെളിയിക്കുന്നു. ഗവേഷണ പ്രബന്ധത്തിന്റെ പേരില്‍ സബ്യസാചി ദാസിനെ അശോക സര്‍വ്വകലാശാല പരസ്യമായി തള്ളിപ്പറയുകയാണുണ്ടായത്. തുടര്‍ന്ന് അദ്ദേഹം ജോലിയില്‍ നിന്നും രാജിവയ്ക്കുകയും ചെയ്തു. ദാസിനോട് ഐക്യദാര്‍ഡ്യം പ്രഖ്യാപിച്ചു കൊണ്ട് മലയാളിയായ പ്രൊഫ.പുലപ്രെ ബാലകൃഷ്ണനും രാജി പ്രഖ്യാപിച്ചിരിക്കുകയാണ്.കൂടുതല്‍ അധ്യാപകര്‍ പ്രതിഷേധമറിയിച്ചിട്ടുണ്ട്. ഭരണകൂട താല്‍പര്യങ്ങള്‍ക്കു വിധേയമായി മാത്രം അക്കാദമിക പഠനങ്ങള്‍ നടത്തേണ്ടിവരുന്നുവെന്നത് നമ്മുടെ സര്‍വകലാശാല സംവിധാനങ്ങള്‍ എത്രമാത്രം അസ്വതന്ത്രമാണെന്നതിന്റെ ഉദാഹരണമാണ് എന്ന് ചൂണ്ടിക്കാണിക്കപ്പെടുന്നു.

സബ്യസാചി ഉപയോഗിച്ച മക് ക്രാരി ടെസ്റ്റ് പരാജയപ്പെടാന്‍ രണ്ട് കാരണങ്ങളുണ്ടാവാം. ഒന്ന് തിരഞ്ഞെടുപ്പ് കൃത്രിമം. അല്ലെങ്കില്‍ മണ്ഡലങ്ങളിലെ, കടുത്ത മത്സരങ്ങള്‍ മുന്‍കൂട്ടി മനസിലാക്കി ആ മണ്ഡലങ്ങളില്‍ വിജയം നേടാന്‍ വേണ്ട തരത്തില്‍ ബിജെപി നടത്തിയ ശക്തമായ പ്രചാരണങ്ങള്‍. രണ്ടാമത്തെ സാധ്യത ലേഖകന്‍ തള്ളിക്കളയുന്നത് സെന്റര്‍ ഫോര്‍ ഡെവലപ്പിങ് സൊസൈറ്റീസ് നടത്തിയ പ്രീ- പോള്‍ സര്‍വെയുടെ അടിസ്ഥാനത്തിലാണ്. സിഎസ്ഡിഎസ് ഡേറ്റ ഈ മണ്ഡലങ്ങളിലൊന്നും പ്രതിപക്ഷത്തേക്കാള്‍ ശക്തമായ പ്രചാരണം ബിജെപി നടത്തിയെന്നുളളതിന് തെളിവുകളൊന്നും നല്‍കുന്നില്ലെന്ന് അദ്ദേഹം കണ്ടെത്തി.

ഇലക്ഷന്‍ കൃത്രിമത്തിന്റെ മൂന്ന് സാധ്യതകളാണ് സബ്യസാചി പരിഗണിച്ചത്. ഒന്ന്, രജിസ്‌ട്രേഷന്‍ കൃത്രിമത്വം : അതായത് വോട്ടര്‍ പട്ടികയില്‍നിന്ന് ബിജെപി ഇതര വോട്ടര്‍മാരെ ഒഴിവാക്കല്‍. രണ്ട് : ബിജെപി ഇതര വോട്ടര്‍മാരെ വോട്ട് ചെയ്യുന്നതില്‍നിന്ന് തടയല്‍ മൂന്ന്:വോട്ടെണ്ണല്‍ സമയത്ത് വോട്ട് എണ്ണത്തില്‍ കൃത്രിമം കാണിക്കല്‍ ബിജെപി ഇതര വോട്ടര്‍മാരെ (പ്രത്യേകിച്ചും മുസ്ലീം വോട്ടര്‍മാരെ )വോട്ടര്‍ പട്ടികയില്‍നിന്ന് ഒഴിവാക്കിയതിനുള്ള തെളിവുകള്‍ സബ്യസാചി ദാസ് കണ്ടെത്തുന്നുണ്ട്.

തിരഞ്ഞെടുപ്പ് കമ്മിഷന്‍ 2019 ലെ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് പ്രസിദ്ധീകരിച്ച രണ്ട് ഡേറ്റ സെറ്റുകളിലെ വൈരുദ്ധ്യങ്ങള്‍ ദാസ് ചൂണ്ടിക്കാട്ടുന്നുണ്ട്. പോള്‍ ചെയ്ത വോട്ടുകളും എണ്ണിയ വോട്ടുകളും തമ്മില്‍ കാണുന്ന ഭീമമായ അന്തരത്തിന്റെ കാരണം കമ്മീഷന് വിശദീകരിക്കാന്‍ കഴിഞ്ഞിട്ടില്ല. ഇഞ്ചോടിഞ്ച് മത്സരം നടന്നതും ബിജെപി വിജയിച്ചതുമായ മണ്ഡലങ്ങളിലാണ് ഈ പൊരുത്തക്കേട് കൂടുതല്‍ വ്യക്തമായി കാണുന്നത്.അതു തന്നെ ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങളിലെ മണ്ഡലങ്ങളിലാണ് കൂടുതലായും കാണപ്പെടുന്നതെന്ന് ലേഖനത്തില്‍ വ്യക്തമാക്കുന്നു.

മറ്റൊന്ന്, ഇത്തരം മണ്ഡലങ്ങളില്‍ ഉയര്‍ന്ന പോളിങ് ശതമാനം രേഖപ്പെടുത്തിയ ബൂത്തുകളിലെല്ലാം ബിജെപിക്ക് കൂടുതല്‍ വോട്ടുകള്‍ ലഭിച്ചുവെന്നതാണ്.ഇതും സംഭവിക്കുന്നത് ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങളില്‍ തന്നെ! അതായത്, വ്യാപകമായ രീതിയില്‍ അട്ടിമറികള്‍ നടത്തിത്തന്നെയാണ് കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ ബിജെപി വിജയം നേടിയത് എന്നര്‍ത്ഥം.

ലേഖനത്തോടുള്ള യൂണിവേഴ്‌സിറ്റി അധികൃതരുടെ പ്രതികരണത്തിന് പുറകിലെ താല്‍പ്പര്യങ്ങള്‍ ഭരണകൂടത്തിന്റേതു തന്നെയാണ്. പക്ഷേ, സര്‍വകലാശാല നിലപാടിനെതിരെ അധ്യാപകരും വിദ്യാര്‍ത്ഥികളും ശക്തമായി പ്രതികരിക്കുന്നുണ്ട്. ജനാധിപത്യത്തെ അട്ടിമറിക്കുവാന്‍ ബിജെപി ഏതറ്റവും വരെ പോകുമെന്നതിന്റെ തെളിവുകളാണ് പ്രൊഫസര്‍ ദാസിന്റെ ലേഖനം പുറത്തു കൊണ്ടുവരുന്നത്. നിരന്തരമായ ജാഗ്രത മാത്രമാണ് ജനാധിപത്യത്തെ സംരക്ഷിക്കുവാനുള്ള സാര്‍ത്ഥകമായ മാര്‍ഗമെന്ന് തിരിച്ചറിയുകയും പ്രതിരോധത്തിന്റെ വഴികള്‍ വെട്ടിത്തുറക്കുകയും ചെയ്തില്ലെങ്കില്‍ ഇന്ത്യ എന്നത് ഒരു ദു:സ്വപ്നത്തിന്റെ പേരായി മാറും എന്നോര്‍മ്മിക്കുക.

 

സുഹൃത്തെ,
അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പന്ത്രണ്ടാം വര്‍ഷത്തേക്ക് കടക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2024 - 25 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.

The Critic, A/C No - 020802000001158,
Indian Overseas Bank,
Thrissur - 680001, IFSC - IOBA0000208
google pay - 9447307829
സ്നേഹത്തോടെ ഐ ഗോപിനാഥ്, എഡിറ്റര്‍, thecritic.in


ഞങ്ങളുടെ ഫേസ്ബുക് പേജ് ലൈക് ചെയ്യൂ..


Published On

Category: National | Tags: , | Comments: 0 |

'ക്രിട്ടിക്കില്‍ പ്രസിദ്ധീകരിക്കുന്ന ലേഖനങ്ങള്‍ ലേഖകരുടെ അഭിപ്രായങ്ങളാണ്.. അവ പൂര്‍ണ്ണമായും ക്രിട്ടിക്കിന്റെ അഭിപ്രായങ്ങളാകണമെന്നില്ല - എഡിറ്റര്‍'

Be the first to write a comment.

Leave a Reply