2025ലെ സ്ത്രീപക്ഷ കോടതിയിടപെടലുകള്‍

 

ഇന്ത്യയിലെ സ്ത്രീയവകാശങ്ങളെ ശക്തിപ്പെടുത്തുന്നതില്‍ കാലാകാലങ്ങളായി സുപ്രീംകോടതി നടത്തിവരുന്ന ഇടപെടലുകള്‍ നമുക്കറിയാം. 1997 വിശാഖ കേസ് തൊഴിലുടങ്ങളില്‍ സ്ത്രീസുരക്ഷ ഉറപ്പുവരുത്തുന്നതിനുള്ള നിയമനിര്‍മ്മാണത്തിലേക്ക് വരെ വഴിയൊരുക്കി. പിന്നീടങ്ങോട്ട് സ്വാതന്ത്ര്യം, നീതി, സമത്വം എന്നീ സങ്കല്‍പ്പങ്ങളെ രൂപപ്പെടുത്തുന്നതില്‍ സുപ്രീംകോടതി ഏറെ വിജയിച്ചിട്ടുണ്ട്. ഈ പശ്ചാത്തലത്തില്‍ 2025ലെ ചില സുപ്രധാന വിധികളിലൂടെ നമുക്കൊന്നു കടന്നുപോകാം.

1. ഫെബ്രുവരിയില്‍ ‘മാതൃസ്പര്‍ശ്’ കേസില്‍, സുപ്രീം കോടതി അമ്മമാര്‍ക്ക് മുലയൂട്ടുന്നതിനുള്ള അവകാശത്തെ യാതൊരു കാരണവശാലും നിഷേധിക്കരുതെന്നും പൊതുസൗകര്യങ്ങള്‍ ഒരുക്കി ആ അവകാശത്തെ പിന്തുണയ്ക്കണമെന്നും പറഞ്ഞു. ‘ബ്രെസ്റ്റ് ഫീഡിങ്’ എന്നത് ആര്‍ട്ടിക്കിള്‍ 21ന് കീഴിലുള്ള മൗലിക അവകാശവുമായി ചേര്‍ത്തു വായിച്ചുകൊണ്ടായിരുന്നു ഈ വിധി.

2. കെ. ഉമാദേവി  തമിഴ്‌നാട് കേസില്‍ സുപ്രീംകോടതി നല്‍കിയ വിധി, ഇന്ത്യയിലെ സ്ത്രീ തൊഴിലവകാശങ്ങളുടെ ചരിത്രത്തില്‍ നിര്‍ണ്ണായകമായ ഒരു മുന്നേറ്റമാണ്. ഈ കേസിലൂടെ, പ്രസവാവധി ഒരു ആനുകൂല്യമോ ദയാനുകമ്പയോ അല്ല; മറിച്ച്, സ്ത്രീയുടെ ഭരണഘടനാപരമായ അടിസ്ഥാനാവകാശത്തിന്റെ ഭാഗമാണെന്ന് കോടതി വ്യക്തമായി പ്രഖ്യാപിച്ചു.

ഈ കേസിന്റെ പശ്ചാത്തലം, സര്‍ക്കാര്‍ ജീവനക്കാരിയായ കെ. ഉമാദേവിക്ക്, രണ്ട് കുട്ടികള്‍ നയം (two child norm) ചൂണ്ടിക്കാട്ടി പ്രസവാവധി നിഷേധിക്കപ്പെട്ടതാണ്. സര്‍ക്കാര്‍ വാദിച്ചതാണെങ്കിലോ, ജനസംഖ്യാനിയന്ത്രണം എന്ന ലക്ഷ്യം മുന്‍നിര്‍ത്തിയാണ് ഇത്തരം നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയതെന്ന്.

എന്നാല്‍, ഈ നയത്തിന്റെ ഭാരമൊട്ടാകെ സ്ത്രീയുടെ ശരീരത്തിലേക്കും തൊഴില്‍ അവകാശത്തിലേക്കും മാറ്റിവയ്ക്കുന്നത് ഭരണഘടനാപരമായി ന്യായമാണോ എന്ന ചോദ്യമാണ് സുപ്രീം കോടതി കണക്കിലെടുത്തത്. പ്രസവാവധി ഒരു സാമൂഹ്യക്ഷേമ ആനുകൂല്യമല്ലെന്നും, അത് സ്ത്രീയുടെ ആരോഗ്യത്തിന്റെയും ജീവന്റെയും തൊഴിലവകാശത്തിന്റെയും അവിഭാജ്യ ഘടകമാണ് എന്നുമാണ് കോടതി കണ്ടെത്തിയത്.

3. ട്രാന്‍സ് സ്ത്രീകളും ‘സ്ത്രീ’ എന്ന നിയമവ്യാഖ്യാനത്തില്‍ ഉള്‍പ്പെടുമോ എന്ന വിഷയത്തില്‍ ആന്ധ്രപ്രദേശ് ഹൈക്കോടതി പുറപ്പെടുവിപ്പിച്ച വിധി ഏറെ പ്രാധാന്യമുള്ളതാണ്.

സ്ത്രീധന നിരോധന നിയമത്തിലും, ഐ.പി സി, സി.ആര്‍.പി.സി. എന്നിവയിലും മറ്റും ‘സ്ത്രീ’ എന്ന പദം കൊണ്ട് പരമ്പരാഗതമായി സ്ത്രീലിംഗത്തെ ഉദ്ദേശിച്ചിട്ടുള്ളത്, ‘ട്രാന്‍സ്‌വിമണ്‍’ ‘സ്ത്രീ’ എന്ന വ്യാഖ്യാനത്തില്‍ ഉള്‍പ്പെടുമോ എന്നത് നിയമസംവിധാനത്തിന് വലിയൊരു ആശങ്കയാണ്.

ഈ കേസില്‍ ‘സ്ത്രീ’യെ ഗര്‍ഭാശയം, പ്രജനനശേഷി, ക്രൊമോസോമുകള്‍ എന്നിവ കൊണ്ട് നിര്‍വചിക്കാന്‍ കഴിയില്ലെന്നും മറിച്ച് സെല്‍ഫ് ഐഡന്റിഫിക്കേഷനും സാമൂഹികാനുഭവവും അതിലെ പ്രധാനപ്പെട്ട കണ്ണികളാണ് എന്നും കോടതി പറഞ്ഞു.

സ്വയം തിരിച്ചറിയല്‍ എന്നതാണ് ലിംഗ നിര്‍ണ്ണയത്തിന്റെ അടിസ്ഥാനമെന്ന് സുപ്രീം കോടതി 2014ല്‍ ചഅഘടഅ കേസില്‍പ്രഖ്യാപിച്ചിരുന്നു. അതിന്റെ തുടര്‍ച്ചയായി വേണം ഈ വിധിയെ കാണാന്‍.

ദി ക്രിട്ടിക് ഫേസ് ബുക്ക് പേജ് ലൈക്ക് ചെയ്യുക

4. കുട്ടികളുടെ ലൈംഗിക പെരുമാറ്റവുമായി ബന്ധപ്പെട്ട കേസുകളില്‍ ഇന്ത്യയില്‍ നിലനില്‍ക്കുന്ന ഗൗരവതരമായ നിയമ-സാമൂഹിക പ്രശ്‌നമാണ് Just Rights for Chil-dren Alliance vs. Harish എന്ന കേസില്‍ കോടതി കണക്കിലെടുത്തത്. ഇന്ത്യയില്‍ സമഗ്ര ലൈംഗിക വിദ്യാഭ്യാസം നീതിപൂര്‍വമായ വിദ്യാഭ്യാസ ഉപാധി മാത്രമല്ല, കുട്ടികളുടെ ഭരണഘടനാപരമായ അവകാശങ്ങളുടെ ഭാഗമാണ് എന്ന ഏറെ പ്രാധാന്യമുള്ള ബോധ്യമാണ് രൂപപ്പെടുത്തിയത്. ഒരു കുട്ടി നിരപരാധിത്വത്തിലും അറിവില്ലായ്മയിലുമാണ് കുറ്റവാളിയാക്കപ്പെട്ടത് എന്ന യാഥാര്‍ത്ഥ്യം കോടതി ഗൗരവത്തോടെ കണക്കിലെടുത്തു. ലൈംഗികതയെയും ലിംഗബന്ധങ്ങളെയും കുറിച്ചുള്ള അടിസ്ഥാന അറിവിന്റെ അഭാവം കുട്ടികളെ അപകടത്തിലാക്കുകയും നിയമസംഘര്‍ഷങ്ങളിലേക്ക് തള്ളിമാറ്റുകയും ചെയ്യുന്നുവെന്ന് കോടതി നിരീക്ഷിച്ചു. അതിനാല്‍, ശിശുനിരക്കില്‍ തന്നെ ലിംഗപഠനവും ലൈംഗിക വിദ്യാഭ്യാസവും ശാസ്ത്രീയവും പ്രായാനുസൃതവുമായി നല്‍കേണ്ടത് ശിക്ഷയുടെ ഭാഗമല്ല, സംരക്ഷണത്തിന്റെ ഭാഗമാണ് എന്ന നിലപാടാണ് കോടതി സ്വീകരിച്ചത്. നിയമത്തിന്റെ ലക്ഷ്യം കുട്ടികളുടെ സുരക്ഷ, ആരോഗ്യം, മാനസിക വളര്‍ച്ച, വിദ്യാഭ്യാസാവകാശം എന്നിവ ഉറപ്പാക്കുക എന്നതാണ്. ഈ വിധിയിലൂടെ, ലൈംഗിക വിദ്യാഭ്യാസത്തെ ‘നൈതിക ഭീഷണി’യായി കാണുന്ന സാമൂഹിക സമീപനം കോടതി നിരസിക്കുകയും അത് കുട്ടികളുടെ അവകാശങ്ങളോട് ചേര്‍ന്ന, ഭരണഘടനാപരമായ ആവശ്യകതയായി പുനര്‍വ്യാഖ്യാനിക്കുകയും ചെയ്തു.

5. 2025 ജൂണില്‍ കേരള ഹൈക്കോടതി നല്‍കിയ വിധി, ഇന്ത്യയിലെ ക്വിയര്‍ കുടുംബങ്ങളുടെ നിയമപരമായ അംഗീകാരത്തില്‍ ഒരു പുതിയ വഴിത്തിരിവായി മാറി. ഒരു ട്രാന്‍സ്‌ജെന്‍ഡര്‍ ദമ്പതികള്‍ അവരുടെ കുഞ്ഞിന്റെ ജനന സര്‍ട്ടിഫിക്കറ്റില്‍ അമ്മയും അച്ഛനും എന്ന വിഭാഗങ്ങളില്‍ പെടാതെ, ഇരുവരെയും രക്ഷാകര്‍ത്താവ് എന്ന പൊതുവായിരേഖപ്പെടുത്തണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് കോടതിയെ സമീപിച്ചിരുന്നു. സര്‍ക്കാര്‍ രേഖകളില്‍ കുടുംബത്തെ നിര്‍വചിക്കുന്നത് ഇപ്പോഴും പുരുഷന്‍-സ്ത്രീ വിവാഹം അടിസ്ഥാനമാക്കിയുള്ള മാതൃകയിലാണ്. അതിനാല്‍, ട്രാന്‍സ് വ്യക്തികളെ നിര്‍ബന്ധമായി ‘അമ്മ’ അല്ലെങ്കില്‍ ‘അച്ഛന്‍’ എന്ന വിഭാഗങ്ങളില്‍ ഒതുക്കുന്നത്, അവരുടെ അവകാശങ്ങള്‍ക്ക് വിരുദ്ധമാണ് എന്നും കോടതി മുമ്പാകെ വാദിച്ചു. ഈ നിര്‍ബന്ധിത വര്‍ഗ്ഗീകരണം നിയമപരമായ തിരിച്ചറിവിനേക്കാള്‍ മാനസിക പീഡനം സൃഷ്ടിക്കുന്നുവെന്നതാണ് ഹര്‍ജിക്കാരുടെ വാദം.

കേരള ഹൈക്കോടതി ഈ വാദം അംഗീകരിച്ചു. ട്രാന്‍സ് ദമ്പതികളുടെ കുഞ്ഞിന്റെ ജനന സര്‍ട്ടിഫിക്കറ്റില്‍ ‘mother’/’father’ എന്ന പദങ്ങള്‍ ഒഴിവാക്കി, ‘parent’ എന്ന ലിംഗനിരപേക്ഷ പദം ഉപയോഗിക്കണമെന്നും ഭരണരേഖകളിലെ കര്‍ശനമായ ലിംഗചട്ടക്കൂടുകള്‍ വ്യക്തികളുടെ വ്യക്തിത്വത്തെ ഹനിക്കുന്നുവെന്നും കോടതി പറയുകയുണ്ടായി.

ഈ ഉത്തരവ് ബ്യൂറോക്രാറ്റിക് സംവിധാനങ്ങളില്‍ ഉള്ള ലിംഗാധിഷ്ഠിത മുന്‍വിധികളെ തുറന്നടിച്ച് ചോദ്യം ചെയ്യുന്ന വിധിയാണ്.

6. 2025ല്‍ ചില കോടതിവിധികള്‍ ലിംഗനീതിയിലേക്ക് പുരോഗമനപരമായ മുന്നേറ്റങ്ങള്‍ സൂചിപ്പിച്ചിരുന്നുവെങ്കിലും, ഇതേ വര്‍ഷം തന്നെ സ്ത്രീകളുടെ ശരീരസ്വാതന്ത്ര്യത്തെ നിഷേധിക്കുന്ന പുരുഷാധിഷ്ഠിത സമീപനങ്ങള്‍ നീതിന്യായ സംവിധാനത്തില്‍ നിന്നും ഉയര്‍ന്നുവന്നിരുന്നു. ചത്തീസ്ഗഢ് ഹൈക്കോടതി നല്‍കിയ ഒരു വിധിയില്‍, ഭര്‍ത്താവ് ഭാര്യയോട് അയാളുടെ സമ്മതമില്ലാതെ ലൈംഗികബന്ധത്തില്‍ ഏര്‍പ്പെടുന്നത് IPC സെക്ഷന്‍ 377 പ്രകാരം കുറ്റകരമല്ല എന്ന നിലപാട് കോടതി സ്വീകരിച്ചു. ഇതോടെ, വിവാഹത്തിനുള്ളിലെ ബലാത്സംഗം വീണ്ടും ക്രിമിനല്‍ നിയമപരിശോധനയുടെ പരിധിയില്‍നിന്ന് ഒഴിവാക്കപ്പെടുകയും സ്ത്രീകള്‍ അനുഭവിക്കുന്ന ലൈംഗിക പീഡനം നിയമപരമായി അദൃശ്യവല്‍ക്കരിക്കപ്പെടുകയും ചെയ്തു. ഈ വിധി, ഫെമിനിസ്റ്റ് പ്രസ്ഥാനങ്ങള്‍ ദശകങ്ങളായി ചോദ്യം ചെയ്തുവരുന്ന”ാമൃശമേഹ ശാാൗിശ്യേ’ എന്ന, വിവാഹം സ്ത്രീയുടെ ശരീരത്തിലേക്കുള്ള സ്ഥിരാവകാശമായി കണക്കാക്കുന്ന അപകടകരമായ ധാരണയ്ക്ക് നിയമപരമായ സാധൂകരണം നല്‍കുന്നു. വിവാഹബന്ധത്തിനുള്ളില്‍ സ്ത്രീകള്‍ നേരിടുന്ന യഥാര്‍ത്ഥവും സങ്കീര്‍ണ്ണവുമായ പീഡനാനുഭവങ്ങളെയും ാമൃശമേഹ ൃമുല ക്രിമിനലൈസ് ചെയ്യണമെന്ന ഭരണഘടനാപരമായ ചര്‍ച്ചകളെയും ഈ വിധി പൂര്‍ണ്ണമായും അവഗണിക്കുന്നു. ഇതേ പശ്ചാത്തലത്തിലാണ് ാമൃശമേഹ ൃമുല ക്രിമിനലൈസേഷന്‍ സംബന്ധിച്ച് ഡല്‍ഹി ഹൈക്കോടതിയില്‍ ഭിന്നമായ വിധി ഉണ്ടായത്. ഇതിലൂടെ നിയമനിര്‍മ്മാണവും നീതിന്യായവും തമ്മിലുള്ള സംഘര്‍ഷം കൂടുതല്‍ വ്യക്തമായി പ്രകടമായി.

7. വൈവാഹിക സമത്വം അംഗീകരിക്കാന്‍ നല്‍കുന്ന പുനരവലോകന ഹര്‍ജികളുടെ മേല്‍ സുപ്രീംകോടതിയുടെ തുടര്‍ച്ചയായ നിരസനമാണ് മറ്റൊരു വിഷയം.

സ്വവര്‍ഗ്ഗ വിവാഹങ്ങള്‍ നിയമാനുസൃതമാക്കുന്നതിനെതിരെ 2023ല്‍ സുപ്രീംകോടതി എടുത്ത തീരുമാനത്തെ ചോദ്യം ചെയ്തുകൊണ്ട് 2025 ജനുവരിയില്‍ സമര്‍പ്പിച്ച പുനരവലോകന ഹര്‍ജി സുപ്രീംകോടതി അഞ്ചംഗ ബെഞ്ച് തള്ളിക്കളയുകയുണ്ടായി. ‘ദമ്പതികള്‍ക്ക് ലിംഗസ്വത്വം വെളിപ്പെടുത്താന്‍ ആവാതെ, മറയില്‍ ജീവിക്കേണ്ടിവരുന്നു എന്നും അവര്‍ക്ക് കുടുംബാവകാശങ്ങള്‍ നിഷേധിക്കപ്പെടുന്നു’ എന്നും വാദങ്ങള്‍ ഉയര്‍ത്തിയിട്ടുപോലും കോടതി സ്‌പെഷ്യല്‍ മാരേജ് ആക്ടിനെ ലിംഗ നിഷ്പക്ഷതയോടെ വായിക്കാന്‍ തയ്യാറായില്ല. കോടതിയുടെ ഈ നിലപാട് ഒരുതരത്തില്‍ നിയമപരമായ കടമകളില്‍ നിന്നുള്ള ഒഴിഞ്ഞുമാറലായി കാണേണ്ടിവരും. കോടതിയോടുള്ള സകല ബഹുമാനവും മുന്‍നിര്‍ത്തിക്കൊണ്ടു തന്നെ പറയട്ടെ, ക്യൂര്‍ ദമ്പതികളെ ഇപ്പോള്‍ ത്രിശങ്കു സ്വര്‍ഗ്ഗത്തില്‍ ആക്കിയിരിക്കുകയാണ് സുപ്രീംകോടതി. അവരെ അംഗീകരിക്കുകയും എന്നാല്‍ അടിസ്ഥാനപരമായി അവര്‍ക്കുവേണ്ട അവകാശങ്ങള്‍ (വിവാഹം, ദത്തവകാശം തുടങ്ങിയവ)നിഷേധിക്കുകയും ചെയ്യുന്നതുകൊണ്ട് വലിയ വൈരുദ്ധ്യമാണ് നിലനില്‍ക്കുന്നത്.

8. ഭിന്നശേഷിക്കാരായ സ്ത്രീകളുടെ പ്രത്യുത്പാദന അവകാശങ്ങള്‍ ഇന്നും കോടതിമുറിയിലെ ഉത്തരം ലഭിക്കാത്ത ചോദ്യമായി നിലനില്‍ക്കുന്നു. കഴിഞ്ഞവര്‍ഷം ബോംബെ ഹൈക്കോടതി ആന്റി സൈക്കോട്ടിക് മരുന്നുകള്‍ കഴിച്ചുകൊണ്ടിരുന്ന ബോര്‍ഡര്‍ലൈന്‍ ഡിസെബിലിറ്റി ഉള്ള ഒരു യുവതിയെ സംബന്ധിച്ച് അനുകൂലമായ വിധി പുറപ്പെടുവിച്ചിരുന്നു. പ്രത്യക്ഷത്തില്‍ പുരോഗമനപരമായി തോന്നുമെങ്കിലും അതിന് നല്‍കിയ കാരണങ്ങള്‍ അവരെ സ്വയം തീരുമാനങ്ങള്‍ എടുക്കാന്‍ കഴിവുള്ള വ്യക്തികളായി കാണുന്നതിനു പകരം, മേല്‍നോട്ടം ആവശ്യമായ ഒരാള്‍ എന്ന നിലയിലാണ് അംഗീകരിച്ചത്. മാത്രമല്ല പങ്കാളിയുടെ വിവാഹത്തിനുള്ള ഉദ്ദേശവും ഭ്രൂണത്തിന് വൈകല്യങ്ങള്‍ ഇല്ല എന്നതിനെയും വിധിയില്‍ കാരണമായി കാണിച്ചിരുന്നു. 2016ലെ ഭിന്നശേഷിവ്യക്തികളുടെ അവകാശനിയമം പോലുള്ള നിയമങ്ങള്‍ ഉണ്ടായിട്ടും ഭിന്നശേഷിക്കാരെ ഇന്നും ന്യൂനതകള്‍ ഉള്ളവരായി കണക്കാക്കുന്നതിനു പകരം അവരുടെ സ്വയം ഭരണാവകാശങ്ങളെ അംഗീകരിക്കാന്‍ ആ വിധിക്കു കഴിഞ്ഞിട്ടില്ല.

9. പോഷ് (POSH) നിയമപ്രകാരം പരാതിക്കാര്‍ക്ക് ഉള്ള സമയപരിധിയെ സംബന്ധിച്ച്, 2025 സെപ്റ്റംബറിലെ ഒരു വിധിയില്‍, പീഡന പരാതികള്‍ക്ക് കര്‍ശന സമയപരിധിയുണ്ടെന്നും വൈകി നല്‍കുന്ന പരാതി നിരസിക്കപ്പെടുമെന്നും സുപ്രീംകോടതി പറഞ്ഞിരുന്നു. തൊഴിലിടങ്ങളിലെ അധികാര സമവാക്യങ്ങളെ വേണ്ടത്ര പരിഗണിക്കാതെ സമയപരിധിക്കായി മാത്രം നിര്‍ബന്ധം പിടിക്കുന്നത് ഭയം, അപമാനം, പ്രതികാരം എന്നിവ കാരണം പരാതി നല്‍കാന്‍ വൈകുന്നതിനെ സംശയിക്കുന്നത് അതിജീവിതകളെ ശിക്ഷിക്കുന്നതിന് തുല്യമാകും. നിയമപരമായി പരാതിക്കായി സാധ്യത നല്‍കുമ്പോഴും, നീതി ലഭിക്കാന്‍ ഇതൊരു തടസ്സമായി തീരാം. സ്ത്രീകള്‍ക്കും ക്വീര്‍ വ്യക്തികള്‍ക്കും തൊഴിലിടങ്ങളില്‍ ഉണ്ടാകുന്ന ആഘാതങ്ങള്‍ മൂന്നുമാസത്തെ സമയപരിധിയില്‍ ഒതുങ്ങുന്നതല്ല.

10. ഗര്‍ഭഛിദ്ര നിയമം ഇന്നും ആശങ്കകളുടെ കീഴിലാണ്. ഗര്‍ഭഛിദ്രവുമായി ബന്ധപ്പെട്ട നൂറുകണക്കിന് കേസുകളെ കുറിച്ച് 2025ല്‍ നടത്തിയപഠനം വ്യക്തമാക്കുന്നത്, മിക്ക ഹര്‍ജികള്‍ക്കും കോടതികള്‍ അനുമതി നല്‍കുന്നു എങ്കിലും കോടതിയെ സമീപിക്കണം എന്ന നിബന്ധന തന്നെ ഒരു വലിയ തടസ്സമായി മാറിയിരിക്കുന്നു എന്നതാണ്. ക്രിമിനല്‍ നടപടികളെ ഭയന്ന് നിയമം അനുശാസിക്കാത്ത സാഹചര്യങ്ങളില്‍ പോലും ആരോഗ്യപ്രവര്‍ത്തകര്‍ ഗര്‍ഭിണികളെ കോടതിയിലേക്ക് അയക്കുന്നു. ഇത് ചികിത്സ വൈകുന്നതിനും മാനസിക വിഷമങ്ങള്‍ക്കുംകാരണമാകുന്നു. ഗര്‍ഭഛിദ്രം എന്നത് ഒരു സാധാരണ ആരോഗ്യ ഇടപെടലായി കണക്കാക്കുന്നതിനു പകരം അതൊരു നിയമപരമായ പ്രശ്‌നമായി മാറുന്നു.

2021ലെ ഭേദഗതികള്‍ക്കും വിവാഹിതരല്ലാത്ത സ്ത്രീകള്‍ക്കും ഗര്‍ഭഛിദ്രത്തിന് അവകാശമുണ്ടെന്ന 2022ലെ സുപ്രീംകോടതി വിധിക്കുംശേഷം നിയമം കൂടുതല്‍ ഉദാരമായെങ്കിലും, സദാചാര പോലീസിംഗും സാമൂഹിക മുന്‍വിധികളും സ്ത്രീകളുടെ അവകാശത്തെ ഇന്നും വലിയ രീതിയില്‍ ബാധിക്കുന്നുണ്ട്.

ദി ക്രിട്ടിക് യു ട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

11. മറ്റൊരു വിഷയം തോട്ടിപ്പണി നിരോധനവുമായി ബന്ധപ്പെട്ട് വന്ന നടപടിയാണ്, 2025 ജനുവരിയില്‍ ഡല്‍ഹി, മുംബൈ, കൊല്‍ക്കത്ത, ബംഗളൂരു, ചെന്നൈ, ഹൈദരാബാദ് എന്നീ മെട്രോ നഗരങ്ങളില്‍ മാനുവല്‍ സ്‌കാവിഞ്ചിങ്ങും മാനുവല്‍ ക്ലീനിങ്ങും കര്‍ശനമായി നിരോധിച്ച് സുപ്രീംകോടതി ഉത്തരവിട്ടു. 1993 മുതല്‍ മാനുവല്‍ സ്‌കാവഞ്ചിംഗ് നിയമവിരുദ്ധമാണെങ്കിലും ആ വിഭാഗത്തില്‍പ്പെട്ടവരെയും മറ്റു പാര്‍ശ്വവല്‍ക്കരിക്കപ്പെട്ട തൊഴിലാളികളെയും അപകടകരമായ സാഹചര്യങ്ങളില്‍ നിന്ന് സംരക്ഷിക്കുന്നതില്‍ ഭരണകൂടം പരാജയപ്പെടുകയാണുണ്ടായത്. തൊഴിലാളികളുടെ ജീവനും അഭിമാനത്തിനും ഉള്ള അവകാശങ്ങള്‍ക്ക് വീണ്ടും ഊന്നല്‍ കൊടുത്തുകൊണ്ടാണ് കോടതി ഈ വിധി പുറപ്പെടുവിച്ചത്. എങ്കിലും ഇത്തരം വിധികള്‍ നടപ്പിലാക്കാന്‍ ജാതിബോധത്തിനെതിരെയുള്ള നയങ്ങളും ബഡ്ജറ്റുകളും സര്‍ക്കാരിന്റെ ഭാഗത്തുനിന്ന് ഉണ്ടായില്ലെങ്കില്‍ ഇനിയും ഇത് തുടര്‍ന്നേക്കാം.

12. ഉന്നാവോ കേസ്: ഉന്നാവോ കേസ് സംബന്ധിച്ച ഡിസംബര്‍ 23 ലെ ഡല്‍ഹി ഹൈക്കോടതി വിധി, നിയമത്തെത്തന്നെ അട്ടിമറിച്ച ഒരു വിധിയായിരുന്നു. എം.എല്‍.എ. പൊതുപ്രവര്‍ത്തകന്റെ നിര്‍വ്വചനത്തിന്റെ ഉള്ളില്‍ വരില്ല എന്ന് വ്യാഖ്യാനിച്ചുകൊണ്ട് പോക്‌സോ നിയമത്തിലെ വകുപ്പിലെ 5(c) (Aggravated sexual assault) ജീവപര്യന്തം ഒഴിവാക്കിക്കൊണ്ട് ശിക്ഷയെ ചെറുതാക്കി 7 വര്‍ഷമാക്കി ജാമ്യം നല്‍കുകയായിരുന്നു. പ്രതിയായ കുല്‍ദിപ് സിംഗ് സെങ്കാറിനെതിരെ രണ്ടു കുറ്റങ്ങള്‍ ഉണ്ട്-ബലാല്‍സംഗവും ഇരയായ പെണ്‍കുട്ടിയുടെ കൊലപാതകവുമായി ബന്ധപ്പെട്ട കുറ്റവും. എന്നിട്ടും അയാളെ പുറത്ത് അയക്കാനുള്ള പഴുത് കണ്ടെത്തുകയിരുന്നു ഡല്‍ഹി ഹൈക്കോടതി.

ഇത് ഇരയാക്കപ്പെട്ട കുട്ടിയുടെ അന്തസ്സോടെ ജീവിക്കാനുള്ള ഭരണഘടന പ്രകാരമുള്ള അവകാശത്തെ ചോദ്യം ചെയ്യുന്നതാണ്. എന്നാല്‍ വര്‍ഷാവസാനത്തെ വിധിയില്‍ സുപ്രിംകോടതി ഡല്‍ഹി ഹൈക്കോടതി വിധി സ്‌റ്റേ ചെയ്തിരിക്കുന്നു.

സ്ത്രീ പ്രവര്‍ത്തകരുടെയും നിയമവിദഗ്ദ്ധരുടെയും വലിയ പ്രതിഷേധം ഡല്‍ഹി ഹൈക്കോടതി വിധിക്കെതിരെ ഉണര്‍ന്നിരുന്നു

ഫെമിനിസം കോടതിമുറികളില്‍ പരിഗണന നേടുന്നുണ്ടെന്ന് സംശയമില്ല. എന്നാല്‍ അവ പലപ്പോഴും അപൂര്‍ണ്ണമാണ്. ഓരോ പുരോഗമന വിധിയും ആഘോഷിക്കപ്പെടേണ്ടതുപോലെ തന്നെ. ഓരോ പിന്‍മാറ്റവും ശക്തമായി ചോദ്യം ചെയ്യപ്പെടുകയും നിയമത്തെ കൂടുതല്‍ മാനുഷികവും സമവായപരവുമായ ദിശയിലേക്ക് നീക്കാനുള്ള പോരാട്ടം തുടരുകയും വേണമെന്നാണ് 2025 ലെ കോടതിയിടപെടലുകളും നമ്മെ ബോധ്യപ്പെടുത്തുന്നത്.

(അവലംബം : ഫെമിനിസം ഇന്‍ ഇന്ത്യ.
കടപ്പാട് – പാഠഭേദം)

 

സുഹൃത്തെ,
അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പതിമൂന്നാം വര്‍ഷത്തേക്ക് കടന്നിരിക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2025 - 26 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.

The Critic, A/C No - 020802000001158,
Indian Overseas Bank,
Thrissur - 680001, IFSC - IOBA0000208
google pay - 9447307829
സ്നേഹത്തോടെ ഐ ഗോപിനാഥ്, എഡിറ്റര്‍, thecritic.in


ഞങ്ങളുടെ ഫേസ്ബുക് പേജ് ലൈക് ചെയ്യൂ..


Published On

Category: Gender | Tags: , | Comments: 0 |

'ക്രിട്ടിക്കില്‍ പ്രസിദ്ധീകരിക്കുന്ന ലേഖനങ്ങള്‍ ലേഖകരുടെ അഭിപ്രായങ്ങളാണ്.. അവ പൂര്‍ണ്ണമായും ക്രിട്ടിക്കിന്റെ അഭിപ്രായങ്ങളാകണമെന്നില്ല - എഡിറ്റര്‍'

Be the first to write a comment.

Leave a Reply