കോടതികള്‍ ദുര്‍ബലമാകുമ്പോള്‍ ഭരണകൂടം ഭീകര രൂപിയാകും
.നിയമനിര്‍മ്മാണ സഭയും കാര്യനിര്‍വ്വഹണ സഭയും തങ്ങളുടെ അധികാരം ദുര്‍വിനിയോഗം ചെയ്താല്‍ അതിനെ തടയുക എന്ന മഹത്തായ കര്‍ത്തവ്യമാണ് കോടതികള്‍ക്കുള്ളത് .നിഷ്പക്ഷമായ കോടതികള്‍ ജനാധിപത്യത്തിന്റെ അനിവാര്യതയാണ് .കോടതികള്‍ ഭരണകൂടത്തിന്റെ കയ്യിലെ കളിപ്പാവകള്‍ ആയാല്‍ ജനാധിപത്യവും ഭരണഘടനയും നിഷ്‌ക്രിയമായി പോകും .ഭരണകൂടത്തിന്റെ സമസ്ത നിയന്ത്രണങ്ങള്‍ക്കും അപ്പുറമായിരിക്കണം കോടതികളും ജഡ്ജിമാരും .ഭരണകൂടത്തിന്റെ നിയന്ത്രണങ്ങള്‍ ,അതെത്ര ചെറുതാണെങ്കിലും കോടതികളെ ദുര്‍ബലപ്പെടുത്തും .ജനാധിപത്യത്തിന്റെ ശക്തി എന്നത് നിഷ്പക്ഷമായ കോടതികളും അവയുടെ വിധി നടപ്പിലാക്കുന്ന ഭരണകൂടവുമാണ് .
ഇന്ത്യാ ചരിത്രത്തിലൂടെ കടന്നുപോകുമ്പോള്‍ നമ്മുടെ നിയമ നീതിന്യായ പരിപാലനത്തില്‍ മനുസ്മൃതി നിയമങ്ങളുടേയും ശരിയാ നിയമങ്ങളുടേയും സ്വാധീനം കാണാവുന്നതാണ് .പില്ക്കാലത്ത് ബ്രിട്ടീഷുകാര്‍ ഇന്ത്യയില്‍ ഭരണം തുടങ്ങിയപ്പോള്‍ അവര്‍ ആദ്യകാലത്ത് മനുസ്മൃതിയിലേയും ശരിയാ നിയമങ്ങളിലേയും ശിക്ഷാവിധികള്‍ക്കനുസരിച്ച് കുറ്റങ്ങള്‍ക്ക് തീര്‍പ്പ് കല്പ്പി ച്ചിരുന്നു .മെക്കാളെയുടെ ക്രിമിനല്‍ നിയമങ്ങള്‍ വന്നതിന് ശേഷം മാത്രമാണ് ബ്രിട്ടീഷുകാര്‍ ശരിയാ നിയമങ്ങളേയും മനുസ്മുതി നിയമങ്ങളേയും പൂര്‍ണ്ണമായും കയ്യൊഴിയുന്നത് .കുറ്റവാളികള്‍ സാമൂഹ്യ തിന്മകള്‍ ആണെന്നും അതിനാല്‍ അവരെ ഭൂമിയില്‍ നിന്നുതന്നെ ഇല്ലായ്മ ചെയ്യണം എന്നതായിരുന്നു മധ്യകാല ക്രിമിനല്‍ നിയമങ്ങളുടെ അന്തസത്ത .കുറ്റവാളിയുടെ ശരീരത്തെ പൂര്ണ്ണമായി ഇല്ലാതാക്കുക എന്നത് ഒരാഘോഷമാക്കി ആചരിക്കുക എന്നതായിരുന്നു അന്നത്തെ കാലത്തെ ശിക്ഷാവിധികളുടെ പൊതു സ്വഭാവം .ആളുകളെ പരസ്യമായി തലവെട്ടി കൊല്ലുക ,കയ്യും കാലുമൊക്കെ വെട്ടി മാറ്റുക തുടങ്ങിയവയൊക്കെ ആയിരുന്നു അന്നത്തെ ശിക്ഷാവിധികളിലെ കുറഞ്ഞ ശിക്ഷകള്‍ .ഇത്തരം ശിക്ഷകളാകട്ടെ നൂറുകണക്കിന് ആളുകളെ സാക്ഷിനിര്ത്തിു പൊതു ഇടങ്ങളില്‍ വെച്ചാണ് ചെയ്തത് .ശിക്ഷിക്കുക എന്നത് രാജാവിന്റെ /ഭരണാധികാരിയുടെ അധീശത്വം പ്രകടിപ്പിക്കാനുള്ള ഒരവസരമായാണ് അന്നത്തെ ആളുകള്‍ കണ്ടത് . കുറ്റവാളികളെ മൃഗീയമായി കൊല്ലുന്നതിലൂടെ കുറ്റം ചെയ്യാനുള്ള മറ്റുള്ളവരുടെ വിദൂരവാസനകളെ കൂടി ഇല്ലായ്മ ചെയ്യുക എന്നതായിരുന്നു ഭരണകൂടത്തിന്റെ് ലക്ഷ്യം .
എന്നാല്‍ കുറ്റവാളി എന്നത് ഉടനടി ഇല്ലായ്മ ചെയ്യേണ്ട ഒരാളല്ല എന്നും ,തെറ്റുകള്‍ ആവര്ത്തിക്കാതെ ,നിയമവിധേയനായി ജീവിക്കാനുള്ള വ്യക്തിയുടെ അവകാശത്തെ വകവെച്ചു കൊടുക്കണം എന്ന തരത്തില്‍ ശിക്ഷാരീതികളില്‍ പരിഷ്‌കരണം വന്നതിന്റെു ഫലമായാണ് മെക്കാളെയുടെ ക്രിമിനല്‍ നിയമങ്ങള്‍ ഉണ്ടാകുന്നത് .കുറ്റവാളിക്ക് കൂടി പറയാനുള്ളത് കേള്‍ക്കുക എന്ന രീതിയില്‍ നീതിന്യായ വ്യവസ്ഥ കൂടുതല്‍ ജനാധിപത്യവല്ക്കരിക്കുന്നതിന്റെ ആരംഭമായിരുന്നു മെക്കാളെയുടെ ക്രിമിനല്‍ നിയമങ്ങള്‍ .ചാര്‍ട്ട് നിയമങ്ങളിലൂടെ ബ്രിട്ടനിലെ നിയമവ്യവസ്ഥ ബ്രിട്ടീഷുകാര്‍ ഇന്ത്യയില്‍ നടപ്പിലാക്കി .സുപ്രീം കോടതികളും ഹൈക്കോടതികളും അവര്‍ ഇന്ത്യയില്‍ സ്ഥാപിച്ചു .കോടതിയലക്ഷ്യകേസുകളില്‍ ശിക്ഷ പുറപ്പെടുവിക്കാനുള്ള അധികാരത്തോട് കൂടിയായിരുന്നു ഇത്തരം കോടതികള്‍ ഇന്ത്യയില്‍ ആരംഭിച്ചത് തന്നെ .കോടതിയലക്ഷ്യ കേസുകളില്‍ ശിക്ഷ വിധിക്കാനുള്ള കോടതികളുടെ അധികാരം ”ഏകപക്ഷീയവും അപരിമിതവും അനിയന്ത്രിതവും” ആയിരുന്നു അക്കാലത്ത് .അതുകൊണ്ട് ഇത്തരം കേസുകളില്‍ ശിക്ഷ വിധിക്കുന്ന സമയത്ത് ജഡ്ജിമാര്‍ കൂടുതല്‍ ശ്രദ്ധാലുക്കള്‍ ആകണമെന്ന് പലപ്രാവശ്യം കൊളോണിയല്‍ കോടതികള്‍ തന്നെ നിരീക്ഷിച്ചിട്ടുണ്ട് .കൊളോണിയല്‍ അധികാരിയുടെ പരമാധികാരവും അധീശത്തവും സംരക്ഷിക്കുകയെന്ന ഉത്തരവാദിത്തമായിരുന്നു ആളുകള്‍ക്ക് നീതി ഉറപ്പിക്കുക എന്നതിനേക്കാള്‍ അന്നത്തെ കോടതികളുടെ മുഖ്യലക്ഷ്യം .
കോടതിയലക്ഷ്യ കേസുകളില്‍ സ്വീകരിക്കേണ്ട ശിക്ഷകളും കേസിന്റെ നടപടിക്രമങ്ങളും രേഖപ്പെടുത്തിയ വിശദമായ കോടതിയലക്ഷ്യ നിയമം വരുന്നത് 1926 ലാണ് .സ്വാതന്ത്ര്യാനന്തരം 1926 ലെ കോടതിയലക്ഷ്യനിയമം റദ്ദ് ചെയ്യുകയും തല്‍സ്ഥാനത്ത് പുതിയൊരു നിയമം 1952 ല്‍ പാര്‌ലിമെന്റ്ും പാസാക്കി .ഭരണഘടനാ തത്വങ്ങളുടെ വെളിച്ചത്തില്‍ കോടതിയലക്ഷ്യ നിയമങ്ങളില്‍ കൂടുതല്‍ വ്യക്തതയും കൃത്യതയും വരുത്തുന്നതിനായി 1961ല്‍ അന്നത്തെ അഡീഷണല്‍ സോളിസിറ്റര്‍ ജനറലായ എച്ച് എന്‍ സന്യാലിന്റെ നേതൃത്വത്തില്‍ ഒരു പരിഷ്‌കരണകമ്മറ്റിയെ സര്‍ക്കാര്‍ നിയമിച്ചു. സന്യാല്‍ കമ്മറ്റി കോടതിയലക്ഷ്യകേസുകളില്‍ ശിക്ഷ വിധിക്കുവാനുള്ള കോടതികളുടെ അധികാരങ്ങള്‍ ഗണ്യമായി കുറയ്ക്കണമെന്ന ശുപാര്‍ശയാണ് നല്കിയത് .ഇന്ത്യന്‍ ഭരണഘടന പൗരന്‍മാര്ക്ക് നല്‍കിയിട്ടുള്ള അഭിപ്രായ പ്രകടന സ്വാതന്ത്ര്യത്തെ പരിമിതപ്പെടുത്തുന്ന രീതിയില്‍ കോടതിയലക്ഷ്യ കേസുകളില്‍ ശിക്ഷ വിധിക്കാനുള്ള അധികാരം കോടതികള്‍ക്ക് ഉണ്ടാകാന്‍ പാടില്ല എന്നൊരു ചിന്ത കമ്മറ്റിക്ക് ഉണ്ടായിരുന്നിരിക്കാം എന്ന് നമുക്ക് കരുതാവുന്നതാണ് .സന്യാല്‍ കമ്മറ്റിയുടെ ശുപാര്‍ശകളുടെ ചുവടുപിടിച്ചാണ് 1971 ലെ കോടതിയലക്ഷ്യ നിയമം നിലവില്‍ വരുന്നത്. ഈ നിയമത്തില്‍ കോടതിയലക്ഷ്യ കേസുകളെ ക്രിമിനല്‍ കോടതിയലക്ഷ്യമെന്നും സിവില്‍ കോടതിയലക്ഷ്യ കേസുകളെന്നും തരംതിരിച്ചു. കോടതിയലക്ഷ്യം ആയി പരിഗണിക്കാവുന്ന കുറ്റങ്ങള്‍ ഏതൊക്കെയാണ് ,ഏതൊക്കെ കാര്യങ്ങള്‍ കോടതിയലക്ഷ്യം ആകില്ല ,കോടതിയലക്ഷ്യ കേസുകളില്‍ പാലിക്കേണ്ട നടപടിക്രമങ്ങള്‍ എന്തൊക്കെയാണ് ,അത്തരം കുറ്റങ്ങളില്‍ എന്തു തരം ശിക്ഷകള്‍ വിധിക്കണം തുടങ്ങി കൊളോണിയല്‍ കാലം മുതല്‍ക്കേ കോടതിയലക്ഷ്യ കേസുകളുമായി അന്ധപ്പെട്ട് നിലനിന്നിരുന്ന അവ്യക്തകള്‍ ,കോടതികളുടെ അമിതോത്സാഹം തുടങ്ങിയ പ്രശ്‌നങ്ങളെ പരിഹരിക്കുക ,കോടതിയലക്ഷ്യ കുറ്റങ്ങള്‍ ഭരണഘടനയുടെ അന്തസത്തയായ പൗരസ്വാതന്ത്ര്യം എന്ന തത്വത്തെ ദുര്‍ബലപ്പെടുത്താതിരിക്കുക തുടങ്ങിയ ലക്ഷ്യങ്ങള്‍ സാക്ഷാത്കരിക്കുക എന്നതായിരുന്നു 1971 ലെ കോടതിയലക്ഷ്യ നിയമത്തിന്റെ കാതല്‍ .ആളുകളെ ശിക്ഷിക്കുക എന്നതായിരുന്നില്ല ഈ നിയമത്തിന്റെ അന്തസത്ത മറിച്ച് കോടതിയലക്ഷ്യ കേസുകളില്‍ കോടതികള്‍ അനുഭവിച്ചിരുന്ന കൊളോണിയല്‍ പരിരക്ഷകളെ ഭരണഘടനാനുസൃതം പരിമിതപ്പെടുത്തുക എന്നതായിരുന്നു .കൊളോണിയല്‍ കോടതികളുടെ കാലം മുതല്‍ക്കേ കോടതിയലക്ഷ്യ കേസുകളില്‍ ശിക്ഷ വിധിക്കാനുള്ള കോടതികളുടെ അമിതാധികാരത്തെ തടയുക ,കോടതിയലക്ഷ്യ കേസുകളില്‍ ജഡ്ജിയുടെ മനസിനേല്‍ക്കുന്ന മുറിവുകളല്ല മറിച്ച് കോടതിയുടെ അസ്തിത്വത്തിനേല്‍ക്കുന്ന ക്ഷതങ്ങള്‍ ആയിരിക്കണം കോടതികളെ നയിക്കേണ്ടത് എന്ന് കോടതികളെ ഓര്മ്മപ്പടുത്തുക എന്നതായിരുന്നു 1971 ലെ കോടതിയലക്ഷ്യ നിയമത്തിന്റെ പരമ ലക്ഷ്യം .കോടതിയുടെ അന്തസ്സിനെ ,അധികാരത്തെ ,നീതിനിര്‍വ്വഹണ ശേഷിയെ ബോധപൂര്‍വ്വം തടസ്സപ്പെടുത്താനുള്ള ശ്രമങ്ങള്‍ ഉണ്ടെന്ന് കോടതികള്‍ക്ക് ഉത്തമബോധ്യം ഉള്ളപ്പോള്‍ മാത്രമേ കോടതിയലക്ഷ്യ കേസുകള്‍ തുടങ്ങാവൂ എന്നതാണ് ഈ നിയമത്തിന്റെ കാതലായ വശം .
ഇന്ത്യന്‍ ഭരണഘടന നമ്മുടെ ജനാധിപത്യ സംവിധാനത്തെ നിയമനിര്‍മ്മാണ സഭ ,ഭരണനിര്‍വ്വഹണ സഭ നീതിന്യായ സഭ എന്നിങ്ങനെ മൂന്നായി തരം തിരിച്ചിട്ടുണ്ട് .അധികാരങ്ങളെ ഇങ്ങനെ കൃത്യമായി വിഭജിക്കുന്നതിലൂടെ ഭരണഘടന വിഭാവനം ചെയ്യുന്ന ജനങ്ങളുടെ പരമാധികാരം എന്ന തത്വത്തെ സാക്ഷാത്കരിക്കാനാണ് ശ്രമിക്കുന്നത് .പാര്‍ലിമെന്റ് ആണെങ്കിലും മന്ത്രിസഭ ആണെങ്കിലും സുപ്രീം കോടതി ആണെങ്കിലും ഒരു കാര്യം ചെയ്യുമ്പോള്‍ ആത്യന്തികമായി അത് ജനങ്ങളുടെ പരമാധികാരം എന്ന തത്വത്തെ ഉയര്ത്തിപ്പിടിക്കുന്നതാവണം .
ഭരണഘടനാ വാഴ്ച എന്നൊന്ന് നാട്ടില്‍ ഇല്ലേയില്ല എന്ന മട്ടിലാണ് ഭരണകൂടങ്ങളും പോലീസും ഏതാണ്ട് ഇന്ത്യ മുഴുവന്‍ പ്രവര്‍ത്തിക്കുന്നത് .ആളുകളെ തങ്ങള്‍ക്കിഷ്ടപ്പെട്ട വകുപ്പുകള്‍ ചേര്‍ത്ത് ജയിലിലടക്കുക എന്നത് ഒരു ദേശീയ വിനോദം തന്നെയായോ എന്ന് സംശയിക്കേണ്ടി ഇരിക്കുന്നു .ഇന്ന് ജനാധിപത്യം നേരിടുന്ന ഏറ്റവും പ്രധാന വെല്ലുവിളി എന്നത് ഭരണം തന്നെ ഒരു കോര്‍പ്പറേറ്റ് വ്യവസായം ആയി മാറി എന്നതാണ് .ഒരു ജോയിന്റ് സ്റ്റോക്ക് കമ്പനിയുടെ ഉടമസ്ഥര്‍ ആരാണ് എന്ന് ചോദിച്ചാല്‍ ഷെയര്‍ ഉടമകള്‍ ആണെന്ന് തത്വത്തില്‍ പറയാമെങ്കിലും ഫലത്തില്‍ ഉടമസ്ഥതയും തീരുമാനങ്ങള്‍ എടുക്കാനുള്ള അധികാരവും ,സമ്പത്തിന്റെ ആസ്വാദനവും ഒക്കെ ഏതാനും ചിലരുടെ മാത്രം സ്വകാര്യ അവകാശം ആയിരിക്കും എന്നതുപോലെ തന്നെയാണ് ജനാധിപത്യത്തില്‍ അധികാരം ആര്‍ക്കാണ് എന്ന് ചോദിച്ചാല്‍ അത് ജനങ്ങള്‍ക്കാണ് .എന്നാല്‍ അധികാരവും സമ്പത്തും തീരുമാനങ്ങള്‍ എടുക്കാനുള്ള അവകാശവും ഒന്നുംതന്നെ ഈ പറയുന്ന ജനങ്ങള്‍ക്ക് ഉണ്ടാകില്ല
രാഷ്ട്രീയ തീരുമാനങ്ങള്‍ എന്നൊന്ന് തന്നെ ഇല്ലാതായിരിക്കുന്നു .ഇന്ന് ഭരണകൂട തീരുമാനങ്ങള്‍ ആയി വരുന്നവയില്‍ മിക്കതും മറ്റെവിടെയോ ഇരുന്ന് മുഖമില്ലാത്ത ആരൊക്കെയോ ചേര്‍ന്ന് എടുക്കുന്നവയാണ് .കാരണം നിയമസഭയിലോ പാര്‍ലിമെന്റിലോ വേണ്ടത്ര ചര്‍ച്ചകളോ, സംവാദങ്ങളോ, തര്‍ക്ക വിതര്‍ക്കങ്ങളോ ,ഇഴകീറിയുള്ള വിശകലനങ്ങളോ ഒന്നുമില്ലാതെ മുന്‍കൂട്ടി നിശ്ചയിച്ച തിരക്കഥയ്ക്ക് അനുസരിച്ച് ഉണ്ടാക്കുന്ന ബില്ലുകള്‍ യാന്ത്രികമായി നിയമങ്ങളാക്കുന്നു, ബലപ്രയോഗത്തിലൂടെ നടപ്പിലാക്കുന്നു എന്നതിനപ്പുറം ജനാധിപത്യം എന്ന ആശയത്തെ അന്വര്‍ത്ഥമാക്കുന്ന യാതൊന്നും ഇന്ത്യയില്‍ സംഭവിക്കുന്നില്ല .ജനാധിപത്യം എന്നത് ഏതാനും ചിലരുടെ കുലീനാധിപത്യം മാത്രമായി മാറുന്നു .
പ്രാദേശിക തലം മുതല്‍ക്കേ ഭരണകൂടത്തിന്റെ പ്രവര്‍ത്തനങ്ങളെ മൂലധനം നിയന്ത്രിക്കുന്നു .നിയമസഭകളെ ,സാമാജികരെ ഒക്കെ നോക്കുകുത്തികള്‍ ആക്കികൊണ്ട് കാര്യങ്ങള്‍ നടത്തുന്ന സ്വകാര്യ കണ്‍സള്‍ട്ടന്‍സികള്‍ ,പലതരം ചങ്ങാത്ത കൂട്ടങ്ങള്‍ ഒക്കെയാണ് ഇന്ന് രാജ്യത്തെ സംബന്ധിക്കുന്ന കാര്യങ്ങളില്‍ തീരുമാനങ്ങള്‍ എടുക്കുന്നത്.മതം, ജാതി, രാജ്യസ്‌നേഹ വെറി ,അന്യമത വിരോധം, അപരവല്‍ക്കരണം എന്നിവകളിലൂടെ സമൂഹത്തെ വിഘടിപ്പിക്കുക എന്നത് മാത്രമായിരിക്കുന്നു ഭരണവര്‍ഗ്ഗ പാര്‍ട്ടികളുടെ നേതാക്കളുടെ ഒരേയൊരു ജോലി എന്ന് തോന്നുന്നു .സ്വയം വിമര്‍ശനത്തിന് വിധേയമാകുക ഒപ്പം മറ്റുള്ളവരുടെ വിമര്‍ശനങ്ങള്‍ സ്വീകരിക്കുകയും അവയോട് ക്രീയാത്മകമായ പ്രതികരിക്കുകയും ചെയ്യുക എന്നതാണ് ജനാധിപത്യത്തിന്റെ കാതല്‍..
തിരഞ്ഞെടുപ്പില്‍ മത്സരിക്കുന്നവരുടെ ക്രിമിനല്‍ പശ്ചാത്തലം ,വോട്ട് വിലയ്ക്ക് വാങ്ങുന്ന ദുസ്ഥിതി ,ക്രിമിനലുകള്‍ ഭൂരിപക്ഷമായ നിയമനിര്‍മ്മാണ കേന്ദ്രങ്ങള്‍ ,വോട്ടിംഗ് യന്തങ്ങളിലുള്ള അവിശ്വാസം ,രാഷ്ട്രീയ പാര്‍ട്ടികളുടെ അനിയന്ത്രിതമായ ഫണ്ട് ശേഖരണം ,രാഷ്ട്രീയ നേതൃത്വവും കുത്തക മുതലാളിത്തവും തമ്മിലുള്ള അവിശുദ്ധ ബന്ധം ,ഭരണഘടനാ സ്ഥാപനങ്ങളെ മാലിന്യവല്‍ക്കരിക്കുന്ന രീതിയിലുള്ള അവയുടെ രാഷ്ട്രീയവല്‍ക്കരണം ,രാഷ്ട്രീയവും മതവും ജാതിയും തമ്മിലുള്ള പരസ്യ വിനിമയങ്ങള്‍ ,കോടതികളുടെ നിക്ഷ്പക്ഷത തന്നെ ചോദ്യം ചെയ്യുന്ന രീതിയിലുള്ള വിധികള്‍ ,വിലക്കെടുത്ത മാധ്യമ പ്രവര്‍ത്തനം ,ഭരണവകുപ്പുകളെ അപ്രസക്തമാക്കുന്ന തരത്തിലുള്ള കണ്‍സള്‍ട്ടന്‍സികളുടെ ബാഹുല്യം ഒക്കെയും സൂചിപ്പിക്കുന്നത് ഇന്ത്യയില്‍ ജനാധിപത്യം അരികുവല്‍ക്കരിക്കപ്പെട്ടു എന്ന് തന്നെയാണ് .കോളിന്‍ ക്രൗച് പറഞ്ഞതുപോലെ നമ്മളിപ്പോള്‍ ജനാധിപത്യാനന്തര കാലത്തിലൂടെയാണ് പോയിക്കൊണ്ടിരിക്കുന്നത് .ജനാധിപത്യം എന്നത് ഇന്ത്യയില്‍ കടലാസ്സില്‍ മാത്രമുള്ള ഒന്നാണ് .യഥാര്‍ത്ഥത്തില്‍ ഉള്ളത് രാജഭരണവും കുലീനരുടെ രാജസദസ്സും മാത്രമാണ് .
ലോകം കടുത്ത സാമ്പത്തിക പ്രതിസന്ധികളിലൂടെ കടന്നുപോകുകയാണ് .മുതലാളിത്തത്തിന്റെ അത്യാഗ്രഹം മൂലമുള്ള അനിയന്ത്രിത വിഭവ വിനിയോഗം മൂലം പ്രകൃതി ഏതാണ്ട് സമ്പൂര്‍ണ്ണമായി തകര്‍ന്നുകഴിഞ്ഞു .വനങ്ങള്‍ മൃഗസമ്പത്ത് ജൈവവൈവിധ്യങ്ങള്‍ ഹിമശേഖരങ്ങള്‍ ഒക്കെയും തകര്‍ന്നുകഴിഞ്ഞു .ലോകം അതിന്റെ അന്ത്യകാലത്തിലേക്ക് വളരെ വേഗം അടുക്കുകയാണ് .ഭൂമിയിലെ ചൂട് ക്രമാതീതമായി ഉയരുന്നു. അന്തരീക്ഷത്തിലെ കാര്‍ബണിന്റെ അളവ് സന്തുലിതമായ അവസ്ഥയ്ക്കും മുകളില്‍ എത്തിയിരിക്കുന്നു .അസുഖങ്ങള്‍ വര്‍ദ്ധിക്കുന്നു .കേട്ടുകേള്‍വി പോലുമില്ലാത്ത രോഗങ്ങള്‍ ദിനംപ്രതി പൊട്ടിമുളയ്ക്കുന്നു .സാമ്പത്തിക അസമത്വം പെരുകുന്നു .പാവപ്പെട്ടവരുടെ ജീവിതം കൂടുതല്‍ കൂടുതല്‍ ദുരിതപൂര്‍ണ്ണം ആകുന്നു. എല്ലാത്തിനും മുകളില്‍ കോവിഡ് ജനാധിപത്യത്തിന്റെി ശവപ്പെട്ടിയുടെ മുകളില്‍ അവസാനത്തെ ആണി അടിച്ചുകൊണ്ടിരിക്കുകയാണ് . ഈ വര്‍ത്തമാന രാഷ്ട്രീയ സാമൂഹ്യ പരിതസ്ഥിതിയിലാണ് ജനാധിപത്യത്തെ സംരക്ഷിക്കാന്‍ ജനം കോടതികളെ ഉറ്റുനോക്കുന്നത് .
പത്രാധിപര്‍ക്കുള്ള കത്തുകള്‍ പോലും പൊതുതാല്‍പ്പര്യ ഹര്‍ജികളായി ഇന്ത്യന്‍ ജുഡീഷ്യറി പരിഗണിച്ചിരുന്ന ഒരു കാലമുണ്ടായിരുന്നു -ദയാബായി .പച്ചവിരല്‍ എന്ന തന്റെ ആത്മകഥയിലൂടെ ഇന്ത്യന്‍ കീഴാള ജീവിതത്തിന് സാക്ഷ്യം പറയുന്ന അവര്‍ എഴുതുന്നു ”പത്രാധിപര്‍ക്കുള്ള കത്തുകള്‍പോലും പൊതുതാല്‍പ്പര്യഹര്‍ജികളായി പരിഗണിക്കപ്പെട്ടിരുന്ന ഒരു ഭൂതകാലം ഇന്ത്യന്‍ ജുഡീഷ്യറിക്കുണ്ട് .നിരവധി കത്തുകളും തുറന്നെഴുത്തുകളും അങ്ങനെ പരാതികളായി കോടതിക്ക് മുന്‍പിലെത്തി .ജസ്റ്റിസ് പി എന്‍ ഭഗവതിയും ജസ്റ്റിസ് കൃഷ്ണയ്യരും തുടങ്ങിവച്ച പുതിയ സമ്പ്രദായത്തിലൂടെ അക്കാലത്ത് ആലംബഹീനരും ദരിദ്രരും പീഢിപ്പിക്കപ്പെട്ടവരുമായ നിരവധിപേരുടെ ശബ്ദം നീതിപീഠങ്ങളിലെത്തി .പീഡനം അനുഭവിക്കുന്ന നിരവധി സ്ത്രീകള്‍ക്ക് വിമോചനത്തിന്റെ വഴിതുറക്കുന്ന വാര്‍ത്തകളായിരുന്നു അത് ”.എത്ര മഹത്തായ ഒരു ജനാധിപത്യസ്ഥാപനമായാണ് ദയാബായി കോടതികളെ പരിഗണിക്കുന്നത് . ഇന്ത്യയിലെ ഏറ്റവും ദുര്‍ബലരും ഏറ്റവും കൂടുതല്‍ ചൂഷണങ്ങള്‍ക്ക് വിധേയരാകുന്നവരുമായ ആദിവാസികള്‍ക്ക് ഒപ്പം വര്‍ഷങ്ങളോളം താമസിക്കുകയും അവരുടെ പ്രശ്‌നങ്ങള്‍ക്ക് പരിഹാരമായി കോടതികളില്‍ കയറിയിറങ്ങുകയും ചെയ്‌തൊരാള്‍ എന്ന നിലയില്‍ അവരുടെ വാക്കുകള്‍ക്ക് വലിയ പ്രാധാന്യമുണ്ട് .കോടതികളുടെ നിലപാടുകളെ സ്വന്തം ജീവിതം കൊണ്ട് അറിഞ്ഞവരാണ് ദയാബായിയും കൂട്ടരും .അതുകൊണ്ട് തന്നെ ഇന്ത്യന്‍ കോടതികളെ പറ്റി അവര്‍ പറഞ്ഞത് നമ്മള്‍ അക്ഷരാര്‍ത്ഥത്തില്‍ തന്നെ പരിഗണിക്കണം .
.നിയമനിര്‍മ്മാണ സഭയും കാര്യനിര്‍വ്വഹണ സഭയും തങ്ങളുടെ അധികാരം ദുര്‍വിനിയോഗം ചെയ്താല്‍ അതിനെ തടയുക എന്ന മഹത്തായ കര്‍ത്തവ്യമാണ് കോടതികള്‍ക്കുള്ളത് .നിഷ്പക്ഷമായ കോടതികള്‍ ജനാധിപത്യത്തിന്റെ അനിവാര്യതയാണ് .കോടതികള്‍ ഭരണകൂടത്തിന്റെ കയ്യിലെ കളിപ്പാവകള്‍ ആയാല്‍ ജനാധിപത്യവും ഭരണഘടനയും നിഷ്‌ക്രിയമായി പോകും .ഭരണകൂടത്തിന്റെ സമസ്ത നിയന്ത്രണങ്ങള്‍ക്കും അപ്പുറമായിരിക്കണം കോടതികളും ജഡ്ജിമാരും .ഭരണകൂടത്തിന്റെ നിയന്ത്രണങ്ങള്‍ ,അതെത്ര ചെറുതാണെങ്കിലും കോടതികളെ ദുര്‍ബലപ്പെടുത്തും .ജനാധിപത്യത്തിന്റെ ശക്തി എന്നത് നിഷ്പക്ഷമായ കോടതികളും അവയുടെ വിധി നടപ്പിലാക്കുന്ന ഭരണകൂടവുമാണ് . ഭരണഘടനയുടെ പ്രവര്‍ത്തനത്തെ ഏതാണ്ട് സമ്പൂര്‍ണ്ണമായി ഇല്ലാതാക്കുന്ന രീതിയില്‍ പ്രവര്‍ത്തിക്കുന്ന ഭരണകൂടത്തില്‍ നിന്നും രാജ്യത്തേയും ജനാധിപത്യത്തേയും രക്ഷിക്കുക എന്ന ചരിത്രപരമായ ഉത്തരവാദിത്തം കോടതികളുടെ കൈകളില്‍ നിക്ഷിപ്തമാണ് .എന്നാല്‍ അതേ കോടതികളെ തന്നെ ഭരണകൂടം പ്രലോഭിപ്പിക്കുകയോ ഭീഷണിപ്പെടുത്തുകയോ ചെയ്യുന്നതിലൂടെ തങ്ങളുടെ താല്‍പ്പര്യങ്ങള്‍ സംരക്ഷിക്കാനുള്ള ഇടങ്ങളായി മാറ്റുന്നുണ്ടോ എന്ന സംശയം പലയിടങ്ങളില്‍ നിന്നും ഉയരുന്നുണ്ട് .അത്തരം സംശയങ്ങള്‍ കേവലം രാഷ്ട്രീയ ആരോപണങ്ങള്‍ എന്നതിനപ്പുറം കഴമ്പുള്ളതാണോ എന്ന് കോടതികള്‍ തന്നെ ആത്മപരിശോധന നടത്തേണ്ടതുണ്ട് .സുസ്ഥിര ജനാധിപത്യം സ്ഥാപിക്കുക എന്നതാണ് കോടതികളുടെ ആത്യന്തിക ലക്ഷ്യം .ഇന്ത്യന്‍ ഭരണഘടന കോടതികളെ ഭരണകൂടത്തിന്റെ് വേലക്കാരനായല്ല മറിച്ച് വഴികാട്ടിയും ഗുരുവായിട്ടുമാണ് കരുതുന്നത് .ഭരണകൂടത്തെ ശാസിക്കാനും ശിക്ഷിക്കാനുമുള്ള അധികാരം നീതിപീഠത്തിനുണ്ട് .ആര്‍ക്ക്് മുമ്പിലും തലകുനിക്കാതെ നീതിപീഠങ്ങള്‍ കാവല്‍ നില്ക്കുമ്പോള്‍ ആരാലും തകര്‍ക്കപ്പെടാത്ത കോട്ടയായി ജനാധിപത്യം നീണാള്‍ വാഴും .കോടതികള്‍ ദുര്‍ബലമാകുമ്പോള്‍ ഭരണകൂടം ഭീകര രൂപിയായ മര്‍ദ്ദകനായി മാറും .
സുഹൃത്തെ,
അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പന്ത്രണ്ടാം വര്‍ഷത്തേക്ക് കടക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2024 - 25 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.
The Critic, A/C No - 020802000001158,
Indian Overseas Bank,
Thrissur - 680001, IFSC - IOBA0000208
google pay - 9447307829
സ്നേഹത്തോടെ ഐ ഗോപിനാഥ്, എഡിറ്റര്‍, thecritic.in