വനിതാ സംവരണ ബില്ലിന്റെ രാഷ്ട്രീയം
പതിറ്റാണ്ടുകളുടെ കാത്തിരിപ്പിനുുശേഷം ലോകസഭയിലും സംസ്ഥാന നിയമസഭകളിലും 33% സീറ്റ് വനിതകള്‍ക്കായി സംവരണം ചെയ്യുന്ന ഭരണഘടനാ ഭേദഗതി ബില്‍ പാര്‍ലിമെന്റില്‍ പാസായത് ഇന്ത്യന്‍ ചരിത്രത്തിലെ വളരെ സുപ്രധാന നിമിഷമാണ്. അതേസമയം ഈ ബില്ലിലെ പരിമിതികളും ബിജെപിയുടേയും കേന്ദ്രസര്‍ക്കാരിന്റേയും തന്ത്രങ്ങളും തിരിച്ചറിയേണ്ടതാണ്. ഒപ്പം ഏതു സാഹചര്യത്തേയും തങ്ങള്‍ക്കനുകൂലമാക്കി മാറ്റാനുള്ള സംഘപരിവാറിന്റെ രാഷ്ട്രീയമിടുക്കും മറ്റു പ്രസ്ഥാനങ്ങള്‍ കണ്ടുപഠിക്കേണ്ടതാണ്.
എല്ലാവര്‍ക്കുമറിയാവുന്നപോലെ 2016 ലെ ലോകസഭാതെരഞ്ഞെടുപ്പിന്റെ ഭാഗമായി പുറത്തിറക്കിയ പ്രകടനപത്രികയില്‍ തന്നെ വനിതാസംവരണം നടപ്പാക്കുമെന്ന് ബിജെപി പ്രഖ്യാപിച്ചിരുന്നു. എന്നാല്‍ ആ മന്ത്രിസഭയും പോയി, അടുത്ത മന്ത്രിസഭയുടെ കാലാവധിയും കഴിയാറായി. അപ്പോഴാണ് പ്രത്യേക പാര്‍ലിമെന്റ് സമ്മേളനം കൂടി അതിവേഗത്തില്‍ ബില്‍ പാസാക്കിയത്. ഒരിക്കലും അടുത്ത തെരഞ്ഞെടുപ്പില്‍ സംവരണം നടപ്പാക്കപ്പെടില്ല എന്ന് എല്ലാവര്‍ക്കുമറിയാം. നിയോജക മണ്ഡലങ്ങളുടെ അതിര്‍ത്തി നിര്‍ണ്ണയവും പുനര്‍ നിര്‍ണ്ണയവുമൊക്കെ കഴിഞ്ഞേ സംവരണം നടപ്പാകൂ. അത് നടപ്പാകണമെങ്കില്‍ സെന്‍സസ് നടക്കണം. സെന്‍സസ് എപ്പോള്‍ നടക്കുമെന്ന് പ്രഖ്യാപിച്ചിട്ടില്ല. കഴിഞ്ഞില്ല. ഭരണഘടനാ ഭേദഗതി ബില്‍ ആയതിനാല്‍ നിയമസഭകള്‍ കൂടി പാസാക്കണമെന്നാണ് വിദഗ്ധര്‍ പറയുന്നുണ്ട്. അതായത് 2029ല്‍ നടപ്പായാല്‍ ഭാഗ്യം എന്നു പറയാം. അധികാരത്തിലേക്ക് സ്ത്രീകള്‍ക്കുള്ള അയിത്തം തുടരുമെന്നു സാരം. അതേസമയം 2024ലെ തെരഞ്ഞെടുപ്പില്‍ 33 ശതമാനം സ്ത്രീകള മത്സരിപ്പിക്കാന്‍ ഈ ബില്ലിനെ പിന്തുണച്ച പാര്‍ട്ടികളെല്ലാം തയ്യാറാകുമോ എന്ന് കാത്തിരുന്നു കാണാം.
അതേസമയം എല്ലാവര്‍ക്കും അറിയാവുന്ന യാഥാര്‍ത്ഥമുണ്ട്. വനിതാസംവരണം നടപ്പാക്കുന്നതില്‍ ഒരുപാര്‍ട്ടിക്കും കാര്യമായ താല്‍പ്പര്യമില്ല എന്നതാണത്. താല്‍പ്പര്യമുണ്ടെങ്കില്‍ പാര്‍ട്ടി കമ്മിറ്റികളിലും നേതൃത്വങ്ങളിലും മറ്റും അവരെ കൊണ്ടുവരുമല്ലോ. എന്നാല്‍ മിക്കപാര്‍ട്ടികളുടേയും ജില്ലാ നേതൃത്വങ്ങളില്‍ പോലും എത്തുന്ന വനിതകള്‍ കുറവാണ്. അതിന്റെ തുടര്‍ച്ചയായി തന്നെയാണ് ജനപ്രതിനിധികളിലും അധികാരസ്ഥാനങ്ങളിലും അവരുടെ സാന്നിധ്യം തുച്ഛമാകുന്നത്. ഇക്കാര്യത്തില്‍ ഇന്ത്യയുടെ സ്ഥാനം ലോകനിലവാരത്തില്‍ ഏറ്റവും പിന്‍നിരയിലാണെന്ന കണക്കുകള്‍ ഇപ്പോള്‍ കൂടുതല്‍ ചര്‍ച്ച ചെയ്തല്ലോ. പാക്കിസ്താനും ബംഗ്ലാദേശുമൊക്കെ ഇക്കാര്യത്തില്‍ നമുക്കു മുന്നിലാണ്. ഇന്ത്യയില്‍ ഓരോ തെരഞ്ഞെടുപ്പു കഴിയുന്തോറും നാമമാത്രമായ വര്‍ദ്ധനവാണ് സ്ത്രീപങ്കാളിത്തത്തില്‍ കാണുന്നത്. ആദ്യത്തെ ലോക്‌സഭയില്‍ 24 സ്ത്രീകളാണ് ഉണ്ടായിരുന്നത്. ഇപ്പോഴത് 78. 14.39 ശതമാനം മാത്രം. റുവാണ്ടയില്‍ 61 ശതമാനമാണ് പാര്‍ലമെന്റിലെ സ്ത്രീപ്രാതിനിധ്യം. ക്യൂബയിലും ബൊളീവിയയിലും 53 ശതമാനം. മെക്‌സിക്കോയില്‍ 48. 14 ശതമാനം. ഇന്ദിരാഗാന്ധി, ജയലളിത, മമത ബാനര്‍ജി, മായാവതി എന്നിങ്ങനെ വിരലിലെണ്ണാവുന്നര്‍ മാത്രമാണ് ഇന്ത്യയില്‍ ഭരണത്തിന്റെ തലപ്പത്തെത്തിയത്. നമ്മുടെ പാര്‍ലിമെന്റിലെ വനിതാ അംഗങ്ങളില്‍ രാജ്യവ്യാപകമായ പ്രാതിനിധ്യവും കാണുന്നില്ല. ബംഗാളിലെ തൃണമൂലും ഒഡീഷ്യയിലെ ബിജെഡിയുമാണ് കൂടുതല്‍ സ്ത്രീകളെ മത്സരിപ്പിച്ചതും വിജയിപ്പിച്ചതും. ബംഗാളില്‍ ്ത് 40 ശതമാനത്തിനു മുകളിലാണ്. ബിഎസ്പിയും കൂടുതല്‍ സ്ത്രീകള്‍ക്ക് സീറ്റുകൊടുത്തിരുന്നു. ഇക്കാര്യത്തില്‍ കേരളത്തിന്റെ അവസ്ഥ ഇന്ത്യന്‍ ശരാശരിയേക്കാള്‍ കുറവാണ്. നിയമസഭയില്‍ 12 പേര്‍. എട്ടുശതമാനം. ഇവിടെ നിന്ന് ഇതുവരേയും 272 പേര്‍ അതായത് 4 ശതമാനം.
ദി ക്രിട്ടിക് ഫേസ് ബുക്ക് പേജ് ലൈക്ക് ചെയ്യുക
1974ല്‍ ഇന്ത്യയിലെ വനിതകളുടെ അവസ്ഥ പഠിക്കാന്‍ വിദ്യാഭ്യാസ-സാമൂഹിക ക്ഷേമ മന്ത്രാലയം നിയോഗിച്ച സമിതി സമര്‍പ്പിച്ച് റിപ്പോര്‍ട്ടിലാണ് വനിതാ പ്രാതിനിധ്യം സംബന്ധിച്ച ആദ്യ പരാമര്‍ശം വന്നത്. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളില്‍ വനിതകള്‍ക്കു നിശ്ചിത ശതമാനം സീറ്റ് സംവരണം ചെയ്യണമെന്നു ഈ സമിതി ശുപാര്‍ശ ചെയ്തു. തുടര്‍ന്ന് 1993-ല്‍ തദ്ദേശ സ്ഥാപനങ്ങളിലെ മൂന്നിലൊന്ന് സീറ്റുകള്‍ വനിതകള്‍ക്കായി സംവരണം ചെയ്തു. കേരളത്തിലും മറ്റും അത് 50 ശതമാനമാണ്. പിന്നാലെ 1996 ല്‍ എച്ച്.ഡി. ദേവഗൗഡ സര്‍ക്കാരാണ് വനിതാ സംവരണ ബില്‍ പാര്‍ലമെന്റില്‍ അവതരിപ്പിച്ചത്. ബില്‍ സി.പി.ഐ. എം.പി. ഗീത മുഖര്‍ജി അദ്ധ്യക്ഷയായുള്ള സംയുക്ത പാര്‍ലമെന്ററി സമിതിക്കു വിട്ടു. 1996 ഡിസംബര്‍ 9-ന് പാര്‍ലമെന്ററി സമിതി റിപ്പോര്‍ട്ട് ലോകസഭയില്‍ അവതരിപ്പിച്ചു. 1998 ജൂണ്‍ 4ന് എന്‍.ഡി.എ. യുടെ നേതൃത്വത്തിലുള്ള സര്‍ക്കാര്‍ 84-ാം ഭരണഘടനാ ഭേദഗതിയായി വനിതാ സംവരണ ബില്‍ പാര്‍ലമെന്റില്‍ അവതരിപ്പിച്ചു. എന്നാല്‍ ആ സര്‍ക്കാര്‍ ന്യൂനപക്ഷമാകുകയും പിരിച്ചു വിടപ്പെടുകയും ചെയ്തു. 1999 നവംബര്‍ 22ന് എന്‍.ഡി.എ. സര്‍ക്കാര്‍ ബില്‍ വീണ്ടും പാര്‍ലമെന്റില്‍ അവതരിപ്പിച്ചു. അപ്പോള്‍ ഒരു വിഭാഗത്തില്‍ നിന്ന് ശക്തമായ എതിര്‍പ്പുണ്ടായി. 2002ലും 2003ലും ബില്‍ അവതരിപ്പിച്ചു. രണ്ടു തവണയും ബില്‍ പാര്‍ലമെന്റില്‍ പരാജയപ്പെട്ടു. 2008 മേയ് 6ന് യുപിഎ സര്‍ക്കാര്‍ ബില്‍ രാജ്യസഭയില്‍ അവതരിപ്പിച്ച് നിയമ-നീതികാര്യ സ്റ്റാന്‍ഡിങ്ങ് കമ്മറ്റിയുടെ പരിഗണനക്കു വിട്ടു. 2009 ഡിസംബര്‍ 17ന് സ്റ്റാന്‍ഡിങ്ങ് കമ്മറ്റി റിപ്പോര്‍ട്ട് പാര്‍ലമെന്റിന്റെ രണ്ടു സഭകളിലും വെച്ചു. സമാജ് വാദി പാര്‍ട്ടി, ജെ.ഡി. (യു), ആര്‍.ജെ.ഡി. എന്നീ പാര്‍ട്ടികള്‍ പ്രതിഷേധവുമായി രംഗത്തു വന്നു. എന്നാല്‍ 2010 ഫെബ്രുവരി 25 കേന്ദ്രമന്ത്രിസഭ ബില്ലിന് അംഗീകാരം നല്‍കി. . 2010 മാര്‍ച്ച് 8 അന്തര്‍ദേശീയ വനിതാ ദിനത്തില്‍ ബില്‍ ഒന്നിനെതിരെ 186 വോട്ടുകള്‍ക്ക് രാജ്യസഭ പാസാക്കി. എന്നാല്‍ ലോകസഭയില്‍ ബില്‍ പാസായില്ല. മുലായംസിങ്ങിന്റേയും മറ്റും നേതൃത്വത്തില്‍ ചെറിയ വിഭാഗം ബില്ലിനെതിരെ രംഗത്തുവരുകയും അതുകീറിയെറിഞ്ഞ് പ്രതിഷേധിക്കുകയും ചെയ്തു. അതിനേക്കാള്‍ ശക്തമായ പ്രതിഷേധങ്ങളുണ്ടായ എത്രയോ ബില്ലുകള്‍ ബലപ്രയോഗത്തിലൂടെപോലും സര്‍ക്കാര്‍ പാസ്സാക്കിയിരിക്കുന്നു. എന്നാല്‍ ഉര്‍വ്വശീശാപം ഉപകാരം എന്നമട്ടില്‍ ബിജെപിയും കോണ്‍ഗ്രസുമടക്കം എല്ലാപാര്‍്ട്ടികളും പിന്മാറുകയായിരുന്നു.
അതേസമയം ബില്ലിനെ എതിര്‍ത്തവര്‍ ഉന്നയിച്ച ആവശ്യം ന്യായമല്ല എന്നു പറയാനാകില്ല. സംവരണത്തിനുള്ളിലെ സംവരണം എന്ന അവരുടെ ആവശ്യത്തോട് അന്ന് ബില്ലിന്റെ ശക്തരായ വക്താക്കള്‍ മുഖം തിരിക്കുകയായിരുന്നു. അങ്ങനെ ചെയ്താല്‍ തെരഞ്ഞെടുക്കപ്പെടുന്നവരില്‍ പട്ടിക ജാതി പട്ടികവര്‍ഗ പിന്നോക്ക വിഭാഗങ്ങള്‍ക്ക് ജനസംഖ്യാനുപാതികമായ പങ്കാളിത്തം ലഭിക്കും. അല്ലെങ്കില്‍ പാര്‍ലിമെന്റിലെത്തുന്ന സ്ത്രീകളില്‍ മഹാഭൂരിപക്ഷവും സവര്‍ണ്ണ വിഭാഗങ്ങളാകും എന്ന ഭയം അസ്ഥാനത്തല്ലല്ലോ. ലിംഗവിവേചനത്തിനുള്ളിലും ജാതിവിവേചനം ശക്തമാണല്ലോ.. ഇപ്പോഴിതാ പട്ടികജാതി – വര്‍ഗ്ഗ സംവരണം കൂടി ഉള്‍പ്പെടുത്തിയിരിക്കുന്നു. എന്നാല്‍ പി്‌നനോക്ക – ന്യൂനപക്ഷ സംവരണം ഉള്‍്‌പ്പെടുത്തിയിട്ടില്ല. അതു കൂടി അനിവാര്യമാണ്. വനിതാസംവരണ സീറ്റുകളില്‍ മാത്രമല്ല, എല്ലാ സീറ്റുകളിലും അതുവേണംതാനും.
ദി ക്രിട്ടിക് യു ട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
തുടക്കത്തില്‍ സൂചിപ്പിച്ച ബിജെപിയുടെ തന്ത്രങ്ങളെ കൂടി പരാമര്‍ശിക്കാതെ വയ്യ. ലോകസഭാ തെരഞ്ഞെടുപ്പ് ആസന്നമായ വേളയില്‍ ഈ ബില്‍ പാസായതുവഴി അവര്‍്ക്കു വലിയ നേട്ടമുണ്ടാകുമെന്ന പ്രതീക്ഷയാണുള്ളത്. അതേസമയം ഇപ്പോഴത് നടപ്പാക്കുകയും വേണ്ട. ബിജെപി ഒരിക്കല്‍ കൂടി അധികാരത്തിലെത്തിയാല്‍ ഇപ്പോഴത്തെ രീതിയിലുള്ള തൈരഞ്ഞെടുപ്പ് 2029ല്‍ ഉണ്ടാകുമോ എന്നാര്‍ക്കും ഉറപ്പില്ല. മാത്രമല്ല, മണ്ഡല പുനര്‍നിര്‍ണയം യാഥാര്‍ഥ്യമായാല്‍ അവര്‍ക്കു സ്വാധീനമുള്ള പല സംസ്ഥാനങ്ങളിലും ലോകസഭ സീറ്റിന്റെ എണ്ണം വന്‍തോതില്‍ വര്‍ദ്ധിക്കും മൊത്തം എണ്ണം 543 ല്‍നിന്ന് 753 ആയി ഉയരും. യുപിയില്‍ നിന്നുള്ള എം.പിമാരുടെ എണ്ണം 128 ആയി ഉയരും. അതെല്ലാം വളരെ ഭംഗിയായി ഉപയോഗിക്കാന്‍ ബിജെപിക്കാകും. ബിജെപിയുടെ മറ്റൊരു തന്ത്രം സംവരണത്തിനുള്ളിലെ സംവരണം നടപ്പാക്കിയതു തന്നെയാണ്. എന്നേ കോണ്‍ഗ്രസ്സിനു ചെയ്യാമായിരുന്നതായിരുന്നു അത്. രാഷ്ട്രപതിസ്ഥാനത്ത് ആദിവാസിയേയും മുസ്ലിമിനേയും മറ്റും കൊണ്ടുവരുന്ന ബിജെപിയാണ് വാസ്തവത്തില്‍ മണ്ഡല്‍ കമ്മീഷന്‍ റിപ്പോര്‍ട്ട് സ്വന്തം പാര്‍ട്ടിക്കുള്ളില്‍ നടപ്പാക്കിയത് എന്നു കാണാം. മോദി പോലും പിന്നോക്കക്കാരനാണല്ലോ. മുസ്ലിം വിരുദ്ധതയിലൂന്നി, ആദിവാസികളേയും ദളിതരേയുമെല്ലാം ഉള്‍പ്പെടുത്തി ഹൈന്ദവവോട്ടുകള്‍ ഏകീകരിച്ച് എന്നും അധികാരത്തില്‍ തുടരാനും അതിന്റെ തുടര്‍ച്ചയായി ഹിന്ദുത്വരാഷ്ട്രം സ്ഥാപിക്കാനുമാകുമെന്നാണ് അവരുടെ കണക്കുകൂട്ടല്‍. അതേസമയം സംഘപരിവാറിനെ മൊത്തം നിയന്ത്രിക്കുന്ന ആര്‍ എസ് എസ് പൂര്‍ണ്ണമായും സവര്‍ണ്ണ ഫാസിസ്റ്റ് സംഘടനയായി തുടരുന്നു. ആര്‍ എസ് എസിന്റെ ബാക്ക് സീറ്റ് ഡ്രൈവിംഗ് തന്നെയാണ് നടക്കുന്നത്. അതിന്റെ പ്രത്യയശാസ്ത്രം മനുസ്മൃതി തന്നെ. അവിടെ സ്ത്രീകള്‍ക്കോ പിന്നോക്ക – ദളിത് – ആദിവാസി വിഭാഗങ്ങള്‍ക്കോ ഒരു സ്ഥാനവുമില്ല. അതാണല്ലോ പുതിയ പാര്‍ലിമെന്റ് ഉദ്ഘാടനവേളയില്‍ രാഷ്ട്രപതിക്ക് അയിത്തമുണ്ടായത്. മോദി ഭരിച്ചാലും യോഗി ഭരിച്ചാലും ഏതു വിഷയത്തിലും അന്തിമ തീരുമാനം അവരുടേതാണ് എന്നതു മറക്കാതെ വേണം ജനാധിപത്യ േേതതരവാദികള്‍ അവരുടെ തീരുമാനങ്ങളോടും പ്രതികരിക്കാന്‍. വനിതാസംവവരണത്തിലടക്കം. നാരീശക്തി വന്ദന്‍ അധിനീയം എന്ന പേരില്‍ നിന്നുതന്നെ കാര്യങ്ങള്‍ വ്യക്തമാണല്ലോ.
സുഹൃത്തെ,
അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പന്ത്രണ്ടാം വര്‍ഷത്തേക്ക് കടക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2024 - 25 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.
The Critic, A/C No - 020802000001158,
Indian Overseas Bank,
Thrissur - 680001, IFSC - IOBA0000208
google pay - 9447307829
സ്നേഹത്തോടെ ഐ ഗോപിനാഥ്, എഡിറ്റര്‍, thecritic.in