
ഡീകോഡിംഗ് അച്യുതാനന്ദന്‍ പര്‍വം
സുഹൃത്തെ,
അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പതിമൂന്നാം വര്‍ഷത്തേക്ക് കടന്നിരിക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2025 - 26 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.
The Critic, A/C No - 020802000001158,
Indian Overseas Bank,
Thrissur - 680001, IFSC - IOBA0000208
google pay - 9447307829
സ്നേഹത്തോടെ ഐ ഗോപിനാഥ്, എഡിറ്റര്‍, thecritic.in
കമ്യൂനിസ്റ്റ് നേതാവും മുന്‍ മുഖ്യമന്ത്രിയുമായ വേലിക്കകത്ത് ശങ്കരന്‍ അച്യുതാനന്ദന്‍ ജീവിച്ചിരുന്നപ്പോള്‍ ഉദ്ദേശം രണ്ട് ദശാബ്ദക്കാലം ജനങ്ങളുടെയാകെ ശ്രദ്ധപിടിച്ചുപറ്റുകയും മരണസമയത്ത് അദ്ദേഹത്തിന്റെ ഭൗതിക ശരീരത്തെ ഒരു നോക്കു കാണുവാനും ആദരാഞ്ജലികള്‍ അര്‍പ്പിക്കുവാനും വന്‍ ജനക്കൂട്ടം അണയുകയും ചെയ്തു. സംസ്ഥാനത്തെ കാതലായ ജനകീയപ്രശ്‌നങ്ങള്‍ ചര്‍ച്ചയാക്കിയ വലിയ ഒരു ജനകീയ നേതാവാണ്. ജനങ്ങളുടെ അഭൂതപൂര്‍വ്വമായ അന്ത്യ സമയത്തെ ഒഴുക്ക് പ്രത്യേകിച്ചും ചെറുപ്പക്കാരുടേത് സി. പി. ഐ. എം. ലെ അച്യുതാനന്ദനെ എതിരാളിയായി കാണുന്ന ഒരു വിഭാഗം ഒട്ടും പ്രതീക്ഷിച്ചതല്ല എന്നു പറഞ്ഞാല്‍ അതില്‍ അത്ഭുതപ്പെടേണ്ടതില്ല.
ഈ സഹസ്രാബ്ദത്തിന് ഒരു ദശകം മുമ്പ് വരെയുള്ള ഒരു കമ്യൂനിസ്റ്റ്കാരന്‍ പ്രത്യേകിച്ചും സി. പി. ഐ. എം. ലെ നേതാവ് എന്ന ഒരു പ്രതിഛായക്കപ്പുറത്തേയ്ക്ക് ഒരു ജനകീയ നേതാവായി ആവേശം പടര്‍ത്തിയ അച്യുതാനന്ദന്റെ രാഷ്ട്രീയ വളര്‍ച്ചയും വികാസവും ഇനിയും പഠിക്കേണ്ട ഒരു രാഷ്ട്രീയ വിഷയമാണ്. പരാമ്പരാഗതമായി പ്രാബല്യത്തിലുള്ള രാഷ്ട്രീയ വിഷയങ്ങള്‍ അത് കമ്യൂനിസ്റ്റുകാരുടേതായാലും കമ്യൂനിസ്റ്റ് ഇതരരുടേതാണെങ്കിലും മാറിയ പാഠങ്ങളാണ്.
ചവിട്ടിമെതിക്കപ്പെട്ട മനുഷ്യരുടെ നീതിയുടെ പ്രശ്‌നമായാലും പ്രകൃതിയുടെ നിലനില്പ്പിന്റെ പ്രശ്‌നമായാലും മറ്റ് ജനകീയ പ്രശ്‌നങ്ങളായാലും അത്തരം വിഷയങ്ങള്‍ ഉയരുന്ന സാഹചര്യവും അദ്ദേഹം അതിനോട് വളരെ സര്‍ഗ്ഗാത്മകമായി പ്രതികരിക്കുകയും ചെയ്ത പശ്ചാത്തലമാണ് അച്യുതാനന്ദന്‍ പര്‍വ്വം. കൊടികളുടെ വര്‍ണഭേദമന്യേ ഇന്ന് നേതാക്കളും രാഷ്ട്രീയ കക്ഷികളും തമ്മില്‍ അവിഹിതവും സുതാര്യമല്ലാത്തതും അഭേദ്യവുമായ ഒരു കൂട്ടുകെട്ട് നിലനില്ക്കുന്നതായി ജനങ്ങള്‍ വ്യാപകമായി വിശ്വസിക്കുവാന്‍ കാരണമുണ്ട്. മധുരത്തില്‍ തണുത്തുറഞ്ഞ മാംസ കച്ചവടമായാലും ( കോഴിക്കോട് ) ചാക്കില്‍കയറിയ കരാറുകാരാണെങ്കിലും ( പാലക്കാട് ) അതിനോടെല്ലാം സന്ധിചെയ്യാത്ത അച്യുതാനന്ദന്‍ ജനങ്ങള്‍ക്ക് വിസ്മയമായിരുന്നു. പ്രത്യേകിച്ചും സ്വന്തം പാര്‍ട്ടിയില്‍ ഞണ്ടിറുക്കുന്നതുപോലെ ഒരു നേതാവും തല്പരക്ഷികളായ അനുയായി വൃന്ദവും പാര്‍ട്ടി മെഷിനറിയില്‍ പിടിമുറുക്കി എതിര്‍ ചേരിക്കാരുമായി ഇടപാടുകള്‍ നടത്തിയെന്ന് ആരോപണം ഉയരുകയും ചെയ്ത സാഹചര്യത്തില്‍ പ്രത്യേകിച്ചും.
ഇരുട്ടില്‍ നീതിയുടെ വെളിച്ചം
സംസ്ഥാന സര്‍ക്കാരിന്റെ പ്രവര്‍ത്തനങ്ങള്‍ നീതിപൂര്‍ണമാക്കാനും പണക്കാരുടെ ലോബിയുടെ ഭാഗമല്ലെന്ന് വരുത്തുവാനും അച്യുതാനന്ദന്റെ പ്രവര്‍ത്തനങ്ങള്‍ തെല്ലൊന്നുമല്ല ഇടയാക്കിയത്. അച്യുതാനന്ദനെ വളര്‍ത്തുന്ന അനവധിയായ കുറിപ്പുകളും സാമൂഹിക മാധ്യമങ്ങളിലെ പോസ്റ്റുകളും വന്ന് കഴിഞ്ഞു. അതില്‍ നീതിയുടെ രണ്ടറ്റത്തുമായി നിലയുറപ്പിച്ച രണ്ട് പോസ്റ്റുകള്‍ ശ്രദ്ധേയമായിട്ടുണ്ട്. ഒന്ന് മാധ്യമപ്രവര്‍ത്തകനായ കെ. എം. ബഷീറിന്റെ സൂര്യനെല്ലി കേസില്‍ ഇരയാക്കപ്പെട്ട പെണ്‍കുട്ടിയുടെ നീതി സംബന്ധമായ അച്യുതാനന്ദന്റെ ഇടപെടലാണ്. അത്തരമൊരു ഇടപെടല്‍ അദ്ദേഹം നടത്തിയിരുന്നില്ലെങ്കില്‍ ആ പെണ്‍കുട്ടിയുടെ മൂത്ത സഹോദരിയും പിതാവും പെണ്‍കുട്ടിയുമടങ്ങുന്ന കുടുംബം ആത്മഹത്യ ചെയ്യേണ്ടി വരുമായിരുന്നു എന്ന അനുഭവമാണ് ബഷീര്‍ വിവരിക്കുന്നത്.
രണ്ടാമതായി അബ്ദുള്‍ നാസര്‍ മാഅദനിയുടെ കോയമ്പത്തൂര്‍ ബോംബു സ്‌ഫോടനവുമായി ബന്ധപ്പെട്ട് അറസ്റ്റിലായി വിചാരണകൂടാതെ നാലു വര്‍ഷം ഇടുങ്ങിയ സെല്ലില്‍ ഏകാന്ത തടവിലായിരുന്നപ്പോള്‍ അച്യുതാനന്ദനുള്‍പ്പെടെ സി. പി. ഐ. എം. ന്റെ നേതാക്കളാരും തിരിഞ്ഞു നോക്കാതിരുന്ന സംഭവം വിവരിക്കുന്ന കെ. എ. ഹാറൂണ്‍ റഷീദ് എന്ന ഇന്‍ഡ്യന്‍ യൂണിയന്‍ മുസ്ലീം ലീഗ് തൃശൂര്‍ ജില്ലാ വൈസ് പ്രസിഡന്റിന്റെ പോസ്റ്റാണ്.
മതികെട്ടാനിലെ ചോലവനങ്ങളുടെ നശീകരണത്തിനെതിനെതിരെയും മറ്റിതര പ്രകൃതി സംരക്ഷണ പ്രവര്‍ത്തനങ്ങളിലും കൊക്കോകോള സമര പ്രവര്‍ത്തനങ്ങളിലും മറ്റുമുള്ള അച്യുതാനന്ദന്റെ ഇടപെടല്‍ ഒരു ജനകീയ രാഷ്ട്രീയമാണെന്നും അത് ജനങ്ങള്‍ക്ക് മനസിലായെന്നും എന്നാല്‍ അദ്ദേഹത്തിന്റെ പാര്‍ട്ടിക്കത് മനസിലായില്ലെന്നും പരിസ്ഥിതി – ജനകീയ പ്രവര്‍ത്തകരുടെ ശബ്ദമാണ് മാധ്യമങ്ങളിലെ മറ്റൊരു ശ്രദ്ധേയമായ അച്യുതാനന്ദന്‍ പര്‍വത്തിലെ വിഷയം.
ഏറ്റവും ഒടുവിലായി അച്യതാനന്ദനും സി.പി.ഐ.എം. ഉം മുഖാമുഖം നില്ക്കുന്ന അച്യുതാനന്ദന്‍ അക്കാലത്തെ പാര്‍ട്ടി സെക്രട്ടറി പ്രകാശ് കാരാട്ടിന് അയച്ച കത്തും വിവാദങ്ങളും ചില മാധ്യമങ്ങള്‍ ഉയര്‍ത്തുന്നുണ്ട്. മേല്‍ പറഞ്ഞ വിഷയങ്ങളിലെല്ലാം സി. പി.ഐ. എം ന്റെയും അതിന്റെ രാഷ്ട്രീയത്തിന്റേയും സമീപനങ്ങളും നിലപാടുകളുമാണ് അച്യുതാനന്ദന്‍ ജനശ്രദ്ധയ്ക്ക് വിധേയമാക്കിയതെന്ന് പരോക്ഷമായി പരിസ്ഥിതി – ജനകീയ പ്രവര്‍ത്തകരും ചില മാധ്യമ പ്രവര്‍ത്തകരും ഉന്നയിക്കുന്നതെന്ന് സുവ്യക്തമാണ്. എന്നാല്‍ അത്തരം സംയമനങ്ങളുടേയും നിലപാടുകളുടേയും പിന്നിലുളള ആശയാടിത്തറകളുടേയും ലെനിനിസം എന്നു പറയുന്ന ഒരു തത്വ സംഹിതയില്‍ കെട്ടിപ്പടുത്ത പാര്‍ട്ടി സംഘടനയും ഉയര്‍ത്തുന്ന മൗലീകമായ ചോദ്യങ്ങള്‍ക്ക് ഉത്തരം കണ്ടെത്തുന്നുണ്ടോയെന്ന് സംശയിക്കാവുന്നതാണ്.
ഡീകോഡിംഗ് അച്യുതാനന്ദന്‍ പര്‍വം
അച്യുതാനന്ദനെ വിശകലനം ചെയ്യുമ്പോള്‍ രണ്ട് അച്യുതാനന്ദന്‍മാരെ നമുക്ക് കാണേണ്ടിവരുന്നു. ഒന്നാമതായി ആദ്യ ഘട്ടത്തിനുമുമ്പുള്ള സി.പി.ഐ.എം. ലും പൊതുവായി കമ്മ്യൂനിസ്റ്റ് പ്രസ്ഥാനത്തിലും വഹിച്ച ചെറിയ പ്രവര്‍ത്തകന്റേയും പിന്നീട് നേതാവിന്റേയും പങ്കുള്ള അച്യുതാനന്ദന്‍. രണ്ടാമതായി പിണറായിയും പിണറായിയുടെ ഗ്രൂപ്പുമായി സി.പി.ഐ.എം. ല്‍ നേര്‍ക്കുനേര്‍ യുദ്ധം ചെയ്ത അച്യുതാനന്ദനും അച്യുതാനന്ദന്‍ ഗ്രൂപ്പും പിന്നീട് ഗ്രൂപ്പ് പിരിച്ചുവിട്ട് ഒരു തുറന്ന ദ്വന്ദ്വയുദ്ധത്തിലെന്നപോലെ ഒറ്റയ്ക്ക് പട നയിച്ച അച്യുതാനന്ദന്‍. ആ രണ്ട് അച്യുതാനന്ദന്‍മാര്‍ തമ്മിലുള്ള വൈരുദ്ധ്യമാണ് അച്യുതാനന്ദന്‍ പര്‍വത്തിലെ ഡീകോഡിംഗിന് വിധേയമാകേണ്ട ഒരു വിഷയം. എന്നാല്‍ ഇക്കാര്യത്തില്‍ മാധ്യമങ്ങളും കമ്യൂനിസ്റ്റ് ആരാധകരിലെ ഒരു വിഭാഗവും ആ പ്രശ്‌നത്തെ കണ്ടില്ലെന്ന ഭാവത്തില്‍ കാല്പനികമായി രണ്ടാം ഘട്ടത്തിലെ അച്യുതാനന്ദനെ വൈകാരികത ഉണര്‍ത്തിയും കാല്പനികമായും പര്‍വതീകരിക്കുകയാണ്. തീര്‍ച്ചയായും രണ്ടാം ഘട്ടത്തിലെ വ്യക്തി രാഷ്ട്രീയക്കാരുടെ ഇടയില്‍ വളരെ ഉയരത്തിലാണ് നില്ക്കുന്നത് എന്നത് മറ്റൊരു കാര്യം.
ആ കാല്പനികതയില്‍ പരിശോധന കൂടാതെ കടത്തിയെടുക്കുന്ന വസ്തുത പുന്നപ്ര, വയലാര്‍ സമരത്തിന്റെ സത്യസന്ധമായ വിലയിരുത്തലും കേരളത്തിലെ സാമൂഹിക, സാമ്പത്തിക, രാഷ്ട്രീയ മാറ്റത്തില്‍ അത് വഹിച്ച പങ്കുമാണ് . തിരുവിതാംകൂറില്‍ 1940 കാലഘട്ടത്തിലെ മാറ്റത്തിന്റെ രാഷ്ട്രീയം ദേശീയതയില്‍ ഊന്നിയ അന്തര്‍ദ്ദേശീയതയ്ക്ക് പ്രമുഖ്യം നല്കിയ സോഷ്യലിസ്റ്റ് വിഭാഗവും അന്തര്‍ദേശീയ വാദികളുടെ പരിവേഷത്തോടെ നിലയുറപ്പിച്ച കമ്യൂനിസ്റ്റുകളും തമ്മില്‍ കടുത്ത മത്സരവേദിയായിരുന്നു. ആ പശ്ചാത്തലം അക്കാലത്തെ തിരുവിതാംകൂര്‍ രാഷ്ട്രീയത്തിലെ സംഭവഗതികളെ ഒരുപാട് സ്വാധീനിച്ചിട്ടുണ്ട്.
തിരുവിതാംകൂര്‍ പശ്ചാത്തലത്തിലെ രാഷ്ട്രീയ ഉരുത്തിരിയല്‍
.
തിരുവിതാംകൂറിലും കൊച്ചിയിലും ഉണ്ടായ ജാതിവിരുദ്ധ മുന്നേറ്റങ്ങള്‍ പ്രത്യേകിച്ച് തെക്കന്‍ തിരുവിതാംകൂറിലെ സ്ത്രീകളുടെ മാറുമറക്കല്‍ സമരം, അയ്യാ സ്വാമികള്‍, ശ്രീനാരയണ ഗുരു, അയ്യന്‍കാളി, പാമ്പാടി ജോണ്‍ ജോസഫ്, പൊയ്കയില്‍ കുമാരഗുരു, പാണ്ഡിറ്റ് കെ.പി. കറുപ്പന്‍ തുടങ്ങിയവരുടെ അജയ്യമായ പോരാട്ടംകലര്‍ന്ന പ്രവര്‍ത്തനങ്ങള്‍ക്കും അതിനും മുമ്പ് ലത്തീന്‍ സഭയുടെ അവതരണം, ജാതിയേയും ജാത്യാചാരങ്ങളേയും നിരോധിച്ച ഉദയംപേരുര്‍ സൂനഹദോസ്, വിദേശ ആധിപത്യത്തിനെതിരെ പരമ്പരാഗത ക്രൈസ്തവ സമുദായത്തില്‍ നിന്നുണ്ടായ സംഘര്‍ഷം, ചാവറ കുര്യാക്കോസ് ഏലിയാസ് അച്ചന്റെ പ്രവര്‍ത്തനങ്ങള്‍ പ്രത്യേകിച്ച് വിദ്യാഭ്യാസ രംഗത്ത് വരുത്തിയ മാറ്റങ്ങള്‍ എന്നിവയെല്ലാം പിന്നാക്ക, ദലിത, ക്രിസ്ത്യന്‍, മുസ്‌ലീം സമുദായങ്ങള്‍ക്കിടയില്‍ ജാതിവിരുദ്ധമായ അവബോധവും ഉണര്‍വും നേടിക്കൊടുത്തു. പൊതുവായി പറഞ്ഞാല്‍ അതുവരെ ഈശ്വരസൃഷ്ടമായ ജാതിയും അതിന്റെ ആചാരങ്ങളും ഒരു സാമൂഹിക സമ്മതി പോലെ കേരള സമൂഹത്തില്‍ സ്വീകാര്യമായിത്തീര്‍ന്നു. ആ സങ്കല്പത്തിനാണ് അടിവേര് ഇളകുന്ന തരത്തില്‍ ഉലച്ചില്‍ ഉണ്ടായതും ഓരോന്നോരോന്നായി തുടര്‍ച്ചയായി സംഭവങ്ങള്‍ ഉണ്ടായതും ശൂദ്ര ജനത ( നായര്‍ സമുദായം ) തങ്ങളുടെ പ്രതിനിധ്യം സര്‍ക്കാര്‍ സര്‍വ്വീസില്‍ ഉറപ്പിക്കുവാന്‍ ശ്രമിച്ച മലയാളി മെമ്മോറിയല്‍ എന്നറിയപ്പെടുന്ന നിവേദനവും തീരുമാനങ്ങളും തിരുവിതാംകൂറില്‍ മാറ്റത്തിന്റെ പുതിയ കാറ്റ് ജാതിമേധാവികളായ (പരദേശി) ബ്രാഹ്മണ കുത്തകയാണ്. ആ ബ്രാഹ്മണ കുത്തകയാല്‍ നിഷേധിക്കപ്പെട്ട അവസരങ്ങളില്‍ പഴുതുണ്ടാക്കി. 1920 ലെ വൈക്കം സത്യാഗ്രഹവും മേല്‍ജാതി കീഴ്ജാതി ഭേദമന്യേ കേരളത്തില്‍ പൊതുവായി മാറ്റം ആഗ്രഹിക്കുന്ന ജനങ്ങളുടെ ഒരു ഐക്യം രൂപപ്പെട്ടു വന്നു. അടുത്തതായി ഈഴവ, ക്രിസ്ത്യന്‍, മുസ്ലീം സമുദായങ്ങളാണ് ജാതി വിവേചനത്തിന്റെ കെട്ടുകള്‍ അഴിക്കുന്ന മുന്നേറ്റമുണ്ടാക്കിയത്. നിവര്‍ത്തനപ്രക്ഷോഭം എന്നറിയപ്പെട്ട ആ മുന്നേറ്റത്തിലാണ് ആ സമുദായങ്ങള്‍ക്ക് ആദ്യമായി പ്രാതിനിധ്യം ഉറപ്പായത്.
ഈഴവ, ക്രിസ്ത്യന്‍, മുസ്ലീം അവസര സമത്വത്തിനുവേണ്ടിയുള്ള നിവര്‍ത്തന പ്രക്ഷോഭം ഒരു മഹാ ചലനമാണ് ഉണ്ടാക്കിയത്. അയ്യന്‍ങ്കാളി, പണ്ഡിറ്റ് കെ. പി. കറുപ്പന്‍, പാമ്പാടി ജോണ്‍ ജോസഫ്, പൊയ്കയില്‍ കുമാരഗുരു തുടങ്ങിയവരുടെ പ്രവര്‍ത്തനങ്ങള്‍ സമൂഹത്തിന്റെ അടിത്തട്ടില്‍ ചലനങ്ങള്‍ ഉണ്ടാക്കിയെങ്കില്‍ താരതമ്യേന അല്പം മേല്‍ത്തട്ടില്‍ ആയിരുന്നവരുടെ ആ മഹാചലനം താഴേക്കും മോളിലേക്കുമായി ജാതിവിരുദ്ധ ചിന്തകളും മുന്നേറ്റ മനോഭാവത്തേയും സമൂഹത്തില്‍ പ്രബലമാക്കി. ശ്രീ നാരയണഗുരു എന്ന മഹാപുരുഷന്‍ മലബാറില്‍ താരതമ്യേന കുറഞ്ഞ അളവിലാണെങ്കിലും
കേരളത്തിലൊട്ടാകെ ജാതിവിരുദ്ധതയുടെ പശ്ചാത്തലം ഉണ്ടാക്കിയ സാഹചര്യത്തിലാണ് തിരുവിതാംകൂറില്‍ നിവര്‍ത്തനപ്രക്ഷോഭം മഹാസംഭവമായി ഉരുത്തിരിഞ്ഞത്. നിവര്‍ത്തനപ്രക്ഷോഭത്തില്‍ തിരുവിതാംകൂര്‍ സ്റ്റേറ്റ് കോണ്‍ഗ്രസിലേയും ചെറുതായിരുന്ന പുരോഗമനപ്രസ്ഥാനങ്ങളിലേയും വലിയ നേതാക്കള്‍ അതില്‍ അണിനിരന്നാല്‍ഉണ്ടാകുമായിരുന്ന മാറ്റത്തിന്റെ ശക്തി വിവരാണാതീതമാണ്. എന്നാല്‍ സാമൂഹിക സമത്വം രാഷ്ട്രീയ അജണ്ടയാക്കുന്നതില്‍ ജനാധിപത്യ, പുരോഗമന നിലപാടുകള്‍ പരാജയപ്പെട്ടതായാണ് കാണിക്കുന്നത്.
ദി ക്രിട്ടിക് ഫേസ് ബുക്ക് പേജ് ലൈക്ക് ചെയ്യുക
1990 ലെ മണ്ഡല്‍ കമ്മീഷന്‍ റിപ്പോര്‍ട്ട് നടപ്പിലാക്കുന്ന പ്രഖ്യാപനത്തിനെതിരെ ഉത്തരേന്ത്യയില്‍ നടന്ന സമരാഭാസത്തിന്റെയും മണ്ഡല്‍ റിപ്പോര്‍ട്ട് നടപ്പിലാക്കണമെന്നാവശ്യപ്പെട്ടുമുള്ള പശ്ചാത്തലത്തില്‍ അന്നത്തെ ലോഹ്യ വിചാരവേദി പ്രവര്‍ത്തകരായ ഞങ്ങള്‍ തിരുവനന്തപുരത്ത് ഒരു മാണ്ഡല്‍ പ്രചാരണ സമിതി ഉണ്ടാക്കുകയുണ്ടായി. അതിന്റെ ഭാഗമായി സംഘടപ്പിച്ച യോഗത്തില്‍ കോണ്‍ഗ്രസ് നേതാവും എഴുത്തുകാരനും മുതിര്‍ന്ന പത്രപ്രവര്‍ത്തകനുമായ എ. പി. ഉദയഭാനു പറയുകയുണ്ടായി, 1930 ലെ നിവര്‍ത്തനപ്രക്ഷോഭത്തെ കോണ്‍ഗ്രസ്‌കാരായ തങ്ങളെല്ലാം എതിര്‍ക്കുകയാണ് ചെയ്തതെന്നും എന്നാല്‍ അത് ശരിയായിരുന്നില്ലെന്ന് കാലം തെളിയിച്ചതായുംഅദ്ദേഹം പറഞ്ഞത് സാന്ദര്‍ഭികമായി ഓര്‍മ്മിക്കുന്നു. എന്നാല്‍ സ്റ്റേറ്റ് കോണ്‍ഗ്രസിലേയും പുരോഗമനവാദികളിലേയും പ്രത്യയശാസ്ത്ര തിമിരം ബാധിക്കാത്തവരും മേല്‍ജാതി അടിമത്തം ആഗ്രഹിക്കാത്തവരുമായ എല്ലാവരും നിവര്‍ത്തനപ്രക്ഷോഭത്തേയും അതിന്റെ അനുരണനങ്ങളേയും മാനസികമായി പിന്തുണച്ചവരാണ്. ആ സാമൂഹിക ചലനത്തിന്റെ പരിണിതിയാണ് തിരുവനന്തപുരത്തെ വിദ്യാര്‍ത്ഥിപ്രക്ഷോഭവും രാഷ്ട്രീയ മുന്നേറ്റവും. ദേശീയ പ്രസ്ഥാനത്തില്‍ ജനങ്ങള്‍ വിപുലമായ തോതില്‍ അണിനിരന്നതുപോലെ സോഷ്യലിസ്റ്റ് പ്രസ്ഥാനത്തിലും നല്ല തോതില്‍ ജനപിന്തുണ ആര്‍ജ്ജിക്കുകയുണ്ടായി. അക്കാലത്ത് പി.പി. വിന്‍സണ്‍, എന്‍. ശ്രീകണ്ഠന്‍നായര്‍, മത്തായി മാഞ്ഞൂരാന്‍, റ്റി. കെ. ദിവാകരന്‍, കെ. പങ്കജാക്ഷന്‍ തുടങ്ങിയ എല്ലാ വിഭാഗം സോഷ്യലിസ്റ്റുകളും ഒന്നിച്ചായിരിക്കുകയും തൊഴിലാളി സംഘടനാ പ്രവര്‍ത്തനങ്ങളില്‍ കമ്യൂനിസ്റ്റുകാരോട് കിടപിടിക്കുന്ന രീതിയില്‍ ബലവത്താകുകയും ചെയ്തിരുന്നു.
പുന്നപ്ര – വയലാര്‍ സമരത്തിലും കമ്യൂനിസ്റ്റ് പ്രസ്ഥാനത്തിലും പിന്തള്ളപ്പെടുന്ന സാമൂഹിക ഐക്യം
സാമ്രാജ്യാധിപത്യം പുലര്‍ത്തിയ ബ്രിട്ടനെതിരായ ക്വിറ്റിന്ത്യാ സമരം ദേശീയതലത്തില്‍ സോഷ്യലിസ്റ്റുകളെ വിപ്ലവകാരികളെന്ന നിലയില്‍ കൂടുതല്‍ ആര്‍ജ്ജവവുമുള്ളവരും ദേശീയ പ്രതിജ്ഞാബദ്ധതയുള്ളവരുമായ ഒരു പരിവേഷം ഉണ്ടാക്കിയിരുന്നു. ആ സാഹചര്യത്തിന്റെ പശ്ചാത്തലത്തിലാണ് തിരുവിതാംകൂറില്‍ ഒരു ദേശീയ പൊതു പണിമുടക്ക് കോണ്‍ഗ്രസിലെ സി. കേശവന്‍ വിഭാഗവും സോഷ്യലിസ്റ്റുകളും കമ്യൂനിസ്റ്റുകളും എല്ലാം ചേര്‍ന്ന് ആസൂത്രണം ചെയ്തത്. എന്നാല്‍ ഓരോ കാലത്തും എല്ലാ നാടുകളിലും സ്വന്തമായി ആധിപത്യമുറപ്പിക്കാന്‍ കമ്യൂനിസ്റ്റുകള്‍ തനതായ വിഭാഗീയ നിലപാട് സ്വീകരിച്ചിട്ടുണ്ട്. രാജ്യം അടിമത്വം പേറിയിരിക്കുമ്പോള്‍ ജനങ്ങള്‍ ഒന്നാകെ അതിനെതിരെ അതിശക്തമായ ക്വിറ്റിന്ത്യാ സമരം ഒറ്റുകൊടുത്തവരെന്ന് ദുഷ്‌പേര് മാറ്റിയെടുക്കുവാന്‍ കമ്യൂനിസ്റ്റുകള്‍ ഏറെ പണിപ്പെടേണ്ടിയിരിക്കുന്നു. അപ്രകാരമാണ് കൂട്ടായി പ്രഖ്യാപിച്ച പൊതു പണിമുടക്കിന് മുമ്പേകയറി ഒരു സമരത്തിന് വിഭാഗീയമായി തീരുമാനിച്ചത്. ക്വിറ്റിന്ത്യാ സമരം കമ്യൂനിസ്റ്റുകള്‍ക്കുണ്ടാക്കിയ രാഷ്ട്രീയമായ തിരിച്ചടി അത്ര വലിയ തോതില്‍ ശക്തമായിരുന്നു. അതുകൊണ്ടാണ് തിരുവിതാംകൂറില്‍ മേല്‍ക്കൈ നേടണമെന്ന ഉദ്ദേശ്യത്തോടെ കമ്യൂനിസ്റ്റുകള്‍ തനതും വിഭാഗീയവുമായ ആ സമരപരിപാടി സംഘടിപ്പിക്കുവാന്‍ തീരുമാനിച്ചത്. അതാണ് കമ്യൂനിസ്റ്റ് പാര്‍ട്ടിയെ പുന്നപ്ര, വയലാറിലെ പാവപ്പെട്ടവരും തൊഴിലാളികളുമായ ജനങ്ങളെ നിറതോക്കുകള്‍ക്കു മുമ്പില്‍ നിഷ്പ്രഭമാകുന്ന വാരിക്കുന്തം നല്കി പോരാടി പ്രേരിപ്പിച്ചതും അവരെ ബലി നല്കുവാനിടയാക്കിയതും. ആ സമരത്തിന്റെ പരിപാടികള്‍, പൊതുവായി ഉരുത്തിരിഞ്ഞ പൊതുപണിമുടക്കിന്റെ രാഷ്ട്രീയ പരിപാടികളേക്കാള്‍ കാതലായ വ്യത്യാസം ഇല്ലാത്തതിനാലും ജനങ്ങളുടെ ത്യാഗവും സമര്‍പ്പണവും അതുല്യമായിരുന്നതിനാലും എത്രമാത്രം അതിന്റെ നേതാക്കള്‍ വഞ്ചനാപരമായി പെരുമാറിയാലും ആ സമരം മഹത്തരമായിത്തീര്‍ന്നു. ആ സമരത്തിന്റെ ജനവഞ്ചനയെ തുറന്ന് കാണിച്ച് ‘ വഞ്ചിക്കപ്പെട്ട വേണാട് ‘ എന്ന പുസ്തകത്തില്‍ അന്ന ത്തെ സോഷ്യലിസ്റ്റ് നേതാവ് എന്‍. ശ്രീകണ്ഠന്‍നായര്‍ വിശദീകരിച്ചിട്ടുണ്ട് . പിന്നീട് അനവധിയായ ചരിത്ര പഠനങ്ങളും അത് സംബന്ധിച്ച് ഉണ്ടായിട്ടുണ്ട്. എന്നാല്‍ കമ്യൂനിസ്റ്റ് പ്രസ്ഥാനത്തിന് അന്തര്‍ദേശീയ പരിവേഷവും സോഷ്യലിസ്റ്റ് പ്രസ്ഥാനത്തിന്റെ ശിഥിലീകരണവും നിമിത്തം അത് പൊതുസമൂഹത്തില്‍ വേണ്ടത്ര ചര്‍ച്ചയായില്ല. പാവപ്പെട്ട തൊഴിലാളികളെ ബലികൊടുത്ത് നേടിയ സമരപരിവേഷം സമരത്തിന്റെ നായകനും തിരുവിതാംകൂര്‍ കമ്യൂനിസ്റ്റ് പാര്‍ട്ടിയുടെ സെക്രട്ടറിയുമായിരുന്ന ദലിത സമൂഹത്തില്‍ നിന്നുള്ള കുന്തക്കാരന്‍ പത്രോസ് എന്നറിയപ്പെട്ട കെ.വി. പത്രോസ് അവഗണിക്കപ്പെട്ട് പാര്‍ട്ടിക്ക് പുറത്തായപ്പോള്‍ മേല്‍ജാതി വിഭാഗങ്ങളില്‍പ്പെട്ട കേരളത്തിലെ കമ്യൂനിസ്റ്റ് നേതാക്കള്‍ അധികാരത്തിന്റെ ശ്രേണിയിലേയ്ക്ക് ഗോവണിവച്ച് കയറുന്ന തിരക്കിലായിരുന്നു. ദലിത, പിന്നാക്ക ജനത സാമൂഹിക സമത്വത്തിന് വേണ്ടി ഉണ്ടാക്കിയ മുന്നേറ്റങ്ങള്‍ കമ്യൂനിസ്റ്റ് പാര്‍ട്ടിയുടെ നേതൃത്വത്തില്‍ ഉണ്ടായതായി നടിക്കുന്ന കപട സാമൂഹിക ഐക്യത്തിന്റെ ബലിവേദിയില്‍ അത് ഹോമിക്കപ്പെടുകയും ചെയ്തു.
പട്ടം മന്ത്രിസഭയ്ക്ക് ശേഷം ലെ സി. കേശവന്‍ തിരു-കൊച്ചി മുഖ്യമന്ത്രി ആയിരുന്നപ്പോള്‍ കാഞ്ഞിരപ്പള്ളിയിലെ ക്രൈസ്തവനായ ഒരു തോട്ടമുടമയുടെ സാമൂഹിക പ്രത്യാഘാതങ്ങള്‍ ഉണ്ടാക്കുന്നതും തെറ്റായതുമായ പ്രവര്‍ത്തിമൂലം സംഭവിച്ച ശബരിമല ക്ഷേത്രത്തിന് തീ വച്ച സംഭവത്തെ പിന്നീട് 1957 ലെ പൊതു തെരഞ്ഞെടുപ്പില്‍ മുതലെടുക്കുവാന്‍ കമ്യൂനിസ്റ്റ് പാര്‍ട്ടി തുനിഞ്ഞത് എന്തുകൊണ്ടാണെന്ന് ഇന്നും ഉത്തരം കിട്ടാത്ത ഒരു പ്രധാന ചോദ്യവും കേരളത്തിന് മുന്നിലുണ്ട്. അന്നത്തെ കേരളാ കമ്യൂനിസ്റ്റ് പാര്‍ട്ടിയുടെ സെക്രട്ടറിയായിരുന്ന എം. എന്‍. ഗോവിന്ദന്‍ നായരും സമുദായ നേതാവ് മന്നത്ത് പത്മനാഭനും തമ്മിലുണ്ടാക്കിയ ഉടമ്പടിയുടെ ഭാഗമാണ് 57 ലെ കമ്യൂനിസ്റ്റ് പാര്‍ട്ടിയുടെ വിജയം ഉറപ്പിച്ചത്. അന്ന് ഉരുത്തിരിഞ്ഞ സാമൂഹിക ഐക്യത്തിന്റെ വില നല്കിയാണ് തെരഞ്ഞെടുപ്പില്‍ കമ്യൂനിസ്റ്റുകള്‍ വിജയം നേടിയതും അടിത്തറ ഉണ്ടാക്കുവാന്‍ ശ്രമിച്ചതും. എന്നാല്‍ അത് കേരള സമൂഹത്തില്‍ അനൈക്യത്തിന്റെ വിത്ത് വിതയ്ക്കുകയാണ് ചെയ്തത്. സാംസ്‌കാരികമായി ക്രൈസ്തവ വിരുദ്ധമായ ഒരു കേരളം അതില്‍ നിന്നാണ് രൂപം കൊണ്ടത്. അത് പിന്നീടും ആവശ്യംപോലെ കമ്യൂനിസ്റ്റുകള്‍ ഉപയുക്തമാക്കിയിട്ടുണ്ട്. 1957 ലെ കമ്യൂനിസ്റ്റ് സര്‍ക്കാരിനെ വിലയിരുത്തികൊണ്ട് ഡോ. ലോഹ്യ എഴുതിയ കുറിപ്പില്‍, ‘ കോണ്‍ഗ്രസ് ക്രിസ്ത്യന്‍ അഭിലാഷങ്ങളേയും കമ്യൂനിസ്റ്റുകള്‍ ഹിന്ദു അഭാലാഷങ്ങളേയും പ്രതിനിധീകരിക്കുന്നുവെന്ന് ‘ പ്രസ്താവിച്ചത് ആ പശ്ചാത്തലത്തിലാണ്. അതിനുപുറമേ സാമൂഹിക സമത്വ വിഷയം ചവിട്ടി താഴ്ത്തപ്പെട്ടതും ജാതിതാല്പര്യ ശക്തികളുടെ ലക്ഷ്യപൂര്‍ത്തീകരണവുമായിരുന്നു. കമ്യൂനിസ്റ്റുകള്‍ പ്രത്യേകിച്ച് അവരുടെ നേതാവ് ഇ. എം. എസ്. നമ്പൂതിരിപ്പാട് ഉയര്‍ത്തിയ ജാതി സംവരണ വിരുദ്ധ നിലപാടുകള്‍ കമ്യൂനിസ്റ്റുകളുടെ സാമൂഹിക പക്ഷപാതം അടിവരയിടുന്നതാണ് . ഇ.എം. എസ്. സര്‍ക്കാരിന്റേയും 1967 ലെ സര്‍ക്കാരിന്റേയും സംവരണവിരുദ്ധ നയങ്ങള്‍ തികച്ചും സാമൂഹിക വിരുദ്ധവും പിന്തിരിപ്പനുമായിരുന്നു.
പുന്നപ്ര, വയലാര്‍ കമ്യൂനിസ്റ്റ് സമരനേതൃത്വത്തിന്റെ ജനവഞ്ചന തുറന്നു കാണിച്ചുകൊണ്ടുള്ള എഴുത്തുകളും സമരത്തിന്റെ അതുല്യ നേതാവുമായ ദലിത സമൂഹത്തില്‍നിന്നുള്ള കെ. വി. പത്രോസിന്റെ അവഗണനയും പാര്‍ട്ടിക്ക് പുറത്താകലും സമൂഹത്തില്‍ ഉന്നയിക്കപ്പെട്ടെങ്കിലും കമ്യൂനിസ്റ്റുകള്‍ തൃപ്തികരമായ മറുപടിയൊന്നും നല്കിയിട്ടുമില്ല. സമരത്തിന്റെ ത്യാഗോജ്വലതയും നേതാക്കളുടെ പര്‍വതീകരിച്ച വാഗ്മയങ്ങളും നിരത്തുക മാത്രമാണ് അവര്‍ ചെയ്യുന്നത്.
ഒന്നാം പര്‍വം – ത്യാഗോജ്വലനും ധീരനുമായ നേതാവ്.
പുന്നപ്ര, വയലാര്‍ സമരകാലത്ത് വി. എസ്. അച്യുതാനന്ദന്‍ പ്രമുഖനായ ഒരു നേതാവായിരുന്നില്ല. എന്നാല്‍ പിന്നീട് സ്വന്തമായ ഇഛാശക്തികൊണ്ടും സമര്‍പ്പണം കൊണ്ടും കമ്യൂനിസ്റ്റ് പ്രസ്ഥാനത്തിന്റെ സംഘടനാ രംഗത്ത് പടിപടിയായി ഉയരുകയായിരുന്നു. ഒന്നാം ഘട്ടം ആദ്യകാലത്തെ കമ്യൂനിസ്റ്റ്കാരുടെ മേല്‍ജാതി പക്ഷപാതിത്തം അബോധമായി നിലനില്ക്കുന്നത്, മനസിലാക്കാനുള്ള ധൈഷണികവും സംഘടനാപരവുമായ മേധാശക്തി അദ്ദേഹത്തിനുണ്ടായിരുന്നില്ല. ആ കാലഘട്ടത്തില്‍ അച്യുതാനന്ദന്‍ അതു മനസിലാക്കാന്‍ കഴിയാതെ പോയതില്‍ ആരും ഒരു പോരായ്മയും കണ്ടത്തുകയില്ല. തൊഴിലാളി വര്‍ഗ്ഗ സര്‍വ്വാധിപത്യം എന്ന ധാര്‍ഷ്ട്യത്തിന്റെ പ്രത്യയശാസ്ത്ര അന്ധതതയില്‍ ഇന്‍ഡ്യയിലെ കമ്യൂനിസ്റ്റുകള്‍ ഇരുട്ടത്തായിരുന്നു. സാമൂഹികമായി പിന്നാക്കാവസ്ഥയിലുള്ള ദലിത, പിന്നാക്ക ജനവിഭാഗങ്ങളുടെ സവിശേഷമായ അധികാര പങ്കാളിത്തം, അസംഘടിത മേഖലയിലുള്ള ബഹുഭൂരിപക്ഷം പണിയെടുക്കുന്നവരുടെ സമത്വത്തിലേക്ക് നയിക്കുന്ന സാമ്പത്തികമായ ഉന്നമനത്തിന്റെ രാഷ്ട്രീയ പരിപാടികള്‍, ഗ്രാമങ്ങളിലെ കര്‍ഷകരുടെ അധ്വാനമൂല്യം ചൂഷിതമാകുന്ന അവസ്ഥ എന്നിവയെ കുറിച്ച് ഇന്നും പ്രത്യയശാസ്ത്രപരമായി ഇരുട്ടില്‍ പരതുന്ന സ്ഥിതിവിശേഷത്തിലാണല്ലോ. അക്കാലത്തെ കമ്യൂനിസ്റ്റുകാര്‍ സോഷ്യലിസ്റ്റുകാരെപ്പോലെ ജാതിയുടെ അടിത്തട്ടിലുള്ള ജനവിഭാഗങ്ങളെ സംഘടിപ്പിച്ച് അവര്‍ക്ക് സാമ്പത്തിക അവകാശങ്ങള്‍ നേടിയെടുക്കുവീന്‍ നടത്തിയ പോരാട്ടങ്ങള്‍ അവരുടെ സാമൂഹികമായ അന്തസും നേടി കൊടുത്തത് അവരുടെ പൊതുവായ പരിപാടിയുടെ പാര്‍ശ്വമായി സംഭവിച്ചതാണ്. എന്നാല്‍ മുതലാളിത്തത്തിന്റെയും ജനാധിപത്യത്തിന്റെയും ക്രമേണയുള്ള വളര്‍ച്ച നേടുന്ന ഘട്ടത്തില്‍ അവയെല്ലാം നിഷ്പ്രഭമായി തീരുന്നതും വ്യക്തവും കൃത്യവുമായ പ്രത്യയശാസ്ത്ര ദിശാബോധത്തില്‍ സംഗതികള്‍ ചെയ്യാത്തതുകൊണ്ടാണ്. സാമൂഹികമായി പിന്നാക്ക അവസ്ഥയിലായവര്‍ അത്തരം സാമൂഹികമായ പിന്നാക്കവസ്ഥയില്‍ തുടരുന്നത് നമുക്കിന്ന് കാണുവാന്‍ കഴിയും.
ഇ. എം. എസ്. നമ്പൂതിരിപ്പാട്, സി. അച്യുതമേനോന്‍, എം. എന്‍. ഗോവിന്ദന്‍ നായര്‍, എ. കെ. ഗോപാലന്‍ (നമ്പ്യാര്‍), റ്റി. വി. തോമസ്, സി. ഉണ്ണിരാജ, കെ. സി. ജോര്‍ജ്, പി.റ്റി. പുന്നൂസ് എന്നിവരുടെ മേല്‍ജാതി നേതൃത്വത്തില്‍ അത്തരമൊരു സാമൂഹിക അവബോധം ഉണ്ടാകേണ്ടത് സ്വാഭാവികമായും കമ്യൂനിസ്റ്റ് നേതൃത്വത്തിന് അത്യാവശ്യമായിരുന്നില്ല. അതുകൊണ്ടു തന്നെയാണ് മറിച്ചൊരു രാഷ്ട്രീയ സാഹചര്യത്തിലാണെങ്കില്‍ നായകനായിത്തീരേണ്ട കെ. വി. പത്രോസിനെ മൂലക്കൊതുക്കുമ്പോള്‍ കമ്യൂനിസ്റ്റ് അണികളില്‍ ഒരു എതിര്‍ശബ്ദം പോലും ഉയരാതിരുന്നത്. എന്നാല്‍ അപ്പോഴേക്കും ജനാധിപത്യ പരീക്ഷണം ഒരു തന്ത്രമായി സ്വീകരിച്ചിരുന്ന കമ്യൂനിസ്റ്റ് പാര്‍ട്ടി പിന്നാക്ക ജാതികളില്‍ സംഖ്യാബലം കൂടുതലുള്ള സമുദായങ്ങളെ കൈയിലെടുക്കേണ്ടത് പ്രഖ്യാപിതമല്ലാത്ത അടവ് നയമായി സ്വീകരിച്ചിരുന്നു. അതിനാല്‍ സമര്‍പ്പണവും ഇച്ഛാശക്തിയും മാത്രം കൈമുതലായുള്ള അച്യുതാനന്ദന്‍ നിമിത്തവശാല്‍ രക്ഷപ്പെട്ടതാണ്. അപ്പോഴും ഏറ്റം പിന്നാക്കവസ്ഥയിലുള്ള ദലിത് സമൂഹത്തിലെ കെ. വി. പത്രോസിനെ അവര്‍ വളരാന്‍ വിട്ടില്ല. അദ്ദേഹം പുറത്താകുകയും ചെയ്തു.
1957 ലെ കമ്യൂനിസ്റ്റ് പാര്‍ട്ടിയുടെ മുഖ്യമന്ത്രിയായ ഇ. എം. എസ്. നമ്പൂതിരിപ്പാട് അദ്ദേഹം തന്നെ അധ്യക്ഷനായി ഭരണപരിഷ്‌കാര കമ്മിറ്റി രൂപികരിച്ച് ജാതിസംവരണം ഇല്ലാതാക്കാന്‍ നടത്തിയ ശ്രമം തടയുവാന്‍ അദ്ദേഹത്തിന്റെ സംഘടനയിലെ പ്രാമുഖ്യകുറവും പ്രത്യയശാസ്ത്രത്തിന്റെ ആഴമായ അവഗാഹത്തിന്റെ അഭാവവും തടസമായത് അച്യുതാനന്ദന് മാത്രമല്ല മറ്റ് ദലിത്, പിന്നാക്ക നേതാക്കളായ കെ. ആര്‍ ഗൗരിയമ്മ, പി. ഗംഗാധരന്‍, സി. എച്ച്. കണാരന്‍, പി. എസ്. ശ്രീനിവാസന്‍, വി.വി. രാഘവന്‍ തുടങ്ങിയ നേതാക്കള്‍ക്കൊന്നും സാധിച്ചില്ല. എതിര്‍പ്പിന്റെ നേരിയ ശബ്ദം പോലും ഉയരുന്നില്ല.
പിളര്‍പ്പിന്റെ വിടവില്‍ കരുത്തുമായി വളരുന്നു.
എന്നാല്‍ കമ്യൂനിസ്റ്റ് പാര്‍ട്ടിയില്‍ പിളര്‍പ്പുണ്ടായി സി.പി. ഐ. എം. രൂപം കൊടുക്കുകയും 1967 ലെ ചുരുങ്ങിയ കാലത്തെ അധികാരമൊഴിച്ചാല്‍ അവര്‍ പ്രതിപക്ഷാത്തായിരിക്കുകയും ചെയ്തതാണ് അച്യുതാനന്ദന് കാലുറപ്പിക്കാന്‍ ഇടയാക്കിയതും ബലവാനാക്കിയതും. കമ്യൂനിസ്റ്റ് പ്രസ്ഥാനത്തിന്റെ ഇന്‍ഡ്യയിലെ പ്രഖ്യാപിത നിലപാടുകളോട് അച്യുതാനന്ദന്‍ ഒരു വിശ്വാസിയെന്ന നിലയില്‍ എക്കാലവും കൂറു പുലര്‍ത്തി. അതിനാലാണ് 1967 ലേയും ഇ. എം. എസ്. സര്‍ക്കാരിന്റെ ജാതിപരമായ ഉച്ചനീചത്വങ്ങളില്‍ പരിവര്‍ത്തന പ്രതിഞ്ജാബദ്ധത ഉയര്‍ത്തിപിടിക്കാത്ത നിലപാട് ചോദ്യം ചെയ്യുവാന്‍ അച്യുതാനന്ദന്‍ മുന്നോട്ട് വരാതിരുന്നത്. എന്നാല്‍ മിച്ചഭൂമി സമരം പോലുള്ള സമരങ്ങളില്‍ ഉശിര് കാണിച്ചുംബഹുജന മുന്നേറ്റങ്ങളില്‍ പങ്കാളിയായും കോണ്‍ഗ്രസിന്റെ ജനവിരുദ്ധമായ നയങ്ങളിലുള്ള നിലപാട് ഉയര്‍ത്തിപിടിച്ചും അച്യുതാനന്ദന്‍ തന്റെ സ്ഥാനം ഒരു നേതാവെന്ന നിലയില്‍ സി.പി.ഐ.എം.-ല്‍ ഉറപ്പിക്കുകയായിരുന്നു. എന്നാല്‍ അച്യുതാനന്ദന് ഏതൊരു പാര്‍ട്ടിയിലുമെന്ന പോലെ കടുത്ത അധികാര മത്സരം നേരിടേണ്ടി വന്നു.
എന്നാലത് കമ്യൂനിസ്റ്റ് മഹാപുരോഹിതനെപ്പോലെ പെരുമാറിയ ഇ. എം. എസ്. നമ്പൂതിരിപ്പാടായിരുന്നു പ്രതിയോഗിയായി വന്നത്. എപ്പോഴും കമ്യൂനിസ്റ്റ് പാര്‍ട്ടിയില്‍ നിലപാടുകള്‍ക്കനുസരിച്ച് ഗ്രൂപ്പ് സമവാക്യങ്ങള്‍ മാറി മറയാറുണ്ട്. ഒരു ഘട്ടത്തില്‍ ഇ.കെ നായനാരും റ്റി. ശിവദാസമേനോനും എം. വി. രാഘവനും പി. വി. കുഞ്ഞിക്കണ്ണനും ഒരു ചേരിയിലും വി. എസ്. അച്യുതാനന്ദന്‍ മറുചേരിയിലുമായി വന്നു. അപ്പോള്‍ ഇ. എം. എസി ന്റെ നല്ല പിള്ളയായി അച്യുതാനന്ദന്‍ മാറി. എന്നാല്‍ രാഘവന്റെ പുറത്താക്കലോട് കൂടി അത് കെട്ടടങ്ങുകയും ഇ. എം. എസി ന്റെ നേതൃത്വത്തില്‍ സി.പി. ഐ.എം. ഒറ്റക്കെട്ടാണെന്ന് തോന്നിപ്പിച്ചു.
ദേശീയ രാഷ്ട്രീയത്തില്‍ മാറ്റം
കോണ്‍ഗ്രസ് നേതൃത്വത്തിന്റെ പാശ്ചാത്യ മുതലാളിത്ത ദാസ്യവൃത്തിയും അടിച്ചമര്‍ത്തലും കൂടി വന്ന് ജനങ്ങള്‍ ഏറ്റവും ഭയാനകമായി ഭരണത്തെ കാണുകയും അധികാരം നിലനിര്‍ത്തുവാന്‍ 1980 മുതല്‍ ഹിന്ദുത്വ ഫാഷിസ്റ്റ് ശക്തികളെ കൂടുതല്‍ കൂടുതല്‍ ആശ്രയിക്കുകയും അവരുടെ അജണ്ട ഏറ്റെടുക്കുകയും ചെയ്യുന്ന സാഹചര്യത്തിലായി രാജ്യത്തെ രാഷ്ട്രീയ കാലാവസ്ഥ. ബി.ജെ. പി യെപ്പോലും നാണിപ്പിക്കുന്ന തരത്തില്‍ കോണ്‍ഗ്രസ് ഹിന്ദുത്വ ഫാഷിസ്റ്റ് അജണ്ടയുമായി താദാത്മ്യപ്പെട്ടു. ദാരിദ്ര്യവും സാമൂഹിക സാമ്പത്തിക അസമത്വവും വര്‍ദ്ധമാനമാവുകയും മനുഷ്യാവകാശങ്ങള്‍ അടിച്ചമര്‍ത്തുകയും അഴിമതിയും സ്വജനപക്ഷപാതവും സമൂഹത്തെ കാര്‍ന്നു തിന്നുന്ന അവസ്ഥയും ജനങ്ങളുടെ ഭരണത്തോടുള്ള വെറുപ്പ് അതിന്റെ പാരമ്യത്തിലെത്തി. അപ്പോള്‍ എല്ലാ പ്രതിപക്ഷ ശക്തികളുടേയും ഐക്യ നിര ദേശീയതലത്തില്‍ കെട്ടിപ്പടുക്കുവാന്‍ നിര്‍ബന്ധിതമായി. ഭരണമാറ്റം അത്രയേറെ ഒഴിച്ചുകൂടാനാവാത്ത രാഷ്ട്രീയ സാഹചര്യമായിരുന്നത്.
1980 ല്‍ സമര്‍പ്പിക്കപ്പെട്ട 54% മറ്റു പിന്നാക്ക സമൂഹങ്ങളിലെ പ്രാതിനിധ്യം ഉറപ്പിക്കുന്ന 27 ശതമാനം സംവരണം ഒരു ദേശീയ രാഷ്ട്രീയ പ്രശ്‌നമായി ഉയര്‍ന്നു. എന്നാല്‍ കമ്യൂനിസ്റ്റുകളും കോണ്‍ഗ്രസും ബിജെപിയും ആ മുന്നേറ്റത്തിന് പുറത്തായിരുന്നു. ബഹുജന്‍ സമാജ് പാര്‍ട്ടിയും മറ്റു പിന്നാക്ക വിഭാഗ സംവരണം തങ്ങളെ ബാധിക്കുന്നതല്ല എന്ന നിലപാടാണ് കൈക്കൊണ്ടത്. എന്നാല്‍ ഉത്തരപ്രദേശിലും ബീഹാറിലുമെല്ലാം മുലായംസിംഗ് യാദവിന്റെയും, ലാലുപ്രസാദ് യാദവിന്റെയുമെല്ലാം നേതൃത്വത്തില്‍ പഴയ ലോക്ദള്‍ വിഭാഗങ്ങള്‍ ഒരു ദശകത്തോളമായി സമരപാതയിലായിരുന്നു. അതിന്റെ പാരമ്യവും കര്‍ഷകരുടെ വ്യവസ്ഥാപിത പാര്‍ട്ടികള്‍ക്ക് പുറത്ത് ഉരുണ്ട് കൂടിവന്ന സമരങ്ങളും പൊതുവേ പാവങ്ങളും ഗ്രാമീണ ജനതയും അസംതൃപ്തരായി കാണപ്പെട്ടതും ഒരു മാറ്റത്തിന്റെ അന്തരീക്ഷം സൃഷ്ടിച്ചു. സൈനികോപകരണങ്ങളും യുദ്ധ സന്നാഹങ്ങളും വാങ്ങുന്നതിലെ രാഷ്ട്രീയ അഴിമതി, അതിന്റെ പേരില്‍ ധനവകുപ്പ് മന്ത്രിയെ ആദ്യം പ്രതിരോധ വകുപ്പിലേക്കും പിന്നീട് അത് രാജിവെയ്ക്കുന്നതിലേയ്ക്കും നയിച്ചപ്പോള്‍ അതിന്റെ പിന്നിലുള്ള അഴിമതി, കര്‍ഷകരുടെ കടം എഴുതി തള്ളുന്ന ആവശ്യം, കാലഹണ്ഡി ജില്ലയില്‍ ആദിവാസികളുടെ ഇടയിലുണ്ടായ പട്ടിണി മരണങ്ങള്‍ തുടങ്ങിയവയെല്ലാം ചേര്‍ന്ന് ഇരുപത്തിയൊന്നാം നൂറ്റാണ്ടിലെത്തിക്കാമെന്ന വാഗ്ദാനം വെറും പൊള്ളയായി സാമാന്യ ജനങ്ങള്‍ക്കനുഭവപ്പെട്ടു. ഇവയെല്ലാം ഉയര്‍ത്തിയ മൗലിക പ്രത്വയശാസ്ത്ര പ്രശ്‌നവും രാഷ്ട്രീയപ്രശ്‌നവും സര്‍ഗ്ഗാത്മകമായി കമ്യൂനിസ്റ്റുകള്‍ നേരിട്ടില്ല. ആകെ അവര്‍ ഉയര്‍ത്തിയത് സംഘടിത മേഖലയിലെ പ്രശ്‌നങ്ങളും തൊഴിലാളി വര്‍ഗമെന്ന പേരിലെ അവരുടെ പണിമുടക്കുമാണ്. ചട്ടപ്പടി ആവര്‍ത്തിക്കുന്ന അത്തരം പരിപാടികള്‍ രാജ്യം നേരിടുന്ന ഒരു പ്രശ്‌നത്തോടും സര്‍ഗ്ഗാത്മകമായി പ്രതികരിക്കാന്‍ പര്യാപ്തമായില്ല. ഹിന്ദുത്വ ഫാഷിസ്റ്റുകളുടെ വളര്‍ച്ചയെ മാറ്റത്തിന്റെ ശക്തികളെ ഉണര്‍ത്തി നേരിടുന്നതിന് ഒരു ഊര്‍ജ്ജവും സിപിഐഎം പകര്‍ന്നില്ല. അതുകൊണ്ടാണ് ബിജെപിക്ക് കേവലം രണ്ട് സീറ്റ് 1984-ല്‍ ഉണ്ടായിരുന്നത്. അന്നത്തെ പ്രതിപക്ഷകക്ഷികള്‍ ബിജെപിയുമായി 1989-ല്‍ ധാരണയുണ്ടാക്കിയതെന്നും അത് ഇരുന്നൂറിലെത്തിയതെന്നും ആരോപിക്കുമ്പോള്‍ ശക്തമായ മറുപടിയില്ലാത്തത്.
എന്നാല്‍ സമാന്തരമായി ദലിത ജനതയുടെ ഒരു മുന്നേറ്റം ബഹുജന്‍ സമാജ് പാര്‍ട്ടിയിലൂടെ ഇന്‍ഡ്യയില്‍ ശക്തിപ്പെടുകയായിരുന്നു. ഒപ്പം ഭൂരിപക്ഷം വരുന്ന മറ്റു പിന്നാക്ക വിഭാഗങ്ങളുടെ മുന്നേറ്റവും സോഷ്യലിസ്റ്റ് പ്രസ്ഥാനത്തിന്റെ അപഭ്രംശമായി രൂപപ്പെട്ട പാര്‍ട്ടികളിലൂടെ മാന്‍ഡല്‍ കമ്മീഷന്‍ റിപ്പോര്‍ട്ട് നടപ്പിലാക്കുക എന്ന ഒരേയൊരു പരിപാടിയിലൂടെ മറ്റു പിന്നാക്ക സമുദായങ്ങളും സമരാത്മകമായി രൂപപ്പെട്ടു. വ്യവസ്ഥാപിത രാഷ്ട്രീയ കക്ഷികള്‍ക്ക് പുറത്ത് ‘കാര്‍ഷിക ബന്ധങ്ങളേക്കാള്‍’ ആദ്യമായി പ്രമുഖ്യം നേടി കാര്‍ഷിക ഉല്പന്നങ്ങളുടെ വിലയെ മുഖ്യമായും കേന്ദ്രീകരിച്ച് കര്‍ഷക മുന്നേറ്റങ്ങളും ശക്തമായിത്തീര്‍ന്നു. വികസനവും അതുണ്ടാക്കുന്ന മൗലികവുമായ പ്രശ്‌നങ്ങളും പ്രാദേശിക പരിസ്ഥിതി സംരക്ഷണ പ്രസ്ഥാനങ്ങളും സജീവമായി വന്നു. അവയെല്ലാം വ്യവസ്ഥാപിത രാഷ്ട്രീയത്തിന് മൗലികമായ പ്രത്യയശാസ്ത്ര വെല്ലുവിളികള്‍ ഉയര്‍ത്തി.
മുതലാളിത്തം വിജയിക്കുന്നു, ശാശ്വതമല്ല
അത്തരം ജനകീയ പ്രശ്‌നങ്ങളും പ്രത്യയശാസ്ത്രപരമായ വെല്ലുവിളികളും വ്യവസ്ഥാപിത ഇടതു പക്ഷത്തെയും സി. പി. ഐ. എം. നേയും അച്യുതാനന്ദനേയും അലട്ടിയില്ലെന്നുള്ളത് പ്രത്യേകം മനസിലാക്കേണ്ട സംഗതിയാണ്. അപ്പോഴെല്ലാം പരമ്പരാഗത കമ്യൂനിസ്റ്റ് ശൈലിയില്‍ അതിനോട് കൂറു പുലര്‍ത്തി ഒരു യാഥാസ്ഥിതികനായി തുടരുകയാണ് അച്യുതാനന്ദന്‍ ചെയ്തത്. എന്നാല്‍ അച്യുതാനന്ദനെ വിഭിന്നനാക്കുവാന്‍ മാത്രം തുടര്‍ന്നുണ്ടായ ആഗോളവല്ക്കരണത്തിന്റെ ഈ ഘട്ടം രാഷ്ട്രീയവും, സാമൂഹികവും, സാംസ്‌കാരികവും, സാമ്പത്തികവുമായി മുന്‍കാലങ്ങളില്‍ നിന്ന് തികച്ചും വിഭിന്നമായതാണ്. രാഷ്ട്രീയ രംഗം കനത്ത തോതില്‍ പ്രചാരണ തന്ത്രങ്ങളുടേയും മാധ്യമങ്ങളുടേയും ഒരു ഫലം മാത്രമാകുന്ന കാഴ്ച ഏറ്റവും വലിയ ദുരന്തവുമായിത്തീരുന്നു. സാംസ്‌കാരിക രംഗവും അതുപോലെ പ്രചാരണപരമായ ഘടകങ്ങളാല്‍ നിയന്ത്രിക്കപ്പെടുന്നു. പാശ്ചാത്യ ശക്തികളുടെ കടന്നുകയറ്റം അതിഭീകരമായി വ്യാപിച്ചിരിക്കുന്നു. മനുഷ്യ സ്വാതന്ത്ര്യത്തിന്റെ ഒരുപാട് തലങ്ങള്‍ വികസിതമാവുകയും വ്യക്തിയുടെ ആവിഷ്‌കാരത്തിലെ അതിരുകളില്ലാത്ത ലോകം തുറന്നുകിട്ടുന്ന ന•-കളും ഇതിനൊപ്പമുണ്ടെങ്കിലും അവയുടെ ന•-കള്‍ അനുഭവതലത്തില്‍ ഒരു ചെറിയ വൃത്തത്തിലേക്ക് ഒതുക്കുവാന്‍ പാകത്തിലുള്ള സമ്പദ്ഘടനയാണ്.
മുതലാളിത്തം മനുഷ്യ സ്വാതന്ത്യത്തെ പരിപൂര്‍ണ്ണതയില്‍ അനുഭവിക്കുന്ന ലോകം തീര്‍ക്കുന്നതായി ഭാവിക്കുന്നു. എന്നാല്‍ അതിനുവേണ്ടി മനുഷ്യ സമൂഹം അതിന്റെ മൂല്യങ്ങളെ ബലികഴിക്കാനും നിര്‍ബന്ധിതമാകുമ്പോള്‍ മനുഷ്യസ്വാതന്ത്യത്തെ ഒരു വലിയവിഭാഗത്തിന് കൂച്ചുവിലങ്ങിടുന്ന സ്ഥിതി വിശേഷം സംജാതമാകുന്നു. സ്വാതന്ത്യം, സമത്വം, സത്യസന്ധത, കാരുണ്യം, പരിഗണന, സ്‌നേഹം, നിസ്വാര്‍ത്ഥത, വിനയം, ലാളിത്യം തുടങ്ങിയ മൂല്യങ്ങളാണ് ചവിട്ടിമെതിക്കപ്പെടുന്നത്. തല്ഫലമായി രാഷ്ട്രീയത്തില്‍ വ്യക്തികള്‍ അമാനുഷരായി ഭാവിക്കുകയും അഴിമതി ഒരു പശ്ചാത്തലമായി വരികയും ചെയ്യുന്നത് ആരും എതിര്‍ക്കാത്ത പ്രതിഭാസമായി മാറുന്നു. എല്ലാം വന്‍തോതിലും അളവറ്റതായി തീരുമ്പോള്‍ അഴിമതിയും ആ തോതില്‍ തന്നെ രൂപം പ്രാപിക്കും.
കേരള രാഷ്ട്രീയത്തിലും പ്രതിഫലനം
കേരളരാഷ്ട്രീയവും അത്തരം പ്രവണതകളെ പുല്‍കുന്നത് ഈ നൂറ്റാണ്ടിന്റെ ആരംഭം പോലെ പൂര്‍ണതയിലാണ്. സ്വാഭാവികമായും കേരളത്തില്‍ സി.പി.ഐ. എം നിയന്ത്രിതമായ എല്‍ ഡി എഫ്, കോണ്‍ഗ്രസ് നിയന്ത്രിതമായ യു ഡി എഫ്. രാഷ്ട്രീ യവും അതിന്റെ ഭ്രമണ പദത്തിലായി. പ്രത്യയശാസ്ത്രങ്ങള്‍ ചോര്‍ന്നൊലിച്ചുപോവുകയും അപ്പോഴപ്പോള്‍ പ്രത്യക്ഷമാകുന്നതിനെ വിലയിരുത്തി രാഷ്ട്രീയം പരിവര്‍ത്തനപ്പെട്ടു. ഡല്‍ഹിയിലെ ആം ആദ്മി പാര്‍ട്ടിയും ഫ്രാണ്‍സിലെ പ്രസിഡന്റ് സര്‍ക്കോസിയുടെപാര്‍ട്ടിയിലൂടെയും അനാവൃതമാകുന്നത് ആ രാഷ്ട്രീയമാണ്. അത് ആഴമേറിയ ചരിത്ര പശ്ചാത്തലത്തില്‍ കാണേണ്ടതും വിപുലമായ തലത്തില്‍ മറ്റ് തലങ്ങളെ സ്പര്‍ശിക്കുന്നതും ആണെങ്കില്‍ പോലും ഒരു പ്രശ്‌നത്തെ അപ്പോഴപ്പോഴുള്ള പ്രത്യക്ഷമായ ഘടകങ്ങളെ മാത്രം വച്ച് തീരുമാനങ്ങള്‍ രൂപപ്പെടുന്നു. കൈകാര്യം ചെയ്യുന്ന ആളിന്റെ കാലഹരണമായ പ്രത്യയശാസ്ത്രവും മാധ്യമങ്ങളിലും പ്രചാരണ മെഷിനറികളിലും അന്തര്‍ധാരയായി വര്‍ത്തിക്കുന്ന പ്രത്യയശാസ്ത്രവും ബാഹ്യമായ അത്തരം സമീപനങ്ങളെ നിര്‍ണയിക്കുന്നു എന്നതാണ് യാഥാര്‍ത്ഥ്യം.
അച്യുതാനന്ദന്റെ പരിണാമം
കേരളത്തിലും ആദ്യം സൂചിപ്പിച്ചതുപോലെ വികസന, പരിസ്ഥിതി, പ്രകൃതി സംരക്ഷണ പ്രശ്‌നങ്ങളും ഇക്കാലഘട്ടത്തില്‍ രൂക്ഷമായി ഉരുത്തിരിഞ്ഞു. കടുത്ത സ്റ്റാലിനിസ്റ്റ് വാദിയായ അച്യുതാനന്ദന്‍ സി. പി. ഐ. എം. ന്റെ തോല്പിക്കപ്പെട്ട ഗ്രൂപ്പിന്റെ നേതാവായിട്ടും അതിന്റെ അടഞ്ഞതും കേന്ദ്രീകൃതമായതുമായ ജനാധിപത്യവിരുദ്ധ ഘടനയെ ചോദ്യം ചെയ്തില്ല. അദ്ദേഹം തല്ഫലമായി പാര്‍ട്ടി സംവിധാനം നിയന്ത്രിച്ചപ്പോള്‍ ശക്തനായ വ്യക്തിയായിരുന്നു. അപ്പോഴദ്ദേഹം അജയ്യനെപ്പോലെ ആയിരുന്നു. എന്നാല്‍ ഗ്രൂപ്പ് കളികളില്‍ തോല്‌വിയുണ്ടായതോടെ ആയുധം നഷ്ടപ്പെട്ട യോദ്ധാവിന്റെ സ്ഥിതിയില്‍ അദ്ദേഹം അവശേഷിച്ചു. അതിനാല്‍ അദ്ദേഹം ഏതെങ്കിലും ജനകീയ പ്രശ്‌നങ്ങള്‍ക്കുവേണ്ടി ഉറ്റുനോക്കുന്ന ഒരു നേതാവായിത്തീര്‍ന്നു. സ്ഥാപിതതാല്പര്യക്കാര്‍ക്കുവേണ്ടി പ്രവര്‍ത്തിക്കുന്നതും പാര്‍ട്ടി നിയന്ത്രണം കയ്യിലാക്കിയതുമായ സംസ്ഥാന സെക്രട്ടറി പിണറായി വിജയനെതിരെ നീതിക്കുവേണ്ടി യുദ്ധം നടത്തി മുറിവേറ്റവനോടുള്ള സഹാനുഭൂതി കേരളസമൂഹം അച്യതാനന്ദനോട് കാണിച്ചു. അത് കേവലം കമ്യൂനിസ്റ്റ്‌വിരുദ്ധമെന്ന് മുദ്രയടിക്കുന്നത് മാറിയ കാലത്തെങ്കിലും അര്‍ത്ഥശൂന്യമാണെന്ന് കമ്യൂനിസ്റ്റുകള്‍ തിരിച്ചറിയണം.
ആ യുദ്ധം തുടരുന്നതിനിടയിലാണ് മതികെട്ടാന്‍മലയിലെ അതീവ പാരിസ്ഥിതീക പ്രത്യാഘാതമുണ്ടാക്കുന്നതും പ്രാധാന്യമുള്ളതുമായ ചോലവനങ്ങള്‍ നശിപ്പിക്കുന്ന പാലായിലെ ഒരു രാഷ്ട്രീയ നേതാവിന്റെ ആള്‍ക്കാര്‍ ഭൂമി കയ്യേറിയ പ്രശ്‌നം വാര്‍ത്തയാകുന്നത്. സമാജവാദി ജനപരിഷത്തിന്റെ ദേശീയ ക്യാമ്പിനോടനുബന്ധിച്ച് കോട്ടയം ജില്ലയില്‍ ചേര്‍ന്ന ജനകീയ പ്രവര്‍ത്തകരുടെ ഒരു യോഗം മതികെട്ടാന്‍ പ്രശ്‌നം സര്‍ക്കാരിടപ്പെട്ട് പരിഹരിക്കണമെന്ന് ആവശ്യപ്പെട്ട് തിരുവനന്തപുരത്ത് സെക്രട്ടറിയേറ്റുപടിക്കല്‍ ഒരു ധര്‍ണ്ണ സംഘടിപ്പിക്കുന്നത്. സുഗതകുമാരി ഉള്‍പ്പെടെയുള്ള പരിസ്ഥിതിപ്രേമികളും ജനകീയപ്രവര്‍ത്തകരും പൊതുവായി നടത്തിയ ആ ധര്‍ണ്ണയില്‍ പങ്കെടുക്കുകയുണ്ടായി. പിന്നീട് ആ സമരത്തിന് നേതൃത്വം നല്കിയവരില്‍ ഒരാളായ ജോണ്‍ പെരുവന്താനം എന്ന പരിസ്ഥിതി പ്രവര്‍ത്തകന്‍ വന്ദ്യവയോധികനായ അച്യുതാനന്ദനെ കൂട്ടി മതികെട്ടാന്‍മലയിലെ കയ്യേറ്റഭൂമി പരിശോധിക്കുകയും നടപടി ആവശ്യപ്പെടുകയും ചെയ്തു. അത് അച്യുതാനന്ദനെ കേവലമായ അഴിമതിയില്ലാത്ത ഒരു കമ്യൂനിസ്റ്റ് നേതാവ് എന്ന പരിവേഷത്തിന് ഉപരിയായി പാരിസ്ഥിതികവും വികസന പ്രത്യഘാതപരവുമായ പ്രശ്‌നങ്ങളില്‍ ഇടപെടുന്ന ആളാണെന്ന പരിവേഷം ലഭിച്ചു. അത് കൂടുതലായ അത്തരം പ്രശ്‌നങ്ങള്‍ ഏറ്റെടുത്ത് നേതൃത്വം കൊടുക്കുവാന്‍ അച്യുതാനന്ദന്‍ അവസരമുണ്ടാക്കുകയും ജനങ്ങള്‍ അത് വലിയ സ്വീകാര്യതയോടെ കാണുവാനും ഇടയാക്കി.
മൗലിക രാഷ്ട്രീയ പ്രശ്‌നങ്ങള്‍ ഉയരുന്നു
പാരിസ്ഥിതികവും ജനകീയവുമായ ഓരോ പ്രശ്‌നങ്ങളും അതില്‍ തന്നെ ആരംഭിച്ച് അതില്‍ തന്നെ അവസാനിക്കുന്നതല്ല. എന്നാല്‍ എപ്പോഴും അവയെ ഓരോന്നിലും ഓരോ പ്രശ്‌നമായി കണ്ട് അവതരിപ്പിക്കുന്ന ശൈലിയാണ് സമൂഹത്തില്‍ പ്രബലമായിട്ടുള്ളത്. ഇനിയുമൊരു കൂട്ടരായ പാരിസ്ഥിതിക അവബോധം നേടിയ ആളുകള്‍ അതിനെയെല്ലാം പാരിസ്ഥിതികമായ വീക്ഷണകോണിലൂടെ മാത്രം കാണുവാനാണ് ശ്രമിക്കുന്നത്. എന്നാല്‍ പാരിസ്ഥിതികമായ ഒരേ ഒരു കാഴ്ചപ്പാടില്‍ മാത്രം കാണുന്നത് വലിയ ഒരു പരിമിതിയിലേയ്ക്ക് എത്തിപ്പെടാനിടയാക്കും.
1980 കളോടെ ഇന്‍ഡ്യയില്‍ ഉയര്‍ന്നുവന്ന പാരിസ്ഥിതിക, വികസന പ്രത്യാഘാത പ്രശ്‌നങ്ങള്‍ രാഷ്ട്രീയ – സാമ്പത്തിക ചോദ്യങ്ങളാണ് ഉയര്‍ത്തിയത്. എണ്‍പതുകളുടെ ആരംഭത്തില്‍ ബാബാ ആംതെ നര്‍മ്മദാ അണക്കെട്ട് പ്രശ്‌നം ആദ്യമായി ഉയര്‍ത്തി. പിന്നാലെ മേധാ പട്കര്‍ അതിലേക്ക് എടുത്തുചാടുകയുണ്ടായി. കുടിയൊഴുപ്പിക്കുന്നവരുടെ പ്രശ്‌നമായും പാരിസ്ഥിതിക പ്രശ്‌നമായും ബാബാ ആംതെയും മേധാ പട്കറും നര്‍മ്മദാ അണക്കെട്ട് പ്രശ്‌നം ഉയര്‍ത്തി. അതിനുതൊട്ടുമുമ്പ് ഒഡീഷയിലെ ഗന്ധമാര്‍ദന്‍ കുന്നുകളിലെ ബോക്‌സൈറ്റ് ഖനനത്തിനെതിരെയുള്ള വലിയ ജനകീയ സമരം കിഷന്‍ പട്‌നായിക്കിന്റെ നേതൃത്വത്തില്‍ വിജയിച്ചതാണെങ്കിലും മേധാ പട്കര്‍ വന്നതോടെ നര്‍മ്മദാ സമരത്തിന് ലഭിച്ച വലിയ മാധ്യമ ശ്രദ്ധയും ജന ശ്രദ്ധയും അതിന് ലഭിച്ചില്ല. ഒരു സ്ത്രീ നേതൃത്വം അതും വിദേശ ധനസഹായത്തോടെ പ്രവര്‍ത്തിക്കുന്ന എന്‍ ജി ഒ പശ്ചാത്തലവുമായി ഫോട്ടോജനിക് മുഖവുമായി കടന്നുവന്നപ്പോള്‍ മാധ്യമ ശ്രദ്ധയും ജന ശ്രദ്ധയും പരമാവധിയാണ് ലഭിച്ചത്. സാഹചര്യങ്ങളും കിഷന്‍ പട്‌നായിക്കിന്റെ നേതൃത്വത്തിലുള്ള രാഷ്ട്രീയ പ്രസ്ഥാനവും മേധാ പട്കറെ എന്‍ ജി ഒ കളുടെ പിടിക്കപ്പുറേത്തേയ്ക്ക് ദേശീയതലത്തിലുള്ള ജനകീയ സമരങ്ങളുടെ ഒരു ഏകോപനം ഉണ്ടാക്കുവാന്‍ നിര്‍ബന്ധിതമാക്കി. കേവലം പാരിസ്ഥിതിക പ്രശ്‌നങ്ങളോ കുടിയൊഴിപ്പിക്കല്‍ പ്രശ്‌നമോ എന്ന നിലയില്‍ അല്ല പ്രശ്‌നങ്ങളുയര്‍ത്തിയത്. ആ കൂട്ടുശക്തിക്ക്് അത്തരം പ്രശ്‌നങ്ങളുടെ രാഷ്ട്രീയ സാമ്പത്തികം ഉയര്‍ത്തുവാന്‍ കാരണങ്ങളുമുണ്ട്. ഉത്തരബംഗ തപോശിലി ജാതി ആദിവാസി സംഘടന്‍ ( ഉത്തര ബംഗാള്‍ പട്ടികജാതി, ആദിവാസി സംഘടന) കിഷന്‍ പട്‌നായിക് നേതൃത്വം കൊടുത്ത ജനകീയ രാഷ്ട്രീയ, സാമ്പത്തിക, സാമൂഹിക, പാരിസ്ഥിതിക പ്രസ്ഥാനത്തിലെ ഒരു അംഗ സംഘടനയായിരുന്നു. ‘ സോന ബംഗാളിന്റെ’ ( സ്വര്‍ണ ബംഗാളിന്റെ) സമ്പത്തു മുഴുവന്‍ കോല്‍ക്കത്തയിലേയ്ക്ക് ചോര്‍ത്തുന്നതായി പരാതിപ്പെടുന്ന ആ പ്രസ്ഥാനം വികസനത്തിലെ അസന്തുലിതാവസ്ഥയ്‌ക്കെതിരെ സാമൂഹിക, സാമ്പത്തിക, സമത്വത്തിനുവേണ്ടി പോരാടുന്ന പുതിയ കാലത്തെ അടയാളപ്പെടുത്തിയ ഒരു രാഷ്ട്രീയ പ്രസ്ഥാനമായിരുന്നു. ചെറുതും വലുതുമായ അത്തരം നൂറുകണക്കിന് പ്രസ്ഥാനങ്ങള്‍ കൂടിചേര്‍ന്നപ്പോള്‍ മേധാ പട്കര്‍ നയിച്ച ജനകീയ പ്രസ്ഥാനങ്ങളുടെ ദേശീയ ഏകോപന സമിതി (നാഷണല്‍ അലയന്‍സ് ഓഫ് പീപ്പിള്‍സ് മൂവ്‌മെന്റ്‌സ് – എന്‍ എ പി എം ) ശക്തമായ ഒരു ബദല്‍ രാഷ്ട്രീയ ശക്തിയായി തോന്നലുണ്ടാക്കി.
ചോദ്യങ്ങള്‍ക്ക് ഉത്തരമെഴുതാതെ പരീക്ഷാവിജയം
എന്നാല്‍ ആദ്യ ഘട്ടത്തിലെ മേല്‍ പറഞ്ഞ തോന്നലുകളെ സാധൂകരിക്കുന്ന രാഷ്ട്രീയമായ അതിന്റെ നേതൃത്വത്തിന് ദിശാബോധം ഇല്ലാതിരുന്നതും അവരുടെ വൈകാരികമായ അരാഷ്ട്രീയതയും അത് വിജയം നേടുന്നതിന് അപര്യാപ്തമായിരുന്നു. അതിനാലാണ് രണ്ടു തവണത്തെ (പീപ്പിള്‍സ് പൊളിറ്റിക്കല്‍ ഫ്രണ്ട്, ലോക് രാജ്‌നീതി മഞ്ച് ) രാഷ്ട്രീയ പരിശ്രമങ്ങള്‍ക്കുശേഷവും പരാജയപ്പെട്ടതും പിന്നീടുള്ള ഘട്ടത്തില്‍ യാതൊരു പ്രത്യയശാസ്ത്രവും മാറ്റത്തിന്റെ ശരിയായ ദിശാബോധവുമില്ലാത്തതും വിദേശ ഫണ്ടിനാല്‍ നിയന്ത്രിതവുമായ രാഷ്ട്രീയപാര്‍ട്ടി രൂപം കൊടുക്കുവാന്‍ തുനിഞ്ഞപ്പേള്‍ അതിലേക്ക് എന്‍ എ പി എം ന്റെ പങ്കാളികളായിരുന്നവരും എടുത്തു ചാടിയത്. ‘ പ്രത്യയശാസ്ത്രമില്ലാത്ത രാഷ്ട്രീയം’ ആണ് തങ്ങളുടേതെന്ന് പറയുമ്പോള്‍ അടിസ്ഥാനപരമായി അത് അരാഷ്ട്രീയമാകുന്നു. ജനങ്ങളിലെ സമ്പത്തിക, സാമൂഹിക അസമത്വം പരിഹരിക്കുന്നതിനുള്ള യാതൊന്നും അതിന് മുന്നോട്ട് വയ്ക്കുവാനില്ല എന്ന് കാണിക്കുന്നു. ഇന്നത്തെ ഏറ്റവും മൗലികമായ പ്രശ്‌നം രാജ്യത്തുനിന്നും സമ്പന്ന വിദേശ രാജ്യങ്ങളിലേക്ക് സമ്പത്ത് ചോരുന്നതാണ് . വിദേശ ധനസഹായവും വായ്പയും ഉള്‍പ്പെട്ടിട്ടുള്ളവയെ ആശ്രയിച്ച് നേടുന്ന വികസനം ജനങ്ങള്‍ക്ക് ഭാരമല്ലാതെ മറ്റൊന്നും ആത്യന്തികമായി നല്കില്ല. ബഹുഭൂരിപക്ഷം വരുന്ന ആദിവാസി, ദലിത, പിന്നാക്ക ജനവിഭാഗങ്ങള്‍ സാമൂഹികമായ അസമത്വം അനുഭവിക്കുമ്പോള്‍ വിവേചനത്തിനെതിരെ സാമൂഹിക സമത്വത്തിനുള്ള ആശയാഭിലാഷങ്ങളെ മടിയില്ലാതെ വിസ്മൃതമാക്കുവാന്‍ അവര്‍ തയ്യാറാണെന്ന് സൂചിപ്പിക്കുന്നു. ജനങ്ങള്‍ക്ക് സാമൂഹികവും സാമ്പത്തികവുമായ മാറ്റം അനുഭവവേദ്യമാക്കുവാന്‍ കഴിയാത്ത വ്യവസ്ഥാപിത രാഷ്ട്രീയ കക്ഷികളുടെ ദിശയിലേക്ക് ആ പരിശ്രമവും നടന്നു കയറിയത് നമ്മുടെ മുന്നില്‍ തന്നെ നമുക്ക് കാണുവാന്‍ കഴിഞ്ഞു. വര്‍ഗ്ഗീയതകളെകുറിച്ച് അതിന്റെ ആദ്യ ഘട്ടത്തില്‍ യാതൊന്നും പറയാതിരുന്നവര്‍ക്ക് പിന്നീടുള്ള അനുഭവത്തില്‍ അതിന്റെ നീചമായ അതിന്റെ അടവുകള്‍ക്ക് മുന്നില്‍ അടിയറവ് പറയേണ്ടി വന്നു. എന്നാല്‍ ആ ശ്രമം രാജ്യത്ത് വലിയ മാറ്റത്തിന്റെ ഒരു അന്തരീക്ഷമാണ് ഉണ്ടാക്കിയത്. കൃത്രിമമായ അതേ യുക്തികളാണ് രണ്ടാം ഘട്ടത്തിലെ അച്യുതാനന്ദനും ചില ജനകീയ പ്രവര്‍ത്തകരും ചേര്‍ന്ന് ഉയര്‍ത്തിയ ജനകീയ, പാരിസ്ഥിതിക, വികസന പ്രശ്‌നങ്ങളും അവയ്ക്ക് പരിഹാരമായി ചൂണ്ടികാണിച്ച അവ്യക്തതയും എന്ന് നാം മന സിലാക്കണം.
വ്യക്തിതലത്തില്‍ അച്യുതാനന്ദന്‍ വളരെ ഉയരത്തിലേക്ക് പോകുമ്പോള്‍ പോലും രാഷ്ട്രീയ തലത്തില്‍ സാമൂഹികവും സാമ്പത്തികവുമായ മാറ്റം ജനങ്ങള്‍ക്ക് അനുഭവവേദ്യമാക്കാന്‍ കഴിയാത്ത നിലത്ത് സ്റ്റാര്‍ട്ടാക്കി നിര്‍ത്തിയ ഉയരത്തിലേക്ക് പറക്കുവാന്‍ കഴിയാത്ത ഒരു ഹെലികോപ്ടര്‍ പോലെയുള്ള അവസ്ഥയിലായിരുന്നു അവര്‍. ഇ എം എസ് മുഖ്യമന്ത്രിയായിരുന്നപ്പോള്‍ മുതല്‍ കേരളത്തില്‍ ജാതി സംവരണത്തിനെതിരെ കമ്യൂനിസ്റ്റുകള്‍ തന്ത്രപരമായി എതിരിട്ടതിന്റെ തുടര്‍ച്ചയാണ് മുഖ്യമന്ത്രി പിണറായി വിജയന്റെ സവര്‍ണ്ണ സംവരണ നയം. അതിനെതിരെ അച്യുതാനന്ദന്‍ ആദ്യകാലം മുതല്‍ എതിരിട്ടു എന്നു പറയുവാന്‍ എന്തെങ്കിലുമുണ്ടോ? ഇവിടുത്തെ ആദിവാസി , ദലിത, പിന്നാക്ക, ന്യൂനപക്ഷ ജനതയുടെ സാമൂഹിക സമത്വാഭിലാഷങ്ങള്‍ പൂര്‍ത്തീകരിക്കുവാനുള്ള മാറ്റത്തിന്റെ രാഷ്ട്രീയം ഉയര്‍ത്തിപിടിക്കുവാന്‍ കഴിഞ്ഞില്ല എന്ന് അച്യുതാനന്ദനെ ചരിത്രം അടയാളപ്പെടുത്തുന്നത് നമുക്ക് കാണേണ്ടി വരും. കേരളത്തില്‍ വലിയ ഒരു വിഭാഗം ദലിത ജനത മതപരിവര്‍ത്തനം നടത്തിയെന്ന ഒറ്റ കാരണത്താല്‍ മാത്രം പട്ടിക ജാതിക്കാര്‍ക്കുള്ള ഉദ്യോഗ സംവരണം നിഷേധിക്കുന്നതും അച്യുതാനന്ദന്‍ രാഷ്ട്രീയത്തില്‍ ഉയര്‍ന്നു വരാത്തത് മേല്‍ സൂചിപ്പിച്ച ചരിത്രത്തിലെ അച്യുതാനന്ദന്റെ പരിമിതികളാണ്.
കരിമണല്‍ കൊള്ള നടുത്തുന്ന കര്‍ത്ത വെറുക്കപ്പെട്ടവനായി മാറുന്നത് പിണറായി വിജയനുമായി താദാത്മ്യപ്പെടുമ്പോള്‍ മാത്രമാണെന്ന് തിരിച്ചറിയണം. അദ്ദേഹത്തെ കൊച്ചി സര്‍വകലാശാലയുടെ സിന്‍ഡിക്കേറ്റ് അംഗമായി നിയമിച്ചപ്പോള്‍ അച്യുതാനന്ദന്റെ മകന്‍ കര്‍ത്തായ്ക്ക് സ്വീകരണം ഒരുക്കുകയുണ്ടായി. അത് ഉദ്ഘാടനം ചെയ്യുവാന്‍ എത്തിയ അച്യുതാനന്ദന്‍ പരിസ്ഥിതി വാദികളെ കുറ്റപ്പെടുത്തി വിമര്‍ശിച്ചത് നാം ശ്രദ്ധിക്കേണ്ട ഒന്നാണ്. അതുപോലെ സമ്പന്നനായ യൂസഫലി ഇടപ്പള്ളിയില്‍ പാടം നികത്തി വമ്പിച്ച മാള്‍ പണിതപ്പോള്‍ അതിനെതിരെ രംഗത്തു വന്നവരെ അച്യുതാനന്ദന്‍ പിന്തുണയ്ക്കാതിരുന്നത് അത് തൊഴില്‍ നല്കുമെന്ന് പറഞ്ഞായിരുന്നു. പാടം നികത്തുന്നിടത്ത് എല്ലാം ചാട്ടവാറുമായി ചാടി വീണ അച്യതാനന്ദന്റെ ചിത്രം സമ്പന്നനായ യൂസഫലിയുടെ മുമ്പില്‍ ചുരുണ്ടുകൂടുന്നതും കാണുവാന്‍ കഴിയും.
അച്യുതാനന്ദന്റെ മുഖ്യമന്ത്രിപദം അവസാനിക്കുന്നതിന് മുമ്പ് വല്ലാര്‍പാടം പദ്ധതിക്ക് വേണ്ടി കുടിയൊഴിപ്പിക്കുന്ന അവസരത്തില്‍ പാവങ്ങളുടെ കഞ്ഞിക്കലവും കുഞ്ഞുങ്ങളുടെ പാഠ പുസ്‌കങ്ങളും ബുള്‍ഡോസറിന്റെ ഇടിച്ചു നിരത്തലിന് പാവങ്ങളുടെ കൊച്ചു ഭിത്തികള്‍ക്കൊപ്പം ഇരയായതും മറക്കാതിരിക്കാം. ഇതെല്ലാം കാണിക്കുന്നത് വന്‍കിട പദ്ധതികളിലൂടെ നാടിനെ വികസിപ്പിക്കാം എന്ന മുതാളിത്തിലെ കടം വാങ്ങിയ കമ്യൂനിസ്റ്റ് വ്യാമോഹത്തില്‍ കുടുങ്ങിയ അച്യുതാനന്ദനെയാണ്. പാര്‍ട്ടിയിലും സര്‍ക്കാരിലും പ്രതിപക്ഷമായിരിക്കുമ്പോഴുള്ള എതിര്‍പ്പല്ലാതെ രാഷ്ട്രീയ ദര്‍ശനപരമായോ പ്രത്യയശാസ്ത്രപരമായോ രാഷ്ട്രീയ പരിപാടികളുടെ അടിസ്ഥാനത്തിലോ ഉള്ള യാതൊരു എതിര്‍പ്പും അച്യുതാനന്ദന്‍ പാര്‍ട്ടിയിലെ എതിര്‍ഗ്രൂപ്പിനോടോ സര്‍ക്കാരിനോടോ കാണിച്ചിട്ടില്ലായെന്നതാണ് യാഥാര്‍ത്ഥ്യം.
കമ്യൂനിസ്റ്റുകളുടെ പ്രതിസന്ധി
1957 ലെ ഇ. എം. എസ് നയിച്ച കമ്യൂനിസ്റ്റ് സര്‍ക്കാര്‍ അതുവരെ പറഞ്ഞിരുന്ന തൊഴിലാളി വര്‍ഗ്ഗ വിപ്ലവം മാറ്റിവച്ചതുപോലെയാണ് പെരുമാറിയത്. ഭൂപരിഷ്‌കരണം കമ്യൂനിസ്റ്റ് പരിപാടിയല്ല. ഇന്‍ഡ്യയില്‍ അത് ദേശീയപ്രസ്ഥാനമായ കോണ്‍ഗ്രസില്‍ ഉരുത്തിരിഞ്ഞ് ഒരു കോണ്‍ഗ്രസ് പരിപാടി ആയിരുന്നു. കോണ്‍ഗ്രസ് സോഷ്യലിസ്റ്റ് പാര്‍ട്ടി രൂപീകരിച്ചപ്പോള്‍ ഭൂപരിഷ്‌കരണവും ഒരു പരിപാടി ആക്കിയിരുന്നു. എന്നാല്‍ ദേശീയപ്രസ്ഥാനത്തിന്‍ കീഴിലും അല്ലാതെയും സോഷ്യലിസ്‌ററ്റുകളും കമ്യൂനിസ്റ്റുകളും കര്‍ഷകരെ സംഘടിപ്പിച്ചു എന്നത് ഒരു വസ്തുതയാണ്. അതില്‍ സോഷ്യലിസ്റ്റുകാര്‍ ഭൂപരിഷ്‌കരണം യഥാര്‍ത്ഥത്തില്‍ നടപ്പിലാക്കുന്നതിനെ അതിന്റെ പൂര്‍ണ്ണാര്‍ത്ഥത്തില്‍ നടപ്പിലാക്കുന്നതിന് ലക്ഷ്യമിട്ടവരായിരുന്നു. എന്നാല്‍ കമ്യൂനിസ്റ്റുകാര്‍ ലക്ഷ്യമിട്ടത് കമ്യൂനിസ്റ്റ് മാതൃകയില്‍ കൃഷി ഭൂമിയുടെ കളക്റ്റിവൈസേഷന്‍ ആണ്. സോവിയറ്റ് റഷ്യയില്‍ കളക്റ്റിവൈസേഷനില്‍ കൃഷിക്കാരെ കൂട്ടക്കൊല ചെയ്ത് സ്റ്റാലിന്റെ കൈപൊള്ളിയതാണ്. എന്നിട്ടും കമ്യൂനിസ്റ്റ് ഭരണം നിലവില്‍ ആകുന്നതു വരെ ഒരു തന്ത്രമെന്ന നിലയില്‍ കൃഷിഭൂമി കര്‍ഷകന് എന്ന പൊതു മുദ്രാവാക്യം ഏറ്റെടുത്താണ് കര്‍ഷകരെ സംഘടിപ്പിച്ചത്. അതിനാല്‍ അവര്‍ക്ക് പിന്നില്‍ അണി നിരന്ന ജനവിഭാഗങ്ങളെ തൃപ്തിപ്പെടുത്തുവാന്‍ ഭൂപരിഷ്‌കരണ നിയമം പാസാക്കി. അതിനപ്പുറത്ത് എന്തെങ്കിലും വിപ്ലവ പരിപാടി നടപ്പിലാക്കിയെന്ന് അവകാശപ്പെടാന്‍ ഒന്നുമില്ല.
അവര്‍ ഇന്‍ഡ്യയിലെ കോളനിവാഴ്ച അവസാനിച്ചിട്ടില്ലെന്നും രാജ്യം സ്വതന്ത്രമായില്ലെന്നും പ്രഖ്യാപിച്ച് റഷ്യയിലെ സ്റ്റാലിന്റെ കാലത്തെ കമ്യൂനിസ്റ്റുകാരനായ ഷഡനോവ് അവതരിപ്പിച്ച പ്ലാന്‍ കോളനിവാഴ്ചയില്‍ നിന്ന് മോചിതമായി സ്വതന്ത്രമായി വരുന്ന രാജ്യങ്ങളില്‍ ഭരണകൂടത്തെ അട്ടിമറി നടത്തി അധികാരം പിടിക്കണമെന്നാണ് അത്. അപ്രകാരമുള്ള ഷഡനോവ് പ്ലാന്‍ 1948 ല്‍ ഇന്‍ഡ്യയില്‍ രണദിവേ തീസിസ് ആയി അവതരിപ്പിച്ച് ഇവിടുത്തെ ഭരണകൂടത്തെ അട്ടിമറിക്കുവാന്‍ സായുധ വിപ്ലവം അഹ്വാനം ചെയ്ത് പോരാടിയിട്ട് ഒരു ദശകം തികഞ്ഞിരുന്നില്ല. ആദ്യ ഇ.എം.എസ്. സര്‍ക്കാര്‍ എന്തെല്ലാം തൊഴിലാളി നിയമങ്ങള്‍ പാസാക്കിയാലും അതിനെയെല്ലാം റദ്ദാക്കുന്ന നടപടിയാണ് ഇ. എം. എസ് സര്‍ക്കാര്‍ വ്യവസായ കുത്തക ബിര്‍ലയുമായി ഉണ്ടാക്കിയ കരാര്‍. സമരം ചെയ്യാന്‍പോലും അവകാശമില്ലെന്ന് വ്യവസ്ഥ വച്ചാണ് ആ കരാര്‍ ഉണ്ടാക്കിയത്. ബിര്‍ലയ്ക്ക് അവിടെ ഫാക്ടറി തുടങ്ങുവാന്‍ അത്തരമൊരു വ്യവസ്ഥ സ്വീകരിക്കുവാന്‍ എന്താണ് കാരണമെന്ന് ജനങ്ങള്‍ അറിയണം. ഏതെങ്കിലും തരത്തിലുള്ള അവശ്യവസ്തുക്കളോ സേവനമോ ലഭിക്കുന്നതുകൊണ്ടല്ല ആ കരാര്‍ ഒപ്പിട്ടത്. ഇന്നത്തേത് പോലെയല്ല മറ്റ് ഇടതുപക്ഷ കക്ഷികള്‍ അതിനെ തുറന്ന് വിമര്‍ശിക്കുവാന്‍ അന്ന് മുന്നോട്ട് വന്നിരുന്നു. ഗ്വാളിയോര്‍ റയോണ്‍സ് ആഡംബര വസ്ത്രങ്ങള്‍ക്കുള്ളതാണ്. കൂടാതെ വന്‍തോതില്‍ വനത്തിലെ ഈറ്റ വിഴുങ്ങിയ ബിര്‍ല ഫാക്ടറിക്ക് ടണ്ണിന് ഒരു രൂപ ആ കരാര്‍പ്രകാരം കൊടുക്കുവാന്‍ ബാദ്ധ്യസ്ഥമാക്കുന്നതാണ് ആ കരാര്‍. ആ കരാറിനെതിരെ പാര്‍ലമെന്റില്‍ പ്രതിഷേധമാക്കാന്‍ സോഷ്യലിസ്റ്റ് അംഗമായിരുന്ന ഡോ. കെ. ബി. മേനോന്‍ മുന്നോട്ട് വന്നിരുന്നു. അന്ന് സോഷ്യലിസ്റ്റ് പാര്‍ട്ടിയുടെ കോട്ടയം ജില്ലാ കമ്മിറ്റി ആ കരാര്‍ ഒരു ലഘു ലേഖയായി പ്രസിദ്ധീകരിച്ചിട്ടുണ്ട്.
വ്യവസായവല്കരണത്തിനുവേണ്ടി സോവിയറ്റ് റഷ്യന്‍ മാതൃകയില്‍ വന്‍കിട വ്യവസായം തുടരുന്നതിന് പെടാപ്പാട് പെടുമ്പോള്‍ ആദിവാസി, ദലിത വിഭാഗത്തിലുള്ള ഈറ്റ തോഴിലാളികളെയെങ്കിലും അന്നത്തെ സര്‍ക്കാര്‍ ഓര്‍മ്മിക്കേണ്ടതായിരുന്നു. എന്നാല്‍ അതുപോലെ അവരുടെ വിഷയം മൊത്ത ദേശീയ ഉല്പാദനം (ജി ഡി പി) വളര്‍ച്ച നേടാന്‍ ഡോ. മന്‍മോഹന്‍ സിംഗിന്റെ കാലത്തും നരേന്ദ്ര മോദിയുടെ കാലത്തും ശ്രമിക്കുന്നത് ഒരു കമ്യൂനിസ്റ്റ് പരിശ്രമം മാത്രമാണെന്ന് തിരിച്ചറിയേണ്ടതാണ്. സോവിയറ്റ് റഷ്യയെ വന്‍കിട വ്യവസായവല്ക്കരിച്ച ജോസഫ് സ്റ്റാലിന്‍ 1954 ല്‍ മരണമടഞ്ഞതിനെ തുടര്‍ന്ന് നികേത ക്രുഷേവ് അവിടെ ഭരണത്തില്‍ വന്നു. അവരുടെ 1956 ലെ 20-ാം പാര്‍ട്ടി കോണ്‍ഗ്രസ് പുതിയ സന്ധിയുടെ സ്വരം കേള്‍പ്പിച്ചു. സ്വകാര്യവല്കരണത്തോട് പഴയ കമ്യൂനിസ്റ്റ് സിദ്ധാന്തത്തിന്റെ കാര്‍ക്കശ്യം നഷ്ടപ്പെട്ടത് ഇവിടെയും പ്രതിഫലിച്ചു. അത്തരമോരു സാഹചര്യത്തില്‍ ഒരു കമ്യൂനിസ്റ്റ് കക്ഷിക്ക് ബിര്‍ലയെ ക്ഷണിച്ച് വരുത്തി വന്‍കിട വ്യവസായം തുടങ്ങുന്നത് അത്ര പാതകമല്ലാതായിത്തീര്‍ന്നു.
എന്നാല്‍ ചൈനയിലെ കമ്യൂനിസ്റ്റ് നേതാവ് മാവോ ക്രൂഷേവിന്റെ നയങ്ങളോട് വിയോജിച്ചത് കമ്യൂനിസ്റ്റ് ലോകത്ത് വലിയ ചര്‍ച്ചയാവുകയും പിന്നീട് അതിന്റെ രേഖകള്‍ ദ ഗ്രേറ്റ് ഡിബേറ്റ് എന്ന പേരിലുള്ള ഇവിടെ മാവോ ആരാധകരായ എം എല്‍ കാര്‍ പുസ്തക രൂപത്തില്‍ ഇറക്കുകയും ചെയ്തു. ലോകത്ത് രണ്ട് ചേരിയേ ഉള്ളൂ ഒന്ന് മുതലാളിത്ത ചേരിയും രണ്ട് സോഷ്യലിസ്റ്റ് ചേരിയും എന്നായിരുന്നു മാവോയുടെ നിലപാട്. 1964 ല്‍ സി പി ഐ എം രൂപം കൊണ്ട് പഴയ നിലപാടില്‍ മാറ്റം വരുത്തി. അവര്‍ മാവോ വാദികളായി ശരിക്കും മാറിയതുമില്ല – സോവിയറ്റ് പക്ഷത്തും ചൈന പക്ഷത്തും ചേരാതെ ചൈനാ ചായ്‌വോടെ മാത്രം നിലകൊണ്ടു. കേന്ദ്രത്തിലെ കോണ്‍ഗ്രസ് ഗവണ്‍മെന്റി നോട് മൃദുവായ സമീപനം സ്വീകരിക്കുവാന്‍ വിദേശത്തു നിന്ന് (സോവിയറ്റ് ശക്തി) ആജ്ഞാപിക്കുന്ന സാഹചര്യം ഇല്ലാതായി. ചൈനയുടെ ആജ്ഞകള്‍ക്ക് വഴങ്ങുന്ന ഒരു കമ്യൂനിസ്റ്റ് പാര്‍ട്ടി ആയിരുന്നെങ്കില്‍ അത് പൂര്‍ണ്ണമായും സി പി ഐ എം നെ ഒരു വിധ്വംസക പാര്‍ട്ടി ആക്കുമായിരുന്നു. അത് അവര്‍ക്ക് പാര്‍ലമെന്ററി ജനാധിപത്യ വ്യവസ്ഥയ്ക്കുള്ളില്‍ പ്രവര്‍ത്തിക്കുവാനും മാറ്റത്തിന്റെ നിലപാട് എടുക്കുവാനും സഹായകമായിത്തീര്‍ന്നു. എന്നാല്‍ ജാതിയെകുറിച്ചുള്ള കമ്യൂനിസ്റ്റുകാരുടെ യാന്ത്രികവും മണ്ണില്‍ വേരുറപ്പിക്കാത്തതുമായ പഴഞ്ചന്‍ നയങ്ങള്‍ മാറ്റിയില്ലെങ്കില്‍കൂടി സി പി ഐ എം നൊപ്പം നിന്ന് കോണ്‍ഗ്രസിന്റെ ജനവിരുദ്ധ ഭരണത്തെ അച്യുതാനന്ദനും എതിര്‍ത്തു.
പരിവര്‍ത്തനം വന്ന ആഗോളവല്‍ക്കരണ കാലത്തെ നേതാക്കളും പ്രവര്‍ത്തകരും
അച്യുതാനന്ദന്‍ സി പി ഐ എം പോളിറ്റ് ബ്യൂറോയ്ക്ക് അയച്ചതെന്ന് പറയുന്ന ഒരു കത്തുണ്ട്. രാഷ്ട്രീയ രംഗത്തെ ഉയര്‍ച്ചകളും ലഭിക്കുന്ന സ്ഥാനമാനങ്ങളും മുഖ്യമന്ത്രിയെന്ന നിലയില്‍ പിണറായി വിജയന്‍ എങ്ങനെയാണ് അഴിമതിക്ക് ഉപയോഗിച്ചതെന്ന് സവിസ്തരം ബോധിപ്പിച്ച് വേണ്ട നടപടി കൈക്കൊള്ളുവാനാണ് ആ കത്ത് അയച്ചതെന്ന് പറയുന്നു. എന്നാല്‍ അതിന്‍മേല്‍ പോളിറ്റ് ബ്യൂറോ യാതൊരു നടപടികളും എടുത്തില്ല. ഒന്നാമതായി കമ്യൂനിസ്റ്റ് പാര്‍ട്ടികള്‍ ജനാധിപത്യ സംവിധാനത്തില്‍ പങ്കെടുക്കുവാനും തെരഞ്ഞെടുപ്പില്‍ മത്സരിക്കുവാനും തുടങ്ങിയപ്പോള്‍ മുതല്‍ പൊതുമേഖല പാര്‍ലമെന്ററി കമ്മിറ്റികളിലും മറ്റും പ്രതിനിധികളായും സംഘടിത തൊഴിലാളികളുടെ ട്രേഡ് യൂണിയന്‍ പ്രതിനിധികളെന്ന നിലയിലും സമാഹരിക്കുന്ന അഴിമതിരഹിതമെന്ന് പറയുന്ന വരുമാനം പൊതു ജനങ്ങളില്‍ നിന്നു വാങ്ങുന്ന സംഭാവനകളോട് കൂട്ടിച്ചേര്‍ത്താണ് പ്രവര്‍ത്തിച്ചിരുന്നത്.
എന്നാല്‍ കേരളത്തിലെ ഭരണത്തിലൂടെ സമാഹരിക്കുന്ന വന്‍തോക്കുകളുടെ ഫണ്ട് ഇതിനോട് ചേര്‍ന്നുവന്നു. എന്നാല്‍ ജ്യോതിബസു നയിച്ച പ. ബംഗാളിലെ 1982 മുതല്‍ തുടര്‍ഭരണം ലഭിച്ചതു മുതല്‍ ഭരണവും വന്‍കച്ചവട – വ്യാവസായിക ലോബികളുമായി കൂട്ടുചേരുകയും അതിലൂടെ സമാഹരിച്ച വന്‍ തോതിലുള്ള ഫണ്ട് സി പി ഐ എം ന് ദേശീയ തലത്തിലും വിവിധ സംസ്ഥാനങ്ങളിലും പ്രവര്‍ത്തിക്കുവാന്‍ ഊര്‍ജ്ജമായി. അത് പിന്നീട് ബംഗാള്‍ ഘടകത്തിന്റെ മേല്‍ക്കോയ്മ പാര്‍ട്ടിയില്‍ സ്ഥാപിക്കുവാന്‍ ഇടയായി. അപ്പോഴേക്കും വലിയ കുത്തക കമ്പനികളിലെ ആശ്രിതരായി സി പി ഐ എം മാറിയിരുന്നു. പാര്‍ട്ടിയുടെ നേതാക്കള്‍ക്ക് വിമാന യാത്രകള്‍ക്കും ഏറ്റവും മുന്തിയ സൗകര്യങ്ങളോടുകൂടിയ ഓഫീസ് മന്ദിരങ്ങള്‍ക്കും പഞ്ചനക്ഷത്ര ഹോട്ടല്‍ സംസ്‌കാരത്തിനും ധനസമാഹരണം മറ്റ് വ്യവസ്ഥാപിത പാര്‍ട്ടികളെപ്പോലെ എളുപ്പമായിത്തീര്‍ന്നു. അതുകൊണ്ടാണ് പിന്നീട് പ. ബംഗാളില്‍ സിംഗൂരിലെയും നന്ദിഗ്രാമിലേയും ജനങ്ങള്‍ സ്വദേശ, വിദേശ കോര്‍പ്പറേറ്റ് ഭീമന്‍മാരുമായി നേര്‍ക്കുനേര്‍ പോരാടുന്നത് ദീര്‍ഘനാള്‍ നീണ്ടുനിന്നിട്ടും ഒരു പാര്‍ട്ടി ഘടകത്തില്‍ നിന്നും എതിര്‍പ്പുകളോ ചോദ്യം ചെയ്യലോ ഉണ്ടാകാതിരുന്നതിന് കാരണം.
ആഗോളവത്കരണകാലത്തെ വരുമാനം ഉണ്ടാക്കുവാന്‍ കഴിയുന്ന കോര്‍പ്പറേറ്റ് അല്ലെങ്കില്‍ അവരുടെ ഇടനിലക്കാരുമായി സൗഹാര്‍ദ്ദം സൂക്ഷിക്കുന്ന വലിയ നേതാക്കളെ തള്ളിപ്പറയുവാന്‍ കഴിയാത്ത നേതൃത്വം സി പി ഐ എം ലും പിടിമുറിക്കിയ കാലത്താണ് അച്യുതാനന്ദന്‍ അത്തരമൊരു നേതാവിനെ തള്ളിപ്പറഞ്ഞുകൊണ്ട് കുറ്റാരോപണം നടത്തിയത്. ആ കത്തില്‍ നടപടി ഉണ്ടാകുമെന്ന് പ്രതീക്ഷിക്കുന്ന ആളിന്റെ സമകാലീന രാഷ്ട്രീയബോധത്തെക്കുറിച്ച് ഒട്ടും മതിപ്പ് തോന്നില്ല. കമ്യൂനിസ്റ്റ് വ്യവസ്ഥിതി ഉണ്ടാക്കുവാന്‍ യുഗോസ്ലാവ്യയില്‍ ഹിറ്റ്‌ലറോട് മാര്‍ഷല്‍ ടീറ്റോയോടൊപ്പം പോരാടി അവിടെ രാഷ്ട്രത്തിന്റെ വൈസ് പ്രസിഡന്റായി രാജ്യത്തെ രണ്ടാമനായ മിലോവന്‍ ജിലാസ് സ്വന്തം അനുഭവങ്ങള്‍ വച്ച് കമ്യൂനിസ്റ്റ് വ്യവസ്ഥിതിയില്‍ എങ്ങനെ ഒരു പുത്തന്‍ വര്‍ഗ്ഗം ഉരുത്തിരിയുന്നു എന്ന പുസ്തകം തടവറയില്‍ നിന്ന് ശൗചാലയ കടലാസെഴുതി കടത്തി പടിഞ്ഞാറന്‍ യൂറോപ്പില്‍ 1960 കളില്‍ പ്രസിദ്ധീകരിച്ചത് ഒരു പക്ഷെ അന്ന് അച്യുതാനന്ദനെപ്പോലുള്ള പാര്‍ട്ടി സമരങ്ങളില്‍ മാത്രം കേന്ദ്രീകരിച്ച ഒരാള്‍ അറിയണമെന്നില്ല.
എന്നാല്‍ ആഗോളവല്‍ക്കരണയുഗത്തില്‍ വ്യവസ്ഥാപിത പാര്‍ട്ടികളിലെല്ലാം വമ്പന്‍ അഴിമതിയും പബ്ലിക് റിലേഷന്‍സിന്റെ പ്രൊഫഷണല്‍ മാനേജ്‌മെന്റും നടത്തി നേതാക്കള്‍ ഉരുത്തിരിയുന്നത് ഈ സഹസ്രാബ്ദത്തിന്റെ ആദ്യ ദശകം പൂര്‍ത്തിയാക്കുമ്പോഴെങ്കിലും അറിയേണ്ടതായിരുന്നു. അച്യുതാനന്ദന്റെ രണ്ടാം പര്‍വ്വത്തിലെ ഉദയവും ഏതാണ്ട് അതേ കാലത്ത് തന്നെയാണല്ലോ.
എന്നാല്‍ ആഗോളവല്‍ക്കരണയുഗത്തില്‍ വ്യവസ്ഥാപിത പാര്‍ട്ടികളിലെല്ലാം വമ്പന്‍ അഴിമതിയും പബ്ലിക് റിലേഷന്‍സിന്റെ പ്രൊഫഷണല്‍ മാനേജ്‌മെന്റും നടത്തി നേതാക്കള്‍ ഉരുത്തിരിയുന്നത് ഈ സഹസ്രാബ്ദത്തിന്റെ ആദ്യ ദശകം പൂര്‍ത്തിയാക്കുമ്പോഴെങ്കിലും അറിയേണ്‍തായിരുന്നു. അച്യുതാനന്ദന്റെ രണ്‍ാം പര്‍വ്വത്തിലെ ഉദയവും ഏതാണ്‍് അതേ കാലത്ത് തന്നെയാണല്ലോ. ഇക്കാലഘട്ടത്തില്‍ അദൃശ്യവും സ്പര്‍ശ്യവുമല്ലാത്ത സാങ്കേതിക വിദ്യ തന്ത്രപ്രധാനവും അത്യാവശ്യവുമാക്കിയ ഒന്നാണ്. ജനങ്ങളുടെ മുമ്പില്‍ അവരുടെ വന്‍ മുതല്‍മുടക്കു ശക്തികള്‍ അവയുടെ വിന്യസങ്ങള്‍ക്ക് ഏജന്റ്മാരും വന്‍ കമ്മീഷനും ഇടനിലയായി ലോകവ്യാപകമായി ഉണ്‍്. ഭരണത്തിലുള്ളവര്‍ ജനങ്ങളോട് വലിയ കാരുണ്യമുള്ളവരേയും അഴിമതിക്കെതിരെയും അതിലേറെ ചിലപ്പോഴൊക്കെ അഴിമതിവിരുദ്ധരേയും പോലെ അത്തരം സാങ്കേതിക വിദ്യകളെ വിന്യാസങ്ങളില്‍ അവതരിക്കും. വികസനമെന്ന മുതല്‍മുടക്ക് വന്‍തോതിലാക്കുന്നതും വന്‍ലാഭം കൊയ്യുന്നതും അതിന്റെ വക്താക്കള്‍ വികസന നായകരായി തീര്‍ന്നതുമായ അത്തരം പരിപാടികള്‍ക്ക് പ്രിയമേറും.
വലതുപക്ഷ രാഷ്ട്രീയക്കാരെപ്പോലെ ഇടതുപക്ഷമെന്ന് പറയുന്ന രാഷ്ട്രീയക്കാരിലും പ്രിയം ജനിപ്പിക്കുവാന്‍ അതിന് കഴിയും. അച്യുതാനന്ദനെ ചില ഉപദേശകര്‍ നേര്‍ ബുദ്ധിയുള്ളവരും സത്യസന്ധരും അദ്ദേഹത്തെപ്പോലെ ജനങ്ങളുടെ താല്പര്യങ്ങളോട് പ്രതിജ്ഞാബദ്ധരും ആയിരുന്നതിനാല്‍ സൗജന്യ സോഫ്റ്റ് വെയര്‍ ( ഫ്രീ സോഫ്റ്റ് വെയര്‍) വിവാദം സംസ്ഥാനത്ത് കത്തിനിന്നപ്പോള്‍ അദ്ദേഹത്തെ ഉപയോഗപ്പെടുത്തി സൗജന്യ സോഫ്റ്റ് വെയറില്‍ സംസ്ഥാന സര്‍ക്കാരിന്റെ ഔദ്യോഗിക ഇടപാടുകള്‍ ആക്കുന്നതിനെ തീരുമാനപ്പെടുപ്പിച്ചു. രണ്‍് സംഗതികള്‍ ഇക്കാര്യത്തുലുണ്‍്. ഒന്നാമത് അത്തരം ഇടപാടുകള്‍ സൗജന്യ സോഫ്റ്റ് വെയര്‍ ഉപയോഗിക്കാതെ മൈക്രോ സോഫ്റ്റ് പോലെ ഏതെങ്കിലും സ്വകാര്യ കുത്തക കമ്പനികളുടെ വകയായിരുന്നുവെന്ന് സങ്കല്‍പിക്കുക. സര്‍ക്കാരിന്റെ സേവനങ്ങള്‍ ഓണ്‍ ലൈനാക്കി വിപുലപ്പെടുത്തിയ ഇക്കാലഘട്ടത്തില്‍ എന്തുമാത്രം തുക സംസ്ഥാന സര്‍ക്കാരിന് ബാദ്ധ്യത ഉണ്‍ാക്കുമെന്ന് ഊഹിക്കുവാന്‍ കഴിയും. മഹാമാരിയുടെ ( പാന്‍ഡമിക് 2019, 2020 ) കാലം വിവിധ രാജ്യങ്ങളില്‍ ബഹുദേശീയ കമ്പനികള്‍ നടത്തിയ കൊള്ളയ്ക്ക് അതിരില്ലാത്തതാണ്. ജനങ്ങള്‍ക്കുണ്‍ാക്കിയ ബാദ്ധ്യതപോലെ അഴിമതിയും പെരുത്തതായിരുന്നു. ഏതാനും ആഫ്രിക്കന്‍ രാജ്യങ്ങളും ലത്തീന്‍ അമേരിക്കന്‍ രാജ്യങ്ങളും മാത്രമേ അതിനെ ചെറുത്തുനിന്നുള്ളൂ. നാം പിണറായി സര്‍ക്കാര്‍ കാലത്ത് ഏര്‍പ്പെട്ട കരാറുകളില്‍ മാത്രമുള്ള അഴിമതി ആരോപണം മനസിലാക്കിയാല്‍ മതിയോ. ആു ഡി എഫ് സര്‍ക്കാരോ സൗജന്യ സോഫ്റ്റ് വെയര്‍ കാലഘട്ടത്തില്‍ അധികാരത്തിലെങ്കില്‍ അഴിമതിയെന്ന് തോന്നാത്തതും അത്യാവശ്യമെന്ന് തോന്നിക്കുന്നതുമായ ആ സംഭവത്തില്‍ സൗജന്യ സോഫ്റ്റ് വെയര്‍ നടപ്പാകാത്ത ഒരു സംഗതി ആയിത്തീരുമായിരുന്നു. മൈക്രോ സോഫ്റ്റ് കമ്പനി മഹാമാരിക്കാലത്ത് വന്‍ അഴിമതി ആരോപണങ്ങള്‍ക്ക് വിധേയമായ കമ്പനിയാണെന്നും ഓര്‍ക്കുക. ലോകത്തേറ്റവും കൂടുതല്‍ ഓണ്‍ലൈന്‍ ബാങ്ക് അക്കൗണ്‍ുകള്‍ ഇന്‍ഡ്യയിലാണ്. മോദി സര്‍ക്കാര്‍ അതിനുകാണിച്ച അത്യുല്‍സാഹത്തിന് പിന്നില്‍ എന്താണെന്ന് പറയാതെ പിടികിട്ടുന്ന സംഗതിയാണല്ലോ. ജനങ്ങളുടെ വരുമാനവും ജീവിത സാഹചര്യങ്ങളും മെച്ചപ്പെടുത്തുന്നതിനേക്കാള്‍ അതില്‍ കാണിക്കുന്ന അത്യുത്സാഹവും മഹാമാരിക്കാലത്തെ കേന്ദ്ര ആരോഗ്യ മന്ത്രിക്കെതിരെ ഉണ്‍ായ അഴിമതിയാരോപണവും പിന്നീട് ബി ജെ പി സ്വമേധയാ അദ്ദേഹത്തെ മാറ്റുകയും ചെയ്തതിന്റെ പിന്നിലെ യാഥാര്‍ത്ഥ്യവും ജനങ്ങള്‍ക്കറിയാം.
പാര്‍ട്ടി ഘടന, പുത്തന്‍ വര്‍ഗം, കമ്യൂനിസ്റ്റ് ലോകത്തെ മാറ്റം
പാര്‍ട്ടി ഘടനയെക്കുറിച്ചുള്ള ‘ജനാധിപത്യ കേന്ദ്രീകരണം’ എന്ന സിദ്ധാന്തം റഷ്യന്‍ നേതാവ് ലെനിന്‍ ആണ് ആവിഷ്‌കരിച്ചത്. എന്നാല്‍ കമ്യൂനിസ്റ്റ് സൈദ്ധാതികയും ഹിറ്റ്‌ലര്‍ക്കെതിരെയുള്ള പോരാട്ടത്തില്‍ രക്തസാക്ഷിയും വിപ്ലവകാരിയുമായ റോസ ലക്‌സംബര്‍ഗ് അതിനോട് ആദ്യം തന്നെ വിയോജിച്ചത് , ‘അനുകൂലിക്കുവാനല്ല സ്വാതന്ത്ര്യം വിയോജിക്കുവാനാണ് ‘ എന്നു പറഞ്ഞാണ്. കമ്യൂനിസ്റ്റ് പാര്‍ട്ടി ഘടന ജനാധിപത്യവും സ്വാതന്ത്ര്യവും വരിഞ്ഞുമുറുക്കി അടവാക്കിയതാണെന്ന് ദശകങ്ങള്‍ നീണ്ട പ്രവര്‍ത്തനത്തില്‍ നിന്ന് അച്യുതാനന്ദന്‍ മനസിലാക്കേണ്ടതായിരുന്നു. എന്നാല്‍ അത്തരം ജനാധിപത്യ പ്രശ്‌നങ്ങള്‍ അദ്ദേഹത്തെ സ്പര്‍ശിച്ചതായി തോന്നുന്നില്ല.
എന്നാല്‍ 1980 തുകളിലെ അവസാന പകുതിക്കുശേഷവും 1990 കളിലെ ആരംഭത്തിലും ജീവിച്ച ഏതൊരു മനുഷ്യനും മുതലാളിത്തതിനെതിരെ ശരിയായ ഉത്തരം കണ്ടെത്തുവാന്‍ പലതിനെയും തിരസ്‌കരിക്കുവാന്‍ ബാദ്ധ്യസ്ഥരാണ്. സോവിയറ്റ് കമ്യൂനിസ്റ്റ് റഷ്യയില്‍ കഴിഞ്ഞ 70 വര്‍ഷം നിലനിന്ന കമ്യൂനിസ്റ്റ് വ്യവസ്ഥിതിയില്‍ തുറന്ന സമൂഹം ഉണ്ടാക്കുന്നതിനായി ഗ്ലാസ്‌നസ്ത്, പെരിസ്‌ട്രോയ്ക്ക എന്നീ മൗലിക നടപടികളെടുത്ത് ഗോര്‍ബഷോവ് പരിഷ്‌കാരങ്ങള്‍ വരുത്തിയതും തുടര്‍ന്ന് അത് തുറന്ന ജനാധിപത്യ സമൂഹമാകാതെ കമ്യൂനിസ്റ്റ് ഏതാനും ദിവസങ്ങളിലേക്ക് അധികാരം പിടിച്ച് സമ്പൂര്‍ണ്ണ അധികാരം പഴയപടി ആക്കുവാന്‍ ശ്രമിച്ചതും അതിന്റെ നേതാവ് ഗെന്നടി യനേയാവ് ഭരണത്തിനെതിരെ പെട്ടെന്ന് ആഞ്ഞടിച്ച ജനരോഷത്തില്‍ തകര്‍ന്ന് വീണതും തുടര്‍ന്ന് മദ്യാസക്തനായ മുതലാളിത്തവാദി ബോറിസ് യറ്റ്‌സിന്‍ ഭരണത്തില്‍ വന്നതും വലിയ പാഠങ്ങളായിരുന്നു.
1980 ല്‍ പോളണ്ടിലെ ഗ്ഡാന്‍സ്‌ക് കപ്പല്‍ നിര്‍മ്മാണശാലയില്‍ ഉണ്ടായ തൊഴിലാളികളുടെ സ്വതന്ത്രപ്രസ്ഥാനമായ സോളിഡാരിറ്റി നടത്തിയ നീണ്ടുനിന്ന വമ്പന്‍ പണിമുടക്കും തുടര്‍ന്ന് ജനങ്ങളുടെ അപ്പത്തിന് വേണ്ടിയുള്ള നീണ്ട ക്യൂവും വിഭജനത്തിന്റെ ബര്‍ലിന്‍ മതില്‍ തകര്‍ത്ത് ജനങ്ങള്‍ ജര്‍മനിയെ ഏകീകരിച്ചതും എല്ലാ കിഴക്കന്‍ യൂറോപ്യന്‍ രാജ്യങ്ങളിലേക്കും കമ്യൂനിസ്റ്റ് ഭരണകൂടങ്ങള്‍ക്കെതിരെ ഉണ്ടായ ജനകീയ മുന്നേറ്റവും ആ കാലഘട്ടത്തില്‍ ശ്രദ്ധേയമായിരുന്നു. അതില്‍ ഏറ്റവും പ്രധാനമായി ശ്രദ്ധിക്കേണ്ടത് റുമേനിയയിലെ ചെഷസ്‌ക്യൂ ഭരണത്തിനും ആഡംബര ധൂര്‍ത്തിന്റെ പര്യായമായി മാറിയ ചെഷസ്‌ക്യൂവിന്റെ ഭാര്യയ്ക്കും എതിരായ ജനമുന്നേറ്റമാണ്. അവിടുത്തെ എല്ലാ കമ്യൂനിസ്റ്റ് സേച്ഛാധിപതികളും തകര്‍ന്നു വീണു. അതിനെല്ലാം അത്ഭുതം കൂറേണ്ടത്. സമത്വമാണെന്നും എല്ലാവരും ഒരുപോലെയാണെന്നും സ്വകാര്യസ്വത്ത് നിര്‍മാര്‍ജ്ജനം ചെയ്‌തെന്നും അവകാശപ്പെട്ട റുമേനിയന്‍ കമ്യൂനിസ്റ്റ് വ്യവസ്ഥയില്‍ എങ്ങനെ കമ്യൂനിസ്റ്റ് ഭരണാധിപന്റെ ഭാര്യ എങ്ങനെ മുന്നൂറ് ജോഡി ചെരുപ്പുകള്‍ ലോക നഗരങ്ങളായ ന്യൂയോര്‍ക്കിലേയും ടോക്യോയിലേയും പാരിസിലെയും ഒന്നിനൊന്ന് കൂട്ടിവച്ചിരുന്നതും എങ്ങനെയാണെന്ന ചോദ്യമാണുയരുന്നത്. ചെഷസ്‌ക്യൂവിന്റെ ഭാര്യയുടെ കക്കൂസ് കമോഡുകള്‍ എങ്ങനെ സ്വര്‍ണ്ണം കൊണ്ട് നിര്‍മ്മിച്ചതാക്കി എന്നതാണ് സംഗതമായ ചോദ്യം. അതേ കാലഘട്ടത്തില്‍ തന്നെയാണ് ചൈനയിലെ ബേയിജിംഗില്‍ തിയാന്‍മെന്‍ സ്‌ക്വയറില്‍ ഭരണകൂടത്തിലെ സമരജ്വാലകളെത്തിയ ആയിരകണക്കിന് വിദ്യാര്‍ത്ഥികളെ പട്ടാള ടാങ്കുകള്‍ വെടിയുതിര്‍ത്ത് കൂട്ടക്കോല ചെയ്തതും.
മൗലീകമായ ചോദ്യങ്ങള്‍ക്ക് എല്ലാ മനുഷ്യരുമെന്നതുപോലെ എല്ലാ കമ്യൂനിസ്റ്റുകാരും ഉത്തരം പറയുവാന്‍ ബാദ്ധ്യസ്ഥരാണ്. ശുദ്ധ കമ്യുനിസ്റ്റുകാരനായി പ്രകീര്‍ത്തിക്കപ്പെടുന്ന അച്യുതാനന്ദനും ഉത്തരം പറയുവാന്‍ ബാദ്ധ്യസ്ഥനാണ്. ഏതായാലും അദ്ദേഹത്തിന്റെ ജീവിതത്തിന്റെ കടുത്ത യാഥാസ്ഥിതിക ഘട്ടത്തിലും അതിനുശേഷമുള്ള ‘ജനകീയ പരിസ്ഥിതി’ കാലഘട്ടത്തിലും ഉയര്‍ത്തിയ രാഷ്ട്രീയ നിലപാടുകള്‍ അതിന് കരുത്ത് കാണിക്കുന്നതായി കാണുന്നില്ല. അപ്പവും സ്വാതന്ത്ര്യവും അഥവാ സമത്വവും സ്വാതന്ത്ര്യവും അവിഭാജ്യമാണെന്നും സോഷ്യലിസത്തിന്റെ അദ്യഘട്ടത്തെ ആസ്പദമാക്കി വാദിച്ച ഡോ.ലോഹ്യയല്ലാതെ അതിനുത്തരം നല്കുവാന്‍ ആരും പര്യാപ്തമല്ല. മുതലാളിത്തവും കമ്യൂനിസവും എങ്ങനെയാണ് സ്വാതന്ത്ര്യത്തെയും സമത്വത്തെയും നിരാകരിക്കുന്നതെന്ന് മനസിലാക്കുവാന്‍ ഇനിയും അനുഭവങ്ങള്‍ ജനങ്ങള്‍ക്ക് വേണ്ടതില്ല. സോവിയറ്റ് യൂണിയന്‍ ഉള്‍പ്പെടെ എല്ലാ കമ്യൂനിസ്റ്റ് രാജ്യങ്ങളിലും മുതലാളിത്ത ഉല്പാദന ബന്ധങ്ങളും മാറ്റി സ്വത്തുടമസ്ഥതയുടെ കേന്ദ്രീകൃതമായ പാര്‍ട്ടി ഉദ്യോഗസ്ഥ വൃന്ദത്തിന്റെ കൈകളിലാക്കി. വിയോജിപ്പിനെ യാതൊരു സാധ്യതകളും ഇല്ലാത്ത ജനാധിപത്യ കേന്ദ്രീകരണം എന്ന ലെനിന്റെ തത്വമനുസരിച്ചുള്ള പാര്‍ട്ടികൂടിയാകുമ്പോള്‍ അത് സമഗ്രമായ അടിച്ചമര്‍ത്തല്‍ ഒരുതരം ഫാഷിസ്റ്റ് വ്യവസ്ഥിതിയായിത്തീരുന്നു. മുതലാളിത്ത ഉല്പാദന രീതിതന്നെ കമ്യൂനിസ്റ്റ് വ്യവസ്ഥിതിയിലും തുടരുമ്പോള്‍ അത് ഭീകരമായ അസമത്വത്തെ അടിച്ചമര്‍ത്തി ഒരു അടഞ്ഞ വ്യവസ്ഥിതിയാക്കിത്തീര്‍ക്കും. വികേന്ദ്രീകരിച്ച ഉല്പാദന രീതിക്ക് മാത്രമേ കൃഷിയിലും വ്യവസായത്തിലും പണിയെടുക്കുന്ന അസംഘടിത ഭൂരിപക്ഷത്തിന് സമത്വമുണ്ടാക്കാന്‍ കഴിയൂ. അതാണ് ഈ ആഗോള മുതലാളിത്ത ചൂഷണത്തിന്റെ കേന്ദ്രീകൃതമായ വമ്പന്‍ കമ്പനികളുടെ യുഗത്തില്‍ നമ്മെ പുതിയ ഒരു യുഗത്തിലേയ്ക്ക് നയിക്കുകയുള്ളൂ.
ഹിന്ദുത്വ ഫാസിസം നമ്മുടെ ദേശത്തെ സാമ്പത്തിക, സാംസ്‌കാരിക, രാഷ്ട്രീയ, സാമൂഹിക, വിദ്യാഭ്യാസ മേഖലകളില്‍ പിടിമുറുക്കുവാന്‍ കേന്ദ്രഭരണം ഉപയോഗിച്ചുവരുന്നു. അത് രൂക്ഷതരമായ രാഷ്ട്രീയ പ്രതിസന്ധിയായി ഇതിനകം രൂപപ്പെട്ടു കഴിഞ്ഞു. മറ്റ് കമ്യൂനിസ്റ്റ് രാജ്യങ്ങളില്‍ കണ്ടതുപോലെ നമ്മുടെ ആഗോള മുതലാളിത്തം പിടിമുറിക്കിയ സംസ്ഥാനത്തിലും കമ്യൂനിസ്റ്റ് ഭരണാധിപന്‍മാരും ഇതര ഭരണാധികാരികളെപ്പോലെ എല്ലാ ദുര്‍മ്മേദസുകളും താങ്ങിയാണ് നടക്കുന്നത്. അതിനെ അച്യുതാനന്ദന്‍ ഏതായാലും അനുകൂലിക്കുമെന്ന് അദ്ദേഹത്തിന്റെ ഇതുവരെയുള്ള രാഷ്ട്രീയ ജീവിതം വച്ച് തോന്നുന്നില്ല. എന്നാല്‍ അത്തരം മുതലാളിത്ത ദുര്‍മ്മേദസുകള്‍ താങ്ങുന്ന നേതൃത്വം ഇന്ന് ഒളിഞ്ഞും തെളിഞ്ഞും തന്ത്രപരമായി കൂട്ടുചേരുകയാണ്. അതിനെ സര്‍വശക്തിയും ഉപയോഗിച്ച് എതിര്‍ക്കേണ്ട ഒരു കടമയാണ് വന്ന് ചേര്‍ന്നിരിക്കുന്നത്.
മുസ്ലീങ്ങളെ ഒറ്റപ്പെടുത്തുന്നതും അടവ് നയങ്ങളും
അച്യുതാനന്ദന്‍ മലപ്പുറം ജില്ലയിലെ മുസ്ലീം കുട്ടികള്‍ ഉണ്ടാക്കുന്ന നേട്ടങ്ങളെ സംശയദൃഷ്ടിയിലാക്കുന്ന ഒരു പ്രയോഗം നടത്തുകയുണ്ടായി. അതിനുശേഷം മുഖ്യമന്ത്രി പിണറായി വിജയന്‍ മലപ്പുറം ജില്ലയ്‌ക്കെതിരായ പരാമര്‍ശങ്ങളുമായി ഹിന്ദു ദിനപത്രത്തില്‍ ഒരഭിമുഖം നല്കുകയുണ്ടായി. അതിനോട് ചേരുന്ന വിധം വെള്ളാപ്പള്ളി നടേശനും മുസ്ലീം സമുദായ വിരുദ്ധ പ്രസംഗം മലപ്പുറത്ത് നടത്തുകയുണ്ടായി. അതിനെയെല്ലാം തികഞ്ഞ അസംതൃപ്തിയോടെ മതേതരവാദികളും മുസ്ലീം സമുദായവും നോക്കി കാണുന്നത് കൂടുതല്‍ ആഴത്തില്‍ പോകേണ്ടതാണ്. വിഭജനത്തിനു മുമ്പ് സാമ്രാജ്യത്ത വിരുദ്ധ സമരവും പിന്നീട് ക്വിറ്റിന്ത്യാ സമരത്തെ ഒറ്റുകൊടുത്ത് ബ്രിട്ടീഷുകാരെ പിന്തുണയ്ക്കുന്ന നിലപാടും സ്വീകരിച്ച കമ്യൂനിസ്റ്റ് പാര്‍ട്ടി വിഭജന ചോദ്യം വന്നപ്പോള്‍ മാപ്പിളസ്ഥാനും പാകിസ്ഥാനും ഉള്‍പ്പെടെ പന്ത്രണ്ട് ദേശീയതകളായി ഇന്‍ഡ്യയെ വിഭജിക്കണമെന്നാണ് വാദിച്ചത്. എന്നാല്‍ വിഭജനാനന്തരം ഇന്‍ഡ്യ സ്വതന്ത്രമായപ്പോള്‍ പഴയ വിഭജന ലീഗുമായി ബന്ധം വിച്ഛേദിച്ച ഇന്‍ഡ്യന്‍ യൂണിയന്‍ മുസ്ലീം ലീഗും മുസ്ലീങ്ങളും സാമൂഹികമായി ഒറ്റപ്പെട്ട്‌രാഷ്ട്രീയ അയിത്തം കല്പിക്കപ്പെട്ട ഒരു സാഹചര്യത്തിലാണ് 1952 ലെ ആദ്യ പൊതു തെരഞ്ഞെടുപ്പ് അരങ്ങേറുന്നത്. അപ്പോള്‍ ആ ഒറ്റപ്പെടലിന്റേയും സാമൂഹികമായ പിന്നോക്കാവസ്ഥയുടേയും തുരുത്തിലായിരുന്ന മുസ്ലീം ലീഗുമായി സഖ്യത്തിന് കമ്യൂനിസ്റ്റുകള്‍ തയ്യാറായില്ല. എന്നാല്‍ പിന്നാക്ക സാമൂഹിക അവസ്ഥയിലും ഒറ്റപ്പെടലിലും കഴിഞ്ഞിരുന്ന മുസ്ലീങ്ങളെ മുഖ്യധാരയിലേക്ക് കൊണ്ടുവരുവാന്‍ സോഷ്യലിസ്റ്റുകള്‍ ഒരു സഖ്യത്തിന് ഇന്‍ഡ്യന്‍ യൂണിയന്‍ മുസ്ലീം ലീഗുമായി തയ്യാറായി എന്നുള്ളതാണ് ചരിത്ര വസ്തുത. കമ്യൂനിസ്റ്റുകള്‍ ലാഭ നഷ്ടങ്ങളുടെ നേട്ടങ്ങള്‍ അനുസരിച്ച് കേവലം അടവുനയങ്ങളുടെ ഭാഗമായി മാത്രം കാണുന്നതാണ് അച്യുതാനന്ദന്റെ നിലപാടുകളിലും തെളിഞ്ഞ് കാണുന്നത്. തത്വാധിഷ്ഠിതമായ രാഷ്ട്രീയ നിലപാട് സ്വീകരിക്കുവാന്‍ നേതാക്കളും പാര്‍ട്ടികളും എന്ന് തയ്യാറാകുന്നുവോ അന്നേ ജനങ്ങള്‍ക്ക് അത് സ്വീകരിക്കുവാന്‍ താല്പര്യമുണ്ടാകൂ. ഒരു പാര്‍ട്ടിയും ഒരു നേതാവും സ്വീകരിക്കുവാനും അത് പ്രചരിപ്പിക്കുവാനും തീവ്രമായി പരിശ്രമിക്കുമ്പോള്‍ അതില്‍ നിന്ന് ആര്‍ക്കും ഒഴിഞ്ഞ് നില്ക്കുവാനാവില്ല.
വ്യവസ്ഥാപിത മുന്നണി രാഷ്ട്രീയത്തിനപ്പുറം
യു ഡി എഫ്, എല്‍ ഡി എഫ് ധ്രുവങ്ങളില്‍ ഒരു പെന്‍ഡുലം ആടുന്നതു പോലെ കേരള രാഷ്ട്രീയം ചുരുങ്ങിയതിന്റെ പശ്ചാത്തലത്തില്‍ മാത്രം രാഷ്ട്രീയത്തെ വിലയിരുത്തുവാന്‍ ശേഷിയുണ്ടായാല്‍ അത് കേരളത്തെ നല്ല ദിശയിലേക്ക് നയിക്കാന്‍ പര്യാപ്തമാകില്ല. കേരളത്തിന്റെ ജനാധിപത്യപരമായ അടിസ്ഥാന പ്രശ്‌നങ്ങളും അച്യുതാനന്ദന്‍ തിരിച്ചറിഞ്ഞില്ലായെന്ന് മനസിലാക്കേണ്ടി വരും. അക്രമ രാഷ്ട്രീയം കൊല്ലും കൊലയുമായി മുന്നേറുന്ന ഘട്ടത്തിലും അതിനെ ജനാധിപത്യ തത്വങ്ങളുടെ അടിസ്ഥാനത്തില്‍ സമീപിക്കാത്തത് അതിന്റെ സൂചനയാണ്. എന്നിട്ടും അച്യുതാനന്ദനെ ആരാധിക്കുന്ന വിധം ജനങ്ങള്‍ പെരുമാറുന്നത് എന്തുകൊണ്ടാണെന്ന് നമുക്ക് ഇന്നത്തെ സാഹചര്യത്തില്‍ മനസിലാക്കുവാന്‍ പ്രയാസമില്ല. അത്രയേറെ മലീമസവും ദിശാബോധമില്ലാത്തതുമായി രാഷ്ട്രീയം മാറിയതിനാലാണ്. മാറിയ കാലത്തെ രാഷ്ട്രീയത്തെ മാറ്റത്തിന്റെ രാഷ്ട്രീയമാക്കി എങ്ങനെ മാറ്റിതീര്‍ക്കാമെന്നുള്ള കനപ്പെട്ട ചോദ്യമാണ് ഉത്തരം കാണുകയാണ് കേരള സമൂഹത്തിന് മുന്നിലുള്ളത്.
കമ്യൂനിസ്റ്റ് പ്രസ്ഥാനത്തില്‍ സ്വാതന്ത്ര്യം, അടിച്ചമര്‍ത്തല്‍ മേല്‍ ജാതി പക്ഷപാതിത്വം എന്നിവയില്‍ പ്രതിഷേധിച്ചുകൊണ്ട് അനവധി ആളുകള്‍ മുന്നോട്ട് വന്ന് പ്രസ്ഥാനം വിട്ടുപോയിട്ടുള്ളതാണ്. സാംസ്‌കാരിക രംഗത്തെ സി. ജെ. തോമസ് മുതല്‍ പിന്നാക്ക വിഭാഗത്തിലെ പി. ഗംഗാധരനും നക്‌സലൈറ്റുകളായ കെ. കെ. കൊച്ചും കെ വേണുവും കെ. എം. സലിംകുമാറും പീപ്പിള്‍സ് വാര്‍ ഗ്രൂപ്പ് തീവ്ര കമ്യൂനിസ്റ്റ് നേതാവ് ആന്ധ്രയിലെ സത്യമൂര്‍ത്തിയും അതിന്റെ പ്രണേതാക്കളാണ്. എന്നാല്‍ ഒരു സമത്വാധിഷ്ഠിതമായ സാമൂഹിക സാമ്പത്തിക ദര്‍ശനം മുന്നോട്ട് വയ്ക്കാതെ ജനങ്ങള്‍ക്ക് അതില്‍ അണിചേരുവാന്‍ കഴിയില്ല. അവരുടെ പ്രയത്‌നമെല്ലാം വൃഥാവിലാകുന്നത്‌നമ്മള്‍ കണ്ടുകഴിഞ്ഞു.
ദി ക്രിട്ടിക് യു ട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
കേരളത്തിലെ ആദിവാസി, മതവിവേചനം ഇല്ലാതെ ദലിത സമൂഹങ്ങള്‍ ഏറ്റവും ചൂഷിതരും വിവേചനം അനുഭവിക്കുന്നവരും ആയി തുടരുന്നതില്‍ ഒരു മാറ്റം വരുത്തുവാന്‍ എന്താണ് ചെയ്യേണ്ടത് ? അതിനുള്ള സാമൂഹിക, സാമ്പത്തിക പരിപാടി എന്തായിരിക്കണം. ഇന്നും കൈതൊഴിലുകാര്‍, അസംഘടിത മേഖല, കരാര്‍ തൊഴിലാളികള്‍, താല്കാലിക തൊഴിലാളികള്‍ തുടങ്ങി ബഹുഭൂരിപക്ഷം വരുന്ന തുച്ഛവരുമാനക്കാരായ പണിയെടുക്കുന്നവരുടെ അധ്വാനമൂല്യം താരതമ്യേന വളരെ കുറഞ്ഞ പ്രതിഫലത്തിന് കൈമാറുവാന്‍ നിര്‍ബന്ധിതമാകുന്ന സാമ്പത്തിക സാഹചര്യം മാറ്റുവാന്‍ എന്താണ് ചെയ്യേണ്ടത് ? കര്‍ഷകര്‍ ഉല്പാദിപ്പിക്കുന്ന നെല്ല്, നാളികേരം, റബര്‍ വിവിധയിനം പച്ചക്കറികള്‍, വാഴക്കുലകള്‍ ഉള്‍പ്പെട്ടിട്ടുള്ള പഴവര്‍ഗ്ഗങ്ങള്‍ തുടങ്ങിയവ ഉല്പാദിപ്പിക്കുവാന്‍ കര്‍ഷകര്‍ ചെലവഴിക്കുന്ന അധ്വാനമൂല്യത്തിന് അനുസരിച്ചുള്ള പ്രതിഫലം എങ്ങനെയാണ് ഉറപ്പുവരുത്തുക? വിദ്യാസമ്പന്നരായ ചെറുപ്പക്കാര്‍ക്ക് എങ്ങനെയാണ് എല്ലാവര്‍ക്കും തൊഴില്‍ ഉറപ്പുവരുത്തുവാന്‍ കഴിയുക? കേരളത്തിന്റെ വികൃതവും അസന്തുലിതവും വിനാശകരവുമായ വികസനത്തെ എങ്ങനെ പ്രകൃതിയോടിണങ്ങിയ വിധത്തില്‍ സന്തുലിതവും സുന്ദരവും സാമഗ്രവുമായ വികസനമാക്കിതീര്‍ക്കുവാന്‍ പറ്റുക? അതെല്ലാം ഭാവന ചെയ്യുവാനും യാഥാര്‍ത്ഥ്യമാക്കുവാനും ആരാധിക്കുവാന്‍ ഒരു വിഗ്രഹത്തെ ചമയ്ക്കുന്നത് പരിഹാരമുണ്ടാക്കില്ല.