എസ് ജോസഫിന്റേത് പുതിയ താവളം തേടുന്ന പുതുകവിത

ചിന്തയുടെ / ആസ്വാദനത്തിന്റെ പലമയാര്‍ന്ന വഴികള്‍ തുറന്നു വച്ച എസ്. ജോസഫിന്റെ താവളം എന്ന കവിത മനസിലാകാത്തതിനാലോ മനസിലാകായ്മ നടിച്ചതിനാലോ ഉണ്ടായ വിമര്‍ശനങ്ങളോടുള്ള എന്റെ നിലപാടിതാണ് -എ കെ വാസു

കവിതയെഴുത്തില്‍ പരമ്പരാഗതമായ എല്ലാ നിയമങ്ങളും വെടിഞ്ഞു എന്നുള്ളതാണ് ഉത്തരാധുനിക കവിതയുടെ സവിശേഷത അപ്പോഴും ദേശരാഷ്ട്രത്തിന് അകത്തു വസിക്കുന്ന കവികള്‍ ഉള്‍പ്പെടെ മനുഷ്യരെല്ലാം രാജ്യത്തിന്റെ ഭരണഘടനാപരമായ എല്ലാ നിയമങ്ങളും അനുസരിച്ചു തന്നെ ജീവിച്ചു. കവിതയില്‍ നിയമം തെറ്റിച്ചാലും ആ കവി വാഹനം ഓടിക്കുമ്പോള്‍ അറിയാതെതന്നെ ഇടതുവശം ചേര്‍ക്കും അതാണല്ലോ റോഡു നിയമം. നികുതിയടക്കും .ആധാര്‍ കാര്‍ഡുണ്ടാക്കും .അതേ നിയമപാലനം കവിപോലുമറിയാതെ കവിയുടെ കവിതയിലും ആവിഷ്‌കാരങ്ങളിലും ഒപ്പംകൂടും . കോടതിയലക്ഷ്യ കവിതകള്‍ എഴുതാതെ നോക്കും. രാഷ്ട്രനിയമങ്ങളില്‍ അനുസരണയോടെ ഉത്തമ പൗരനായിത്തന്നെ ഭൂരിഭാഗം പേരും ജീവിതം നയിക്കും… നമ്മുടെ കവിതകളെല്ലാം നിയമാനുസാരികളായ കവിതകള്‍ തന്നെയെന്നു ചുരുക്കം.

കവിതയെഴുത്തില്‍ സെന്‍സര്‍ ബോര്‍ഡ് ഇല്ലെങ്കിലും സിനിമക്കതുണ്ട്. നിയമവ്യവവസ്ഥയെ വെല്ലുവിളിക്കുന്ന സിനിമകള്‍ക്ക് പ്രദര്‍ശനാനുമതി നിഷേധിക്കപ്പെടുന്നു. കലാനിയമങ്ങള്‍ ലംഘിച്ചാലും രാഷ്ട്രനിയമങ്ങള്‍ ലംഘിക്കുക എളുപ്പമല്ല. സാഹിത്യമെഴുതിയതിനാല്‍ ദേശദ്രോഹക്കുറ്റം ചുമത്തപ്പെട്ട് ജയിലില്‍ കിടക്കേണ്ടിവന്ന വൈക്കം മുഹമ്മദു ബഷീറിനെ ഓര്‍ക്കുന്നു.

ദി ക്രിട്ടിക് ഫേസ് ബുക്ക് പേജ് ലൈക്ക് ചെയ്യുക

നിയമങ്ങള്‍ക്കും അപ്പുറമുള്ളൊരു മനോവിസ്മയ ജീവിതം ലോകത്തുള്ള സകല മനുഷ്യരിലുമുണ്ട് .നിയമ വിലക്കിന് മറുകരയിലുള്ള ഇത്തരം ഇടങ്ങളിലേക്ക് മാനസിക വ്യാപാരത്തിലൂടെ കടന്നുചെല്ലാന്‍ സാഹിത്യത്തിന് ചിലഘട്ടങ്ങളില്‍ മാത്രമേ കഴിയാറുളളൂ .മൈമൂനയുമായി രതിപങ്കിടുന്ന ഖസാക്കിലെ രവി എഫ് .ഐ .ആര്‍ ഇട്ട് കേസ് ചാര്‍ജു ചെയ്താല്‍ പീഢനക്കേസില്‍ അകത്തു പോകും. പരസ്യമായി കഞ്ചാവു വലിക്കുന്ന മയ്യഴിയിലെ അല്‍ഫോണ്‍സച്ചനും റിമാന്റു ചെയ്യപ്പെടും. നിയമം അത് അനുശാസിക്കുന്നു. നിയമവ്യവസ്ഥയ്ക്ക് അപ്പുറമുള്ളൊരു സുപ്തസുഖം തേടലാണ് ഖസാക്കിലെ രവിയില്‍ നാം കാണുന്നത്. മദ്യപാനവും പുകവലിയും സിനിമയില്‍ വരുമ്പോള്‍ മുന്നറിയിപ്പായി ആരോഗ്യത്തിന് ഹാനീകരമെന്നു ചേര്‍ത്താല്‍ മാത്രമേ നിയമാനുസൃതമാകൂ.

നിയമവാഴ്ച പ്രധാനമാകുമ്പോഴും മനുഷ്യ ജീവിതത്തിന്റെ സ്വകാര്യതകളിലേക്ക് ചുഴിഞ്ഞ് ചുഴിഞ്ഞെത്തുന്ന പോലീസിങ്ങ് കുറഞ്ഞിരിക്കുന്നതാണ് പരിഷ്‌കൃതമായ സാമൂഹിക ജീവിതത്താല്‍ സ്റ്റേറ്റ് പ്രദാനം ചെയ്യേണ്ടത്. കേരളീയ ജീവിതപരിസരങ്ങളാകെ ആധുനീക പോലീസ് സംവിധാനത്തില്‍ CCTVയുടെ നിരീക്ഷണ ലോകത്തില്‍ ഏറ്റവുമധികം കെട്ടപ്പെട്ടുകഴിഞ്ഞു കലാലയങ്ങളിലെ ക്ലാസ്മുറിയില്‍ ,വരാന്തയില്‍ പോലും ക്യാമറവച്ച് പ്രിന്‍സിപ്പല്‍മാരാല്‍ – മാനേജര്‍മാരാല്‍ ഭേദ്യം ചെയ്യപ്പെട്ട് ആത്മഹത്യ ചെയ്യേണ്ടിവന്ന വിദ്യാര്‍ത്ഥികളെ കുറിക്കുന്ന വാര്‍ത്തകള്‍ നിരവധി ആയിരിക്കുന്നു. .

മനസ്സുകൊണ്ടെങ്കിലും പോലീസിങ്ങില്‍ നിന്നും പുറത്തു കടന്നൊരു സ്വകാര്യലോകം മനോജ്ഞമായി സൃഷ്ടിക്കുന്നതാണ് എസ്. ജോസഫിന്റെ മാതൃഭൂമി പ്രസിദ്ധീകരിച്ച താവളം എന്ന കവിത. കാവ്യജീവിതത്തിന്റെ തുടരെഴുത്തില്‍, തന്നെത്താന്‍ അനുകരിക്കാന്‍ വിസമ്മതിച്ച് രൂപഭാവ വ്യതിയാനമുള്ള ചലനാത്മകത സൃഷ്ടിക്കുന്ന പുതുവഴിയാണീ കവിതക്കുള്ളത്. ജയില്‍ചാടി വരുന്നൊരാളോ അതുമല്ലങ്കില്‍ ആരുമില്ലാതെ അലയുന്നൊരാളോ ആവാം കവിതയിലെ പുരുഷന്‍ അയാളെ ആള്‍ക്കൂട്ട വേവലാതികളില്‍ നിന്നും സദാചാര ഗുണ്ടായിസത്തില്‍ നിന്നും മായീകമായൊരു വിസ്മയ ലോകത്തേക്ക് കൂട്ടിക്കൊണ്ടുപോകുന്നത് ധൈര്യവതിയായൊരു സ്ത്രീയാണ്. സ്വയംനിര്‍ണ്ണയനാധികാരിയായ അവള്‍ക്ക് കുലസ്ത്രീയുടെ ചങ്ങലക്കെട്ടുകളില്ല. ആള്‍ക്കൂട്ടത്തെ തൃപ്തിപ്പെടുത്താനായി അവള്‍ അവളുടെ സഹജകാമനകളെ എന്നേക്കും കുഴിച്ചുമൂടുന്നവളുമല്ല. അവള്‍ ചാരായം വാറ്റും അതൊക്കെയടിച്ച് പകല്‍ വീട്ടിലിരിക്കും ഉച്ചയ്ക്കു ശേഷം ഇണചേരുന്നതാണ് അവള്‍ക്കിഷ്ടം’ അവന്റെ ഇഷ്ടത്തിനായി അവള്‍ കര്‍മ്മമാകുകയല്ല. അവളുടെ ഇഷ്ടത്തിലേക്കവന്‍ ചെന്നുചേരുകയാണിവിടെ… സംഭോഗത്തില്‍ പോലും ആണധികാരം സൃഷ്ടിച്ചുവച്ച സദാചാരനിയമാവലികള്‍ ലംഘിക്കുന്നതിന്റെ സൂചനകള്‍ വ്യക്തമാണിവിടെ . അവളെ ഞാന്‍ ഭോഗിച്ചു എന്ന ആണധികാര / പരുഷഭാഷണത്തെ, അവള്‍ അവനെ ഭോഗിച്ചെന്നു ബോധപൂര്‍വ്വമായിത്തന്നെ മറിച്ചിടുന്നുണ്ട് ഈ കവിതാഘടന.

‘ഏറ്റവും കൂടുതല്‍ മഴപെയ്യുന്ന ഒരു ദേശമാണ് ‘ എന്ന സൂചനയില്‍ വനം തുടങ്ങുന്ന ഇടുക്കിയുടെ പടിഞ്ഞാറേ ചരിവുണ്ട്. ‘തൊട്ടുത്തുകൂടി പുഴ ഒഴുകുന്നു അതിനു മുകളില്‍ പാലമുണ്ട്.’ എന്നതില്‍ പെരിയാറിന്റെ ഒഴുക്കിനെ കടക്കുന്ന പഴമ ചേര്‍ന്ന ഒരുപാലമുണ്ട്. ഒരു കാടും ഒരുനാടും അങ്ങുമിങ്ങും ചേര്‍ത്തു വയ്ക്കുന്നൊരു നീളന്‍പാലം.’രാത്രിയില്‍ അടുത്ത കാട്ടിലേക്ക് തോക്കുമായി പോകും. പന്നിയെ മാത്രമേ വെടിവയ്ക്കൂ ‘ നായാടി ഇരതേടിയും വന്യപ്രകൃതിയില്‍ഇണചേര്‍ന്നും മാത്രം ജീവിച്ച അതിഭൂതകലത്തോടുള്ള അഭിനിവേശം ഇവിടെ പ്രകടമാണ്.

വിലക്കുകളേതുമേലാത്തൊരു എദന്‍തോട്ടത്തില്‍ മഞ്ഞുലാത്തുന്ന പച്ചപ്പില്‍ നിലാവെട്ടത്തിന്റെ കുളിരുമൂടിയ സുഖാനുഭൂതിയുടെ ലോകം കവിത തുറക്കുകയാണ്.ഒമര്‍ഖയ്യാമിന്റെ പ്രശസ്തമായ ‘ചിന്താസുന്ദര കാവ്യവും ലഘുതരം ഭോജ്യങ്ങളും സ്ഫടികക്കുപ്പിയില്‍ നുരഞ്ഞു പതയും വീഞ്ഞും കാന്തേ എന്നരികത്തിളം തണലില്‍ നീ പാടാനുമുണ്ടെങ്കിലോ കാന്താര സ്ഥലിപോലും ഇവന്നു ഹാ …. സ്വര്‍ലോകമാണോമനേ ‘എന്ന ഏതൊരാളിലും രൂഢമൂലമായ ആ പ്രണയക്കുളിര്‍ പറ്റിയ മായാലോകം തന്നെ തുറന്നിടുന്നു താവളത്തിലും. ഒമര്‍ ഖയ്യാമില്‍ പുരുഷ ഭാഷണമാകുമ്പോള്‍ താവളത്തിലത് ലിംഗനിരപേക്ഷ പൊതുഭാഷ്യമാകുന്നു എന്നത് സവിശേഷമാണ്.

ദി ക്രിട്ടിക് യു ട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

‘നിമിഷങ്ങള്‍ നീട്ടിപ്പാടി അനശ്വരമാക്കുവാന്‍ ഏത് ദൂരത്തേക്കും പറക്കുന്നു ‘ എന്നവസാനിക്കുന്ന എസ്.ജോസഫിന്റെ പാടി നീട്ടല്‍ എന്ന കവിതയും താവളത്തോടു ചേര്‍ത്തുതന്നെ വായിക്കാം .സ്ത്രീയുടെ സ്വാതന്ത്ര്യ പ്രഖ്യാപനത്തോടൊപ്പം സ്വന്തം ശരീരത്തില്‍ അവള്‍ക്കു മാത്രമുള്ള സ്വയം നിര്‍ണ്ണയനാധികാരം കൃത്യമായും സൂചിതമാണ് രതിയുടെയും അതിന്റെ ലയകാമനകളുടെയും സമയദൈര്‍ഘ്യം കൂടുതലാക്കുന്നതാണിവിടെ…

‘ദേഹത്ത് തേളിനെ വരച്ചുവച്ചും
വിസ്‌കിയില്‍ ഐസിട്ട് നൊട്ടിനുണഞ്ഞും
എന്റെ മാറില്‍ കാലുകള്‍ വച്ച്
ഒരു ടര്‍ക്കിഷ് പാട്ടുപാടിയും
രതിയുടെ നിമിഷങ്ങളെ പതുക്കെയാക്കിയും
രാത്രി എന്ന ക്യാന്‍വാസില്‍
തീപോലെ തിളങ്ങിയും
അവള്‍ ……
നേരം പുലര്‍ന്നു
എപ്പോഴോ എഴുതിയ കവിത
മേശയിലുപേക്ഷിച്ച്
അവള്‍ സ്റ്റേറ്റ്‌സിലേക്ക് പറന്നു
ഭര്‍ത്താവ്
വിമാനത്താവളത്തില്‍ കാത്തുനില്ക്കും
വൈകുന്നേരം
അവളുടെ കവിത എടുത്തു നോക്കി
കവിത മനസിലാവില്ല
അതിലെ ഒരു വരി ഇങ്ങനെയായിരുന്നു :
‘നിമിഷങ്ങള്‍
നീട്ടിപ്പാടി അനശ്വരമാക്കുവാന്‍
ഏത് ദൂരത്തേക്കും പറക്കുന്നു ‘

രാത്രിയുടെ ക്യാന്‍വാസില്‍ തീ പോലെ തിളങ്ങുന്ന മായികലോകം സുപ്തകാമനകളുടെയും സദാചാരക്കെട്ടു പൊട്ടിച്ചെറിയലിന്റേതുമാണ് . ‘പാടി നീട്ടലില്‍ ‘ വീട്ടു നിയമത്തില്‍ നിന്നും ‘താവളത്തില്‍ ‘ നാട്ടു നിയമത്തില്‍ നിന്നുമുള്ള ഭ്രമാത്മകതയുടെ സൗന്ദര്യം ചേര്‍ത്ത കുതറലുകളുണ്ട്

‘എനിക്ക് നിയമങ്ങളില്ല
എന്നെത്തേടി ഒരു പോലീസും വരില്ല.
അവര്‍ക്കറിഞ്ഞു കൂടാ
എന്റെ പുതിയ താവളം ‘

പോലീസില്‍ നിന്നും റിട്ടയര്‍ ചെയ്ത, മനസ്സിന്റെ സമനില നഷ്ടപ്പെട്ട സുഹൃത്തായ ഒരു പോലീസുകാരന്റെ വിഭ്രാന്തി ഇവിടെ ചേര്‍ക്കാം.

‘അവിടെ നിന്നും മാറിനില്‍ക്കെടാ …..

അവിടെ വയര്‍ലെസ് സെറ്റുണ്ട് അപ്പുറത്ത് ക്യാമറയുണ്ട് ‘ ഏതായാലും പോലീസിങ്ങിന്റെ നെറ്റ്വര്‍ക്കിന് അപ്പുറമുള്ള , അവര്‍ തേടിവരാത്ത ഒരു ലോകം ഭാവനയിലെങ്കിലും പുതുമ ചേര്‍ത്ത ലോകം കവിതയില്‍ ആദ്യംസൃഷ്ടിച്ചത് എസ്.ജോസഫ് ആണ് . അതിനെ ഒറ്റവായനയില്‍ എല്ലാവര്‍ക്കും ഉള്‍ക്കൊള്ളാന്‍ ആയിക്കൊള്ളണമെന്നുമില്ല.

‘കം
തകം
പാതകം
കൊലപാതകം വാഴക്കൊലപാതകം’
(അയ്യപ്പ പണിക്കര്‍ )

എന്നതിലെ കവിത മനസ്സിലാക്കുവാന്‍ പ്രകടന കവിതാസ്വാദനത്തിനുമപ്പുറം മാനസീകവ്യാപാരം നടത്താനുള്ള ആസ്വാദക പ്രതിഭകൂടി വേണം. ‘യേഷാം കാവ്യാനുശീലനവശാത്’ പ്രധാനമാണ്. കുറഞ്ഞത് മനസിലാക്കാന്‍ ഒരു മനസെങ്കിലും വേണം. ….

ഒറ്റവായനയില്‍ത്തന്നെ എല്ലാ കവിതയും ആസ്വാദന ക്ഷമമാകണമെന്നില്ല വായിച്ചെടുത്ത കാവ്യബിംബങ്ങള്‍ മനോമുകരത്തില്‍ തങ്ങിനില്‍ക്കുകയും അതില്‍നിന്ന് തുറന്നിടുന്ന വാതിലുകള്‍ പിന്നീടെപ്പോഴെങ്കിലും മനോജീവിതത്തിലും യഥാര്‍ത്ഥജീവിതത്തിലും തുടര്‍ച്ച നേടുന്നതുമാണ് നല്ല കവിതയുടെ വായനാനുഭവം . മകരക്കൊയ്ത്തുകഴിഞ്ഞ നെല്‍വയല്‍ കാണുമ്പോള്‍ മാത്രമല്ല ,പരേതനായ ഒരാളുടെ ചലനമറ്റ കിടപ്പിനുചുറ്റും അംഗചലനമായി എന്തെങ്കിലുമൊക്കെ ആചാരം ചെയ്തു നില്‍ക്കുന്ന മക്കളെയും കുറച്ചധികം ചെറുമക്കളെയും കാണുന്ന മരണാനന്തര ക്രീയകള്‍ കാണുമ്പോഴും’ഹാ വിജിഗീഷു മൃത്യുവിന്നാമോ ജീവിതത്തിന്‍ കൊടിപ്പടം താഴ്ത്താന്‍ ‘ (വൈലോപ്പിള്ളി ) എന്ന കാവ്യഭാഗം അനുവാചക മനസ്സില്‍ ചിറകടിച്ച് എത്തേണ്ടതില്ലേ ?

ചിന്തയുടെ / ആസ്വാദനത്തിന്റെ പലമയാര്‍ന്ന വഴികള്‍ തുറന്നു വച്ച എസ്. ജോസഫിന്റെ താവളം എന്ന കവിത മനസിലാകാത്തതിനാലോ മനസിലാകായ്മ നടിച്ചതിനാലോ ഉണ്ടായ വിമര്‍ശനങ്ങളോടുള്ള എന്റെ നിലപാടിതാണ്. കവിത മുഴുവനായും ഇവിടെ ചേര്‍ക്കുന്നു.

താവളം – എസ്.ജോസഫ്

ആള്‍ക്കൂട്ടത്തില്‍ നിന്ന് അവളെന്നെ കൊണ്ടു പോയി

വഴി വളവിലെ വീട്ടില്‍ അത്താഴം
അവളോടൊപ്പം ഉറക്കം

തൊട്ടുത്തു കൂടി പുഴ ഒഴുകുന്നു
അതിനു മുകളില്‍ പാലമുണ്ട്.

ഏറ്റവും കൂടുതല്‍ മഴ ചെയ്യുന്ന ഒരു ദേശമാണ്

പകല്‍ വീട്ടിലിരിക്കും
ഉച്ചയ്ക്കു ശേഷം
ഇണചേരുന്നതാണ്
അവള്‍ക്കിഷ്ടം

രാത്രിയില്‍ അടുത്ത കാട്ടിലേക്ക്
തോക്കുമായി പോകും.

പന്നിയെ മാത്രമേ വെടിവയ്ക്കൂ

അവള്‍ ചാരായം വാറ്റും
അതൊക്കെയടിച്ച് പകലിരിക്കും

അവളെ പുണര്‍ന്നു കിടക്കും

എനിക്ക് നിയമങ്ങളില്ല
എന്നെത്തേടി ഒരു പോലീസും
വരില്ല.

അവര്‍ക്കറിഞ്ഞു കൂടാ
എന്റെ പുതിയ താവളം

സുഹൃത്തെ,
അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പന്ത്രണ്ടാം വര്‍ഷത്തേക്ക് കടക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2024 - 25 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.

The Critic, A/C No - 020802000001158,
Indian Overseas Bank,
Thrissur - 680001, IFSC - IOBA0000208
google pay - 9447307829
സ്നേഹത്തോടെ ഐ ഗോപിനാഥ്, എഡിറ്റര്‍, thecritic.in


ഞങ്ങളുടെ ഫേസ്ബുക് പേജ് ലൈക് ചെയ്യൂ..


Published On

Category: Literature | Tags: , | Comments: 0 |

'ക്രിട്ടിക്കില്‍ പ്രസിദ്ധീകരിക്കുന്ന ലേഖനങ്ങള്‍ ലേഖകരുടെ അഭിപ്രായങ്ങളാണ്.. അവ പൂര്‍ണ്ണമായും ക്രിട്ടിക്കിന്റെ അഭിപ്രായങ്ങളാകണമെന്നില്ല - എഡിറ്റര്‍'

Be the first to write a comment.

Leave a Reply