വ്യക്തിനിയമപരിഷ്‌കാരം ഏകീകൃത സിവില്‍ കോഡ് വാദത്തിന് തടയിടും

മുസ്ലിം വ്യക്തി നിയമം കാലോചിതമായ മാറ്റം അനിവാര്യമാണ്’ എന്ന് പ്രഖ്യാപിച്ചുകൊണ്ട് മാര്‍ച്ച് 12 ന് കോഴിക്കോട് ടൗണ്‍ഹാളില്‍ (ഹലീമ ബീവി നഗറില്‍) നടക്കുന്ന മുസ്ലിം വിമന്‍സ് ജെന്‍ഡര്‍ ജസ്റ്റിസ് ഫോറം സംസ്ഥാന കണ്‍വെന്‍ഷന്‍ ഏകീകൃത സിവില്‍ കോഡിനു (uniform civil code) വേണ്ടിയുള്ള സംഘ പരിവാര്‍ പരിശ്രമങ്ങളെ ശക്തിപ്പെടുത്താന്‍ സഹായിക്കുമെന്ന ഒരു വാദം ചിലര്‍ ഉയര്‍ത്തുന്നുണ്ട്. യഥാര്‍ഥത്തില്‍ ആ സംഘപരിവാര്‍ അജണ്ടയെ വഴിതിരിച്ചുവിടാനാണ് ഈ സമ്മേളനവും പിന്തുടര്‍ച്ചാവകാശ നിയമങ്ങള്‍ പരിഷ്‌കരിക്കുകയും ക്രോഡീകരിക്കുകയും ചെയ്യുക എന്ന മുദ്രാവാക്യവും സഹായിക്കുക: അതിന് ഇന്ത്യയിലെ മുസ്ലീം മത നേതാക്കളും സമൂഹവും പരിഷ്‌കരണത്തിന്റെ ആവശ്യം തിരിച്ചറിയുകയും ഇന്ത്യന്‍ മുസ്ലീം പിന്തുടര്‍ച്ചാവകാശ നിയമം കാലികമായി പരിഷ്‌കരിക്കണമെന്ന് ഡിമാന്റ് ചെയ്യുകയുമാണ് വേണ്ടത്

ഇന്ത്യന്‍ മുസ്ലിം വ്യക്തിനിയമത്തിലെ ലിംഗവിവേചന വകുപ്പുകള്‍ ഒഴിവാക്കി അത് പരിഷ്‌കരിക്കപ്പെടാനും പിന്തുടര്‍ച്ചാവകാശ നിയമങ്ങളെ കൃത്യമായി നിര്‍വചിച്ചുകൊണ്ട് ക്രോഡീകരിക്കപ്പെടാനുമുള്ള പരിശ്രമത്തിലാണ് ഫോറം ഫോര്‍ മുസ്ലിം വിമന്‍ ജെന്‍ഡര്‍ ജസ്റ്റിസ്. ഇന്ത്യന്‍ ഭരണഘടനയിലെ 13 ,14, 21 വകുപ്പുകള്‍ അനുസരിച്ചും അന്താരാഷ്ട്ര മനുഷ്യാവകാശ പ്രഖ്യാപനത്തിനനുയോജ്യമായും, ഇന്ത്യ 1993 ല്‍ അംഗീകരിച്ച സ്ത്രീകള്‍ക്കെതിരായ എല്ലാ തരത്തിലുള്ള വിവേചനങ്ങളെയും നിര്‍മാര്‍ജനം ചെയ്യാന്‍ വേണ്ടിയുള്ള 1979 ലെ ഐക്യരാഷട്രസഭാ പ്രഖ്യാപനത്തില്‍ അധിഷ്ഠിതമായും, ഖുര്‍ആനില്‍ പറയുന്നതുല്യത, നീതി, വിവേകം, അനുതാപം, മാനുഷികത തുടങ്ങിയ മൂല്യങ്ങളെ പരിഗണിച്ചും ലിംഗനീതിയില്‍ ഊന്നിയ ഒരു പരിഷ്‌കരണം ഇന്ത്യന്‍ മുസ്ലിം പിന്തുടര്‍ച്ച അവകാശ നിയമത്തില്‍ ഉണ്ടാകണമെന്ന ആവശ്യമാണ് അസന്നിഗ്ധമായി ഫോറം മുന്നോട്ടുവയ്ക്കുന്നത്

അനീതി നിറഞ്ഞതും സ്ത്രീവിരുദ്ധവുമായ ആചാരങ്ങളെ പിന്തുടര്‍ന്നിരുന്ന ഹിന്ദു വ്യക്തി നിയമങ്ങള്‍ പരിഷ്‌കരിക്കാനുള്ള നീക്കങ്ങള്‍ക്കും സങ്കുചിത മതവാദികളായ ഹിന്ദുമഹാസഭാ നേതാക്കളില്‍ നിന്നും, ദേശീയ പ്രസ്ഥാനത്തിന്റെ നായകരായിരുന്ന ഉന്നത വ്യക്തിത്വങ്ങളില്‍ നിന്നു പോലും, ഏറെ വര്‍ഷങ്ങളിലെ എതിര്‍പ്പുകളെ നേരിടേണ്ടി വന്നിരുന്നു. ഹിന്ദു മതത്തിന്റെ അടിത്തറ ഇളക്കാനും വിശുദ്ധി നശിപ്പിക്കാനുമാണ് ഹിന്ദു കോഡ് ബില്ല് എന്നാണ് ഹിന്ദു മഹാസഭയും ഒരു വിഭാഗം ഹിന്ദു പൗരോഹിത്യവും അന്ന് വാദിച്ചത്. എങ്കിലും താരതമ്യേന മെച്ചപ്പെട്ട നിലയില്‍ അത് ക്രോഡീകരിക്കാനും ഹിന്ദു കോഡ് നിയമം പാസാക്കാനും ഇന്ത്യന്‍ പാര്‍ലമെന്റിന് സാധിച്ചിട്ടുണ്ട്. നീണ്ടുനിന്ന നിയമ യുദ്ധത്തിലൂടെയാണെങ്കിലും ക്രിസ്ത്യന്‍ പിന്തുടര്‍ച്ചാവകാശ നിയമത്തില്‍ ലിംഗ നീതി കൊണ്ടുവരാനും സാധിച്ചിട്ടുണ്ട്. ഈ നിലയില്‍ തന്നെ ഇന്ത്യന്‍ മുസ്ലിം പിന്തുടര്‍ച്ചാവകാശ നിയമവും പരിഷ്‌കരിക്കപ്പെടണം എന്നാണ് ഫോറം ഫോര്‍മുസ്ലിം വിമന്‍സ് ജന്റര്‍ ജസ്റ്റിസ് ആഗ്രഹിക്കുന്നത്. ഭര്‍ത്താവ് മരിച്ച പെണ്‍മക്കള്‍ മാത്രമുള്ള മുസ്ലിം സ്ത്രീകള്‍, ഉപ്പ മരിച്ച സഹോദരങ്ങള്‍ ഇല്ലാത്ത പെണ്‍മക്കള്‍…. പിന്തുടര്‍ച്ചാവകാശ നിയമത്തിന്റെ വിവേചനങ്ങള്‍ മൂലം ദുരിതമനുഭവിക്കുന്നത് മത നേതൃത്വം എന്തുകൊണ്ടാണ് കാണാതെ പോകുന്നത്. ആണ് മാത്രം കുടുംബത്തിന്റെ സാമ്പത്തിക ഉത്തരവാദിത്തങ്ങള്‍ നിര്‍വഹിച്ചാല്‍ മതിയെന്ന് ഖുര്‍ആനെ ഉദ്ധരിച്ച് പറയുന്നവര്‍ തൊഴിലെടുക്കുന്ന മുസ്ലിം സ്ത്രീകള്‍ അവരുടെ വരുമാനം കുടുംബത്തിനു വേണ്ടി ചെലവാക്കാന്‍ പാടില്ലെന്ന് പറഞ്ഞാല്‍ ( ചെലവാക്കിയാല്‍ ഇസ്ലാം വിരുദ്ധമാകുമോ) അംഗീകരിക്കാന്‍ മുസ്ലിം സമൂഹം തയ്യാറുണ്ടോ.

ദി ക്രിട്ടിക് ഫേസ് ബുക്ക് പേജ് ലൈക്ക് ചെയ്യുക

വ്യക്തി നിയമങ്ങള്‍ (personal laws) സമഗ്രമായി, ഭരണഘടനാ മൂല്യങ്ങളില്‍ അധിഷ്ഠിതമായി പരിഷ്‌കരിച്ച് ലിംഗ നീതി ഉറപ്പാക്കുകയാണെങ്കില്‍ ഏകീകൃത സിവില്‍ കോഡ് സംബന്ധമായ വാദങ്ങളെല്ലാം ഇന്നത്തെ ഘട്ടത്തില്‍ അപ്രസക്തമാകും. ഇന്ത്യയിലെ സാംസ്‌കാരിക വൈവിധ്യങ്ങളെയും ബഹുത്വത്തെയും മതവൈവിധ്യങ്ങളെയും ജനാധിപത്യപരമായ മതസ്വാതന്ത്ര്യത്തെയും ഹനിക്കുന്ന രീതിയിലുള്ള ഒരു ഏകീകൃത സിവില്‍ കോഡിനു വേണ്ടിയുള്ള വാദം ഇന്നത്തെ മൂര്‍ത്ത സാഹചര്യത്തില്‍ അപകടകരമായിരിക്കും എന്ന തിരിച്ചറിവോടുകൂടി തന്നെയാണ് വ്യക്തി നിയമങ്ങളിലെ ലിംഗ നീതിക്ക് വേണ്ടിയുള്ള ഈ പ്രസ്ഥാനം മുന്നോട്ടു പോകുന്നത്.ഇക്കാര്യത്തില്‍ ഇന്ത്യന്‍ മുസ്ലിങ്ങള്‍ ഉള്‍പ്പെടെയുള്ള ന്യൂനപക്ഷങ്ങളുടെ ഏകീകൃത സിവില്‍ കോഡിനെക്കുറിച്ചുള്ള ആശങ്ക അസ്ഥാനത്തല്ലെന്ന് അവര്‍ കൃത്യമായി തിരിച്ചറിയുന്നുണ്ട്.

സമൂഹത്തെ വര്‍ഗീയമായി വിഭജിക്കുകയും വൈവിധ്യങ്ങളെയും ബഹുത്വങ്ങളെയും തകര്‍ത്തുകൊണ്ട് ഒരു ഏകശിലാ സാംസ്‌കാരിക ദേശീയതയിലേക്ക് ജനതകളെ ആട്ടിത്തെളിക്കുകയും ചെയ്യുന്ന സംഘപരിവാര്‍ സാംസ്‌കാരിക നയങ്ങളുടെയും സംഘപരിവാര ഫാസിസത്തിന്റെ അധികാര ആരോഹണത്തിന്റെയും പശ്ചാത്തലത്തില്‍ എകീകൃത സിവില്‍ കോഡിന് വേണ്ടി ബിജെപി ഗവര്‍മെന്റ് നടത്തുന്ന നീക്കത്തിനെതിരെയുള്ള ന്യൂനപക്ഷങ്ങളുടെ ഫലപ്രദമായ ചെറുത്ത് നില്‍പ്പ് സാധ്യമാവുക വ്യക്തിനിയമ പരിഷ്‌കരണത്തിനായുള്ള ആവശ്യം അവര്‍ കൂടി ഉയര്‍ത്തുമ്പോഴാണ്. ഇസ്ലാമിക ശരീഅ: തികച്ചും ഖുര്‍ആനികമെന്നും അലംഘനീയമെന്നും കരുതുന്ന വിശ്വാസികളുടെ ആശങ്കയും FMWGJ തിരിച്ചറിയുന്നു.എങ്കിലും,കാലങ്ങളിലൂടെ, ദേശങ്ങളിലൂടെ ഇസ്ലാമിക കര്‍മ്മശാസ്ത്ര നിയമങ്ങളുടെ സഞ്ചാരങ്ങളും അവയില്‍ സ്വാഭാവികമായും വന്നു ചേര്‍ന്നിട്ടുള്ള വൈവിധ്യങ്ങളും വിവിധ കര്‍മ്മശാസ്ത്ര ശാഖകളുടെ ഇടകലരലുകളും മുസ്ലിം രാഷ്ട്രങ്ങളിലുള്‍പ്പെടെ കാലത്തിനും ദേശങ്ങള്‍ക്കും അനുസരിച്ചുണ്ടായ പരിഷ്‌കരണങ്ങളും അവ മാറ്റങ്ങള്‍ക്കു വിധേയമാക്കപ്പെട്ടവ തന്നെയെന്ന് ഉറപ്പിക്കുന്നുണ്ട്. ഈ മാറ്റങ്ങള്‍ ഇപ്പോഴും തുടര്‍ന്നുകൊണ്ടിരിക്കുന്നതും വിരല്‍ ചൂണ്ടുന്നത് ഏകശിലാരൂപമായ ഒരു ഇസ്ലാമിക ശരിഅ: മതത്തിന്റെ അടിസ്ഥാന ശിലയായി നില നില്‍ക്കുന്നില്ല എന്നു തന്നെയാണ്. വിവിധ ഇസ്ലാമിക രാജ്യങ്ങളില്‍ നിലനില്‍ക്കുന്ന സിവില്‍ നിയമങ്ങള്‍ പോലും പരിഷ്‌കരിക്കപ്പെട്ടിട്ടുണ്ട്. സിവില്‍ നിയമ പരിഷ്‌കാരം ഖുറാനു നേരെയുള്ള കടന്നാക്രമണമല്ലെന്നാണ് അതൊക്കെ തെളിയിക്കുന്നത്.

ദി ക്രിട്ടിക് യു ട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഇന്ത്യയില്‍ ഇന്നു കണ്ടു വരുന്ന അത്യന്തം പ്രതിലോമപരമായ മുസ്ലിം അന്യവല്‍ക്കരണത്തെ പ്രതിരോധിക്കുന്നതിന് സമുദായത്തെ കാലത്തിനനുസരിച്ച് ജനാധിപത്യവല്‍ക്കരിക്കേണ്ടതുണ്ട് . സമുദായ നേതൃത്വം അതിന് മുന്‍കൈയെടുക്കേണ്ട അവസരം കൂടിയാണിത്. ഇന്ത്യന്‍ മുസ്ലിം വ്യക്തിനിയമ-(ശരിഅ:) ആക്റ്റിലെ ലിംഗ വിവേചനപരമായ വകുപ്പുകള്‍ ഭരണഘടനാവിരുദ്ധമായി കണക്കിലെടുത്ത് സുപ്രീംകോടതിയില്‍ നിലവിലുള്ള സ്‌പെഷ്യല്‍ ലീവ് പെറ്റീഷനില്‍ (എസ് എല്‍ പി 9546/2016 )മുസ്ലിം സ്ത്രീകളുടെ അവകാശങ്ങളില്‍ ഊന്നി സത്യവാങ്മൂലം സമര്‍പ്പിക്കാന്‍ കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളെ സന്നദ്ധമാക്കാനുള്ള ബഹുജന പ്രതികരണങ്ങളാണ് ഇപ്പോള്‍ ഉയര്‍ന്നു വരേണ്ടത്.

 

സുഹൃത്തെ,
അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പന്ത്രണ്ടാം വര്‍ഷത്തേക്ക് കടക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2024 - 25 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.

The Critic, A/C No - 020802000001158,
Indian Overseas Bank,
Thrissur - 680001, IFSC - IOBA0000208
google pay - 9447307829
സ്നേഹത്തോടെ ഐ ഗോപിനാഥ്, എഡിറ്റര്‍, thecritic.in


ഞങ്ങളുടെ ഫേസ്ബുക് പേജ് ലൈക് ചെയ്യൂ..


Published On

Be the first to write a comment.

Leave a Reply