ആണത്തത്തിന്റെ പീഡനാത്മകത
പുരുഷന്റെ മേല്‍ക്കോയ്മയും സ്ത്രീയുടെ അധീശത്വവും എന്ന ഈ രണ്ട് ആശയങ്ങളാണ് ഈ പ്രത്യയശാസ്ത്രത്തെ നിര്‍മ്മിക്കുന്ന രണ്ട് ഭാഗങ്ങള്‍. സ്ത്രീകളും പുരുഷന്‍മാരും തമ്മിലുള്ള പ്രകൃതിദത്തമായ വ്യത്യാസങ്ങള്‍ ചൂണ്ടിക്കാണിച്ചുകൊണ്ടാണ് ഈ അധികാര വ്യവസ്ഥയെ പലപ്പൊഴും ന്യായീകരിക്കാന്‍ ശ്രമിക്കുന്നത്. എന്നാല്‍ ഈ വ്യവസ്ഥ പ്രകൃതിദത്തമായ ഒന്നല്ല, മറിച്ച് സാമൂഹികവും സാംസ്‌കാരികവുമാണ എന്നാണ് ദീര്‍ഘകാലത്തെ പഠനങ്ങള്‍ പറയുന്നത്.
പീഡനങ്ങളുടെ കാല്‍പനികവല്‍ക്കരണം
സീതയും രാമനും മുതല്‍ കാന്താരിയും കലിപ്പനും വരെ, കാല്‍പ്പനികവല്‍ക്കരിക്കപ്പെട്ട പീഡനങ്ങളുടെ ചരിത്രം നൂറ്റാണ്ടുകളുടെതാണ്. സ്വന്തം ചാരിത്ര്യം തെളിയിക്കാന്‍ വേണ്ടി കനലുകള്‍ക്കു മുകളിലൂടെ നടന്ന സീതയോ മുഖമടച്ച് അടിവാങ്ങിയ നായികയോ ഒന്നും ഈ വിഷയത്തില്‍ പരാതി പറഞ്ഞതായി കേട്ടിട്ടില്ല. പലപ്പോഴും സ്‌നേഹത്തിന്റെ അ/സാധാരണമായ സ്ഥലമായി ആണ് ഇത്തരം ശാരീരിക, മാനസിക പീഡനങ്ങളെ അടയാളപ്പെടുത്തുന്നത്…
ഇത്തരം കാല്‍പനികതയുടെ രണ്ടു വശങ്ങളാണ് ‘പെണ്ണത്ത’വും ‘ആണത്ത’വും. സ്ത്രീയുടെ ‘മൂല്യം’ ത്യാഗത്തിന്റെതാണെങ്കില്‍ പുരുഷന്റേത് വീര്യത്തിന്റെയാണ്. ഈ വീരന്‍ ആകാശത്തോളം വളര്‍ന്നുനില്‍ക്കുന്ന, വിജയ് മുതല്‍ മോഹന്‍ലാല്‍ വരെ, ഷോസിനേഗര്‍ മുതല്‍ ബ്രൂസ് ലീ വരെ ആടിത്തീര്‍ന്നിട്ടില്ലാത്ത ആട്ടമാണ്. വീരനാവുക എന്നത് പലപ്പോഴും ആണാവുക, ആളാവുക എന്നതു തന്നെയാണ്. അതു കഴിയാത്തവര്‍ക്കു ജീവിക്കാനുള്ള അര്‍ഹത തന്നെ നഷ്ടപ്പെട്ടേക്കാം… ഇടയ്ക്ക് ഷമ്മിയായി ട്രോള്‍ ഉണ്ടാവാമെങ്കിലും ഇനിയും പഠിച്ചിട്ടില്ലാത്ത (സ്വയം)പീഡയുടെ നീണ്ട ലിസ്റ്റാണ് ഇവിടന്നു വായിച്ചെടുക്കാനുള്ളത്.
നിത്യജീവിതത്തിലെ വളരെ സാധാരണമായിത്തീര്‍ന്ന ഇത്തരം വേദനാജനകമായ സാഹചര്യങ്ങളെ മനസ്സിലാക്കാന്‍ കൂടിയാണ് ഫെമിനിസങ്ങള്‍ ‘പിതൃമേധാവിത്ത’ത്തെ പഠിക്കുന്നത്…
പിതൃമേധാവിത്തം
വെറുതേ ആണ്‍കോയ്മ എന്നു വിവര്‍ത്തനം ചെയ്താല്‍ സൂക്ഷ്മതകള്‍ നഷ്ടപ്പെട്ടേക്കാവുന്ന ഒരു അധികാരവ്യവസ്ഥയാണ് പിതൃമേധാവിത്തം. അത് കാലാകാലങ്ങളായി പല ഭൂഖണ്ഡങ്ങളില്‍ നിലനിന്നിരുന്നതും കൊളോനിയല്‍ ആധുനികതയുടെ ഭാഗമായി മറ്റു പലയിടങ്ങളിലും ഏകീകരിക്കപ്പെടുകയും ചെയ്തിട്ടുള്ള, വര്‍ഗം, ജാതി, വംശം, മതം തുടങ്ങിയ അധികാര ഘടനകളോട് ചേര്‍ന്നുനിന്ന് അവയുടെ മൂര്‍ഛ കൂട്ടാന്‍ ഉപകരിക്കുന്ന, വിഭജനാത്മകമായ ഒന്നാണ്.
സമൂഹസംഘാടനത്തിന്റെ കേന്ദ്രബിന്ദു ‘പുരുഷന്‍’ ആയിരിക്കുന്ന, അച്ഛന്‍ കുടുംബത്തിലെ സ്ത്രീകളുടെയും കുട്ടികളുടെയും സ്വത്തിന്റെയും ഏക അധികാരിയായിരിക്കുന്ന സാമൂഹ്യ വ്യവസ്ഥ എന്ന് പിതൃമേധാവിത്തത്തിന്റെ ഒരു നിര്‍വചനം. രാഷ്ട്രീയ നേതൃത്വത്തിലും, സദാചാരനിയമങ്ങള്‍ തീരുമാനിക്കുന്നതിലും, സാമൂഹ്യ മേല്‍ക്കോയ്മയുടെ കാര്യത്തിലും, സ്വത്തിന്റെ നിയന്ത്രണത്തിലും പുരുഷന്‍ ഏക അധികാരിയായിരിക്കുന്ന സാമൂഹ്യ വ്യവസ്ഥ എന്ന് മറ്റൊരു നിര്‍വചനം. പൊതുവേ ഇത്തരം സമൂഹങ്ങളില്‍ സ്വത്ത് കൈമാറപ്പെടുന്നതും ആണ്‍മക്കള്‍ക്കാണ് (patrilineal system).
പുരുഷന്റെ മേല്‍ക്കോയ്മയും സ്ത്രീയുടെ അധീശത്വവും എന്ന ഈ രണ്ട് ആശയങ്ങളാണ് ഈ പ്രത്യയശാസ്ത്രത്തെ നിര്‍മ്മിക്കുന്ന രണ്ട് ഭാഗങ്ങള്‍. സ്ത്രീകളും പുരുഷന്‍മാരും തമ്മിലുള്ള പ്രകൃതിദത്തമായ വ്യത്യാസങ്ങള്‍ ചൂണ്ടിക്കാണിച്ചുകൊണ്ടാണ് ഈ അധികാര വ്യവസ്ഥയെ പലപ്പൊഴും ന്യായീകരിക്കാന്‍ ശ്രമിക്കുന്നത്. എന്നാല്‍ ഈ വ്യവസ്ഥ പ്രകൃതിദത്തമായ ഒന്നല്ല, മറിച്ച് സാമൂഹികവും സാംസ്‌കാരികവുമാണ എന്നാണ് ദീര്‍ഘകാലത്തെ പഠനങ്ങള്‍ പറയുന്നത്.
കുടുംബത്തിലെ ആണ്‍കുട്ടികള്‍ക്കും അച്ഛന്‍മാരെ അനുസരിക്കേണ്ടി വരും. ഇതില്‍ കുടുംബത്തിന്റെ അധികാരം ‘അച്ഛന്’ ആയിരിക്കുമ്പോള്‍ത്തന്നെ അച്ഛനും ഈ വ്യവസ്ഥയില്‍ സ്വതന്ത്രനല്ല. വളരെ സൂക്ഷ്മമായ, അബോധ തലത്തില്‍ പ്രവര്‍ത്തിക്കുന്ന ഒരധികാര സംവിധാനമാണിത്… ഇതില്‍ അച്ഛന്‍ നല്ല അച്ഛനാവുന്നത് പൊതു സമൂഹത്തിന്റെ സദാചാരവും ജാതി രീതികളുമൊക്കെ കുടുംബത്തിനകത്ത് പാലിക്കുന്ന ഒരു വെറും കാവലാളാവുമ്പോഴാണ്. ഭരിക്കുന്നവരും ഭരിക്കപ്പെടേണ്ടവരും എന്ന ദ്വന്ദം സൃഷ്ടിച്ചുകൊണ്ട് വാഴുന്ന ഈ വ്യവസ്ഥയില്‍ ആരും തന്നെ സ്വതന്ത്രരല്ല എന്നതാണ് ഏറ്റവും പ്രധാനപ്പെട്ട കാര്യം.
ഓരോ കുഞ്ഞും ജനിച്ചുവീഴുമ്പോള്‍ സാമൂഹികമായി തീരുമാനിക്കപ്പെടുന്നതാണ് അയാളുടെ അധികാരനില. ഇത് ഉറപ്പിക്കാന്‍വേണ്ടി ഓരോ കുഞ്ഞിനും അതതു സമൂഹങ്ങള്‍ നിഷ്‌കര്‍ഷിക്കുന്ന തരത്തിലെ വിദ്യാഭ്യാസങ്ങള്‍ ലഭിക്കുന്നു. ഇതില്‍ ലിംഗത്വ വിദ്യാഭ്യാസത്തെക്കുറിച്ചാണ് നമ്മളിവിടെ ചര്‍ച്ച ചെയ്യുന്നത്.
ലിംഗം/ ലിംഗത്വം
ലിംഗം (sex) ഒരു ജൈവിക വസ്തുതയാണെങ്കില്‍ ലിംഗത്വം (gender) ഈ വസ്തുതയുടെ സാംസ്‌കാരിക വ്യാഖ്യാനം/ സൂചികയാണ്്, അവതരണാത്മകമാണിത് (performative) എന്നാണ് പറയപ്പെടുന്നത്. ഈ ലിംഗത്വാവതരണം സ്വതന്ത്രമല്ല. സാമൂഹ്യമായി അനുവദിക്കാവുന്ന ലിംഗത്വത്തിന്റെ സാദ്ധ്യതകളെ ആദ്യമേ തീരുമാനിക്കുന്ന, അതിനെ മാത്രം പ്രകൃതിദത്തമെന്നോ സ്വാഭാവികമെന്നോ പരിഗണിക്കുന്ന ഒരു ചുരുങ്ങിയ വ്യവസ്ഥയ്ക്കുള്ളില്‍ ഒതുങ്ങുന്ന സാദ്ധ്യതകളാണത്. കേരളത്തില്‍ ഈ ‘പ്രകൃതിദത്തം’ നിര്‍വചിക്കപ്പെടുന്നതുപോലെയല്ല മറ്റിടങ്ങളില്‍.
ഒരാളായിരിക്കുന്നതെന്തോ അതില്‍ക്കൂടുതല്‍ അയാള്‍ ചെയ്യുന്നതാണ് ലിംഗത്വം. സാമൂഹ്യമായി നിര്‍വചിക്കപ്പെട്ട ‘അര്‍ത്ഥ’ങ്ങളുടെ രൂപത്തില്‍ ഒരു പ്രയാസവുമില്ലാതെ തലമുറകളില്‍ നിന്ന് തലമുറകളിലേക്ക് കൈമാറ്റം ചെയ്യപ്പെടുന്ന തിരക്കഥയാണത്. കൂടുതല്‍ ആണ്‍ / പെണ്‍ അവതരണത്തിലൂടെ ഓരോ ശരീരങ്ങളും കടന്നുപോകുമ്പോള്‍ കാലക്രമേണ അത് ഉറപ്പിക്കപ്പെടുന്നു, ശരീരങ്ങള്‍ അതുതന്നെയായി തീരുന്നു. ഉദാഹരണത്തിന് കുഞ്ഞുങ്ങളാവുമ്പോള്‍ ഓടുന്നതില്‍ നിന്ന് പിന്തിരിപ്പിക്കപ്പെടുന്ന പെണ്‍കുട്ടികള്‍ സ്ത്രീകളാകുമ്പോള്‍ തങ്ങള്‍ക്ക് ഓടാന്‍ കഴിയില്ല എന്നു വിശ്വസിക്കുന്നത്… അപ്പോള്‍ ചരിത്രപരമായ സാമൂഹ്യ വ്യവഹാരത്തിലൂടെ അടിച്ചേല്‍പ്പിക്കപ്പെട്ട, നിര്‍ബന്ധിതമായ ഒരു ‘അവതരണ’മാണ് സ്ത്രീ എന്നു വരുന്നു.
സ്ത്രീ ‘അവതരണത്തി’ലെ ദുര്‍ഘടമായ ഇടങ്ങള്‍ ചര്‍ച്ച ചെയ്യപ്പെടുമ്പോഴും സമൂഹത്തിലെ അതിക്രമ/ പീഡനങ്ങളില്‍ ആണത്തത്തിന്റെ പങ്ക് ചര്‍ച്ച ചെയ്യപ്പെടാറില്ല. എന്നാല്‍ വിശദമായിത്തന്നെ സംസാരിക്കപ്പെടേണ്ട വിഷയമാണിത്. ഈ ‘ആണാവുക’ എന്തുമാത്രം അപകടം നിറഞ്ഞ, അനാരോഗ്യകരമായ സ്ഥലമാണ് എന്ന് ചര്‍ച്ച ചെയ്തു തുടങ്ങിയാല്‍ മാത്രമേ ആണിനും പെണ്ണിനും ലൈംഗിക ന്യൂനപക്ഷങ്ങള്‍ക്കുമൊക്കെ തുല്യത അവകാശപ്പെടാവുന്ന ഒരിടത്ത് നമ്മളെത്തൂ, പതുക്കെ ഈ ലിംഗത്വ വസ്ത്രങ്ങളില്‍ നിന്ന് രക്ഷപ്പെട്ട് ഓരോരുത്തരെയും സ്വതന്ത്രരും അന്തസ്സുള്ളവരുമൊക്കെയായി പരിഗണിക്കാനുള്ള അറിവ് നമ്മള്‍ നേടൂ.
അപകടകരമായ ആണത്ത മാനദണ്ഡങ്ങള്‍
* ആണത്തത്തിന്റെ സാമൂഹ്യ അംഗീകാരം
ഓരോ സമൂഹത്തിലും ഏറ്റവും നല്ല ആണ്‍ എന്ന സങ്കല്‍പ്പം ഒന്നല്ല എങ്കിലും അവ പരസ്പരം ബന്ധപ്പെട്ടിരിക്കുന്നതാണ്. വീര്യം അതിന്റെ പ്രധാന അളവുകോലാണ്. ‘അവന്‍ ശരിക്കും ഒരാണാ’ണെന്ന് ഒരിക്കല്‍ പറയിപ്പിച്ചാല്‍ തീരില്ല, ചുറ്റുമുള്ളവര്‍ ഇടയ്ക്കിടെ പറഞ്ഞാലേ ‘ശരിക്കുള്ള ആണ്‍’ ആവൂ…
* ആണത്തത്തിന്റെ തുടര്‍ച്ചയായ നിരീക്ഷണം
കാലാകാലം ആണെന്നു പറയിപ്പിച്ചാലും ചില ചെറിയ കാരണങ്ങള്‍ കൊണ്ട് നഷ്ടപ്പെടാവുന്ന ഒരു നിലയാണ് ആണത്തം. വൈകാരികത പോലെ സ്വാഭാവികമായ മനുഷ്യ സ്വഭാവങ്ങള്‍ പോലും ചോദ്യം ചെയ്യപ്പെടും. ഉദാഹരണത്തിന് ഒന്ന് കരഞ്ഞുപോയാല്‍ തീര്‍ന്നു!
* ഹൃദയത്തിന്റെ ലിംഗത്വവല്‍ക്കരണം
വൈകാരികതയെ ചുരുക്കി, പൊതുവില്‍ ചില വികാരങ്ങള്‍ മാത്രം പ്രകടിപ്പിക്കാന്‍ സ്വയം അനുവദിക്കുക എന്ന പ്രക്രിയ. വൈകാരിക ബുദ്ധി ഇല്ലാതെ പോവുന്ന, വൈകാരികതയെ അഭിമുഖീകരിക്കാന്‍ പറ്റാതെ പോവുന്ന അവസ്ഥ. ചെറുപ്പം മുതലേ ‘ഇങ്ങനെ കരയാന്‍ നീയൊരാണ്‍കുട്ടിയാണോ’ എന്നു ചോദിക്കുന്നതുപോലുള്ള നിരവധി കാര്യങ്ങള്‍.
* ലിംഗാടിസ്ഥാനത്തില്‍ വിഭജിക്കപ്പെടുന്ന ഇടങ്ങള്‍, സംസ്‌കാരങ്ങള്‍
കുട്ടികളായിരിക്കുമ്പോള്‍ മുതല്‍ ലിംഗഭേദമില്ലാതെ വളരുന്ന കുട്ടികളിലും അത്തരം ഇടപഴകലുകളെ പ്രോല്‍സാഹിപ്പിക്കുന്ന സമൂഹങ്ങളിലും ലൈംഗിക ആക്രമണങ്ങള്‍ കുറവാണ് എന്ന് പഠനങ്ങളുണ്ട്. മറിച്ച് ശരീരങ്ങളെ ലിംഗ /ലിംഗത്വാടിസ്ഥാനത്തില്‍ വിഭജിക്കുന്ന സന്ദര്‍ഭങ്ങള്‍ കൂടുതലുള്ള സമൂഹങ്ങളില്‍/സംസ്‌കാരങ്ങളില്‍ ലിംഗാടിസ്ഥാനത്തിലുള്ള പീഡനങ്ങള്‍ വളരെ കൂടുതലാണ്.
* പിതൃമേധാവിത്ത അധികാരത്തെ ഉറപ്പിക്കല്‍
ഒരാള്‍ എന്തുമാത്രം ഈ അധികാര വ്യവസ്ഥയുടെ കൂടെ നില്‍ക്കുന്നു എന്നത് പലപ്പൊഴും അവരുടെ അന്തസ്സിനെ തന്നെ ബാധിക്കുന്ന കാര്യമാകാറുണ്ട്. സ്ത്രീകള്‍ക്കുമേല്‍ പുരുഷാധികാരവും പുരുഷന്‍മാര്‍ക്കു മുകളില്‍ ചില പുരുഷന്‍മാരുടെ അധികാരവും ഉറപ്പിക്കുന്ന പരിപാടിയെ പല രീതിയില്‍ പ്രോല്‍സാഹിപ്പിക്കാന്‍ ബാദ്ധ്യതയുള്ളവരാണ് ‘ആണുങ്ങള്‍’. ഉദാഹരണത്തിന് സാധാരണ സ്ത്രീകള്‍ക്കായി ഉദ്ദേശിക്കപ്പെട്ടിട്ടുള്ള വീട്ടുജോലികള്‍ ചെയ്യുന്ന പുരുഷനെ കളിയാക്കി വിളിക്കുന്ന പേരാണ് ‘പെണ്‍കോന്തന്‍’.
ഈ മാനദണ്ഡങ്ങള്‍ പൊതുവേ അപകടരഹിതമായി തോന്നാമെങ്കിലും വളരെയധികം മാനസീക, ശാരീരിക, സാമൂഹിക ആരോഗ്യത്തെ ബാധിക്കുന്ന തരത്തില്‍ പ്രശ്‌നങ്ങള്‍ നിറഞ്ഞതാണിവ. പലതരം അനാരോഗ്യകരമായ പ്രവണതകളെ, violence നെ സാധൂകരിക്കാനും ‘സാധാരണ’മായി തോന്നിക്കാനുമൊക്കെ ചരിത്രപരമായി ഈ മാനദണ്ഡങ്ങള്‍ക്ക് കഴിഞ്ഞിട്ടുണ്ട്.
‘ആണത്തം’ സാധൂകരിക്കുന്ന പീഡനങ്ങള്‍
* ഉറ്റപങ്കാളിയെ പീഡിപ്പിക്കുക (Intimate Partner Violence)
പലപ്പൊഴും ഭാര്യമാരോ കാമുകിമാരോ ഒക്കെ സ്വന്തം ഇണകളില്‍നിന്ന് നേരിടുന്ന ശാരീരിക/ വൈകാരിക പീഡനങ്ങള്‍ വളരെ ആഴമുള്ള മുറിവുകളുണ്ടാക്കുന്നവയാണ്. സ്ത്രീകളുടെ ആത്മവിശ്വാസം മുതല്‍ സാമ്പത്തികം വരെ, മാനസിക, ശാരീരിക, ഭൗതിക ശ്രോതസ്സുകളെയൊക്കെ മുഴുവനായും അടിയറവു വച്ചാലും പരിഹരിക്കപ്പെടാത്ത തരത്തില്‍ സങ്കീര്‍ണമായ ഒരു പീഡന സ്ഥലമാണിത്. സാംസ്‌കാരികമായി ഇത്തരം പീഡനങ്ങളെ തിരിച്ചറിയാന്‍ പോലും സ്ത്രീകള്‍ക്കോ അവരുടെ പങ്കാളികള്‍ക്കോ അറിവില്ലാതെ പോകുന്ന, മറ്റു സ്ത്രീകള്‍ അനുഭവിക്കുന്ന ഇത്തരം അവസ്ഥകളെ കാണാന്‍ പറ്റാതെ പോകുന്ന സ്ഥിതിയാണ് പിതൃമേധാവിത്തത്തിന്റെ പ്രത്യേകത.
വേണ്ടത്ര ‘ആണ’ല്ല എന്ന് സ്വയം തോന്നുമ്പോഴോ, കാണപ്പെടുന്നില്ലെന്ന് തോന്നുമ്പോഴോ, ഈ ലിംഗത്വ അളവുകോലിനെ തൃപ്തിപ്പെടുത്താനോ പരിഹരിക്കാനോ ഒക്കെയാണ് ഇത്തരം അതിക്രമങ്ങള്‍ നടക്കുന്നത് എന്നാണ് പഠനങ്ങള്‍ സൂചിപ്പിക്കുന്നത്. കുട്ടികളായിരിക്കുമ്പോള്‍ ബാല്യകാല ഭവനങ്ങളില്‍ കാണപ്പെടുന്ന, അനുഭവിക്കുന്ന അതിക്രമങ്ങള്‍ ഇവ ‘സാധാരണ’മാണെന്ന തോന്നലുണ്ടാക്കുന്നു (intergenerational transmission of intimate partner violence)… ആണുങ്ങള്‍ക്ക് കീഴിലാണ് സ്ത്രീകളും കുട്ടികളും എന്ന ആശയവും ഇത്തരത്തില്‍ തലമുറകളില്‍ കൈമാറ്റം ചെയ്യപ്പെടുന്നു.
* കുട്ടികള്‍ മാതാപിതാക്കളില്‍ നിന്നും, മറ്റ് മുതിര്‍ന്നവരില്‍ നിന്നും നേരിടുന്ന പീഡനങ്ങള്‍
ഇത് കഠിനമായ ശാരീരിക പീഡനങ്ങള്‍ മുതല്‍ അശ്രദ്ധ പോലുള്ള വൈകാരിക അതിക്രമങ്ങള്‍ വരെയാകാം. ഇത് ‘ആണ്‍’കുഞ്ഞിനൊന്നും ‘പെണ്‍’കുഞ്ഞിന് വേറെയുമാകാം. പല കാര്യങ്ങളാണ് ഇതിന്റെ അളവുകളെ നിര്‍ണയിക്കുന്നത്… ജാതി/ വര്‍ഗ/ വംശ വിവേചനം നേരിടുന്ന കുട്ടികള്‍ ഇത് വളരെയധികം അനുഭവിക്കുന്നവരാണ്. ചില സംസ്‌കാരങ്ങളില്‍ ശാരീരിക പീഡനങ്ങള്‍ വളര്‍ച്ചയുടെ ഭാഗമായാണ് കരുതപ്പെടുന്നത്.
ദീര്‍ഘമായി ആളുകളുടെ ജീവിതങ്ങളെ, കാഴ്ചപ്പാടുകളെ ബാധിക്കുന്ന തരത്തില്‍ ക്രൂരമായ ഒരേര്‍പ്പാടാണിത്. ശാരീരികമായ കഴിവുവച്ച് മനുഷ്യരെ അളക്കുന്ന പിതൃമേധാവിത്ത വ്യവസ്ഥിതിയില്‍ ഇത്തരത്തിലെ അനുഭവങ്ങള്‍ ഒരാളുടെ ആത്മാന്തസ്സിനെ ബാധിക്കുന്നു. ഇത്തരം പീഡനങ്ങള്‍ തങ്ങള്‍ സ്‌നേഹിക്കുന്നവരില്‍പ്പോലും അടിച്ചേല്‍പ്പിക്കുന്നത് സ്വാഭാവികമെന്നോ ആവശ്യമെന്നോ ഒക്കെ കരുതാന്‍ ആളുകളെ പ്രേരിപ്പിക്കുന്നു.
*കുട്ടികളെ ലൈംഗികമായി പീഡിപ്പിക്കല്‍, മറ്റുള്ളവരോടുള്ള ലൈംഗിക അതിക്രമങ്ങള്‍
‘ലൈംഗികമായ കഴിവ്’ ആണത്തത്തിന്റെ പ്രധാനപ്പെട്ട ഒരളവുകോലായാണ് സംസ്‌കാരവും അതിന്റെ ഉല്‍പ്പന്നങ്ങളും (പരസ്യങ്ങള്‍, സിനിമ, നോവലുകള്‍…) തുടങ്ങിയവ നിത്യം നമ്മളോട് ഉല്‍ഘോഷിച്ചുകൊണ്ടിരിക്കുന്നത്. പലപ്പൊഴും മറ്റൊരാളെ ലൈംഗിക വസ്തു മാത്രമായി കാണുന്നതിലേക്ക്, വളരെ അപകടം പിടിച്ച ഒരു സ്ഥലത്തേക്കാണ് ഇത്തരത്തിലെ മല്‍സരങ്ങള്‍ മനുഷ്യരെ എത്തിക്കുന്നത്.
ഇത്തരത്തില്‍ പലപ്പോഴും കുട്ടികള്‍ നേരിടുന്ന ലൈംഗികാതികക്രമങ്ങള്‍ ‘ശേഷി പരീക്ഷണങ്ങ’ളായി പറയാറുണ്ട്. റേപ്പ് അതനുഭവിച്ചവളുടെ അമിത ലൈംഗികതയോ കഴിവുകേടോ ഒക്കെയായി വായിച്ചെടുക്കപ്പെടുന്നതും ആണിനെ സംബന്ധിച്ച് അതൊരു ശക്തിപരീക്ഷണം മാത്രമാവുന്നതുമൊക്കെ പിതൃമേധാവിത്തത്തില്‍ ‘സ്വാഭാവിക’മാണ്. ലൈംഗികതയെ പിതൃമേധാവിത്ത അധികാര ധാരണകളില്‍ നിന്ന് അഴിച്ചെടുക്കുക, സ്വതന്ത്രമാക്കുക എന്നത് പല ഫെമിനിസങ്ങളിലും പ്രധാനപ്പെട്ട അജണ്ടയാണ്.
*യുദ്ധം/ സായുധ സംഘര്‍ഷങ്ങള്‍
മറ്റു കാരണങ്ങള്‍, പശ്ചാത്തലങ്ങള്‍ എന്നിവ ഉണ്ടാവാമെങ്കിലും ഇത്തരം സായുധ സംഘര്‍ഷങ്ങളില്‍ ആണ്‍ പ്രാധിനിധ്യവും മനോഭാവവും വളരെ പ്രധാനപ്പെട്ടതാണ്. ജൈവികമല്ലാത്ത, കാല്‍പ്പനികമായ ‘ദേശീയത’ പോലുള്ള ആശയങ്ങള്‍ക്കായി അറിയാത്ത ആളുകളുടെ ശാരീരിക/ മാനസിക പീഡനങ്ങളില്‍ പങ്കുചേരാന്‍ ഒരു മനുഷ്യജീവിയെ പ്രേരിപ്പിക്കുക എന്നത് പിതൃമേധാവിത്തം എത്ര സൂക്ഷ്മമായാണ്, എത്ര ആഴത്തിലാണ് ആണുങ്ങളെ ‘condition’ ചെയ്യുന്നത് എന്നതിന് ഉദാഹരണമാണ്. ശത്രുവിനെ വസ്തുവല്‍ക്കരിക്കുക, മാനുഷിക പരിഗണന പോലും നല്‍കാതിരിക്കുക, ‘പെണ്ണത്തം’ കല്‍പ്പിക്കുക എന്നിവ അറിയാത്ത മനുഷ്യരുടെ കൊലപാതകത്തിനു തന്നെ തയ്യാറാവുന്ന പട്ടാളക്കാരെ ഉണ്ടാക്കാന്‍ അത്യാവശ്യമാണ്.
* പരസ്പരം ഭയപ്പെടുത്തല്‍/ ഭീഷണിപ്പെടുത്തല്‍, ശക്തി പരീക്ഷണങ്ങള്‍
ബാല്യകാലത്തും മറ്റും ഓരോരുത്തരും അനുഭവിക്കുന്ന പീഡനങ്ങളെയും മറ്റു പരിഹരിക്കപ്പെടാത്ത വേദനകളെയും തീര്‍ക്കാനും ഉത്തരം കണ്ടെത്താനുമൊക്കെയാണ് പലപ്പൊഴും സ്വന്തം കൂട്ടുകാരിലും പ്രായക്കാരിലും തന്നെ ആണുങ്ങള്‍ പീഡനങ്ങളും മറ്റു ശക്തി പരീക്ഷണങ്ങളും ചെയ്തു ശീലിക്കുന്നത് എന്ന് പഠിക്കപ്പെട്ടിട്ടുണ്ട്.
*കൊലപാതകങ്ങള്‍/ആത്മഹത്യ
സ്വയം ജീവനുപേക്ഷിക്കാനോ മറ്റൊരാളുടെ ജീവനെടുക്കാനോ ഒക്കെ സാംസ്‌കാരികമായി സാദ്ധ്യത കൂടുതലുള്ളത് ആണുങ്ങള്‍ക്കാണ് എന്ന് കണക്കുകളെടുത്താല്‍ ബോദ്ധ്യപ്പെടും. ആണത്തത്തിന്റെ അന്തസ്സ് നിലനിര്‍ത്താനായി കൊലപാതകത്തിനു തുനിയാനോ (സൂപ്പര്‍ഹിറ്റ് പടങ്ങളില്‍ എത്ര പേരാണ് വീരന്‍മാരാല്‍ കൊല്ലപ്പെടുക!) അത് നഷ്ടപ്പെട്ടു എന്നു തോന്നിയാല്‍ പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ ശ്രമിക്കുന്നതിനു പകരം ആത്മഹത്യ ചെയ്യാനോ ഒക്കെയാണ് പിതൃമേധാവിത്തം ശീലിപ്പിക്കുന്നത്.
ആണത്ത പീഡനങ്ങളും സാമൂഹിക ആരോഗ്യവും
സ്ത്രീകള്‍/മറ്റു അതിരുവല്‍ക്കരിക്കപ്പെട്ടവര്‍ അനുഭവിക്കുന്ന പീഡനങ്ങളെ പഠിക്കുന്നതിനോടൊപ്പം തന്നെ ഇത്തരത്തിലുള്ള പീഡനങ്ങള്‍ ചെയ്യാന്‍, പ്രചരിപ്പിക്കാന്‍, സ്വാഭാവികമായി കരുതാന്‍ ഒക്കെ പ്രേരിപ്പിക്കുന്ന സാമൂഹിക സാംസ്‌കാരിക മൂല്യങ്ങളെ, അധികാര ഘടനകളെ പഠിക്കേണ്ടത് അത്യാവശ്യമാണ്. ഇത്തരം പീഡനങ്ങളെ ഇല്ലാതാക്കാന്‍, സമൂഹത്തെ സ്വാതന്ത്ര്യത്തിനെ കുറച്ചുകൂടി അടുത്തു മനസ്സിലാക്കുന്ന, അതിരുവല്‍ക്കരിക്കപ്പെട്ടവരെ ഉള്‍ക്കൊള്ളുന്ന ഒരു സ്ഥലമാക്കിമാറ്റാന്‍ സ്ത്രീകള്‍ മാത്രം സ്വതന്ത്രരായാല്‍ പോര;ഈ ‘ആണ്‍’ ലിംഗത്വത്തില്‍ അടിമകളാക്കപ്പെട്ടവരും, താനനുഭവിച്ച പീഡനത്തിനു പരിഹാരമായി തുടര്‍പീഡനങ്ങളെ മനസ്സിലാക്കുന്നവരും ഒക്കെ സ്വതന്ത്രരാവേണ്ടതുണ്ട്. ഇതിനെക്കുറിച്ച് കൂടുതല്‍ ആഴത്തിലേക്കു പഠിക്കാന്‍, സ്വന്തം സമൂഹത്തിലും സ്വയം തന്നെയും ഇത്തരം ‘പീഡനാത്മക’ മൂല്യങ്ങള്‍ എന്തുമാത്രം അടിഞ്ഞുകൂടിയിട്ടുണ്ട് എന്ന് മനസ്സിലാക്കാന്‍ ഇനിയും മുന്നോട്ടു പോകേണ്ടതുണ്ട്.
സുഹൃത്തെ,
അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പന്ത്രണ്ടാം വര്‍ഷത്തേക്ക് കടക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2024 - 25 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.
The Critic, A/C No - 020802000001158,
Indian Overseas Bank,
Thrissur - 680001, IFSC - IOBA0000208
google pay - 9447307829
സ്നേഹത്തോടെ ഐ ഗോപിനാഥ്, എഡിറ്റര്‍, thecritic.in