മീഥേയ്ന്‍ : നെല്‍കൃഷിയല്ല പ്രധാന പ്രതി

കഴിഞ്ഞ കുറച്ചു കാലങ്ങളായി നെല്‍കൃഷി അന്തരീക്ഷത്തിലെ മീഥേയ്‌നിന്റെ അളവ് വര്‍ദ്ധിപ്പിക്കുമെന്ന് പറഞ്ഞിട്ടുള്ള പ്രചരണങ്ങള്‍ നടക്കുന്നുണ്ട്. മീഥേയ്ന്‍ പുറം തള്ളുന്നതില്‍ വളരെ ചെറിയൊരു പങ്ക് മാത്രമാണ് നെല്‍കൃഷി വഹിക്കുന്നുള്ളൂവെങ്കിലും അതിനെ പര്‍വ്വതീകരിച്ച് യഥാര്‍ത്ഥ കാരണങ്ങളെ മറച്ചു പിടിക്കുന്ന രീതിയിലാണ് പ്രചരണങ്ങള്‍. പ്രകൃതി വാതകമായ മീഥെയ്ന്‍ ഉല്‍പാദിപ്പിക്കുന്നതിനാല്‍ കേരളത്തില്‍ നെല്‍കൃഷി പ്രോത്സാഹിപ്പിക്കുന്നത് തടയണമെന്നാണ് പ്രധാന വാദം!

ആഗോള താപനമുണ്ടാക്കുന്ന ഹരിതഗൃഹ വാതകങ്ങളില്‍ ഒരു പ്രധാനപ്പെട്ട വാതകം തന്നെയാണ് മീഥേയ്ന്‍ എന്ന കാര്യത്തില്‍ തര്‍ക്കമില്ല. മീഥേയ്ന്‍ സ്വാഭാവികമായി അന്തരീക്ഷത്തിലേക്ക് പകര്‍ന്നു നല്‍കുന്ന പ്രധാന സ്രോതസ്രുകള്‍ തണ്ണീര്‍ത്തടങ്ങള്‍, കടല്‍, കന്നുകാലികള്‍, ചിതല്‍, മീഥേയ്ന്‍ ഹൈഡ്രേറ്റുകള്‍ തുടങ്ങിയവയാണ്. ജൈവവസ്തുക്കള്‍ അടിഞ്ഞു കൂടിയ കെട്ടികിടക്കുന്ന ജലാശയങ്ങളില്‍ നിന്നാണ് പ്രകൃതിയില്‍ പ്രധാനമായും മീഥേയ്ന്‍ പുറത്തേക്കു വരുന്നത്. ജലത്തില്‍ ഓക്‌സിജന്റെ അഭാവത്തില്‍ പ്രവര്‍ത്തിക്കുന്ന സൂക്ഷ്മജീവികള്‍ ജൈവവസ്തുക്കള്‍ വിഘടിപ്പിക്കുന്നത് വഴി മീഥേയ്ന്‍ പുറത്തേക്ക് വരുന്നു. മീഥേയ്ന്‍ ജലത്തില്‍ കലരാത്തതിനാല്‍ വെള്ളത്തിനടിയിലൂടെ കുമിളകളായാണ് ഉപരിതലത്തിലേക്കു എത്തുന്നത്. പ്രകൃതിയിലെ സ്വാഭാവികമായ തണ്ണീര്‍ത്തടങ്ങളില്‍ നിന്നും കടലില്‍ നിന്നും ജീവികളില്‍ നിന്നും മറ്റു പ്രകൃതി പ്രതിഭാസം വഴിയും ഓരോ വര്‍ഷവുമുണ്ടാകുന്ന മീഥേയ്‌നിന്റെ അളവ് ശരാശരി 367 മില്യണ്‍ ടണ്‍ (Mt/Yr) വരെയാണ്. എന്നാല്‍ നെല്‍കൃഷി മൂലമുണ്ടാകുന്നതാകട്ടെ ശരാശരി 30 മില്യണ്‍ ടണ്ണും! അതേ സമയം മറ്റു മനുഷ്യ ഇടപെടല്‍ മൂലം ഓരോ വര്‍ഷവും ശരാശരി 340 മില്യണ്‍ ടണ്‍ മീഥേയ്ന്‍ പുറത്തേക്ക് തള്ളുന്നുണ്ട്.

വ്യാവസായിക മേഖലയില്‍ നിന്നു തന്നെയാണ് ഏറ്റവും കൂടുതല്‍ മീഥെയ്ന്‍ പുറത്തേക്കു വരുന്നത്. എണ്ണ, ഗ്യാസ് ഉല്‍പാദന മേഖലയില്‍ നിന്നും ശരാശരി 84 മില്യണ്‍ ടണ്‍, കോള്‍ മൈനിംഗ് വഴി 44 മില്യണ്‍ ടണ്‍, മാലിന്യം നിക്ഷേപങ്ങള്‍ വഴി 68 മില്യണ്‍ ടണ്‍, ഡയറി ഫാമുകളില്‍ നിന്നും മാംസ ഉല്പാദന മേഖലയില്‍ നിന്നുമായി 115 മില്യണ്‍ ടണ്‍ ഇങ്ങനെ ഓരോ വര്‍ഷവും മീഥേയ്ന്‍ പുറം തള്ളുന്നുണ്ട്. അന്തരീക്ഷത്തില്‍ ഇപ്പോഴുള്ള മൊത്തത്തിലുള്ള മീഥേയ്‌നിന്റെ 60 ശതമാനവും ഉണ്ടാകുന്നത് ഇത്തരത്തിലാണ് (Source: UNEP)

ദി ക്രിട്ടിക് ഫേസ് ബുക്ക് പേജ് ലൈക്ക് ചെയ്യുക

കാര്‍ബണ്‍ ഡൈ ഓക്‌സൈഡിനെ അപേക്ഷിച്ച് കുറഞ്ഞകാലം മാത്രം അന്തരീക്ഷത്തില്‍ നിലനില്‍ക്കുന്ന മീഥേയ്ന്‍ വ്യാവസായിക വിപ്ലവത്തിനു ശേഷമാണ് ലോകത്ത് വര്‍ദ്ധിക്കുന്നത്. ഇരുന്നൂറു വര്‍ഷങ്ങള്‍ക്കു മുമ്പ് വരെ വെറും 700 ppb (Parts per billion) ആയിരുന്ന അന്തരീക്ഷ മീഥെയ്ന്‍ ഇപ്പോള്‍1850 ppb കടന്നിരിക്കുന്നു. പ്രതിവര്‍ഷം 571 മില്യണ്‍ ടണ്‍ മീഥെയ്ന്‍ ഓക്‌സീകരണം സംഭവിച്ചും മറ്റും ഇല്ലാതാകുന്നുണ്ട് (sinks). അതായത് തണ്ണീര്‍ത്തടങ്ങളില്‍ നിന്നും നെല്‍വയലുകളില്‍ നിന്നും പ്രതിവര്‍ഷമുണ്ടാകുന്ന മീഥേയ്ന്‍ (ശരാശരി 397Mt/Yr) ഓക്‌സീകരണം സംഭവിച്ചു പോകാവുന്ന അത്രയേ ഉള്ളൂ. ഇത് ഒന്നു കൂടി വ്യക്തമാകണമെങ്കില്‍ വ്യാവസായിക വിപ്ലവത്തിനു മുമ്പത്തെ 1700 വര്‍ഷത്തെ ഗ്രാഫ് പരിശോധിച്ചാല്‍ മനസ്സിലാകുന്നതാണ്.

വ്യാവസായിക മേഖല വികസിക്കുന്നതിനു മുമ്പ് ഏകദേശം ആയിരത്തി എഴുന്നൂറ് വര്‍ഷക്കാലം അന്തരീക്ഷ മീഥേയ്‌നില്‍ കാര്യമായ ഏറ്റക്കുറച്ചിലിണ്ടായിട്ടില്ല. ഇക്കാലമത്രയും തണ്ണീര്‍ത്തടങ്ങളും ജിവിവര്‍ഗ്ഗങ്ങളും കാര്‍ബണ്‍ ഡൈ ഓക്‌സൈഡും മീഥേയ്‌നും പുറംതള്ളിയിരുന്നെങ്കില്‍ പോലും അത് അതിന്റെ ജൈവചക്രം പൂര്‍ത്തീകരിച്ച് (Biogenic Carbon Cycle) പ്രവര്‍ത്തിക്കുകയാണ് ചെയ്തിരുന്നത്. മനുഷ്യന്‍ നെല്‍കൃഷിയടക്കമുള്ള കൃഷിരീതികള്‍ തുടര്‍ന്നിട്ടും ഇന്നുള്ളതിനേക്കാളധികം തണ്ണീര്‍ത്തടങ്ങള്‍ അന്നുണ്ടായിട്ടും പ്രകൃതിയില്‍ മീഥേയ്‌നിന്റെ അളവ് ഗണ്യമായി കൂടിയിരുന്നില്ല. കഴിഞ്ഞ മൂന്ന് ശതകങ്ങളിലാണ് മീഥേയ്ന്‍ അന്തരീക്ഷത്തില്‍ ക്രമാതീതമായി വര്‍ദ്ധിക്കുന്നത്. അതേസമയം കഴിഞ്ഞ മുന്നൂറു വര്‍ഷത്തിനിടയ്ക്കു ലോകത്ത് 87% തണ്ണീര്‍ത്തടങ്ങളാണ് ഇല്ലാതായത്. കഴിഞ്ഞ അര നൂറ്റാണ്ടിനിടയ്ക്ക് കേരളത്തില്‍ മാത്രം 50% തണ്ണീര്‍ത്തടങ്ങള്‍ കുറഞ്ഞിട്ടുണ്ട്. കഴിഞ്ഞ 40 വര്‍ഷത്തിനിടക്ക് 80 ശതമാനം നെല്‍കൃഷിയും കേരളത്തില്‍ ഇല്ലാണ്ടായി.

ദി ക്രിട്ടിക് യു ട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

അപ്പോള്‍ പ്രധാന കാരണം തണ്ണീര്‍ത്തടങ്ങളും നെല്‍വയലും അല്ല എന്ന് വ്യക്തമാണ്. മാത്രമല്ല വെള്ളം കയറി ഇറങ്ങി പോകുന്ന, പ്രധാനമായും മഴയെ ആശ്രയിച്ചു കൃഷി ചെയ്യുന്ന സ്ഥലങ്ങളില്‍ എയ്‌റോബിക് കണ്ടീഷനിലുള്ള നെല്‍വയലുകള്‍ കാര്യമായിട്ടുള്ള മീഥേയ്‌നുണ്ടാക്കുന്നില്ല എന്നുള്ള കാര്യവും ഇവിടെ ശ്രദ്ധിക്കേണ്ടതുണ്ട്. കഴിഞ്ഞ അര നൂറ്റാണ്ടിനിടയ്ക്ക് ഏഷ്യന്‍ രാജ്യങ്ങളില്‍ നെല്‍കൃഷി വര്‍ദ്ധിച്ചിട്ടുണ്ടെങ്കില്‍ തണ്ണീര്‍ത്തടങ്ങളുടെ നഷ്ടം കണക്കിലെടുത്താല്‍ അതൊട്ടും അധികമായിരിക്കില്ല. മനുഷ്യകാരണ മീഥേയ്‌നുല്‍പാദനത്തില്‍ വെറും 8 ശതമാനം മാത്രമാണ് നെല്‍കൃഷിയുടെ സംഭാവന! അത് പ്രകൃതിയില്‍ സിങ്ക് ചെയ്തു പോകാവുന്നത്രയേയുള്ളൂ.!

അനവധി പാരിസ്ഥിതിക സാമൂഹികമായ ധര്‍മ്മങ്ങള്‍ നിര്‍വഹിക്കുന്നവയാണ് തണ്ണീര്‍ത്തടങ്ങളും നെല്‍വയലുകളും. കുടിവെള്ളം, കൃഷി, മത്സ്യോല്‍പാദനം, കാര്‍ബണ്‍ സംഭരണം. പ്രളയനിയന്ത്രണം ഇങ്ങനെ പോകുന്നു ഇവ വഹിക്കുന്ന ധര്‍മ്മങ്ങള്‍. തണ്ണീര്‍ത്തടങ്ങളുടെയും വയലുകളുടെയും അഭാവമാണ് ഒരു ചെറിയ മഴ പെയ്യുമ്പോഴേക്കും പ്രളയമടക്കമുള്ള പ്രശ്‌നങ്ങള്‍ നമ്മള്‍ ഇന്ന് അനുഭവിക്കുന്നത്! ഒരുപാട് പേരുടെ ജീവിത മാര്‍ഗ്ഗങ്ങളും കൂടിയാണിവ..!

നെല്‍വയല്‍ ഇല്ലാതാക്കിയല്ല മീഥേയ്ന്‍ എമിഷന്‍ കുറക്കേണ്ടത്. പകരം ഗ്യാസ് ഉല്‍പാദനമടക്കമുള്ള വ്യാവസായിക മേഖലയില്‍ നിന്ന് മീഥേയ്ന്‍ ലീക്കാകാതിരിക്കാനുള്ള ശ്രമമാണ് നടക്കേണ്ടത്. ഫോസില്‍ ഇന്ധനങ്ങളുടെ നിര്‍മ്മാണം, കല്‍ക്കരി ഖനന മേഖല, വലിയ തോതിലുള്ള ഡയറി, മാംസ ഉല്‍പാദന മേഖലകള്‍, ലാന്റ് ഫില്ലിംഗ്, മറ്റു മാലിന്യ ഉറവിടങ്ങള്‍ തുടങ്ങിയവയില്‍ നിന്നൊക്കെയുള്ള മീഥേയ്ന്‍ കൃത്യമായ മാര്‍ഗ്ഗങ്ങള്‍ കൈകൊണ്ട് കുറക്കാവുന്നതേയുള്ളൂ.. പകരം നെല്‍കൃഷി കുറക്കണമെന്നു പറയുന്നത്, കാര്‍ബണ്‍ ഡൈ ഓക്‌സൈഡ് അന്തരീക്ഷത്തില്‍ വര്‍ദ്ധിച്ചതിനാല്‍ മനുഷ്യര്‍ ശ്വസിക്കുന്നതു നിര്‍ത്തണമെന്നു പറയുന്ന പോലെയാണ് !

സുഹൃത്തെ,
അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പന്ത്രണ്ടാം വര്‍ഷത്തേക്ക് കടക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2024 - 25 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.

The Critic, A/C No - 020802000001158,
Indian Overseas Bank,
Thrissur - 680001, IFSC - IOBA0000208
google pay - 9447307829
സ്നേഹത്തോടെ ഐ ഗോപിനാഥ്, എഡിറ്റര്‍, thecritic.in


ഞങ്ങളുടെ ഫേസ്ബുക് പേജ് ലൈക് ചെയ്യൂ..


Published On

Category: Social | Tags: , | Comments: 0 |

'ക്രിട്ടിക്കില്‍ പ്രസിദ്ധീകരിക്കുന്ന ലേഖനങ്ങള്‍ ലേഖകരുടെ അഭിപ്രായങ്ങളാണ്.. അവ പൂര്‍ണ്ണമായും ക്രിട്ടിക്കിന്റെ അഭിപ്രായങ്ങളാകണമെന്നില്ല - എഡിറ്റര്‍'

Be the first to write a comment.

Leave a Reply