പ്രതിഫലനങ്ങളുടെ ലീല

ലോകം കൊറോണയില്‍ നിന്ന് മുക്തമാവുകയും സാധാരണ സ്ഥിതിയിലേക്ക് തിരിച്ചു വരികയും ചെയ്യും. എല്ലാം ശരിയാവാന്‍ എത്ര കാലം എടുക്കും എന്നത് മാത്രമാണ് നമ്മെ അലട്ടുന്നത്. അപ്പോള്‍ തിയ്യറ്ററുകള്‍ തുറക്കുകയും പ്രേക്ഷകര്‍ സിനിമ കാണാന്‍ എത്തുകയും ചെയ്യും. യുദ്ധങ്ങളെയും, സ്പാനിഷ് ഇന്‍ഫ്‌ലുവെന്‍സ പോലുള്ള മഹാമാരികളെയും സിനിമ അതിജീവിച്ചിട്ടുണ്ട്. സിനിമാ തിയ്യറ്ററിന്റെ ഇരുട്ടില്‍, തിയ്യറ്ററിന്റെ പ്രത്യേക അന്തരീക്ഷത്തില്‍ വലിയ സ്‌ക്രീനില്‍ സിനിമ കാണുമ്പോഴാണ് സിനിമാനുഭവം പൂര്‍ണ്ണമാകുന്നത്.

കാന്‍ ചലച്ചിത്ര മേളയുടെ അറുപതാമത് വാര്‍ഷികത്തിന്റെ ഭാഗമായുള്ള (2007) ഒരു സിനിമാ സമാഹാരമാണ് To Each His Own Cinema. ഇരുപത്തി അഞ്ചു രാജ്യങ്ങളില്‍ നിന്നുള്ള പ്രശസ്തരരായ ചലച്ചിത്രകാരന്മാരുടെ മൂന്നു മിനിട്ട് ദൈര്‍ഘ്യമുള്ള മുപ്പത്തി നാല് സിനിമകളുടെ സമാഹാരമാണ് ഈ സിനിമ. സിനിമാ തിയ്യറ്റര്‍ എങ്ങിനെയാണ് ഈ ചലച്ചിത്രകാരന്മാരെ പ്രചോദിപ്പിക്കുന്നത് എന്ന് ആവിഷ്‌കരിക്കാനാണ് അവരോട് ആവശ്യപ്പെട്ടത്. സ്‌ക്രീനിനോടുള്ള സ്‌നേഹ പ്രഖ്യാപനം എന്നാണ് ഈ സിനിമയുടെ ഉപശീര്‍ഷകം. Atom Egoyan എന്ന കനേഡിയന്‍ ചലച്ചിത്രകാരന്റെ ഈ സമാഹാരത്തിലെ സംഭാവനയാണ് Artaud Double Bill.

ഇത്തരത്തിലുള്ള സിനിമകളെ Mise en abyme എന്ന് വിശേഷിപ്പിക്കുന്നു. പാശ്ചാത്യ കലാ ചരിത്രത്തില്‍ Mise en abyme എന്നാല്‍ ഒരു ദൃശ്യത്തിനകത്ത് മറ്റൊരു ദൃശ്യത്തെ വിന്യസിക്കുന്ന രീതിയാണ്. സാഹിത്യ സിനിമാ സിദ്ധാന്തങ്ങളില്‍ ഇതുകൊണ്ട് വിവക്ഷിക്കുന്നത് ഒരു കഥയ്ക്കകത്ത് മറ്റൊരു കഥ എന്നും ഒരു സിനിമയ്ക്കകത്ത് മറ്റൊരു സിനിമ എന്നുമാണ്. സിനിമയ്ക്കകത്ത് സിനിമ ധാരാളമുണ്ടല്ലോ. എന്നാല്‍ ഈ സിനിമയെ വ്യത്യസ്തമാക്കുന്നത് Mise en abyme -ന്റെ സാധ്യതകളെ ഈ സിനിമ പൂര്‍ണ്ണമായും ഉപയോഗിക്കുന്നു എന്നതാണ്. പ്രേക്ഷകരെ ഈ സിനിമ അഭിമുഖമായുള്ള രണ്ടു കണ്ണാടികള്‍ക്ക് നടുവില്‍ പ്രതിഷ്ഠിക്കുന്നു. ഇതിലൂടെ അനന്ത പ്രതിഫലനങ്ങളുടെ മായികത സൃഷ്ടിക്കുന്നു.

സുഹൃത്തുക്കളായ അന്നയും നിക്കോളും ഒരു സിനിമാ തിയ്യറ്ററില്‍ പരസ്പരം കണ്ടുമുട്ടാന്‍ തീരുമാനിക്കുന്നു. എന്നാല്‍ നമുക്ക് അജ്ഞാതമായ കാരണങ്ങളാല്‍ അവര്‍ രണ്ടു വ്യത്യസ്ത തീയ്യറ്ററുകളില്‍ എത്തുകയും അവിടെ സിനിമ കാണുകയും ചെയ്യുന്നു. അന്ന കാണുന്നത് ഴാന്‍–ലുക് ഗൊദാര്‍ദിന്റെ Vivre sa Vie / My Life to Live എന്ന സിനിമയും നിക്കോള്‍ കാണുന്നത് Atom Egoyan-ന്റെ The Adjuster എന്ന സിനിമയുമാണ്. വളരെ ലളിതം എന്ന് തോന്നാമെങ്കിലും സിനിമ അസാധാരണമായ ഒരനുഭവം പ്രദാനം ചെയ്യുന്നു എന്നു മാത്രമല്ല, സിനിമ കാണുന്ന ഇടത്തെയും സിനിമയുടെ ഫോര്‍മാറ്റിനെയും സിനിമയുടെ കാഴ്ച്ചാനുഭവത്തെയും പ്രേക്ഷകന്റെ സിനിമയുമായുള്ള ബന്ധത്തെയും സിനിമയിലെ പ്രാതിനിധ്യത്തെയും കുറിച്ചും നവ മാധ്യമങ്ങളുടെ പശ്ചാത്തലത്തില്‍ അവതരിപ്പിക്കുന്നു.

വ്യത്യസ്ത കാലത്തെ സിനിമകളാണ് നാം കാണുന്നത്. ഒരു സിനിമ, അതിനകത്ത് മറ്റൊരു സിനിമ, അതിനും അകത്ത് മറ്റൊരു സിനിമ: Mise en abyme -ന്റെ ശരിയായ ഉദാഹരണം. Passion of Joan of Arc 1928-ലെയും, Vivre sa Vie 1962-ലെയും, Artaud Double Bill 2007–ലെയും The Adjuster 1991-ലെയും സിനിമകളാണ്. മാത്രവുമല്ല, ഈ സിനിമകള്‍ പലരീതിയുള്ളവയുമാണ്. Passion of Joan of Arc കറുപ്പിലും വെളുപ്പിലുമുള്ള ഒരു നിശ്ശബ്ദ സിനിമയാണ്. Vivre sa Vie കറുപ്പിലും വെളുപ്പിലുമാണ്. മറ്റു രണ്ടു സിനിമകളും കളറിലും. Passion of Joan of Arc കാണുന്നത് രണ്ടു പേര്‍ വ്യത്യസ്ത കാലങ്ങളില്‍. നാന അറുപതുകളിലും അന്ന രണ്ടായിരത്തിലും. എന്നാല്‍ ഈ സിനിമകളില്‍ പൊതുവായി കാണുന്ന ഒരു ഘടകം സ്ത്രീകളോടുള്ള പുരുഷന്റെ സമീപനമാണ്: സ്ത്രീകള്‍ക്ക് നേരെയുള്ള ലൈംഗികാതിക്രമം. അറുപതുകളിലെ നാനയും രണ്ടായിരത്തിലെ ഹേരയും സമാനമായ അനുഭവങ്ങള്‍ പങ്കുവെക്കുന്നു.

Vivre sa Vie എന്ന സിനിമ നാന എന്ന സുന്ദരിയായ പാരീസുകാരിയെ കുറിച്ചാണ്. (നാന കാണുന്ന സിനിമയാണ് Passion of Joan of Arc). ഭര്‍ത്താവിനെയും ചെറിയ കുട്ടിയേയും വിട്ട് ഒരു സിനിമാ നടിയാകാനുള്ള മോഹവുമായി അവള്‍ വീടുവിട്ടിറങ്ങുന്നു. സിനിമാ നടിയാകാന്‍ കഴിയാത്ത അന്ന അവസാനം ഒരു വേശ്യയായിത്തീരുന്നു. പടിപടിയായുള്ള അവളുടെ പതനവും ദാരുണ അന്ത്യവുമാണ് സിനിമ എന്നു പറയാം. The Adjuster എന്ന സിനിമ തന്റെ ഇടപാടുകാരുടെ കൂടെ കിടക്ക പങ്കിടുന്ന നോഹ എന്ന ഇന്‍ഷൂറന്‍സ് അഡ്ജസ്റ്ററെയും ഫിലിം സെന്‍സര്‍ ആയി ജോലിചെയ്യുന്ന അയാളുടെ ഭാര്യ നേരയെയും കുറിച്ചാണ്. പരിശോധനയ്ക്കായി ലഭിക്കുന്ന സിനിമകളിലെ ലൈംഗിക ഉത്തേജകമായ രംഗങ്ങള്‍ അനിയത്തിക്ക് കാണിച്ചുകൊടുക്കാനായി നേര രഹസ്യമായി കോപ്പിചെയ്യുന്നു.

സിനിമ കണ്ടുകൊണ്ടിരിക്കവെ അന്ന അവളുടെ മൊബൈലില്‍ നിന്ന് നിക്കോളിന്റെ മൊബൈലിലേക്ക് ഒരു ടെക്സ്റ്റ് മെസ്സേജ് ചെയ്യന്നു. ഈ മെസ്സേജ് ലഭിക്കുന്ന നിക്കോള്‍ അതിന് മറുപടി മെസ്സേജ് അയക്കുന്നു. അന്ന കാണുന്ന ഗൊദാര്‍ദിന്റെ സിനിമയില്‍ (Vivre sa Vie) നാന എന്ന കഥാപാത്രം ഒരു സിനിമ കാണാന്‍ തിയ്യറ്ററില്‍ എത്തുകയാണ്. തിയ്യറ്ററില്‍ പ്രദര്‍ശിപ്പിക്കുന്നത് കാള്‍ ഡ്രയറിന്റെ Passion of Joan of Arc (1928) എന്ന സിനിമയാണ്. നാനയ്ക്ക് തൊട്ടടുത്ത് ഇരിക്കുന്ന മറ്റൊരു പ്രേക്ഷകന് സിനിമയിലല്ല, നാനയിലാണ് താത്പര്യം. അതേ സമയം നിക്കോള്‍ കാണുന്ന സിനിമയില്‍ ഒരു തിയ്യറ്ററില്‍ സിനിമ കാണുന്ന ഹേര എന്ന കഥാപാത്രത്തെ ഒരു പുരുഷന്‍ സമീപിക്കുന്നു. നാനയുടെ സിനിമ കാണല്‍ തുടരുന്നു. സിനിമയില്‍ ഒരു സന്യാസി (ഈ കഥാപാത്രത്തെ അവതരിപ്പിക്കുന്നത് ആന്റണ്‍ ആര്‍ത്താഡാണ് (Antonin Artaud), ജൊആനിനെ വളരെ കര്‍ശനമായ രീതിയില്‍ ചോദ്യംചെയ്യുകയാണ്. ചോദ്യങ്ങള്‍ക്ക് ജൊആന്‍ മറുപടിപറയുന്നുണ്ട്. ഈ രംഗം നാനയെ കണ്ണീരണിയിക്കുന്നു. എന്നാല്‍, ഈ ദൃശ്യങ്ങള്‍ കാണുന്ന അന്ന ആര്‍ത്താഡിന്റെ സൗന്ദര്യത്തില്‍ ആകൃഷ്ടയാവുകയാണ്. അവള്‍ ഈ ദൃശ്യങ്ങള്‍ തന്റെ മൊബൈലില്‍ ചിത്രീകരിക്കുകയും നിക്കോളിന് അയക്കുകയും ചെയ്യുന്നു. ഈ ദൃശ്യങ്ങള്‍ കാണുന്ന നിക്കോള്‍ താന്‍ ടിക്കറ്റെടുത്ത് കാണുന്ന സിനിമയ്‌ക്കൊപ്പം മൊബൈലില്‍ മറ്റൊരു സിനിമകൂടി കാണുന്നു. നിക്കോള്‍ മൊബൈലില്‍ ദൃശ്യങ്ങള്‍ കണ്ടുകൊണ്ടിരിക്കെ The Adjuster എന്ന സിനിമയിലെ തീക്കത്തുന്ന ദൃശ്യങ്ങള്‍ സ്‌ക്രീനില്‍. (ജൊആന്‍ ഓഫ് ആര്‍ക്കിന്റെ വിചാരണയുടെ രേഖകളെ ആസ്പദമാക്കിയുള്ള സിനിമയാണ് Passion of Joan of Arc. നാടകകൃത്ത്, അഭിനേതാവ്, കവി എന്നീ നിലകളില്‍ പ്രശസ്തനായ ആര്‍ത്താഡ് ഇരുപതാം നൂറ്റാണ്ടിലെ നാടക രംഗത്തെ വളരെ പ്രധാനപ്പെട്ട വ്യക്തിത്വവും ‘ക്രൂരതയുടെ നാടകവേദി’യുടെ (Theatre of Cruelty) ഉപജ്ഞാതാവുമാണ്).

തങ്ങളുടെ അബദ്ധം (ഒരേ തിയ്യറ്ററില്‍ അല്ല എന്ന കാര്യം) മനസ്സിലാക്കിയ അന്നയും നിക്കോളും മൊബൈലിലൂടെ പരസ്പരം ബന്ധപ്പെടുന്നതും ടെക്സ്റ്റ് മെസ്സേജുകളും ഇമേജുകളും കൈമാറുന്നു എന്ന ലളിതമായി തോന്നിയേക്കാവുന്ന പ്രവൃത്തിയില്‍ നിന്ന് പെട്ടെന്ന് അന്യഥാ പ്രത്യക്ഷത്തില്‍ ചേര്‍ച്ചയില്ലാത്ത സ്ഥലങ്ങളും, സിനിമകളും, സിനിമാ സാങ്കേതികവിദ്യയും കാഴ്ച്ചാനുഭവവും തമ്മില്‍ ബന്ധങ്ങളുടെയും സമാന്തരങ്ങളുടെയും സങ്കീര്‍ണ്ണവും പെരുകന്നതുമായ ശൃംഖല സ്ഥാപിക്കുകയും ചെയ്യുന്നു. അവര്‍ സിനിമകളും സിനിമയ്ക്കുള്ളിലെ സിനിമകളും കാണുന്നതോടൊപ്പം അവരുടെ സിനിമാനുഭവങ്ങള്‍ കൂടിക്കലരുകയും, സിനിമകളിലെ സംഭവങ്ങള്‍ കൂടിക്കലരുകയും ചെയ്യുകയും പരസ്പരം അഭിപ്രായപ്രകടനം നടത്തുകയും ചെയ്യുന്നു.

ഇത് പുതിയ കാലത്തെ കാഴ്ചാ ശീലങ്ങളെ ഉദാഹരിക്കുന്നു. നാന തന്റെ താത്പര്യങ്ങളെ താന്‍ കാണുന്ന സിനിമയിലേക്ക് കേന്ദ്രീകരിക്കുന്നു. അന്ന സിനിമ കാണുന്നുണ്ടെങ്കിലും തന്റെ കൂട്ടുകാരി എവിടെയാണ് എന്ന് ചിന്തിക്കുകയും അതോടൊപ്പം അവള്‍ എവിടെയാണെന്ന് കണ്ടെത്താന്‍ ശ്രമിക്കുകയും ചെയ്യുന്നു. സിനിമ കണ്ടുകൊണ്ടിരിക്കവെ അവള്‍ക്കെന്ത് തോന്നുന്നു എന്ന് അവള്‍ മൊബൈലില്‍ ടൈപ്പ് ചെയ്യുന്നു. അവള്‍ ഒരു ദൃശ്യത്തെ വേര്‍തിരിക്കുകയും ഈ ദൃശ്യത്തെ തന്റെ മൊബൈലില്‍ പിടിച്ചെടുക്കുകയും നിക്കോളിന് അയക്കുകയും ചെയ്യുന്നു. സിനിമ കണ്ടുകൊണ്ടിരിക്കവെ സമാനമായ പ്രവൃത്തികളില്‍ നിക്കോളും വ്യാപൃതയാകുന്നു. നാന തന്റെ കാഴ്ച ഏകാഗ്രമാക്കുമ്പോള്‍ / കേന്ദ്രീകരിക്കുമ്പോള്‍ അന്നയും നിക്കോളും അവരുടെ കാഴ്ചകളെ വികേന്ദ്രീകരിക്കുന്നു. വികേന്ദ്രീകൃതമായ കാഴ്ചയുടെ ഈ അവസ്ഥ ടിവിയും മറ്റ് നവ മാധ്യമങ്ങളും ആവശ്യപ്പെടുന്നുണ്ട്. വളരെ ലാഘവത്തോടെയും, ഏകാഗ്രമല്ലാതെയുമുള്ള കാഴ്ച. ഇത് ശരിയായ അര്‍ത്ഥത്തിലുള്ള നോട്ടമല്ല, പാര്‍ശ്വ വീക്ഷണം മാത്രമാണ്. നിരീക്ഷണം മാത്രമാണ്. കാഴ്ച ഒന്നില്‍ നിലനിര്‍ത്തുന്നില്ല, മറിച്ച് പലതിലേക്കും പായിക്കുകയാണ്. അവര്‍ സിനിമയിലെ കഥ പിന്തുടരുന്നുണ്ട്, പക്ഷെ ചില കാര്യങ്ങള്‍ ഒഴിവാക്കുന്നുണ്ട്. അവര്‍ സിനിമയില്‍ ശ്രദ്ധിക്കുന്നുണ്ടെങ്കിലും അതേ സമയം മൊബൈലിലും ശ്രദ്ധിക്കുന്നുണ്ട്, ശ്രദ്ധയെ ഒരേ സമയം പലതിലും വ്യാപരിപ്പിക്കുന്നു. (ഈ സന്ദര്‍ഭത്തില്‍ രണ്ട് വ്യത്യസ്തമായ ഇടങ്ങളില്‍ വെച്ച് നടക്കുന്ന സിനിമാ പ്രദര്‍ശനത്തെ പരാമര്‍ശിക്കട്ടെ. ഒന്ന് മുംബൈയില്‍ ഒരു ഫിലിം ക്ലബ് ഒരു റെസ്റ്റോറന്റില്‍ പതിവായി നടത്തിയിരുന്ന സിനിമാ പ്രദര്‍ശനമാണ്. എന്തെങ്കിലും തിന്നുകൊണ്ടും കുടിച്ചുകൊണ്ടുമാണ് ഇവിടെ സിനിമ കാണുന്നത്. ഇതുപോലെ Sunset Cinema Club Republic വാരാന്ത്യത്തില്‍ തുറന്ന സ്ഥലത്ത് സിനിമാ പ്രദര്‍ശനങ്ങള്‍ നടത്തുന്നു. സിനിമയ്‌ക്കൊപ്പം ഭക്ഷണം പാകംചെയ്യാനുള്ള സജ്ജീകരണങ്ങളും ലഹരി പാനീയങ്ങളും ഇവര്‍ നല്‍കുന്നു. അന്നയുടെയും നിക്കോലിന്റെയും സമാനമായ വിഘടിച്ച / എകാഗ്രമല്ലാത്ത സിനിമാ കാഴ്ചയാണ് ഇവിടെയും നടക്കുന്നത്).

നാന തന്റെ കണ്മുന്നില്‍ തുറക്കപ്പെടുന്നു ലോകത്തിലേക്ക് ഉണരുകയും ആ ലോകത്തെ കുറിച്ച് പര്യാലോചിക്കുകയും ചെയ്യുന്നുണ്ട്. എന്നാല്‍ അന്നയും നിക്കോളും ജീവിതത്തില്‍ അഭിമുഖീകരിക്കേണ്ടിവരുന്ന പല കാര്യങ്ങളില്‍ ഒന്നിനെ നോക്കുന്ന രീതിയില്‍ മാത്രമാണ് ഇതിനെയും നോക്കുന്നത്. ഒന്നിനെ മാത്രം തെരഞ്ഞെടുക്കുകയും മറ്റുള്ളതിനെ പിന്നേക്ക് മാറ്റിവെക്കുകയും ചെയ്യുക എന്ന രീതിയില്‍.

സിനിമയില്‍ മുഴുകിയാണ് നാന സിനിമ കാണുന്നത്. ഇതിലൂടെ അവള്‍ കഥാപാത്രവുമായി താദാത്മ്യപ്പെടുന്നു. അതുകൊണ്ട് ജൊആനിന്റെ അവസ്ഥ അവളുടേതുകൂടി ആകുന്നു. നാന കരയുന്നു. എന്നാല്‍ അന്നയെ സംബന്ധിച്ച് ജൊആന്‍ കടന്നുപോയ അവസ്ഥയല്ല പ്രധാനം, മറിച്ച് ആര്‍ത്താഡിന്റെ സൌന്ദര്യമാണ്. അതേ സമയം അന്ന സിനിമയുടെ ഉപരിതലം മാത്രം കാണുന്നു. തനിക്ക് താത്പര്യമുള്ള അംശങ്ങള്‍ മാത്രം ഉള്‍ക്കൊള്ളുകയും ബാക്കിയുള്ളതിനെ മാറ്റി നിര്‍ത്തി നിക്കോളിന് അയക്കുന്നു (ഇന്റര്‍നെറ്റ് സര്‍ഫിംഗ് പോലെ എന്നു പറയാം). അതുകൊണ്ടുതന്നെ അന്ന നാനയുമായോ ജൊആനുമായോ താദാത്മ്യപ്പെടുന്നില്ല. അവള്‍ അവളായിത്തന്നെ ഇരിക്കുകയാണ്. ഒരേ സിനിമ പല കാലത്ത് എങ്ങിനെ കാണുന്നു, സ്വീകരിക്കപ്പെടുന്നു എന്നും പുതിയ കാലത്തെ കാഴ്ചയും പഴയ കാലത്തെ കാഴ്ചയും എങ്ങിനെ വ്യത്യസ്തമായിരിക്കുന്നു എന്നും ഈ സന്ദര്‍ഭം വ്യക്തമാക്കുന്നു.

തിയ്യറ്ററിലെ മറ്റു മനുഷ്യര്‍ക്കിടയിലും അന്നയും നിക്കോളും തങ്ങളുടെ മുറികളുടെ സ്വകാര്യതയില്‍ എന്നപോലെ പെരുമാറുകയാണ്. സാങ്കേതിക വിദ്യ ഒരു ഭാഗത്ത് വിശാലമായ ലോക ശ്രുംഖല തുറക്കുന്നുണ്ടെങ്കിലും മറുഭാഗത്ത് മനുഷ്യരെ വ്യക്തികളിലേക്ക് ചുരുക്കുകയും ചെയ്യുന്നുണ്ട്. സാങ്കേതിക വിദ്യയുടെ കാലത്ത് മനുഷ്യ സ്വഭാവത്തില്‍ വന്ന മാറ്റങ്ങള്‍, ശ്ലഥമായിത്തീരുന്ന വീക്ഷണങ്ങള്‍, സെന്‍സേഷനുള്ള പ്രാധാന്യം — ഇക്കാര്യങ്ങളും സിനിമ മൂന്നു മിനിറ്റിനുള്ളില്‍ അവതരിപ്പിക്കുന്നു.

ദി ക്രിട്ടിക് യു ട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

യാഥാര്‍ഥ്യത്തിന് പകരം പുറം കാഴ്ച, സത്യത്തിന് പകരം മിഥ്യ, മാധ്യമങ്ങളും ഉപഭോഗപരതയും മേല്‍ക്കൈ ഉള്ള സമൂഹങ്ങളെ കുറിച്ചുള്ള ബോദ്റിലാദ്രിന്റെ (Baudrillard) നിരീക്ഷണങ്ങള്‍ ഇവിടെ പ്രസക്തമാണ്. നിശ്ചിതത്വമോ സത്യമോ സാധ്യമല്ല. മിഥ്യയാണ് അടിസ്ഥാന പ്രമാണം. പുറം ലോകവുമായി, ബാഹ്യ യാഥാര്‍ഥ്യവുമായി യാതൊരു ബന്ധവുമില്ലാത്ത, ദൃശ്യങ്ങളുടെ ലീലകളില്‍, ദൃശ്യ വിസ്മയങ്ങളില്‍ കുടുങ്ങിയിരിക്കുകയാണ് മനുഷ്യര്‍. ഈ അവസ്ഥയില്‍ ബോധം മാധ്യമ പൂരിതമായതിനാല്‍ അര്‍ത്ഥത്തെ കുറിച്ചുള്ള സങ്കല്‍പ്പം അലിഞ്ഞുപോകുന്നു.

സിനിമയിലും സിനിമാനുഭവത്തിനും വലിയ മാറ്റം സംഭവിച്ചു. അതുപോലെ സിനിമ കാണുന്ന മാധ്യമത്തിന് — ടിവി, കമ്പ്യൂട്ടര്‍, മൊബൈല്‍ — വലിയ മാറ്റം വന്നതോടൊപ്പം തിയ്യറ്ററില്‍ ഉള്ള സിനിമാ കാഴ്ചയ്ക്കും മാറ്റം വന്നു. സിനിമാ തിയ്യറ്ററിന് കല്‍പ്പിച്ചിരുന്ന പരിശുദ്ധി ഇന്ന് ഇല്ലാതായിരിക്കുന്നു. മുമ്പ് നമ്മള്‍ സിനിമയ്ക്ക് പോവുകയായിരുന്നു. രണ്ടു കാലത്തെ — നാന അറുപതുകളിലും, അന്നയും നിക്കോളും രണ്ടായിരത്തിലും — സിനിമാ കാഴ്ച അവതരിപ്പിക്കുന്നതിലൂടെ ഈ സിനിമ ഇത് വ്യക്തമാക്കുന്നു. മുമ്പ് സിനിമ കാണാന്‍ തിയ്യറ്ററില്‍ പോകുന്നത് ഒരഭയം എന്ന നിലയിലാണ്. പുറം ലോകത്തില്‍ നിന്ന്, ദൈനംദിന പ്രവൃത്തികളില്‍ നിന്ന് താത്കാലികമായ വിടുതല്‍. തിയ്യറ്ററിന്റെ ഇരുട്ടില്‍ സിനിമയില്‍ മാത്രം ശ്രദ്ധ കേന്ദ്രീകരിക്കുക. ഇവിടെ നമ്മള്‍ സാക്ഷിയാണ്. കാലങ്ങളിലൂടെ സിനിമ കാണലിന് കൈവന്ന അനുഷ്ഠാന സ്വഭാവം നാനയും പിന്തുടരുന്നു. സിനിമ കാണലിനെ കുറിച്ച് സംസാരിക്കവെ ബാര്‍ത് ഇപ്രകാരം അഭിപ്രായപ്പെട്ടിട്ടുണ്ട്: ‘ഒരു മനുഷ്യന്‍ രണ്ടു ശരീരവുമായിട്ടാണ് സിനിമാ തിയറ്ററിലേക്ക് പോകുന്നത്. ഒരു ശരീരം സ്‌ക്രീനിലെ ദൃശ്യങ്ങളില്‍ ബദ്ധശ്രദ്ധമായിരിക്കുബോള്‍ മറ്റേ ശരീരം തിയ്യറ്ററിന്റെ അകം, അകത്തേക്ക് പ്രവേശിച്ച് സീറ്റ് കണ്ടെത്തല്‍, മറ്റു മനുഷ്യര്‍, ശബ്ദങ്ങള്‍, ഗന്ധം ഇവയില്‍ ബദ്ധശ്രദ്ധമായിരിക്കും”. നാന ഇത്തരത്തിലുള്ള പ്രേക്ഷകയാണ്. അതേ സമയം പുതിയ കാലത്ത് തിയ്യറ്ററില്‍ നിന്നുതന്നെ സിനിമ കാണുന്ന അന്നയ്ക്ക് (നിക്കൊളിനും) സിനിമ കാണല്‍ മറ്റൊരു രീതിയാണ്. കൂട്ടുകാരിയുടെ കൂടെ സമയം ചെലവഴിക്കാനാണ് അവള്‍ സിനിമ കാണാന്‍ വന്നത്. നാനയെ പോലെ അവള്‍ ഒരു പരമ്പരാഗത പ്രേക്ഷകയല്ല. അവള്‍ സിനിമ കാണലിന്റെ അനുഷ്ഠാനം പിന്തുടരുന്നവളല്ല. നാനയെ പോലെ സിനിമയില്‍ സ്വയം സമര്‍പ്പിക്കുന്നവളുമല്ല. നാനയെ പോലെ അന്നയ്ക്ക് സിനിമ യാഥാര്‍ത്ഥലോകത്തിന് പകരമല്ല. മറിച്ച് ദൈനംദിന ലോകത്തിന്റെ തുടര്‍ച്ചമാത്രമാണ്. അന്ന ഒരേസമയം പ്രേക്ഷകയും വായിക്കുന്നവളും എഴുതുന്നവളുമാണ്.

ഒരു കാലത്ത് മലയാളത്തില്‍ കവിതയുടെ കൂമ്പടഞ്ഞു എന്ന വാദം പോലെ പുതിയ സാങ്കേതിക വിദ്യയുടെ വലിയ തോതിലുള്ള വ്യാപനത്തോടെ സിനിമയുടെ ഭാവിയെ കുറിച്ച് ലോകത്തില്‍ വലിയ ആശങ്ക ഉണ്ടായിരുന്നു. ഇത്തരം ആശങ്കകള്‍ക്കുള്ള ഉത്തരമായി ഈ ചെറുസിനിമയെ കാണാം. ”സിനിമയുടെ മരണത്തെ കുറിച്ച് സംസാരിക്കുന്നത് വിഡ്ഢിത്തമായിരിക്കും, കാരണം സിനിമ അതിന്റെ അന്വേഷണത്തിന്റെ ആരംഭത്തിലാണ്” — ദെല്യൂസിന്റെ ഈ വാക്കുകളെ ഈ സിനിമ പ്രസക്തമാകുന്നു. കാലവും അതുതന്നെ തെളിയിച്ചു.

ദി ക്രിട്ടിക് ഫേസ് ബുക്ക് പേജ് ലൈക്ക് ചെയ്യുക

1982-ലെ കാന്‍ ചലച്ചിത്ര മേളയ്ക്കിടയില്‍ അവിടെ സന്നിഹിതരായിരുന്ന ചലച്ചിത്രകാരന്മാരോട് മാര്‍ട്ടിനസ് എന്ന ഹോട്ടലിലെ ഒരു മുറിയിലേക്ക് വരാനും, ഒരു ടിവി സ്‌ക്രീനിന് അരികിലുള്ള സിനിമാ ക്യാമറയുടെ മുന്നിലിരിക്കാനും മേശമേല്‍ വെച്ചിരിക്കുന്ന ചോദ്യങ്ങളോട് പ്രതികരിക്കാനും Wim Wenders ആവശ്യപ്പെട്ടു. ചോദ്യം ഇതായിരുന്നു: ടിവി പോലുള്ള മറ്റു മാധ്യമങ്ങള്‍ പ്രചരിക്കുകയും ഇലക്ട്രോണിക് സാങ്കേതികവിദ്യയുടെ കടന്നുവരവിന്റെയും വലിയ തോതിലുള്ള വളര്‍ച്ചയുടെയും പശ്ചാത്തലത്തില്‍ സിനിമ അപ്രത്യക്ഷമാകുന്ന ഒരു ഭാഷയാണോ? മരിച്ചുകൊണ്ടിരിക്കുന്ന ഒരു കലയാണോ? അടുത്തുള്ള ഒരു ടിവി സ്‌ക്രീനിലെ ടെന്നീസ് കളി ശ്രദ്ധിച്ചുകൊണ്ടിരുന്ന ഗൊദാര്‍ദ് പ്രതികരിച്ചത് ”നമുക്ക് പോകാം. ഞാന്‍ മരിക്കാന്‍ പോവുകയാണ്” എന്നാണ്. വീട്ടില്‍ കാണാനായി സിനിമകള്‍ റെക്കോര്‍ഡ് ചെയ്യാറുണ്ടെന്നും, പക്ഷെ ഒരിക്കലും കണ്ടിട്ടില്ല എന്ന് വ്യക്തമാക്കിയതിന് ശേഷം Monte Hellman എന്ന അമേരിക്കന്‍ ചലച്ചിത്രകാരന്‍ പറഞ്ഞു: ”മറ്റു കാര്യങ്ങള്‍ക്കെന്നപോലെ സിനിമയ്ക്കും നല്ല കാലവും ചീത്ത കാലവും ഉണ്ടാവാം”. നോവലിസ്റ്റും, സംവിധായകനും, സിനിമാ ചരിത്രകാരനുമായ Noel Simoslo പ്രതികരിച്ചത് ഇപ്രകാരം: ”സിനിമയല്ല, സിനിമയുണ്ടാക്കുന്നവരാണ് മരിക്കുന്നത്”. Werner Herzog: സിനിമ നിലനില്‍ക്കും, എന്തെന്നാല്‍ എവിടെയാണോ ജീവിതം നമ്മെ നേരിട്ട് സ്പര്‍ശിക്കുന്നത്, അവിടെ സിനിമ ഉണ്ടാകും”. Steven Spielberg ഇപ്രകാരമാണ് പ്രവചിച്ചത്: ”വരും കാലങ്ങളില്‍ സിനിമ അതിന്റെ അതിരുകള്‍ വികസിപ്പിക്കും”. ”പുതിയ മനുഷ്യരായി രൂപാന്തരപ്പെടുന്നതിലും പുതിയ സാങ്കേതിക വിദ്യ സ്വാംശീകരിക്കുന്നതിലും നമുക്ക് ബുദ്ധിമുട്ട് ഉണ്ടാവില്ല” എന്നാണ് Michelangelo Antonioni പ്രഖ്യാപിച്ചത്.

പിന്നീട് നമുക്ക് ചിന്തിക്കാവുന്നതിലും വളരെ വിപ്ലവകരമായാണ് സിനിമ മുന്നോട്ടു പോയത്. ഡിജിറ്റല്‍ സാങ്കേതിക വിദ്യ ദൃശ്യങ്ങളുടെയും ശബ്ദങ്ങളുടെയും സ്വഭാവം തന്നെ മാറ്റി മറിച്ചു. സങ്കലന പ്രക്രിയ പല മാധ്യമങ്ങളുടെ കൂടിച്ചേരലിലേക്ക് നയിച്ചു. ഇന്ന് സിനിമ പ്രോജക്റ്ററിന് മുന്നിലൂടെ തിയ്യറ്ററിലെ തിരശ്ശീലയില്‍ പ്രദര്‍ശിപ്പിക്കാന്‍ ലക്ഷ്യമാക്കിയുള്ള ഒരു ഫിലിം സ്ട്രിപ് അല്ല. തിയ്യറ്ററിന്റെ ഇരുട്ടില്‍ തിരശ്ശീലയില്‍ ബദ്ധശ്രദ്ധരായിട്ടാണ് നാം സിനിമ കാണുന്നതെങ്കില്‍ സിനിമ കാണുന്ന രീതിയും മാറി. വീടിന്റെ സ്വകാര്യതയില്‍ ഇരുന്ന് റിലാക്‌സ് ചെയ്തുകൊണ്ട്, തോന്നുമ്പോള്‍ ഓണാക്കിയും ഒഫാക്കിയുമാണ് ഇന്ന് സിനിമ കാണുന്നത്. സിനിമാ കാഴ്ച തിയ്യറ്ററിലെ വലിയ സ്‌ക്രീനില്‍ നിന്ന് ടിവിയുടെ ചെറിയ സ്‌ക്രീനിലെക്കും കമ്പ്യൂ ട്ടറിന്റെയും ലാപ്‌ടോപ്പിന്റെയും അതിലും ചെറിയ സ്‌ക്രീനിലേക്കും ടാബ് ലെറ്റിന്റെയും മൊബൈല്‍ ഫോണിന്റെയും അതിലും ചെറിയ സ്‌ക്രീനിലേക്കും മാറി.

എന്നിട്ടും സിനിമ മരിച്ചില്ല. പഴയ തിയറ്ററുകള്‍ക്ക് പകരം മള്‍ട്ടിപ്ലെക്‌സസുകള്‍ വന്നു. വരുമാനം വര്‍ദ്ധിച്ചു. സിനിമാ കാഴ്ചയുടെ പരിസരം മാറി, സിനിമ കാണുന്ന ഉപകരണങ്ങള്‍ മാറി — സിനിമ കാണല്‍ ടിവിയിലോ, ടാബ്ലെറ്റിലോ, മൊബൈലിലോ ആകട്ടെ — ഇവയെയൊക്കെ നാം സിനിമ എന്നുതന്നെയാണ് വിളിക്കുന്നത്. ഓണ്‍ലൈനില്‍ പല ഫോര്‍മാറ്റുകള്‍, അതുപോലെ പൊതു സ്ഥലങ്ങളിലും ആര്‍ട് ഗാലറികളിലും ഉള്ള പ്രദര്‍ശനങ്ങള്‍ ഇവയെയെല്ലാം സിനിമയുടെ വിപുലീകൃത രൂപമാണ് (Extended Cinema). തീര്‍ന്നില്ല, പ്രതിഷ്ഠാപനങ്ങള്‍, വീഡിയോ, വെബ് പ്രൊജക് ഷന്‍, വീഡിയോ ഗെയിമുകള്‍ — സിനിമ ജീവിക്കുകയാണെന്ന് മാത്രമല്ല, പല രീതിയില്‍ വിപുലീകരിക്കുകയും ചെയ്യുന്നു.

കൊറോണയുടെ പശ്ചാത്തലത്തില്‍ സിനിമയുടെ ഭാവി ആലോചിക്കുന്നത് ഉചിതമായിരിക്കും. എല്ലാം അനിശ്ചിതത്വത്തിലാണ്. തിയ്യറ്ററുകള്‍ അടച്ചിട്ട സാഹചര്യത്തില്‍ വീട്ടിലിരുന്ന് ടിവി, ഓണ്‍ലൈന്‍ സ്ട്രീമിംഗ് എന്നിവയിലൂടെ സിനിമകള്‍ കാണുകയാണ് ജനങ്ങള്‍. ഈ രംഗത്ത് കാഴ്ചക്കാരുടെ എണ്ണം വന്‍ തോതില്‍ വര്‍ദ്ധിച്ചു. ഇന്റര്‍നെറ്റിലെ തിരക്ക് ഒഴിവാക്കാനായി നെറ്റ്ഫ്‌ലിക്‌സും ഡിസ്‌നി പ്ലസും ദൃശ്യ ഗുണം ഇരുപത്തിയഞ്ച് ശതമാനം വെട്ടിക്കുറച്ചിരിക്കുകയാണത്രേ. ഏറ്റവും പുതിയ സിനിമ നേരിട്ട് ഓണ്‍ലൈന്‍ പ്ലാറ്റ്ഫോമിലേക്ക് പോവുകയാണ്. അതുകൊണ്ടുതന്നെ കൊറോണയ്ക്ക് ശേഷം കാര്യങ്ങള്‍ പഴയ രീതിയില്‍ ആയിരിക്കില്ല എന്നും ഓണ്‍ലൈന്‍ സ്ട്രീമിംഗ് കമ്പനികളും മറ്റും സിനിമയില്‍ ആധിപത്യം സ്ഥാപിക്കും എന്നും സംശയിക്കുന്നവരും ഉണ്ട്.

ലോകം കൊറോണയില്‍ നിന്ന് മുക്തമാവുകയും സാധാരണ സ്ഥിതിയിലേക്ക് തിരിച്ചു വരികയും ചെയ്യും. എല്ലാം ശരിയാവാന്‍ എത്ര കാലം എടുക്കും എന്നത് മാത്രമാണ് നമ്മെ അലട്ടുന്നത്. അപ്പോള്‍ തിയ്യറ്ററുകള്‍ തുറക്കുകയും പ്രേക്ഷകര്‍ സിനിമ കാണാന്‍ എത്തുകയും ചെയ്യും. യുദ്ധങ്ങളെയും, സ്പാനിഷ് ഇന്‍ഫ്‌ലുവെന്‍സ പോലുള്ള മഹാമാരികളെയും സിനിമ അതിജീവിച്ചിട്ടുണ്ട്. സിനിമാ തിയ്യറ്ററിന്റെ ഇരുട്ടില്‍, തിയ്യറ്ററിന്റെ പ്രത്യേക അന്തരീക്ഷത്തില്‍ വലിയ സ്‌ക്രീനില്‍ സിനിമ കാണുമ്പോഴാണ് സിനിമാനുഭവം പൂര്‍ണ്ണമാകുന്നത്. മൊബൈല്‍ ഫോണിലും, വിമാന സീറ്റിനു പിറകിലെ ചെറിയ സ്‌ക്രീനിലുമുള്ള സിനിമാ കാഴ്ച ഏകാഗ്രതയില്ലാത്തതാണ്. മുകളില്‍ ചര്‍ച്ചചെയ്ത Artaud Double Bill എന്ന സിനിമയിലെ അന്നയുടെയും നിക്കൊളിന്റെയും സിനിമാ കാഴ്ച പോലെ. അതേ സമയം തിയ്യറ്ററിലുള്ള സിനിമാ കാഴ്ചയാകട്ടെ ഏകാഗ്രവും സിനിമയില്‍ ആമഗ്‌നമായിക്കൊണ്ടുള്ളതുമാണ്, നാനയെ പോലെ. ഈ പശ്ചാത്തലത്തില്‍ സിനിമാ തിയറ്ററിന്റെ അനുഭവങ്ങള്‍ തിരിച്ചുപിടിക്കേണ്ടതിന്റെ ആവശ്യകത മുന്നോട്ടു വെക്കുന്ന ഫ്രാന്‍സെസ്‌കോ കസേറ്റിയുടെ (Francesco Casetti) ചിന്തകളാണ് മനസ്സില്‍ വരുന്നത്. സിനിമാ തിയ്യറ്ററിന്റെ കാഴ്ച്ചാനുഭവങ്ങളിലേക്ക് തിരിച്ചു വരേണ്ടതിനെക്കുറിച്ച് അദ്ദേഹം സംസാരിക്കുന്നുണ്ട്. ഇതിനെ മാതൃഭൂമിയിലേക്കുള്ള തിരിച്ചുവരവ് എന്നാണ് അദ്ദേഹം വിശേഷിപ്പിക്കുന്നത്. കൊറോണയ്ക്ക് ശേഷവും സിനിമ ജീവിക്കും, പല പല രൂപങ്ങളില്‍.

(മികച്ച സിനിമാഗ്രന്ഥത്തിനുള്ള സംസ്ഥാനപുരസ്‌കാരം ലഭിച്ച ”ആഖ്യാനത്തിന്റെ പിരിയന്‍ കോവണികള്‍” എന്ന പുസ്തകത്തില്‍ നിന്ന്)

സുഹൃത്തെ,
അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പന്ത്രണ്ടാം വര്‍ഷത്തേക്ക് കടക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2024 - 25 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.

The Critic, A/C No - 020802000001158,
Indian Overseas Bank,
Thrissur - 680001, IFSC - IOBA0000208
google pay - 9447307829
സ്നേഹത്തോടെ ഐ ഗോപിനാഥ്, എഡിറ്റര്‍, thecritic.in


ഞങ്ങളുടെ ഫേസ്ബുക് പേജ് ലൈക് ചെയ്യൂ..


Published On

Category: Cinema | Tags: , , | Comments: 0 |

'ക്രിട്ടിക്കില്‍ പ്രസിദ്ധീകരിക്കുന്ന ലേഖനങ്ങള്‍ ലേഖകരുടെ അഭിപ്രായങ്ങളാണ്.. അവ പൂര്‍ണ്ണമായും ക്രിട്ടിക്കിന്റെ അഭിപ്രായങ്ങളാകണമെന്നില്ല - എഡിറ്റര്‍'

Be the first to write a comment.

Leave a Reply