ഒരുങ്ങുന്നത് പ്രതിപക്ഷ മുക്ത ഭാരതമോ?

മഹാരാഷ്ട്രത്തിലും ഒപ്പം വലിയ സാമ്പത്തിക കേന്ദ്രമായ ഹൈദരാബാദിലും സ്വാധീനം ഉറപ്പിക്കുക എന്ന ലക്ഷ്യം കൂടിയുണ്ട് ബിജെപി 2024 നായി തയ്യാറാക്കിയിരിക്കുന്ന പരിവാര്‍- മുക്ത രാഷ്ട്രീയം എന്ന മുദ്രാവാക്യത്തിന്. കോണ്‍ഗ്രസ്സിലെ കുടുംബരാഷ്ട്രീയത്തിനപ്പുറത്താണ് ശിവസേനയേയും തെലുങ്കാനാ രാഷ്ട്രസമിതിയേയും വൈഎസ്സാര്‍ കോണ്‍ഗ്രസ്സിനേയും ഈ മുദ്രാവാക്യം ലക്ഷ്യമിടുന്നുണ്ട്. ഡിഎംകെയും തൃണമൂല്‍ കോണ്‍ഗ്രസ്സും പോലും ഈ രാഷ്ട്രീയത്തിന്റെ ചട്ടക്കൂട്ടിലാണല്ലോ ഇന്ന് പ്രവര്‍ത്തിക്കുന്നത്.

”ഏത് വേരുകളാണ് അള്ളിപ്പിടിക്കുന്നത്, ഏതു ശാഖകളാണ്
ഈ കല്ലുകുപ്പയില്‍ വളരുന്നത്? മനുഷ്യപുത്രാ,
നിനക്ക് പറയാനോ ഊഹിക്കാനോ സാധ്യമല്ല, കാരണം നിനക്കറിയാവുന്നത്
ഭഗ്നബിംബങ്ങളുടെ ഒരു കൂമ്പാരം മാത്രം, അവിടെ വെയില്‍ ആഞ്ഞടിക്കുന്നു
പട്ടുപോയ വൃക്ഷം തണല്‍ തരുന്നില്ല, ചീവീട് ഒരിളവും,
വരണ്ട കല്ലോ വെള്ളത്തിന്റെ ശബ്ദവും.
ഈ ചുവന്ന പാറയ്ക്കു കീഴില്‍ നിഴലുണ്ട്
(ഈ ചുവന്ന പാറയുടെ നിഴലിന്‍ കീഴിലേയ്ക്ക് വരൂ).
അപ്പോള്‍ നിനക്ക് കാണിച്ചുതരാം, രാവിലെ നിനക്കു പിന്നില്‍
നീങ്ങുന്ന നിഴലില്‍ നിന്നോ വൈകിട്ടു നിനക്കഭിമുഖമായി
ഉയരുന്ന നിഴലില്‍ നിന്നോ വ്യത്യസ്തമായ ഒരു സംഗതി
ഞാന്‍ നിനക്കു ഭയത്തെ കാണിച്ചുതരാം, ഒരു പിടി മണ്ണില്‍.”

– തരിശുഭൂമി/റ്റി.എസ്. എലിയറ്റ്
(വിവ: അയ്യപ്പപ്പണിക്കര്‍)

തരിശുഭൂമിയുടെ ശതാബ്ദി വര്‍ഷമാണ് 2022. ഒന്നാം ലോകമഹായുദ്ധം നാമാവശേഷമാക്കിയ യൂറോപ്പിന്റെ പ്രേതാനുഭവമാണ് എലിയറ്റ് കവിതയാക്കിയത്. സത്യവും വിശ്വാസവും ആദര്‍ശവും ആത്മവിശ്വാസവും നഷ്ടപ്പെട്ട ഒരു ജനതയുടെ obituary ആയിരുന്നു തരിശുഭൂമി. ഇനിയൊരിക്കലും ഒന്നും കിളിര്‍ക്കാത്ത തരിശുഭൂമിയായാണ് യൂറോപ്പിനെ, ലോകത്തെത്തന്നെ എലിയറ്റ് വിഭാവന ചെയ്തത്. ആ നൈരാശ്യത്തിന്റെ ഏറ്റവും തീക്ഷ്ണമായ അവസ്ഥ ബിബ്‌ളിക്കല്‍ സ്മൃതി അടക്കം ചെയ്ത അവസാനത്തെ വരിയിലുണ്ട് – ”ഞാന്‍ നിനക്ക് ഭയത്തെ കാണിച്ചുതരാം. ഒരു പിടി മണ്ണില്‍.”

അടിയന്തിരാവസ്ഥയുടെ വാര്‍ഷികത്തിന്റെയന്നാണ് തീസ്ത സെതല്‍വാദും ആര്‍ ബി ശ്രീകുമാറും അറസ്റ്റ് ചെയ്യപ്പെട്ടത്. സുപ്രീം കോടതി ഇവര്‍ രണ്ടുപേരെയും രൂക്ഷമായി വിമര്‍ശിച്ചിരുന്നു. ഗുജറാത്ത് കലാപത്തില്‍ അന്നത്തെ മുഖ്യമന്ത്രി നരേന്ദ്രമോദിയുടെ പങ്ക് അന്വേഷണം നടത്തിയ സ്‌പെഷ്യല്‍ ഇന്‍വെസ്റ്റിഗേഷന്‍ ടീം അവഗണിച്ചു എന്നതായിരുന്നു തീസ്തയുടേയും മറ്റും പരാതി. പരാതിക്കാരില്‍ ഗുല്‍ബര്‍ഗ് സൊസൈറ്റിയില്‍ കൊല്ലപ്പെട്ട കോണ്‍ഗ്രസ്സ് നേതാവ് എഹ്‌സാന്‍ ജഫ്രിയുടെ വിധവ സക്കിയ ജഫ്രിയും ഉള്‍പ്പെട്ടിരുന്നു. സുപ്രീം കോടതിയുടെ മൂന്നംഗ ബെഞ്ച് കേസ് തള്ളിയെന്നു മാത്രമല്ല സ്‌പെഷ്യല്‍ ഇന്‍വെസ്റ്റിഗേഷന്‍ ടീം റിപ്പോര്‍ട്ടിനെ എതിര്‍ത്ത് അപ്പീല്‍ പോയവര്‍ക്കെതിരെ നടപടി എടുക്കണമെന്ന് വിധിന്യായത്തില്‍ പറഞ്ഞു. ‘as a matter of fact, all those involved in such abuse of process need to be in the dock and proceeded against in accordance with law’ എന്നാണ് ഉത്തരവില്‍ പറഞ്ഞത്. തീസ്തയുടേയും ശ്രീകുമാറിന്റേയും അറസ്റ്റിന് മുന്നോടിയായി മേല്‍സൂചിപ്പിച്ച സുപ്രീം കോടതി വിധിയെക്കുറിച്ച് ആഭ്യന്തരമന്ത്രി അമിത് ഷാ ഒരു ഇന്റര്‍വ്യൂവില്‍ പറയുകയുണ്ടായി. തീസ്തയും ശ്രീകുമാറും ഇപ്പോള്‍ ജയിലിലാണ്.

സുപ്രീം കോടതിയുടെ പരാമര്‍ശത്തെക്കുറിച്ച് വിമര്‍ശനം ഒരുപാടുണ്ടായി. അറസ്റ്റില്‍ കൂടി പൗരാവകാശ പ്രവര്‍ത്തകര്‍ക്ക് സര്‍ക്കാര്‍ നല്‍കുന്ന സന്ദേശം വ്യക്തമാണ്. തീസ്ത-ശ്രീകുമാര്‍ അറസ്റ്റിന് പുറകേയാണ് ആള്‍ട്ട് ന്യൂസിന്റെ സ്ഥാപകരില്‍ ഒരാളായ മുഹമ്മദ് സുബൈറും അറസ്റ്റ് ചെയ്യപ്പെട്ടത്. സുബൈര്‍ ആയാലും തീസ്ത ആയാലും അവരുടെ മാധ്യമ പ്രവര്‍ത്തനത്തിന് സമാനതകളില്ല. തീസ്ത-ജാവേദ് ആനന്ദിന്റെ കമ്മ്യൂണലിസം കോമ്പാറ്റും സുബൈര്‍ – പ്രതീക് സിഹ്നയുടെ ആള്‍ട്ട് ന്യൂസും മുഖ്യധാരാ പത്രപ്രവര്‍ത്തനത്തിന് സാധിക്കാതെ പോയ കാര്യങ്ങളാണ് ആദര്‍ശമായി സ്വീകരിച്ചുകൊണ്ട് ചെയ്തുപോരുന്നത്. അവ/അവര്‍ വിമര്‍ശന വിധേയരായിക്കൂടെന്നല്ല. പക്ഷേ രാഷ്ട്രീയ കാരണങ്ങളാല്‍ അവര്‍ അറസ്റ്റ് ചെയ്യപ്പെടുമ്പോള്‍ മാധ്യമ സ്വാതന്ത്ര്യവും പൗരസ്വാതന്ത്ര്യവും അപകടത്തിലാവുന്നു. ഈ നടപടികള്‍ രണ്ട് വ്യക്തികള്‍ക്ക് നേരെയുണ്ടായിരിക്കുന്ന നടപടികള്‍ക്കപ്പുറത്ത് ഒരു രാഷ്ട്രീയ കാലാവസ്ഥയുടെ തന്നെ ലക്ഷണങ്ങളാണ്.

ദി ക്രിട്ടിക് ഫേസ് ബുക്ക് പേജ് ലൈക്ക് ചെയ്യുക

കോണ്‍ഗ്രസ്സ്-മുക്ത ഭാരതം എന്നായിരുന്നു ബിജെപിയുടെ 2014 മുദ്രാവാക്യമെങ്കില്‍ ഇന്നത് പ്രതിപക്ഷ-മുക്ത ഭാരതമായി മാറിയിരിക്കുന്നില്ലേ എന്നു സംശയിക്കേണ്ടിയിരിക്കുന്നു. പൗരാവകാശ പ്രവര്‍ത്തകര്‍ക്ക് നേരെയുണ്ടായിരിക്കുന്ന നടപടികള്‍-ഭീമാ കൊറെഗാവ് അറസ്റ്റുകളും മറ്റും ഓര്‍ക്കുക-ഈ പ്രതിപക്ഷ-മുക്ത ഭാരതസൃഷ്ടിയുടെ ഭാഗമാണെന്നുതന്നെ കരുതേണ്ടിയിരിക്കുന്നു. ജനാധിപത്യത്തിലെ പ്രതിപക്ഷമെന്നത് ചില രാഷ്ട്രീയപാര്‍ട്ടികള്‍ മാത്രമല്ല സിവില്‍ സമൂഹവും കൂടിയാണ്. ഇന്നത്തെ സാഹചര്യത്തില്‍ ബിജെപിയാണ് ഇന്ത്യന്‍ രാഷ്ട്രീയത്തിന്റെ കേന്ദ്രസ്ഥാനത്തെങ്കില്‍ പ്രതിപക്ഷമായി പ്രവര്‍ത്തിക്കുന്നത് സംസ്ഥാനങ്ങളില്‍ ഭരണമാളുന്ന ചില പ്രാദേശിക കക്ഷികളും പിന്നെ പൗരാവകാശ പ്രസ്ഥാനങ്ങളും ചുരുക്കം ചില മാധ്യമങ്ങളും ബുദ്ധിജീവികളും മാത്രമാണ്. ഇക്കൂട്ടരില്‍ ഓരോരുത്തരും ഇന്ന് സര്‍ക്കാരിന്റെ നിരീക്ഷണ വലയത്തിലുണ്ട് എന്ന് സംശയിക്കേണ്ടിയിരിക്കുന്നു. സര്‍ക്കാരിനെതിരെ, ബിജെപിയുടെ പ്രത്യയശാസ്ത്രത്തിനെതിരെ ശബ്ദിക്കുന്ന, നിലകൊള്ളുന്ന ഓരോ പ്രസ്ഥാനവും പാര്‍ട്ടിയും വ്യക്തിയും ഇന്ന് ഭരണപക്ഷത്തിന്റെ ശത്രുവായി കാണപ്പെടുന്നു.

പ്രതിപക്ഷത്തെ രാഷ്ട്രീയ പാര്‍ട്ടികളുടെ കാര്യം തന്നെ എടുക്കുക. ഏറ്റവുമൊടുവില്‍ ഒരു പ്രതിപക്ഷ സര്‍ക്കാര്‍ വീണത് മഹാരാഷ്ട്രത്തിലാണ്. ശിവസേനയെ പിളര്‍ത്തിക്കൊണ്ട് ബിജെപി അവിടെ ഏക്‌നാഥ് ഷിന്‍ഡേയുടെ നേതൃത്വത്തില്‍ പുതിയ സര്‍ക്കാരിനെ അവരോധിച്ചിരിക്കുന്നു. ഇന്ത്യയുടെ സാമ്പത്തിക തലസ്ഥാനമായ മുംബൈ നിയന്ത്രിക്കുന്നത് തങ്ങള്‍ തന്നെയാകണമെന്ന നിര്‍ബന്ധബുദ്ധി ബിജെപിക്കുണ്ട്. രണ്ടാമതായി, നാല്‍പ്പത്തിയെട്ട് ലോക്‌സഭാ സീറ്റുകളുള്ള ഇന്ത്യയിലെ ഏറ്റവും ധനികമായ സംസ്ഥാനങ്ങളിലൊന്നില്‍ തങ്ങളുടെ ഹിന്ദുത്വ രാഷ്ട്രീയത്തിന് മറ്റൊരു വക്താവ് വേണ്ട എന്നും ബിജെപി തീരുമാനിച്ചിരിക്കുന്നു-ഹിന്ദുത്വ രാഷ്ട്രീയത്തിന്റെ വക്താവായാണല്ലോ ശിവസേന മഹാരാഷ്ട്രത്തില്‍ നിലകൊള്ളുന്നത്. സവര്‍ക്കറുടേയും ഗോള്‍വാള്‍ക്കറുടേയും ഹെഡ്‌ഗേവാറിന്റേയും ജന്മനാടെങ്കിലും ഇക്കാലമത്രയും മഹാരാഷ്ട്രം ഒരു കോണ്‍ഗ്രസ്സ് സംസ്ഥാനമായാണ് നിലകൊണ്ടത്. ബാല്‍ താക്കറേയുടെ പ്രതാപകാലത്തും ഗ്രാമീണ മഹാരാഷ്ട്രം ഹിന്ദുത്വ രാഷ്ട്രീയത്തിന് വഴങ്ങിക്കൊടുത്തിരുന്നില്ല. പണ്ടേ നിലനിന്നുപോന്നിരുന്ന രണ്ടു സാംസ്‌കാരിക ധാരകള്‍-ഹിന്ദു ബ്രാഹ്‌മണ്യത്തിന്റേയും പ്രാദേശിക ഭക്തിപ്രസ്ഥാനത്തിന്റെയും-മഹാരാഷ്ട്രത്തിന്റെ രാഷ്ട്രീയ കാലാവസ്ഥയെ ഇന്നും സ്വാധീനിക്കുന്നുണ്ട്. ഭക്തിയുടെ വാര്‍ക്കരികളുടെ -ജ്ഞാനേശ്വരന്‍, തുക്കാറാം, റാംദേവ് എന്നിങ്ങനെയുള്ളവരുടെ വലിയ സാംസ്‌കാരിക സാന്നിധ്യം ഹിന്ദുത്വ രാഷ്ട്രീയത്തിന് പിടികൊടുക്കാത്ത ഒന്നാണ്-രാഷ്ട്രീയത്തിന്റെ തുടര്‍ച്ച പിന്‍പറ്റുന്നുണ്ട് മഹാത്മാ ഫൂലേയും അംബേദ്ക്കറും ദളിത് പാന്തറുകളും തുടക്കമിട്ട സാമൂഹ്യ സംഘടനകളും ഒട്ടനവധി പ്രാദേശിക രാഷ്ട്രീയ പ്രസ്ഥാനങ്ങളും. അതുപോലെ ഗോപാലകൃഷ്ണ ഗോഖലേയും സാനേ ഗുരുജിയുമൊക്കെ പ്രതിനിധീകരിച്ച ഒരു പൗരരാഷ്ട്രീയം കോണ്‍ഗ്രസ്സിലും സോഷ്യലിസ്റ്റുകളിലും തൊഴിലാളി പ്രസ്ഥാനങ്ങളിലും പ്രതിഫലിച്ചുപോന്നു. ഇവയ്ക്കപ്പുറത്ത് തിലകന്റെ ഹിന്ദുരാഷ്ട്രീയവും സവര്‍ക്കറുടെ ഹിന്ദുത്വ പ്രത്യയശാസ്ത്രവും ഹെഡ്‌ഗേവാര്‍-ഗോള്‍വാള്‍ക്കറുടെ ചിന്താപദ്ധതിയും രാഷ്ട്രീയപിന്തുണ തേടിക്കൊണ്ടിരുന്നു. അമ്പതുകളിലും അറുപതുകളിലും ഭാഷാ പ്രക്ഷോഭമുണ്ടായപ്പോഴാണ് മറാഠി സ്വത്വം മഹാരാഷ്ട്ര രാഷ്ട്രീയത്തിന്റെ കേന്ദ്രസ്ഥാനത്ത് എത്തിപ്പെട്ടത്. ആ ധാരയുടെ വികലമെങ്കിലും സ്വാഭാവിക പരിണാമം തന്നെയായിരുന്നു ശിവസേന. ബോംബെ നഗരം മൂലധനശക്തികള്‍ കൈയ്യടക്കിയപ്പോള്‍ സാധാരണക്കാര്‍ നേരിട്ട സ്വത്വ പ്രതിസന്ധിയെ ശിവസേന മുതലാക്കി. ശിവസേനയുടെ മുസ്‌ലിം വിരുദ്ധത പില്‍ക്കാലത്താണ് ശക്തിപ്രാപിക്കുന്നത്. തൊണ്ണൂറുകളോടെ ശിവസേനക്കുള്ളില്‍ രൂപം കൊണ്ട രണ്ടു രാഷ്ട്രീയധാരകളിലെ – സ്വത്വ രാഷ്ട്രീയത്തിന്റേയും ഹിന്ദുത്വരാഷ്ട്രീയത്തിന്റേയും – വൈരുദ്ധ്യങ്ങളാണ് ബിജെപി സമര്‍ത്ഥമായി ഉയോഗപ്പെടുത്തിയത്. അധികാര വീതംവെയ്പും മൂലധനശക്തികളുടെ ആവശ്യങ്ങളും കേന്ദ്ര ഏജന്‍സികളുടെ നടപടികളുമൊക്കെ പുതിയ ശാക്തിക ചേരികള്‍ രൂപം കൊള്ളാന്‍ കാരണമായി.

ഇപ്പോള്‍ മഹാരാഷ്ട്രത്തില്‍ അരങ്ങേറുന്ന രാഷ്ട്രീയം വളരെ പ്രാധാന്യമുള്ളതാണ്. ഇക്കാലമത്രയും നിന്നുപോന്നിരുന്ന സ്വത്വരാഷ്ട്രീയത്തെ മുഴുവനായും ഹിന്ദുത്വചേരിയിലേക്ക് കൊണ്ടുവരാനും ഗുജറാത്തിലെന്നപോലെ ബിജെപിയെ സംസ്ഥാനത്തെ അപ്രമാദിത്ത ശക്തിയായി മാറ്റാനുമുള്ള ശ്രമമാണ് ഇപ്പോള്‍ നടക്കുന്നത്. ഗുജറാത്തില്‍ എന്നപോലെ മഹാരാഷ്ട്രത്തിലും ഗ്രാമീണ മേഖലയിലെ രാഷ്ട്രീയത്തെ നിയന്ത്രിക്കുന്ന പ്രധാന സാമ്പത്തിക സ്രോതസ്സ് സഹകരണ സംഘങ്ങളാണ്. ശരദ് പവാറിന്റെ സ്വാധീനത്തില്‍ മാറാഠകളുടെ നിയന്ത്രണത്തിലാണ് ഈ സഹകരണ സംഘങ്ങള്‍. ഏകനാഥ് ഷിന്‍ഡേ എന്ന മറാഠാ നേതാവിനെ ഉയര്‍ത്തിക്കാട്ടി എന്‍സിപി-കോണ്‍ഗ്രസ്സ് പാര്‍ട്ടികളുടെ അവസാനത്തെ സ്വാധീന മേഖലയിലേക്ക് ബിജെപി കടന്നുകയറാന്‍ ശ്രമിക്കുകയാണ്. മഹാരാഷ്ട്ര കൈപ്പിടിയിലാക്കുന്നതോടെ ബിജെപിക്ക് ഉത്തര്‍പ്രദേശിലെ 80 സീറ്റുകളുടെ മേലുള്ള ആശ്രിതത്വം ഇല്ലാതാവുകയും ചെയ്യും. അമിത്ഷായുടെ ഭാവി രാഷ്ട്രീയത്തിന് അത് വളരെ പ്രധാനമാണുതാനും.

മഹാരാഷ്ട്രത്തിലും ഒപ്പം വലിയ സാമ്പത്തിക കേന്ദ്രമായ ഹൈദരാബാദിലും സ്വാധീനം ഉറപ്പിക്കുക എന്ന ലക്ഷ്യം കൂടിയുണ്ട് ബിജെപി 2024 നായി തയ്യാറാക്കിയിരിക്കുന്ന പരിവാര്‍- മുക്ത രാഷ്ട്രീയം എന്ന മുദ്രാവാക്യത്തിന്. കോണ്‍ഗ്രസ്സിലെ കുടുംബരാഷ്ട്രീയത്തിനപ്പുറത്താണ് ശിവസേനയേയും തെലുങ്കാനാ രാഷ്ട്രസമിതിയേയും വൈഎസ്സാര്‍ കോണ്‍ഗ്രസ്സിനേയും ഈ മുദ്രാവാക്യം ലക്ഷ്യമിടുന്നുണ്ട്. ഡിഎംകെയും തൃണമൂല്‍ കോണ്‍ഗ്രസ്സും പോലും ഈ രാഷ്ട്രീയത്തിന്റെ ചട്ടക്കൂട്ടിലാണല്ലോ ഇന്ന് പ്രവര്‍ത്തിക്കുന്നത്.

ഈ പാര്‍ട്ടികളൊക്കെത്തന്നെ ബിജെപിയെ മനസ്സിലാക്കുന്നതില്‍ പരാജയപ്പെട്ടിരിക്കുന്നു. ബിജെപിയുടെ പുതിയ ഭാഷയില്‍ നിന്നും കടംകൊണ്ട് പറയുകയാണെങ്കില്‍ ബിജെപി വെറുമൊരു രാഷ്ട്രീയപാര്‍ട്ടിയല്ല അതൊരു ഇക്കോ സിസ്റ്റം തന്നെയാണ്. ഭരണം അതിന്റെ താല്ക്കാലിക ലക്ഷ്യം. വിശാലാര്‍ത്ഥത്തില്‍ ഇന്ത്യയെ പ്രത്യയശാസ്ത്രപരമായി പുനഃനിര്‍മ്മിക്കാന്‍ ആ പാര്‍ട്ടി ലക്ഷ്യമിടുന്നുണ്ട്. ഇറാന്‍ ഒക്കെപ്പോലെ ഒരു ഹിന്ദു വേലീരൃമശേര േെമലേ ബിജെപി ലക്ഷ്യമിടുന്നില്ല എന്നാരു കണ്ടു? ഹിന്ദുക്കള്‍ ഭൂരിപക്ഷമാണെന്നിരിക്കേ എന്തുകൊണ്ട് ഇന്ത്യ ഒരു ഹിന്ദു രാഷ്ട്രമായിക്കൂടാ എന്നു പറയുന്നവര്‍ ഇന്ന് ബിജെപിക്കാര്‍ മാത്രമല്ല. മതന്യൂനപക്ഷങ്ങളുടെ സ്വത്തും ജീവനും സംരക്ഷണം നല്‍കുന്നപക്ഷം അതില്‍ അപാകതയില്ല എന്നു പറയുന്നവരുടെ എണ്ണം വര്‍ദ്ധിച്ചുവരുന്നുണ്ട്. അത്തരമൊരു വീക്ഷണത്തെ മുന്‍നിര്‍ത്തിക്കൊണ്ട് ന്യൂനപക്ഷങ്ങളുമായി സംഭാഷണത്തിന് സംഘപരിവാര്‍ തയ്യാറുണ്ടുതാനും.

ദി ക്രിട്ടിക് യു ട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

പക്ഷേ ഇതിനൊക്കെ വിലങ്ങു തടിയായി നില്‍ക്കുന്ന ഒരു പ്രതിപക്ഷം പൗരസമൂഹത്തിന്റെ ഭാഗമായി നിലകൊള്ളുന്നുണ്ട്. ഭരണഘടന അനുശാസിക്കുന്ന തുല്യതയുടെ രാഷ്ട്രീയത്തെ മുന്‍നിര്‍ത്തി പൗരാവകാശങ്ങള്‍ക്ക് മുന്‍ഗണന നല്‍കിക്കൊണ്ട് അവര്‍ ഉയര്‍ത്തുന്ന വെല്ലുവിളിയാണ് പ്രതിപക്ഷ പാര്‍ട്ടികള്‍ക്ക് നിലനില്‍ക്കാന്‍ ഇന്ന് പ്രത്യയശാസ്ത്രപരമായി ഇടം നല്‍കുന്നത്. കുടുംബ കൂട്ടായ്മകള്‍ ആയി മാറിക്കൊണ്ടിരിക്കുന്ന പ്രതിപക്ഷ പാര്‍ട്ടികള്‍ക്കൊക്കെ ഇന്ന് രാഷ്ട്രീയ വ്യക്തത കുറവാണ്. പ്രത്യയശാസ്ത്രത്തിനും ആദര്‍ശത്തിനും ഉപരിയായി ഇന്നത്തെ രാഷ്ട്രീയക്കാരന്‍ ഒരു political entrepreneur ആണ്. തങ്ങളുടെ സ്വത്തും സ്ഥാനവും സംരക്ഷിക്കുക എന്നതിനപ്പുറത്തൊരു രാഷ്ട്രീയം അവരില്‍ പലര്‍ക്കുമില്ല. വലിയ അഴിമതിയും ആദര്‍ശമുക്തമായ വ്യക്തി താല്പര്യങ്ങളും മാത്രമുള്ള ഇത്തരം രാഷ്ട്രീയ ജന്മങ്ങളെ പേടിപ്പിക്കാനും എളുപ്പമാണ്. മോദി-ഷാ ദ്വന്ദ്വം എന്നോ തിരിച്ചറിഞ്ഞിരിക്കുന്നു ഇന്ത്യയിലെ പ്രതിപക്ഷ രാഷ്ട്രീയത്തിന്റെ ഈ ബലഹീനത.

തീസ്ത സെതല്‍വാദുമാരും ആനന്ദ് തെല്‍തുംബേകളും ഗൗതം നവലാഖമാരും കബീര്‍ കലാമഞ്ചും ഒമര്‍ ഖാലിദുമൊക്കെ അണിനിരക്കുന്ന അസംഘടിതമായ ഒരു പ്രതിപക്ഷമാണ് വാസ്തവത്തില്‍ ഇന്ത്യന്‍ പാര്‍ട്ടി പ്രതിപക്ഷത്തിന് ആശയവും പൊതുസമ്മിതിയും നല്‍കുന്നത് എന്ന് പറഞ്ഞാല്‍ അത് അതിശയോക്തിയാവില്ല. പണ്ട് ഇടതുപക്ഷ ബുദ്ധിജീവി മണ്ഡലത്തിന്റെ പ്രവര്‍ത്തനം മുഖ്യമായും കോണ്‍ഗ്രസ് പ്രതിനിധീകരിച്ചിരുന്ന ലിബറല്‍ രാഷ്ട്രീയത്തെ സ്വാധീനിച്ചിരുന്നു. ബിജെപി നേതാക്കളുടെ പ്രസ്താവനകളില്‍ പൗരാവകാശ പ്രവര്‍ത്തകരെ കോണ്‍ഗ്രസ്സുമായി കൂട്ടി വായിക്കാനുള്ള ശ്രമത്തിന്റെ പുറകില്‍ പഴയ നെഹ്‌റു-ഇന്ദിരാ കാലഘട്ടത്തിന്റെ ചരിത്ര സ്മൃതിയുണ്ട്. ചില വ്യക്തികള്‍ എന്നതിനപ്പുറത്ത് ഈ പ്രതിപക്ഷ സ്വരങ്ങള്‍ ഉയര്‍ത്തുന്ന വിചാരങ്ങള്‍ പ്രതിപക്ഷ രാഷ്ട്രീയപാര്‍ട്ടികള്‍ ജനാധിപത്യ ബോധത്തോടെയും ബഹുമാനത്തോടെയും ഏറ്റെടുക്കാത്തപക്ഷം അവ എത്രനാള്‍ പൊതുമണ്ഡലത്തില്‍ നിലനില്‍ക്കുമെന്ന കാര്യത്തില്‍ ആശങ്ക വേണം. വിശ്വാസരാഹിത്യത്തിന്റേതായ ഒരു തരിശു ഭൂമിയാണ് ഇപ്പോഴത്തെ പ്രതിപക്ഷ രാഷ്ട്രീയ മണ്ഡലം. അപ്പുറത്താകട്ടെ തങ്ങളുടെ രാഷ്ട്രീയലക്ഷ്യങ്ങളെക്കുറിച്ച് വ്യക്തമായ ധാരണയുള്ള ഒരു രാഷ്ട്രീയ ഇക്കോസിസ്റ്റം അധികാരമുറപ്പിച്ചിരിക്കുന്നു. അടുത്ത മുപ്പത് നാല്പത് കൊല്ലം ബിജെപിയുടേതായിരിക്കും എന്ന് അമിത്ഷാ പറയുമ്പോള്‍ അത് ഗൗരവത്തോടെ തന്നെ കാണണം.

കടപ്പാട് പാഠഭേദം

സുഹൃത്തെ,
അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പന്ത്രണ്ടാം വര്‍ഷത്തേക്ക് കടക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2024 - 25 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.

The Critic, A/C No - 020802000001158,
Indian Overseas Bank,
Thrissur - 680001, IFSC - IOBA0000208
google pay - 9447307829
സ്നേഹത്തോടെ ഐ ഗോപിനാഥ്, എഡിറ്റര്‍, thecritic.in


ഞങ്ങളുടെ ഫേസ്ബുക് പേജ് ലൈക് ചെയ്യൂ..


Published On

Category: The Critic | Tags: , , , , , | Comments: 0 |

'ക്രിട്ടിക്കില്‍ പ്രസിദ്ധീകരിക്കുന്ന ലേഖനങ്ങള്‍ ലേഖകരുടെ അഭിപ്രായങ്ങളാണ്.. അവ പൂര്‍ണ്ണമായും ക്രിട്ടിക്കിന്റെ അഭിപ്രായങ്ങളാകണമെന്നില്ല - എഡിറ്റര്‍'

Be the first to write a comment.

Leave a Reply