അഞ്ചു സംസ്ഥാനങ്ങളില്‍ നിന്നും 2024 ലേക്ക് ഒരു കൈചൂണ്ടി
2024 ലെ തിരഞ്ഞെടുപ്പ് എങ്ങോട്ടാണ് നീങ്ങുന്നതെന്ന് പറയേണ്ടതില്ലല്ലോ. തിരഞ്ഞെടുപ്പ് വിജയാഘോഷത്തിനിടെ പ്രധാനമന്ത്രി പറഞ്ഞത് 2024 ലെ തിരഞ്ഞെടുപ്പ് ഫലം തീരുമാനിക്കപ്പെട്ടു കഴിഞ്ഞു എന്നതാണ്. ആ വാദത്തെ നിരാകരിച്ച പ്രതിപക്ഷ നേതാക്കളുടെ സ്വരം ദുര്‍ബലമായിരുന്നു. ചുവരെഴുത്ത് മായ്ക്കാനുള്ള ശേഷിയോ ആവേശമോ ഇവരില്‍ പലര്‍ക്കുമില്ല.
മാര്‍ച്ചില്‍ അഞ്ചു സംസ്ഥാനങ്ങളില്‍ തിരഞ്ഞെടുപ്പ് നടന്നപ്പോള്‍ നാലിടത്തും ബിജെപി ജയിച്ചു. കോണ്‍ഗ്രസ്സ് ഭരിച്ചിരുന്ന പഞ്ചാബില്‍ ആം ആദ്മി പാര്‍ട്ടി ആദ്യമായി ഭരണത്തിലെത്തി. ദില്ലിയുടെ പുറത്തൊരു സംസ്ഥാനത്തില്‍ ആപ്പ് ആദ്യമായാണ് ഭരണത്തിലെത്തുന്നത്. ബിജെപിയുടെ വിജയത്തിലെ ശ്രദ്ധിക്കപ്പെടേണ്ട ഒരു ഘടകം ജയിച്ച നാലിടത്തും ഭരണം നടത്തിയിരുന്നത് അവര്‍ തന്നെയായിരുന്നു എന്നതാണ്. മണിപ്പൂരിലും ഗോവയിലും 2017 ല്‍ ഏറ്റവും വലിയ ഒറ്റക്കക്ഷിയായി വന്നത് കോണ്‍ഗ്രസ്സായിരുന്നു. ഗവര്‍ണരുടെ സഹായത്തോടെ മറ്റ് പാര്‍ട്ടിക്കാരെ ചാക്കിട്ടു പിടിച്ചും സ്വതന്ത്രരെ കൂടെ ചേര്‍ത്തും കോണ്‍ഗ്രസ്സില്‍ നിന്നും സാമാജികരെ അടര്‍ത്തിയുമൊക്കെയാണ് ബിജെപി ഈ രണ്ടിടത്തും അന്ന് സര്‍ക്കാരുണ്ടാക്കിയത്. എന്നിട്ടെന്താ, അതേ സംസ്ഥാനങ്ങളിലെ വോട്ടര്‍മാര്‍ കൂടുതല്‍ എംഎല്‍എ മാരെ നല്‍കിയാണ് ബിജെപിക്ക് തുടര്‍ഭരണം ഉറപ്പുവരുത്തിയിരിക്കുന്നത്.
ഉത്തര്‍പ്രദേശിലാകട്ടെ നാലുപതിറ്റാണ്ടില്‍ ആദ്യമായാണ് ഒരു പാര്‍ട്ടി ഭരണം നിലനിര്‍ത്തുന്നത്. 2017 ലെ വിജയം ആദിത്യനാഥിന്റേതല്ലെങ്കിലും 2022 ലേത് അയാള്‍ക്ക് അവകാശപ്പെട്ടതാണ്. വോട്ടുശതമാനക്കണക്കുകള്‍ ചൂണ്ടിക്കാണിക്കുന്നത് യുപിയില്‍ ബിജെപിയും സമാജ്‌വാദി പാര്‍ട്ടിയും തമ്മില്‍ നേര്‍ക്കുനേര്‍ ആയിരുന്നു മത്സരം എന്നാണ്. സമാജ്‌വാദി പാര്‍ട്ടിയുടെ ചരിത്രത്തില്‍ ഏറ്റവും കൂടുതല്‍ വോട്ടുകള്‍ അവര്‍ നേടിയത് ഈ തിരഞ്ഞെടുപ്പിലാണ്. ബിജെപിയുടെ സീറ്റുകള്‍ കുറഞ്ഞുവെങ്കിലും അവരുടെ വോട്ട് ശതമാനം വര്‍ദ്ധിച്ചു. വലിയ വോട്ട് ചോര്‍ച്ചയുണ്ടായത് ബിഎസ്പിക്കാണ്. തൊണ്ണൂറുകള്‍ മുതല്‍ എല്ലാ തിരഞ്ഞെടുപ്പിലും 20 ശതമാനത്തിനുമേല്‍ വോട്ട് പിടിച്ചിരുന്ന ബിഎസ്പിയുടെ പിന്തുണ ഇത്തവണ 12 ശതമാനത്തില്‍ ഒതുങ്ങി. പാര്‍ട്ടിയുടെ അടിത്തറ ഉറപ്പിച്ചു നിര്‍ത്തുന്ന ദളിത് വോട്ടുകള്‍ വലിയതോതില്‍ ബിജെപിക്ക് മറിഞ്ഞു എന്നാണ് വിലയിരുത്തുന്നത്. ഹഥ്‌റസിലും ലഖിംപൂര്‍ ഖേരിയിലും ബിജെപി സ്ഥാനാര്‍ത്ഥികളാണ് ജയിച്ചത്.
കര്‍ഷകപ്രക്ഷോഭത്തിന്റെ അലയടിച്ച പടിഞ്ഞാറന്‍ ഉത്തര്‍പ്രദേശില്‍ സമാജ്‌വാദി പാര്‍ട്ടിയും രാഷ്ട്രീയ ലോക്ദളും ബിജെപിയെ തളച്ചു. കര്‍ഷകസ്വത്വ രാഷ്ട്രീയത്തിന് വോട്ട് പിടിക്കാന്‍ കഴിഞ്ഞത് ഈ ഭാഗങ്ങളിലെ പ്രബല ഹിന്ദു സമുദായമായ ജാട്ടുകളും മുസ്‌ലിംകളും കൈകോര്‍ത്തതുകൊണ്ടാണ്. 2013 ലെ മുസഫര്‍നഗര്‍ ഉള്‍പ്പെടെയുള്ള ഇടങ്ങളില്‍ കലാപം അരങ്ങേറിയതിന് പിന്നാലെ വലിയ മുസ്‌ലിം വിരുദ്ധ രാഷ്ട്രീയ ധ്രുവീകരണം ഈ മേഖലയില്‍ രൂപപ്പെടുകയുണ്ടായി. രണ്ട് പൊതു തിരഞ്ഞെടുപ്പിലും (2014, 2019) 2017 ലെ അസംബ്ലി തിരഞ്ഞെടുപ്പിലും ബിജെപി പടിഞ്ഞാറന്‍ യുപിയിലെ സീറ്റുകള്‍ തൂത്തുവാരി. അതിന് കാരണമായ ധ്രുവീകരണ രാഷ്ട്രീയത്തിന് പിന്‍മടക്കം സംഭവിച്ചിരിക്കുന്നു. യാദവരും ജാട്ടുകളും മുസ്‌ലിംകളും കൈകോര്‍ത്തുവെങ്കില്‍ അതിന്റെ ഒപ്പം ചേരാന്‍ ദളിത് വോട്ട് തയ്യാറായില്ല എന്നത് ശ്രദ്ധേയമാണ്. സമാജ്‌വാദി പാര്‍ട്ടിയുമായി വലിയ സംഘര്‍ഷം നിലനിന്നിരുന്ന കാലത്തുപോലും കാന്‍ഷിറാം സോഷ്യലിസ്റ്റുകള്‍ – യാദവ സമുദായം പ്രത്യേകിച്ചും – താന്‍ വിഭാവന ചെയ്ത ബഹുജന്‍ രാഷ്ട്രീയത്തിന്റെ സഖ്യകക്ഷിയാണ് എന്ന് പറയാറുണ്ടായിരുന്നു. കാന്‍ഷിറാമിന്റെ ബഹുജന്‍ സമാജ് എന്ന സങ്കല്പം ഏതാണ്ട് ഇല്ലാതായിരിക്കുന്നു എന്നാണ് യുപി. ഫലങ്ങള്‍ പറയുന്നത്.
ദി ക്രിട്ടിക് ഫേസ് ബുക്ക് പേജ് ലൈക്ക് ചെയ്യുക
മണ്ഡല്‍ – കമണ്ഡല്‍ എന്ന രാഷ്ട്രീയ തിരിവിനെ കമണ്ഡല്‍ നിഷ്പ്രഭമാക്കി എന്നത് വസ്തുതയാണ്. ഹിന്ദുവോട്ട് എന്ന കുടയ്ക്കു കീഴില്‍ അണിനിരക്കാന്‍ ദളിത് സമുദായങ്ങള്‍ താല്പര്യപ്പെടുന്നു എന്നത് കൂടുതല്‍ വിശകലനം ആവശ്യപ്പെടുന്ന വിഷയമാണ്. ബിജെപിയുടെ മുന്നേറ്റത്തെ മനസ്സിലാക്കാന്‍ ബഹുജന്‍/മണ്ഡല്‍ രാഷ്ട്രീയത്തിന്റെ തുടര്‍ന്നുപോരുന്ന പരാജയങ്ങള്‍ നമ്മെ സഹായിച്ചേക്കും. ജാതി തിരിവുകളെ തിരഞ്ഞെടുപ്പില്‍ നിഷ്പ്രഭമാക്കുന്ന രാഷ്ട്രീയ ഭാഷ ഇന്ന് ബിജെപിക്ക് വശമുണ്ട്. മണ്ഡല്‍ രാഷ്ട്രീയം ഇല്ലാതായതല്ല മണ്ഡല്‍ രാഷ്ട്രീയം ഉയര്‍ത്തിയ അധികാരത്തിന്റെ സമസ്യകളെ ബിജെപിക്ക് തങ്ങളുടെ ഹിന്ദുത്വ രാഷ്ട്രീയത്തില്‍ സ്വാംശീകരിച്ചിരിക്കുന്നു എന്നത് ഒന്നാമത്തെ കാര്യം. ജാതിസമവാക്യങ്ങള്‍ ശ്രദ്ധിച്ചുകൊണ്ട് തയ്യാറാക്കപ്പെടുന്ന സഖ്യങ്ങളും സ്ഥാനാര്‍ത്ഥികളും പ്രചരണ പരിപാടികളും ഈ മാറ്റത്തെ സഹായിച്ചിട്ടുണ്ട്.
രണ്ട്, ഭരണത്തില്‍ തുടരുമ്പോള്‍ അനുവര്‍ത്തിക്കുന്ന വെല്‍ഫയര്‍ രാഷ്ട്രീയം. ‘ലാഭാര്‍ത്ഥി’ (സര്‍ക്കാരിന്റെ വെല്‍ഫയര്‍ പദ്ധതികളുടെ ആനുകൂല്യങ്ങള്‍ ലഭിച്ചവര്‍) എന്നൊരു വോട്ടര്‍ കാറ്റഗറി ഇപ്പോള്‍ രാഷ്ട്രീയ ചര്‍ച്ചകളില്‍ പരാമര്‍ശിക്കപ്പെടാറുണ്ട്. ഭവനപദ്ധതി, റേഷന്‍, ഗ്യാസ് സിലിണ്ടര്‍, കക്കൂസ്, ധനസഹായങ്ങള്‍ എന്നീ ആനുകൂല്യങ്ങള്‍ ലഭ്യമായവര്‍ ജാതിക്കതീതമായി ബിജെപിക്ക് വോട്ടു ചെയ്യുന്നുണ്ട് എന്നാണ് ‘ലാഭാര്‍ത്ഥി’ എന്ന പുതിയ രാഷ്ട്രീയഗണത്തെ മുന്‍നിര്‍ത്തി ചര്‍ച്ച ചെയ്യുന്നവര്‍ അവകാശപ്പെടുന്നത്. ബിജെപി നേതാക്കളായ ഭൂപേന്ദ്രയാദവും ഹിമന്ത ബിശ്വശര്‍മ്മയും ഇത് എടുത്തു പറയുന്നുണ്ട്. ഇന്ത്യന്‍ എക്‌സ്പ്രസ്സില്‍ എഴുതിയ ഒരു ലേഖനത്തില്‍ ശര്‍മ്മ പ്രധാനമന്ത്രിയുടെ ഓരോ സ്‌കീമും അതിന്റെ ഉപഭോക്താവില്‍ എത്താന്‍ സംസ്ഥാന ഭരണാധികാരികള്‍ ശ്രദ്ധിക്കുന്നുണ്ട് എന്നു പറയുന്നു. സ്‌കീമുകള്‍ പലതും യുപിഎ സര്‍ക്കാരിന്റെ കാലത്തേതാണ്. പക്ഷേ, അതിന്റെ വിതരണം ഇന്ന് കൂടുതല്‍ കാര്യക്ഷമമായിരിക്കുന്നുവെന്ന് മാത്രമല്ല അത് പ്രധാനമന്ത്രിയുടെ ഔദാര്യമായി ബിജെപി സര്‍ക്കാര്‍ കൊട്ടും മേളവുമായി അവതരിപ്പിക്കുന്നുമുണ്ട്. പ്രചരണത്തിന്റെ വലിയ വിജയം കൂടിയാണ് ബിജെപിയുടെ ഓരോ തിരഞ്ഞെടുപ്പ് വിജയവും.
ഈ ‘വെല്‍ഫയര്‍’ രാഷ്ട്രീയത്തെ മുന്‍നിര്‍ത്തിയാണ് പ്രധാനമന്ത്രി ഡബിള്‍ എഞ്ചിന്‍ സര്‍ക്കാരുകളുടെ ആവശ്യത്തെപ്പറ്റി തിരഞ്ഞെടുപ്പില്‍ പ്രസംഗിക്കുന്നത്. അതായത്, കേന്ദ്രസര്‍ക്കാരിന്റെ ജനക്ഷേമ പദ്ധതികളുടെ ആനുകൂല്യം ലഭിക്കണമെന്നുണ്ടെങ്കില്‍ സംസ്ഥാനത്തും ബിജെപിയുടെ സര്‍ക്കാര്‍ വരേണ്ടതുണ്ട് എന്നാണ് പ്രധാനമന്ത്രി പറയുന്നത്. ഫെഡറല്‍ സംവിധാനം വിഭാവന ചെയ്യുന്ന രാഷ്ട്രീയത്തെ- സംസ്ഥാന രാഷ്ട്രീയത്തിന്റെ ഓട്ടോണമി- നിരാകരിക്കുന്ന ഈ വീക്ഷണം ജനാധിപത്യ വിരുദ്ധം തന്നെയാണ്. പക്ഷേ, രാഷ്ട്രീയ നൈതികത തലനാരിഴ കീറി പരിശോധിച്ചല്ലല്ലോ ജനം തിരഞ്ഞെടുപ്പില്‍ വോട്ട് ചെയ്യുന്നത്. കോവിഡ് കാലത്തെ വമ്പന്‍ പരാജയത്തെയും തൊഴിലില്ലായ്മയേയും ഒക്കെ തമസ്‌ക്കരിക്കാന്‍ ബിജെപിക്ക് കഴിഞ്ഞത് ലോക്ഡൗണ്‍ കാലം മുതല്‍ നല്‍കിപ്പോന്ന റേഷന്‍ മൂലമാണെന്ന് ഇന്ന് പലരും കരുതുന്നു- ഭക്ഷ്യ കിറ്റിന്റെ സ്വാധീനം കേരളത്തിലെ തിരഞ്ഞെടുപ്പിലും നമ്മള്‍ കണ്ടതാണ്.
മേല്‍പ്പറഞ്ഞ എല്ലാ ഭരണനടപടികളെയും അരക്കിട്ടുറപ്പിക്കുന്ന പശ സംഘപരിവാര്‍ സൃഷ്ടിച്ചെടുത്തിരിക്കുന്ന മതധ്രുവീകരണമാണ്. പൊതുബോധത്തെ ഹിന്ദുത്വ രാഷ്ട്രീയത്തിന് അനുകൂലമാക്കി നിര്‍ത്താന്‍ ബിജെപിക്ക് പല കാരണങ്ങളാല്‍ സാധിച്ചിട്ടുണ്ട്. ഹിജാബും രാമക്ഷേത്രവും കാഷ്മീരും ഹലാലുമൊക്കെയായി ആ കുട്ടകത്തില്‍ വര്‍ഗ്ഗീയത തിളച്ചുമറിയുന്നുണ്ട്, അതിന്റെ ആവി രാജ്യമെമ്പാടും പരക്കുന്നുമുണ്ട്. അതിന്റെ സ്വാധീനവലയത്തിലാണ് ഇന്ന് ഇന്ത്യന്‍ രാഷ്ട്രീയത്തിന്റെ മുഖ്യധാര.
ഈ പശ്ചാത്തലത്തില്‍ 2024 ലെ തിരഞ്ഞെടുപ്പ് എങ്ങോട്ടാണ് നീങ്ങുന്നതെന്ന് പറയേണ്ടതില്ലല്ലോ. തിരഞ്ഞെടുപ്പ് വിജയാഘോഷത്തിനിടെ പ്രധാനമന്ത്രി പറഞ്ഞത് 2024 ലെ തിരഞ്ഞെടുപ്പ് ഫലം തീരുമാനിക്കപ്പെട്ടു കഴിഞ്ഞു എന്നതാണ്. ആ വാദത്തെ നിരാകരിച്ച പ്രതിപക്ഷ നേതാക്കളുടെ സ്വരം ദുര്‍ബലമായിരുന്നു. ചുവരെഴുത്ത് മായ്ക്കാനുള്ള ശേഷിയോ ആവേശമോ ഇവരില്‍ പലര്‍ക്കുമില്ല.
ഏതായാലും ആ അഞ്ചു തിരഞ്ഞെടുപ്പുകളും നല്‍കുന്ന ഒരു സന്ദേശമുണ്ട്. 2014ല്‍ തുടങ്ങിയ ഒരു പ്രക്രിയയ്ക്ക് അത് അടിവരയിടുന്നുമുണ്ട്. ഒരു ഭരണകക്ഷിയായി (Party of governance) ബിജെപി അധീശത്വം നേടിക്കഴിഞ്ഞിരിക്കുന്നു എന്നതാണ് ആ സന്ദേശം. നെഹ്‌റുവിന്റെയും ഇന്ദിരയുടെയും രാജീവിന്റെയും എന്തിന് നരസിംഹ റാവുവിന്റെയും മന്‍മോഹന്‍ സിംഗിന്റെയും കാലത്തുപോലും ജനമനസ്സില്‍ കോണ്‍ഗ്രസ്സായിരുന്നു default party of government. കോണ്‍ഗ്രസ്സിന്റെ ബദല്‍ എന്ന മുദ്രാവാക്യം ഉയര്‍ന്നുപോന്നത് ഇന്ത്യന്‍ രാഷ്ട്രീയത്തിന്റെ ധ്രുവം ആ പാര്‍ട്ടിയായിരുന്നു എന്നതുകൊണ്ടു മാത്രമല്ല ഭരിക്കാന്‍ കെല്പുള്ള ഏക പാര്‍ട്ടിയും അതാണ് എന്ന ധാരണ ജനമനസ്സില്‍ നിലനിന്നതുകൊണ്ടാണ്. ജനതയും വി പി സിംഗും നാഷണല്‍ ഫണ്ടും യുണൈറ്റഡ് ഫ്രണ്ടുമൊക്കെ കോണ്‍ഗ്രസ്സിന്റെ രാഷ്ട്രീയ ബദല്‍ എന്നാണ് അവകാശപ്പെട്ടത്. ആ മുദ്രാവാക്യം വാസ്തവത്തില്‍ കോണ്‍ഗ്രസ്സിനെ പൊതുബോധത്തില്‍ ഭരണകക്ഷിയായി ഉറപ്പിച്ചു നിര്‍ത്താന്‍ സഹായിക്കുകയും ചെയ്തിട്ടുണ്ട്. ഉത്തരാഖണ്ഡും ഗോവയും മണിപ്പൂരും പഞ്ചാബുമൊക്കെ നല്‍കുന്ന സന്ദേശം കോണ്‍ഗ്രസ്സിന് ഇന്ന് പലയിടത്തും ഭരിക്കാന്‍ പ്രാപ്തിയുള്ള കക്ഷി എന്ന പ്രതീതി നിലനിര്‍ത്താന്‍ കഴിയുന്നില്ല എന്നതാണ്. രാജസ്ഥാനിലും ഛത്തീസ്ഗഢിലും മാത്രം ഭരണമുള്ള ഒരു കക്ഷിയായി കോണ്‍ഗ്രസ്സ് ചുരുങ്ങിയിരിക്കുന്നു. രാജ്യമെമ്പാടും കാല്‍പ്പാട് പതിഞ്ഞുകിടക്കുന്നതുകൊണ്ട് പൊതുതിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ്സിന് ഇന്നും 20 ശതമാനം വോട്ട് ലഭിച്ചേക്കാം. എന്നാല്‍ പാര്‍ട്ടിയുടെ രാഷ്ട്രീയ നില 1980 കളിലെ സിപിഎമ്മിന്റേതിന് തുല്യമാണ്- രണ്ടു മൂന്നു സംസ്ഥാനങ്ങളില്‍ ഭരണം, ചുരുങ്ങിക്കൊണ്ടേയിരിക്കുന്ന ലിബറല്‍ രാഷ്ട്രീയ ചര്‍ച്ചകളുടെ കേന്ദ്രബിന്ദു.
ഈ സന്ദര്‍ഭത്തിലാണ് പഞ്ചാബിലെ ആപ്പിന്റെ വിജയം ശ്രദ്ധേയമാകുന്നത്. അണ്ണാഹസാരെ പ്രസ്ഥാനത്തില്‍ തുടങ്ങിയ ആപ്പ് 2014 ല്‍ തന്നെ പഞ്ചാബില്‍ ശക്തി തെളിയിച്ചിരുന്നു. 2017 ലെ അസംബ്ലി തെരഞ്ഞെടുപ്പിന്റെ തുടക്കത്തില്‍ പഞ്ചാബ് ആപ്പ് പിടിക്കുമെന്ന് പലരും കരുതിയിരുന്നു. സംഘടനാപരമായ ദൗര്‍ബല്യങ്ങളാണ് അന്ന് ആപ്പിനെ വീഴ്ത്തിയത്. 2022 ല്‍ കാര്യങ്ങള്‍ വ്യത്യസ്തമാണ്. കോണ്‍ഗ്രസ്സിനകത്തെ പിണക്കങ്ങള്‍ സൃഷ്ടിച്ച അന്തരീക്ഷം ആപ്പിന്റെ വിജയം എളുപ്പമാക്കി. അകാലി- കോണ്‍ഗ്രഗ്രസ്സ് ദ്വന്ദ്വങ്ങളില്‍ കൂടി അധികാര രാഷ്ട്രീയം അഴിമതിയുടേയും അനാസ്ഥയുടേയും വീതംവെപ്പായി മാറിയിട്ട് ഒരുപാട് കാലമായി. കൃഷിയും വ്യവസായവുമൊക്കെ ആ സംസ്ഥാനത്ത് അധോഗതിയിലാണ്. രണ്ടുപതിറ്റാണ്ടോളം നീണ്ടുനിന്ന തീവ്രവാദം സമ്പദ്ഘടനയെ മാത്രമല്ല സാമൂഹ്യാന്തരീക്ഷത്തെ തന്നെ താറുമാറാക്കിയിരുന്നു. കര്‍ഷക പ്രക്ഷോഭകാലത്ത് ദില്ലിയില്‍ കണ്ട വീറും ആവേശവും കാര്‍ഷിക നിയമങ്ങളോടുള്ള ഇഷ്ടക്കേട് മാത്രമായിരുന്നില്ല പൊതുവില്‍ സംസ്ഥാന രാഷ്ട്രീയത്തില്‍ ഉള്‍ച്ചേര്‍ന്നിരുന്ന സിനിസിസത്തോടുള്ള എതിര്‍പ്പ് കൂടിയായിരുന്നു. 2013 ല്‍ ദില്ലി കണ്ട അഴിമതി വിരുദ്ധ പ്രക്ഷോഭം ഷീല ദീക്ഷിതിന്റെ ഭരണത്തിന് അറുതി വരുത്തിയതിന് സമാനമാണ് 2021 കാര്‍ഷികസമരം പഞ്ചാബിലെ കോണ്‍ഗ്രസ്സിനോട് ചെയ്തത്. പഞ്ചാബില്‍ കോണ്‍ഗ്രസ്സിന് ഒരു തിരിച്ചുവരവ് എളുപ്പമായിരിക്കണമെന്നില്ല.
എന്നുമാത്രമല്ല, ദില്ലിയില്‍ എന്നപോലെ ഭരണ്-സേവനങ്ങളുമായി ബന്ധപ്പെട്ടുകൊണ്ട് ഒരു പഞ്ചാബ് മോഡല്‍ ആപ്പ് സൃഷ്ടിക്കുകയാണെങ്കില്‍ അതിന്റെ പ്രതിഫലനം അയല്‍പക്ക സംസ്ഥാനങ്ങളായ ഹിമാചല്‍ പ്രദേശിലും ഹര്യാനയിലും ഉത്തരാഖണ്ഡിലുമുണ്ടാകും. ഈ ഇടങ്ങളിലെ പ്രധാന പ്രതിപക്ഷമായ കോണ്‍ഗ്രസ്സിന്റെ വോട്ടുകളായിരിക്കും ആപ്പിലേക്ക് പോവുക. പ്രധാനപ്പെട്ട ബിജെപി വിരുദ്ധ പാര്‍ട്ടിയായി ഈ സംസ്ഥാനങ്ങളില്‍- ദില്ലിയില്‍ എന്ന പോലെ- ആപ്പ് നിലയുറപ്പിച്ചു കഴിഞ്ഞിരിക്കുന്നു. കോണ്‍ഗ്രസ്സിനെ അപേക്ഷിച്ച് ആപ്പിന്റെ പ്രവര്‍ത്തകര്‍ക്കിടയില്‍ ആശയും ആവേശവുമൊക്കെ കാണാം. വ്യക്തമായ ലക്ഷ്യവും ലക്ഷ്യബോധമുള്ള ഒരു നേതൃത്വവും ആപ്പിനുണ്ട്. ചരിത്രത്തിന്റെ ഭാരം താങ്ങാനാവാതെ ക്ഷീണിതയാണ് കോണ്‍ഗ്രസ്സ്. ക്ഷയിച്ച തറവാടുകളിലെന്നപോലെ പഴയ പാരമ്പര്യം പറഞ്ഞിരിക്കുന്ന കാരണവന്മാര്‍ കാല്‍ക്കീഴിലെ മണ്ണ് ഒലിച്ചുപോകുന്നത് കാണാന്‍ കൂട്ടാക്കുന്നില്ല.
എന്നിരിക്കിലും ഹിന്ദുത്വ രാഷ്ട്രീയത്തിന് പ്രത്യയശാസ്ത്ര ബദല്‍ ആവശ്യമുണ്ടെന്ന് ആവര്‍ത്തിച്ചു പറയുന്നത് ഇന്നും പ്രധാനമായും കോണ്‍ഗ്രസ്സ് തന്നെയാണ്. ഇന്ത്യയില്‍ ഏറ്റവും ഇടത്തായി നില്‍ക്കുന്ന മുഖ്യധാരാ രാഷ്ട്രീയ പ്രസ്ഥാനവും ഇന്ന് കോണ്‍ഗ്രസ്സാണ്- തമിഴ്‌നാട്ടില്‍ ഡി.എം.കെ.യും കമ്മ്യൂണിസ്റ്റുകാരുമൊക്കെ ചെറിയ പോക്കറ്റുകളിലേയുള്ളൂ. കോണ്‍ഗ്രസ്സിന്റെ തകര്‍ച്ച് കാരണം സംഘടനാപരമായ പരിമിതികള്‍ മാത്രമാണോ അതോ പാര്‍ട്ടി ഇന്നെടുത്തിരിക്കുന്ന രാഷ്ട്രീയ സാമ്പത്തിക നിലപാടുകള്‍ കൊണ്ടുകൂടിയാണോ എന്നതും ആലോചിക്കേണ്ടതാണ്.
ഹിന്ദുത്വരാഷ്ട്രീയത്തിന്റെ വേലിയേറ്റ കാലമാണിത്. അതിന് കുറുകെ തടയണ പണിയണം എന്ന് പറയുന്ന നേതാവാണ് രാഹുല്‍ ഗാന്ധി. വടക്കേയിന്ത്യന്‍ സംസ്ഥാനങ്ങളില്‍ ഒട്ടും പോപ്പുലറല്ല തല്‍ക്കാലമെങ്കിലും ഈ നിലപാട്. മറ്റ് രാഷ്ട്രീയപാര്‍ട്ടികള്‍, രാഷ്ട്രീയ നേതാക്കള്‍ ഈ വിഷയം തൊടണ്ട എന്ന നിലപാടാണ് കൈക്കൊണ്ടിരിക്കുന്നത്. ഹിന്ദുത്വ രാഷ്ട്രീയത്തെ മുന്‍നിര്‍ത്തി ബിജെപിയെ നേരിടുന്ന്ത അവരുടെ പിന്തുണ കൂട്ടാന്‍ മാത്രമേ സഹായിക്കൂ എന്നാണ് മിക്ക രാഷ്ട്രീയപാര്‍ട്ടികളുടേയും നിലപാട്. ഉദാഹരണത്തിന്, ആപ്പ് ബിജെപിയുടെ വര്‍ഗ്ഗീയതയെ ചോദ്യം ചെയ്യാറേയില്ല. രാമമന്ദിരം വിധി വന്നപ്പോള്‍ അരവിന്ദ് കേജ്‌റിവാള്‍ അയോധ്യയിലേക്ക് പോകാന്‍ തീര്‍ത്ഥാടകര്‍ക്ക് സൗകര്യങ്ങള്‍ പ്രഖ്യാപിക്കുകയാണ് ചെയ്തത്.
ദി ക്രിട്ടിക് യു ട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
ഷാഹിന്‍ബാഗിലെ സമരത്തെ കണ്ടില്ലെന്ന് നടിച്ചതും ദില്ലി കലാപകാലത്ത് മിണ്ടാതിരുന്നതുമൊക്കെ ഇതേ രാഷ്ട്രീയ നിലപാടിന്റെ തുടര്‍ച്ചയാണ്. ഇതൊരു അടവുനയം മാത്രമാണ് എന്ന് വിശദീകരിക്കുന്നവരുണ്ട്. ബിജെപി സൃഷ്ടിച്ചെടുത്തിരിക്കുന്ന ഭൂരിപക്ഷ ഹിന്ദു പൊതുബോധത്തിനൊപ്പം നിലയുറപ്പിച്ചു കൊണ്ട് ആ പാര്‍ട്ടിയെ ഭരണമികവിന്റെ രാഷ്ട്രീയം പറഞ്ഞ് അടിതെറ്റിക്കാന്‍ കഴിയും എന്ന് ആപ്പ് വിശ്വസിക്കുന്നു. ബിജ്‌ലി, സഡക്ക്, പാനി എന്നീ പ്രാഥമിക വിഭവങ്ങളുടെ വിതരണം മാത്രമാണ് രാഷ്ട്രീയം എന്ന നില ഒരു നൈതിക നിലപാടല്ല. ഇന്ത്യന്‍ മുസ്‌ലീമിനെ പ്രതിക്കൂട്ടില്‍ നിര്‍ത്തിയാണ് ബിജെപി ഇന്ന് രാഷ്ട്രീയ ചോദ്യങ്ങള്‍ രൂപപ്പെടുത്തുന്നത്. ഈ വിഷയത്തില്‍ നിങ്ങള്‍ ആര്‍ക്കൊപ്പം എന്നത് പ്രാഥമികമായ ഒരു രാഷ്ട്രീയ ചോദ്യമാണ്. അടവുനയത്തിന്റെ പേരില്‍ ആ ചോദ്യത്തെ ഒഴിവാക്കുന്നത് അധാര്‍മ്മികമാണ്. തിരഞ്ഞെടുപ്പുകളില്‍ അപ്രസക്തമായിരിക്കാം ഈ വിഷയത്തില്‍ ഒരു നൈതിക നിലപാട്. എന്നാല്‍ രാഷ്ട്രീയ നൈതികത ചോദ്യത്തിന് ഒരു മറുപടി ആവശ്യപ്പെടുന്നുണ്ട്. ഗാന്ധിയും നെഹ്‌റുവും ലോഹ്യയും ജയപ്രകാശും പെരിയാറും അണ്ണാദുരൈയും കമ്മ്യൂണിസ്റ്റുകാരും സോഷ്യലിസ്റ്റുകളും പൊതുജനപ്രീതി ശ്രദ്ധിക്കാതെ തങ്ങള്‍ ന്യൂനപക്ഷത്തിന്റെ അപരവത്ക്കരണത്തിന് എതിരാണ് എന്ന് അസന്നിഗ്ദ്ധമായി പ്രഖ്യാപിച്ചിട്ടുണ്ട്. ഹിന്ദു-മുസ്‌ലിം ഐക്യമാണ് തന്റെ രാഷ്ട്രീയത്തിന്റെ മൂലാധാരങ്ങളില്‍ ഒന്ന് എന്ന് ആവര്‍ത്തിച്ച് പ്രഖ്യാപിച്ചതുകൊണ്ടാണ് ഗാന്ധിജിയെ ഹിന്ദുത്വരാഷ്ട്രീയം കൊലപ്പെടുത്തിയത്.
ഒരുപക്ഷേ, ബിജെപി കൈവരിച്ചിരിക്കുന്ന ഏറ്റവും വലിയ വിജയം അവര്‍ കൈവരിച്ചിരിക്കുന്ന പ്രത്യയശാസ്ത്ര അധീശത്വമാണ്. മുസ്‌ലിം പ്രശ്‌നത്തിലെ ആപ്പിന്റെ നിലപാടില്ലായ്മ ഈ അധീശത്വത്തിന്റെ പ്രത്യാഘാതം കൂടിയാണ്. മുസ്‌ലിം വിരുദ്ധത ഏറ്റവും പ്രകടമായി കാണാവുന്ന ഉത്തര്‍പ്രദേശിലെ പ്രതിപക്ഷ രാഷ്ട്രീയ പാര്‍ട്ടികള്‍ ആ ചോദ്യം ധ്രുവീകരണത്തെ ഭയന്ന് സംസാരിക്കാന്‍ കൂട്ടാക്കിയില്ല. പൗരത്വഭേദഗതി സമരങ്ങളെ അടിച്ചമര്‍ത്തിയതൊന്നും ഒരു രാഷ്ട്രീയപാര്‍ട്ടിയും ചര്‍ച്ചയാക്കിയില്ല. 80 ശതമാനം – 20 ശതമാനം എന്ന് ആദിത്യനാഥ് തന്റെ രാഷ്ട്രീയം വ്യക്തമാക്കിയപ്പോള്‍ പരുങ്ങിയത് പ്രതിപക്ഷമാണ്. മറ്റിടങ്ങളില്‍ മുസ്‌ലിംകള്‍ക്ക് രാഷ്ട്രീയ പ്രാതിനിധ്യം നല്‍കാന്‍ പോലും ഇന്ന് പാര്‍ട്ടികള്‍ക്ക് ഭയമാണ്. മതേതരത്വം, മതനിരപേക്ഷത എന്നീ പദങ്ങളൊക്കെ ഇന്ന് ഹിന്ദി മേഖലയിലെ രാഷ്ട്രീയ ചര്‍ച്ചകളില്‍ ഒഴിവാക്കപ്പെടുന്നു.
ബിജെപി ആകട്ടെ ഈ പ്രത്യയശാസ്ത്ര സന്ദര്‍ഭം തിരിച്ചറിഞ്ഞുകൊണ്ട് അതേ രാഷ്ട്രീയം പ്രചരിപ്പിക്കുന്നുമുണ്ട്. അടുത്തകൊല്ലം തിരഞ്ഞെടുപ്പ് നടക്കേണ്ടുന്ന കര്‍ണ്ണാടകം ഈ രാഷ്ട്രീയത്തിന്റെ തെക്കേ ഇന്ത്യയിലെ ലബോറട്ടറിയാണ്. ഹിജാബും ഹലാലുമൊക്കെ രാഷ്ട്രീയ ധ്രുവീകരണം ലക്ഷ്യമിട്ടുകൊണ്ട് പൊന്തിച്ചുവരികയാണ് സംഘപരിവാര്‍ ചെയ്തുകൊണ്ടിരിക്കുന്നത്. പാവ മുഖ്യമന്ത്രിയായ ബസവരാജ് ബൊമ്മൈ തന്റെ സ്ഥാനമുറപ്പിക്കാന്‍ ഈ രാഷ്ട്രീയത്തിന് വിടുപണി ചെയ്യുകയാണ്. ധ്രുവീകരണമെന്ന നിലമൊരുക്കല്‍ കഴിഞ്ഞാല്‍ മാത്രമേ ബിജെപി ഭരണവിജയങ്ങളെക്കുറിച്ച് സംസാരിക്കാറുള്ളൂ. രക്ഷാപുരുഷന്റെ രാഷ്ട്രീയം പടുത്തുയര്‍ത്തിയിരിക്കുന്നത് ഹിന്ദുധ്രുവീകരണത്തിന്റെ മണ്ണിലാണ് എന്ന് പ്രതിപക്ഷം തിരിച്ചറിയാഞ്ഞിട്ടല്ല. ആ മണ്ണ് ഉഴുതുമറിക്കാനുള്ള കലപ്പയോ ഉരുവോ ട്രാക്ടറോ തങ്ങളുടെ കൈവശമില്ല എന്ന് വിശ്വസിക്കുകയും പരാജയഭീതിയില്‍ കഴിയുകയുമാണ് ഇന്ത്യന്‍ പ്രതിപക്ഷം. ആപ്പാകട്ടെ ഇന്ത്യന്‍ രാഷ്ട്രീയം പ്രത്യയശാസ്ത്രാനന്തര സന്ദര്‍ഭത്തില്‍ എത്തിനില്‍ക്കുകയാണെന്നും അതുകൊണ്ട് ബിജെപിയെ അതിന്റെ കളത്തില്‍ നേരിടേണ്ടതില്ല എന്നും മറിച്ച് ഭരണം എന്ന ചട്ടക്കൂട്ടില്‍ രാഷ്ട്രീയത്തെ വ്യാഖ്യാനിച്ചുകൊണ്ട് ആ പാര്‍ട്ടിയെ പ്രതിരോധത്തില്‍ ആക്കാന്‍ കഴിയും എന്നും വിശ്വസിക്കുന്നു.
ഹിന്ദുത്വ രാഷ്ട്രീയത്തെ സാംസ്‌കാരിക രംഗത്ത് വെല്ലുവിളിച്ചുകൊണ്ട് മാത്രമേ രാഷ്ട്രീയ ബദല്‍ സൃഷ്ടിക്കാന്‍ കഴിയൂ. അടവുനയങ്ങള്‍ക്കൊന്നും ഇവിടെ പ്രസക്തിയില്ല. തിരഞ്ഞെടുപ്പ് ഭീതികള്‍ക്കുപരിയായി വേണ്ടുന്ന രാഷ്ട്രീയ സ്ഥൈര്യം ഇന്നത്തെ ഇന്ത്യന്‍ അവസ്ഥ ആവശ്യപ്പെടുന്നുണ്ട്. അടവുനയം നുണയാകുന്നത് എപ്പോഴാണ് എന്നു പറയാന്‍ പറ്റില്ലല്ലോ. അതുകൊണ്ടാണ് കര്‍ഷകസമരവും പൗരത്വഭേദഗതി സമരവും ഒക്കെ പ്രതിപക്ഷത്തെ തങ്ങളുടെ വേദികളില്‍ നിന്നും മാറ്റിനിര്‍ത്തിയത്, മുസ്‌ലിം ചെറുപ്പക്കാര്‍ അസാദുദ്ദീന്‍ ഒവൈസിയെ പിന്തുണയ്ക്കുന്നത്. അതുകൊണ്ടാണ് ഡിഎംകെ സര്‍ക്കാര്‍ പെരിയാറിന്റെ കൃതികള്‍ മറ്റ് ഭാഷകളില്‍ പ്രചരിപ്പിക്കാന്‍ ബജറ്റില്‍ തുക വിലയിരുത്തുമ്പോള്‍ അതൊരു രാഷ്ട്രീയ നിലപാടാകുന്നത്. ഗാന്ധിയും നെഹ്‌റുവും ലോഹ്യയും അംബേദ്ക്കറും കമ്മ്യൂണിസവുമൊക്കെ സാംസ്‌കാരിക കാലാവസ്ഥകള്‍ കൂടിയായിരുന്നു- തിരഞ്ഞെടുപ്പുകള്‍ ജയിക്കാന്‍ അടവുനയം അന്വേഷിച്ചുകൊണ്ടിരുന്നവരല്ല. അതുകൊണ്ടാണ് അവര്‍ക്ക് ജനം ചെവിയോര്‍ത്തത്.
(കടപ്പാട് പാഠഭേദം)
സുഹൃത്തെ,
അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പന്ത്രണ്ടാം വര്‍ഷത്തേക്ക് കടക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2024 - 25 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.
The Critic, A/C No - 020802000001158,
Indian Overseas Bank,
Thrissur - 680001, IFSC - IOBA0000208
google pay - 9447307829
സ്നേഹത്തോടെ ഐ ഗോപിനാഥ്, എഡിറ്റര്‍, thecritic.in