നൈറ്റ് ഷോപ്പിംഗ് ഫെസ്റ്റിവലും തേക്കിന്‍കാട് മൈതാനവും ഹിന്ദുത്വരാഷ്ട്രീയവും
ഷോപ്പിംഗ് ഫെസ്റ്റിവല്‍ ശരിയായാലും തെറ്റായാലും അതുമായി ബന്ധപ്പെട്ട പരിപാടികള്‍ക്ക് തേക്കിന്‍ കാട് മൈതാനം അനുവദിക്കാതിരുന്ന നടപടി പ്രതിഷേധാര്‍ഹം തന്നെയാണ്. ഇത്തരം നീക്കങ്ങള്‍ക്കെതിരെ ശക്തമായ പ്രതിരോധമുയരുന്നില്ല എങ്കില്‍ ഭാവിതലമുറക്ക് ചരിത്രമുറങ്ങുന്ന ഈ മൈതാനം നഷ്ടപ്പെടുകയായിരിക്കും ഫലം.
ഏറെ കൊട്ടിഘോഷിച്ച്, ഒരു മാസം നണ്ടുനിന്ന് തൃശൂരിലെ നൈറ്റ് ഷോപ്പിംഗ് ഫെസ്റ്റിവല്‍ സമാപിക്കുകയാണ്. വ്യാപാരമേഖല വലിയ പ്രതിസന്ധി നേരിടുന്ന സാഹചര്യത്തില്‍ അതിനെ ഉത്തേജിപ്പിക്കാന്‍ കല്ല്യാണ്‍, ആലൂക്കാസ്, ലുലുടങ്ങിയ വന്‍സ്ഥാപനങ്ങളുടെ നേതൃത്വത്തില്‍, മതസൗഹാര്‍ദ്ദമൊക്കെ ഉറപ്പുവരുത്തി, കോര്‍പ്പറേഷനുമായി സഹകരിച്ചാണ് ഫെസ്റ്റിവല്‍ നടന്നത്. നാലുകോടി രൂപയാണ് ചിലവാക്കിയാണ് ഫെസ്റ്റിവല്‍ സംഘടിപ്പിച്ചത്. ഒരു മാസത്തോളം നഗരം ദീപാലങ്കാരത്തില്‍ കുളിച്ചുനിന്നു. അനുബന്ധമായി നിരവധി പരിപാടികളുമുണ്ടായി. ഫെസ്റ്റിവലിന്റെ അവസാനദിവസം നിര്‍മ്മിച്ച ആറര കി മി നീളത്തിലെ കേക്ക് ഗിന്നസില്‍ ഇടം നേടുമെന്നു കരുതുന്നു. എന്നാല്‍ പ്രതീക്ഷിച്ച വ്യാപാരവും നടന്ന വ്യാപാരവുമായി താരതമയപ്പെടുത്തി നോക്കിയാല്‍ ഫെസ്റ്റിവല്‍ വന്‍പരാജയമാണെന്നാണ് റിപ്പോര്‍ട്ട്.
വര്‍ദ്ധിച്ചുവരുന്ന ഓണ്‍ലൈന്‍ വ്യാപാരത്തില്‍ നിന്ന് ജനങ്ങളെ കടകളില്‍ എത്തിക്കുക, രാത്രിയിലെ വ്യാപാരം പ്രോത്സാഹിപ്പിക്കുക എന്നിവയായിരുന്നു വാസ്തവത്തില്‍ ഫെസ്റ്റിവലിന്റെ പ്രധാനലക്ഷ്യങ്ങള്‍. അതുതന്നെയായിരുന്നു പരാജയകാരണം എന്നതാണ് യാഥാര്‍ത്ഥ്യം. കാലത്തിനനുസരിച്ച് സഞ്ചരിക്കാനാണ്, മറിച്ച് പുറകോട്ടുനടക്കാനല്ല മറ്റാരേയും പോലെ വ്യാപാരികളും തയ്യാറാകേണ്ടത്. പക്ഷെ സംഭവിക്കുന്നത് മറിച്ചാണ്. മാറ്റങ്ങള്‍ക്കുനേരെ പുറംതിരിച്ചുനില്‍ക്കുകയും എതിര്‍ക്കുകയും ചെയ്യുകയും അവസാനം മറ്റുമാര്‍ഗ്ഗങ്ങളില്ലാതെ സ്വീകരിക്കാന്‍ തയ്യാറാകുമ്പോള്‍ ഏറെ അവസരങ്ങള്‍ നഷ്ടപ്പെടുകയും ചെയ്യുന്ന എത്രയോ അനുഭവങ്ങള്‍ മലയാളികള്‍ക്കുണ്ട്. അതിന്റെ തുടര്‍ച്ച തന്നെയാണ് ഈ നിലപാടും. ഭക്ഷണം മുതല്‍ ഏതൊരു നിത്യോപയോഗവസ്തുവും വീടുകളില്‍ എത്തുന്ന സൗകര്യത്തില്‍ താല്‍പ്പര്യമുള്ള ഉപഭോക്താവിനെ കടകളില്‍ എത്തിക്കണമെന്ന വാശിയില്‍ എന്താണര്‍ത്ഥം? മറിച്ച് ഓണ്‍ലൈന്‍ മേഖലയില്‍ ഫലപ്രദമായി ഇടപെടാനാണ് വ്യാപാരികള്‍ ശ്രമിക്കേണ്ടത്.
രണ്ടാമത്തെ വിഷയം ശരിയാണ്. ലോകത്തെ പല വന്‍നഗരങ്ങളിലും രാത്രികാലവ്യാപാരം സജീവമാണ്. അതു സ്വാഗതാര്‍ഹവുമാണ്. എന്നാല്‍ രാത്രികാല സാമൂഹ്യജീവിതമില്ലാത്ത, സ്ത്രീകള്‍ക്ക് പുറത്തിറങ്ങാന്‍ പോലും കഴിയാത്ത, ആണിനും പെണ്ണിനും സദാചാരഗുണ്ടകളെ ഭയപ്പെട്ട് പകല്‍പോലും പുറത്തിറങ്ങാന്‍ കഴിയാത്ത ഒരു നാട്ടില്‍ അതൊക്കെ വിദൂരസ്വപ്‌നങ്ങള്‍ മാത്രം.
വളരെ ഗുരുതരമായ മറ്റൊരു വിഷയവും ഫെസ്റ്റിവലിന്റെ പരാജയവുമായി ബന്ധപ്പെട്ട് ഉയര്‍ന്നുവന്നിട്ടുണ്ട് എന്നാണ് റിപ്പോര്‍ട്ട്. അതാകട്ടെ ഫെസ്റ്റിവലുമായി ബന്ധപ്പെട്ട പരിപാടികള്‍ക്ക് തൃശൂര്‍ നഗരത്തിന്റെ തിലകക്കുറിയായ തേക്കിന്‍കാട് മൈതാനം നിഷേധിച്ചു എന്നതാണ്. ഫെസ്റ്റിവലുമായി ബന്ധപ്പെട്ട നവവത്സരാഘോങ്ങള്‍ക്കുപോലും മൈതാനം അനുവദിച്ചില്ല. അത് നടന്നത് ശക്തന്‍ തമ്പുരാന്‍ ബസ് സ്റ്റാന്റ് പരിസരത്തായിരുന്നു. അതിനുകാരണം ഹിന്ദുത്വരാഷ്ട്രീയത്തിന്റെ ഇടപെടലാണെന്നാണ് വിവരം. ഫെസ്റ്റിവലുമായി ബന്ധപ്പെട്ട പരിപാടികള്‍ക്ക് സ്ഥലം അനുവദിക്കരുതെന്ന് കോടതിയില്‍ ഹര്‍ജിയെത്തിയിരുന്നു. മുഖ്യമന്ത്രി പിണറായി വിജയന്റെ ഉദ്ഘാടനപ്രസംഗത്തിനുശേഷം വേദിയിലുണ്ടായ നൃത്തനൃത്യങ്ങള്‍ നമ്മുടെ സംസ്‌കാരത്തിനു ചേര്‍ന്നതല്ല എന്നതാണ് ഹര്‍ജിയിലെ വാദം. കോടതി അക്കാര്യത്തില്‍ നേരിട്ട് ഇടപെട്ടില്ലെങ്കിലും അതിന്റെ തുടര്‍ച്ചയായിരുന്നു മൈതാനം അനുവദിക്കാതിരുന്ന നടപടി. ശക്തമായ പ്രതിഷേധത്തെ തുടര്‍ന്ന് അവസാനദിവസങ്ങളിലാണ് മൈതാനമനുവദിച്ചത്. പിന്നീട് കോടതി ഈ വാദം അംഗീകരിക്കുകയും ദേവസ്വത്തോട് വിശദീകരണം ചോദിക്കുകയും ചെയ്തു.
നഗരത്തിലെ ഏതു പൊതുപരിപാടിയും പണമടച്ചും അനുമതി എടുത്തും നടക്കുന്ന സ്ഥലമാണ് തേക്കിന്‍കാട് മൈതാനം. എന്നാല്‍ കുറച്ചുകാലമായി അതില്‍ നിയന്ത്രണം കൊണ്ടുവരാനുള്ള നീക്കങ്ങള്‍ ശക്തമായിരിക്കുകയാണ്. വര്‍ഷങ്ങള്‍ക്കുമുമ്പ് തേക്കിന്‍ കാട് മൈതാനം എന്ന പേരുമാറ്റി വടക്കുംനാഥ ക്ഷേത്രമൈതാനം എന്നാക്കിയതു മുതലായിരുന്നു അതിന്റെ തുടക്കം. രസകരമെന്നു പറയട്ടെ അതു ചെയ്തത് സിപിഐ നോമിനി ദേവസ്വം പ്രസിഡന്റായിരിക്കുമ്പോഴാണ്. മൈതാനം ക്ഷേത്രത്തിന്റെ ഭാഗമാണെനന്ും ഉടമസ്ഥാവകാശം ദേവസ്വത്തിനാണെന്നുമുള്ള സാങ്കേതികതയില്‍ പിടിച്ചായിരുന്നു തീരുമാനം. അങ്ങനെയല്ല എന്നാരും ഇന്നോളം പറഞ്ഞിട്ടില്ല. ലോകത്തെങ്ങും കാണാത്ത വിധം നഗരമധ്യത്തില്‍ പൊതുജനങ്ങള്‍ക്ക് ആശ്വാസമായി വിശാലമായി കിടക്കുന്ന ഈ മൈതാനത്തെ അങ്ങനെയല്ലാതാക്കാനുള്ള നീക്കത്തിന്റെ തുടക്കമായിരുന്നു അത്. ക്ഷേത്രമൈതാനം എന്ന ബോര്‍ഡൊക്കെ വെച്ചിട്ടുണ്ടെങ്കിലും ജനങ്ങള്‍ ഉപയോഗിക്കുന്നത് തേക്കിന്‍ കാട് മൈതാനം എന്നപേര്‍ തന്നെയാണ്. അതു മാറ്റുക എളുപ്പമല്ലതാനും.
എന്തായാലും പേരുമാറ്റിയ പോലെ തേക്കിന്‍കാട് മൈതാനത്തെ ഒരു ക്ഷേത്രമൈതാനമാക്കാനുള്ള നീക്കം ശക്തമായി തുടരുകയാണ്. അതിന്റെ ഭാഗമായി മൈതാനത്തേക്കുള്ള പ്രവേശനം നിയന്ത്രിക്കാനും സാംസ്‌കാരിക – രാഷ്ട്രീയ പരിപാടികള്‍നിയന്ത്രിക്കാനുമുള്ള നീക്കങ്ങള്‍ സജീവമാണ്. സംസ്ഥാന സ്‌കൂള്‍ യുവജനോത്സവത്തില്‍ ഒപ്പന പോലുള്ള ജനപ്രിയ ഇനങ്ങള്‍ തേക്കിന്‍കാട് മൈതാനിയിലെ ഒന്നാം നമ്പര്‍ വേദിയില്‍ നിന്നു മാറ്റിയിരുന്നു. അതില്‍ ചില കോണുകളില്‍ നിന്ന് പ്രതിഷേധമുയര്‍ന്നെങ്കിലും കാര്യമായ ചര്‍ച്ചയാക്കാാതെ ഒതുക്കുകയായിരുന്നു. മൈതാനത്ത് പുരുഷന്മാരും സ്ത്രീകളും ഒരുമിച്ചിരിക്കുന്നതുകണ്ടാല്‍ പലപ്പോഴും സദാചാരഗുണ്ടകള്‍ രംഗത്തിറങ്ങുന്നു. പിങ്ക് പോലീസിന്റെ രൂപത്തില്‍ സദാചാരപോലീസും സ്ഥലത്തെത്തി പറഞ്ഞുവിടുന്നതും കാണാം.
തീര്‍ച്ചയായും ഇതിനെതിരായ പ്രതിഷേധങ്ങളും നടക്കുന്നുണ്ട്. അടുത്തയിടെ വിദ്യാര്‍ത്ഥികളുടെ നേതൃത്വത്തില്‍ നടന്ന സമരം അത്തരത്തിലൊന്നായിരുന്നു. മൈതാനിയില്‍ ചിത്രം വരച്ചുള്ള പരിശീലനത്തിനെത്തിയ ഫൈനാര്‍ട്‌സ് കോളേജിലെ വിദ്യാര്‍ത്ഥീ – വിദ്യാര്‍ത്ഥിനികളെ ബൈക്കുകളിലെത്തിയ സദാചാരഗുണ്ടകള്‍ മര്‍ദ്ദിച്ച് ഓടിച്ച സംഭവത്തിനെതിരെയായിരുന്നു സമരം. പുഞ്ചിരിസമരം എന്നു പേരിട്ട സമരത്തില്‍ ഫൈനാര്‍ട്‌സ് കോളേജിലേയും സ്‌കൂള്‍ ഓഫ് ഡ്രാമയിലേയും വിദ്യാര്‍ത്ഥികള്‍ക്കു പുറമെ നഗരത്തിലെ മറ്റു കോളേജുകളിലേയും വിദ്യാര്‍ത്ഥികള്‍ പങ്കെടുത്തു. ചിത്രംവരകളും പാട്ടുകളും നാടകങ്ങളുമൊക്കെയായി തികച്ചും സര്‍ഗ്ഗാത്മകമായിട്ടായിരുന്നു പുഞ്ചിരിസമരം നടന്നത്.
ഷോപ്പിംഗ് ഫെസ്റ്റിവല്‍ ശരിയായാലും തെറ്റായാലും അതുമായി ബന്ധപ്പെട്ട പരിപാടികള്‍ക്ക് തേക്കിന്‍ കാട് മൈതാനം അനുവദിക്കാതിരുന്ന നടപടി പ്രതിഷേധാര്‍ഹം തന്നെയാണ്. ഇത്തരം നീക്കങ്ങള്‍ക്കെതിരെ ശക്തമായ പ്രതിരോധമുയരുന്നില്ല എങ്കില്‍ ഭാവിതലമുറക്ക് ചരിത്രമുറങ്ങുന്ന ഈ മൈതാനം നഷ്ടപ്പെടുകയായിരിക്കും ഫലം.
സുഹൃത്തെ,
അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പന്ത്രണ്ടാം വര്‍ഷത്തേക്ക് കടക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2024 - 25 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.
The Critic, A/C No - 020802000001158,
Indian Overseas Bank,
Thrissur - 680001, IFSC - IOBA0000208
google pay - 9447307829
സ്നേഹത്തോടെ ഐ ഗോപിനാഥ്, എഡിറ്റര്‍, thecritic.in