പുറം തള്ളലിന്റെ രാഷ്ട്രീയത്തെ മറച്ചുവെക്കുന്നതാണ് പുതിയ വിദ്യാഭ്യാസനയം
എല്ലാ ഗ്രാമങ്ങളിലും ബാലവാടി മുതല്‍ പത്താംക്ലാസുവരെയുള്ള സ്‌കൂളുകള്‍ ആരംഭിക്കുക. അതിനുവേണ്ട പണം ബഡ്ജറ്റില്‍ നീക്കിവെക്കുകയും സത്വരമായി നടപ്പിലാക്കുകയും ചെയ്യുക. അതിനു മുകളിലുള്ള വിദ്യാഭ്യാസത്തിന് എല്ലാ പ്രദേശങ്ങളിലും പഠനങ്ങളുടെ അടിസ്ഥാനത്തില്‍ ആവശ്യമായ ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ അനുവദിക്കുക. മൂന്നാമതായി ഇന്ത്യയില്‍ നിലവിലുള്ള എല്ലാ ഉന്നതവിദ്യാഭ്യാസ സ്ഥാപനങ്ങളിലും ദലിത്-പിന്നോക്ക ന്യൂനപക്ഷ സംവരണങ്ങള്‍ പാലിക്കുന്നുന്നെന്ന് ഉറപ്പു വരുത്തുക. നാലാമതായി ദാരിദ്രരേഖക്ക് താഴെയുള്ള മുഴുവന്‍ വീടുകള്‍ക്കും ചുരുങ്ങിയത് മാസം പതിനയ്യായിരം രൂപ വരുമാനം ഉണ്ടാക്കാനുള്ള തൊഴിലുറപ്പ്/മറ്റ് പദ്ധതികള്‍ നടപ്പിലാക്കുകയും ആ വീടുകളിലെ കുട്ടികള്‍ക്ക് വിദ്യാഭ്യാസം ഉറപ്പുവരുത്തുകയും ചെയ്യുക.
കേന്ദ്രസര്‍ക്കാരിന്റെ പുതിയ വിദ്യാഭ്യാസനയം (NEP 2020) പുറത്തുവന്ന സാഹചര്യത്തില്‍ എന്താണ് പ്രതീക്ഷിക്കേണ്ടത്? ഒരു വിദ്യാഭ്യാസ നയം പുതുതായി ആരംഭിക്കുമ്പോള്‍ നിലവിലുള്ള വിദ്യാഭ്യാസ വ്യവസ്ഥ ഉണ്ടാക്കിയ നേട്ടങ്ങളും, കോട്ടങ്ങളും (പരിമിതികളും) പരിശോധിക്കേണ്ടതുണ്ട്. പുതിയ വിദ്യാഭ്യാസ രേഖയില്‍ അങ്ങനെ ഒരു വിലയിരുത്തല്‍ കാണാനാവില്ല. സ്വതന്ത്ര ഇന്ത്യയില്‍ നടപ്പിലാക്കിയതും ഇപ്പോള്‍ നിലവിലുള്ളതുമായ വിദ്യാഭ്യാസ സമ്പ്രദായത്തില്‍ നിന്നും എന്തെങ്കിലും വ്യത്യാസം പുതിയ വിദ്യാഭ്യാസ നയത്തില്‍ കാണാനുണ്ടോ? എങ്കില്‍ അവ എന്തെല്ലാമാണ്? അവ എങ്ങനെയായിരിക്കും സാമൂഹിക ജീവിതത്തില്‍ പ്രതിഫലിപ്പിക്കുക?
നല്ല വാക്കുകളില്‍ പൊതിഞ്ഞ ഒരു രേഖ അവതരിപ്പിച്ചാല്‍ പരിഹരിക്കാന്‍ കഴിയുന്നതാണോ ഇന്ത്യയിലെ വിദ്യാഭ്യാസ പ്രശ്നം? പഞ്ചസാര ഭരണിയുടെ പുറത്ത് ‘ഉപ്പ്’ എന്ന് എഴുതി ഒട്ടിച്ചാല്‍ ഉറുമ്പ് വരാതിരിക്കുമോ?
ഇന്ത്യയില്‍ നിലവിലുള്ള സാമൂഹിക വ്യവസ്ഥയെയും ജീവിത സാഹചര്യങ്ങളെയും പരിഗണിക്കാത്ത ഒരു പരിഷ്‌കരണത്തിനും പ്രയോഗത്തില്‍ യാതൊരു മുന്നേറ്റവും ഉണ്ടാക്കാന്‍ കഴിയില്ല. ജാതി വ്യവസ്ഥയില്‍ അധിഷ്ടിതമായ ഒരു സാമൂഹിക ഘടനയിലാണ് ഇന്ത്യ ഇന്നും നിലനില്‍ക്കുന്നത്. യാഥാര്‍ത്ഥ്യങ്ങള്‍ മൂടിവക്കുന്നതിലൂടെ സ്ഥിതി കൂടുതല്‍ വഷളാവുക മാത്രമാണ് ചെയ്യുക. 1800 മുതല്‍ 1940 വരെ ഇന്ത്യയിലെ ദലിതരുടെ വിദ്യാഭ്യാസം പരിതാപകരമായിരുന്നു. വിദ്യാഭ്യാസത്തിന് അവസരം കിട്ടാത്തതായിരുന്നു ഇതിന്റെ മുഖ്യകാരണം. 1910 മാര്‍ച്ച് ഒന്നിനായിരുന്നല്ലോ അയ്യങ്കാളി ഊരൂട്ടമ്പലം സ്‌കൂളിലേക്ക് പഞ്ചമിയുടെ കൈപിടിച്ച് കടന്നു ചെന്നത്. ഏതാണ്ട് അതേ കാലയളവിലാണ് ഡോ.അംബേദ്ക്കര്‍ക്ക് വിദ്യാലയത്തില്‍ വിവേചന ഭീകരത അനുഭവിക്കേണ്ടി വന്നതും. ഇതെല്ലാം പഴയ കഥയല്ലേ എന്ന് ചോദിക്കുന്നവരുണ്ട്. അങ്ങനെ ചോദിക്കാനവര്‍ക്ക് അവകാശമുെണ്ടെങ്കിലും ഇന്ത്യയിലെ ദലിത വിഭാഗങ്ങള്‍ ഇപ്പോഴും എങ്ങനെ, എവിടെ ജീവിക്കുന്നു എന്ന യാഥാര്‍ത്ഥ്യം കാണാന്‍ കൂടി അവര്‍ തയ്യാറാവണം. 2011 ലെ സെന്‍സസ്സ് പ്രകാരം ഇന്ത്യയില്‍ ജനങ്ങളുടെ 16.6% ദലിതരുണ്ടെന്നാണ് കണക്ക്. അവരില്‍ പകുതിയും ഉത്തര്‍പ്രദേശ്, ബംഗാള്‍, ബീഹാര്‍ തമിഴ്നാട് എന്നീ നാല് സംസ്ഥാനങ്ങളിലാണ് അധിവസിക്കുന്നത്. കേരളമൊഴികെയുള്ള സംസ്ഥാനങ്ങളിലെ മുസ്ലീങ്ങളുടെ വിദ്യാഭ്യാസപരമായ അവസ്ഥ ദലിതരെക്കാള്‍ പിന്നോക്കമാണെന്നാണ് ജസ്റ്റിസ് രവീന്ദ്ര സച്ചാര്‍ കമ്മീഷന്‍ റിപ്പോര്‍ട്ടില്‍ പറയുന്നത്!
സാമൂഹികമായ അസന്തുലിതാവസ്ഥയും ജാതി കേന്ദ്രിതമായ വിവേചനവും അടയാളപ്പെടുത്തുകയും, സംബോധന ചെയ്യുകയും ചെയ്യാത്ത ഒരു വിദ്യാഭ്യാസ ബില്ലിനും പ്രയോഗ മണ്ഡലത്തില്‍ ഗുണകരമായ മാറ്റം ഉണ്ടാക്കാനാവില്ലെന്നത് ഒരു വസ്തുതയാണ്. യോഗ്യതയെക്കുറിച്ച് (Merit) നിരന്തരം പറയുന്നവര്‍ പുറം തള്ളലിന്റെ (Exclusion) രാഷ്ട്രീയപ്രയോഗത്തെ മറച്ചുവെക്കുകയാണ് വാസ്തവത്തില്‍ ചെയ്യുന്നത്. വിദ്യാഭ്യാസം ലഭിക്കണമെങ്കില്‍ വിദ്യാലയങ്ങളില്‍ എത്താനും, പഠിക്കാനും അവസരം ഉണ്ടാകണം. പഠിക്കാനുള്ള ആഗ്രഹം മനുഷ്യര്‍ എക്കാലത്തും വെച്ചുപുലര്‍ത്തിയിട്ടുണ്ട്; ആധുനിക ജീവിത വ്യവസ്ഥയുടെയും വിദ്യാഭ്യാസത്തിന്റെയും ഇന്ത്യയിലെ വികാസ പരിണാമങ്ങള്‍ രാജ്യത്തിന്റെ സാമൂഹിക ഘടനയുമായി ചേര്‍ന്നാണ് നിലനില്‍ക്കുന്നത്.
ദാരിദ്ര്യരേഖ: ഡോ. രംഗരാജന്‍ കമ്മീഷന്റെ റിപ്പോര്‍ട്ട് 2014 ല്‍ മോഡിസര്‍ക്കാരിന് സമര്‍പ്പിക്കുകയുായി. ആ പഠനറിപ്പോര്‍ട്ട് പ്രകാരം ഇന്ത്യയില്‍ 454 ദശലക്ഷം ജനങ്ങള്‍ (38.2%) ദാരിദ്രരേഖക്കു കീഴിലാണ് ജീവിക്കുന്നത്. അതായത് ദിവസവരുമാനം അമ്പത് രൂപപോലുമില്ലാത്ത നാല്‍പത് കോടിയിലധികം ജനങ്ങള്‍ അധിവസിക്കുന്ന രാജ്യത്താണ് വിദ്യാഭ്യാസ ബില്ല് ചര്‍ച്ചചെയ്യുന്നതെന്നും, ഡോ.അംബേദ്കര്‍ ഇരുപതാം നൂറ്റാണ്ടിന്റെ ആദ്യപകുതിയില്‍ വിദ്യാലയങ്ങളില്‍ അനുഭവിച്ച അതേ പീഡനവും വിവേചനവും ഇന്നും നിലനില്‍ക്കുകയാണെന്നും, രോഹിത് വെമുലയെപ്പോലെ പ്രതിഭാധനനായ ഒരു ഗവേഷണ വിദ്യാര്‍ത്ഥി ജാതി പീഡനം കാരണം ആത്മഹത്യ ചെയ്തത് വര്‍ത്തമാന ഇന്ത്യയിലാണെന്നും അടയാളപ്പെടുത്തിയിട്ടില്ലെങ്കില്‍ അത്തരമൊരു വിദ്യാഭ്യാസ പരിഷ്‌കാരം അടിത്തട്ടില്‍ നിന്നുള്ള മാറ്റം വിഭാവനം ചെയ്യുന്നില്ലെന്ന് ഉറപ്പിച്ച് പറയേണ്ടി വരും.
വിദ്യാഭ്യാസ ബില്ലിന്റെ ആദ്യഭാഗങ്ങളില്‍ പറയുന്ന കാര്യങ്ങള്‍ ഇപ്പോഴും എപ്പോഴും പറഞ്ഞുകൊണ്ടിരിക്കുന്നവയാണ്. സമഗ്രമായ വ്യക്തിത്വ വികസനമാണ് എല്ലാകാലത്തും വിദ്യാഭ്യാസം വിഭാവനം ചെയ്യുന്നത്. എന്നാല്‍ ആരുടെ വിദ്യാഭ്യാസം എന്നത് പ്രധാനമാണ്. വിദ്യാഭ്യാസപുരോഗതിയെ ലക്ഷ്യമിട്ട ലോകത്തിലെ ആദ്യരചനയായി റൂസ്സോ പ്രതിപാദിച്ച പ്ലാറ്റോയുടെ റിപ്പബ്ലിക്ക് രചിക്കുമ്പോള്‍ ഗ്രീസില്‍ അടിമ-ഉടമ വ്യവസ്ഥയായിരുന്നു നിലനിന്നത്. അടിമത്തം അവസാനിപ്പിക്കാന്‍ ആഹ്വാനം ചെയ്യാതെ വിദ്യാഭ്യാസത്തിലെ തുല്യതയും ധാര്‍മ്മികതയും ചര്‍ച്ചചെയ്തതിലൂടെ പ്ലാറ്റോ സ്വയം അകപ്പെട്ട ‘ഗാര്‍ഡിയന്‍ ക്ലാസിന്റെ’ സംരക്ഷകന്‍ മാത്രമായി ചുരുങ്ങുകയായിരുന്നു. യഥാര്‍ത്ഥത്തില്‍ ഇപ്പോള്‍ നരേന്ദ്രമോഡി ഗവണ്‍മെന്റ് നടപ്പിലാക്കാന്‍ പോകുന്ന വിദ്യാഭ്യാസ ബില്ലും ഇന്ത്യന്‍ സാമൂഹിക യാഥാര്‍ത്ഥ്യത്തെ പാടെ അവഗണിക്കുകയാണ്.
സ്‌കൂള്‍ വിദ്യാഭ്യാസം മൂന്ന് ഘട്ടമായി വിഭജിക്കപ്പെട്ട നിലവിലുള്ള ഘടനമാറ്റി നാല് ഘട്ടങ്ങള്‍ ആക്കിയാല്‍ പ്രത്യേകിച്ച് എന്തെങ്കിലും മാറ്റം സംഭവിക്കാന്‍ സാദ്ധ്യതയില്ല. പത്താം ക്ലാസ് കഴിഞ്ഞാല്‍ പ്ലസ്സ് വണ്ണില്‍ ചേരുന്നതിന് പകരം ഒമ്പതാം ക്ലാസുമുതല്‍ പന്ത്രണ്ടാം ക്ലാസ്സുവരെ ഒരൊറ്റ യൂണിറ്റാക്കുന്നതുകൊണ്ട് അടിസ്ഥാനപരമായി യാതൊന്നും മാറുന്നില്ല. സ്‌കൂള്‍ പ്രവേശനങ്ങളിലും മറ്റും ആവശ്യമില്ലാത്ത പുതിയ അങ്കലാപ്പുകള്‍ ഉണ്ടാകുമെന്നത് മാത്രമായിരിക്കും അതിന്റെ ഫലം. (part1 ല്‍ നല്‍കിയ വിഭജനം കാണുക).
ഇന്ത്യയിലെ പതിനാല് ശതമാനം ഗ്രാമങ്ങളിലും (76, 613) വിദ്യാലയങ്ങളേ ഇല്ല; 47 ശതമാനം ഗ്രാമങ്ങളിലും പ്രാഥമിക വിദ്യാലയങ്ങള്‍ മാത്രമാണ് ഉള്ളത് (റൂറല്‍ ഡവലപ്മെന്റ് മന്ത്രാലയത്തെ ഉദ്ധരിച്ച് ദിപ്രിന്റ്, 31,ഡിസംബര്‍, 2018). രണ്ടു കാര്യങ്ങളാണ് ജനങ്ങളോട് പ്രതിബദ്ധതയുള്ള ഒരു ഭരണകൂടം ആദ്യമായി നടപ്പിലാക്കേണ്ടത്.
ഒന്നാമതായി എല്ലാ ഗ്രാമങ്ങളിലും ബാലവാടി മുതല്‍ പത്താംക്ലാസുവരെയുള്ള സ്‌കൂളുകള്‍ ആരംഭിക്കുക. അതിനുവേണ്ട പണം ബഡ്ജറ്റില്‍ നീക്കിവെക്കുകയും സത്വരമായി നടപ്പിലാക്കുകയും ചെയ്യുക. അതിനു മുകളിലുള്ള വിദ്യാഭ്യാസത്തിന് എല്ലാ പ്രദേശങ്ങളിലും പഠനങ്ങളുടെ അടിസ്ഥാനത്തില്‍ ആവശ്യമായ ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ അനുവദിക്കുക. മൂന്നാമതായി ഇന്ത്യയില്‍ നിലവിലുള്ള എല്ലാ ഉന്നതവിദ്യാഭ്യാസ സ്ഥാപനങ്ങളിലും ദലിത്-പിന്നോക്ക ന്യൂനപക്ഷ സംവരണങ്ങള്‍ പാലിക്കുന്നുന്നെന്ന് ഉറപ്പു വരുത്തുക. നാലാമതായി ദാരിദ്രരേഖക്ക് താഴെയുള്ള മുഴുവന്‍ വീടുകള്‍ക്കും ചുരുങ്ങിയത് മാസം പതിനയ്യായിരം രൂപ വരുമാനം ഉണ്ടാക്കാനുള്ള തൊഴിലുറപ്പ്/മറ്റ് പദ്ധതികള്‍ നടപ്പിലാക്കുകയും ആ വീടുകളിലെ കുട്ടികള്‍ക്ക് വിദ്യാഭ്യാസം ഉറപ്പുവരുത്തുകയും ചെയ്യുക.
വിദ്യാഭ്യാസ ബില്ലിലേക്ക് തിരിച്ചുപോയാല്‍ രണ്ടുകാര്യങ്ങള്‍ പുതിയ പ്രഖ്യാപിത പരിപാടിയില്‍ പ്രബലമാണെന്ന് കാണാന്‍ കഴിയും. ഒന്ന് ഉന്നത വിദ്യാഭ്യാസം സമ്പന്ന വര്‍ഗത്തിന് മാത്രം പ്രാപ്യമാകുന്ന വിധത്തില്‍ പുനര്‍ വിന്യസിപ്പിക്കുകയെന്നതാണ്. നിലവിലുള്ള വ്യവസ്ഥയില്‍ സ്വകാര്യവല്‍ക്കരണത്തിന് സന്ദര്‍ഭങ്ങളുണ്ടെങ്കിലും നിര്‍ധനരായ വിദ്യാര്‍ത്ഥികള്‍ക്ക് ഉന്നത വിദ്യാഭ്യാസം നേടാനുള്ള അവസരം കൂടി ലഭ്യമാണ്. ഇന്ത്യയിലെ സര്‍വ്വകലാശാലകള്‍, കാര്‍ഷിക സര്‍വ്വകലാശാലകള്‍, സര്‍ക്കാര്‍ മെഡിക്കല്‍ കോളേജുകള്‍, സര്‍ക്കാര്‍ കോളേജുകള്‍, ഐ.ഐ.ടികള്‍ മുതലായവയെല്ലാം യോഗ്യതയുടെ അടിസ്ഥാനത്തില്‍ സാധാണക്കാര്‍ക്കും, ഇടത്തരക്കാര്‍ക്കും പ്രവേശനം ലഭിക്കുന്ന സ്ഥാപനങ്ങള്‍ ആണ്. ഇപ്പോള്‍ ഐ.ഐ.എം കള്‍ മാത്രമാണ് ഭീമമായ ഫീസ് ഈടാക്കി പുത്തന്‍ ഉദാരസാമ്പത്തികയുക്തിയുടെ അടിസ്ഥാനത്തില്‍ പ്രവര്‍ത്തിക്കുന്നത്. വന്‍ലാഭം ലക്ഷ്യമിടുന്ന കോര്‍പറേറ്റുകളുടെ നടത്തിപ്പുകാരായി മാറാമെന്ന പ്രതീക്ഷനല്‍കിയാണ് ഭീമമായ തുക ലോണെടുത്ത് ഇപ്പോള്‍ തന്നെ ഐ.ഐ.എമ്മുകളില്‍ വിദ്യാര്‍ത്ഥികള്‍ പഠിക്കുന്നത്. കോവിഡിനെതുടര്‍ന്ന് അനുഭവപ്പെടാന്‍ തുടങ്ങിയതും വരാനിരിക്കുന്ന വര്‍ഷങ്ങളില്‍ മൂര്‍ഛിക്കാന്‍ സാദ്ധ്യതയുള്ളതുമായ സാമ്പത്തികമാന്ദ്യം ഇത്തരത്തിലുള്ള പഠനങ്ങളെയും സ്ഥാപനങ്ങളെയും പ്രതിസന്ധിയിലേക്കുനയിക്കാനാണ് സാദ്ധ്യത. പത്തും, പതിനഞ്ചും ലക്ഷം രൂപ ലോണെടുത്താണ് മിക്കവാറും പ്രവേശനപരീക്ഷകള്‍ പാസ്സായഴമിടുക്കികളും, മിടുക്കന്‍മാരുമായ വിദ്യാര്‍ത്ഥികള്‍ മാനേജ്മെന്റ് സ്ഥാപനങ്ങളില്‍ ചേരുന്നത്. എന്നാല്‍ ലോകം സാമ്പത്തിക മാന്ദ്യത്തിലേക്ക് നീങ്ങുകയും ഉപഭോഗസംസ്‌കാരത്തില്‍ മാറ്റം പ്രതീക്ഷിക്കുകയും ചെയ്യുന്ന വരുംകാല ലോകത്ത് പണം കൊയ്യുന്ന ഇത്തരം വൈറ്റ് കോളര്‍ തൊഴിലുകളുടെ ലഭ്യത കുറയും. ഇപ്പോള്‍ തന്നെ വന്‍കിട കോര്‍പറേറ്റുകള്‍ ഒഴിവാക്കിക്കൊണ്ടിരിക്കുന്നത് വലിയ വെള്ളകോളര്‍ ജോലിക്കാരെയാണ്. ഐ.ഐ.എം വിദ്യാഭ്യാസത്തെക്കുറിച്ച് ഇത്രയും പറഞ്ഞത്, പണം വാങ്ങി വിദ്യനല്‍കുകയും സ്വകാര്യ-സര്‍ക്കാര്‍ സഹകരണ (public private participation) സ്ഥാപനങ്ങളായി ഉയര്‍ന്ന വിദ്യാഭ്യാസത്തെ പരിവര്‍ത്തിപ്പിക്കുകയും ചെയ്യുന്ന പുത്തന്‍ സമീപനം ഉണ്ടാക്കാന്‍ പോകുന്ന വിപത്ത് സൂചിപ്പിക്കുന്നതിനായാണ്. 2017ലെ ഐ.ഐ.എം ആക്ട് പാസാക്കിയതിനുശേഷം ഇപ്പോള്‍ എം.ബി.എ പഠിക്കുന്ന ഒരു വിദ്യാര്‍ത്ഥി 15 മുതല്‍ 25 ലക്ഷം രൂപവരെ ഫീ നല്‍കിയാണ് പഠിക്കുന്നത്. വന്‍ ശമ്പളമുള്ള കോര്‍പറേറ്റ് ജോലി സ്വപ്നം കണ്ടാണ് ലോണുകളെ അവലംബിച്ച് എം.ബി.ബി.എസ്സും, ബിടെക്കും പാസായ വിദ്യാര്‍ത്ഥികള്‍ ഉള്‍പ്പെടെ ഈ സ്ഥാപനങ്ങളില്‍ ചേരുന്നത്. ഒന്നാം റാങ്ക് കിട്ടുന്ന കുട്ടിക്ക് ജോലികിട്ടുമെന്ന് വാഗ്ദാനം ചെയ്യുന്നതു പോലെ വിരലിലെണ്ണാവുന്നവരുടെ സാദ്ധ്യതകണ്ട് മറ്റുള്ളവര്‍ വഞ്ചിക്കപ്പെടുകയാണ്. സ്വകാര്യ- പൊതു പങ്കാളിത്തത്തിന്റെ LPPL പരീക്ഷണങ്ങള്‍ കൊറോണാനന്തരം വലിയ പ്രതിസന്ധിയിലേക്ക് നീങ്ങുമെന്ന് ഉറപ്പിച്ചു പറയാന്‍ കഴിയും.
ഉന്നതവിദ്യാഭ്യാസത്തെ കുറിച്ച് പ്രതിപാദിക്കുമ്പോള്‍ രണ്ടുകാര്യം ഈ രേഖയില്‍ എടുത്തു പറയുന്നുണ്ട്. ഒന്ന് തൊഴിലധിഷ്ഠിത വിദ്യാഭ്യാസമാണ്. രണ്ടാമത്തേത് ദേശീയതയിലും സംസ്‌കാരത്തിലും ഊന്നിയ വിദ്യാഭ്യാസം എന്നതാണ്. ഉന്നത വിദ്യാഭ്യാസത്തിന് മാതൃകയായി പറയുന്ന രാജ്യങ്ങള്‍ അമേരിക്ക, ജര്‍മനി, ഇസ്രായേല്‍, സൗത്ത് കൊറിയ, ജപ്പാന്‍ എന്നിവയാണ്. എന്നാല്‍ ഈ രാജ്യങ്ങളിലെ മാനവശേഷിയെകുറിച്ച് പറയാം. അവിടങ്ങളിലെ വിദ്യാഭ്യാസത്തെയും തൊഴിലിനെയും ബന്ധിപ്പിക്കാന്‍ കഴിയില്ല. ഇന്ത്യയില്‍ ജനസാന്ദ്രത 464 ആയിരിക്കുമ്പോള്‍ അമേരിക്കയില്‍ വെറും 36 ആണ്. ജര്‍മ്മനിയില്‍ 240 ആണ്. 2018 ല്‍ 26.5 ലക്ഷം ഇന്ത്യക്കാര്‍ അമേരിക്കയില്‍ ജോലിചെയ്യുന്നതായാണ് അമേരിക്കന്‍ കമ്യൂണിറ്റി സര്‍വേയുടെ (ACS) സെന്‍സസ് റിപ്പോര്‍ട്ടില്‍ പറയുന്നത്. (Business Today. in, september 2, 2020) അതായത് ഇന്ത്യ ഉള്‍പ്പെടെയുള്ള വിവിധ രാജ്യങ്ങളിലെ ഉയര്‍ന്ന ജോലിചെയ്യുന്ന (white collar jobs) (കാരണം ബ്ലൂകോളര്‍ ജോലിക്ക് അമേരിക്കയോ, യൂറോപ്യന്‍ രാജ്യങ്ങളോ വിസ നല്‍കാറില്ല) ലക്ഷക്കണക്കിന് മനുഷ്യാദ്ധ്വാനത്തെയും ശാസ്ത്രജ്ഞരെയും ആശ്രയിച്ചാണ് അമേരിക്ക അവരുടെ സമ്പദ്ഘടനയെ വികസിപ്പിക്കുന്നത്.പറഞ്ഞു വരുന്നത് വികലമായ ഈ കോപ്പിയടികള്‍ കൊണ്ട് രാജ്യത്ത് എന്തെങ്കിലും നേട്ടമുണ്ടാക്കാന്‍ കഴിയില്ലെന്ന് തിരിച്ചറിയാനാണ്. മാത്രമല്ല പൊതുവിദ്യാഭ്യാസത്തിന്റെയും ആരോഗ്യപരിപാലനത്തിന്റെയും അഭാവം അമേരിക്ക ഉള്‍പ്പെടെയുള്ള വികസിത മുതലാളിത്ത രാജ്യങ്ങളില്‍ കോവിഡ്-19 ഉണ്ടാക്കിയ ദുരന്തം ലോകം നേരില്‍ കണ്ടു കൊണ്ടിരിക്കയാണ്. ജോര്‍ജ് ഫ്ളോയിഡിന്റെ ദാരുണമായ കൊലയെ തുടര്‍ന്ന് അമേരിക്കയിലുണ്ടായ പ്രക്ഷോഭങ്ങള്‍ ഒരു കൊലയെ മാത്രമായിരുന്നില്ല സംബോധന ചെയ്തത്. മറിച്ച് അനുദിനം പ്രാന്തവല്‍കരിക്കപ്പെടുന്നവരും, അവഗണിക്കപ്പെടുന്നവരും, വീടുകളില്‍ നിന്നും ധനസ്ഥാപനങ്ങള്‍ ഇറക്കിവിടുന്നവരുമായ ലക്ഷക്കണക്കിന് മനുഷ്യരാണ് കൊറോണാ സംക്രമണം പോലും അവഗണിച്ചുകൊണ്ട് തെരുവിലിറങ്ങിയത്. ഇതൊന്നും കണ്ടില്ലെന്ന് വെക്കേണ്ടത് ഭരണകൂടങ്ങള്‍ക്കും കോര്‍പറേറ്റ് താല്പര്യം സംരക്ഷിക്കുന്നവര്‍ക്കും ആവശ്യമായിരിക്കും. എന്നാല്‍ ഇരകളാക്കപ്പെടുന്ന മനുഷ്യര്‍ക്ക് ഇതെല്ലാം നല്‍കുന്ന ഫലം നിസ്സാരമല്ല. പണമുള്ളവര്‍ക്ക് വിദ്യയും ചികിത്സയും ലഭിക്കുന്ന വ്യവസ്ഥയല്ല; എല്ലാവര്‍ക്കും തുല്യമായ അവസരം ലഭിക്കുന്ന ജനാധിപത്യ സംവിധാനമാണ് രാജ്യത്തിനും ജനങ്ങള്‍ക്കും വേണ്ടത്.
രേഖയില്‍ പറയുന്നത് രാജ്യത്ത് വലിയ ഒരു വിഭാഗം കൊഴിഞ്ഞുപോകുന്നത് തൊഴിലധിഷ്ഠിത വിദ്യാഭ്യാസത്തിന്റെ അഭാവത്തിലാണെന്നാണ്. എന്നാല്‍ രാജ്യത്തെ ദരിദ്രരും, ദലിതരും, അസംഘടിത മേഖലയില്‍ നിത്യജോലി ചെയ്താലും ഉപജീവനം അസാദ്ധ്യമാവുന്ന വീടുകളിലെ കുട്ടികളുമാണ് കൊഴിഞ്ഞുപോകുന്നതെന്ന യാഥാര്‍ത്ഥ്യത്തിനുനേരെ മനഃപ്പൂര്‍വ്വം കണ്ണടക്കുകയാണ്. നിങ്ങളുടെ ഉമ്മറപ്പടിയാണ് കൊറോണകാലത്ത് നിങ്ങളുടെ ലക്ഷ്മണരേഖ എന്ന് പ്രഖ്യാപിക്കുമ്പോള്‍ വീടില്ലാത്ത ജനലക്ഷങ്ങള്‍ അധിവസിക്കുന്ന രാജ്യമാണെന്ന് ഓര്‍ക്കാത്ത പ്രധാനമന്ത്രി നയിക്കുന്ന ഭരണകൂടത്തില്‍ നിന്ന് എങ്ങനെയാണ് നിരാലംബരായ ജനങ്ങള്‍ക്ക് വിദ്യാഭ്യാസപരമായ ഉന്നതി പ്രതീക്ഷിക്കാനാവുക? തെറ്റായ ഒരു പ്രമേയത്തില്‍ നിന്നും (premise) കൂടുതല്‍ തെറ്റായ മറ്റൊരു നിഗമനത്തിലേക്ക് എടുത്തുചാടുകയാണ്. അങ്ങനെയാണ് ഓരോവര്‍ഷവും ഡിഗ്രി നല്‍കുന്ന പുതിയ ‘ബിരുദ’ പാക്കേജ് രേഖയില്‍ ഉള്‍ചേര്‍ക്കുന്നത്. ഒന്നാം വര്‍ഷം പിരിഞ്ഞുപോകുന്നവര്‍ക്ക് സര്‍ട്ടിഫിക്കറ്റും, രണ്ടാംവര്‍ഷക്കാര്‍ക്ക് ഡിപ്ലോമയും, മൂന്നാംവര്‍ഷം പൂര്‍ത്തിയാക്കുന്നവര്‍ക്ക് ഡിഗ്രിയും എന്ന പ്രഖ്യാപനത്തിനം അടിത്തട്ട് വിദ്യാര്‍ത്ഥികളുടെ ഘട്ടംഘട്ടമായുള്ള നീക്കംചെയ്യല്‍ (Elimination) ആണ് ലക്ഷ്യം വെക്കുന്നതെന്ന് കാണാന്‍ കഴിയും.
പുതിയ വിദ്യാഭ്യാസ രേഖയിലെ മൗലികമായ നിര്‍ദേശം ദേശീയതയെ സംബന്ധിക്കുന്നതാണ്. ലോകത്തെ മുഴുവന്‍ നയിക്കുന്ന ‘ജ്ഞാനഗുരു’ സ്ഥാനം രാജ്യത്തിന് ലക്ഷ്യമിടുന്നതും തികച്ചും ഹിറ്റ്ലറെ ഓര്‍മ്മിപ്പിക്കുന്നതുമായ സങ്കല്പച്ചരടിലാണ് മൊത്തം കാര്യങ്ങള്‍ കോര്‍ത്തിണക്കിയിട്ടുള്ളത്. രാജ്യത്തിന്റെ പാരമ്പര്യമാണ് വീണ്ടെടുക്കാനുദ്ദേശിക്കുന്നതെന്ന് പലതവണ ഒളിഞ്ഞും തെളിഞ്ഞും പറയുമ്പോള്‍ ജനാധിപത്യ മതനിരപേക്ഷ സങ്കല്പം വെച്ചുപുലര്‍ത്തുന്നവര്‍ക്ക് ഭയപ്പെടാതെ നിര്‍വ്വാഹമില്ല. കാരണം നമ്മുടെ ഭരണഘടനാ ശില്പിയായ ഡോ.അംബേദ്കര്‍ മുതല്‍ ഇങ്ങ് തെക്കെ അറ്റത്ത് ശ്രീനാരായണഗുരുവരെ തള്ളിക്കളഞ്ഞ ഒരു ജാതിബദ്ധ സാമൂഹ്യഘടനയുടെ അടിത്തറയും മേല്‍കൂരയും സംരക്ഷിച്ച പ്രത്യയശാസ്ത്രമാണ് വീണ്ടെടുക്കാന്‍ ഉദ്ദേശിക്കുന്നത്. ഇപ്പോഴും എപ്പോഴും അധീശാധികാര പ്രത്യയശാസ്ത്രമായി (Hegemony) നിലനില്‍ക്കുന്ന ബ്രാഹ്മണ പ്രത്യയശാസ്ത്രത്തിന്റെ സമ്പൂര്‍ണ വീണ്ടെടുപ്പാണ് ഇവിടെ ലക്ഷ്യമിടുന്നത്.
കോത്താരീ കമ്മീഷന്റെ ശുപാര്‍ശകള്‍ അംഗീകരിച്ചുകൊണ്ട് പ്രധാനമന്ത്രിയായിരുന്ന ശ്രീമതി ഇന്ദിരാഗാന്ധി 1968 ല്‍ സമഗ്രമായ വിദ്യാഭ്യാസനയം പ്രഖ്യാപിച്ചതുമുതല്‍ ത്രിഭാഷാ പദ്ധതിയാണ് നിലവിലുള്ളത്. ഇപ്പോഴത്തെ രേഖയില്‍ ഇതില്‍ രണ്ട് മാറ്റമാണ് വിഭാവനം ചെയ്യുന്നത്. ഒന്ന് ഇംഗ്ലീഷ് പഠനം അനിവാര്യമല്ല എന്ന നിലപാടാണ്. മാഹാത്മാഗാന്ധിജിയും അംബേദ്ക്കറും മാത്രമല്ല വിവേകാനന്ദനടക്കം ഉയര്‍ന്നുവന്നതും ഇന്ത്യയിലും ലോകത്തും അറിയപ്പെട്ടതും ഇംഗ്ലീഷ് വിദ്യാഭ്യാസത്തിന്റെ കൂടി ഭാഗമാണെന്ന യാഥാര്‍ത്ഥ്യം ഈയവസരത്തില്‍ തിരിച്ചറിയേണ്ടതുണ്ട്. അടിത്തട്ട് മനുഷ്യരെ അഖിലേന്ത്യാ തലത്തിലേക്കോ, ആഗോളതലത്തിലേക്കോ ഉയരാന്‍ അനുവദിക്കാതെ അവരുടെ നാട്ടകങ്ങളില്‍ സങ്കോചിപ്പിക്കാനുള്ള ഒരു ഒളി അജണ്ട ഇതില്‍ അന്തര്‍ഭവിച്ചിട്ടുണ്ട്.
സംസ്‌കൃത കേന്ദ്രിതമായ പാരമ്പര്യത്തിന് ഊന്നല്‍ കൊടുക്കുന്നത് തൊഴിലിനോ സാംസ്‌കാരിക ഉന്നതിക്കോ അല്ലെന്ന് ഇന്ന് ആര്‍ക്കും തിരിച്ചറിയാന്‍ വിഷമമില്ല. ഇരുപതാം നൂറ്റാണ്ടിന്റെ ആദ്യദശകത്തിലായിരുന്നു (1908) ശ്രീനാരായണ ഗുരുവുമായി സംസ്‌കൃതത്തില്‍ തര്‍ക്കിക്കാന്‍ ബ്രണ്ണന്‍ കോളേജിലെ സംസ്‌കൃത പണ്ഡിതനും ബ്രാഹ്മണനുമായ മൂസ്സത് അദ്ദേഹത്തെ തലശ്ശേരിയില്‍ സന്ദര്‍ശിച്ചത്. ചുറ്റും കൂടിനില്‍ക്കുന്ന മനുഷ്യരുടെ ഭാഷയില്‍ (മലയാളത്തില്‍) മാത്രമേ സംസാരിക്കൂ എന്ന തീര്‍പ്പാണ് ഗുരു പ്രഖ്യാപിച്ചത്. ബുദ്ധനില്‍ തുടങ്ങുന്ന അധീശാധികാര വിരുദ്ധതയുടെ തുടര്‍ച്ചയിലാണ് ഗുരുവിന് ഈ പ്രഖ്യാപനം നടത്താന്‍ കഴിഞ്ഞത്. ജനാധിപത്യവാദികളായ ബ്രാഹ്മണര്‍ പോലും സംസ്‌കൃത പാരമ്പര്യത്തിലധിഷ്ടിതമായ വരേണ്യതയെ ചോദ്യം ചെയ്തുകൊണ്ടാണ് പൊതു മണ്ഡലത്തിലേക്ക് പ്രവേശിച്ചത്. കേരളത്തില്‍ വി.ടി.ഭട്ടതിരിപ്പാടാണ് ഇക്കാര്യത്തില്‍ ഗണ്യമായ തിരിച്ചറിവ് ബ്രാഹ്മണരില്‍ ഉണ്ടാക്കിയത്. ബ്രാഹ്മണ പ്രത്യയശാസ്ത്രത്തിന്റെ ഗുണഭോക്താക്കളായിരുന്ന വിഭാഗങ്ങളില്‍ തന്നെ സ്ത്രീവിരുദ്ധതയും ജനാധിപത്യ വിരുദ്ധതയും നിലനിര്‍ത്താന്‍ ‘ദൈവഭാഷ’ യെന്ന സങ്കല്പമുപയോഗിച്ച് ശ്രമിച്ചതിന് തെളിവുകളുണ്ട്. ബുദ്ധ സന്ദേശങ്ങള്‍ പ്രചരിപ്പിച്ച പാലി ഭാഷമുതല്‍ ഉത്തരേന്ത്യയിലെ സാധാണക്കാരുടെ ഭാഷയായിമാറിയിരുന്ന ഉറുദു വരെ തകര്‍ത്തെറിഞ്ഞതും ചാര്‍വാകനെയും അദ്ദേഹത്തിന്റെ ദര്‍ശനങ്ങളെയും ചുട്ടെരിച്ചതും അനിഷേധ്യമായ യാഥാര്‍ത്ഥ്യമാണ്.
ബഹുസ്വര പാരമ്പര്യങ്ങള്‍ ഉള്ള ഒരു ദേശത്ത് ബഹുസ്വരദേശീയതയാണ് വിഭാവനം ചെയ്യേണ്ടത്. സംസ്‌കൃതത്തെ പഴയരീതിയില്‍ ‘വീട്ടുഭാഷ’യാക്കാനുള്ള സംഘപരിവാര്‍ പദ്ധതിയും വിദ്യാഭ്യാസ രേഖയിലെ സംസ്‌കൃത പാരമ്പര്യ ഗുരുവാദവും തമ്മില്‍ നാഭീനാള ബന്ധമുണ്ട്. എല്ലാഭാഷകള്‍ക്കും മീതെ ഒരു ‘ദൈവഭാഷ’ യെ പ്രതിഷ്ഠിക്കുകയും മറ്റ് മനുഷ്യര്‍ക്ക് മുകളില്‍ ഒരു പ്രത്യേക വരേണ്യവര്‍ഗത്തെ പ്രതിഷ്ടിക്കുകയും ചെയ്തുകൊണ്ട് നൂറ്റാണ്ടുകള്‍ േ്രശണീബദ്ധ അടിമത്തം നിലനിര്‍ത്തിയ അഴുകിയ വ്യവസ്ഥയെ പുനഃസ്ഥാപിക്കാനുള്ള സംഘപരിവാര്‍ പദ്ധതി പുതിയ വ്യവസ്ഥയില്‍ അന്തര്‍ലീനമാണ്. ലീലാതിലകത്തില്‍ പറയുന്ന േ്രശഷ്ഠഭാഷ അപകൃഷ്ട ഭാഷദ്വന്ദത്തിന്റെ പുനസ്ഥാപനം കൃത്യമായ സമ്മതത്തിന്റെ അടിസ്ഥാനത്തില്‍ ഉണ്ടാക്കിയെടുക്കുകയാണ് ഇവിടെ ലക്ഷ്യമിടുന്നത്.
പുതിയ വിദ്യാഭ്യാസ നയം കേന്ദ്രഭരണകൂടത്തിന്റെ രാഷ്ട്രീയ താല്പര്യത്തിനും ലക്ഷ്യത്തിനും അനുസരിച്ച് തയ്യാറാക്കിയതാണ്. അതുകൊണ്ടാണ് വിദ്യാഭ്യാസത്തെ സമ്പൂര്‍ണ്ണമായി ദില്ലിയില്‍ കേന്ദ്രീകരിക്കാനുള്ള പ്രഖ്യാപനം ഇതില്‍ മുഖ്യസ്ഥാനം നേടുന്നത്. ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങള്‍ക്ക് വേറിട്ട ഭാഷാസംസ്‌കാരങ്ങള്‍ ഉണ്ടെന്നും വ്യത്യസ്ഥമായ സാഹചര്യങ്ങള്‍ ഉണ്ടെന്നും അറിയാത്തതുകൊണ്ടല്ല ഈ രേഖയില്‍ കേന്ദ്രീകരണം ലക്ഷ്യമിടുന്നത്. മറിച്ച് നിലനില്‍ക്കുന്ന വ്യത്യാസങ്ങളെ അമര്‍ച്ചചെയ്തും അവശേഷിക്കുന്നവയെ പ്രാന്തങ്ങളില്‍ തളച്ചിട്ടും വരും കാലം നിലനിര്‍ത്തുകയാണ് ഇവിടെ ലക്ഷ്യമിടുന്നത്. കേരളത്തിലെയും, മിസോറാമിലെയും, കാശ്മീരിലെയും കുട്ടികള്‍ക്കും ജനങ്ങള്‍ക്കും എന്ത് കൊടുക്കണമെന്ന്, ഏത് തരം വിദ്യയും വിദ്യാലയവും വേണമെന്ന് ദില്ലിയില്‍ തീരുമാനമെടുക്കുമെന്നാണ് പ്രഖ്യാപിച്ചിട്ടുള്ളത്. നാം നേടിയതെല്ലാം അവഗണിച്ചിട്ടും നേടാനുള്ളത് തമസ്‌കരിച്ചും അനുസരണയുടെയും അച്ചടക്കത്തിന്റെയും വികസനത്തിന്റെയും പേരില്‍ പഴയ ജാതിവ്യവസ്ഥയെ പുഃനസ്ഥാപിക്കാനുള്ള സമ്പൂര്‍ണ പദ്ധതിയാണ് വരാന്‍ പോകുന്നത്. ഈ പ്രഖ്യാപനം ഇപ്പോള്‍ നരേന്ദ്രമോദി സര്‍ക്കാര്‍ കണ്ടെത്തിയതോ, നടപ്പിലാക്കുന്നതോ ആയ പുതിയപദ്ധതിയല്ല. ഗുരുജി ഗോള്‍വല്‍ക്കര്‍ നടപ്പിലാക്കാന്‍ നിര്‍ദേശിച്ച സമഗ്രാധിപത്യ പദ്ധതിയുടെ ഭാഗം മാത്രമാണ്.
”നമ്മുടെ രാജ്യത്തിന്റെ ഭരണഘടനയുടെ ഫെഡറല്‍ സ്വഭാവത്തെപ്പറ്റിയുള്ള എല്ലാ പരാമര്‍ശങ്ങളും കുഴിച്ചുമൂടുകയും, ഭാരതമാകുന്ന ഒരേ ഒരു സ്‌റ്റേറ്റിനകത്തു സ്വയംഭരണാവകാശമോ അര്‍ദ്ധ സ്വയം ഭരണാവകാശമോ ഉള്ള സ്റ്റേറ്റുകളുടെ അസ്തിത്വത്തെ തന്നെ തൂത്തുവാരിക്കളയുകയും, ശിഥിലീകരണത്തിന്റെയും പ്രാദേശികതയുടെയും വിഭാഗീയതയുടെയും ഭാഷാവൈവിധ്യത്തിന്റെയും അങ്ങനെ മറ്റേതു തരത്തിലുള്ളതുമായ ശക്തികളുടെ കണികകള്‍ക്കുപോലും നമ്മുടെ ഏകാത്മകമായ സാമ്രാജ്യത്തെ തകിടം മറിക്കാന്‍ അവസരം കൊടുക്കാത്ത തരത്തിലും ഒരു രാജ്യം, ഒരു നിയമസഭ, ഒരു എക്സിക്യൂട്ടീവ് എന്ന് തുറന്നു പ്രഖ്യാപിക്കുകയും ആണ്. ഈ ഏകഘടകഭരണകൂടം സ്ഥാപിക്കുവാന്‍ തക്കവണ്ണം ഭരണഘടനയെ വീണ്ടുമൊന്നു പരിശോധനാവിധേയമാക്കി പുതുക്കിയെഴുതട്ടെ”. (വിചാരധാര, ഗുരുജി ഗോള്‍വല്‍ക്കര്‍, വിവര്‍ത്തനം, പി.മാധവന്‍, 1498, 269) ഈ പ്രഖ്യാപനങ്ങളുടെ അര്‍ത്ഥം പിടികിട്ടാത്ത മതനിരപേക്ഷ വാദികള്‍ ഇപ്പോഴും ഇരുട്ടില്‍ തപ്പുകയാണ്. എല്ലാ വൈവിധ്യങ്ങളും അമര്‍ച്ചചെയ്യാനും ബ്രാഹ്മണാധികാരവാഴ്ചക്കു വേണ്ട ഭരണഘടന സജ്ജമാക്കാനുമായി ആഹ്വാനം ചെയ്യുന്ന പ്രസ്ഥാനത്തിന്റെ ഓരോ ചുവടുവയ്പ്പും ഇന്ത്യയിലെ കീഴാള-ദരിദ്ര ന്യൂനപക്ഷങ്ങളാവുന്ന ജനകോടികളുടെ ചുമലില്‍ ചവിട്ടിയാണെന്നു ഇനിയെങ്കിലും തിരിച്ചറിയേണ്ടതുണ്ട്.
‘സര്‍ഗാത്മക ന്യൂനപക്ഷം’ എന്ന സംഘപരിവാര്‍ കാഴ്ചപ്പാടിന്റെ വെളിച്ചത്തിലാണ് അവശേഷിക്കുന്നവരെ ശാരീരികജോലി ചെയ്യാന്‍ [physical labour ] മാത്രം സജ്ജമാക്കുന്നത്. മഹാഭൂരിപക്ഷം അത്യാവശ്യത്തിനുള്ള പ്രാദേശികഭാഷയും കുറച്ചു ഗണിതവും പഠിച്ച് പഴയതു പോലെ ‘അടിമ’ വേലക്കാരായി മാറുന്ന പുതിയകാലത്തിലേക്കാണ് നാം അതിവേഗം കുതിക്കുന്നത്. ഇനി ഒരു അംബേദ്കറോ നാരായണഗുരുവോ, അയ്യങ്കാളിയോ ,പെരിയാറോ, മുഹമദ് അബ്ദുറഹിമാന്‍ സാഹിബോ, പൊയ്കയില്‍ അപ്പച്ചനോ ഉണ്ടാവാത്ത വിധം വിദ്യാഭ്യാസവും അധികാരവും മര്‍ദ്ദക ഉപകരണങ്ങളോട് കൈകോര്‍ത്തുകൊണ്ടായിരിക്കും നമ്മുടെ രാജ്യത്തെ നിയന്ത്രിക്കുക. തീര്‍ച്ചയായും അധികാരകേന്ദ്രീകരണവും വംശീയ വിദ്വേഷവും ജാതി റിപബ്ലിക്കിന്റെ മൗലികഭാഗമായി മാറ്റാന്‍ വിദ്യാഭ്യാസത്തെ പുന:ക്രമീകരിക്കേണ്ടത് ഈ ഭരണകൂടത്തിന് അനിവാര്യമാണ്. ആ ഒരു പ്രത്യയശാസ്ത്ര ദൗത്യമാണ് ഇവിടെ പ്രഖ്യാപിച്ചതെന്നിരിക്കെ കേരളം പോലുള്ള സാക്ഷരസംസ്ഥാനം ഇതിനെ പ്രതിരോധിക്കണമെന്നും അതിനുവേണ്ട ജനകീയ മുന്നേറ്റങ്ങള്‍ ഉണ്ടാവണമെന്നും ആശംസിക്കട്ടെ.
സുഹൃത്തെ,
അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പന്ത്രണ്ടാം വര്‍ഷത്തേക്ക് കടക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2024 - 25 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.
The Critic, A/C No - 020802000001158,
Indian Overseas Bank,
Thrissur - 680001, IFSC - IOBA0000208
google pay - 9447307829
സ്നേഹത്തോടെ ഐ ഗോപിനാഥ്, എഡിറ്റര്‍, thecritic.in
Puratchi
September 16, 2020 at 7:32 am
Great article! I saw an English article on NEP. Interested people can read it at: https://medium.com/age-of-awareness/indias-national-education-policy-2020-visionary-or-rhetoric-b358b11f7849