ഒരു ബാലികാദിനം കൂടി കടന്നുപോകുമ്പോള്‍
സംശയമില്ല, ആണ്‍കുട്ടികളും നിരവധി പ്രശ്‌നങ്ങള്‍ നേരിടുന്നുണ്ട്. എന്നാല്‍ നൂറ്റാണ്ടുകളായി നിലനില്‍ക്കുന്ന ലിംഗവിവേചനം പെണ്‍കുട്ടികള്‍ നേരിടുന്ന പ്രശ്‌നങ്ങളെ അതിരൂക്ഷമാക്കുന്നു. അതിലേറ്റവും പ്രധാനം ലൈംഗിക പീഡനങ്ങള്‍ തന്നെ. അത് മിക്കവാറും സംഭവിക്കുന്നത് അവരുടെ വീടുകളിലും ബന്ധുവീടുകളിലുമാണ് എന്നത് കൂടുതല്‍ ഗൗരവകരമാക്കുന്നു. മാതാപിതാക്കള്‍ മുതല്‍ മറ്റു ബന്ധുക്കളും അയല്‍ക്കാരുമൊക്കെയാണ് പലപ്പോഴും പ്രധാന പീഡകരും സഹായികളും. പലപ്പോഴും അധ്യാപകരും. ഈ പീഡനങ്ങള്‍ മിക്കവാറും പുറത്തറിയാറില്ല. അപമാനത്തിന്റെ പേരില്‍ അതെല്ലാം സഹിക്കാന്‍ നമ്മുടെ കുട്ടികള്‍ നിര്‍ബന്ധിതരാകുന്നു.
പതിവു ആഘോഷങ്ങളും ചടങ്ങുകളും സാമൂഹ്യമാധ്യമ പോസ്റ്റുകളുമായി ഒരു ദേശീയബാലികാദിനം കൂടി കടന്നുപോയി. ആഘോഷങ്ങളോ ചടങ്ങുകളോ വേണ്ട എന്നല്ല. മറിച്ച് ബാലികാദിനാചാരണത്തിന്റെ ലക്ഷ്യങ്ങള്‍ നേടുന്നതില്‍ നാമെത്ര മുന്നേറുന്നുണ്ട് എന്ന പരിശോധനയാണ് പ്രധാനം. അക്കാര്യത്തില്‍ നാം ഒച്ചിഴയുന്ന വേഗത്തില്‍ മാത്രമാണെന്നു പറയാതിരിക്കാനാവില്ല. മലപ്പുറത്ത് ശൈശവവിവാഹം എന്ന വാര്‍ത്ത പുറത്തു വരുമ്പോഴാണ് ഈ കുറിപ്പ് തയ്യാറാക്കുന്നത് എന്നതാണ് വൈരുദ്ധ്യം. പല പോക്‌സോ കേസ് ഇരകളുടെ ആത്മഹത്യകളും കഴിഞ്ഞ ദിവസങ്ങളില്‍ കേരളത്തില്‍ നടന്നു.
ഒക്ടോബര്‍ 11 നാണ് അന്താരാഷ്ട്ര ബാലികാദിനമെങ്കിലും ഇന്ത്യയില്‍ പെണ്‍കുട്ടികളുടെ ദിനമായി ആചരിക്കുന്നത് ജനുവരി 24 നാണ്. നമ്മുടെ ആദ്യ വനിതാ പ്രധാനമന്ത്രിയായി ഇന്ദിരാഗാന്ധി 1966 ജനുവരി 24 നാണ് ചുമതലയേറ്റത്. അതിന്റെ അടിസ്ഥാനത്തിലാണ് ദേശീയ ബാലികാദിനമായി ജനുവരി 24 ന് ആചരിക്കാന്‍ തുടങ്ങിയത്. ഇന്ത്യയില്‍ 2008 മുതലാണ് ഇത് നിലവില്‍ വന്നത്. പെണ്‍കുട്ടികളുടെ അവകാശങ്ങള്‍ സംരക്ഷിക്കുന്നതിനും അവര്‍ നേരിടുന്ന ലിംഗ വിവേചനങ്ങള്‍ക്കുമെതിരെ ബോധവത്കരണം നടത്തുന്നതിനുമാണ് ബാലികാ ദിനം ആചരിക്കുന്നത്. ഇന്ദിരാഗാന്ധിക്കു ശേഷം മറ്റൊരു വനിതാ പ്രധാനമന്ത്രി ഉണ്ടായില്ല എന്നതു തന്നെ ഇത്തരമൊരു ദിനാചരണത്തിന്റെ പ്രസക്തി വ്യക്തമാക്കുന്നു.
തീര്‍ച്ചയായും പെണ്‍കുട്ടികളുടെ ഉന്നമനത്തിനായി നിരവധി പദ്ധതികള്‍ രാജ്യത്ത് നിലവിലുണ്ട്. സുകന്യ സമൃദ്ധി യോജന, ബാലികാ സമൃദ്ധി യോജന, ഇന്ദിരാഗാന്ധി സ്‌കോളര്‍ഷിപ്പ്, സിബിഎസ്ഇ ഉഡാന്‍, വിവേകാനന്ദ ഫെലോഷിപ്പ്, പ്രഗതി സ്‌കോളര്‍ഷിപ്പ്, ഇന്‍സെന്റീവ് സ്‌കീം, ബീഗം ഹസ്രത് മഹല്‍ സ്‌കോളര്‍ഷിപ്പ്, ബേട്ടി ബചാവോ ബേട്ടി പഠാവോ, പോഷകാഹാര പദ്ധതി എന്നിങ്ങനെ ആ പട്ടിക നീളുന്നു. എന്നാല്‍ ലിംഗവിവേചനത്തിലധിഷ്ഠിതമായ സാമൂഹികാവബോധത്തില്‍ മാറ്റം വരാതെ ഇത്തരം പദ്ധതികള്‍ പ്രതീക്ഷിക്കുന്ന ഫലം ചെയ്യില്ല. അത്തരമൊരു ലക്ഷ്യത്തോടെയാണ് ബാലികാദിനം ആചരി്ക്കുന്നത്.
ദി ക്രിട്ടിക് ഫേസ് ബുക്ക് പേജ് ലൈക്ക് ചെയ്യുക
സംശയമില്ല, ആണ്‍കുട്ടികളും നിരവധി പ്രശ്‌നങ്ങള്‍ നേരിടുന്നുണ്ട്. എന്നാല്‍ നൂറ്റാണ്ടുകളായി നിലനില്‍ക്കുന്ന ലിംഗവിവേചനം പെണ്‍കുട്ടികള്‍ നേരിടുന്ന പ്രശ്‌നങ്ങളെ അതിരൂക്ഷമാക്കുന്നു. അതിലേറ്റവും പ്രധാനം ലൈംഗിക പീഡനങ്ങള്‍ തന്നെ. അത് മിക്കവാറും സംഭവിക്കുന്നത് അവരുടെ വീടുകളിലും ബന്ധുവീടുകളിലുമാണ് എന്നത് കൂടുതല്‍ ഗൗരവകരമാക്കുന്നു. മാതാപിതാക്കള്‍ മുതല്‍ മറ്റു ബന്ധുക്കളും അയല്‍ക്കാരുമൊക്കെയാണ് പലപ്പോഴും പ്രധാന പീഡകരും സഹായികളും. പലപ്പോഴും അധ്യാപകരും. ഈ പീഡനങ്ങള്‍ മിക്കവാറും പുറത്തറിയാറില്ല. അപമാനത്തിന്റെ പേരില്‍ അതെല്ലാം സഹിക്കാന്‍ നമ്മുടെ കുട്ടികള്‍ നിര്‍ബന്ധിതരാകുന്നു. 2012ലെ പോക്‌സോ നിയമം നിലവില്‍ വരുന്നതുവരെ കുട്ടികളെ ലൈംഗികാതിക്രമത്തില്‍നിന്ന് സംരക്ഷിക്കുവാനായി പ്രത്യേക നിയമം പോലും ഉണ്ടായിരുന്നില്ല. മാത്രമല്ല ഇന്ത്യന്‍ ശിക്ഷാനിയമത്തിലേയും ക്രിമിനല്‍ നടപടി നിയമഭേദഗതിയിലെയും വകുപ്പുകള്‍ ‘കുട്ടി’ എന്ന പ്രത്യേക പരിഗണന നല്‍കിയിരുന്നുമില്ല. അതുകൊണ്ടുതന്നെ കുട്ടികള്‍ക്കെതിരെയുള്ള ലൈംഗികാതി ക്രമകേസുകളില്‍ നീതി ഉറപ്പാക്കുക ദുഷ്‌കരമായിരുന്നു. ഇപ്പോള്‍ കാര്യങ്ങളില്‍ ചെറിയ മാറ്റമുണ്ട്. കുറച്ചൊക്കെ കാര്യങ്ങള്‍ പുറത്തുവരാന്‍ തുടങ്ങിയിട്ടുണ്ട്. അപ്പോഴും പലരീതിയിലുള്ള സമ്മര്‍ദ്ദങ്ങളും കാലതാമസവും മറ്റും മൂലം വലിയൊരു ഭാഗം കേസുകളിലും നീതി ലഭിക്കുന്നില്ല. അതിനൊരു മാറ്റം അടിയന്തിരമായി ഉണ്ടാകേണ്ടിയിരിക്കുന്നു.
അതേസമയം ഈ വിഷയവുമായി ബന്ധപ്പെട്ടു നടക്കുന്ന മിക്ക ചര്‍ച്ചകളും ബോധവല്‍ക്കരണങ്ങളും പെണ്‍കുട്ടികളെ ലക്ഷ്യമാക്കിയിട്ടാണ്. അവര്‍ അടങ്ങിയൊതുങ്ങി വളരണം, നേരെ വീട്ടിലോ ഹോസ്റ്റലിലോ എത്തണം, മറ്റൊരു ആക്ടിവിറ്റിയും വേണ്ട, ആണ്‍കുട്ടികളോട് അധികം ഇടപെടേണ്ട, മൊബൈല്‍ നെറ്റ് ഉപയോഗം വേണ്ട, വേഷവിധാനങ്ങള്‍ നിയന്ത്രിക്കണം എന്നിങ്ങനെ പോകുന്നു അവര്‍ക്കുള്ള ഉപദേശങ്ങള്‍. പണ്ട് പറയാറുള്ള കാര്യങ്ങള്‍ തന്നെ പുതിയ ഭാഷയില്‍. സത്യത്തില്‍ ക്ലാസ്സുകള്‍ മുഖ്യമായും കൊടുക്കേണ്ടത് ആണ്‍കുട്ടികള്‍ക്കാണ്. പെണ്‍കുട്ടികളും തുല്ല്യരാണെന്നും അവരെ അതു പോലെ തന്നെ കാണണമെന്നുമാണവര്‍ക്ക് പറഞ്ഞുകൊടുക്കേണ്ടത്. പെണ്‍കുട്ടികളോട് പറയേണ്ടത് നിയന്ത്രണങ്ങളല്ല, എന്തിനേയും നേരിടാനുള്ള ആത്മബലം നേടാനാണ്.
വിദേശ രാജ്യങ്ങളില്‍ മിക്കയിടത്തും കുട്ടികള്‍ക്ക് ലൈംഗിക വിദ്യാഭ്യാസം നല്‍കുന്നുണ്ട്. അതുവഴി സ്പര്‍ശനത്തിന്റെ സ്വഭാവം പോലും അവര്‍ക്കു മനസ്സിലാക്കാം. പ്രതികരിക്കാനുള്ള മാനസികശേഷി വളര്‍ത്തിയെടുക്കാനുള്ള വിദ്യാഭ്യാസ രീതിയും പലയിടത്തുമുണ്ട്. സ്‌കൂളുകളില്‍ കൗണ്‍സിലര്‍മാരുണ്ട്. ലൈംഗിപീഡനം മാത്രമല്ല, മറ്റുപീഡനങ്ങളും സംഭവങ്ങളും കൗണ്‍സിലര്‍മാരോടു പറയാനുള്ള സംവിധാനമുണ്ട്. ഇവിടേയും അവയെല്ലാം ആരംഭിച്ചിട്ടുണ്ടെങ്കിലും ഒരുപാട് മുന്നോട്ടുപോകേണ്ടതുണ്ട്. ബാലാവകാശങ്ങളെ കുറിച്ച് ഇപ്പോഴും സമൂഹത്തില്‍ വേണ്ടത്ര അവബോധമില്ല. ആണ്‍കുട്ടികളേയും പെണ്‍കുട്ടികളേയും ഒന്നിച്ചിരുത്തി പഠിപ്പിക്കാന്‍ പോലും തയ്യാറാവാതെ അവരുടെ മാനസികമായ വളര്‍ച്ചയും നമ്മള്‍ തടയുകയാണ്. യൂണിഫോമില്‍ പോലും വലിയ വിവേചനം നിലനില്‍ക്കുന്നു. ചലനസ്വാതന്ത്ര്യത്തെ തടയുന്ന യൂണിഫോമുകള്‍ അടിയന്തിരമായി ഒഴിവാക്കണം. അതുപോലെതന്നെയാണ് പട്ടിക്കും പൂച്ചക്കും സഞ്ചരിക്കാവുന്ന പൊതുവീഥിയില്‍ ഏതുസമയത്തും സുരക്ഷിതമായി നടക്കാനുള്ള അവകാശം അവര്‍ക്ക് നിഷധിക്കുന്നത്. എന്തിനേറെ, ജനിക്കാനുള്ള അവകാശം പോലും പലപ്പോഴും നിഷേധിക്കപ്പെടുന്നു എന്നാണല്ലോ വര്‍ദ്ധിച്ചുവരുന്ന ഗര്‍ഭഛിദ്രകണക്കുകള്‍ വ്യക്തമാക്കുന്നത്.
ദി ക്രിട്ടിക് യു ട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
ഭക്ഷണം മുതല്‍ വിദ്യാഭ്യാസം വരെ എല്ലാ വിഷയങ്ങളിലും പെണ്‍കുട്ടികളോട് വിവേചനം ഇപ്പോഴും നിലനില്‍ക്കുന്നു എന്നതും പച്ചയായ യാഥാര്‍ത്ഥ്യമാണ്. കാര്യങ്ങള്‍ കുറെയൊക്കെ മെച്ചമായ കേരളത്തില്‍ പോലും ഉന്നതവിദ്യാഭ്യാസരംഗത്തേക്ക് വരുമ്പോള്‍ പെണ്‍കുട്ടികള്‍ ഭൂരിഭാഗവും സാധാരണ ഡിഗ്രി കോഴ്സുകളില്‍ ഒതുങ്ങുന്നു. പുറത്തുപോയുള്ള ഉന്നതവിദ്യാഭ്യാസവും കൂടുതല്‍ ലഭിക്കുന്നത് ആണ്‍കുട്ടികള്‍ക്കുതന്നെ. പെണ്‍കുട്ടികളെ വിവാഹം കഴിക്കുന്നതുവരെ പഠിക്കാന്‍ വിടുക എന്ന മനോഭാവം ഇപ്പോഴും ശക്തമായി തന്നെ നിലനില്‍ക്കുന്നു. നിയമവിരുദ്ധമായ സ്ത്രീധനത്തിനടക്കമുള്ള പണം കണ്ടെത്താനുള്ള രക്ഷാകര്‍ത്താക്കളുടെ നെട്ടോട്ടം കാണുന്ന കുട്ടികള്‍ക്ക് തങ്ങളോടുതന്നെ പലപ്പോഴും വെറുപ്പു തോന്നിയാല്‍ അത്ഭുതപ്പെടേണ്ടതില്ലല്ലോ. സ്വന്തമായി തൊഴിലും വരുമാനവും നേടിയശേഷം മാത്രം വിവാഹം എന്ന മനോഭാവം വളരണം. മറുവശത്ത് പ്രണയത്തിന്റെ പേരില്‍ വഞ്ചിക്കപ്പെടുകയും കൊലപാതകത്തിലേക്കോ ആത്മഹത്യയിലേക്കോ വലിച്ചെറിയപ്പെടുന്ന പെണ്‍കുട്ടികളുടെ എണ്ണവും വര്‍ദ്ധിക്കുന്നു. ലോകത്തെ വിരല്‍തുമ്പിലേക്കു കൊണ്ടുവരുന്ന ആധുനിക സാങ്കേതിക വിദ്യയാണ് പലപ്പോഴും അവരെ ചതിക്കുന്നത് എന്നതാണ് ഖേദകരം. കൂടുതല്‍ കൂടുതല്‍ കലുഷിതമാകുന്ന നമ്മുടെ കുടുംബബന്ധങ്ങള്‍ കൂടുതല്‍ ബാധിക്കുന്നത് സ്വാഭാവികമായും പെണ്‍കുട്ടികളെ തന്നെ.
സംരക്ഷണമല്ല, അവകാശമാണ് കുട്ടികള്‍ക്ക് വേണ്ടതെന്ന് ഇനിയെങ്കിലും നാം അംഗീകരിക്കണം. കുട്ടികള്‍ കുടുംബത്തിന്റേതല്ല, സമൂഹത്തിന്റെ സ്വത്താണ് എന്ന സങ്കല്‍പ്പത്തിലായിരിക്കണം ഈ പൊളിച്ചെഴുത്ത് ആരംഭിക്കേണ്ടത്.
ഇരുപത്തിയൊന്നാം നൂറ്റാണ്ടിലെ കുട്ടികളുടെ ലോകം അതിന് മുമ്പുള്ളതില്‍ നിന്ന് ഏറെ വ്യത്യസ്തമാണ്. അതു തിരിച്ചറിയാന്‍ രക്ഷാകര്‍ത്താക്കള്‍ക്കും അധ്യാപകര്‍ക്കും മാത്രമല്ല, സമൂഹത്തിനാകെ കഴിയണം. അത്തരത്തില്‍ വളരുന്ന കുഞ്ഞുങ്ങള്‍ ഭാവിപൗരന്മാരാകുമ്പോള്‍ രൂപപ്പെടുന്ന ലോകം വിവേചനങ്ങളെ മറികടക്കുന്നതായിരിക്കും എന്നുറപ്പ്. തുടക്കത്തില്‍ പറഞ്ഞപോലെ പ്രധാനമന്ത്രി സ്ഥാനത്തുമാത്രമല്ല, സമൂഹത്തിലെ നിര്‍ണ്ണായകപദവികളിലെല്ലാം സ്ത്രീകള്‍ എത്തിചേരണം. അത്തരമൊരു ലക്ഷ്യത്തോടെയായിരിക്കണം, കുട്ടികളെ വളര്‍ത്തേണ്ടത്. മറ്റൊന്നു കൂടി, വിശാലാര്‍ത്ഥത്തില്‍ ബാലികാദിനമെന്നു പറയുന്നത് പെണ്‍കുട്ടികളുടെ മാത്രമല്ല, ആണ്‍കുട്ടികളുടേയും ദിനമാണ്. കാരണം പെണ്‍കുട്ടികളെ തുല്ല്യരായി കാണാനുള്ള മനോഭാവം അവരിലുണ്ടാകാനും ഈ ദിനാചരണം കാരണമാകണം എന്നതു തന്നെ. ഭാവിതലമുറയെങ്കിലും എല്ലാവിധ വിവേചനങ്ങളേയും മറികടക്കട്ടെ……
സുഹൃത്തെ,
അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പന്ത്രണ്ടാം വര്‍ഷത്തേക്ക് കടക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2024 - 25 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.
The Critic, A/C No - 020802000001158,
Indian Overseas Bank,
Thrissur - 680001, IFSC - IOBA0000208
google pay - 9447307829
സ്നേഹത്തോടെ ഐ ഗോപിനാഥ്, എഡിറ്റര്‍, thecritic.in