ലിവിങ് വില്‍ മരണതാല്പര്യ പത്രത്തിനൊരാമുഖം

ലിവിങ്ങ് വില്‍ തയ്യാറാക്കുന്നയാള്‍ക്ക് പ്രായപൂര്‍ത്തിയായിട്ടുണ്ടാകണം, ആരോഗ്യമുള്ള മനസ്സുള്ളയാളാകണം, ജീവന്‍ നീട്ടിക്കൊണ്ടുപോകാനുള്ള ചികിത്സ അവസാനിപ്പിക്കേണ്ട സാഹചര്യം എന്താണെന്ന് ധാരണയുണ്ടാകണം, അത്തരമൊരവസ്ഥയില്‍ തന്റെ ശരീരത്തില്‍ എന്ത് ചെയ്യാം എന്ത് ചെയ്തുകൂടാ എന്ന തീരുമാനം ആരോഗ്യമുള്ള മനസ്സുള്ളപ്പോള്‍, പരപ്രേരണ കൂടാതെ എടുക്കണം.

നമ്മുടെ ഭരണഘടനയുടെ ഇരുപത്തൊന്നാം അനുഛേദപ്രകാരം എല്ലാ ഇന്ത്യക്കാര്‍ക്കും ജീവിക്കുവാന്‍ അവകാശമുണ്ട്-Right to life. അത് സുപ്രീംകോടതി വിശദീകരിച്ചിട്ടുമുണ്ട്. Right to life എന്നു പറഞ്ഞാല്‍ Right to existence അല്ല. വെറുതെ നിലനില്‍ക്കാനുള്ള അവകാശമല്ല, മറിച്ച് അന്തസ്സോടെ ജീവിക്കുവാനുള്ള അവകാശമാണ്. ഭക്ഷണം, വസ്ത്രം, പാര്‍പ്പിടം പോലെ ആരോഗ്യസുരക്ഷയും പ്രധാനമാണ്. അപ്പോള്‍, ജീവിതത്തിന്റെ ഒരു ഭാഗമാണ് മരണവും എന്ന നിലയില്‍, അന്തസ്സോടെ മരിയ്ക്കുവാനുള്ള അവകാശവും അതില്‍ നൈസര്‍ഗ്ഗികമായി ഉള്‍പ്പെടുന്നുണ്ടെന്നാണ് ഞാന്‍ കരുതുന്നത്.

1967ല്‍ ‘യൂത്തനേഷ്യ സൊസൈറ്റി ഓഫ് അമേരിക്ക’യില്‍ നടത്തിയ ഒരു പ്രഭാഷണത്തില്‍, ലൂയി കുറ്റ്‌നര്‍ (Luis Kutner) എന്ന ഇല്ലിനോയിസ് നിയമജ്ഞനാണ് ‘ലിവിങ് വില്‍’ എന്ന ആശയം ആദ്യമായി മുന്നോട്ടുവെച്ചത്. ഒരുപാട് പേര്‍ തങ്ങളുടെ ജീവിതവസാനത്തില്‍ നേരിട്ട ജീവിതവും മരണവും തമ്മിലുള്ള മല്‍പ്പിടുത്തം കണ്ട് സഹികെട്ടാണ് അദ്ദേഹം ഈ ഒരാശയം രൂപീകരിച്ചത്. 1969ലെ ഒരു നിയമ ജേര്‍ണലില്‍ അദ്ദേഹം അത് പ്രസിദ്ധീകരിക്കുകയും ചെയ്തു. മനുഷ്യന് അന്തസ്സോടെ മരിക്കാനും അവകാശമുണ്ടെന്ന് അദ്ദേഹം കരുതി. ലിവിങ് വില്ലിന്റെ ആദ്യത്തെ കരട് അദ്ദേഹമാണ് തയ്യാറാക്കിയത്. അതിന്റെ ചരുക്കമിങ്ങനെ :

‘ചികില്‍സിച്ച് സുഖപ്പെടുത്താനാകാത്തതും സാധാരണ ജീവിതത്തിലേക്ക് തിരിച്ചുവരാന്‍ ഇടയില്ലെന്ന് ഉറപ്പായതുമായ അവസ്ഥയിലേക്ക് ഞാന്‍ നിപതിക്കുകയും ചികിത്സ തുടരണോ വേണ്ടയോ എന്ന് തീരുമാനിക്കുവാനുള്ള ശേഷി എനിക്ക് നഷ്ടപ്പെടുകയും ചെയ്യുന്ന സാഹചര്യമുണ്ടായാല്‍ വേദനയകറ്റുകയും സുഖം നല്‍കുകയും ചെയ്യാത്ത എല്ലാ ചികിത്സയും അവസാനിപ്പിക്കുകയും മരണം നീട്ടിവെയ്ക്കാനുള്ള എല്ലാ സംവിധാനങ്ങളും പിന്‍വലിക്കുകയും വേണമെന്ന് ഞാന്‍ നിര്‍ദ്ദേശിക്കുന്നു.’ സാധാരണ ജീവിതത്തിലേയ്ക്ക് മടങ്ങിവരില്ലെന്ന് ഉറപ്പായ ഒരാളുടെ ജീവന്‍ പിടിച്ച്‌നിര്‍ത്തേണ്ടതുണ്ടോ എന്ന ചോദ്യമാണ് അദ്ദേഹം ഇതിലൂടെ ഉന്നയിച്ചത്.

മരണത്തില്‍ ഇന്ന്, വലിയ സാമ്പത്തിക താല്പര്യങ്ങള്‍ കൂടി ഉള്‍പ്പെട്ടിരിക്കുന്നു. ജനനത്തേക്കാള്‍ വലിയ ബിസിനസ്സാണ് മരണം. ആശുപത്രികളുടെ സാമ്പത്തിക സംരക്ഷണത്തിനായി എത്രകാലം വേണമെങ്കിലും ഒരാളെ വൃഥാ ഐസിയുവില്‍ കിടത്തുന്നു. യഥാര്‍ത്ഥത്തില്‍, നമ്മുടെ മരണത്തില്‍ നമ്മുടെ താല്പര്യങ്ങളാണ് പ്രാഥമികമായി സംരക്ഷിക്കപ്പെടേണ്ടത്. അന്തസ്സോടെയുള്ള ജീവിതത്തിന്റെ ഭാഗമാണ് അന്തസ്സോടെയുള്ള മരണവും. 1933ല്‍ ഉറുഗ്വായ് എന്ന ലാറ്റിന്‍ അമേരിക്കന്‍ രാജ്യത്താണ് ആദ്യമായി ഈ വിഷയം ചര്‍ച്ചചെയ്യുകയും ‘Compassionate suicide is not a crime’ എന്ന് പ്രഖ്യാപിക്കുകയും ചെയ്തത്.

എന്നാല്‍ സ്വന്തം താല്പര്യം വ്യക്തമായി പ്രകടിപ്പിക്കാനാകാത്ത ഒരാളുടെ സ്വാതന്ത്ര്യം എങ്ങനെ സംരക്ഷിക്കപ്പെടും? ഒരു ഉദാഹരണം നോക്കാം. എട്ടുമാസം പ്രായമായ ഒരു കുഞ്ഞിന് സ്വന്തം താല്പര്യം പ്രകടിപ്പിക്കുവാനുള്ള കഴിവോ അറിവോ ശേഷിയോ ഇല്ല. പോരാത്തതിന് ആ കുട്ടി ദിനംപ്രതി ആരോഗ്യം ക്ഷയിച്ചുവരുന്ന ഒരു മാറാരോഗത്തിന് അടിമയായി മരണത്തിലേയ്ക്ക് നീങ്ങുകയുമാണ്. സ്വാഭാവികമായും ആ കുട്ടിയുടെ രക്ഷിതാക്കളായ മാതാപിതാക്കളാണ് ഇക്കാര്യത്തില്‍ കുട്ടിക്കുവേണ്ടി ഉചിതമായ തീരുമാനമെടുക്കേണ്ടത് എന്നാണ് എല്ലാവരും കരുതുക.

ഇത്തരത്തില്‍ ഒരു സംഭവം ബ്രിട്ടനില്‍ ഉണ്ടായി. കുട്ടി ഒരിക്കലും രക്ഷപ്പെടില്ലെന്ന് ഉറപ്പായ അവസ്ഥയിലാണ്. അനുദിനം തകര്‍ന്നുകൊണ്ടിരിയ്ക്കുകയാണ്. സമ്പന്നരായ മാതാപിതാക്കള്‍ ഏത് ചികിത്സയും നല്‍കാന്‍ തയ്യാറാണ്. തദവസരത്തില്‍, പരീക്ഷണഘട്ടത്തിലുള്ള ഒരുതരം ന്യൂക്‌ളിയോ സൈഡ് തെറാപ്പി ഈ കുട്ടിക്ക് നല്‍കി നോക്കിയാലോ എന്ന ആലോചന വന്നു. അത് വളരെ ചെലവേറിയതാണ്. ഭേദമാകുമെന്ന് ഒരു ഉറപ്പുമില്ല. ആസന്നമരണത്തെ തടയാനുമാകില്ല. ഇതിനെതിരെ ചിലര്‍ കോടതിയെ സമീപിച്ചു. ‘കോടതിയുടെ ഏക താല്പര്യം ഈ കുട്ടിയുടെ മനുഷ്യാവകാശമാണ്.’-വിധിന്യായത്തില്‍ കോടതി ചൂണ്ടിക്കാട്ടി. ഓമനയായ ഈ അരുമയുടെ ജീവന്‍ രക്ഷിക്കാനായി മാതാപിതാക്കള്‍ കാണിച്ച താല്പര്യത്തിനെ കോടതി ശ്ലാഘിക്കുകയും അതിനെ ശരിവെയ്ക്കുകയും ചെയ്തു. പക്ഷെ, കുട്ടിയുടെ യഥാര്‍ത്ഥ താല്പര്യമെന്തെന്നാണ് കോടതി ആരാഞ്ഞത്. എന്തായാലും മരിക്കുമെന്ന് ഉറപ്പുള്ള ഈ കുട്ടിയെ വികസിച്ചുവരുന്നതും ഗുണഫലങ്ങള്‍ക്ക് ഒരു ഉറപ്പും ഇല്ലാത്തതുമായ പരീക്ഷണത്തിന് വിട്ടുകൊടുക്കേണ്ടതുണ്ടോ? അതിനാല്‍ കുട്ടിയെ കൂടുതല്‍ ബുദ്ധിമുട്ടിക്കാതെ, സാന്ത്വന ചികിത്സയൊഴിച്ചുള്ള മറ്റെല്ലാ ചികിത്സകളും പിന്‍വലിക്കാനും വിഷമം അനുഭവിക്കാതെ മരണത്തിന് കീഴടങ്ങാനുള്ള സാഹചര്യം സൃഷ്ടിക്കാനുമാണ് ആ കോടതി വിധിച്ചത്. സ്വന്തം അഭിപ്രായം പറയുവാന്‍ കഴിയാത്ത ആ കുട്ടിയുടെ യഥാര്‍ത്ഥ താല്പര്യം എന്താണെന്ന് കണ്ടെത്തുകയാണ് ഇവിടെ കോടതി ചെയ്തത്.

നമ്മുടെയൊക്കെ കാര്യത്തില്‍ സുപ്രീം കോടതി വിധിയനുസരിച്ച് നിലവില്‍ ‘ലിവിങ് വില്‍’ നിയമവിധേയമാണ്. പക്ഷെ, ചില നിബന്ധനകള്‍ക്ക് വിധേയമായി മാത്രം. ആ വില്‍ തയ്യാറാക്കുന്നയാള്‍ക്ക് പ്രായപൂര്‍ത്തിയായിട്ടുണ്ടാകണം, ആരോഗ്യമുള്ള മനസ്സുള്ളയാളാകണം, ജീവന്‍ നീട്ടിക്കൊണ്ടുപോകാനുള്ള ചികിത്സ അവസാനിപ്പിക്കേണ്ട സാഹചര്യം എന്താണെന്ന് ധാരണയുണ്ടാകണം, അത്തരമൊരവസ്ഥയില്‍ തന്റെ ശരീരത്തില്‍ എന്ത് ചെയ്യാം എന്ത് ചെയ്തുകൂടാ എന്ന തീരുമാനം ആരോഗ്യമുള്ള മനസ്സുള്ളപ്പോള്‍, പരപ്രേരണ കൂടാതെ എടുക്കണം. ആ സമ്മതപത്രത്തില്‍ രണ്ട് സാക്ഷികള്‍ ഒപ്പിടണം (അവര്‍ ഏറ്റവും അടുത്ത കുടുംബാംഗങ്ങളോ ബന്ധുക്കളോ ആകുന്നതാണ് ഉചിതവും പ്രായോഗികവും). അതില്‍ ഒരു ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കൂടി ഒപ്പിട്ടാല്‍ നല്ലതാണെന്ന് പറയുന്നുണ്ട്. അത് നിര്‍ബ്ബന്ധമല്ല.

തയ്യാറാക്കിയശേഷം വില്‍ രജിസ്റ്റര്‍ ചെയ്യണം. ശേഷം ലിവിങ് വില്ലിന്റെ പകര്‍പ്പ് നിങ്ങളുടെ ഡോക്ടര്‍ക്ക് നല്‍കണം, ഒരെണ്ണം ചീഫ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റിനോ ചീഫ് എക്‌സിക്യൂട്ടീവ് മജിസ്‌ട്രേറ്റിനോ സമര്‍പ്പിക്കണം. കുടുംബാംഗങ്ങള്‍ക്കോ ബന്ധുക്കള്‍ക്കോ ബന്ധുക്കളില്ലെങ്കില്‍ അടുത്ത മിത്രങ്ങള്‍ക്കോ കൊടുക്കണം.

ദി ക്രിട്ടിക് ഫേസ് ബുക്ക് പേജ് ലൈക്ക് ചെയ്യുക

എന്നാല്‍ ഇങ്ങനെയൊക്കെ തയ്യാറാക്കിയ ലിവിങ് വില്‍ നടപ്പാക്കുന്നതിന് നിലവില്‍ വളരെയേറെ കടമ്പകളുണ്ട്. ഈ രേഖയുടെ അടിസ്ഥാനത്തില്‍, ചികില്‍സിക്കുന്ന ഡോക്ടര്‍ക്കോ അദ്ദേഹമുള്‍പ്പെടുന്ന ആശുപത്രി സംവിധാനത്തിനോ സ്വമേധയാ തീരുമാനമെടുക്കാന്‍ സാധിക്കില്ല. നിലവിലെ രീതിയില്‍ അനുമതി കിട്ടി വരുമ്പോഴേയ്ക്കും മിക്കവാറും രോഗി മരിച്ചിട്ടുണ്ടാകും. ലിവിങ് വില്ലിന്റെ ഉദ്ദേശത്തെത്തന്നെ അത് തകര്‍ക്കുന്നു. അതിനാല്‍ ലിവിങ് വില്‍ നടപ്പാക്കുന്നതിനുള്ള സാങ്കേതിക നൂലാമാലകള്‍ തീര്‍ത്തും ഇല്ലാതാക്കുകയോ വളരെ ലഘൂകരിക്കുകയോ ചെയ്യേണ്ടതാണ്.

ഇക്കാര്യത്തില്‍ ICMR ചില നിര്‍ദ്ദേശങ്ങള്‍ മുമ്പോട്ടുവെച്ചിട്ടുണ്ട്. ‘രോഗിയെ ചികില്‍സിക്കുന്ന ഡോക്ടര്‍ മരണതാല്‍പര്യ പത്രത്തിന്റെ യാഥാര്‍ഥ്യം ഒന്നാം ക്‌ളാസ്സ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റിനെ ബോധിപ്പിക്കണം. സാധ്യമാകുന്ന ചികിത്സ സംബന്ധിച്ചും അതിന്റെ പരിണിതഫലങ്ങളെക്കുറിച്ചും ചികിത്സ വേണ്ടെന്ന് വെച്ചാലുണ്ടാകുന്ന കാര്യങ്ങളെക്കുറിച്ചും ഡോക്ടര്‍ രോഗിയുടെ കുടുംബത്തെയോ കുടുംബമില്ലെങ്കില്‍ അടുത്ത മിത്രത്തെയോ ബോധ്യപ്പെടുത്തണം. ഓരോ ആശുപത്രിയും എല്ലാ പ്രധാന വിഭാഗങ്ങളിലും പെട്ട വിദഗ്ദ്ധ ഡോക്ടര്‍മാര്‍ ഉള്‍പ്പെടുന്ന ഒരു മെഡിക്കല്‍ ബോര്‍ഡ് രൂപീകരിക്കണം. ലിവിങ് വില്‍ നടപ്പാക്കുന്നത് സംബന്ധിച്ച് ഈ ബോര്‍ഡ് അതിന്റെ തീരുമാനം രേഖപ്പെടുത്തണം. തീരുമാനം ജില്ലാ കളക്റ്ററെ അറിയിക്കണം. ജില്ല മെഡിക്കല്‍ ഓഫീസര്‍ പ്രസ്തുത തീരുമാനം ഒന്നാം ക്‌ളാസ്സ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റിനെ ബോധിപ്പിക്കണം. അദ്ദേഹം രോഗിയെ സന്ദര്‍ശിച്ച്, രോഗിയുടെ അവസ്ഥ മനസ്സിലാക്കണം.’ ഇവിടെയും സമയദൈര്‍ഘ്യമാണ് പ്രശ്‌നം. അത്രയും കാലം രോഗി മരണവുമായി മല്ലിടണോ എന്നതാണ് ചോദ്യം.

ഇവിടെയാണ് ചില യൂറോപ്യന്‍ രാജ്യങ്ങളില്‍ നിലവിലുള്ള രീതി പ്രസക്തമാകുന്നത്. അവിടെ രണ്ട് ഡോക്ടര്‍മാര്‍ ചേര്‍ന്ന് തീരുമാനമെടുത്താല്‍ മതി. വിവരം ഒരു നിയമ വിദഗ്ദ്ധനുമായി കൂടിയാലോചിക്കുകയും വേണം. സര്‍ക്കാര്‍ നിയമസംവിധാനത്തെയും അറിയിക്കണം. തുടര്‍ന്ന് ജീവന്‍ നിലനിര്‍ത്തുന്ന സംവിധാനങ്ങള്‍ പിന്‍വലിക്കാം. ഇതുപോലെ ലളിതമായ ഒരു സംവിധാനം നമ്മുടെ നാട്ടില്‍ പ്രായോഗികമാണോ? ആണെങ്കില്‍ അതെങ്ങനെ നടപ്പാക്കാം? ഇതാണ് നമ്മളെല്ലാം ഗൗരവമായി ആലോചിയ്‌ക്കേണ്ട വിഷയം.
ചികില്‍സിച്ച് സുഖപ്പെടുത്താനാകാത്തതും സാധാരണ ജീവിതത്തിലേയ്ക്ക് തിരിച്ചുവരാനിടയില്ലെന്ന് ഉറപ്പായതുമായ രോഗാവസ്ഥയിലുള്ള ഏതൊരാളും, മുന്‍കൂട്ടി തയ്യാറാക്കി രജിസ്റ്റര്‍ ചെയ്തിട്ടുള്ള ‘ലിവിങ് വില്‍’ ആ വ്യക്തിയുടെ മനുഷ്യാവകാശ പ്രമാണമാണ്. ആ പത്രം നടപ്പിലാക്കുന്നതിന് തടസ്സം നില്‍ക്കുന്ന ഇന്നത്തെ സങ്കീര്‍ണ്ണമായ നടപടികള്‍ എത്രയും ലഘൂകരിക്കേണ്ടതാണ്.

(പാഠഭേദവും പാലിയേറ്റീവ് കെയര്‍ സൊസൈറ്റിയും ചേര്‍ന്ന് തൃശൂരില്‍ സംഘടിപ്പിച്ച ഡെത്ത് കഫേയില്‍ സംസാരിച്ച്ത)

സുഹൃത്തെ,
അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പന്ത്രണ്ടാം വര്‍ഷത്തേക്ക് കടക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2024 - 25 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.

The Critic, A/C No - 020802000001158,
Indian Overseas Bank,
Thrissur - 680001, IFSC - IOBA0000208
google pay - 9447307829
സ്നേഹത്തോടെ ഐ ഗോപിനാഥ്, എഡിറ്റര്‍, thecritic.in


ഞങ്ങളുടെ ഫേസ്ബുക് പേജ് ലൈക് ചെയ്യൂ..


Published On

Category: Human rights | Tags: , | Comments: 0 |

'ക്രിട്ടിക്കില്‍ പ്രസിദ്ധീകരിക്കുന്ന ലേഖനങ്ങള്‍ ലേഖകരുടെ അഭിപ്രായങ്ങളാണ്.. അവ പൂര്‍ണ്ണമായും ക്രിട്ടിക്കിന്റെ അഭിപ്രായങ്ങളാകണമെന്നില്ല - എഡിറ്റര്‍'

Be the first to write a comment.

Leave a Reply