മൂളാക്കം – കോഴിക്കോട് സബാള്‍ട്ടേണ്‍ ഫെസ്റ്റിവല്‍ ആരംഭിച്ചു

ഇന്ത്യയുടെ കരുത്ത് ബഹുസ്വരതയും സാംസ്‌കാരിക വൈവിധ്യങ്ങളുമാണെന്നും അതില്‍ ഏറ്റവും വലിയ പങ്കു വഹിക്കുന്നത് സബാള്‍ട്ടേണ്‍ സാംസ്‌കാരിക പാരമ്പര്യമാണെന്നുമുള്ള യാഥാര്‍ത്ഥ്യത്തില്‍ നിന്നാണ് സംഘാടകര്‍ ഫെസ്റ്റിവലിനു രൂപം കൊടുത്തിട്ടുള്ളത്.

സബാള്‍ട്ടേണ്‍ എന്ന വാക്ക് സൂചിപ്പിക്കുന്ന കീഴാളരുടേയും മറ്റു പാര്‍ശ്വവത്കൃതരുടേയും ആലോചനകളും ആവിഷ്‌കാരങ്ങളും ജനാധിപത്യ സംവാദങ്ങളുടെ മുഖ്യധാരയിലേക്ക് എത്തിക്കുകയാണ് ലക്ഷ്യമെന്ന പ്രഖ്യാപനത്തോടെ പാഠഭേദം മാസികയുടെ നേതൃത്വത്തില്‍ മൂളാക്കം എന്ന പേരില്‍ കോഴിക്കോട് നടക്കുന്ന സബാള്‍ട്ടേണ്‍ ഫെസ്റ്റിവല്‍ ഈ ദിശയിലുള്ള ഏറ്റവും ശ്രദ്ധേയമായ മുന്‍കൈയാണ്. 28, 29 തിയതികളിലാണ് ഫെസ്റ്റിവലിലെ പ്രധാനപരിപാടികള്‍. ഇന്ത്യയുടെ കരുത്ത് ബഹുസ്വരതയും സാംസ്‌കാരിക വൈവിധ്യങ്ങളുമാണെന്നും അതില്‍ ഏറ്റവും വലിയ പങ്കു വഹിക്കുന്നത് സബാള്‍ട്ടേണ്‍ സാംസ്‌കാരിക പാരമ്പര്യമാണെന്നുമുള്ള യാഥാര്‍ത്ഥ്യത്തില്‍ നിന്നാണ് സംഘാടകര്‍ ഫെസ്റ്റിവലിനു രൂപം കൊടുത്തിട്ടുള്ളത്. യഥാര്‍ഥത്തില്‍ ആ പാരമ്പര്യത്തെ ദുര്‍ബലപ്പെടുത്തിയത് ആധുനികതയുടെ രൂപത്തില്‍ കടന്നുവന്ന പാശ്ചാത്യ സാംസ്‌കാരിക അധിനിവേശമാണ്. അതാകട്ടെ ഇന്ത്യയിലെ വരേണ്യരുടെ താത്പര്യവുമായി ഒത്തു പോകുന്നതുമായിരുന്നു. അപ്പോള്‍ സബാള്‍ട്ടേണ്‍ രാഷ്ട്രീയം ഒരേ സമയം അധിനിവേശ സംസ്‌കാരത്തേയും രാജ്യത്ത് പിടിമുറുക്കിയിട്ടുള്ള വരേണ്യ സംസ്‌കാരത്തേയും അവരുടെ രാഷ്ട്രീയ അധികാരത്തേയും നേരിടേണ്ടതുണ്ടെന്ന് സംഘാടകര്‍ കരുതുന്നു.

 

 

 

 

 

 

 

 

ഏത് വ്യത്യസ്ത ചിന്തകളോടും പ്രസ്ഥാനങ്ങളോടും മുഖാമുഖം, ആത്മവിശ്വാസത്തോടും അന്തസ്സോടും ധീരതയോടും കൂടി സംസാരിക്കാന്‍ സബാള്‍ട്ടേണ്‍ സാംസ്‌കാരിക രാഷ്ട്രീയത്തിന് സാധ്യമാകണം. മുഖ്യധാരയിലെ വ്യവസ്ഥാപിത ഇടതു – വലതു – ലിബറല്‍ പക്ഷങ്ങളോട്, ചിന്തകൊണ്ടും ആവിഷ്‌കാരം കൊണ്ടും നേര്‍ക്കുനേര്‍ സംസാരിക്കാനുള്ള കരുത്ത് നാം മുമ്പേ പ്രകടിപ്പിച്ചിട്ടുണ്ട്. എന്നാല്‍ നാം ഒരു പടികൂടി സര്‍ഗാത്മകമായി സാഹസികരാകേണ്ടിയിരിക്കുന്നു. അതിനാല്‍ തീവ്ര നിലപാടുള്ള ഇടതു – വലതു രാഷ്ട്രീയ – മത നിലപാടുകളെ കൂടെ നമ്മള്‍ ഫെസ്റ്റിവലിലേക്ക് ക്ഷണിക്കുന്നു. അവര്‍, ഹിന്ദുത്വവാദികളോ ഇസ്ലാമിസ്റ്റുകളോ മാവോയിസ്റ്റുകളോ ആകുന്നത് ജനാധിപത്യവാദികളെ ഒരു തരത്തിലും വേവലാതിപ്പെടുത്തേണ്ടതില്ല. മാത്രമല്ല ചന്ദ്രനിലേക്ക് വിരല്‍ ചൂണ്ടുമ്പോള്‍ ചന്ദ്രനിലേക്ക് നോക്കുകയാണ് പ്രാഥമികമായി വേണ്ടത്. വഴികള്‍ വ്യത്യസ്തമാകാമെങ്കിലും അവരും യാഥാര്‍ഥ്യത്തെ തന്നെയാണ് അഭിമുഖീകരിക്കാന്‍ ശ്രമിക്കുന്നത്. വെറുപ്പിന്റേയും ഹിംസയുടേയും രാഷ്ട്രീയാന്തരീക്ഷത്തില്‍ കൂടുതല്‍ ജനാധിപത്യപരമാവുകയേ നമ്മുടെ മുമ്പില്‍ മാര്‍ഗ്ഗമുള്ളൂ. തീവ്രവാദങ്ങളോട് നേര്‍ക്കുനേര്‍ സംയമനത്തോടെ സംസാരിക്കാന്‍ ശ്രമിക്കാത്തതു കാരണം നമ്മുടെ ജനാധിപത്യം കൂടുതല്‍ കൂടുതല്‍ ദുര്‍ബലമായിത്തീരുകയാണ്. സംവാദങ്ങളിലൂടെയാണ് ഹിംസ കുറയുകയും സാമൂഹ്യ സമത്വം സ്ഥാപിക്കപ്പെടുകയും ചെയ്യുന്നതിന് കളമൊരുങ്ങുക എന്ന് തങ്ങള്‍ വിശ്വസിക്കുന്നതായി സംഘാടകര്‍ പറയുന്നു. തോല്പിക്കാനും ജയിക്കാനുമല്ലാതെ അറിയാനും അറിയിക്കാനുമുള്ള സംഭാഷണത്തിന്റേയും സംവാദത്തിന്റേയും രീതിയിലേക്ക് മാറണമെന്നും.
ഹിറ്റ്ലറെ Dear friend എന്ന് അഭിസംബോധന ചെയ്ത് സാംസ്‌കാരികമായും ആത്മീയമായും മേല്‍ക്കൈ നേടിയ ഗാന്ധിയും ഏതു തരം തീവ്രവാദത്തോടും തുടര്‍ സംവാദങ്ങളിലൂടെ ഇടപെടാന്‍ ശ്രമിച്ച ജെ പി യുമകണം ഇക്കാര്യത്തില്‍ മാതൃക എന്നു പറയുന്ന സംഘാടകര്‍ നൂറ് പൂക്കള്‍ വിരിയട്ടെ എന്ന ആഹ്വാനത്തെ തങ്ങള്‍ക്കിഷ്ടമല്ലാത്ത തൊണ്ണൂറ്റൊമ്പത് പൂക്കളേയും തല്ലിക്കൊഴിക്കാനായി വ്യഖ്യാനിക്കരുതല്ലോ എന്നു ചൂണ്ടികാട്ടുന്നു. ജനാധിപത്യത്തിന്റെ ധീരമായ തുറവി നാം കൈവിട്ടു കളഞ്ഞിരിക്കുന്നു. ജനാധിപത്യം ദുര്‍ബലമാകുമ്പോള്‍ പരസ്പരമുള്ള അസഹിഷ്ണുതയുടെ പക്ഷം കൂടുതല്‍ ശക്തമാകുകയും ജനാധിപത്യം ഉത്സവമാകുമ്പോള്‍ അവര്‍ ദുര്‍ബലമാവുകയും ചെയ്യുന്നതാണല്ലോ യാഥാര്‍ഥ്യം. അതിനാല്‍ ഏത് വിയോജിപ്പുകളോടും തുല്യരെന്ന നിലയില്‍ ചുമലില്‍ കൈവെച്ച് സംസാരിക്കാന്‍ തങ്ങള്‍ ധൈര്യപ്പെടുകയാണെന്നും അവര്‍ കൂട്ടിചേര്‍ക്കുന്നു. അങ്ങനെ സബാള്‍ട്ടേണ്‍ ഫെസ്റ്റ് ജനാധിപത്യത്തിന്റെ ഉത്സവമാക്കി മാറുമെന്നും നമുക്കു ചുറ്റുമുള്ള എല്ലാ ചിന്തകളേയും അറിയാനും അവയോട് ആത്മവിശ്വാസത്തോടെ സംസാരിക്കാനും അവസരമൊരുക്കുമെന്നും അവരാശിക്കുന്നു. അതുകൊണ്ടാണ് കശ്മീരിനേയും അസമിനേയും നോര്‍ത്ത് ഈസ്റ്റിനേയും തിബത്തന്‍ അഭയാര്‍ഥികളേയും ട്രാന്‍സിനേയും ദളിതുകളേയും ആദിവാസികളേയും ന്യൂനപക്ഷങ്ങളേയും ഒരേ പ്ലാറ്റ്ഫോമിലേക്ക് നാം ക്ഷണിക്കുന്നതും എല്ലാ വ്യത്യസ്തതകളോടും ജനാധിപത്യപരമായി നേര്‍ക്കുനേര്‍ സംസാരിക്കാന്‍ അവസരമൊരുക്കുന്നതെന്നും പാഠഭേദം അവകാശപ്പെടുന്നു.

[widgets_on_pages id=”wop-youtube-channel-link”]

ഫെസ്റ്റിവലിനു ല്‍കിയ മൂളാക്കം എന്ന പേര് കേവലം ഒരു ഭാഷാപ്രയോഗം എന്നതിനുമപ്പുറം ഒരു ജീവിത അവസ്ഥയാണെന്നും ഒരേസമയം ശബ്ദവും ശബ്ദമില്ലായ്മയും, ദൃശ്യതയും അദൃശ്യതയുമാണ് ക്കമെന്നും ചൂണ്ടികാട്ടപ്പെടുന്നു. ഒരു വ്യക്തിക്ക് മൂളാക്കം ശബ്ദം ആണെങ്കില്‍ അതേ സമയം അത് മറ്റൊരാള്‍ക്ക് ശബ്ദമില്ലായ്മയുമാണ്. ദലിത് ഗോത്രജീവിതങ്ങളുടെ തന്ത്രവും അതിജീവനവും പ്രതിരോധവും പ്രതിരോധ സംഗീതവുമാണ് മൂളാക്കം. ആരവം മുഴക്കി ശത്രു അപായപ്പെടുത്താന്‍ വരുമ്പോള്‍ ഒരു മൂളാക്കം (ശബ്ദം ) പോലും കേള്‍പ്പിക്കാതെ രക്ഷപെടുന്ന അതിജീവനവും തന്ത്രവുമാണ് മൂളാക്കം. ശബ്ദത്തെ, ശബ്ദമില്ലാതെ നേരിടുന്ന പ്രതിരോധം. പാടത്തെ വിരസമായ പണിക്കിടയില്‍ വിശ്രമം അനുവദിക്കാത്ത കാലങ്ങള്‍ ഉണ്ടായിരുന്നു. തമ്പ്രാന്‍ വിശ്രമിക്കുമ്പോള്‍ തന്ത്രപരമായെടുക്കുന്ന വിശ്രമത്തിന്റെ കോഡ് ഭാഷയും മൂളാക്കമാണ്. പാടത്തെ പണിക്കാര്‍ പണി ചെയ്യുന്നുണ്ടെന്നറിയാന്‍ പണിയാളുകള്‍ മൂളിപ്പാടാറുണ്ടായിരുന്നു. ഉഷാറോടെ മൂളിപ്പാടി നില്‍ക്കുന്ന പണിക്കാരെ പാടത്തു നിര്‍ത്തി തമ്പ്രാന്‍ മടങ്ങുമ്പോള്‍ മൂളാക്കത്തിന്റെ കരുത്തു പണിക്കാര്‍ താഴ്ത്തുന്നു. സ്വയം നേടിയെടുക്കുന്ന വിശ്രമം ആണ് ഇവിടുത്തെ മൂളാക്കം. പണി ചെയ്യല്‍ മന്ദഗതിയില്‍ ആക്കുന്നു. തമ്പ്രാന്‍ മടങ്ങി വരുന്നത് കാണുമ്പോള്‍ മൂളാക്കത്തിന്റെ ഈണം മാറുന്നു. അപായ സൂചനയോടെ മറ്റൊരു മൂളല്‍ മൂളി എല്ലാവരെയും തമ്പുരാന്റെ വരവ് അറിയിക്കുന്നു . വീണ്ടും പഴയതു പോലെ പണി തുടരുന്നു.ഇവിടെ പ്രതിരോധ സംഗീതമാണ് മൂളാക്കം. രോഹിത് വെമൂല എന്ന മൂളാക്കം അദൃശ്യതയിലേക്ക് പോയപ്പോഴാണ് അനവധി മൂളാക്കങ്ങള്‍ ആ കരുത്തില്‍ നിന്നും ഇന്ത്യയൊട്ടാകെ ദൃശ്യതയിലേക്ക് ഉയര്‍ന്നുവന്നതെന്നും ഫെസ്റ്റിവലിനു ആ പേരിട്ട മൃദുലാ ദേവി പറയുന്നു.

also read

സബാള്‍ടേണ്‍ ഫെസ്റ്റിവലില്‍ ഹിന്ദത്വവാദികള്‍ അനിവാര്യമോ പാഠഭേദം?

സുഹൃത്തെ,
അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പന്ത്രണ്ടാം വര്‍ഷത്തേക്ക് കടക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2024 - 25 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.

The Critic, A/C No - 020802000001158,
Indian Overseas Bank,
Thrissur - 680001, IFSC - IOBA0000208
google pay - 9447307829
സ്നേഹത്തോടെ ഐ ഗോപിനാഥ്, എഡിറ്റര്‍, thecritic.in


ഞങ്ങളുടെ ഫേസ്ബുക് പേജ് ലൈക് ചെയ്യൂ..


Published On

Category: Culture | Tags: , , | Comments: 0 |

'ക്രിട്ടിക്കില്‍ പ്രസിദ്ധീകരിക്കുന്ന ലേഖനങ്ങള്‍ ലേഖകരുടെ അഭിപ്രായങ്ങളാണ്.. അവ പൂര്‍ണ്ണമായും ക്രിട്ടിക്കിന്റെ അഭിപ്രായങ്ങളാകണമെന്നില്ല - എഡിറ്റര്‍'

Be the first to write a comment.

Leave a Reply