മഹാസാമുദ്രിക വലയങ്ങള്‍

മനുഷ്യ സമൂഹത്തിന് ഒരു പുതിയ ‘ബൃഹദാഖ്യാനം’ (Grand narration) ആവശ്യമാണ്. സോഷ്യലിസമാണ് ബദല്‍ എന്ന് മേല്‍ക്കൂരയില്‍ നിന്ന് വിളിച്ചു കൂവുന്നത് നമ്മെ മുന്നോട്ട് കൊണ്ടുപോകില്ല. സോഷ്യലിസത്തിന്റെ പേരില്‍ 20ാം നൂറ്റാണ്ടില്‍ സംഭവിച്ചത് മാത്രമാണ് ഇന്ന് ഈ വാക്ക് അര്‍ത്ഥമാക്കുന്നത്. ഇരുപത്തിയൊന്നാം നൂറ്റാണ്ടിനു വേണ്ടി സോഷ്യലിസത്തെ നമ്മള്‍ പുനര്‍നിര്‍വചിക്കേണ്ടതുണ്ട്.

1 . ആഗോളവല്‍ക്കരിക്കപ്പെട്ടതും ആക്രമണോത്സുകവുമായ നവലിബറല്‍ മുതലാളിത്തത്തിന്റെ യുഗത്തിലാണ് നാം ജീവിക്കുന്നത്. ഓരോ ദിവസവും ട്രില്യണ്‍ കണക്കിന് ഡോളര്‍ ലോകമെമ്പാടും വീശിക്കൊണ്ട് ഒരു പ്രദേശത്തിന്റെ അല്ലെങ്കില്‍ മറ്റൊരു പ്രദേശത്തിന്റെ സമ്പദ്‌വ്യവസ്ഥയെ അത് അസ്ഥിരപ്പെടുത്തുന്നു. ഈ അസ്ഥിരതകള്‍ വര്‍ദ്ധിക്കുകയും ലോകത്തെ മുഴുവന്‍ ബാധിക്കുകയും ചെയ്യും. ആരും, കാനനവാസികള്‍ പോലും ഇതില്‍നിന്ന് മുക്തരല്ല. പതിറ്റാണ്ടുകളായി, ഈ അസ്ഥിരതാ തരംഗങ്ങളുടെ ആവൃത്തിയിലും വ്യാപ്തിയിലും തുടര്‍ച്ചയായ വര്‍ദ്ധനവ് കാണാന്‍ കഴിയും. നമ്മള്‍ ഒരു വിനാശകരമായ പ്രതിസന്ധിയിലേക്കാണ് നീങ്ങുന്നത് എന്ന തോന്നലിന് ശക്തി കൂടുകയാണ്.

2. ഇത് നിരവധി നിരീക്ഷണങ്ങളുടെയും അനുഭവങ്ങളുടേയും ഫലമാണ്: വിഭവങ്ങള്‍ കുറയുന്നു; മലിനീകരണ ഭാരം താങ്ങാവുന്ന പരിധിക്കപ്പുറത്തേക്ക് പോയി; അന്തരീക്ഷത്തിലെ ഹരിതഗൃഹ വാതക സാന്ദ്രത 400 ppm CO2 ന് തുല്യമായ ടിപ്പിംഗ് പോയന്റ് കടന്നിരിക്കുന്നു; ആഗോളതാപനത്തിന്റെയും കാലാവസ്ഥാവ്യതിയാനത്തിന്റെയും പ്രധാന സൂചകങ്ങളായ ചുഴലിക്കാറ്റുകളും കൊടുങ്കാറ്റുകളും പോലുള്ള സംഭവങ്ങളുടെ ആവൃത്തിയിലും തീവ്രതയിലും വര്‍ദ്ധനവ് പ്രകടമാണ്; ലോകമെമ്പാടുമുള്ള മണ്ണിന്റെ വര്‍ദ്ധിക്കുന്ന ആരോഗ്യനഷ്ടം, ഹിമാനികളുടെ ചുരുങ്ങല്‍; പോളാര്‍ ഐസ് ക്യാപ്പുകളുടെ ഉരുകല്‍; വര്‍ദ്ധിച്ചുവരുന്ന ശുദ്ധജലക്ഷാമം; വിഭവങ്ങളുടെ മേലുള്ള നിയന്ത്രണത്തിനായി വര്‍ദ്ധിച്ചു വരുന്ന സംഘര്‍ഷങ്ങള്‍; വ്യക്തിവാദത്തിന്റെ വളര്‍ച്ചയും സാമൂഹികതയുടെ നഷ്ടവും. പ്രതിരോധ നടപടികള്‍ സ്വീകരിച്ചില്ലെങ്കില്‍ ഇവയെല്ലാം ഏതെങ്കിലും തരത്തിലുള്ള വംശഭ്രാന്തി (species madness) ലേക്ക് നയിച്ചേക്കാം. കൂട്ട നശീകരണ ആയുധങ്ങളാല്‍ സമ്പന്നമായ ഒരു ലോകത്ത് അത്തരം ഭ്രാന്ത് കാടത്തത്തിലേക്കോ (barbarism) മനുഷ്യരാശിയുടെ സമ്പൂര്‍ണ്ണ നാശത്തിലേക്കോ നയിച്ചേക്കാം.

3. മുതലാളിത്തത്തിന്റെ സ്വാഭാവിക അന്ത്യം ‘കാടത്ത’മാണ്, സോഷ്യലിസമല്ല എന്ന് നൂറിലധികം വര്‍ഷങ്ങള്‍ക്ക് മുമ്പ് റോസ ലക്‌സംബര്‍ഗ് എഴുതി. എറിക് ഹോബ്‌സ്‌ബോം തന്റെ ദി ഏജ് ഓഫ് എക്‌സ്ട്രീംസ് എന്ന പുസ്തകം ഉപസംഹരിച്ചത്, നമ്മുടെ വഴികള്‍ മാറ്റിയില്ലെങ്കില്‍ ഫലം ‘ആകെ ഇരുട്ടായിരിക്കും’ എന്ന മുന്നറിയിപ്പോടെയാണ്. 1972ലെ ക്ലബ് ഓഫ് റോം റിപ്പോര്‍ട്ട്, ലിമിറ്റ്‌സ് ടു ഗ്രോത്ത്, ചരിത്രപരമായ പാതയിലൂടെ നീങ്ങുന്നത് തുടര്‍ന്നാല്‍ മനുഷ്യരുടെ ഭാവിയെന്തായിരിക്കുമെന്നതിനെക്കുറിച്ച് സിസ്റ്റം സിദ്ധാന്തത്തെ അടിസ്ഥാനമാക്കി നടത്തിയ സിമുലേഷന്‍ പഠനത്തിന്റെ ഫലങ്ങള്‍ ഭയപ്പെടുത്തുന്നതായിരുന്നു. ഇരുപത്തിയൊന്നാം നൂറ്റാണ്ടിന്റെ രണ്ടാം പകുതിയോടെ ആളോഹരി ഭക്ഷ്യലഭ്യത ഗണ്യമായി കുറയാന്‍ തുടങ്ങും, മരണനിരക്ക് വര്‍ദ്ധിക്കും, ജനസംഖ്യ കുത്തനെ കുറയും. മനുഷ്യ നാഗരികതയുടെ തകര്‍ച്ചയാണ് നമ്മെ കാത്തിരിക്കുന്നത്. നമ്മള്‍ പുതിയ വിഭവങ്ങള്‍ കണ്ടെത്തുകയും മികച്ച സാങ്കേതികവിദ്യകള്‍ വികസിപ്പിക്കുകയും ചെയ്താലും ചിത്രം മാറില്ല. ഈ തകര്‍ച്ച ഒഴിവാക്കാനുള്ള ഒരേയൊരു മാര്‍ഗ്ഗം, ഇപ്പോഴുള്ള ക്രമാതീതമായ (exponential)  വളര്‍ച്ചയില്‍ നിന്ന് സുസ്ഥിരമായ വികസന പാതയിലേക്ക് മാറുക എന്നതാണ്. മുതലാളിത്ത ക്യാമ്പിലെയും സോഷ്യലിസ്റ്റ് ക്യാമ്പിലെയും മിക്കവാറും എല്ലാ സാമ്പത്തിക വിദഗ്ധരും രാഷ്ട്രീയക്കാരും ഈ നിഗമനത്തെ അക്രമാസക്തമായി എതിര്‍ത്തു. വികസനത്തിന്റെ എല്ലാ പ്രശ്‌നങ്ങളും പരിഹരിക്കാന്‍ മനുഷ്യര്‍ക്ക് കഴിവുണ്ടെന്ന് അവര്‍ വാദിച്ചു.

4. നാല് പതിറ്റാണ്ടുകള്‍ കടന്നുപോയി. ഇതിനിടയില്‍ ലിമിറ്റ്‌സ് ടു ഗ്രോത്തിന്റെ രചയിതാക്കള്‍ 1992ലും 2002ലും തങ്ങളുടെ പഠനം ആവര്‍ത്തിച്ചു. ഭൗമ ഉച്ചകോടിയിലും പിന്നീട് ക്യോട്ടോയിലും എടുത്ത എല്ലാ തീരുമാനങ്ങളും ഉണ്ടായിരുന്നിട്ടും അവര്‍ക്ക് അതേ ചിത്രം തന്നെയാണ് ലഭിച്ചത്. കാര്യങ്ങളൊക്കെ പതിവുരീതികളില്‍ തന്നെ തുടര്‍ന്നു. 2014ല്‍ മെല്‍ബണ്‍ സര്‍വകലാശാലയില്‍ നടത്തിയ ഒരു പഠനം കാണിക്കുന്നത്, ലിമിറ്റ്‌സ് ടു ഗ്രോത്ത് ല്‍ ചിത്രീകരിച്ചിരിക്കുന്ന അതേ വഴിയുടെ അടുത്തു കൂടെ തന്നെയാണ് ലോകം നീങ്ങിക്കൊണ്ടിരിക്കുന്നതെന്നാണ്. ലിമിറ്റ്‌സ് ടു ഗ്രോത്തിന്റെ രചയിതാക്കള്‍ ശരിയാണെന്ന് പിന്നീട് നടത്തിയ കൂടുതല്‍ വിശദമായ പഠനങ്ങള്‍ സ്ഥിരീകരിച്ചു. 1972ല്‍ റിപ്പോര്‍ട്ടിനെ എതിര്‍ത്ത സാമ്പത്തിക വിദഗ്ധര്‍ പോലും പിന്നീട് അതിലെ നിഗമനങ്ങള്‍ ശരിവെക്കുന്ന സാഹചര്യമുണ്ടായി.

5. ഇന്ന് മുഴുവന്‍ മനുഷ്യ സമൂഹവും മുതലാളിത്തത്തിന്റെ കീഴിലോ അതിന്റെ സ്വാധീനത്തിലോ ആണ് ജീവിക്കുന്നത്. മൂലധന വളര്‍ച്ചയാണ് അതിന്റെ ജീവന്‍. ഇതിനായി ചരക്കുകളുടെ ഉല്‍പ്പാദനവും വിനിമയവും തുടര്‍ച്ചയായി വര്‍ദ്ധിപ്പിക്കേണ്ടതുണ്ട്. സമ്പന്നരിലേക്ക് എത്തുന്ന വരുമാനത്തിന്റെ വലിയൊരു പങ്ക് മൂലധനമായി മാറുന്നു. അവരുടെ ഉപഭോഗത്തിന് പരിധികളുണ്ട്. ദരിദ്രരിലേക്ക് എത്തുന്ന സാധനങ്ങള്‍ ഉടനടി ഉപഭോഗം ചെയ്യപ്പെടുന്നു. അവ മൂലധനമായി മാറുന്നില്ല. അതുകൊണ്ട് മൂലധന വളര്‍ച്ച ആവശ്യപ്പെടുന്നത്, സാമൂഹിക ഉല്‍പന്നത്തിന്റെ വലിയ പങ്ക് സമ്പന്നരിലേക്ക് എത്തണമെന്നാണ്, അങ്ങനെ അസമത്വം വര്‍ധിപ്പിക്കണമെന്നും. മുതലാളിത്തം, രാജ്യങ്ങള്‍ക്കുള്ളിലും രാജ്യങ്ങള്‍ തമ്മിലുമുള്ള അസമത്വം വര്‍ദ്ധിപ്പിക്കുന്നതിലേക്ക് നയിക്കുന്നു.

6. ചരക്കുകളുടെ ഉല്‍പ്പാദനത്തിന് അസംസ്‌കൃത വസ്തുക്കളും തൊഴില്‍ശക്തിയും ഒരിടത്ത് ഒത്തുചേരേണ്ടതുണ്ട്. അവ ലഭ്യമായ സ്ഥലങ്ങള്‍ പലയിടത്തായി വിതരണം ചെയ്യപ്പെട്ടുകിടക്കുന്നു. അസംസ്‌കൃത വസ്തുക്കളേയും മനുഷ്യരേയും ഉല്‍പാദന സ്ഥലത്തേക്ക് കൊണ്ടുപോകണം. ഉല്‍പ്പന്നങ്ങളാവട്ടെ, ഉപഭോഗം ചെയ്യപ്പെടുന്നയിടങ്ങളിലേക്ക് തിരികെ കൊണ്ടുപോകണം. ഉല്‍പ്പാദനത്തിന്റെ തോത് വര്‍ദ്ധിക്കുന്നതിനനുസരിച്ച്, ഇതു രണ്ടും വര്‍ദ്ധിക്കുന്നു. ‘ചരക്ക്‌മൈലുകളും,’ ‘സാമൂഹികമായി ആവശ്യമുള്ള യാത്രാമൈലുകളും’ വര്‍ധിച്ചുവരികയാണ്. ഉല്‍പ്പാദന ശക്തികളില്‍ അതിശയകരമായ വികസനം ഉണ്ടായിട്ടും സാമൂഹികമായി ആവശ്യമായ അധ്വാനസമയമോ, യാത്രാസമയമോ കുറഞ്ഞിട്ടില്ല. മനുഷ്യര്‍ വ്യവസ്ഥിതിയുടെ അടിമകളായി മാറിക്കൊണ്ടിരിക്കുന്നു; അവര്‍ കൂടുതല്‍ അന്യവല്‍ക്കരിക്കപ്പെടുകയാണ്. ഈ നിര്‍ബന്ധിത അന്യവല്‍ക്കരണം മുതലാളിത്തത്തില്‍ നിന്ന് വേര്‍തിരിക്കാനാവാത്തതാണ്.

7. ഉത്പാദനത്തിന് ഊര്‍ജം ആവശ്യമാണ്. ഫോസില്‍ ഇന്ധനങ്ങളാണ് പ്രധാന ഉറവിടം. അവ കാര്‍ബണ്‍ ഡൈ ഓക്‌സൈഡും മറ്റ് ഹരിതഗൃഹ വാതകങ്ങളും ഉത്പാദിപ്പിക്കുന്നു. ആണവോര്‍ജ്ജം റേഡിയോ ആക്ടീവ് മാലിന്യങ്ങള്‍ ഉണ്ടാക്കുന്നു. ആയിരം മെഗാവാട്ട് ശേഷിയുള്ള ഒരു ആണവ നിലയം ഓരോ ദിവസവും ഹിരോഷിമ ബോംബ് പുറത്തുവിട്ടതിനു തുല്യമായ റേഡിയോ ആക്ടീവ് പദാര്‍ത്ഥം ഉത്പാദിപ്പിക്കുന്നു. ഇതാണ് നമ്മള്‍ വരുംതലമുറയ്ക്ക് കൈമാറുന്നത്. ചരക്കുകളുടെയും സേവനങ്ങളുടെയും ഉത്പാദനം മറ്റ് അപകടകരമായ മാലിന്യങ്ങളിലേക്കും നയിക്കുന്നു. മുതലാളിത്തം മനുഷ്യരാശിയുടെ ഭാവി നശിപ്പിക്കുന്നു.

8. മനുഷ്യന്റെ ആവശ്യങ്ങള്‍ക്ക് പരിമിതികളുണ്ട്. മുതലാളിത്തം അതിജീവിക്കണമെങ്കില്‍ അതിന് നിരന്തരം ആവശ്യങ്ങള്‍ ഉല്പാദിപ്പിക്കേണ്ടതുണ്ട്. മറ്റൊരു രീതിയില്‍ പറഞ്ഞാല്‍, അത്യാഗ്രഹം. ഇതാണ് മാധ്യമങ്ങളുടെ പ്രധാന ധര്‍മ്മം. ഈട് കുറഞ്ഞ ഉല്‍പന്നങ്ങള്‍, വേഗത്തിലുള്ള കാലഹരണപ്പെടല്‍, വലിച്ചെറിയല്‍ സംസ്‌കാരം, അനന്ത വൈവിധ്യമാര്‍ന്ന പൊങ്ങച്ച വസ്തുക്കള്‍, ആയുധങ്ങളുടെ ഉല്‍പ്പാദനം വര്‍ദ്ധിപ്പിക്കുന്നതിനും പ്രതിരോധച്ചെലവ് വര്‍ദ്ധിപ്പിക്കുന്നതിനും വേണ്ടി നിരന്തരമായ സംഘര്‍ഷാവസ്ഥ, അധോലോകത്തിന്റെ വളര്‍ച്ച തുടങ്ങിയവയെല്ലാം മുതലാളിത്തത്തിന്റെ ഈ ആവശ്യത്തിന്റെ അനന്തരഫലമാണ്. മുതലാളിത്തത്തിന് കപട ആവശ്യങ്ങള്‍ ഉണ്ടാക്കിയേ മതിയാവൂ.

9. ഒടുവില്‍ ഇക്കാലത്ത് മൂലധനം തന്നെ ഒരു ചരക്കായി മാറിയിരിക്കുന്നു. മൂലധന ഷെയറുകളുടെ വ്യാപാരം ഇന്ന് ഭൗതിക ചരക്കുകളുടെ വ്യാപാരത്തെ കവച്ചുവച്ചിരിക്കുന്നു. മൂലധനത്തിന് ഉത്പാദനവുമായുള്ള ബന്ധം നഷ്ടപ്പെട്ടിരിക്കുന്നു. അത് ഊഹക്കച്ചവടത്തിനുള്ള ഒരു ചരക്കായി മാറിയിരിക്കുന്നു. ഊഹക്കച്ചവട മൂലധനത്തിന്മേല്‍ മുതലാളിമാര്‍ക്ക് യാതൊരു നിയന്ത്രണവുമില്ല. 2006-2008 കാലഘട്ടത്തില്‍ യുഎസ്എയിലെ റിയല്‍ എസ്‌റ്റേറ്റ് വ്യവസായത്തിലുണ്ടായ തകര്‍ച്ച കൃത്യമായ ഉദാഹരണമാണ്. ആഗോള സമ്പദ്‌വ്യവസ്ഥയ്ക്ക് അത് ഇനിയും കരകയറിയിട്ടില്ലാത്ത കനത്ത ആഘാതം നല്‍കി. മുതലാളിത്തത്തിന്റെ നിലവിലുള്ള ഘട്ടത്തെ ബഹുമാനപൂര്‍വ്വം ധനകാര്യ മുതലാളിത്തം എന്നും കൂടുതല്‍ ശാസ്ത്രീയമായി കാസിനോ മുതലാളിത്തം എന്നും വിളിക്കുന്നു.

വൈരുദ്ധ്യങ്ങളെക്കുറിച്ച്:

സമൂഹത്തിന്റെ മുന്നോട്ടുള്ള യാത്രയെ നിര്‍ണയിക്കുന്ന നാല് വൈരുദ്ധ്യങ്ങളെക്കുറിച്ച് മുഖ്യധാര മാര്‍ക്‌സിസ്റ്റുകള്‍ പറയുന്നു:

മുതലാളിത്തവും സോഷ്യലിസവും തമ്മിലുള്ള ഐതിഹാസികമായ വൈരുദ്ധ്യം.’സോഷ്യലിസ്റ്റ്’ രാജ്യങ്ങളും ‘മുതലാളിത്ത’ രാജ്യങ്ങളും തമ്മിലുള്ള വൈരുദ്ധ്യത്തേക്കാള്‍ വളരെ ആഴത്തിലുള്ള ആശയമാണിത്.

ഓരോ രാജ്യത്തിനകത്തുമുള്ള മൂലധനവും അധ്വാനവും തമ്മിലുള്ള വൈരുദ്ധ്യം. സാമൂഹിക ഉല്‍പ്പാദനവും ഉല്‍പ്പന്നങ്ങളുടെ സ്വകാര്യ വിനിയോഗവും തമ്മിലുള്ള വൈരുദ്ധ്യം.

മൂലധനവും മൂലധനവും തമ്മിലുള്ള വൈരുദ്ധ്യം. പരസ്പര സംഘര്‍ഷത്തിലേക്ക് നയിക്കുന്ന മത്സരത്തിന്റെയും അതിജീവിക്കേണ്ടതിന്റെ ആവശ്യകതയുടേയും ഫലമായുണ്ടാകുന്നത്.

സാമ്രാജ്യത്വ ശക്തികളും കോളനി രാജ്യങ്ങളും തമ്മിലുള്ള വൈരുദ്ധ്യം അല്ലെങ്കില്‍ ഇന്ന് വ്യാവസായികമായി വികസിത രാജ്യങ്ങളും വികസ്വര രാജ്യങ്ങളും തമ്മിലുള്ള വൈരുദ്ധ്യം.

-ഈ നാല് വൈരുദ്ധ്യങ്ങളും ഇപ്പോഴും പ്രവര്‍ത്തനക്ഷമമാണ്. മുതലാളിത്തവും സോഷ്യലിസവും അല്ലെങ്കില്‍ കമ്മ്യൂണിസവും തമ്മിലുള്ള ഐതിഹാസിക വൈരുദ്ധ്യത്തിന്റെ പരിഹാരം ഒരു നീണ്ട പ്രക്രിയയാണ്. ഭരണകൂടാധികാരം പിടിച്ചെടുക്കുക എന്ന ഒരൊറ്റ വിപ്ലവത്തിലൂടെ അത് നടക്കില്ല. രാഷ്ട്രാധികാരം പിടിച്ചെടുക്കുകയും മുകളില്‍നിന്ന് താഴേക്ക് സോഷ്യലിസം കെട്ടിപ്പടുക്കുകയും ചെയ്യുന്ന വിപ്ലവത്തിന് നേതൃത്വം നല്‍കുന്ന തൊഴിലാളിവര്‍ഗത്തിന്റെ വികസിത മുന്നണിപ്പട എന്ന ആശയം, 20-ാം നൂറ്റാണ്ടിലെ സോഷ്യലിസ്റ്റ് പരീക്ഷണങ്ങളുടെ അനുഭവത്തില്‍ നിന്ന് തെറ്റാണെന്ന് തെളിയിക്കപ്പെട്ടിരിക്കുന്നു. വാസ്തവത്തില്‍ ഇത് ഒരു പുതിയ സമൂഹത്തിന്റെ ഉത്ഭവത്തെക്കുറിച്ചുള്ള മാര്‍ക്‌സിന്റെ ധാരണയ്ക്ക് വിരുദ്ധമായിരുന്നു. അദ്ദേഹത്തിന്റെ അഭിപ്രായത്തില്‍, പുതിയ സമൂഹം പഴയ സമൂഹത്തിന്റെ ഗര്‍ഭപാത്രത്തിനുള്ളില്‍ മുളച്ച് അതിനുള്ളില്‍ വളരുകയും പഴയ സമൂഹത്തെ പൊട്ടിപ്പിളര്‍ന്ന് പുറത്തുവരികയും വേണം. സോഷ്യലിസ്റ്റ് സമൂഹങ്ങളുടെ വിത്തുകള്‍ മുതലാളിത്ത സമൂഹങ്ങള്‍ക്കുള്ളില്‍ വിതയ്ക്കുകയും വളര്‍ത്തുകയും വര്‍ദ്ധിപ്പിക്കുകയും വേണം. അത്തരം ‘സോഷ്യലിസ്റ്റ്’ സമൂഹങ്ങളുടെ എണ്ണവും ശക്തിയും വേണ്ടത്ര വര്‍ദ്ധിക്കുമ്പോള്‍ ഒരു പരിവര്‍ത്തനം സംഭവിക്കുന്നു.

മൂലധനവും അധ്വാനവും തമ്മിലുള്ള വൈരുദ്ധ്യം ഇന്നും നിലനില്‍ക്കുന്നു. എന്നിരുന്നാലും,’സംഘടിത’ തൊഴിലാളികളുടെ ശക്തി മിക്ക രാജ്യങ്ങളിലും അവരെ ഓഹരി കൈവശപ്പെടുത്തുന്നവരാക്കി മാറ്റിയിരിക്കുന്നു. അമേരിക്കന്‍ ട്രേഡ് യൂണിയന്‍ പ്രസ്ഥാനത്തിന്റെ അപചയം, ജാക്ക് ലണ്ടന്റെ വിഖ്യാത നോവലായ അയണ്‍ ഹീലില്‍ ചിത്രീകരിച്ചിരിച്ചിട്ടുണ്ട്. പൊതുവായ പ്രകൃതി വിഭവങ്ങള്‍ കൊള്ളയടിക്കുന്ന മുതലാളിയുടെ കൊള്ളമുതലില്‍ അവരും പങ്കുപറ്റുന്നു. മാര്‍ക്‌സും എംഗല്‍സും നേരത്തെ ചൂണ്ടിക്കാണിച്ച മറ്റൊരു വൈരുദ്ധ്യത്തിലേക്ക് ഇത് നമ്മെ നയിക്കുന്നു. പില്‍ക്കാല മുഖ്യധാരാ മാര്‍ക്‌സിസ്റ്റുകള്‍ പാടെ അവഗണിച്ച മൂലധനവും പ്രകൃതിയും തമ്മിലുള്ള വൈരുദ്ധ്യം. ‘കുരങ്ങില്‍ നിന്ന് മനുഷ്യനിലേക്കുള്ള പരിവര്‍ത്തനത്തില്‍ തൊഴിലിന്റെ പങ്ക്’ എന്ന പ്രസിദ്ധമായ ലേഖനത്തില്‍ ഏംഗല്‍സ് എഴുതി: ‘പ്രകൃതിയുടെ മേല്‍ മനുഷ്യന്റെ ഓരോ വിജയത്തിനും അത് പ്രതികാരം ചെയ്തു.’ മാര്‍ക്‌സ് എഴുതി: ‘നമ്മള്‍ എല്ലാവരും ചേര്‍ന്നാലും ഈ ഭൂമിയുടെ ഉടമകളല്ല, മറിച്ച് അതിന്റെ ഗുണഭോക്താക്കള്‍ മാത്രമാണ്. അത് മെച്ചപ്പെട്ട അവസ്ഥയില്‍ വരുംതലമുറകള്‍ക്ക് കൈമാറാന്‍ നാം ബാധ്യസ്ഥരാണ്.’ മൂലധനം, ലാഭത്തിനുവേണ്ടിയുള്ള ഭ്രാന്തമായ ആര്‍ത്തി മൂലം മനുഷ്യരെയും പ്രകൃതിയെയും ഒരുപോലെ തരംതാഴ്ത്തുന്നു എന്ന് അദ്ദേഹം നിരീക്ഷിച്ചു. പക്ഷെ, ഈ അധഃപതനത്തിന്റെ വേഗത മാര്‍ക്‌സിന് പോലും മുന്‍കൂട്ടി കാണാന്‍ കഴിഞ്ഞില്ല.

ഇന്ന് കേന്ദ്രസ്ഥിതവും നിര്‍ണായകവുമായ വൈരുദ്ധ്യം മൂലധനവും പ്രകൃതിയും തമ്മിലുള്ളതാണ്. ക്ലബ് ഓഫ് റോം റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാണിച്ചതുപോലെ, മൂലധനവും പ്രകൃതിയും തമ്മിലുള്ള ഈ വൈരുദ്ധ്യം നമ്മെ ഒരു പ്രതിസന്ധിയിലേക്ക്, കാടത്തത്തിലേക്കോ വംശനാശത്തിലേക്കോ നയിക്കുന്നതിന് മുമ്പ്, മുകളില്‍ പറഞ്ഞ നാല് വൈരുദ്ധ്യങ്ങളിലൊന്നുപോലും പരിഹരിക്കാന്‍ നമുക്ക് സമയം ലഭിച്ചേക്കില്ല. ഒരു പോംവഴിക്കായി എല്ലാ തരത്തിലുമുള്ള അന്വേഷണവും ആവശ്യപ്പെടുന്ന തരത്തില്‍ സ്ഥിതി ഗുരുതരമായിരുന്നു. 1992ല്‍ റിയോഡിജനീറോയില്‍ നടന്ന ഭൗമ ഉച്ചകോടി അത്തരമൊരു അന്വേഷണത്തിന്റെ തുടക്കമായിരുന്നു. എന്നിരുന്നാലും, റിയോയിലോ പിന്നീട് കേ്യാട്ടോയിലോ കോപ്പന്‍ ഹേഗനിലോ പാരീസിലോ എടുത്ത ധാര്‍മ്മിക തീരുമാനങ്ങള്‍ ഒരു രാജ്യവും പാലിച്ചില്ല. ഈ തീരുമാനങ്ങളിലൊന്നും യുഎസ്എ ഒരിക്കലും പങ്കാളിയായിരുന്നില്ല. ജോര്‍ജ്ജ് ബുഷ് സീനിയര്‍, റിയോ മീറ്റിംഗ് ബഹിഷ്‌കരിക്കുകയും ‘അമേരിക്കന്‍ ജീവിതരീതിക്ക് നീക്കുപോക്കില്ല (nonnegotiable) എന്ന് പ്രഖ്യാപിക്കുകയും ചെയ്തു. പരിസ്ഥിതിവാദികള്‍ അതിശയോക്തിയും നുണയും പറയുകയാണെന്ന് വാദിച്ച ബോണ്‍ ലൂംബോര്‍ഗിനെപ്പോലുള്ള സംശയക്കാരായ പരിസ്ഥിതി ശാസ്ത്രജ്ഞരും ഉണ്ടായിരുന്നു, നമ്മള്‍ നിലവിലുള്ള വികസനപാത പന്തുടരുന്നു എങ്കില്‍ ഇന്ന് ജനിക്കുന്ന കുട്ടികള്‍ക്ക് കൂടുതല്‍ ആരോഗ്യകരവും സന്തുഷ്ടവുമായ ജീവിതം ലഭിക്കും എന്നവര്‍ വാദിക്കുന്നു. അമേരിക്കയുടെ ഇപ്പോഴത്തെ പ്രസിഡണ്ട് ട്രമ്പും ഇതേ അഭിപ്രായക്കാരനാണ്. നമ്മെ ഒരു ആപത്ത് കാത്തിരിക്കുന്നു എന്ന് വിശ്വസിക്കുന്നവര്‍ക്ക് പോലും അവരുടെ ഗതി മാറ്റാന്‍ കഴിയുന്നില്ല എന്നത് വിരോധാഭാസമാണ്. മുതലാളിത്തത്തിന്റെ ഗതിയില്‍നിന്ന് അവര്‍ക്ക് സ്വയം മാറാന്‍ കഴിയില്ല എന്നതാണ് വസ്തുത. ഒരു പുതുസമൂഹത്തിന്റെ വിത്തുകള്‍ ഉള്ളില്‍നിന്ന് മുളച്ച് വളരാത്തിടത്തോളം അതിന് മാറ്റമുണ്ടാകില്ല.

മനുഷ്യ സമൂഹത്തിന് ഒരു പുതിയ ‘ബൃഹദാഖ്യാനം’ (Grand narration) ആവശ്യമാണ്. സോഷ്യലിസമാണ് ബദല്‍ എന്ന് മേല്‍ക്കൂരയില്‍ നിന്ന് വിളിച്ചു കൂവുന്നത് നമ്മെ മുന്നോട്ട് കൊണ്ടുപോകില്ല. സോഷ്യലിസത്തിന്റെ പേരില്‍ 20ാം നൂറ്റാണ്ടില്‍ സംഭവിച്ചത് മാത്രമാണ് ഇന്ന് ഈ വാക്ക് അര്‍ത്ഥമാക്കുന്നത്. ഇരുപത്തിയൊന്നാം നൂറ്റാണ്ടിനു വേണ്ടി സോഷ്യലിസത്തെ നമ്മള്‍ പുനര്‍നിര്‍വചിക്കേണ്ടതുണ്ട്. മാര്‍ട്ട ഹാര്‍നെക്കര്‍, മൈക്കല്‍ ലെബ്ബോവിറ്റ്‌സ്, മൈക്കല്‍ ആല്‍ബര്‍ട്ട് തുടങ്ങി നിരവധി ആളുകള്‍ അതിനു വേണ്ടി ശ്രമിക്കുന്നു. വെനസ്വേലയുടെ മുന്‍ പ്രസിഡണ്ട് ഹ്യൂഗോ ഷാവേസ് വെനസ്വേലയില്‍ 21ാം നൂറ്റാണ്ടിലെ ബൊളിവേറിയന്‍ സോഷ്യലിസ്റ്റ് രാഷ്ട്രം നിര്‍മ്മിക്കാന്‍ ആഗ്രഹിച്ചു. മൂലധനപ്രകൃതി വൈരുദ്ധ്യത്തിന്റെ അടിസ്ഥാന സ്വഭാവത്തെക്കുറിച്ച് അവരാരും ചിന്തിച്ചിരുന്നില്ല. ഷാവേസിനോ അദ്ദേഹത്തിന്റെ ഉപദേശകര്‍ക്കോ കാരക്കാസിനെ അപനഗരവല്‍ക്കരിക്കുന്നതിനെ (deurbanising) ക്കുറിച്ചോ വ്യവസായങ്ങളെ ഗ്രാമങ്ങളിലേക്ക് വിതരണം ചെയ്യുന്നതിനെക്കുറിച്ചോ നഗരങ്ങളും ഗ്രാമങ്ങളും തമ്മിലുള്ള വ്യത്യാസം പരിഹരിക്കുന്നതിനെക്കുറിച്ചോ ചിന്തിക്കാന്‍ കഴിഞ്ഞിരുന്നില്ല. സമ്പന്നതയുടെ ഗ്ലാമറില്‍ നിന്ന് മോചിതരാകാന്‍ അവര്‍ക്ക് കഴിഞ്ഞിട്ടില്ല. ഇവിടെയാണ് ഗാന്ധിയുടെ പ്രസക്തി.

ഗാന്ധി

മാനുഷിക (മൂലധന) പ്രകൃതി വൈരുദ്ധ്യം പരിഹരിക്കുന്നതിന് മുതലാളിത്തത്തിന് പകരം പുതിയതും സുസ്ഥിരവുമായ ഒരു സമൂഹം സ്ഥാപിക്കേണ്ടതുണ്ട്. ഇതിന് ആവശ്യവും അത്യാഗ്രഹവും രണ്ട് വ്യത്യസ്ത സംവര്‍ഗ്ഗങ്ങളായി അംഗീകരിക്കേണ്ടതുണ്ട്. അത് പരമ്പരാഗത മാര്‍ക്‌സിസ്റ്റുകള്‍ക്ക് ദഹിക്കാന്‍ പ്രയാസമാണ്. അത്യാഗ്രഹത്തെ നിര്‍വചിക്കുന്നതിന് ക്ഷേമ മൂല്യം, പൊങ്ങച്ച മൂല്യം, വിനാശകരമായ മൂല്യം, ഭൗതിക ജീവിത നിലവാരം, ആത്മീയ ജീവിത നിലവാരം, സന്തോഷം തുടങ്ങി മറ്റു ചിലതു കൂടി നിര്‍വചിക്കേണ്ടതുണ്ട്. എല്ലാവരുടെയും ആവശ്യങ്ങള്‍ നിറവേറ്റാനുള്ളത് ഈ ഭൂമിയിലുണ്ടെന്നും എന്നാലവരുടെ അത്യഗ്രഹത്തിനുള്ളതില്ലെന്നും പ്രഖ്യാപിച്ചത് ഗാന്ധിയാണ്. ഗാന്ധി എന്തിനേക്കാളുമുപരി വ്യക്തിസ്വാതന്ത്ര്യത്തെ വിലമതിച്ചു. അദ്ദേഹത്തിന്റെ സ്വാതന്ത്ര്യം, സ്വരാജ് അല്ലെങ്കില്‍ സ്വയംഭരണം എന്ന സങ്കല്‍പ്പം മാര്‍ക്‌സിന്റെ ‘വിമോചനം’ എന്ന ആശയവുമായി വളരെ സാമ്യമുള്ളതാണ്. യന്ത്രങ്ങളോ വ്യവസ്ഥിതിയോ വ്യക്തിയെ ഭരിക്കുകയല്ല, മറിച്ചാണ് വേണ്ടതെന്ന് അദ്ദേഹം വാദിച്ചു. തിരശ്ചീനമായി ബന്ധിപ്പിച്ചിട്ടുള്ള സ്വാശ്രയ ഗ്രാമ റിപ്പബ്ലിക്കുകളുടെ ഒരു ജൈവ ശൃംഖലയായാണ് ഗാന്ധി മനുഷ്യ സമൂഹത്തെ വിഭാവനം ചെയ്തത്. 28-7-1946 ലെ ഹരിജനില്‍ നിന്നുള്ള ഇനിപ്പറയുന്ന നീണ്ട ഉദ്ധരണി അദ്ദേഹത്തിന്റെ ആശയങ്ങള്‍ വ്യക്തമാക്കുന്നു:

‘സ്വാതന്ത്ര്യം അടിത്തട്ടില്‍ നിന്ന് ആരംഭിക്കണം. അങ്ങനെ, എല്ലാ ഗ്രാമങ്ങളും ഒരു റിപ്പബ്ലിക്കോ പൂര്‍ണ്ണ അധികാരങ്ങളുള്ള ഒരു പഞ്ചായത്തോ ആയിരിക്കും. അതിനാല്‍, ഓരോ ഗ്രാമവും സ്വയംപര്യാപ്തവും ലോകത്തെ മുഴുവന്‍ പ്രതിരോധിച്ചു കൊണ്ടുപോലും അതിന്റെ കാര്യങ്ങള്‍ കൈകാര്യം ചെയ്യാന്‍ പ്രാപ്തവുമാകണം. പുറത്തുനിന്നുള്ള ഏത് ആക്രമണത്തെയും പ്രതിരോധിക്കാന്‍ അത് പരിശീലിപ്പിക്കപ്പെടുകയും ആ ശ്രമത്തില്‍ നശിപ്പിക്കപ്പെടാന്‍ പോലും തയ്യാറായിരിക്കുകയും ചെയ്യും.

അതിനാല്‍ ആത്യന്തികമായി വ്യക്തിയാണ് ഏകകം, അയല്‍ക്കാരില്‍ നിന്നോ ലോകത്തില്‍ നിന്നോ ഉള്ള ഏതെങ്കിലും സഹായത്തെ ആശ്രയിക്കുന്നതിനെ ഇത് ഒഴിവാക്കുന്നില്ല. അത് തുല്യ ശക്തികളുടെ സ്വതന്ത്രവും സ്വമേധയാ ഉള്ളതുമായ ഇടപാടായിരിക്കും. ഓരോ പുരുഷനും സ്ത്രീക്കും തനിക്ക് എന്താണ് വേണ്ടതെന്ന് അറിയുന്ന, അതിലുപരിയായി, മറ്റുള്ളവര്‍ക്ക് തുല്യമായ അധ്വാനം കൊണ്ട് ലഭിക്കാത്തതൊന്നും ആരും ആഗ്രഹിക്കരുതെന്നും അറിയുന്ന അത്തരമൊരു സമൂഹം ഉയര്‍ന്ന സംസ്‌കാരമുള്ളതായിരിക്കും.

അസംഖ്യം ഗ്രാമങ്ങള്‍ ഉള്‍ക്കൊള്ളുന്ന ഈ ഘടനയില്‍, ഒരിക്കലും മുകളിലേക്ക് പോകാത്ത, നിരന്തരം വിസ്തൃതമായിക്കൊണ്ടിരിക്കുന്ന വലയങ്ങള്‍ ഉണ്ടായിരിക്കും. അഗ്രം അടിത്തട്ടിനാല്‍ നിലനിര്‍ത്തപ്പെടുന്ന പിരമിഡായിരിക്കില്ല ജീവിതം. പകരം അത് ഒരു സാമുദ്രിക വലയമായിരിക്കും. അതിന്റെ കേന്ദ്രം ഗ്രാമത്തിനു വേണ്ടി നശിക്കാന്‍ തയ്യാറായിരിക്കുന്ന വ്യക്തിയായിരിക്കും. ഗ്രാമം, പല ഗ്രാമങ്ങള്‍ ചേര്‍ന്ന വലയത്തിനായി നശിക്കാന്‍ തയ്യാറായിരിക്കും, അവസാനം മുഴുവന്‍ വ്യക്തികളും ചേര്‍ന്ന ഒറ്റ ജീവിതമായി മാറും. അക്രമണാത്മകമായ അന്ധകാരത്തിനു പകരം സദാ വിനയാന്വിതരായി, അവ സ്വയം അവിഭാജ്യ ഘടകമായ സാമുദ്രിക വലയങ്ങളുടെ മനോഹാരിത പങ്കിടുന്നു.

‘അതിനാല്‍ ഏറ്റവും പുറത്തുള്ള വൃത്തം ഉള്ളിലുള്ള വൃത്തങ്ങളെ തകര്‍ക്കാന്‍ അധികാരം പ്രയോഗിക്കില്ല, മറിച്ച് ഉള്ളിലുള്ള എല്ലാവര്‍ക്കും ശക്തി നല്‍കുകയും അതില്‍ നിന്ന് സ്വയം ശക്തി നേടുകയും ചെയ്യും. ഇതെല്ലാം ഉട്ടോപ്യന്‍ ആണെന്നും ഒരിക്കല്‍ പോലും ചിന്താര്‍ഹമല്ലെന്നും അധിക്ഷേപിക്കപ്പെട്ടേക്കാം. യൂക്ലിഡിന്റെ പോയിന്റുകള്‍ക്ക്, മനുഷ്യന് അത് വരയ്ക്കാന്‍ കഴിയാത്തപ്പോഴും, നശിപ്പിക്കാനാവാത്ത മൂല്യമുണ്ടെങ്കില്‍, എന്റെ ചിത്രത്തിന് മനുഷ്യരാശിയുടെ ജീവിതത്തിനു വേണ്ടതായ തനതു മൂല്യമുണ്ട്. ഈ ചിത്രത്തിനായി ഇന്ത്യ ജീവിക്കട്ടെ, അതിന്റെ പൂര്‍ണതയില്‍ ഒരിക്കലും സാക്ഷാത്ക്കരിക്കാന്‍ കഴിയില്ലെങ്കിലും. എന്തിനെയെങ്കിലും സമീപിക്കുന്നതിന് മുമ്പ്, എന്താണ് വേണ്ടത് എന്നതിന്റെ ശരിയായ ചിത്രം നമുക്ക് ഉണ്ടായിരിക്കണം. ഇന്ത്യയിലെ എല്ലാ ഗ്രാമങ്ങളുടേതുമായ ഒരു റിപ്പബ്ലിക്ക് എപ്പോഴെങ്കിലും ഉണ്ടാകണമെങ്കില്‍, എന്റെ ചിത്രത്തില്‍ ഞാന്‍ തീര്‍ച്ചയായും അവകാശപ്പെടുന്നതുപോലെ അവസാനത്തേത് ആദ്യത്തേതിന് തുല്യമായിരിക്കും. മറ്റൊരു വിധത്തില്‍ പറഞ്ഞാല്‍, ആരും ആദ്യത്തെയാളാകരുത്, ആരും അവസാനത്തേതും.’ (ഹരിജന്‍, 28-7-1946)

മാര്‍ക്‌സ് സ്വപ്‌നം കണ്ട പോലെ സമ്പൂര്‍ണമായി വിമോചിപ്പിക്കപ്പെട്ട വ്യക്തികളുടെ കമ്മ്യൂണിസ്റ്റ് സമൂഹം ഒരു ഉട്ടോപ്യയാണ്. രണ്ടിനും വളരെയധികം സമാനതകളുണ്ട്. ഗാന്ധിയുടെ സഹപ്രവര്‍ത്തകരില്‍ ഭൂരിഭാഗവും പടിഞ്ഞാറന്‍ ആധുനികതയില്‍ ആകൃഷ്ടരായവരായിരുന്നു. ആധുനികവല്‍ക്കരണം എന്നാല്‍ അവരെ സംബന്ധിച്ചിടത്തോളം വ്യവസായങ്ങളും മെട്രോപൊളിറ്റന്‍ നഗരങ്ങളുമാണ്. ഗ്രാമങ്ങള്‍ വൃത്തികെട്ടതും ദുര്‍ബ്ബലവും നഗരങ്ങള്‍ മനോഹരവും ശക്തവുമാണെന്ന് കണക്കാക്കപ്പെടുന്നു. നിലവിലെ ഗ്രാമപഞ്ചായത്തുകള്‍ ഗാന്ധിയുടെ ഗ്രാമ റിപ്പബ്ലിക്കുകളുടെ ക്ഷമാപണങ്ങള്‍ ആയി നിലകൊള്ളുന്നു.

മനുഷ്യവര്‍ഗ്ഗങ്ങള്‍ വ്യക്തികളായിട്ടല്ല കൂട്ടായാണ് പരിണമിച്ചത്. ഇന്ന് വ്യക്തിവാദത്തിന്റെ ഒരു തരം വംശഭ്രാന്ത് രൂപപ്പെട്ടിരിക്കുന്നു. ചികിത്സിച്ചില്ലെങ്കില്‍ അത് വംശനാശത്തിലേക്ക് നയിക്കും. ഗാന്ധിയന്‍ മാതൃക ഒരിക്കലും ഗൗരവമായി പരീക്ഷിക്കപ്പെട്ടിട്ടില്ല. മാതൃകയുടെ നിരവധി വശങ്ങള്‍ അവിടെയും ഇവിടെയും പരീക്ഷിച്ചെങ്കിലും, അവ എവിടെയും വേരുറപ്പിച്ചില്ല. സോഷ്യലിസം പോലെ ഗാന്ധിയന്‍ മാതൃകയും വര്‍ത്തമാന സന്ദര്‍ഭത്തില്‍ പുനര്‍വ്യാഖ്യാനം ചെയ്യേണ്ടതുണ്ട്.

ദി ക്രിട്ടിക് ഫേസ് ബുക്ക് പേജ് ലൈക്ക് ചെയ്യുക

ഏതൊരു പുതിയ സമൂഹവും, നേരത്തെ സൂചിപ്പിച്ചതുപോലെ, പഴയ സമൂഹത്തിനുള്ളില്‍ മുളച്ചുപൊങ്ങുകയും പ്രതിബന്ധങ്ങള്‍ക്കെതിരെ വളരുകയും അതിന്റെ മേന്മ തെളിയിക്കുകയും വേണം. വിത്ത് ‘വിതയ്ക്കപ്പെടണം.’ ആവശ്യമുള്ളത്ര സ്ഥലങ്ങളില്‍ ഇത് ആരോഗ്യകരമായി വളരുകയാണെങ്കില്‍, അത് കൂടുതല്‍ വ്യാപിക്കുകയും ആത്യന്തികമായി പഴയ സമൂഹത്തെ മാറ്റിസ്ഥാപിക്കുകയും ചെയ്യും. പുതിയൊരു ‘ബൃഹദാഖ്യാനം,’ പുതിയ സമൂഹത്തിന് ഒരു പുതിയ സ്റ്റിയറിംഗ് വീല്‍ ആവശ്യമാണ്. മുതലാളിത്തത്തിന്റെ സ്റ്റിയറിംഗ് വീലിന് പകരം ഹ്യൂമനിസത്തിന്റെ ഒരെണ്ണം പകരം വയ്ക്കണം. മുതലാളിത്തം ലോകത്തെ ചരക്കുകളുടെയും സേവനങ്ങളുടെയും ഉല്‍പാദനം വര്‍ദ്ധിപ്പിക്കുന്നതിലേക്ക് ജിഎന്‍പി വര്‍ദ്ധന നയിക്കുന്നു. ഒരു സാമ്പത്തിക ദുരന്തത്തിലേക്കാണ് അത് നയിക്കുക. അതേസമയം ഹ്യൂമനിസം അതിനെ ആഗോള മാനുഷിക സന്തോഷ സൂചിക (Gross Human Happiness-GHH) വര്‍ദ്ധിപ്പിക്കുന്നതിലേക്ക് നയിക്കുന്നു.

പുതിയ സമൂഹത്തിന്റെ സവിശേഷത:

അത്യാഗ്രഹത്തില്‍ നിന്ന് ആവശ്യത്തെ വേര്‍തിരിക്കുന്ന ജ്ഞാനം. തുല്യത, വൈവിധ്യം, സഹിഷ്ണുത, സുസ്ഥിരത, സാമൂഹിക വിശ്രമം, ജീവിത നിലവാരം അല്ലെങ്കില്‍ സന്തോഷം എന്നിവ വര്‍ദ്ധിപ്പിക്കല്‍.

ഈ പുതിയ ലോകം സ്വാശ്രയ ഗ്രാഗര (റൂര്‍ബന്‍) റിപ്പബ്ലിക്കുകളുടെ തിരശ്ചീനമായി ബന്ധിതമായ ഒരു ഫെഡറേഷനായിരിക്കും. ഗ്രാഗര അല്ലെങ്കില്‍ ‘റൂര്‍ബന്‍’, എന്നു പറയാന്‍ കാരണം, അത് കൃഷി മാത്രം ചെയ്യുന്ന ഒരു ഗ്രാമമോ, കൃഷി തീരെയില്ലാത്ത, വ്യവസായം മാത്രമുള്ള ഒരു പട്ടണമോ ആകില്ല. കമ്മ്യൂണിസ്റ്റ് മാനിഫെസ്‌റ്റോയില്‍ കാള്‍ മാര്‍ക്‌സ് ഇത്തരമൊരു റൂര്‍ബന്‍ ഘടന നിര്‍ദ്ദേശിച്ചിട്ടുണ്ട്: ‘കൃഷിയുടേയും വ്യവസായങ്ങളുടേയും സംയോജനം, രാജ്യത്തുടനീളമുള്ള ജനസംഖ്യയുടെ തുല്യമായ വിതരണം വഴി പട്ടണവും ഗ്രാമവും തമ്മിലുള്ള വ്യത്യാസം ക്രമാനുഗതമായി ഇല്ലാതാക്കുക’. മണ്ണിന്റെ ചയാപചയത്തില്‍ സംഭവിച്ച വിള്ളല്‍ പരിഹരിക്കാനും മണ്ണിലെ പോഷകങ്ങളുടെ തുടര്‍ച്ചയായ ചാക്രിക ഒഴുക്ക് ഉറപ്പാക്കാനും ഇത് ആവശ്യമാണ്.

മനുഷ്യര്‍ സന്തുഷ്ടരായിരിക്കാന്‍, അവര്‍ യന്ത്രങ്ങളുടെ അടിമകളാകരുതെന്നും, മറിച്ചായിരിക്കണമെന്നും ഗാന്ധി പറഞ്ഞിട്ടുണ്ട്. മറ്റൊരു വിധത്തില്‍ പറഞ്ഞാല്‍, ഉല്‍പ്പാദന ശക്തികള്‍ മനുഷ്യബന്ധങ്ങളെ നിര്‍ണ്ണയിക്കരുത്, മറിച്ച്, മനുഷ്യബന്ധങ്ങള്‍ ഉല്‍പാദന ശക്തികളുടെ വളര്‍ച്ചയെ നയിക്കണം. ഇന്നത്തെ സമൂഹത്തില്‍, മൂലധനത്തിന്റെ വളര്‍ച്ച ത്വരിതപ്പെടുത്തുന്നതിനും അധികാര കേന്ദ്രീകരണം വര്‍ദ്ധിപ്പിക്കുന്നതിനും എതിരാളികളെ നശിപ്പിക്കുന്നതിനുമായി ഉല്‍പാദന ശക്തികളുടെ വികസനം മനപ്പൂര്‍വ്വം നയിക്കപ്പെടുന്നു. പകരം, സഹകരണാത്മകവും ഉച്ചനീചത്വരഹിതവുമായ ഉല്‍പാദന ബന്ധങ്ങളെയും വികേന്ദ്രീകൃതമായ ഉല്‍പ്പാദനത്തെയും സഹായിക്കുന്നതിന് ബോധപൂര്‍വം പുതിയ ഉല്‍പ്പാദനശക്തികള്‍ വികസിപ്പിക്കേണ്ടതുണ്ട്.

ആഗോള (മൊത്ത) മനുഷ്യ സന്തോഷം

ജി. എന്‍. പി, ഹ്യൂമന്‍ ഡെവലപ്‌മെന്റ് ഇന്‍ഡക്‌സ് എന്നിവയില്‍ നിന്ന് വ്യത്യസ്തമായ ഒരു ആശയമാണ് മൊത്തമോ ആഗോളമോ ആയ മനുഷ്യ സന്തോഷം. ആരും അസന്തുഷ്ടരാകാന്‍ ആഗ്രഹിക്കുന്നില്ല. എല്ലാവരും സന്തുഷ്ടരായിരിക്കാന്‍ ആഗ്രഹിക്കുന്നു. വ്യക്തിപരവും സാമൂഹികവുമായ സന്തോഷത്തിന് അനിവാര്യമായ മൂന്ന് മുന്നുപാധികള്‍ ഇവയാണ്:

ദീര്‍ഘായുസ്സും കുറഞ്ഞ രോഗാവസ്ഥയും,
സ്വയം താനായിരിക്കാനുള്ള സ്വാതന്ത്ര്യം (freedom to be self)
ഇത് അവരുടെ കുട്ടികള്‍ക്കും തുടര്‍ന്നുള്ള തലമുറകള്‍ക്കും ഉറപ്പാകല്‍-സുസ്ഥിരത.

ഇവയെല്ലാം സാംഖികമായി അളക്കാവുന്നവയാണ്. ഏതൊരു സമൂഹത്തിനും അതിന്റെ ആസൂത്രിത പ്രവര്‍ത്തനങ്ങളുടെ ഫലമായി, മറ്റ് സമൂഹങ്ങളുമായി താരതമ്യപ്പെടുത്തിക്കൊണ്ട് ക്രമേണ ഇക്കാര്യങ്ങളില്‍ തങ്ങള്‍ പുരോഗമിക്കുന്നുണ്ടോ ഇല്ലയോ എന്ന് കണ്ടെത്താന്‍ കഴിയും. പാരിസ്ഥിതിക പാദമുദ്ര (ecological footprint) സുസ്ഥിരതയ്ക്കുള്ള നല്ല ഒരു അളവുകോലായി എടുക്കാം. മൊത്ത മനുഷ്യ സന്തോഷത്തിന്റെ ഒരു സവിശേഷത, വളര്‍ച്ചക്ക് അത് പരിധി വെക്കുന്നു എന്നതാണ്. ക്രമാതീതമായ വളര്‍ച്ച സന്തോഷത്തെ ഹനിക്കും.

ഒരു സ്വാശ്രയ സമൂഹം ആരോഗ്യം ഉറപ്പുവരുത്തുന്നതിനും ആയുര്‍ദൈര്‍ഘ്യം വര്‍ദ്ധിപ്പിക്കുന്നതിനും രോഗാവസ്ഥ കുറയ്ക്കുന്നതിനും ആവശ്യമായ എല്ലാ ചരക്കുകളും സേവനങ്ങളും ഉല്‍പ്പാദിപ്പിക്കേണ്ടതുണ്ട്. ഇതിന് വിപരീതമായ സാഹചര്യത്തിലേക്ക് നയിച്ചേക്കാവുന്ന ചരക്കുകളും സേവനങ്ങളും ഉല്‍പ്പാദിപ്പിക്കുന്നതില്‍ നിന്ന് അത് വിട്ടുനില്‍ക്കണം. രണ്ടാമതായി, ഈ ചരക്കുകളും സേവനങ്ങളും കുറഞ്ഞ അധ്വാനത്തോടെയും സുസ്ഥിരമായ രീതിയിലും ഉല്‍പ്പാദിപ്പിക്കാന്‍ കഴിയണം.

ചരക്കുകള്‍ക്കും സേവനങ്ങള്‍ക്കും മൂന്ന് തരം മൂല്യങ്ങളുണ്ട്: ക്ഷേമ മൂല്യം, പൊങ്ങച്ച മൂല്യം, നശീകരണ മൂല്യം. ക്ഷേമമൂല്യങ്ങളുടെ ആവശ്യത്തിന് പരിമിതികളുണ്ട്. മറ്റ് രണ്ട് മൂല്യങ്ങള്‍ക്കും അത്തരമൊരു പരിധിയില്ല. ചരക്കുകളുടെയും സേവനങ്ങളുടെയും ഉല്‍പാദനത്തിലും വിനിമയത്തിലും തുടര്‍ച്ചയായ വര്‍ദ്ധനവില്ലാതെ മുതലാളിത്തത്തിന് നിലനില്‍ക്കാന്‍ കഴിയില്ല, എന്നതിനാല്‍, കൂടുതല്‍ കൂടുതല്‍ പൊങ്ങച്ചത്തിനുള്ളതും വിനാശകരവുമായ ചരക്കുകളും സേവനങ്ങളും അതിന് ഉല്‍പ്പാദിപ്പിക്കേണ്ടതുണ്ട്. ഇത്, സ്വാഭാവികമായും സാമൂഹിക അധ്വാന സമയം വര്‍ദ്ധിപ്പിക്കുകയും സാമൂഹിക ഒഴിവു സമയം അല്ലെങ്കില്‍ അവര്‍ ചെയ്യാന്‍ ആഗ്രഹിക്കുന്നത് സ്വയം ചെയ്യാനുള്ള സ്വാതന്ത്ര്യം കുറയ്ക്കുകയും ചെയ്യുന്നു. ക്ഷേമമൂല്യമില്ലാത്ത ചരക്കുകളുടെ നിര്‍മ്മാണത്തിനു വേണ്ടി പുതിയ സമൂഹം സമയവും പ്രകൃതി വിഭവങ്ങളും പാഴാക്കുകയില്ല. മാധ്യമങ്ങളില്‍ പരസ്യപ്പെടുത്തുന്ന ഭൂരിഭാഗം ചരക്കുകളും സേവനങ്ങളും ഈ വിഭാഗത്തില്‍ പെട്ടവയാണ്.

ഇന്ന് മനുഷ്യര്‍ അവരില്‍നിന്ന് നൂറും, ആയിരവും കിലോമീറ്റര്‍ അകലെയുള്ള സ്ഥലങ്ങളില്‍ ഉല്‍പ്പാദിപ്പിക്കുന്ന വസ്തുക്കളെ വളരെയേറെ ആശ്രയിക്കുന്നു, അവര്‍ക്ക് അവയുടെ മേല്‍ യാതൊരു നിയന്ത്രണവുമില്ല. ഈ ചരക്കുകള്‍ വളരെ ദൂരത്തേക്ക് കൊണ്ടുപോകേണ്ടതാണ്. ചരക്ക്ഗതാഗതത്തിന്റെ ആഗോള ടണ്‍കിലോമീറ്റര്‍ വര്‍ദ്ധിച്ചുകൊണ്ടിരിക്കുകയാണ്. ഉത്പാദകരും ഉപഭോക്താക്കളും പരസ്പരം തികച്ചും അപരിചിതരാണ്. സ്വാശ്രയത്വം വര്‍ദ്ധിച്ചുവരുന്ന സമൂഹത്തില്‍ സാധനങ്ങള്‍ കൂടുതല്‍ കൂടുതല്‍ പ്രാദേശികമായി ഉല്‍പ്പാദിപ്പിക്കുകയും ഉപയോഗിക്കുകയും ചെയ്യും. ഈ പ്രക്രിയ ത്വരിതപ്പെടുത്തുന്നതിനുള്ള ഉല്‍പാദന ശക്തികളെ ബോധപൂര്‍വം വികസിപ്പിക്കും. ഇതിനായി, ലോകമെമ്പാടും ലഭ്യമായ സാങ്കേതിക വിദ്യകള്‍ സംയോജിപ്പിക്കുന്നതിനും അവയെ സ്വാംശീകരിക്കുന്നതിനും അവ പ്രയോജനപ്പെടുത്തുന്നതിന് അനുയോജ്യമായ പ്രാദേശിക കഴിവുകള്‍ വികസിപ്പിക്കുന്നതിനുമുള്ള ഒരു വലിയ പരിപാടി ആരംഭിക്കേണ്ടതുണ്ട്. ഇതോടെ, പ്രാദേശിക തൊഴില്‍ കാല്‍നടയായോ സൈക്കിളിലോ പോകാവുന്ന ദൂരത്തില്‍ വര്‍ദ്ധിക്കുകയും ഉപജീവന ആവശ്യങ്ങള്‍ക്കായി ദീര്‍ഘദൂര യാത്രയുടെ ആവശ്യകത കുറയുകയും ചെയ്യും. സ്വകാര്യ മോട്ടോര്‍ വാഹനങ്ങളുടെ ആവശ്യകതയും കുറയും. സൗകര്യപ്രദമായ പൊതുവാഹനങ്ങള്‍ കുറഞ്ഞ നിരക്കില്‍ ലഭ്യമാക്കാം. മൊത്തത്തില്‍, സമൂഹം ജീവിതോപാധികള്‍ക്ക് വേണ്ടിയുള്ള യാത്രകള്‍ക്കായി ചെലവഴിക്കുന്ന സമയവും പണവും കുറയും. സാമൂഹിക ഒഴിവുസമയം വര്‍ദ്ധിക്കും, തന്മൂലം സാമൂഹിക സന്തോഷവും വര്‍ദ്ധിക്കും.

ഈ സമൂഹങ്ങളില്‍ വിദ്യാഭ്യാസവും ആരോഗ്യ പരിരക്ഷയും വ്യക്തികള്‍ക്ക് ഉയര്‍ന്നതോ കുറഞ്ഞതോ ആയ വിലയ്ക്ക് വാങ്ങാനുള്ള ചരക്കുകളായിരിക്കില്ല. പ്രാഥമികാരോഗ്യ കേന്ദ്രങ്ങള്‍ മിക്ക കേസുകളും കൈകാര്യം ചെയ്യാന്‍ കഴിയുന്ന സുസജ്ജമായ ആശുപത്രികളായിരിക്കും. ആവശ്യമെങ്കില്‍ രോഗികളെ കൂടുതല്‍ സജ്ജീകരിച്ച പ്രത്യേക ആശുപത്രികളിലേക്ക് മാറ്റുന്നത് അവരുടെ ഉത്തരവാദിത്തമായിരിക്കും. എല്ലാ ആരോഗ്യ പരിരക്ഷയും എല്ലാവര്‍ക്കും സൗജന്യമായിരിക്കും. ഇതിനായി മതിയായ സാമൂഹിക വിഭവങ്ങള്‍ നീക്കിവയ്ക്കും.

ഈ പുതിയ സമൂഹത്തില്‍ അറിവ് ഒരു ചരക്കായിരിക്കില്ല. ചരക്ക് ഇടപാട് ഒരു ‘വണ്‍ മൈനസ് വണ്‍’ പ്രവര്‍ത്തനമാണ്. വാങ്ങുന്നയാള്‍ ചരക്ക് നേടുന്നു, വില്‍ക്കുന്നയാള്‍ക്ക് അത് നഷ്ടപ്പെടുന്നു. അറിവിന്റെ കാര്യം ഇതല്ല. കൊടുക്കുന്നവര്‍ക്ക് കുറയുന്നില്ല, മറിച്ച് നേട്ടം മാത്രമാണ്. കാരണം അറിവ് നല്‍കുന്ന ഓരോ പ്രവര്‍ത്തനത്തിലും പഠനത്തിന്റെ ഒരു ഘടകവും ഉള്‍പ്പെടുന്നു. ലഭിക്കുന്നവര്‍ക്കും നേട്ടമുണ്ടാകുന്നു. അങ്ങനെ അത് ഒരു ‘വണ്‍ പ്ലസ് വണ്‍’ ഇടപാടായി മാറുന്നു. ഇത്തരമൊരു സമൂഹത്തിലെ വിദ്യാഭ്യാസം വിപണിയില്‍ നിന്ന് വാങ്ങാനുള്ള ചരക്കായി മാറില്ല.

സമവായത്തിലൂടെയും ആവശ്യമെങ്കില്‍ സൗഹൃദപരമായ പ്രേരണയിലൂടെയും, അധ്വാനത്തിന്റെ മൂല്യത്തില്‍ 1:100 അല്ലെങ്കില്‍ അതിലധികമോ ഉള്ള ന്യായീകരിക്കാനാകാത്ത വലിയ അസമത്വങ്ങള്‍ 1:3 അല്ലെങ്കില്‍ അതിലും കുറവായി കുറയ്ക്കും. ജാതിയോ മതമോ ഭാഷയോ ദേശീയതയോ അടിസ്ഥാനമാക്കിയുള്ള സാമൂഹിക അസമത്വങ്ങളും ക്രമേണ കുറയുകയും ഒടുവില്‍ അപ്രത്യക്ഷമാവുകയും ചെയ്യും.

ഘടനാപരമായ വിശദാംശങ്ങള്‍

ഒരു ഗ്രാഗര റിപ്പബ്ലിക്കിന്റെ വലിപ്പവും ജനസംഖ്യയും സ്ഥലത്തിനും പ്രദേശത്തിനും അനുസരിച്ച് വ്യത്യസ്തമായിരിക്കും. ലോകത്തിലെ ഏറ്റവും ജനസാന്ദ്രതയുള്ള പ്രദേശങ്ങളിലൊന്നായ ഇന്ത്യയിലെ കേരള സംസ്ഥാനത്തിലെ ഒരു സാധാരണ ഗ്രാഗര റിപ്പബ്ലിക്കിന് 25 മുതല്‍ 50 ചതുരശ്ര കിലോമീറ്റര്‍ വരെ വിസ്തീര്‍ണ്ണവും 20,000 മുതല്‍ 30,000 വരെ ജനസംഖ്യയും ഉണ്ടായിരിക്കും. അതിനെ നിരവധി വാര്‍ഡുകളായി തിരിച്ചിരിക്കും. നിലവിലുള്ള ഭരണപരമായ അതിരുകള്‍ നീര്‍ത്തടാ (watershed) ടിസ്ഥാനത്തില്‍ പുനര്‍നിര്‍ണയിക്കാവുന്നതാണ്. ഓരോ ഗ്രാഗര റിപ്പബ്ലിക്കിനും നിരവധി മൈക്രോ വാട്ടര്‍ഷെഡുകള്‍ ഉണ്ടായിരിക്കാം. അത്തരത്തിലുള്ള ഓരോ നീര്‍ത്തടവും 30 മുതല്‍ 40 വരെ അടുത്തടുത്ത വീടുകളുടെ അയല്‍ക്കൂട്ടങ്ങളായി വിഭജിക്കാം, ചുരുങ്ങിയ സമയത്തിനുള്ളില്‍ അവര്‍ക്ക് യോഗം വിളിച്ചുകൂട്ടാന്‍ കഴിയും. ഓരോ പൗരനും പങ്കെടുക്കുന്ന നേരിട്ടുള്ള ജനാധിപത്യത്തിന്റെ അടിസ്ഥാന യൂണിറ്റാണിത്. ഓരോ പൗരനും വിദ്യാഭ്യാസം, ഊര്‍ജം, ശുചിത്വം, ആരോഗ്യം, റോഡുകള്‍, സാമൂഹിക സുരക്ഷ, സംസ്‌കാരം, ജല മാനേജ്‌മെന്റ് മുതലായ ഒന്നോ രണ്ടോ അതിലധികമോ വികസനസമിതികളില്‍ അംഗമായിരിക്കണം. ജനാധിപത്യത്തില്‍ ഓരോ പൗരനും സമൂഹത്തിന്റെ നടത്തിപ്പില്‍ പങ്കെടുക്കേണ്ടതുണ്ട്.

ഭൂരിഭാഗം വികസന പ്രവര്‍ത്തനങ്ങളും നീര്‍ത്തട വികസന കൗണ്‍സില്‍ (Watershed Development Council-WDC)ആസൂത്രണം ചെയ്യുകയും നടപ്പിലാക്കുകയും ചെയ്യും. ഓരോ അയല്‍ക്കൂട്ടവും, കഴിയുന്നിടത്തോളം, ഏകകണ്ഠമായി, അല്ലെങ്കില്‍, തുറന്ന തിരഞ്ഞെടുപ്പിലൂടെ, രണ്ട് വക്താക്കളെ തിരഞ്ഞെടുക്കും, ഒരു പുരുഷനും ഒരു സ്ത്രീയും. തണ്ണീര്‍ത്തടത്തിലെ എല്ലാ വക്താക്കളും ചേര്‍ന്ന് WDC യുടെ ജനറല്‍ കൗണ്‍സില്‍ രൂപീകരിക്കും. ഏതൊരു അയല്‍ക്കൂട്ടത്തിനും, എപ്പോള്‍ വേണമെങ്കിലും, അതിന്റെ ഏതെങ്കിലും വക്താവിനെ തിരിച്ചുവിളിക്കാനും മാറ്റിതിരഞ്ഞെടുക്കാനും കഴിയും. ജനറല്‍ കൗണ്‍സില്‍ ആസൂത്രണം ചെയ്യുന്ന വിവിധ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കുന്നതിനായി ഡബ്ല്യുഡിസിയുടെ എക്‌സിക്യൂട്ടീവ് കമ്മിറ്റി രൂപീകരിക്കുന്നതിന് ഒരു പ്രസിഡണ്ട്, വൈസ് പ്രസിഡണ്ട്, സെക്രട്ടറി എന്നിവരെ കൂടാതെ 10 മുതല്‍ 12 വരെ എക്‌സിക്യൂട്ടീവ് അംഗങ്ങളെയും ഡബ്ല്യുഡിസി യുടെ ജനറല്‍ കൗണ്‍സില്‍ തങ്ങളില്‍നിന്ന് തിരഞ്ഞെടുക്കും. നിരവധി ഉപസമിതികള്‍ ഉണ്ടാകും, ഓരോ അംഗവും ഏതെങ്കിലുമൊരു ഉപസമിതിയില്‍ അംഗങ്ങളാകും. ആവശ്യമെങ്കില്‍ ഈ ഉപസമിതികള്‍ക്ക് പുറത്തുനിന്നുള്ള വിദഗ്ധരെ സഹകരിപ്പിക്കാനാകും. WDC-യുടെ ജനറല്‍ കൗണ്‍സില്‍, തങ്ങള്‍ക്ക് പുറത്തുള്ള തണ്ണീര്‍ത്തടത്തിലെ പൗരന്മാരില്‍നിന്ന്, ഏകദേശം 2,000 ജനസംഖ്യയുള്ള അയല്‍ക്കൂട്ടങ്ങളുടെ ഓരോ ക്ലസ്റ്ററിനും ഒരു ജോടി വക്താക്കളെ റൂര്‍ബന്‍ റിപ്പബ്ലിക്കിന്റെ (local self government)എക്‌സിക്യൂട്ടീവ് ബോഡി രൂപീകരിക്കുന്നതിന് തിരഞ്ഞെടുക്കും. അവര്‍ LSG യുടെ എക്‌സിക്യൂട്ടീവ് തലവന്മാരായി ഒരു പ്രസിഡന്റ്, വൈസ് പ്രസിഡന്റ്, ഒരു സെക്രട്ടറി എന്നിവരെയും തിരഞ്ഞെടുക്കും.

ദി ക്രിട്ടിക് യു ട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

അത്തരമൊരു LSG ഒരു ഗ്രാഗര റിപ്പബ്ലിക്കാണ്. ഇത് ഗാന്ധിജിയുടെ മഹാസാമുദ്രിക വലയ മാതൃകയുടെ (grand oceanic Circle Model) ആദ്യത്തെ ഔപചാരിക വലയമായി മാറുന്നു. അതിനുള്ളില്‍ നൂറുകണക്കിന് അയല്‍ക്കൂട്ടങ്ങളും ആയിരക്കണക്കിന് കുടുംബങ്ങളും വ്യക്തികളും ഉണ്ട്. ഗ്രാഗര റിപ്പബ്ലിക്ക് (RR) ഇന്നത്തേതിനേക്കാള്‍ വളരെയേറെ സ്വയംപര്യാപ്തമായിരിക്കും. ഭക്ഷണം, ഊര്‍ജം, അല്പം കുറഞ്ഞ തോതിലാണെങ്കിലും ആരോഗ്യ സംരക്ഷണം, വിദ്യാഭ്യാസം തുടങ്ങിയ കാര്യങ്ങളില്‍ ഇത് ഏതാണ്ട് സ്വയംപര്യാപ്തമാകും. അത് സാമ്പത്തികമായി സ്വയം പര്യാപ്തമായിരിക്കും, എന്നാല്‍ ഭൗതികമായി പൂര്‍ണ്ണമായും സ്വയം പര്യാപ്തമാവില്ല. പലതിനും പുറം വലയങ്ങളെ ആശ്രയിക്കേണ്ടിവരും. നിലവിലുള്ള ചെറുപട്ടണങ്ങള്‍ ഉള്‍പ്പെടെയുള്ള RRകളുടെ ഒരു കൂട്ടം ഉള്‍പ്പെടുന്നതാണ് ആദ്യത്തെ പുറം വലയം. ഇത് അടുത്ത ഉയര്‍ന്ന തണ്ണീര്‍ത്തടത്തിന് അനുസൃതമായി അതിര്‍ത്തികള്‍ പുനഃക്രമീകരിച്ചുകൊണ്ട് ഇന്ത്യയിലെ നിലവിലെ കമ്മ്യൂണിറ്റി ഡെവലപ്‌മെന്റ് ബ്ലോക്കുകള്‍ക്ക് തുല്യമായേക്കാം. വിദ്യാഭ്യാസം, ആരോഗ്യ പരിപാലനം, ഊര്‍ജം, തിരഞ്ഞെടുത്ത വ്യവസായങ്ങള്‍ തുടങ്ങിയ വലിയ തോതിലുള്ള ഉയര്‍ന്ന വൈദഗ്ധ്യം ആവശ്യമുള്ള മേഖലകളില്‍ ഉള്‍വലയങ്ങളെ സാമ്പത്തികമായും ഭൗതികമായും ഈ വലയം സഹായിക്കുന്നു. ക്ലസ്റ്ററിലെ ഞഞകളുടെ ഉടമസ്ഥതയിലുള്ള കമ്പനികളായിരിക്കും ഈ സംരംഭങ്ങള്‍ നിയന്ത്രിക്കുക. ചെറിയ യൂണിറ്റുകള്‍ വലിയവയെ നിയന്ത്രിക്കുന്നു, ഉപഭോക്താക്കള്‍ ഉല്‍പ്പാദനം നിയന്ത്രിക്കുന്നു എന്ന ഈ തത്വം ജില്ലകള്‍, സംസ്ഥാനങ്ങള്‍, രാജ്യം, എല്ലാ രാജ്യങ്ങളും എന്നിങ്ങനെ എല്ലാ ബാഹ്യ സര്‍ക്കിളുകളിലേക്കും വ്യാപിപ്പിക്കും. ദേശീയതയൊഴിവാക്കിയ രാഷ്ട്രങ്ങള്‍, ഭാഷയുടേയും സംസ്‌കാരത്തിന്റെയും കാര്‍ഷിക കാലാവസ്ഥാ ഘടകങ്ങളുടേയും, പരിസ്ഥിതിയുടേയും അടിസ്ഥാനത്തില്‍ പുനര്‍ നിര്‍വചിക്കപ്പെടും.

21-ാം നൂറ്റാണ്ടിലെ സോഷ്യലിസത്തിന്റെ ദര്‍ശനമാണിത്. സ്വാശ്രയ പരമാധികാര ഗ്രാഗര റിപ്പബ്ലിക്കുകളുടെ ഒരു മഹത്തായ ശൃംഖല, ഭാഷയുടെയും സംസ്‌കാരത്തിന്റെയും സ്വാഭാവിക കാര്‍ഷികകാലാവസ്ഥാ സവിശേഷതകളുടെയും അടിസ്ഥാനത്തില്‍ പുനര്‍ക്രമീകരിക്കപ്പെടുന്ന ‘ദേശീയത’ ഇല്ലാത്ത രാഷ്ട്രങ്ങള്‍. പുറംവലയത്തില്‍ നിന്ന് പ്രവര്‍ത്തിച്ചുതുടങ്ങി ഉള്ളിലേക്ക് പുരോഗമിക്കാനും അത്തരമൊരു പുതിയ ലോകം നിര്‍മ്മിക്കാനും നമുക്ക് കഴിയില്ലെന്ന് വ്യക്തമാണ്. അത്തരമൊരു മാറ്റത്തിന് ആന്തരിക വൃത്തങ്ങള്‍ ഇതുവരെ തയ്യാറായിട്ടില്ലെന്നിരിക്കേ, അതിന് ആദ്യം ഒരു ആഗോള വിപ്ലവം ആവശ്യമാണ്. 20-ാം നൂറ്റാണ്ടിലെ സോഷ്യലിസത്തിലെ പരീക്ഷണങ്ങളില്‍ നാം കണ്ടതുപോലെ അത് പരാജയപ്പെടും. ഗ്രാഗര റിപ്പബ്ലിക്കിന്റെ ഏറ്റവും ഉള്ളിലുള്ള വൃത്തത്തില്‍ നിന്നാണ് നമ്മള്‍ ആരംഭിക്കേണ്ടത്.

(കടപ്പാട് – പാഠഭേദം)

സുഹൃത്തെ,
അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പന്ത്രണ്ടാം വര്‍ഷത്തേക്ക് കടക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2024 - 25 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.

The Critic, A/C No - 020802000001158,
Indian Overseas Bank,
Thrissur - 680001, IFSC - IOBA0000208
google pay - 9447307829
സ്നേഹത്തോടെ ഐ ഗോപിനാഥ്, എഡിറ്റര്‍, thecritic.in


ഞങ്ങളുടെ ഫേസ്ബുക് പേജ് ലൈക് ചെയ്യൂ..


Published On

Category: analysis | Tags: | Comments: 0 |

'ക്രിട്ടിക്കില്‍ പ്രസിദ്ധീകരിക്കുന്ന ലേഖനങ്ങള്‍ ലേഖകരുടെ അഭിപ്രായങ്ങളാണ്.. അവ പൂര്‍ണ്ണമായും ക്രിട്ടിക്കിന്റെ അഭിപ്രായങ്ങളാകണമെന്നില്ല - എഡിറ്റര്‍'

Be the first to write a comment.

Leave a Reply