വന്‍കിട വികസനപദ്ധതികള്‍ക്കുമുന്നില്‍ ചോദ്യചിഹ്നമായി മൂലമ്പിള്ളി ഇരകള്‍

മരടിലെ ഫ്‌ളാറ്റ് പൊളിക്കല്‍ പ്രശ്‌നവുമായി ബന്ധപ്പെട്ടാണ് ഇവരുടെ വിഷയം വീണ്ടും ചര്‍ച്ചയായത്. എല്ലാ പരിസ്ഥിതി നിയമങ്ങളും ലംഘിച്ച് നിര്‍മ്മിച്ച ഫ്‌ളാറ്റുകള്‍ തകര്‍ക്കാന്‍ കോടതിവിധി വന്നപ്പോള്‍ അതൊഴിവാക്കാന്‍ സര്‍ക്കാരും മിക്കവാറും രാഷ്ട്രീയപ്രസ്ഥാനങ്ങളും ശക്തമായി രംഗത്തിറങ്ങിയപ്പോഴാണ്, ഒരുനിയമവും ലംഘിച്ചില്ലെങ്കിലും നാടിന്റെ വികസനത്തിന്റെ പേരുപറഞ്ഞ് വീടുകള്‍ തകര്‍ക്കപ്പെട്ട തങ്ങള്‍ ഇപ്പോഴും തെരുവിലാണെന്ന് മൂലമ്പിള്ളിക്കാര്‍ കേരളത്തെ ഓര്‍മ്മിപ്പിച്ചത്. എന്നാല്‍ ഫ്‌ളാറ്റുകള്‍ക്ക് നിയമവിരുദ്ധമായി അനുമതി നല്‍കിയവരും വാങ്ങിയവരുമാണ് താമസക്കാര്‍ക്ക് നഷ്ടപരിഹാരം നല്‍കേണ്ടത് എന്നതുപോലും നടപ്പാക്കാതെ 25 ലക്ഷം സര്‍ക്കാര്‍ ഖജനാവില്‍ നിന്നെടുത്തുകൊടുക്കുകയാണുണ്ടായത്. അപ്പോഴും മാന്യമായ നഷ്ടപരിഹാരം ലഭിക്കാതെ മൂലമ്പിള്ളിക്കാര്‍ ഇപ്പോഴും തെരുവിലാണ്. സര്‍ക്കാര്‍ പുതിയ വികസനപദ്ധതികള്‍ക്ക് രൂപം കൊടുക്കുകയും ചെയ്യുന്നു.

പരിസ്ഥിതിദിനമൊക്കെ ഭംഗിയായി ആഘോഷിച്ച ശേഷം വികസനത്തെ കുറിച്ചുള്ള ചര്‍ച്ചകള്‍ സജീവമാകുകയാണ്. വന്‍കിട വികസനപദ്ധതികളാണ് സര്‍ക്കാര്‍ മുന്നോട്ടുകൊണ്ടുപോകുക എന്ന സൂചന വന്നു കഴിഞ്ഞു. മലയോര ഹൈവേയും തീരദേശ ഹൈവേയും കെ റെയിലും ദേശീയപാതാവികസനവുമൊക്കെ ഉദാഹരണങ്ങള്‍. പാരിസ്ഥിതികപ്രശ്‌നങ്ങളുന്നയിച്ചും കിടപ്പാടം നഷ്ടപ്പെടുന്നതിനെതിരേയും നടക്കാനിടയുള്ള സമരങ്ങളെ നേരിടാമെന്നാണത്രെ സര്‍ക്കാര്‍ ധാരണ. ഗെയ്ല്‍ പദ്ധതിക്കെതിരായി നടന്ന സമരങ്ങളെ മറികടന്ന മാതൃക പിന്തുടരാനാണ് നീക്കമെന്നും വാര്‍ത്ത കണ്ടു.

ഇത്തരമൊരു സാഹചര്യത്തിലാണ് നമ്മുടെ വികസനസങ്കല്‍പ്പങ്ങളുടെ രക്തസാക്ഷികളായ മൂലമ്പിള്ളി നിവാസികള്‍ കേരളീയ ജനതക്കുമുന്നില്‍ നിരവധി ചോദ്യങ്ങളുന്നയിക്കുന്നത്. ഉമ്മന്‍ചാണ്ടി സര്‍ക്കാര്‍ 2011 ജൂണ്‍ ആറാം തീയതി, പരിഷ്‌കരിച്ച മൂലമ്പിള്ളി പാക്കേജ് വിജ്ഞാപനം ചെയ്തിട്ട് ഈ പരിസ്ഥിതി ദിനത്തില്‍ ഒരു ദശാബ്ദം തികഞ്ഞിരിക്കുകയാണ്. ഏഴ് വില്ലേജുകളില്‍ നിന്ന് യാതൊരു പുനരധിവാസവും ഇല്ലാതെ 2008-ല്‍ അച്യുതാനന്ദന്‍ സര്‍ക്കാര്‍ വഴിയാധാരമാക്കിയ 316 കുടുംബങ്ങളില്‍ 42 കുടുംബങ്ങള്‍ക്ക് മാത്രമാണ് പുനരധിവാസ പ്ലോട്ടുകളില്‍ വീടുകള്‍ നിര്‍മ്മിക്കാനായത്. ശേഷിക്കുന്ന ബഹുഭൂരിപക്ഷം കുടുംബങ്ങളും താല്‍ക്കാലിക സംവിധാനങ്ങളില്‍ നരക തുല്യമായ ജീവിതം തള്ളിനീക്കുകയാണ്. ഇതിനകം 32 പേര്‍ ആനുകൂല്യങ്ങള്‍ ലഭിക്കാതെ മരണമടഞ്ഞു. നിരവധിപേര്‍ രോഗപീഡകളാല്‍ വേട്ടയാടപ്പെട്ടു കൊണ്ടിരിക്കുകയാണ്. ചിലര്‍ മനോരോഗികളായി. പലരുടേയും കുടുംബങ്ങള്‍ ശിഥിലമാക്കപ്പെട്ടു പുനരധിവാസത്തിനായി സര്‍ക്കാര്‍ കണ്ടെത്തിയ ഏഴ് സൈറ്റുകളില്‍ അഞ്ചും ചതുപ്പു നികത്തിയ സ്ഥലങ്ങളാണ്്. അവ വാസയോഗ്യമല്ലെന്ന് PWD സര്‍ക്കാരിന് റിപ്പോര്‍ട്ട് സമര്‍പ്പിച്ചിട്ടുണ്ട്. കുടിവെള്ളം വൈദ്യുതി ഗതാഗത സൗകര്യമുള്ള റോഡ് , ഡ്രെയിനേജ്, രണ്ടുനില കെട്ടിടം പണിയാവുന്ന എ ക്ലാസ് ഭൂമി നല്‍കുന്നതുവരെ കുടുംബങ്ങള്‍ക്ക് വാടകയിനത്തില്‍ പ്രതിമാസം 5000 രൂപ വച്ച് നല്‍കണമെന്ന് കേരള ഹൈക്കോടതിയുടെ 2008-ലെ വിധിയും നടപ്പിലാക്കിയിട്ടില്ല. പുനരധിവാസ ഉത്തരവുപ്രകാരം ലഭിക്കേണ്ട ജോലിയും ഇതുവരെ നല്‍കിയിട്ടില്ല.

ദി ക്രിട്ടിക് ഫേസ് ബുക്ക് പേജ് ലൈക്ക് ചെയ്യുക

ഉമ്മന്‍ ചാണ്ടി സര്‍ക്കാരിനു ശേഷം അഞ്ചുവര്‍ഷം പിണറായി സര്‍ക്കാരും ഇക്കാര്യത്തില്‍ ഒന്നും ചെയ്തില്ല. ഈ സമയത്തായിരുന്നു ഗെയ്ല്‍ പദ്ധതിക്കായി കുടിയൊഴിക്കലും സമരങ്ങളും പോലീസ് മര്‍ദ്ദനങ്ങളുമൊക്കെ നടന്നത്. പുതുവൈപ്പടക്കം പലയിടത്തും നടക്കിന്നത് അതുതന്നെയായിരുന്നു. എന്നാല്‍ മൂലമ്പിള്ളി പാക്കേജ് നടപ്പാക്കുന്നതില്‍ ഒരടിപോലും മുന്നോട്ടുപോയില്ല എന്നതാണ് യാഥാര്‍ത്ഥ്യം. വികസന പ്രവര്‍ത്തനങ്ങള്‍ക്ക് വേണ്ടി ബലിയാടുകളാകുന്ന കുടുംബങ്ങള്‍ക്ക് കോവിഡ് മഹാമാരി കാലത്തെങ്കിലും എന്തെങ്കിലും ആനുകൂല്യം കേരള ബഡ്ജറ്റില്‍ പ്രതീക്ഷിച്ചിരുന്നു. അതും അനുവദിച്ചിട്ടില്ല. പ്രക്ഷോഭത്തിന് മുതിരുന്നവരെയാകട്ടെ കോവിഡ് നിബന്ധനകള്‍ കാണിച്ച് പിന്തിരിപ്പിക്കുന്നു. ഇത്തരമൊരു സാഹചര്യത്തിലാണ് വന്‍കിട പദ്ധതികളുമായി മുന്നോട്ടുപോകാനുള്ള നീക്കമെന്നത് ഗൗരവപരമായ വിഷയമാകുന്നത്.

ഏറെ കൊട്ടിഘോഷിക്കപ്പെട്ട വല്ലാര്‍പാടം കണ്ടയ്‌നര്‍ ടെര്‍മിനല്‍ നിര്‍മാണത്തിന്റെ അനുബന്ധ റോഡ് വികസനവുമായി ബന്ധപ്പെട്ടാണ് മൂലമ്പള്ളി നിവാസികള്‍ കുടിയിറക്കപ്പെട്ടത്. 2008 ഫെബ്രുവരി 6നു മൂലമ്പിള്ളി, ചേരാനെല്ലൂര്‍, മുളവുകാട്, ഇടപ്പള്ളി, മഞ്ഞുമ്മല്‍, കോതാട്, ഏലൂര്‍, കളമശേരി, വടുതല എന്നിവിടങ്ങളില്‍ നിന്നായി 316 കുടുംബങ്ങളെയാണ് കുടിയൊഴിപ്പിച്ചത്. ഇവരില്‍ വലിയൊരു ഭാഗം കളിമണ്‍പാത്ര നിര്‍മാണ തൊഴിലാളികള്‍ ആയിരുന്നു. പദ്ധതിക്കായി വന്‍തോതില്‍ കുടിയിറക്കല്‍ നടക്കുമെന്നറിഞ്ഞതിനെ തുടര്‍ന്ന് 2006ല്‍തന്നെ ജനങ്ങള്‍ സമരമാരംഭിച്ചിരുന്നു. 2007 ഫെബ്രുവരി 7ന് പദ്ധതിക്ക് തറക്കല്ലിടാന്‍ പ്രധാനമന്ത്രി എത്തിയപ്പോള്‍ പ്രതിഷേധ പ്രകടനം നടന്നു. തുടര്‍ന്ന് മാര്‍ച്ച് 10നു നടന്ന സമരപ്രഖ്യാപന കണ്‍വെന്‍ഷന്‍ ഉദ്ഘാടനം ചെയ്തത്് വി ആര്‍ കൃഷ്ണയ്യരായിരുന്നു. കുടിയിറക്കല്‍ നടന്നതിന്റെ തലേദിവസവും സ്ഥലത്ത് പ്രതിഷേധയോഗവും മറ്റും നടന്നിരുന്നു. കുടിയിറക്കലിനെ സമാധാനപരമായി ചെറുക്കാനായിരുന്നു തീരുമാനം. എറണാകുളം ജില്ലാ കളക്ടറായിരുന്ന മുഹമ്മദ് ഹനീഷിന്റെ ഉത്തരവിന്റെ അടിസ്ഥാനത്തില്‍ പോലീസ് വലിയ അതിക്രമമാണ് കുടിയിറക്കിയതി നെതിരെ പ്രതിഷേധിച്ച ജനങ്ങള്‍ക്ക് നേരെ നടത്തിയത്. വായോവൃദ്ധരെ പോലും ബലം പ്രയോഗിച്ച് പുറത്താക്കുകയൂം കുട്ടികളുടെ പുസ്തകങ്ങളും വീടുകളില്‍ അന്ന് പാകം ചെയ്ത ആഹാരസാധനങ്ങളും വരെ വലിച്ചെറിയുകയും ചെയ്തു. പളളിവികാരിക്കും മര്‍ദ്ദനമേറ്റു. ഏറ്റെടുത്ത സ്ഥലങ്ങള്‍ ബുള്‍ഡോസറുകള്‍ ഉപയോഗിച്ച് ഇടിച്ചു നിരത്തി. പിറ്റേന്ന് കളക്ടറുടെ ഓഫീസിലേക്ക് നടന്ന ജനകീയ മാര്‍ച്ച് വി എം സുധീരന്‍ ഉദ്ഘാടനം ചെയ്്തു. മൂലമ്പിള്ളി പള്ളിയായിരുന്നു പിന്നീട് കുടിയിറക്കപ്പെട്ടവരുടെ അഭയകേന്ദ്രം. എന്നിട്ടും സമരത്തിനു പിന്നില്‍ നക്‌സലൈറ്റുകളാണെന്ന് മുഖ്യമന്ത്രി വി എസ് അച്യുതാനന്ദന്‍ ആരോപിച്ചു. പ്രതിഷേധത്തെ തുടര്‍ന്ന് പ്രസ്താവന പിന്‍വലിച്ചു. സെക്രട്ടറിയേറ്റിനു മുന്നിലേക്കും സമരം വ്യാപിച്ചു. ഇടിച്ചു നിരത്തലില്‍ പങ്കെടുത്ത നൂറിലധികമുള്ള പോലീസുദ്യോഗസ്ഥര്‍ക്ക് സര്‍ക്കാര്‍ പിന്നീട് ഗുഡ് സര്‍വ്വീസ് എന്‍ട്രിയും പ്രൊമോഷനും നല്‍കി, ഇതേ ഉദ്യോഗസ്ഥര്‍ക്കെതിരെ അച്ചടക്ക നടപടി സ്വീകരിക്കണമെന്നു മനുഷ്യാവ കാശകമ്മീഷന്‍ ഉത്തരവിട്ടിരുന്നു. അതെല്ലാം സര്‍ക്കാര്‍ കാറ്റില്‍ പറത്തി.

ദി ക്രിട്ടിക് യു ട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

മാര്‍ച്ച് 19ന് സര്‍ക്കാര്‍ പുനരധിവാസ പാക്കേജൊക്കെ പ്രഖ്യാപിച്ചു. കുടി യിറക്കപ്പെടുന്ന കുടുംബങ്ങളിലെ ഒരാള്‍ക്ക് വീതം ടെര്‍മിനല്‍ പദ്ധതിയില്‍ ജോലി നല്‍കും, കുടിയിറക്കുന്ന മുഴുവന്‍ കുടുംബങ്ങളെയും പുനരധിവ സിപ്പിക്കും, 4 മുതല്‍ 6 സെന്റ് വരെ ഭൂമി നല്‍കും, പുനരധിവാസം നടക്കുന്ന വരെ മാസം 5000 രൂപ വാടകയിനത്തില്‍ നല്‍കും എന്നൊക്കെയായിരുന്നു സര്‍ക്കാര്‍ വാഗ്ദാനം. എന്നാല്‍ പ്രതിഷേധിച്ചവര്‍ സംശയിച്ചതുപോലെതന്നെയാണ് സംഭവിച്ചത്. പുനരധിവാസ പദ്ധതികളില്‍ വര്‍ഷം പത്തു കഴിഞ്ഞിട്ടും കാര്യമായ ഒരു മാറ്റവും ഉണ്ടായില്ല. വി എസിന്റെ കാലത്തായിരുന്നു കുടിയിറക്കല്‍ നടന്നത്. ആ സര്‍ക്കാരും പിന്നീട് മാറി മാറി വന്ന സര്‍ക്കാരുകളും ഇക്കാര്യത്തില്‍ പ്രതിക്കൂട്ടിലാണ്. പുനരധിവാസ വാഗ്ദാനങ്ങള്‍ പാലിക്കപ്പെടാത്തതിനെ തുടര്‍ന്ന് കുടിയിറക്കപ്പെട്ടവര്‍ സമരം തുടര്‍ന്നു. സമരപന്തല്‍ നിലനിര്‍ത്താനുള്ള ചിലവു വഹിച്ചത് സോളിഡാരിറ്റിയായിരുന്നു. 2011 ജൂണ്‍ 6 നു മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി വിളിച്ചു ചേര്‍ത്ത യോഗത്തില്‍ ജില്ലാ കളക്ടര്‍ അധ്യക്ഷനായ ഒരു സമിതിയുടെ രൂപീകരണം നടന്നു.

ഏറെ സമരങ്ങള്‍ക്കുശേഷം ഏഴു മേഖലകളായി കുടിയൊഴിക്കപ്പെട്ടവര്‍ക്ക് ഭൂമി അനുവദിച്ചു. അതാകട്ടെ മിക്കവാറും ചതുപ്പുനിലങ്ങളും തണ്ണീര്‍ ത്തടങ്ങളും ആയിരുന്നു. വൈദ്യുതി, കുടിവെള്ളം, റോഡ്, ഡ്രൈനേജ് തുടങ്ങിയ സൗകര്യങ്ങളൊക്കെ എന്ന് ലഭിക്കുമെന്ന് ആര്‍ക്കുമറിയില്ല. പലയിടത്തും സര്‍വ്വേ നടത്തി ഓരോരുത്തരുടേയും പ്ലോട്ടുകള്‍ വേര്‍തിരിച്ചതുപോലും 2019ലാണ്. പുനരധിവാസപാക്കേജ് അനുസരിച്ചു വികസനത്തിന്റെ ഇരകളായര്‍ക്ക് നല്‍കുന്ന ഭൂമിയില്‍ നിന്നും തീരദേശ പരിപാലന നിയമത്തിനു ഇളവുകൊടുക്കണമെന്ന സര്‍ക്കാര്‍ നിര്‍ദേശം പാലിക്കപ്പെട്ടില്ല. ഇതിനുപുറമെ 25 വര്‍ഷം കൈമാറ്റം ചെയ്യാന്‍ കഴിയാത്ത പട്ടയമാണ് നല്‍കുന്നത്. സ്വന്തം ഭൂമി വികസന പദ്ധതികള്‍ക്കായി വിട്ടുകൊടുത്ത കുടുംബങ്ങള്‍ക്ക് ലഭിക്കുന്നത് സാമ്പത്തികാവശ്യത്തിനായി കൈമാറ്റം ചെയ്യാന്‍ കഴിയാത്ത ഭൂമി ! എന്തായാലും ഇവരുടെ ജീവിതം ഇപ്പോഴും ദുരിതത്തില്‍ തന്നെ. അതേസമയം കുടിയിറക്കപ്പെടാന്‍ കാരണമായ വല്ലാര്‍പാടം കണ്ടൈ നര്‍ ടെര്‍മിനല്‍ ഇപ്പോള്‍ നഷ്ടത്തിലാണെന്നത് ഈ ദുരന്തകഥയിലെ മറ്റൊരു ദുരന്തം.

മരടിലെ ഫ്‌ളാറ്റ് പൊളിക്കല്‍ പ്രശ്‌നവുമായി ബന്ധപ്പെട്ടാണ് ഇവരുടെ വിഷയം വീണ്ടും ചര്‍ച്ചയായത്. എല്ലാ പരിസ്ഥിതി നിയമങ്ങളും ലംഘിച്ച് നിര്‍മ്മിച്ച ഫ്‌ളാറ്റുകള്‍ തകര്‍ക്കാന്‍ കോടതിവിധി വന്നപ്പോള്‍ അതൊഴിവാക്കാന്‍ സര്‍ക്കാരും മിക്കവാറും രാഷ്ട്രീയപ്രസ്ഥാനങ്ങളും ശക്തമായി രംഗത്തിറങ്ങിയപ്പോഴാണ്, ഒരുനിയമവും ലംഘിച്ചില്ലെങ്കിലും നാടിന്റെ വികസനത്തിന്റെ പേരുപറഞ്ഞ് വീടുകള്‍ തകര്‍ക്കപ്പെട്ട തങ്ങള്‍ ഇപ്പോഴും തെരുവിലാണെന്ന് മൂലമ്പിള്ളിക്കാര്‍ കേരളത്തെ ഓര്‍മ്മിപ്പിച്ചത്. എന്നാല്‍ ഫ്‌ളാറ്റുകള്‍ക്ക് നിയമവിരുദ്ധമായി അനുമതി നല്‍കിയവരും വാങ്ങിയവരുമാണ് താമസക്കാര്‍ക്ക് നഷ്ടപരിഹാരം നല്‍കേണ്ടത് എന്നതുപോലും നടപ്പാക്കാതെ 25 ലക്ഷം സര്‍ക്കാര്‍ ഖജനാവില്‍ നിന്നെടുത്തുകൊടുക്കുകയാണുണ്ടായത്. അപ്പോഴും മാന്യമായ നഷ്ടപരിഹാരം ലഭിക്കാതെ മൂലമ്പിള്ളിക്കാര്‍ ഇപ്പോഴും തെരുവിലാണ്. സര്‍ക്കാര്‍ പുതിയ വികസനപദ്ധതികള്‍ക്ക് രൂപം കൊടുക്കുകയും ചെയ്യുന്നു.

സുഹൃത്തെ,
അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പന്ത്രണ്ടാം വര്‍ഷത്തേക്ക് കടക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2024 - 25 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.

The Critic, A/C No - 020802000001158,
Indian Overseas Bank,
Thrissur - 680001, IFSC - IOBA0000208
google pay - 9447307829
സ്നേഹത്തോടെ ഐ ഗോപിനാഥ്, എഡിറ്റര്‍, thecritic.in


ഞങ്ങളുടെ ഫേസ്ബുക് പേജ് ലൈക് ചെയ്യൂ..


Published On

Category: Human rights | Tags: , | Comments: 0 |

'ക്രിട്ടിക്കില്‍ പ്രസിദ്ധീകരിക്കുന്ന ലേഖനങ്ങള്‍ ലേഖകരുടെ അഭിപ്രായങ്ങളാണ്.. അവ പൂര്‍ണ്ണമായും ക്രിട്ടിക്കിന്റെ അഭിപ്രായങ്ങളാകണമെന്നില്ല - എഡിറ്റര്‍'

Be the first to write a comment.

Leave a Reply