മൂലമ്പിള്ളിക്കാര്‍ ഇപ്പോഴും തെരുവില്‍ തന്നെയാണ് സി എം…..

മൂലമ്പിള്ളിക്കാരുടെ ഈ ദുരന്തങ്ങള്‍ മറച്ചുവെച്ചാണ് കെ റെയിലില്‍ മാന്യമായ നഷ്ടപരിഹാരം നല്‍കുമെന്ന് സര്‍ക്കാര്‍ പറയുന്നത്. തീര്‍ച്ചയായും അത് അവിശ്വസിക്കാന്‍ സ്ഥലം നഷ്ടപ്പെടുന്നവര്‍ക്ക് അവകാശമുണ്ട്. മറുവശത്ത് ഇത് കേവലം നഷ്ടപരിഹാരത്തിന്റെ പ്രശ്‌നമല്ല താനും. സാമൂഹ്യമായും സാമ്പത്തികമായും പാരിസ്ഥിതികമായും കേരളത്തിനു ഭീഷണിയായ ഒരു പദ്ധതിക്കായി സ്ഥലം വിട്ടുതരാനാവില്ല എന്നു പ്രഖ്യാപിക്കാനും അവര്‍ക്ക് അവകാശമുണ്ട്. അവരെ അടിച്ചമര്‍ത്തി പദ്ധതി നടപ്പാക്കാന്‍ ഒരു ജനാധിപത്യസര്‍ക്കാരിനു അവകാശമില്ലതാനും.

കെ റെയിലിനും ബലം പ്രയോഗിച്ച് കല്ലിടുന്നതിനുമെതിരായ സമരങ്ങള്‍ ആളിക്കത്തുക തന്നെയാണ്. റെയിലിനുവേണ്ടി സ്ഥലം പോകുന്നവര്‍ തന്നെയാണ് സമരത്തിന്റെ മുന്‍നിരയില്‍. ഇപ്പോഴും കേന്ദ്രത്തിന്റെ അനുമതി ലഭിക്കാതെയാണ് കെ റെയിലും സര്‍ക്കാരും മുന്നോട്ടുപോകുന്നത്. ഇത്തരം സാഹചര്യത്തില്‍ ജനങ്ങളുടെ ആശങ്ക ന്യായവുമാണ്. അതിനാലാണ് വൃദ്ധരും സ്ത്രീകളും കുട്ടികളുമടക്കമുള്ളവര്‍ സമരത്തിനിറങ്ങിയിരിക്കുന്നത്. അതിനിടയിലാണ് കേരളത്തില്‍ വികസനത്തിനായി സ്ഥലം ഏറ്റെടുത്ത എല്ലാ പദ്ധതികളിലും ജനങ്ങള്‍ക്ക് മാന്യമായ നഷ്ടപരിഹാരം ലഭിച്ചിട്ടുണ്ടെന്ന് മുഖ്യമന്ത്രി പറയുന്നത്. സത്യമന്താണ്? ദേശീയപാതാ വികസനത്തിനായി അവസാനഘട്ടത്തില്‍ സ്ഥലം നഷ്ടപ്പെട്ടവര്‍ക്ക് ഭേദപ്പെട്ട നഷ്ടപരിഹാരം ലഭിച്ചിട്ടുണ്ട്. എറണാകുളത്ത് സ്മാര്‍ട്ട് സിറ്റിക്കും മെട്രോക്കുമായി സ്ഥലം വിട്ടുകൊടുത്തവര്‍ക്കും ഭേദപ്പെട്ട പരിഹാരം ലഭിച്ചു. എന്നാല്‍ മിക്കവാറും മറ്റെല്ലാ പദ്ധതിക്കും സ്ഥലം വിട്ടുകൊടുത്തവര്‍ക്ക് അര്‍ഹമായ നഷ്ടപരിഹാരം ലഭിച്ചില്ല എന്നതാണ് യാഥാര്‍ത്ഥ്യം. ഏറ്റവും വലിയ ഉദാഹരണം മൂലമ്പിള്ളി തന്നെ. സമരകലുഷിതമായ ഈ സാഹചര്യത്തില്‍ മൂലമ്പിള്ളിയില്‍ നടന്നത് എന്താണെന്നു മുഖ്യമന്ത്രിയടക്കം എല്ലാവരും ഓര്‍ക്കുന്നത് നന്നായിരിക്കും.

വികസനപദ്ധതികള്‍ക്കായി കുടിയിറക്കപ്പെടുന്നവര്‍ എങ്ങനെയെല്ലാം വഞ്ചിക്കപ്പെടുന്നു എന്നതിന് ഉദാഹരണമാണ് മൂലമ്പള്ളി നിവാസികളുടേത്. വല്ലാര്‍പാടം കണ്ടയ്‌നര്‍ ടെര്‍മിനല്‍ നിര്‍മാണത്തിന്റെ അനുബന്ധ റോഡ് വികസനവുമായി ബന്ധപ്പെട്ടാണ് മൂലമ്പള്ളി നിവാസികള്‍ കുടിയിറക്കപ്പെട്ടത്. 2008 ഫെബ്രുവരി 6നു മൂലമ്പിള്ളി, ചേരാനെല്ലൂര്‍, മുളവുകാട്, ഇടപ്പള്ളി, മഞ്ഞുമ്മല്‍, കോതാട്, ഏലൂര്‍, കളമശേരി, വടുതല എന്നിവിടങ്ങളില്‍ നിന്നായി 316 കുടുംബങ്ങളെയാണ് കുടിയൊഴിപ്പിച്ചത്. ഇവരില്‍ വലിയൊരു ഭാഗം കളിമണ്‍പാത്ര നിര്‍മാണ തൊഴിലാളികള്‍ ആയിരുന്നു. പദ്ധതിക്കായി വന്‍തോതില്‍ കുടിയിറക്കല്‍ നടക്കുമെന്നറിഞ്ഞതിനെ തുടര്‍ന്ന് 2006ല്‍തന്നെ ജനങ്ങള്‍ സമരമാരംഭിച്ചിരുന്നു. 2007 ഫെബ്രുവരി 7ന് പദ്ധതിക്ക് തറക്കല്ലിടാന്‍ പ്രധാനമന്ത്രി എത്തിയപ്പോള്‍ പ്രതിഷേധ പ്രകടനം നടന്നു. തുടര്‍ന്ന് മാര്‍ച്ച് 10നു നടന്ന സമരപ്രഖ്യാപന കണ്‍വെന്‍ഷന്‍ ഉദ്ഘാടനം ചെയ്തത്് വി ആര്‍ കൃഷ്ണയ്യരായിരുന്നു. കുടിയിറക്കല്‍ നടന്നതിന്റെ തലേദിവസവും സ്ഥലത്ത് പ്രതിഷേധയോഗവും മറ്റും നടന്നിരുന്നു. കുടിയിറക്കലിനെ സമാധാനപരമായി ചെറുക്കാനായിരുന്നു തീരുമാനം.

ദി ക്രിട്ടിക് ഫേസ് ബുക്ക് പേജ് ലൈക്ക് ചെയ്യുക

എറണാകുളം ജില്ലാ കളക്ടറായിരുന്ന മുഹമ്മദ് ഹനീഷിന്റെ ഉത്തരവിന്റെ അടിസ്ഥാനത്തില്‍ പോലീസ് വലിയ അതിക്രമമാണ് കുടിയിറക്കിയതി നെതിരെ പ്രതിഷേധിച്ച ജനങ്ങള്‍ക്ക് നേരെ നടത്തിയത്. വായോവൃദ്ധരെ പോലും ബലം പ്രയോഗിച്ച് പുറത്താക്കുകയൂം കുട്ടികളുടെ പുസ്തകങ്ങളും വീടുകളില്‍ അന്ന് പാകം ചെയ്ത ആഹാരസാധനങ്ങളും വരെ വലിച്ചെറിയുകയും ചെയ്തു. പളളിവികാരിക്കും മര്‍ദ്ദനമേറ്റു. ഏറ്റെടുത്ത സ്ഥലങ്ങള്‍ ബുള്‍ഡോസറുകള്‍ ഉപയോഗിച്ച് ഇടിച്ചുനിരത്തി. പിറ്റേന്ന് കളക്ടറുടെ ഓഫീസിലേക്ക് നടന്ന ജനകീയ മാര്‍ച്ച് വി എം സുധീരന്‍ ഉദ്ഘാടനം ചെയ്്തു. മൂലമ്പിള്ളി പള്ളിയായിരുന്നു പിന്നീട് കുടിയിറക്കപ്പെട്ടവരുടെ അഭയകേന്ദ്രം. എന്നിട്ടും പതിവുപോലെ സമരത്തിനു പിന്നില്‍ നക്‌സലൈറ്റുകളാണെന്ന് മുഖ്യമന്ത്രി വി എസ് അച്യുതാനന്ദന്‍ ആരോപിച്ചു. പ്രതിഷേധത്തെ തുടര്‍ന്ന് പ്രസ്താവന പിന്‍വലിച്ചു. സെക്രട്ടറിയേറ്റിനു മുന്നിലേക്കും സമരം വ്യാപിച്ചു. ഇടിച്ചു നിരത്തലില്‍ പങ്കെടുത്ത നൂറിലധികമുള്ള പോലീസുദ്യോഗസ്ഥര്‍ക്ക് സര്‍ ക്കാര്‍ പിന്നീട് ഗുഡ് സര്‍വ്വീസ് എന്‍ട്രിയും പ്രൊമോഷനും നല്‍കി, ഇതേ ഉദ്യോഗസ്ഥര്‍ക്കെതിരെ അച്ചടക്ക നടപടി സ്വീകരിക്കണമെന്നു മനുഷ്യാവ കാശകമ്മീഷന്‍ ഉത്തരവിട്ടിരുന്നു. അതെല്ലാം സര്‍ക്കാര്‍ കാറ്റില്‍ പറത്തി.

മാര്‍ച്ച് 19ന് സര്‍ക്കാര്‍ പുനരധിവാസ പാക്കേജൊക്കെ പ്രഖ്യാപിച്ചു. കുടി യിറക്കപ്പെടുന്ന കുടുംബങ്ങളിലെ ഒരാള്‍ക്ക് വീതം ടെര്‍മിനല്‍ പദ്ധതിയില്‍ ജോലി നല്‍കും, കുടിയിറക്കുന്ന മുഴുവന്‍ കുടുംബങ്ങളെയും പുനരധിവസിപ്പിക്കും, 4 മുതല്‍ 6 സെന്റ് വരെ ഭൂമി നല്‍കും, പുനരധിവാസം നടക്കുന്ന വരെ മാസം 5000 രൂപ വാടകയിനത്തില്‍ നല്‍കും എന്നൊക്കെയായിരുന്നു സര്‍ക്കാര്‍ വാഗ്ദാനം. എന്നാല്‍ പ്രതിഷേധിച്ചവര്‍ സംശയിച്ചതുപോലെതന്നെയാണ് പിന്നീട് സംഭവിച്ചത്. പുനരധിവാസ പദ്ധതികളില്‍ വര്‍ഷം പത്തു കഴിഞ്ഞിട്ടും കാര്യമായ ഒരു മാറ്റവും ഉണ്ടായില്ല. വി എസിന്റെ കാലത്തായിരുന്നു കുടിയിറക്കല്‍ നടന്നത്. ആ സര്‍ക്കാരും പിന്നീട് മാറി മാറി വന്ന സര്‍ക്കാരുകളും ഇക്കാര്യത്തില്‍ പ്രതിക്കൂട്ടിലാണ്. ഇരകളായ 48 പേര്‍ മരിച്ചു പോയി. അതില്‍ രണ്ടുപേര്‍ മാനസികസമ്മര്‍ദ്ദം താങ്ങാനാവാതെ ആത്മഹത്യ ചെയ്തതാണ്.

പുനരധിവാസ വാഗ്ദാനങ്ങള്‍ പാലിക്കപ്പെടാത്തതിനെ തുടര്‍ന്ന് കുടിയിറക്കപ്പെട്ടവര്‍ സമരം തുടര്‍ന്നു. 2011 ല്‍ ജൂണ്‍ 6നു മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി വിളിച്ചു ചേര്‍ത്ത യോഗത്തില്‍ ജില്ലാ കളക്ടര്‍ അധ്യക്ഷനായ ഒരു സമിതിയുടെ രൂപീകരണം നടന്നു, റവന്യൂ, ജല അതോറിറ്റി, കെ എസ് ഇ ബി, പൊതുമരാമത്തുവകുപ്പ് എന്നിവയുടെ പ്രധിനിധികളും മൂലമ്പിള്ളി കോര്‍ഡിനേഷന്‍ കമ്മിറ്റി ജനറല്‍ കണ്‍വീനര്‍ ഫ്രാന്‍സിസ് കളത്തിങ്കല്‍, ചെയര്‍മാന്‍ സി ആര്‍ നീലകണ്ഠന്‍ എന്നിവരും സമിതിയില്‍ അംഗങ്ങളാ യിരുന്നു. പുനരധിവാസ പ്രവര്‍ത്തനങ്ങളെ നിരീക്ഷിക്കുന്നതിനായിരുന്നു ഈ സമിതി. എന്നാല്‍ അതെല്ലാം തെരഞ്ഞെടുപ്പു ഗിമ്മിക്ക് മാത്രമായിരുന്നു. ഏറെ സമരങ്ങള്‍ക്കുശേഷം ഏഴുമേഖലകളായി കുടിയൊഴിക്കപ്പെട്ട വര്‍ക്ക് ഭൂമി അനുവദിച്ചു. അതാകട്ടെ മിക്കവാറും ചതുപ്പുനിലങ്ങളും തണ്ണീര്‍ ത്തടങ്ങളും ആയിരുന്നു. 316 പേര് കുടിയൊഴിക്കപ്പെട്ടപ്പോള്‍ ഇതുവരെ താമസിക്കാനായത് 48 കുടുംബങ്ങള്‍ക്ക് മാത്രമാണ്. അനുവദിച്ച പല ഭൂമിയിലും വീടുപോലെയുള്ള നിര്‍മാണപ്രവര്‍ത്തനങ്ങള്‍ നടത്താന്‍ കഴിയില്ലെന്ന് പിഡബ്ലിയുഡിയുടെ റിപോര്‍ട്ടുകള്‍ നിലവിലുണ്ട്. ഇവിടങ്ങളില്‍ പൈലിങ് നടത്താതെ വീടുപണിയാന്‍ നിര്‍വാഹമില്ല, ഇതിനായി നാമമാത്രമായ തുകയാണ് അനുവദിച്ചത്. രണ്ടുനിലവീട് പണിയാന്‍ കഴിയുന്ന ഭൂമിയാണ് നല്‍കേണ്ടത് എന്ന് പുനരധിവാസപാക്കേജില്‍ ഉണ്ടെങ്കിലും ഒരു നില തന്നെ പണിത വീടുകള്‍ മിക്കവാറും അപകടാവസ്ഥയിലാണ്. വീടിനു അടിസ്ഥാനം നിര്‍മിക്കുവാനായി മൂലമ്പിള്ളി കോര്‍ഡിനേഷന്‍ കമ്മിറ്റി ആവശ്യപെട്ടത് 2 ലക്ഷം രൂപയായിരുന്നു. എന്നാല്‍ സര്‍ക്കാര്‍ അനുവദിച്ചത് കേവലം 75000 രൂപയും. ഇതും പലര്‍ക്കും ലഭിച്ചില്ല. വൈദ്യുതി, കുടിവെള്ളം, റോഡ്, ഡ്രൈനേജ് തുടങ്ങിയ സൗകര്യങ്ങളൊക്കെ എന്ന് ലഭിക്കുമെന്ന് ആര്‍ക്കുമറിയില്ല. പലയിടത്തും സര്‍വ്വേ നടത്തി ഓരോരുത്തരുടേയും പ്ലോട്ടുകള്‍ വേര്‍തിരിച്ചതുപോലും 2019ലാണ്. പുനരധിവാസ പാക്കേജ് അനുസരിച്ചു വികസനത്തിന്റെ ഇരകളായര്‍ക്ക് നല്‍കുന്ന ഭൂമി യില്‍നിന്നും തീരദേശ പരിപാലനനിയമത്തിനു ഇളവുകൊടുക്കണമെന്ന സര്‍ക്കാര്‍ നിര്‍ദേശം പാലിക്കപ്പെട്ടില്ല. ഇതിനുപുറമെ 25 വര്‍ഷം കൈമാറ്റം ചെയ്യാന്‍ കഴിയാത്ത പട്ടയമാണ് നല്‍കുന്നത്. സ്വന്തം ഭൂമി വികസന പദ്ധതി കള്‍ക്കായി വിട്ടുകൊടുത്ത കുടുംബങ്ങള്‍ക്ക് ലഭിക്കുന്നത് സാമ്പത്തികാവശ്യത്തിനായി കൈമാറ്റം ചെയ്യാന്‍ കഴിയാത്ത ഭൂമി ! പുനരധിവാസം നടപ്പാകുന്നതുവരെ ലഭ്യമാക്കാമെന്നു പറഞ്ഞ വാടകയിനത്തിലുള്ള 5000 രൂപ ലഭിച്ചത് 2013 ജനുവരി വരെ.

ദി ക്രിട്ടിക് യു ട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

കക്ഷിരാഷ്രീയത്തിനതീതമായി മൂലമ്പിളിയിലെ ജനങ്ങള്‍ ഇപ്പോഴും സമരം നടത്തുകയാണ്. മഹേശ്വതാ ദേവി, മേധാ പട്കര്‍, വി ആര്‍ കൃഷ്ണയ്യര്‍, ഡോ. സുകുമാര്‍ അഴിക്കോട്, എം കെ സാനുമാസ്റ്റര്‍, മത മേലധ്യക്ഷന്മാര്‍, സമുദായനേതാക്കള്‍ തുടങ്ങിവര്‍ മൂലമ്പിള്ളിയിലെ ജനതയോട് ഐക്യ പ്പെട്ടവരാണ്. അതേസമയം വര്‍ഷങ്ങള്‍ക്കുശേഷം 2011ല്‍ മഹാശ്വേതാദേവി സമരത്തിനു പിന്തുണയുമായെത്തിയപ്പോള്‍ അവര്‍ക്കെതിരെ രംഗത്തുവന്നവരില്‍ മന്ത്രിമാരായ എം എ ബേബി, കെ പി രാജേന്ദ്രന്‍ എന്നിവര്‍ക്കുപുറമെ സുകുമാര്‍ അഴിക്കോട്, എം മുകുന്ദന്‍, വൈശാഖന്‍ തുടങ്ങിയവരും ഉള്‍പ്പെട്ടിരുന്നു. എന്നാല്‍ വലിയൊരുവിഭാഗം സാംസ്‌കാരിക പ്രവര്‍ത്തകര്‍ അവര്‍ക്ക് പിന്തുണ പ്രഖ്യാപിച്ചു. സസ്ഥാനതലത്തില്‍ ജനകീയസമര സംഗമവും നടന്നു. എന്തായാലും ഇവരുടെ ജീവിതം ഇപ്പോഴും ദുരിതത്തില്‍ തന്നെ. അതേസമയം കുടിയിറക്കപ്പെടാന്‍ കാരണമായ വല്ലാര്‍പാടം കണ്ടൈനര്‍ ടെര്‍മിനല്‍ ഇപ്പോള്‍ നഷ്ടത്തിലാണെന്നത് ഈ ദുരന്തകഥയിലെ മറ്റൊരു ദുരന്തം.

മരടിലെ ഫ്‌ളാറ്റ് പൊളിക്കല്‍ പ്രശ്‌നവുമായി ബന്ധപ്പെട്ടാണ് ഇവരുടെ വിഷയം വീണ്ടും ചര്‍ച്ചയായത്. എല്ലാ പരിസ്ഥിതിനിയമങ്ങളും ലംഘിച്ച് നിര്‍മ്മിച്ച ഫ്‌ളാറ്റുകള്‍ തകര്‍ക്കാന്‍ കോടതിവിധി വന്നപ്പോള്‍ അതൊഴിവാക്കാന്‍ സര്‍ക്കാരും മിക്കവാറും രാഷ്ട്രീയപ്രസ്ഥാനങ്ങളും ശക്തമായി രംഗത്തിറങ്ങിയപ്പോഴാണ്, ഒരുനിയമവും ലംഘിച്ചില്ലെങ്കിലും നാടിന്റെ വികസനത്തിന്റെ പേരുപറഞ്ഞ് വീടുകള്‍ തകര്‍ക്കപ്പെട്ട തങ്ങള്‍ ഇപ്പോഴും തെരുവിലാണെന്ന് മൂലമ്പിള്ളിക്കാര്‍ കേരളത്തെ ഓര്‍മ്മിപ്പിച്ചത്. എന്നാല്‍ ഫ്‌ളാറ്റുകള്‍ക്ക് നിയമവിരുദ്ധമായി അനുമതി നല്‍കിയവരും വാങ്ങിയവരുമാണ് താമസക്കാര്‍ക്ക് നഷ്ടപരിഹാരം നല്‍കേണ്ടത് എന്നതുപോലും നടപ്പാക്കാതെ 25 ലക്ഷം സര്‍ക്കാര്‍ ഖജനാവില്‍ നിന്നെടുത്തുകൊടുക്കുകയാണുണ്ടായത്. അപ്പോഴും മാന്യമായ നഷ്ടപരിഹാരം ലഭിക്കാതെ മൂലമ്പിള്ളിക്കാര്‍ ഇപ്പോഴും തെരുവിലാണ്.

മൂലമ്പിള്ളിക്കാരുടെ ഈ ദുരന്തങ്ങള്‍ മറച്ചുവെച്ചാണ് കെ റെയിലില്‍ മാന്യമായ നഷ്ടപരിഹാരം നല്‍കുമെന്ന് സര്‍ക്കാര്‍ പറയുന്നത്. തീര്‍ച്ചയായും അത് അവിശ്വസിക്കാന്‍ സ്ഥലം നഷ്ടപ്പെടുന്നവര്‍ക്ക് അവകാശമുണ്ട്. മറുവശത്ത് ഇത് കേവലം നഷ്ടപരിഹാരത്തിന്റെ പ്രശ്‌നമല്ല താനും. സാമൂഹ്യമായും സാമ്പത്തികമായും പാരിസ്ഥിതികമായും കേരളത്തിനു ഭീഷണിയായ ഒരു പദ്ധതിക്കായി സ്ഥലം വിട്ടുതരാനാവില്ല എന്നു പ്രഖ്യാപിക്കാനും അവര്‍ക്ക് അവകാശമുണ്ട്. അവരെ അടിച്ചമര്‍ത്തി പദ്ധതി നടപ്പാക്കാന്‍ ഒരു ജനാധിപത്യസര്‍ക്കാരിനു അവകാശമില്ലതാനും.

(ഫോട്ടോ കടപ്പാട് റിപ്പോര്‍ട്ടര്‍ ചാനല്‍)

സുഹൃത്തെ,
അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പന്ത്രണ്ടാം വര്‍ഷത്തേക്ക് കടക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2024 - 25 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.

The Critic, A/C No - 020802000001158,
Indian Overseas Bank,
Thrissur - 680001, IFSC - IOBA0000208
google pay - 9447307829
സ്നേഹത്തോടെ ഐ ഗോപിനാഥ്, എഡിറ്റര്‍, thecritic.in


ഞങ്ങളുടെ ഫേസ്ബുക് പേജ് ലൈക് ചെയ്യൂ..


Published On

Category: Human rights | Tags: , | Comments: 0 |

'ക്രിട്ടിക്കില്‍ പ്രസിദ്ധീകരിക്കുന്ന ലേഖനങ്ങള്‍ ലേഖകരുടെ അഭിപ്രായങ്ങളാണ്.. അവ പൂര്‍ണ്ണമായും ക്രിട്ടിക്കിന്റെ അഭിപ്രായങ്ങളാകണമെന്നില്ല - എഡിറ്റര്‍'

Be the first to write a comment.

Leave a Reply