സ്‌കോളര്‍ഷിപ്പ് : പാളിച്ച തുടങ്ങിയത് പാലൊളിയില്‍ നിന്ന്

ക്ഷേമപദ്ധതികളും വിദ്യാഭ്യാസ ആനുകൂല്യങ്ങളും ന്യൂനപക്ഷ വിഭാഗങ്ങളിലെ എല്ലാ സമുദായങ്ങള്‍ക്കും ജനസംഖ്യാനുപാതികമായി വിതരണം ചെയ്യുന്നതിനേക്കാള്‍ നീതിപൂര്‍വ്വകമാകുന്നത് ഏറ്റവും പിന്നോക്കം നില്‍ക്കുന്നവര്‍ക്ക് മുന്‍ഗണന നല്‍കുമ്പോഴാണ്. അതിനാല്‍ പിന്നോക്കം നില്‍ക്കുന്നവര്‍ക്ക് മുന്‍ഗണന ലഭ്യമാകാന്‍ ഉതകുംവിധം ഇപ്പോഴത്തെ കോടതിവിധിയെ നിയമപരമായി പരിവര്‍ത്തനപ്പെടുത്താനുള്ള ശ്രമമാണ് സര്‍ക്കാരിന്റെ ഭാഗത്തു നിന്നും ഉണ്ടാവേണ്ടത്

കേരളത്തിലെ ന്യൂനപക്ഷ സമുദായ അംഗങ്ങളായ വിദ്യാര്‍ത്ഥികള്‍ക്കുള്ള സ്‌കോളര്‍ഷിപ് അനുവദിക്കുന്നതില്‍ സ്വീകരിച്ചിരുന്ന 80 : 20 അനുപാതം റദ്ദാക്കിയ ഹൈക്കോടതി വിധി വലിയ വിവാദമായിരിക്കുകയാണല്ലോ. ക്രിസ്ത്യന്‍ വിഭാഗത്തില്‍ പെട്ടവര്‍ ഈ വിധിയെ സ്വാഗതം ചെയ്തപ്പോള്‍, മുസ്ലിം വിഭാഗത്തില്‍ പെട്ടവര്‍ തങ്ങളുടെ ആനുകൂല്യങ്ങള്‍ നഷ്ടപ്പെടാന്‍ ഈ
വിധി കാരണമാകുമെന്നു ഭയപ്പെടുന്നു. സമീപകാലത്തായി രൂപംകൊള്ളുന്ന മുസ്ലിം-ക്രിസ്ത്യന്‍ ഭിന്നതകളെ മൂര്‍ച്ഛിപ്പിച്ചു രാഷ്ട്രീയ മുതലെടുപ്പിനു ശ്രമിക്കുന്നവര്‍ ഈ വിധിയെ അതിനായി ഉപയോഗപ്പെടുത്താനുള്ള ശ്രമത്തിലാണ്. ആദ്യം മുസ്ലിം വിഭാഗത്തില്‍പെട്ടവര്‍ക്കു മാത്രമായിരുന്ന ഈ സ്‌കോളര്‍ഷിപ്പില്‍ 2011 ഫെബ്രുവരി 22 ലെ സര്‍ക്കാര്‍ ഉത്തരവിലൂടെ ലത്തീന്‍ കാതോലിക്കരെയും പരിവര്‍ത്തിത ക്രിസ്ത്യാനികളെയും ഉള്‍പ്പെടുത്തി. 2015 മെയ് 8 ലെ ഉത്തരവിലൂടെ അതിന്റെ അനുപാതം 80:20 (മുസ്ലീം – മറ്റു ന്യൂനപക്ഷങ്ങള്‍) ആയി നിജപ്പെടുത്തി. പിന്നീട് കേരള സംസ്ഥാന ന്യൂനപക്ഷ കമ്മീഷന്റെ പല പദ്ധതികള്‍ക്കും ഈ അനുപാതം തുടര്‍ന്നുപോരുന്നു. അതാണിപ്പോള്‍ കോടതി റദ്ദാക്കിയിരിക്കുന്നത്.

ഇന്ത്യയിലെ മുസ്ലിം ന്യൂനപക്ഷത്തിന്റെ സാമൂഹ്യ- സാമ്പത്തിക പിന്നോക്കാവസ്ഥ പഠിക്കുന്നതിനു വേണ്ടി കേന്ദ്ര സര്‍ക്കാര്‍ നിയമിച്ച സച്ചാര്‍ കമ്മീഷന്റെ ശുപാര്‍ശകള്‍ നടപ്പിലാക്കുന്നതിന്റെ ഭാഗമായാണ് കേരളത്തില്‍ ന്യൂനപക്ഷ വകുപ്പും ന്യൂനപക്ഷ കമ്മീഷനും രൂപീകൃതമായത്. ഇന്ത്യയിലെ മുസ്ലിങ്ങളുടെ സാമൂഹ്യ-സാമ്പത്തിക പിന്നോക്കാവസ്ഥ അനാവരണം ചെയ്ത
സച്ചാര്‍ കമ്മീഷന്‍, സര്‍ക്കാര്‍ സര്‍വീസുകളില്‍ രണ്ടര ശതമാനത്തില്‍ താഴെയാണ് മുസ്ലിങ്ങളുടെ പ്രാതിനിധ്യമെന്നും വിദ്യാഭ്യാസ രംഗത്തെ അവരുടെ അവസ്ഥ പരിതാപകരമാണെന്നും കണ്ടെത്തി.

ദി ക്രിട്ടിക് ഫേസ് ബുക്ക് പേജ് ലൈക്ക് ചെയ്യുക

ഇന്ത്യയിലെ മുസ്ലിങ്ങളുടെ പിന്നോക്കാവസ്ഥയുമായി താരതമ്യം ചെയ്യുമ്പോള്‍ കേരളത്തിലെ മുസ്ലിങ്ങളുടെ അവസ്ഥ അത്ര പിന്നോക്കമായിരുന്നില്ല. ഇതുകൂടി പരിഗണിച്ചുകൊണ്ടാണ് 2007 ല്‍ അന്നത്തെ LDF സര്‍ക്കാര്‍ കേരളത്തിലെ മുസ്ലിങ്ങളുടെ പ്രശ്‌നങ്ങള്‍ പഠിച്ചു സച്ചാര്‍ കമ്മീഷന്‍ റിപ്പോര്‍ട്ടു നടപ്പാക്കാനുള്ള നിര്‍ദേശങ്ങള്‍ സമര്‍പ്പിക്കാനായി പാലോളി മുഹമ്മദുകുട്ടി അധ്യക്ഷനായുള്ള കമ്മറ്റിയെ നിയമിച്ചത്. പതിനൊന്നംഗ കമ്മറ്റിയില്‍ ഒരാളൊഴികെ എല്ലാവരും മുസ്ലിങ്ങളായിരുന്നു. കമ്മറ്റിയുടെ ലക്ഷ്യം കേരളത്തിലെ മുസ്ലിങ്ങളുടെ പ്രശ്‌നങ്ങള്‍ മനസിലാക്കുക എന്നതായിരുന്നതുകൊണ്ടു തന്നെ അവര്‍ നല്‍കിയ റിപ്പോര്‍ട്ടിലും അതുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ മാത്രമേ പ്രതിപാദിച്ചിരുന്നുള്ളു. കേരളത്തിലെ  ജനസംഖ്യയുടെ 25 ശതമാനത്തോളം വരുന്ന മുസ്ലിങ്ങളുടെ അവസ്ഥ ,ഇന്ത്യയിലെ ഇതര ഭാഗങ്ങളെ അപേക്ഷിച്ചു മെച്ചമാണെന്ന വിലയിരുത്തലാണ് പാലോളി കമ്മറ്റിയും പ്രകടിപ്പിച്ചത്. രാഷ്ട്രീയ പ്രബുദ്ധതയും നവോത്ഥാന പ്രസ്ഥാനങ്ങളുടെ പുരോഗമന സ്വഭാവവും ആരോഗ്യ-വിദ്യാഭ്യാസ രംഗത്തുണ്ടായ നേട്ടങ്ങളും മറ്റു അടിസ്ഥാന സൗകര്യങ്ങളുടെ ലഭ്യതയും എല്ലാമാണ് ഇതിനു കാരണമെന്നും പാലോളി കമ്മറ്റിയുടെ റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്. (മുസ്ലിം ലീഗിന്റെ രാഷ്ട്രീയാധികാരത്തിലുള്ള പങ്കാളിത്തവും, ഗള്‍ഫിലെ തൊഴിലവസരങ്ങളും, മണ്ഡല്‍ കമ്മീഷന്‍ റിപ്പോര്‍ട്ടിനെ തുടര്‍ന്ന് സര്‍ക്കാര്‍ സര്‍വീസില്‍ 12 ശതമാനം സംവരണം ലഭിച്ചതുമെല്ലാം കേരളത്തിലെ മുസ്ലിങ്ങളുടെ സാമ്പത്തിക നില മെച്ചപ്പെടുന്നതിനു സഹായകമായിട്ടുണ്ട്).

എങ്കിലും വിദ്യാഭ്യാസ മേഖലയില്‍ മുസ്ലിംസമുദായം പിന്നോക്കാവസ്ഥയിലാണെന്ന വസ്തുതക്ക് ഊന്നല്‍ നല്‍കിക്കൊണ്ടാണ് പാലോളി കമ്മറ്റി അവരുടെ റിപ്പോര്‍ട്ട് തയ്യാറാക്കിയത്. മുസ്ലിങ്ങള്‍ കൂടുതലായി താമസിക്കുന്ന വടക്കന്‍ കേരളത്തിലെ തീരപ്രദേശങ്ങളിലും മലയോര പ്രദേശങ്ങളിലും ആവശ്യത്തിന് സ്‌കൂളുകള്‍ ഇല്ലാത്തതിനാല്‍ അവിടങ്ങളില്‍ കൂടുതല്‍ സ്‌കൂളുകള്‍ സ്ഥാപിക്കണമെന്നും ഉന്നത വിദ്യാഭ്യാസ രംഗത്തുള്ള മുസ്ലിങ്ങളുടെ പിന്നോക്കാവസ്ഥ പരിഹരിക്കാന്‍ സ്‌കോളര്‍ഷിപ്പുകള്‍ ഏര്‍പ്പെടുത്തണമെന്നും പാലോളി കമ്മറ്റി നിര്‍ദ്ദേശിച്ചിരുന്നു. മുസ്ലിം പെണ്‍കുട്ടികളുടെ വിദ്യാഭ്യാസത്തിനു സ്‌കോളര്‍ഷിപ്പ് നല്‍കുന്നതിന് അടിയന്തിര പരിഗണന നല്‍കണമെന്നും പ്രസ്തുത റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്. (ചെറു പ്രായത്തില്‍ തന്നെ മുസ്ലിം പെണ്‍കുട്ടികള്‍ വിവാഹിതരാവുന്നതുമൂലം അവരുടെ തുടര്‍ വിദ്യാഭ്യാസം നിലച്ചുപോകുന്നതോ, പെണ്‍കുട്ടികളെ ഉന്നത വിദ്യാഭ്യാസത്തിന് അയയ്ക്കുന്നതില്‍ മുസ്ലിങ്ങള്‍ക്കുള്ള വിമുഖതയോ പരിശോധിക്കാന്‍ പാലോളി കമ്മറ്റി സന്നദ്ധമായിരുന്നില്ല). എന്നാല്‍വഖഫ് ബോര്‍ഡിന്റെ പുനഃസംഘടനക്കും മദ്രസ അദ്ധ്യാപകരുടെ ക്ഷേമവും പെന്‍ഷനും ഉറപ്പുവരുത്തുന്നതിനും പാലോളി കമ്മറ്റി മുന്തിയ പരിഗണ നല്‍കിയിരുന്നു. മുസ്ലിങ്ങളുടെ വിദ്യാഭ്യാസ പ്രശ്‌നങ്ങളും വഖഫ് ബോര്‍ഡിന്റെ പുനഃസംഘടനയും മദ്രസ അധ്യാപകരുടെ ക്ഷേമവും മുസ്ലിങ്ങളുടെ പിന്നോക്കാവസ്ഥ പരിഹരിക്കാനുള്ള പ്രത്യേക പദ്ധതികളും എല്ലാമായിരുന്നു പാലോളി കമ്മറ്റി റിപ്പോര്‍ട്ടിന്റെ അന്തസത്തയെങ്കിലും MINORITY WELFARE DEPARTMENT ഉം MINORITY WELFARE CELL ഉം രൂപീകരിക്കാനാണ് പാലോളി കമ്മിറ്റി നിര്‍ദ്ദേശിച്ചത്. യഥാര്‍ത്ഥത്തില്‍ വേണ്ടിയിരുന്നത് മുസ്ലിങ്ങളുടെ പിന്നോക്കാവസ്ഥ പരിഹരിക്കുന്നതിനുള്ള പ്രത്യേക സംവിധാനങ്ങളായിരുന്നു.

ദി ക്രിട്ടിക് യു ട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

മുസ്ലിങ്ങള്‍ക്ക് മാത്രമായി ഒരു സംവിധാനമുണ്ടാക്കിയാല്‍ തങ്ങളുടെ ഇടതുപക്ഷ മതേതര പ്രതിച്ഛായക്ക് മങ്ങലേല്‍ക്കുമോ എന്ന ഭീതികൊണ്ടാവാം മുസ്ലിങ്ങളുടെ പിന്നോക്കാവസ്ഥ പരിഹരിക്കാനുള്ള പദ്ധതിക്കായി രൂപംകൊടുത്ത (മറ്റു ന്യൂനപക്ഷങ്ങളുടെ പ്രശ്‌നങ്ങള്‍ക്ക് യാതൊരു പരിഗണയുമില്ലാത്ത) സംവിധാനത്തിന് ന്യൂനപക്ഷ ക്ഷേമ വിഭാഗമെന്നു നാമകരണം ചെയ്തത്. തങ്ങള്‍ രൂപംനല്‍കിയ ന്യൂനപക്ഷ ക്ഷേമ വിഭാഗം മുസ്ലിങ്ങള്‍ക്ക് മാത്രമുള്ളതാണെന്ന ആക്ഷേപം ഉയര്‍ന്നാല്‍ അതിനെ മറികടക്കാനുള്ള ഒരു ഉപായം എന്ന നിലയിലാണ് LDF സര്‍ക്കാര്‍ 2011 ലെ ഒരുത്തരവിലൂടെ ലത്തീന്‍ കത്തോലിക്കരെയും പരിവര്‍ത്തിത ക്രിസ്ത്യാനികളെയും കൂടി ന്യൂനപക്ഷ കമ്മീഷന്റെ സ്‌കോളര്‍ഷിപ്പിന് അര്‍ഹരാക്കി മാറ്റിയത്. പിന്നീട് വന്ന UDF സര്‍ക്കാരാകട്ടെ 2015 ലെ ഒരുത്തരവിലൂടെ 80 :20 എന്ന അനുപാതത്തില്‍ മുസ്ലിങ്ങള്‍ക്കും ഇതര ന്യൂനപക്ഷങ്ങള്‍ക്കും സ്‌കോളര്‍ഷിപ്പുകള്‍ നല്കാന്‍ തീരുമാനിച്ചു.(ജനസംഖ്യയുടെ 26 % മുസ്ലിങ്ങളും ലത്തീന്‍ കത്തോലിക്കരും പരിവര്‍ത്തിത ക്രിസ്ത്യാനികളും കൂടി 6 % വരും എന്നതിന്റെ അടിസ്ഥാനത്തിലാവാം 80 :20 അനുപാതം നിശ്ചയിച്ചത്).

സച്ചാര്‍ കമ്മീഷന്റെ നിര്‍ദ്ദേശാനുസരണം മുസ്ലിങ്ങളുടെ ഉന്നതിക്കായി നല്‍കിയ സ്‌കോളര്‍ഷിപ്പില്‍ ലത്തീന്‍ കത്തോലിക്കരെയും പരിവര്‍ത്തിത ക്രിസ്ത്യാനികളെയും ഉള്‍പ്പെടുത്തിയത് ഒട്ടകത്തിനു സ്ഥലം കൊടുത്തതുപോലെയായെന്നു പരിതപിക്കുന്നതില്‍ കാര്യമുണ്ടെന്നു തോന്നുന്നില്ല. ന്യൂനപക്ഷ കമ്മീഷന്റെ സ്‌കോളര്‍ഷിപ്പില്‍ ഏതെങ്കിലും ന്യൂനപക്ഷ വിഭാഗത്തെ മാറ്റിനിര്‍ത്തുന്നത് സ്വാഭാവിക നീതിയുടെ നിഷേധമായി വ്യാഖ്യാനിക്കപ്പെടാം എന്നാണല്ലോ കോടതിവിധി വ്യക്തമാക്കുന്നത്. യഥാര്‍ത്ഥത്തില്‍ പാളിച്ചപറ്റിയതു പാലോളി കമ്മറ്റിക്കു തന്നെയാണ്. അല്ലാതെ LDF ഉം UDF ഉം പരസ്പരം പഴിചാരുന്നതില്‍ കഴമ്പൊന്നുമില്ല.

ന്യൂനപക്ഷ വിദ്യാഭ്യാസ ക്ഷേമ ആനുകൂല്യങ്ങളും സ്‌കോളര്‍ഷിപ്പുകളും
ജനസംഖ്യാനുപാതികമായി വിതരണം ചെയ്യണമെന്നാണല്ലോ കോടതി പറഞ്ഞിരിക്കുന്നത്. ക്ഷേമപദ്ധതികളും വിദ്യാഭ്യാസ ആനുകൂല്യങ്ങളും ന്യൂനപക്ഷ വിഭാഗങ്ങളിലെ എല്ലാ സമുദായങ്ങള്‍ക്കും ജനസംഖ്യാനുപാതികമായി വിതരണം ചെയ്യുന്നതിനേക്കാള്‍ നീതിപൂര്‍വ്വകമാകുന്നത് ഏറ്റവും പിന്നോക്കം നില്‍ക്കുന്നവര്‍ക്ക് മുന്‍ഗണ നല്‍കുമ്പോഴാണ്. അതിനാല്‍ പിന്നോക്കം നില്‍ക്കുന്നവര്‍ക്ക് മുന്‍ഗണന ലഭ്യമാകാന്‍ ഉതകുംവിധം ഇപ്പോഴത്തെ കോടതിവിധിയെ നിയമപരമായി പരിവര്‍ത്തനപ്പെടുത്താനുള്ള ശ്രമമാണ് സര്‍ക്കാരിന്റെ ഭാഗത്തു നിന്നും ഉണ്ടാവേണ്ടത്

സുഹൃത്തെ,
അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പന്ത്രണ്ടാം വര്‍ഷത്തേക്ക് കടക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2024 - 25 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.

The Critic, A/C No - 020802000001158,
Indian Overseas Bank,
Thrissur - 680001, IFSC - IOBA0000208
google pay - 9447307829
സ്നേഹത്തോടെ ഐ ഗോപിനാഥ്, എഡിറ്റര്‍, thecritic.in


ഞങ്ങളുടെ ഫേസ്ബുക് പേജ് ലൈക് ചെയ്യൂ..


Published On

Category: Kerala | Tags: , | Comments: 0 |

'ക്രിട്ടിക്കില്‍ പ്രസിദ്ധീകരിക്കുന്ന ലേഖനങ്ങള്‍ ലേഖകരുടെ അഭിപ്രായങ്ങളാണ്.. അവ പൂര്‍ണ്ണമായും ക്രിട്ടിക്കിന്റെ അഭിപ്രായങ്ങളാകണമെന്നില്ല - എഡിറ്റര്‍'

Be the first to write a comment.

Leave a Reply