ബ്രഹ്മപുരം : മന്ത്രി പി രാജീവിന്റെ പ്രഖ്യാപനങ്ങളും ജനങ്ങളുടെ ഉത്തരവാദിത്തവും

ഒരു ഡസന്‍ ദിവസം മുഴുവന്‍ കത്തിയ ബ്രഹ്മപുരം മാലിന്യമല ഏറെക്കുറെ ശാന്തമായിട്ടുണ്ടെങ്കിലും കൊച്ചിയിലെ വായുവിന്റെ അവസ്ഥ ഇനിയും ഏറെ മെച്ചപ്പെടേണ്ടതുണ്ട്. അഴിമതി പുകയും അണഞ്ഞിട്ടില്ല. എഴുനൂറില്‍ പരം പേരാണ് ഇതിനകം ചികിത്സ തേടിയത്. ദീര്‍ഘകാലാടിസ്ഥാനത്തില്‍ ഇതിന്റെ പ്രത്യാഘാതങ്ങള്‍ വാരാനിരിക്കുന്നതേയുള്ളു. എന്നാല്‍ ഇനിയും വിഷയത്തിന്റെ ഗൗരവം ബോധ്യമാകാത്ത ഒരു വിഭാഗം അധികാരികളാണ്. അതുകൊണ്ടാണല്ലോ മാലിന്യമല കത്തുക എന്നത് ലോകത്തെയോ ഇന്ത്യയിലേയോ ആദ്യസംഭവമല്ല എന്നൊക്കെ മന്ത്രി എം ബി രാജേഷ് നിയമസഭയില്‍ പറഞ്ഞത്. ആരോപണവിധേയമായ കരാര്‍ കമ്പനിയെ ന്യായീകരിക്കാനും അദ്ദേഹം മടിച്ചില്ല. ആദ്യദിവസങ്ങളില്‍ ഒരു പ്രശ്‌നവുമില്ലെന്നു പറഞ്ഞ ആരോഗ്യമന്ത്രിയാകട്ടെ പത്താംദിവസം ജനങ്ങളോട് മാസ്‌ക് ധരിക്കാനും ആവശ്യപ്പെട്ടു.

അതേസമയം ഇനിയൊരു ബ്രഹ്മപുരം ആവര്‍ത്തിക്കാതിരിക്കുന്നതിനായി മാലിന്യ സംസ്‌കരണം സുഗമമാക്കാനുള്ള സമഗ്രകര്‍മപദ്ധതി അതിവേഗം നടപ്പിലാക്കുമെന്നാണ് മന്ത്രി പി രാജീവ് പറയുന്നത്. പുതിയ നിയമങ്ങള്‍ കൊണ്ടു വരുന്നതിന് പകരം നിലവിലുള്ള നിയമങ്ങള്‍ ശക്തമാക്കിയാണ് കര്‍മ്മ പദ്ധതി ആവിഷ്‌കരിച്ചിട്ടുള്ളതെന്നും അത് ലംഘിക്കുന്നവര്‍ക്കെതിരെ സോളിഡ് വേസ്റ്റ് മാനേജ്മെന്റ് നിയമം, പരിസ്ഥിതി സംരക്ഷണ നിയമം എന്നിവ പ്രകാരമുള്ള ശക്തമായ നിയമ നടപടികള്‍ സ്വീകരിക്കുമെന്നും മന്ത്രി പറഞ്ഞു. നല്ലത്. എന്നാല്‍ എത്രയോ കാലമായി നിലനില്‍ക്കുന്ന ഈ പ്രശ്‌നം പരിഹരിക്കാനുള്ള നടപടിയെടുക്കാത്ത ഭരണകൂടത്തിനെതിരെ ശിക്ഷാനടപടിയെടുക്കുമോ എന്ന വിഷയത്തെ കുറിച്ച് അദ്ദേഹം മൗനിയാണ്.

കേരളത്തിലെ പരിസ്ഥിതി പ്രവര്‍ത്തകര്‍ എത്രയോ കാലമായി ആവശ്യപ്പെടുന്നതാണ് ഉറവിട മാലിന്യ സം്‌സ്‌കരണം എന്നത്. പല നഗരങ്ങളിലും നടന്ന പ്രക്ഷോഭങ്ങളെ തുടര്‍ന്ന് ഭാഗികമായെങ്കിലും അത് നടപ്പാക്കുന്നുണ്ട്. അതിന്റെ ഗുണം കാണുന്നുമുണ്ട്. എന്നാല്‍ മാലിന്യത്തില്‍ നിന്നു വൈദ്യുതി എന്ന, എവിടേയും കാര്യമായി വിജയിക്കാത്ത പദ്ധതി മുന്നോട്ടുവെച്ച് പരമാവധി മാലിന്യം ബ്രഹ്മപുരത്തെത്തിക്കാനുള്ള നടപടികളാണ് കൊച്ചി കോര്‍പ്പറേഷനും മറ്റ് അധികാരികളും സ്വാകരിച്ചത്. പ്രസ്തുത പദ്ധതി ഉദ്ഘാടനം ചെയ്തതുതന്നെ മുഖ്യമന്ത്രി പിണറായി വിജയനാണ്. എന്നാല്‍ പദ്ധതി വന്‍ പരാജയമാണെന്നു തെളിഞ്ഞു. മാത്രമല്ല മാലിന്യമലക്ക് പലവട്ടം തീ പിടിച്ചു. അതിലേറ്റവും വലുതും അവസാനത്തേതുമാണ് ഇപ്പോള്‍ നടന്നതെന്നു മാത്രം.

ദി ക്രിട്ടിക് ഫേസ് ബുക്ക് പേജ് ലൈക്ക് ചെയ്യുക

എന്തായാലും ഏപ്രില്‍ പത്തിനകം മഴുവന്‍ വീടുകളിലും ഉറവിട മാലിന്യ സംസ്‌കരണം ഉറപ്പാക്കുന്നതിനുള്ള നടപടികളാണ് സ്വീകരിച്ചിട്ടുള്ളതെന്നാണ് മന്ത്രി പറയുന്നത്. പ്രവര്‍ത്തനങ്ങള്‍ വിജയകരമായി പൂര്‍ത്തിയാക്കുന്ന തദ്ദേശ സ്ഥാപനങ്ങളെ ജൂണ്‍ അഞ്ചിന് പരിസ്ഥിതി ദിനത്തില്‍ മാലിന്യമുക്തമായി പ്രഖ്യാപിക്കും. ഇതുമായി ബന്ധപ്പെട്ട് മുഴുവന്‍ വീടുകളിലും നിയമപരമായ നോട്ടീസ് എത്തിക്കും. ബോധവല്‍ക്കരണവും നടത്തും. എത്ര വീടുകളിലും സ്ഥാപനങ്ങളിലും ഉറവിട മാലിന്യ സംസ്‌കരണത്തിനുള്ള സൗകര്യമില്ലെന്ന് മാര്‍ച്ച് 17നകം റിപ്പോര്‍ട്ട് നല്‍കണം. ഇവര്‍ക്ക് സൗകര്യമൊരുക്കുന്നതിനുള്ള സാമ്പത്തിക, സാങ്കേതിക സഹായങ്ങള്‍ അതാത് തദ്ദേശസ്ഥാപനങ്ങള്‍ നല്‍കണം. തൊഴിലുറപ്പ് തൊഴിലാളികളുടെയും ഇതിനായി ഉപയോഗിക്കാം. കൃത്യമായി നടപ്പാക്കുന്നുണ്ട് എന്ന് ഉറപ്പുവരുത്തുന്നതിനായി എന്‍ഫോഴ്സ്മെന്റ് സ്‌ക്വാഡുകളെ നിയോഗിക്കും. ഏപ്രില്‍ പത്തിന് എല്ലാ വീടുകളിലും സ്ഥാപനങ്ങളിലും ഉറവിട മാലിന്യ സംസ്‌കരണത്തിനുള്ള സംവിധാനം ഒരുക്കിയിട്ടുണ്ടെന്ന് ഉറപ്പുവരുത്തും. ഏപ്രില്‍ 12 മുതല്‍ 15 വരെ അതാത് തദ്ദേശ സ്വയംഭരണ സ്ഥാപന മേധാവികള്‍ ഫീല്‍ഡ് തലത്തില്‍ ചെന്ന് പരിശോധന നടത്തും. ഏപ്രില്‍ 30നകം വിജിലന്‍സ് സ്‌ക്വാഡുകളും പരിശോധന പൂര്‍ത്തിയാക്കും. വീഴ്ച വരുത്തുന്നവര്‍ക്കെതിരെ നിയമാനുസൃതമായ നടപടികള്‍ സ്വീകരിക്കും. നടപടിയെടുക്കാത്ത പക്ഷം അതാത് തദ്ദേശസ്ഥാപനങ്ങളിലെ സെക്രട്ടറിമാര്‍ക്കെതിരെയും നടപടി സ്വീകരിക്കും. ഫ്ളാറ്റ്, ഗേറ്റഡ് കോളനി എന്നിവയെയും പദ്ധതിയുടെ ഭാഗമാക്കുമെന്നാണ് മന്ത്രിയുടെ വിശദീകരണം.

ഓരോ തദ്ദേശസ്ഥാപനങ്ങളിലും ഹരിത കര്‍മ്മ സേനയുടെ പ്രവര്‍ത്തനം ഇല്ലാത്ത വാര്‍ഡുകളുടെ കണക്കുകള്‍ ബന്ധപ്പെട്ട അധികൃതര്‍ക്ക് നല്‍കണമെന്നും കുടുംബശ്രീ വഴി ഒഴിവുകള്‍ നികത്തണമെന്നും മന്ത്രി നിര്‍ദ്ദേശിച്ചിട്ടുണ്ട്. മാര്‍ച്ച് 26 മുതല്‍ 30 വരെ അതാത് തദ്ദേശസ്ഥാപനങ്ങള്‍ ഇവര്‍ക്കു വേണ്ട പരിശീലനം നല്‍കും. മെയ് ഒന്നോടെ 100 ശതമാനം തരംതിരിച്ച മാലിന്യങ്ങളും ഹരിത കര്‍മ്മ സേന വഴി ശേഖരിക്കും. മാലിന്യങ്ങള്‍ ശേഖരിക്കുന്നതിനും സംസ്‌കരിക്കുന്നതിനുള്ള മെറ്റീരിയല്‍ കളക്ഷന്‍ സെന്ററുകള്‍ ഇല്ലാത്ത പ്രദേശങ്ങളില്‍ അടിയന്തിരമായി സ്ഥാപിക്കാനുള്ള നടപടികള്‍ സ്വീകരിക്കും. ഇത്തരം പ്രദേശങ്ങളില്‍ മാര്‍ച്ച് 31നകം താല്‍ക്കാലിക കളക്ഷന്‍ സെന്ററുകള്‍ ഒരുക്കും. മാലിന്യങ്ങള്‍ അളക്കുന്നതിനുള്ള ത്രാസ്, തരം തിരിച്ച് കയറ്റി വിടുന്ന മാലിന്യത്തിന്റെ കൃത്യമായ കണക്ക് രേഖപ്പെടുത്തുന്നതിനായി വേസ്റ്റ് മാനേജ്മെന്റ് സിസ്റ്റം എന്നിവ സജ്ജമായിരിക്കണം. സ്വകാര്യ സ്ഥാപനങ്ങള്‍ മാലിന്യങ്ങള്‍ എവിടേക്ക് കൊണ്ടുപോകുന്നു എന്ന് കൃത്യമായി നിരീക്ഷിക്കും. ശുചിമുറി മാലിന്യങ്ങള്‍ കൈകാര്യം ചെയ്യുന്ന സ്വകാര്യ സ്ഥാപനങ്ങളുടെ പ്രവര്‍ത്തനം കൃത്യമായി നിരീക്ഷിക്കണം. ഇവ മാലിന്യ സംസ്‌കരണ പ്ലാന്റില്‍ തന്നെ എത്തുന്നുണ്ടെന്ന് ഉറപ്പുവരുത്തണം. ഇതിന് ഉപയോഗിക്കുന്ന ലോറികളില്‍ ജി.പി.എസ് സംവിധാനം ഘടിപ്പിക്കണം. വലിയതോതില്‍ ശുചിമുറി മാലിന്യങ്ങള്‍ക്ക് കാരണമാകുന്ന ഫ്ളാറ്റുകള്‍ അപ്പാര്‍ട്ട്മെന്റുകള്‍ തുടങ്ങിയവക്ക് മാലിന്യ സംസ്‌കരണത്തിനുള്ള സൗകര്യം ഏര്‍പ്പെടുത്താന്‍ ജൂണ്‍ 30 വരെ സമയം നല്‍കിയിട്ടുണ്ടെന്നും മന്ത്രി പറയുന്നു.

പൊതുസ്ഥലങ്ങലില്‍ മാലിന്യം നിക്ഷേപിക്കുന്നവരില്‍ ഒന്നാം സ്ഥാനത്താണല്ലോ മലായാളികള്‍. പൊതു സ്ഥലങ്ങളിലെ മാലിന്യങ്ങള്‍ നീക്കം ചെയ്യുന്നതിന് മെയ് ഒന്നു മുതല്‍ 10 വരെ പ്രത്യേക പദ്ധതി നടപ്പാക്കുമന്നും അതിനായി ഹരിത കര്‍മസേന, തൊഴിലുറപ്പ് തൊഴിലാളികള്‍, കുടുംബശ്രീ, റസിഡന്റ് അസോസിയേഷനുകള്‍, യുവജന ക്ലബുകള്‍, എന്നിവയുമായി സഹകരിക്കുമെനന്ും മന്ത്രി കൂട്ടിചേര്‍ത്തു. പ്രധാന കേന്ദ്രങ്ങളില്‍ വേസ്റ്റ് ബിന്നുകള്‍ സ്ഥാപിക്കും. വേസ്റ്റ് ബിന്നുകള്‍ ദിവസേന വൃത്തിയാക്കുന്നതിനായി ഹരിത കര്‍മ്മ സേനയെ നിയോഗിക്കും. മെയ് 11 മുതല്‍ 20 വരെയാണ് ജലസ്രോതസുകള്‍ ശുദ്ധീകരിക്കും. കര്‍മ്മ പദ്ധതിയുമായി ബന്ധപ്പെട്ട പ്രവര്‍ത്തനങ്ങള്‍ അവലോകനം ചെയ്യുന്നതിനായി ജില്ലാതലത്തിലും പ്രാദേശിക തലത്തിലും വാര്‍ റൂമുകള്‍ സജ്ജമാക്കുമെന്നും മന്ത്രി കൂട്ടിചേര്‍ത്തു. ഇതെല്ലാമായി ബന്ധപ്പെട്ട് മെയ് 24 മുതല്‍ 31 വരെ പൊതുജനങ്ങള്‍ക്ക് പരാതികള്‍ നല്‍കാന്‍ അവസരം ഒരുക്കും.

ദി ക്രിട്ടിക് യു ട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

തീര്‍ച്ചയായും വൈകിവന്ന വിവേകത്തിന്റെ വാക്കുകളാണ് മന്ത്രിയുടേത്. അപ്പോഴും വന്‍കിട ഹോട്ടലുകള്‍, കല്ല്യാണ ഹാളുകള്‍, മറ്റു വന്‍കിട സ്ഥാപനഹ്ങള്‍ തുടങ്ങിയവയിലെ വന്‍തോതിലുണ്ടാകുന്ന മാലിന്യങ്ങളെ കുറിച്ച് മന്ത്രി വേണ്ടത്ര ഗൗരവത്തോടെ കാണുന്നുണ്ടോ എന്നത് സംശയമാണ്. മാത്രമല്ല വളരെ പതുക്കെ നീറങ്ങുന്ന ബയോ മൈനിഗും അതിനേക്കാള്‍ വേഗത്തില്‍ ഇപ്പോഴെത്തുന്ന മാലിന്യങ്ങളും ചേരുമ്പോള്‍ മാലിന്യമലക്ക് കാര്യമായ ഇടിവുണ്ടാകുമെന്നു തോന്നുന്നില്ല. വികേന്ദ്രീകൃതമായി രീതിയില്‍, അതാതുദിവസമെത്തുന്ന മാലിന്യങ്ങള്‍ വേര്‍തിരിച്ച് സംസ്‌കരിക്കാനോ ആവശ്യക്കാര്‍ക്ക് കൊടുക്കാനോ ഉള്ള സംവിധാനങ്ങള്‍ ഒരുക്കണം. ചൂടുവെള്ളത്തില്‍ വീണ പൂച്ച പച്ചവെള്ളം കണ്ടാലും പേടിക്കുമെന്നു പറയുന്നപോലെ എത്ര ചെറിയ പ്ലാന്റാണെങ്കിലും തദ്ദേശവാസികള്‍ എതിര്‍ക്കുമെന്നുറപ്പാണ്. ജനവിശ്വാസം തിരിച്ചെടുക്കുക എന്നത് എളുപ്പമുള്ള കര്യമല്ല. മാതൃകാപരമായ ഒരു പ്ലാന്റൊരുക്കി ജനവിശ്വാസം തിരിച്ചെടുക്കാതെ ഇതൊന്നും നടക്കാന്‍ പോകുന്നില്ല എന്നതാണ് വസ്തുത. അതിനിടയില്‍ പരോക്ഷമായി മാലിന്യമല കത്തുന്നതിനെപോലും ന്യായീകരിക്കുന്ന മന്ത്രി രാജേഷിനെപോലുള്ളവര്‍ കുറെ കൂടി ഉത്തരവാദിത്തം കാണിച്ചേ മതിയാകൂ. ഒപ്പം മൗനിയായിരിക്കുന്ന മുഖ്യമന്ത്രിയും.

ജനാധിപത്യത്തില്‍ ജനങ്ങളാണല്ലോ അന്തിമ വിധികര്‍ത്താക്കള്‍. ഈ വിഷയത്തിലും അങ്ങനെതന്നെ. അതാകട്ടെ രണ്ടുതരത്തിലാണ്. ഒന്ന് സ്വന്തം മാലിന്യം പരമാവധി സ്വയം സംസ്‌കരിക്കുക എന്നതാണത്. കഴിയാത്തതിനു മാത്രം സര്‍ക്കാരിനെ ആശ്രയിക്കുക. രണ്ടാമത്തേത് എപ്പോഴും ഭരണകൂട നടപടികള്‍ക്കെതിരെ ജാഗരൂകരാകുക, ആവശ്യമെങ്കില്‍ പ്രക്ഷോഭത്തിനു തയ്യാറാകുക എന്നതാണ്. അക്കാര്യത്തില്‍ നിരവധി ഉദാഹരണങ്ങള്‍ നമുക്കുമുന്നിലുണ്ട്. സംസ്ഥാനത്തെ നിരവധി മേഖലകളില്‍ അശാസ്ത്രീയമായ മാലിന്യനിക്ഷേപത്തിനെതിരെ ജനങ്ങള്‍ നടത്തിയ സമരങ്ങള്‍ ഒരു പരിധി വരെയെങ്കിലും വിജയം നേടിയിട്ടുണ്ട്. ചുരുങ്ങിയപക്ഷം പ്രശ്‌നത്തിന്റെ രൂക്ഷത െേറ കുറഞ്ഞിട്ടെങ്കിലുമുണ്ട്. മറ്റു വഴികള്‍ കണ്ടെത്താന്‍ ഭരണകൂടങ്ങള്‍ നിര്‍ബന്ധിതരായിട്ടുണ്ട്. ലാലൂര്‍, വിളപ്പില്‍ശാല, വടവാതൂര്‍, ഞെളിയന്‍ പറമ്പ്, ച്കകംകണ്ടം, പെട്ടിപ്പാലം, ചെമ്മട്ടം വയല്‍, രാമന്തളി, ചെലോറ, പെരിങ്ങമല തുടങ്ങിയവ ഉദാഹരണങ്ങള്‍. എന്നാല്‍ മെട്രോഗരമായതിനാലാകാം കൊച്ചിയില്‍ ഈ വിഷയത്തില്‍ ശക്തമായ ജനകീയ സമരം നടന്നില്ല. അതിന്റെ ദുരന്തം കൂടിയാണ് ഇപ്പോള്‍ അനുഭവിക്കുന്നത്. ഈ നിലപാടി തിരുത്തണം. മന്ത്രി രാജീവ് ഇപ്പോള്‍ പ്രഖ്യാപിച്ചിരിക്കുന്ന പദ്ധതികളെങ്കിലും നിരന്തരമായി വീക്ഷിക്കാനും ബ്രഹ്മപുരത്തെ മാലിന്യമല ചെറുതാകുന്നില്ലെങ്കില്‍ പ്രക്ഷോഭരംഗത്തിറങ്ങാനും ജനങ്ങള്‍ തയ്യാറായേ പറ്റൂ. അല്ലാത്തപക്ഷം വിഷം ശ്വസിച്ച് ഇല്ലാതാകാനാകും നഗരവാസികളുടെ വിധി.

സുഹൃത്തെ,
അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പന്ത്രണ്ടാം വര്‍ഷത്തേക്ക് കടക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2024 - 25 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.

The Critic, A/C No - 020802000001158,
Indian Overseas Bank,
Thrissur - 680001, IFSC - IOBA0000208
google pay - 9447307829
സ്നേഹത്തോടെ ഐ ഗോപിനാഥ്, എഡിറ്റര്‍, thecritic.in


ഞങ്ങളുടെ ഫേസ്ബുക് പേജ് ലൈക് ചെയ്യൂ..


Published On

Be the first to write a comment.

Leave a Reply