ഒരു വിമര്‍ശനത്തിന്റെ ഗതികേടും അധാര്‍മികതയും .

അംബേദ്കര്‍ ചരമദിനത്തോടനുബന്ധിച്ച് മാവോയിസ്റ്റ് ചിന്തകന്‍ കെ മുരളി നടത്തിയ പ്രഭാഷണം യാന്ത്രിക മാര്‍കിസത്തിന്റെ വിനിമയമാണെന്നു വിമര്‍ശിച്ച പ്രേം ബാബുവിന്റെ ക്രിട്ടിക് ലേഖനത്തോടുള്ള പ്രതികരണം

”മതവും സാമൂഹ്യ പദവിയും സ്വത്തും ആധിപത്യത്തിന്റെ ഉപാധികളാണ്. ഇതില്‍ ഇന്ത്യയെ സംബന്ധിച്ച് സാമൂഹ്യ പദവിയും മതവുമാണ് പ്രധാനം. അതുകൊണ്ടു ജാതിവിരുദ്ധ ബ്രാഹ്മണ്യവിരുദ്ധ സമരമാണ് ഇവിടെ പ്രഥമികം എന്നതായിരുന്നു അംബേദ്ക്കര്‍ മുന്നോട്ടുവെച്ച നിലപാട്. സമ്പത്തിനുമേലുള്ള വര്‍ഗ്ഗാധിപത്യമാണ് നിര്‍ണ്ണായകം. അതിനെയാണ് ആദ്യം നേരിടേണ്ടത് എന്ന് അന്നത്തെ കമ്യുണിസ്റ്റ്, സോഷ്യലിസ്റ്റ് നിലപാടുകളെ എതിര്‍ത്തുകൊണ്ടാണ് ഇത് വാദിച്ചത്. വിദേശ മാതൃകകളെ പിന്‍പറ്റിയവരില്‍ നിന്നു വ്യത്യസ്തമായി ഇവിടുത്തെ സവിശേഷതയെ മുന്‍നിര്‍ത്തി സാമൂഹിക മാറ്റത്തെ പരിശോധിക്കുന്ന മേന്മ അംബേദ്കറുടെ നിലപാടില്‍ ഉണ്ട്. എന്നാല്‍ ആ സവിശേഷത വേണ്ടത്ര ആഴത്തിലും സമഗ്രതയിലും പരിശോധിച്ചില്ല എന്ന കുറവ് കാണണം.”എന്നു ചൂണ്ടിക്കാട്ടിക്കൊണ്ടാണ് സഖാവ് മുരളി അംബേദ്ക്കറിന്റെ സാമൂഹ്യ മാറ്റത്തിനായുള്ള നിലപാടുകളെ വിമര്‍ശന വിധേയമാക്കുന്നതും അംബേദ്ക്കറുടെ ഗുണപരമായ വശങ്ങളെ ഉയര്‍ത്തിപ്പിടിക്കുന്നതും. അതായത് വര്‍ഗ്ഗ സമരത്തിന് പുറത്താണ് ജാതിവിരുദ്ധ സമരം എന്ന പഴയ കമ്യുണിസ്റ്റ് നിലപാടുകളെ തള്ളിക്കൊണ്ടാണ് കെഎം അംബേദ്ക്കറിന്റെ നിലപാടുകളെ വര്‍ഗ്ഗസമരവുമായി ചേര്‍ത്തിണക്കുന്നതിന്റെ പ്രശ്‌നത്തെ സമീപിക്കുന്നത് തന്നെ. പ്രേം ബാബു കെഎമ്മിനെതിരായി ഉയര്‍ത്തുന്ന ആരോപണം യാന്ത്രികമായി അംബേദ്ക്കറെ വിമര്‍ശിച്ചുകൊണ്ട് ജാതി-വര്‍ഗ്ഗത്തെ കുറിച്ചുള്ള കമ്മ്യുണിസ്റ്റ് സമീപനം പിന്തുടരുന്നു എന്നാണ്. എന്തുകൊണ്ടാണ് പ്രേം ബാബു മുകളില്‍ സൂചിപ്പിച്ച ഭാഗം കാണാതെ പോകുന്നത്? വര്‍ഗ്ഗ സമരവും ബ്രാഹ്മണ്യ വിരുദ്ധസമരവും ഒരുപോലെ ഒത്തുചേര്‍ന്നു പോകേണ്ടതാണെന്ന നിലപാടാണ് കെഎം പ്രഭാഷണത്തില്‍ മുന്നോട്ടു വെക്കുന്നത്. ആക്ഷേപം ഉന്നയിക്കാന്‍ വേണ്ടി വസ്തുതകളെ മറച്ചുവെച്ചുകൊണ്ടു മാര്‍ക്‌സിസത്തെ യൂറോ സെന്‍ട്രിക്ക് ആക്കുന്നു എന്നൊരു നുണ കെഎമ്മിന്റെ തലയില്‍ ചാര്‍ത്തിക്കൊടുക്കുകയാണ് പ്രേം ബാബു.

‘പരികല്പനകളും രീതിശാസ്ത്രവും’ എന്ന തന്റെ പുസ്തകത്തിലെ ചരിത്ര നിയമങ്ങളെ കുറിച്ച് എന്ന ലേഖനത്തില്‍ കെ മുരളി വര്‍ഗ്ഗ-ജാതി ബന്ധത്തെ കുറിച്ചുള്ള ധാരണകള്‍ ആഴത്തില്‍ വിശകലനം ചെയ്യുന്നുണ്ട്. ”ഒരേ സമയം തൊഴില്‍ വിഭജനവും തൊഴിലാളികളുടെ വിഭജനവുമായ ജാതി അടിത്തറ/ഉപരിഘടന ബന്ധം എടുത്തുകാട്ടുന്നുണ്ട്. ആദ്യത്തേതില്‍ അത് ഉല്‍പ്പാദനബന്ധങ്ങളുടെ, അടിത്തറയുടെ ഭാഗമാണ്. രണ്ടാമത്തേതില്‍, അദ്ധ്വാനശക്തിക്ക് മേലുള്ള നിയന്ത്രണവും ആധിപത്യവുമെന്നുള്ള നിലയ്ക്ക് അത് ഉപരിഘടനയില്‍ ഉള്‍പ്പെടുന്നു. എന്നിട്ടും, അതിനെ അടിത്തറയിലാണോ ഉപരിഘടനായിലാണോ ഉള്‍പ്പെടുത്തേണ്ടത് എന്നായിരുന്നു ഇന്ത്യയിലെ മാര്‍ക്‌സിസ്റ്റുകള്‍ക്കിടയില്‍ നീണ്ടകാലം നടന്ന തര്‍ക്കം. യാന്ത്രിക സങ്കല്പനത്തിന്റെ ഈ നിഷേധാത്മക ഫലം വര്‍ഗ്ഗന്യൂനീകരണം മൂലം ഒന്നുകൂടി വഷളായി. മറ്റെല്ലാ സാമൂഹ്യ രൂപങ്ങളുടെയും ഒഴിവാക്കലായി വര്‍ഗ്ഗത്തിന്റെ പ്രഥമികത്വം പരിഗണിക്കപ്പെട്ടു. അടിത്തറയില്‍ ജാതിയുടെ പങ്ക് നിഷേധിക്കാനുള്ള മറ്റൊരു കാരണം കൂടിയായി ഇത്.”എന്ന് അവിടെ വ്യക്തമാക്കുന്നു.

ദി ക്രിട്ടിക് ഫേസ് ബുക്ക് പേജ് ലൈക്ക് ചെയ്യുക

ഇന്ത്യന്‍ സാഹചര്യത്തില്‍ ജാതി – വര്‍ഗ്ഗ ബന്ധം ദര്‍ശനത്തിന്റെ മണ്ഡലത്തില്‍ മാത്രമാണെന്ന് പ്രസ്താവിക്കുന്ന പ്രേം ബാബു ഏതു മാര്‍ക്‌സിസമാണ് പിന്‍പറ്റുന്നതെന്നു പരിശോധിക്കേണ്ടതാണ്. പുരാതന കാലത്ത് തുടങ്ങി ആധുനിക യുഗത്തിലും തൊഴിലെടുക്കുന്ന ബഹുജനങ്ങള്‍ക്കു മേലെ ചൂഷക വര്‍ഗ്ഗം നടത്തുന്ന കൊടിയ ചൂഷണവും അടിച്ചമര്‍ത്തലുമായി ജാതി നിലകൊള്ളുന്നു. അവരെ ചൂഷണം ചെയ്യാനും അടിച്ചമര്‍ത്താനുമുള്ള ഇന്ത്യന്‍ ഭരണവര്‍ഗ്ഗത്തിന്റെ ആശയശാസ്ത്ര ഉപകരണമാണത്. അതേസമയം സാമൂഹ്യ വ്യവസ്ഥയുടെ ഭാഗം കൂടിയാണ് ജാതി. ഇത്തരത്തില്‍ വളരെ പ്രത്യക്ഷമായി തന്നെ ജാതി-വര്‍ഗ്ഗ ബന്ധം നമുക്ക് മുന്നില്‍ നില്‍ക്കുമ്പോള്‍ ദര്‍ശനത്തിന്റെ മണ്ഡലത്തില്‍ മാത്രമാണ് അതു നിലനില്‍ക്കുന്നതെന്നു പറയുന്ന പ്രേം ബാബു ചരിത്രപരമായ ഭൗതികവാദം അല്ല ആശയവാദമാണ് വിളമ്പുന്നത്.ദര്‍ശനത്തിന്റെ മണ്ഡലത്തില്‍ മാത്രമുള്ള ഒരു ബന്ധത്തിന് ദര്‍ശനത്തിന്റെ മണ്ഡലത്തില്‍ മാത്രം പ്രതിരോധം തീര്‍ത്താല്‍ മതിയാകുമല്ലൊ. അതിനു ജാതിവിരുദ്ധ സമരവും വര്‍ഗ്ഗ സമരവും കൂട്ടിയിണക്കേണ്ടുന്ന പ്രശ്‌നം പോലും ഉദിക്കുന്നില്ല .

”ജാതി നശീകരണം സാധ്യമാക്കാന്‍ ജാതിബോധത്തെ ഇല്ലാതാക്കുന്നതിന്റെ പ്രാധാന്യം അംബേദ്കര്‍ എടുത്തു പറയുന്നുണ്ട്. അത് വളരെ ശരിയാണ്. എന്നാല്‍ ഇടിച്ച് താഴെ ഇടേണ്ട മതിലുപോലെ ജാതി ഒരു ഭൗതിക വസ്തുവല്ല. അതൊരു ധാരണയാണ്, മാനസീകാവസ്ഥയാണ് എന്നു പറയുമ്പോള്‍ ജാതിയുടെ ഭൗതികാടിത്തറ കാണാതെ പോകുന്നുണ്ട്. ജാതിയും വര്‍ഗ്ഗവും ലിംഗ പദവിയുമൊന്നും ഭൗതിക വസ്തുക്കളല്ല. സാമൂഹ്യ ബന്ധങ്ങളെന്ന നിലയ്ക്ക് അവയ്ക്ക് ഭൗതികാസ്തിത്വമുണ്ട്. ആ സാമൂഹ്യ ബന്ധങ്ങളെ ഒരുക്കുന്ന ഉല്‍പ്പാദന ബന്ധങ്ങളാണതിന് അടിത്തറ.”കെഎമ്മിന്റെ ഈ നിരീക്ഷണം എങ്ങനെയാണ് വര്‍ഗ്ഗസമരവും ജാതി സമരവും ഒന്നാണെന്നും അതിനാല്‍ വര്‍ഗ്ഗ സമരം ജാതി നശീകരണം സാധ്യമാക്കുമെന്നുമുള്ള ഇഎംഎസ്സിന്റെ തെറ്റായ ധാരണയ്ക്ക് തുല്യമാകുന്നത്? വിവിധ വര്‍ഗ്ഗങ്ങളിലായി ജനങ്ങള്‍ വിഭജിക്കപ്പെട്ടിട്ടുള്ളതിനൊപ്പം തന്നെ വിവിധ ജാതികളിലായും വിഭജിക്കപ്പെട്ടിരിക്കുന്നു. അതുകൊണ്ടു തന്നെ ജാതി കേവലം ഉപരിഘടനയുടെ മാത്രം പ്രശ്‌നമല്ലെന്നും അടിത്തട്ടിലും അതിനു ആഴത്തില്‍ വേരുകള്‍ ഉണ്ടെന്നും ജാതി നശീകരണത്തിനായുള്ള തൊട്ടുകൂടായ്മയ്ക്കും മറ്റും എതിരായ സമരങ്ങള്‍ക്കൊപ്പം തന്നെ ഈ വ്യവസ്ഥയെ നിലനിര്‍ത്തുന്ന അതിന്റെ ഭൗതികാസ്തിത്വമായ ഉല്‍പ്പാദനബന്ധങ്ങള്‍ക്കെതിരെയും സമരം നടത്തേണ്ടത് ആവശ്യമാണെന്നുമല്ലേ കമ്യൂണിസ്റ്റുകാര്‍ക്ക് മനസ്സിലാക്കാന്‍ സാധിക്കുക. അതിനര്‍ത്ഥം വര്‍ഗ്ഗത്തിന്റെ രൂപമാണ് ജാതി എന്നാണ് മനസ്സിലാക്കുന്നതെങ്കില്‍ അത് സഖാവ് മുരളിക്ക് സാര്‍വ്വത്രികതയുടെ രൂപമല്ല സവിശേഷത എന്ന പ്രേമിന്റെ പാഠം മനസ്സിലാകാത്തതാണോ സാര്‍വ്വത്രികതയും സവിശേഷതയും തമ്മിലുള്ള ബന്ധത്തെ കണ്ടെത്തുന്ന ഭൗതികവാദ നിലപാടില്‍ നിന്ന് പ്രേം പിന്നോട്ട് പോയതാണോ എന്നു സ്വയം പരിശോധിക്കേണ്ടതാണ്.

ഇവിടത്തെ പ്രത്യേക സമൂഹ്യഘടനയില്‍ ജാതി വിരുദ്ധസമരത്തെയും വര്‍ഗ്ഗസമരത്തെയും കൂട്ടിയിണക്കാന്‍ ഉപകരിക്കുന്ന സമീപനം മുന്നോട്ടവെയ്ക്കാനാണു കെഎം ശ്രമിക്കുന്നത്. സാര്‍വ്വത്രികതകള്‍ അവഗണിക്കുന്ന യാന്തിക സമീപനങ്ങളെ ഖണ്ഡിച്ചികൊണ്ടാണ് അതു ചെയ്തിരിക്കുന്നത് എന്നും കാണാം. ”പ്രാകൃത കമ്മ്യുണിസം, അടിമത്തം, നാടുവാഴിത്തം, മുതലാളിത്തം എന്നിങ്ങനെ പോകുന്ന രൂപരേഖ പാശ്ചിമയൂറോപ്പിന് സവിശേഷമായ ചരിത്രഗതിയെ സാര്‍വ്വലൗകികമായ പൊതുനിയമമായി തെറ്റായി ഉയര്‍ത്തിക്കാട്ടുന്നുവെന്ന് മേല്‍പ്പറഞ്ഞ ഉദാഹരണങ്ങള്‍ സ്പഷ്ടമാക്കും. ഏതെങ്കിലും പ്രദേശത്തെ അടിമത്തം, നാടുവാഴിത്തം എന്നിവയുടെയൊക്കെ ‘പൊതു’നിയമങ്ങളെ കുറിച്ചുള്ള ഏതൊരു വിവരണവും പരിമിതമായ ആ ഭൂഭാഗത്തിനു മാത്രമായിരിക്കും വാസ്തവത്തില്‍ യോജിക്കുക. ഇതിനു പകരം അവയെ സര്‍വ്വലൗകിക മാതൃകകളായി കരുതിയാല്‍, മുന്‍കൂട്ടി നിശ്ചയിച്ച ഏതോ മാപകമാതൃകയില്‍ നിന്നുള്ള വ്യതിയാനങ്ങള്‍ മാത്രമായിട്ടെ ഏറെ വൈവിധ്യമുള്ള മുതലാളിത്ത-പൂര്‍വ്വ ഉല്‍പ്പാദനരീതികള്‍ പരിഗണിക്കപ്പെടൂ. വിവിധങ്ങളായ ഉല്‍പ്പാദനരീതികളുടെ സവിശേഷതകളെ കുറിച്ചുള്ള സൂഷ്മപരിശോധന അത് തടയും. എല്ലാ ഉല്‍പ്പാദനരീതികള്‍ക്കും പൊതുവായുണ്ടായിരുന്നത് ഉല്‍പ്പാദനശക്തികളും ഉല്‍പ്പാദനബന്ധങ്ങളും എന്ന ഈ രണ്ടു ഘടകങ്ങളായിരുന്നു. അതേസമയം, അവയുടെ നിലനില്‍പ്പിന്റെ, പരസ്പരബന്ധത്തിന്റെ, സമൂര്‍ത്തതയും, അവ തമ്മിലുള്ള ഐക്യവും സമരവും, ഏതൊരു സവിശേഷ ഉല്‍പ്പാദനരീതിയിലും എന്നും അതുല്യമായിരുന്നു. ഇന്നും അതാണവസ്ഥ.”(കെ മുരളിയുടെ ‘ചരിത്ര നിയമങ്ങളെ കുറിച്ച്’ എന്ന ലേഖനത്തില്‍ നിന്ന്).

മാര്‍ക്‌സ് ഏഷ്യയിലെ സവിശേഷ ഉല്‍പ്പാദനബന്ധത്തെ കുറിച്ച് നടത്തിയ ഏഷ്യാറ്റിക് മോഡ് ഓഫ് പ്രൊഡക്ഷന്‍ എന്ന നിരീക്ഷണത്തെ കെഎം പരിഗണിച്ചില്ലെന്നും അംബേദ്കര്‍ ആ സങ്കല്‍പ്പത്തെ വിശാലമാക്കിയെന്നും ആണ് പ്രേം ബാബു കണ്ടെത്തുന്നത്. തെറ്റായതും ദുര്‍ലഭവുമായ വിവരങ്ങളുടെയും മറ്റും സ്വാധീനത്തില്‍ മാര്‍ക്‌സ് നടത്തിയ ഏഷ്യാറ്റിക് മോഡ് ഓഫ് പ്രൊഡക്ഷന്‍ എന്ന സങ്കല്‍പ്പത്തെ ഇന്ന് ഒട്ടുമിക്ക മാര്‍ക്‌സിസ്റ്റ് ചരിത്രപഠിതാക്കളും തള്ളിക്കളഞ്ഞതാണ്. ചരക്കുല്‍പ്പാദനം ഇല്ലാതെ തന്നെ തൊഴില്‍ വിഭജനം നിലനിന്നിരുന്നതായി മാര്‍ക്‌സ് വിലയിരുത്തുന്നു, ഈ വിലയിരുത്തലിനെ അംബേദ്കര്‍ സമഗ്രമാക്കി എന്നാണ് പ്രേം പറയുന്നത്. മാര്‍ക്‌സിന്റെ കാലത്ത് നിന്ന് ചരിത്രപഠനവും ശാസ്ത്രവുമെല്ലാം വളരെയേറെ വികാസം പ്രാപിച്ചിരിക്കുന്നു. ചരക്കുല്‍പാദനമില്ലാതെ തന്നെ നടന്ന തൊഴില്‍വിഭജനം ഇവിടത്തെ മാത്രം സവിശേഷതയായിരുന്നോ? എല്ലാ മുതലാളിത്തപൂര്‍വ്വ വര്‍ഗസമൂഹങ്ങളിലും ഇതു നിലനിന്നിരുന്നില്ലേ? ജാതിയുടെ ഉത്ഭവത്തെ പറ്റി കൊസാംബി നടത്തിയ നിരീക്ഷണങ്ങളുടെ വെളിച്ചത്തില്‍ അപൂര്‍ണ്ണമായ വിവരങ്ങളുടെ അടിസ്ഥാനത്തില്‍ മാര്‍ക്‌സ് മുമ്പ് പറഞ്ഞത് ഉദ്ധരിച്ചു തൃപ്തിപ്പെടുന്നതില്‍ എന്തുഅര്‍ത്ഥമാണുള്ളത് ? അത്തരം തൃപ്തിയടയലുകള്‍ യാന്ത്രികവാദത്തിലും ആശയവാദത്തിലേക്കും കൂപ്പുകുത്തുകയല്ലേ ചെയ്യുക?

ജാതി നശീകരണത്തെ കുറിച്ചുള്ള തന്റെ ലേഖനത്തില്‍ അംബേദ്ക്കര്‍ പറയുന്നത് ജാതി രൂപപ്പെടുന്നത് ഇന്ത്യന്‍ സമൂഹത്തിലെ പുരാതന ഉല്‍പ്പാദനബന്ധങ്ങളില്‍ നിന്നല്ല മറിച്ച് ഹിന്ദൂയിസത്തില്‍, മതത്തില്‍ നിന്നാണ് എന്നാണ്. അതുകൊണ്ടു തന്നെ ഹിന്ദുമതത്തെ ഇല്ലാതാക്കിയും ചിന്തയിലും ആശയത്തിലും മാത്രമുള്ള മാറ്റം കൊണ്ടും ജാതിയെ ഇല്ലാതാക്കമെന്നും അദ്ദേഹം കരുതി. ഈ ആശയവാദ ധാരണ അംബേദ്ക്കറെ അവസാനം മറ്റൊരു മതത്തെ, ബുദ്ധിസത്തെ, ശ്വാശ്വത പരിഹാരമായി കണ്ടെത്തുന്നതില്‍ ചെന്നെത്തിച്ചു. ഈ സിദ്ധാന്തം തീര്‍ത്തും തെറ്റും ആശയവാദവുമാണെന്നു വൈരുദ്ധ്യാധിഷ്ഠിത ഭൗതികവാദം പഠിക്കുന്ന ഏതൊരു കുട്ടിക്കും മനസ്സിലാക്കാവുന്നതാണ്. മാര്‍ക്‌സിന്റെ വീക്ഷണത്തെ അംബേദ്ക്കര്‍ സമഗ്രമാക്കി എന്നു പറയുന്ന പ്രേം ബാബുവിന്റെ വിലയിരുത്തല്‍ ജാതിയെ ദര്‍ശനത്തിന്റെ പ്രശ്‌നമായി ചുരുക്കിയ സ്വന്തം വീക്ഷണവുമായി തീര്‍ച്ചയായും ചേരുന്നുണ്ട് .

പഴയ കമ്യുണിസ്റ്റ് പാര്‍ട്ടികള്‍ അംബേദ്ക്കറുടെ സാമൂഹ്യ ബന്ധങ്ങളുടെ വിശകലനം പഠിച്ചില്ല അതുകൊണ്ടു ഉല്‍പ്പാദനത്തില്‍ ഏര്‍പ്പെടുന്നവരുടെ ഐക്യത്തെ ദുര്‍ബലപ്പെടുത്തി എന്നുള്ള പ്രേമിന്റെ നിരീക്ഷണം ശരിയാണ് . പഴയ കമ്യുണിസ്റ്റ് പാര്‍ട്ടി ജാതി ബന്ധങ്ങളെ സവിശേഷമായി പരിഗണിക്കാതിരിക്കുകയും ജാതി ബോധത്തെ മറികടക്കാതിരിക്കുകയും, പാര്‍ലമെന്ററി വ്യാമോഹത്തില്‍ പെട്ട കപടകമ്യുണിസ്റ്റുകാര്‍ വോട്ടുറപ്പിക്കുന്നതിനു ജാതിയും മതവും നോക്കി സ്ഥാനാര്‍ഥി നിര്‍ണ്ണയം നടത്തുന്നതുമടക്കം ഇപ്പോഴും നമുക്ക് കാണാന്‍ സാധിക്കും . എന്നാല്‍ സഖാവ് മുരളി അതു പിന്തുടരുന്നു എന്നു കുരുടന്‍ ആനയെ കണ്ടതുപോലെ എന്ന പ്രയോഗം പോലെ പ്രേം ഒരു പിന്‍ബലവും ഇല്ലാത്ത ഒരാരോപണം പൊട്ടിക്കുകയാണ് ചെയ്തിട്ടുള്ളത് . തന്റെ കാപട്യം ഇവിടെയും യാതൊരു വസ്തുതയും ഇല്ലാതെ അദ്ദേഹം പിന്തുടരുകയാണ്.

അംബേദ്ക്കറും മാര്‍ക്‌സും മാവോയുമൊക്കെ തെറ്റുപറ്റാത്ത അമാനുഷീകരാണെന്നു ഭൗതികവാദികളാരും കരുതില്ല. അത്തരം തെറ്റുകളെ തിരുത്തി മാത്രമേ ശരിയായി വിപ്ലവപാതയില്‍ മുന്നേറാന്‍ സാധിക്കുകയുള്ളൂ. അംബേദ്ക്കറുടെ തെറ്റിനെ വിമര്‍ശനവിധേയമാക്കാതെ ശരിയെ ഉയര്‍ത്തിപ്പിടിക്കാന്‍ സാധിക്കില്ല എന്നുപോലും പ്രേമിനു മനസ്സിലാക്കാന്‍ സാധിക്കുന്നില്ല. ജാതിയെ സംബന്ധിച്ച അംബേദ്ക്കര്‍ പഠനങ്ങള്‍ വര്‍ഗ്ഗസമരവുമായി എങ്ങനെ കൂട്ടിയിണക്കാന്‍ സാധിക്കും എന്നതിന് ഒരു ഹൃസ്വ വിശകലനം നടത്തുന്ന കെഎമ്മിന്റെ പ്രഭാഷണം കേട്ടിട്ടു അവസാനം സീത രാമന്റെ ആരാണെന്നു ചോദിക്കുന്നതുപോലെ ജാതിയെ പ്രത്യേക വൈരുദ്ധ്യമായി കാണുന്ന നിര്‍വ്വചനത്തെ വര്‍ഗ്ഗസമരവുമായി കൂട്ടിയിണക്കുകയാണ് വേണ്ടതെന്നു പ്രേം ഉപദേശിക്കുന്നുണ്ട്. വര്‍ഗ്ഗസമരത്തില്‍ നിന്നു വേര്‍പെട്ടൊരു വൈരുദ്ധ്യമല്ല ജാതി പ്രശ്‌നം എന്നുള്ള പ്രാഥമികമായ ധാരണ പോലും പ്രേമിനു ഇല്ലാതെ പോവുകയാണ്. ബുദ്ധിസത്തെ കുറിച്ചുള്ള അംബേദ്ക്കര്‍ നിരീക്ഷണം വെച്ച് മാത്രം അദ്ദേഹത്തെ വിലയിരുത്തുകയല്ല കെഎം ചെയ്തത്. ചരിത്രപരമായ സംഭവവികാസങ്ങളെ വിശകലനം ചെയ്തുകൊണ്ട് അംബേദ്കറിന്റെ ഗുണപരമായ വശങ്ങളെ ഉയര്‍ത്തിപ്പിടിക്കുകയും തെറ്റുകളെ ചൂണ്ടിക്കാട്ടുകയും അവയെ വര്‍ഗ്ഗപോരാട്ടത്തില്‍ കൂട്ടിയിണക്കുന്നതിനു ഒരു ആമുഖവുമാണ് പ്രഭാഷണത്തില്‍ മുന്നോട്ടുവെച്ചത്.

ദി ക്രിട്ടിക് യു ട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

‘അംബേദ്ക്കറിന്റെ സാമൂഹ്യ പരിഷ്‌കരണ മുന്നേറ്റങ്ങളിലെ ‘അപൂര്‍ണ്ണതകള്‍’ ഖനനം ചെയ്‌തെടുക്കലല്ല വര്‍ത്തമാന ഇന്ത്യന്‍ രാഷ്ട്രീയം ആവശ്യപ്പെടുന്നത്.” എന്നു വാദിക്കുന്ന പ്രേംബാബു വിമര്‍ശനമില്ലാത്ത ഐക്യംതെറ്റാണെന്ന മാര്‍ക്‌സിസ്റ്റ് സമീപനം അറിഞ്ഞ മട്ടില്ല. ദളിത് ആത്മാഭിമാന പ്രസ്ഥാനങ്ങള്‍ ശക്തമായി വരുന്ന ഈ സമയത്ത് അംബേദ്ക്കറെ പാടെ പുല്കിയാല്‍ അവരെ കൂടെ കൂട്ടാം എന്നൊരു വികലമായ രാഷ്ട്രീയ ധാരണ ഉണ്ടെങ്കില്‍ അത് പുന:പരിശോധിക്കേണ്ടതാണ്. അംബേദ്ക്കറുടെ സംഭാവനകളെ വിപ്ലവകരമായ സാമൂഹിക മാറ്റവുമായി എങ്ങനെ കോര്‍ത്തിണക്കാം എന്നതാണ് കെഎം വിശദീകരിച്ചത്. സ്പഷ്ടമായി തന്നെ കെഎം വിഷയം അവതരിപ്പിച്ചിട്ടും കാപട്യം നിറഞ്ഞ പ്രസ്താവനകളിലൂടെ തെറ്റിധാരണ പരത്താന്‍ ബോധപൂര്‍വ്വം പ്രേം ബാബു ശ്രമിക്കുന്നതല്ല എങ്കില്‍ അദ്ദേഹം ഇനിയും കൂടുതലായി ഈ വിഷയത്തില്‍ പഠിക്കാന്‍ തയ്യാറാകണമെന്നു അഭ്യര്‍ത്ഥിക്കുന്നു.

ബുദ്ധമാര്‍ഗ്ഗത്തിലൂടെ സാമൂഹികാസമത്വത്തെ മാറ്റിത്തീര്‍ക്കാമെന്ന പ്രത്യാശയാണ് അംബേദ്ക്കറിനുണ്ടായിരുന്നത്. അത് കേവലം പ്രത്യാശയായി അവസാനിച്ചിരിക്കുന്നെന്നു ഇന്ന് ചരിത്രാനുഭവങ്ങളിലൂടെ നമുക്കറിയാം. നൂറ്റാണ്ടുകളായി സാമൂഹികവും സാമ്പത്തികവുമായ ചൂഷണങ്ങള്‍ അനുഭവിക്കുന്ന ഒരു ജനതയ്ക്കു നേരെ കൊഞ്ഞനം കുത്തുകയാണ് കഴിഞ്ഞ എട്ടു പതിറ്റാണ്ടുകാലത്തെ പാര്‍ലമെന്ററി ജനാധിപത്യം. മര്‍ദ്ദിത ജനതയെയാകെ ജാതീയവും സാമ്പത്തികവുമായ ചൂഷണത്തില്‍ തളച്ചിടുകയാണ് പാര്‍ലമെന്ററി ജനാധിപത്യവാദികള്‍ ഈ കാലമത്രയും ചെയ്തത്. മാര്‍ക്‌സിസത്തിന്റെ വിപ്ലവാത്മകതയെ കൈയ്യൊഴിഞ്ഞവരെല്ലാം ബ്രാഹ്മണ്യത്തിനു, ഭരണവര്‍ഗ്ഗ ചൂഷണങ്ങള്‍ക്ക് ജനതയെ കൂട്ടിക്കൊടുക്കുന്ന തിരുത്തല്‍വാദികളാണ്. അവര്‍ക്കൊപ്പം ചേര്‍ന്നാണ് പ്രേംബാബു സഖാവ് കെ മുരളിയെ സാഹസിക പ്രേതരാഷ്ട്രീയത്തിന്റെ ഭൂതാവേശം എന്നു പരിഹസിക്കുന്നത്. നിലവിലുള്ള രാഷ്ട്രീയാധികാരത്തെ അട്ടിമറിക്കുന്നതു് ലക്ഷ്യംവെക്കാത്ത വിപ്ലവ വായാടികളുടെ പരിഷ്‌കരണ പ്രവര്‍ത്തനങ്ങളൊന്നും തന്നെ മാര്‍ക്‌സിസ്‌റ് പ്രയോഗമല്ല . മറുകരണം കാട്ടിക്കൊടുക്കണമെന്നുപദേശിക്കുന്ന കപട ഗാന്ധിയന്‍ മാര്‍ക്‌സിസ്റ്റുകളെ വിശ്വസിച്ച ഇന്ത്യന്‍ ജനത ബ്രാഹ്മണ്യ ഹിന്ദു ഫാസിസ്റ്റുകള്‍ അവരുടെ ജനാധിപത്യത്തിലൂടെ സര്‍വ്വാധിപത്യം സ്ഥാപിച്ചതോടെ ആള്‍ക്കൂട്ടകൊലകളും മറ്റുമായും നിയമപരമായും തന്നെ കടുത്ത ബലപ്രയോഗം അനുഭവിച്ചുകൊണ്ടിരിക്കുന്നു. ദളിതരുടെയും ആദിവാസികളുടെയും മതന്യൂനപക്ഷങ്ങളുടെയും മറ്റു മുഴുവന്‍ മര്‍ദ്ദിത വര്‍ഗ്ഗങ്ങളുടെയും രണോത്സുകമായ ഉയിര്‍ത്തെഴുന്നേല്‍പ്പിലൂടെയല്ലാതെ ഇന്ത്യയുടെ വിമോചനം സാധ്യമല്ലെന്ന് ചരിത്രം സാക്ഷ്യപ്പെടുത്തുന്നു.

ബ്രാഹ്മണ്യത്തെ ബോംബിട്ടു തകര്‍ക്കണമെന്ന അംബേദ്ക്കറുടെ ആഹ്വാനത്തെ ഈ പശ്ചാത്തലത്തില്‍ മര്‍ദ്ദിതര്‍ കൂടുതല്‍ ആഴത്തില്‍ പുനര്‍വായനയ്ക്ക് വിധേയമാക്കുകയും പ്രയോഗവല്‍ക്കരിക്കുകയും, നിലവിലെ സാമൂഹ്യബന്ധങ്ങളെയാകെ ബലം പ്രയോഗിച്ച് മറിച്ചിടുകയും ചെയ്യുന്നതിലൂടെ മാത്രമേ ജാതി നശീകരണത്തിലേക്കും ശരിയായ പുത്തന്‍ ജനാധിപത്യത്തിലേക്കും നമുക്ക് കടക്കാന്‍ സാധിക്കുകയുള്ളൂ. അവിടെയാണ് അംബേദ്ക്കറും മാര്‍ക്‌സും ഒത്തുചേരുന്നതും .

(ലേഖകന്‍ പുരോഗമന യുവജന പ്രസ്ഥാനം പ്രസിഡന്റാണ് 9496969445)

കെ മുരളിയുടെ അംബേദ്കര്‍ വിമര്‍ശനം : യാന്ത്രിക മാര്‍ക്‌സിസത്തിന്റെ വിനിമയം

 

സുഹൃത്തെ,
അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പന്ത്രണ്ടാം വര്‍ഷത്തേക്ക് കടക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2024 - 25 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.

The Critic, A/C No - 020802000001158,
Indian Overseas Bank,
Thrissur - 680001, IFSC - IOBA0000208
google pay - 9447307829
സ്നേഹത്തോടെ ഐ ഗോപിനാഥ്, എഡിറ്റര്‍, thecritic.in


ഞങ്ങളുടെ ഫേസ്ബുക് പേജ് ലൈക് ചെയ്യൂ..


Published On

Category: analysis | Tags: , , | Comments: 0 |

'ക്രിട്ടിക്കില്‍ പ്രസിദ്ധീകരിക്കുന്ന ലേഖനങ്ങള്‍ ലേഖകരുടെ അഭിപ്രായങ്ങളാണ്.. അവ പൂര്‍ണ്ണമായും ക്രിട്ടിക്കിന്റെ അഭിപ്രായങ്ങളാകണമെന്നില്ല - എഡിറ്റര്‍'

Be the first to write a comment.

Leave a Reply