മണിപ്പൂര്‍ അശാന്തമായി തന്നെ തുടരും

ഏതാനും ദിവസം നീണ്ടുനിന്ന കലാപത്തിനും വംശീയ അക്രമണങ്ങള്‍ക്കും ശേഷം മണിപ്പൂര്‍ ശാന്തമായതായാണ് വാര്‍ത്തകള്‍. എന്നാല്‍ എത്ര ദിവസത്തേക്കാണ് ഈ ശാന്തത എന്നതാണ് പ്രസക്തം. പെട്ടന്നുണ്ടായ പ്രകോപനത്തിന്റെ ഭാഗമായ കലാപമാണ് എങ്കില്‍ അങ്ങനെ പ്രതീക്ഷിക്കാമായിരുന്നു. എന്നാല്‍ കൃത്യമായ രാഷ്ട്രീയ ലക്ഷ്യങ്ങളോടെ ആസൂത്രണം ചെയ്യപ്പടുന്ന കലാപങ്ങളില്‍ നിന്നുള്ള മോചനം അത്ര എളുപ്പമല്ല. ഈ ശാന്തതയുടെ മറവില്‍ എവിടെയോ ഇരുന്ന് അടുത്ത ആക്രമണത്തിനുള്ള മുനകൂര്‍പ്പിക്കല്‍ നടക്കുന്നുണ്ടാകുമെന്നുറപ്പ്.

മണിപ്പൂരടക്കമുള്ള, ഏഴു സഹോദരിമാരെന്നറിയപ്പെടുന്ന വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളോട് നാം നീതി പുലര്‍ത്തിയിട്ടുണ്ടോ എന്നു പരിശോധിക്കേണ്ട സന്ദര്‍ഭം കൂടിയാണിത്. എങ്കിലേ ഇത്തരം സംഭവങ്ങള്‍ക്ക് ശാശ്വതപരിഹാരം കാണാനാവൂ. മണിപ്പൂരിന്റെ എഴുതപ്പെട്ടിട്ടുള്ള ചരിത്രം തുടങ്ങുന്നത് 1762ല്‍ രാജ ജയ് സിംഗ് ബ്രിട്ടീഷുകാരുമായി ബര്‍മ്മന്‍ അധിനിവേശം തടയാനുണ്ടാക്കിയ സന്ധിയില്‍ നിന്നാണെന്നാണ് വിക്കിപീഡിയ പറയുന്നത്. പിന്നീട് 1824ല്‍ വീണ്ടും ബ്രിട്ടിഷ് സഹായം അഭ്യര്‍ഥിച്ച് മണിപ്പൂര്‍ സന്ധി ചെയ്തു. രാജസ്ഥാനത്തിനു വേണ്ടിയുള്ള കിടമത്സരം ആ കാലഘട്ടങ്ങളില്‍ അവിടെ രാഷ്ട്രീയ പ്രധിസന്ധികള്‍ തീര്‍ത്തിരുന്നു. 1891ല്‍ അഞ്ചു വയസ്സു മാത്രമുണ്ടായിരുന്ന ചുരാചന്ദ് രാജാവായി വാഴിക്കപ്പെട്ടതോടെയാണ് ഇതിനു ഒരറുതി വന്നത്. 1891ല്‍ അങ്ങനെ നാട്ടുരാജ്യമായാണ് മണിപ്പൂര്‍ ബ്രിട്ടീഷ് ഇന്ത്യന്‍ സാമ്രാജ്യത്തിന്റെ അധീനതയില്‍ വന്നത്. രണ്ടാം ലോകമഹായുദ്ധകാലത്ത് ജാപ്പനീസ് സൈന്യവും സഖ്യ ശക്തികളുടെ സൈന്യങ്ങളും തമ്മിലുണ്ടായ പല വീറുറ്റ പോരാട്ടങ്ങള്‍ക്കും വേദിയായിരുന്നു മണിപ്പൂര്‍. ഇംഫാലില്‍ കടക്കാന്‍ കഴിയാതെ ജാപ്പനീസ് സേനക്ക് പരാജിതരായി മടങ്ങേണ്ടി വന്നത് യുദ്ധത്തിലെ ഒരു പ്രധാന വഴിത്തിരിവായിരുന്നു.

സ്വാതന്ത്ര്യത്തിനുശേഷം ഇന്ത്യന്‍ യൂണിയനില്‍ ചേരാന്‍ മറ്റുപല പ്രദേശങ്ങളും പോലെ മണിപ്പൂരും ഉദ്ദേശിച്ചിരുന്നില്ല. യുദ്ധത്തിനു ശേഷം നിലവില്‍ വന്ന മണിപ്പൂര്‍ കോണ്‍സ്റ്റിറ്റിയൂഷന്‍ ആക്റ്റ് 1947 പ്രകാരം രാജ്യതലവനായി മഹാരാജാവും തിരഞ്ഞെടുക്കപ്പെട്ട നിയമനിര്‍മ്മാണ സഭയും ചേര്‍ന്ന ഒരു ജനാധിപത്യ ഭരണരീതിയാണ് നടപ്പിലായത്. എന്നാല്‍ 1949ല്‍ മഹാരാജ ബുദ്ധചന്ദ്ര അന്നത്തെ ആസ്സാം പ്രവിശ്യയുടെ തലസ്ഥാനമായ ഷില്ലോങ്ങിലേക്ക് വിളിക്കപ്പെടുകയും ദുരൂഹസാഹചര്യങ്ങളില്‍ നിയമനിര്‍മ്മാണസഭ പിരിച്ചു വിട്ട് മണിപ്പൂര്‍ ഒക്ടോബര്‍ 1949ന് ഇന്ത്യന്‍ യൂണിയനോട് ചേര്‍ക്കുകയും ചെയ്തത്. തുടര്‍ന്ന് കേന്ദ്രഭരണ പ്രദേശമായി പ്രഖ്യാപിക്കപ്പെട്ട മണിപ്പൂര്‍ 1972 ജനുവരി 21 നാണ് ഇന്ത്യന്‍ സംസ്ഥാനമായി മാറിയത്.

ദി ക്രിട്ടിക് ഫേസ് ബുക്ക് പേജ് ലൈക്ക് ചെയ്യുക

മണിപ്പൂരടക്കമുള്ള വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളിലെ പല സാമൂഹ്യവിഭാഗങ്ങളും ഇന്ത്യന്‍ യൂണിയനില്‍ ചേര്‍ക്കപ്പെട്ടതിനെതിരെ അന്നുമുതലേ പോരാട്ടങ്ങള്‍ നടത്തിയിരുന്നു. ചര്‍ച്ചകളിലൂടേയും സമവായത്തിലൂടേയുമൊക്കെ അതിനു പരിഹാരം കാണാന്‍ ശ്രമിക്കാതെ കാശ്മീരിലൊഴികെ വേറെയെവിടേയും നിലനില്‍ക്കാത്ത അഫ്‌സ്പയെ പോലുള്ള, പട്ടാളത്തിന് പരിധികളില്ലാത്ത അധികാരം നല്‍കുന്ന ഭീകരനിയമങ്ങള്‍ പ്രയോഗിക്കുകയാണ് കേന്ദ്രസര്‍ക്കാര്‍ ചെയ്തത്. തന്റെ കണ്‍മുന്നില്‍ വെച്ച് പട്ടാളക്കാര്‍ യാതൊരു കാരണവുമില്ലാതെ കുറെ ചെറുപ്പക്കാരെ വെടിവെച്ചുകൊന്നത് നേരില്‍ കണ്ട ഇറോം ഷര്‍മ്മിള എന്ന കവിയത്രി ഈ ഭീകരനിയമം പിന്‍വലിക്കാനാവശ്യപ്പെട്ട് 16 വര്‍ഷം നീണ്ടുനിന്ന ഐതിഹാസിക സമരം നടത്തിയത് മറക്കാറായിട്ടില്ലല്ലോ. മനോരമ എന്ന യുവതിയെ പട്ടാളം ക്രൂരമായി പീഡിപ്പിച്ച് കൊന്നതിനെതിരെ പട്ടാളക്യാമ്പിനു മുന്നില്‍ ചെന്ന് ഇന്ത്യന്‍ പട്ടാളം ഞങ്ങളെകൂടി ബലാല്‍സംഗം ചെയ്യൂ എന്നാവശ്യപ്പെട്ട് സ്ത്രീകള്‍ നഗ്നരായി നടത്തിയ, ലോകം ശ്രദ്ധിച്ച സമരവും മറക്കാനുള്ള കാലമായിട്ടില്ല.

അതേസമയം ഇപ്പോഴത്തെ സംഭവവികാസങ്ങള്‍ ഇതിന്റെയൊന്നും തുടര്‍ച്ചയാണെന്നു പറയാനാകില്ല. മണിപ്പൂരിനെ പൂര്‍ണ്ണമായും കൈപ്പിടിയിലൊതുക്കാനുള്ള സംഘപരിവാര്‍ തന്ത്രങ്ങളുടെ ഭാഗമാണ് ഇപ്പോഴത്തെ കലാപത്തിനും വംശീയാക്രമണത്തിനും കാരണം. സംവരണത്തെ അതിനുള്ള നിമിത്തമാക്കി എന്നു മാത്രം. 2024ലെ ലോകസഭാതെരഞ്ഞെടുപ്പില്‍ മൃഗീയഭൂരിപക്ഷം നേടി, 2025ഓടെ ഇന്ത്യയെ ഹിന്ദുത്വരാഷ്ട്രമാക്കുക എന്ന തങ്ങളുടെ ലക്ഷ്യം സുഗമമാക്കുക എന്ന ഉദ്ദേശത്തോടെയാണ് ഓരോ സംസ്ഥാനത്തും സംഘപരിവാര്‍ ഇടപെടുന്നത്. പൊതുവില്‍ തങ്ങളുടെ മുഖ്യശത്രുവായി അവര്‍ കാണുന്നത് മുസ്ലിം ന്യൂനപക്ഷത്തെയാണെങ്കിലും ഓരോസ്ഥലത്തിന്റേയും സാഹചര്യമനുസരിച്ച് അതില്‍ മാറ്റങ്ങള്‍ വരുത്താനും അവര്‍ക്കു മടിയില്ല. കേരളത്തില്‍ കൃസ്ത്യന്‍ വിഭാഗങ്ങളുടെ തോളില്‍ കയ്യിടുന്നവര്‍ തന്നെയാണല്ലോ വര്‍ഷങ്ങള്‍ക്കുമ്മ്പ് ഒറീസയിലും ഇപ്പോള്‍ മണിപ്പൂരിലും അവരെ കൂട്ടക്കൊല ചെയ്തതും നാട്ടില്‍ നിന്നു തുരത്തിയതും ദേവാലയങ്ങള്‍ നശിപ്പിച്ചതും. കൃത്യമായ രാഷ്ട്രീപദ്ധതിയുടെ ഭാഗം തന്നെയാണ് ഈ സംഭവങ്ങള്‍.

ഇന്ത്യന്‍ രാഷ്ട്രീയത്തില്‍ സംവരണത്തിന്റെ പ്രാധാന്യം ഏറ്റവും തിരിച്ചറിയുന്നവരാണ് സംഘപരിവാര്‍. മണ്ഡല്‍ കമ്മീഷനെ പിന്തുണക്കാന്‍ അവര്‍ തയ്യാറായില്ലെങ്കിലും, അതുമായി ബന്ധപ്പെട്ട സംഭവവികാസങ്ങളില്‍ നിന്നാണ് അവരത് തിരിച്ചറിയുന്നത്. പിന്നീട് പലപ്പോഴും രാഷ്ട്രീയലക്ഷ്യങ്ങള്‍ക്കായി അവരുപയോഗിക്കുന്നത് സംവരണമാണ്. ജാതി സംവരണത്തെ നിലനിര്‍ത്തിതന്നെ, രാഷ്ട്രീയമായി അതിനു കടകവിരുദ്ധമായ സാമ്പത്തിക സംവരണം നടപ്പാക്കിയതിന്റെ ലക്ഷ്യം മറ്റൊന്നായിരുന്നില്ലല്ലോ. തെരഞ്ഞെടുപ്പ് അടുത്തപ്പോള്‍ കര്‍ണ്ണാടകയില്‍ മുസ്ലിം സംവരണം എടുത്തുകളഞ്ഞതിന്റെ താല്‍പ്പര്യം എന്തായിരുന്നു എന്നു വിശദീകരിക്കേണ്ടതില്ലല്ലോ.

മണിപ്പൂരിന്റെ ഭരണനിയന്ത്രണം ലഭിച്ച ബിജെപിയുടെ അടുത്ത ലക്ഷ്യം അവിടത്തെ ആധിപത്യം പൂര്‍ണ്ണമായും കൈപ്പിടിയിലൊതുക്കുക എന്നതാണ്. സമതലങ്ങളില്‍ ജീവിക്കുന്ന, ഭൂരിപക്ഷം വരുന്ന മെയ്തികളെന്ന ഗോത്രേതരവിഭാഗങ്ങളെ മലയോരങ്ങളില്‍ ജീവിക്കുന്ന കുക്കികളും നാഗകളുമടങ്ങുന്ന, പ്രധാനമായും കൃസ്ത്യന്‍ വിഭാഗത്തില്‍ പെടുന്ന ഗോത്രവിഭാഗങ്ങള്‍ക്കെതിരെ തിരിച്ചുവിടുക എന്ന തന്ത്രം നടപ്പാക്കിയത് ഏറെകാലത്തെ പ്ലാനിംഗിനുശേഷമായിരുന്നു എന്നുറപ്പ്. അതിനായി ഉപയോഗിച്ചതും സംവരണത്തെ തന്നെ. അങ്ങനെയാണ് വിഷയം ഹൈക്കാടതിയിലെത്തിയതും മണിപ്പൂര്‍ സര്‍ക്കാര്‍. മെയ്തികളെ പട്ടികവര്‍ഗ വിഭാഗത്തില്‍ ഉള്‍പ്പെടുത്തണമെന്ന ആവശ്യം പരിഗണിക്കണമെന്ന കോടതി നിര്‍ദ്ദേശം വന്നതും. ഒരു മാസത്തിനുള്ളില്‍ കേന്ദ്രത്തിന് റിപ്പോര്‍ട്ട് നല്‍കണമെന്നും േൈഹക്കാടതി ഉത്തരവിട്ടു. അവര്‍ക്ക് ഒബിസി, പട്ടികജാതി സംവരണമൊക്കെ നിലനില്‍ക്കുമ്പോഴാണിത്. മെയ്തികളെ പട്ടികവര്‍ഗ വിഭാഗത്തില്‍ ഉള്‍പ്പെടുത്തിയാല്‍ അവര്‍ക്ക് മലമേഖലകളില്‍ ഭൂമി വാങ്ങാന്‍ സാധിക്കുമെന്നത് ഗോത്രവിഭാഗങ്ങള്‍ക്ക് ഭീഷണിയാകുന്നത് സ്വാഭാവികം മാത്രം.

ദി ക്രിട്ടിക് യു ട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

കോടതിനിര്‍ദ്ദേശത്തിനെതിരെ പ്രതീക്ഷിച്ചപോലെതന്നെ ഗോത്രവിഭാഗങ്ങളില്‍ നിന്നു ശക്തമായ പ്രതിഷേധപരിപാടികള്‍ നടന്നു. അതിന്റെ തുടര്‍ച്ചയായാണ് ഗോത്രവിഭാഗങ്ങള്‍ക്കെതിരെ ക്രൂരമായ കടന്നാക്രമണങ്ങള്‍ നടന്നതും കൃസ്ത്യന്‍ ദേവാലയങ്ങള്‍ അഗ്നിക്കിരയായതും കച്ചവടസ്ഥാപനങ്ങള്‍ തകര്‍ത്തതും പല ഭാഗത്തുനിന്നും വലിയതോതിലുള്ള പാലായനങ്ങള്‍ നടന്നതും. പെട്ടന്നുണ്ടായ പ്രകോപനത്തിന്റെ ഭാഗമായിരുന്നു ഈ അക്രമങ്ങള്‍ എന്നു സ്ഥാപിക്കാനുള്ള വ്യാഖ്യാനങ്ങള്‍ നടക്കുന്നുണ്ട്. എന്നാല്‍ അക്രമങ്ങളുടെ സ്വഭാവത്തില്‍ നിന്നുതന്നെ, ഗുജറാത്തിലും മുംബൈയിലും മുസാഫര്‍ നഗറിലും കാണ്ടമാലിലുമൊക്കെ നടന്ന പോലെ, മുന്‍കൂട്ടി ആസൂത്രണം ചെയ്തവയാണെന്നു വ്യക്തമാണ്. അതുകൊണ്ടുതന്നെ ഇതിവിടെ അവസാനിക്കി്‌ല്ലെന്നുറപ്പ്.

മഹാഭൂരിഭാഗവും ഹിന്ദുക്കളായ മെയ്തി വിഭാഗത്തെ തങ്ങളുടെ ഹിന്ദുത്വരാഷ്ട്രീയത്തിനു കീഴെ അണിനിരത്തി, മണിപ്പൂരിനെ കൈപ്പിടിയിലൊതുക്കാനാണ് കൃസ്ത്യന്‍ വിഭാഗങ്ങളെ ശത്രുക്കളായി ചിത്രീകരിച്ച് ഈ വംശീയാക്രമണം നടത്തിയതെന്നത് പകല്‍ പോലെ വ്യക്തമാണ്. അതിനു മലയോരമേഖലയിലെ ഗോത്രവിഭാഗങ്ങളുടെ ആധിപത്യവും തകര്‍ക്കേണ്ടതുണ്ട്. അതുമായി ബന്ധപ്പെട്ട് സംഘപരിവാര്‍ തലച്ചോറില്‍ രൂപം കൊണ്ടതാണ് മെയ്തി വിഭാഗങ്ങളെ പട്ടികവര്‍ഗ്ഗമായി പ്രഖ്യാപിക്കുക എന്ന ആവശ്യം. മണിപ്പൂരിലെ ഭൂമിയുടെ സിംഹഭാഗവും, ജനസംഖ്യയില്‍ തങ്ങളേക്കാള്‍ കുറഞ്ഞ ഗോത്രവര്‍ഗ്ഗക്കാരുടേതാണെന്നതില്‍ അരിശം ഉള്ളിലൊതുക്കി ജീവിക്കുന്നവരെ ആയുധങ്ങളുമായി തെരുവിലിറക്കാന്‍ അവര്‍ക്ക് എളുപ്പമായി. എന്നാലവ വനപ്രദേശമാണെന്നും ഗോത്രവിഭാഗങ്ങള്‍ക്ക് വനാവകാശമൊക്കെ നിലനില്‍ക്കുന്ന രാജ്യമാണ് നമ്മുടേതെന്നും ഈ രാജ്യത്ത് കൂട്ടിചേര്‍ത്ത സംസ്ഥാനമാണ് മണിപ്പൂരെന്നുമുള്ള യാഥാര്‍ത്ഥ്യം മനപൂര്‍വ്വം മൂടിവെക്കപ്പെട്ടു. യാദൃച്ഛികമായല്ല, ബോധപൂര്‍വ്വം തയ്യാറാക്കിയ പദ്ധതികളാണ് അരങ്ങേറിയത് എന്നതിനാല്‍ മണി്പ്പൂര്‍ ഉടനെയൊന്നും ശാന്തമാകുമെന്നു കരുതുക വയ്യ.  After a few days of riots and communal violence, Manipur is reported to be calm. But for how many days this calmness is relevant. ലക്ഷ്യം നേടുന്നതുവരെ സംഘപരിവാര്‍ തങ്ങളുടെ പദ്ധതിയുമായി മുന്നോട്ടുപോകുമെന്നുറപ്പ്. മണിപ്പൂര്‍ അശാന്തമായി തുടരുകയും വംശീയ ഉന്മൂലനങ്ങള്‍ ആവര്‍ത്തിക്കുകയും ചെയ്യും.

സുഹൃത്തെ,
അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പന്ത്രണ്ടാം വര്‍ഷത്തേക്ക് കടക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2024 - 25 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.

The Critic, A/C No - 020802000001158,
Indian Overseas Bank,
Thrissur - 680001, IFSC - IOBA0000208
google pay - 9447307829
സ്നേഹത്തോടെ ഐ ഗോപിനാഥ്, എഡിറ്റര്‍, thecritic.in


ഞങ്ങളുടെ ഫേസ്ബുക് പേജ് ലൈക് ചെയ്യൂ..


Published On

Category: Politics | Tags: , | Comments: 0 |

'ക്രിട്ടിക്കില്‍ പ്രസിദ്ധീകരിക്കുന്ന ലേഖനങ്ങള്‍ ലേഖകരുടെ അഭിപ്രായങ്ങളാണ്.. അവ പൂര്‍ണ്ണമായും ക്രിട്ടിക്കിന്റെ അഭിപ്രായങ്ങളാകണമെന്നില്ല - എഡിറ്റര്‍'

Be the first to write a comment.

Leave a Reply