യുക്തിരവിശങ്കരന്‍മാരും ആനന്ദാശ്രമങ്ങളും

വര്‍ത്തമാന ലോകത്തിന്റെ ദൈവം ആ പാവം കൂട്ടിച്ചാത്തനോ രാമനും റഹീമുമോ ഒന്നുമല്ലെന്ന് ഇവര്‍ക്കെന്നാണാവോ തിരിച്ചറിവുണ്ടാകുക. സമൂഹത്തിന്റെ ഏതെങ്കിലും നിയന്ത്രണങ്ങള്‍ക്ക് വഴങ്ങാന്‍ വിസമ്മതിക്കുന്ന കേവലമായ അധീശ മൂലധനമാണിന്നത്തെ ദൈവം. ലോക നേതാവായി നടിക്കുന്ന അമേരിക്കന്‍ പ്രസിഡന്റു തന്നെയും വലിയൊരു പങ്കും ഇതേ മൂലധനത്തിന്റെ ഇച്ഛക്കനുസരിച്ചാണ് നിലപാടുകളെടുക്കുന്നത്. ഈ മൂലധന മായാമയന്റെ ലീലാവിലാസങ്ങളൊട്ടും തിരിച്ചറിയാന്‍ ശേഷിയില്ലാത്ത രാഷ്ട്രീയ ബൗദ്ധികങ്ങളെ ദുര്‍ഗന്ധം പ്രസരിപ്പിക്കുന്ന ടോയ്‌ലറ്റ് ബുദ്ധിജീവികളോടു ഉപമിച്ചാല്‍ അവര്‍ക്ക് പോലും അപമാനമായേക്കും.

കേരളത്തില്‍ താലിബാനും മലബാര്‍ കലാപവുമൊക്കെ സജീവചര്‍ച്ചയാണല്ലോ. നമ്മുടെ രാഷ്ട്രീയ ബൗദ്ധികത ഇംഗ്ലീഷില്‍ മെഡിയോക്കര്‍ എന്നു പറയുന്ന ശരാശരിക്കും താഴെയാണെന്ന് തുറന്നു കാണിക്കാനിവയുതകി എന്നു പറയാം. ശാസ്ത്രത്തിലൊക്കെ താല്‍പ്പര്യമുള്ള ചെറുപ്പക്കാരിലെ നല്ലൊരു സംഘം യുക്തിവാദത്തെ ഇടയ്ക്ക് ആഘോഷമാക്കുകയുമുണ്ടായി. യുക്തിവാദം ചരിത്രത്തില്‍ മോശമായ ഒന്നാണെന്നല്ല ഇതിനര്‍ത്ഥം. മധ്യകാല കത്തോലിസിസത്തില്‍ നിന്ന് യൂറോപ്പിനെ മോചിപ്പിക്കുന്നതിലൊക്കെ ആധുനികതയുടെ ഭാഗമായി വന്ന ‘റാഷണലിസം’ ചരിത്രപരമായി വലിയ പങ്കാണ് വഹിച്ചത്. കത്തോലിക്കാ മതവിശ്വാസത്തിന്റെ കമ്പിളിപ്പുതപ്പിനുള്ളില്‍ ഇരുണ്ടുപോയ യൂറോപ്പിനെ യുക്തിവിചാരങ്ങള്‍ കൊണ്ടു കൂടിയാണന്ന് തകര്‍ത്ത് ആധുനികതയുടെ വെളിച്ചത്തിലേക്കെത്തിച്ചത.് രൂപമെടുത്ത കാലത്ത് ക്രിസ്തുമതവും ഇസ്ലാം മതവും ബുദ്ധമതവുമെല്ലാം വ്യത്യസ്തമായ വഴികളിലെങ്കിലും ഇത്തരമൊരു പുരോഗമനപരമായ പങ്ക് വഹിച്ചിട്ടുണ്ട് എന്നും ഇതോടൊപ്പം ഓര്‍ക്കണം. പഴയ ദൈവങ്ങളെയും മതങ്ങളെയുമെല്ലാം ചോദ്യം ചെയ്തു തന്നെയാണിവയെല്ലാം ഉയര്‍ന്നുവന്നത്. വളരെ താല്ക്കാലികമെങ്കിലും യുക്തിവാദത്തിന്റെ ഇവിടുത്തെ ആധുനികോത്തര വകഭേദങ്ങളും ഒരാശ്രമ സ്ഥാപനത്തിനാണ് ശ്രമിച്ചത്. ആള്‍ദൈവവും കച്ചവടവും എല്ലാം ഒത്തു ചേരുന്നൊരാശ്രമം തന്നെ. ശാസ്ത്രത്തിന്റെ അവതാരങ്ങളായി നടിക്കുന്നവര്‍ പ്രചരിപ്പിക്കുന്നതാകട്ടെ ശാസ്ത്രത്തിലുള്ള മിക്കവാറും അജ്ഞതയും ശാസ്ത്രാഭാസവുമാണെന്നതും പ്രധാനമാണ്.

രാഷ്ട്രീയത്തെക്കുറിച്ച് തുടങ്ങി യുക്തിവാദത്തിലേക്ക് കടന്നത് അറിയാതെയല്ല. വലിയൊരു പരിധി വരെ രാഷ്ട്രീയ ചിന്തകളും ഇന്ന് വളരെ ഉപരിപ്ലവവും മുകളില്‍ പറഞ്ഞ യുക്തിവാദത്തിന്റെ തന്നെ വക ഭേദങ്ങളുമായി മാറുന്നു എന്നു സൂചിപ്പിക്കാനാണ്. യുക്തിവാദത്തിന്റെ ധാരയെടുത്താല്‍ സഹോദരനയ്യപ്പനും കുറ്റിപ്പുഴയും എം സി ജോസഫുമെല്ലാമടങ്ങുന്ന ആര്‍ജ്ജവമുള്ളൊരു ചരിത്രധാരയല്ല, പകരം, ഉദ്ദണ്ഡനും കാക്കശേരിയുമെല്ലാമടങ്ങുന്ന മധ്യകാല ‘ബ്രാഹ്മണ കേളി’യുടെ കൂടുതല്‍ ജീര്‍ണ്ണിച്ചൊരു വകഭേദമാണിപ്പോള്‍ പ്രബലം. ‘അന്യോന്യങ്ങള്‍’ നടത്തി അകത്തിരിക്കാന്‍ ശ്രമിക്കുന്ന ചില യുക്തിവാദ കോമാളി വേഷങ്ങള്‍ ഇവിടെയുണ്ടായിട്ടുമുണ്ടല്ലോ.

സംഘടിത ഇസ്ലാം വിരുദ്ധത അത്ര നിഷ്‌കളങ്കമല്ല

താലിബാനും മലബാര്‍ കലാപവുമെല്ലാം മിക്കവാറും മതത്തെ കേന്ദ്രീകരിച്ചുള്ള ഒരു വിഷയമായി ചര്‍ച്ച ചെയ്യാനാണ് യുക്തിവാദികളോടൊപ്പം നല്ലൊരു വിഭാഗം ഇടതുപക്ഷ ചിന്താഗതിക്കാരും ശ്രമിച്ചു കണ്ടത്. ലോകമെങ്ങും ഇതങ്ങനെയൊരു മത വിഷയം മാത്രമാണെന്ന് വരുത്തിത്തീര്‍ക്കാനുള്ള ആസൂത്രിത താല്പര്യങ്ങളുമുണ്ട്. സോവിയറ്റ് യൂണിയന്റെ തകര്‍ച്ചയ്ക്ക് ശേഷം ‘സംസ്‌കാരങ്ങളുടെ, സംഘട്ടനമാണ്’ ഇനി ലോകത്ത് നടക്കാന്‍ പോകുന്നതെന്ന് അമേരിക്കന്‍ നയതന്ത്ര വിദഗ്ദന്‍ കൂടിയായിരുന്ന ഹണ്ടിംഗ്ടനാണ് സിദ്ധാന്തീകരിച്ചത്. പടിഞ്ഞാറന്‍ ക്രിസ്ത്യന്‍ ലിബറലിസവും കിഴക്കന്‍ ഇസ്ലാമിക ഭീകരവാദവും തമ്മിലുള്ള സംഘട്ടനമെന്ന നിലയിലാണ് തുടര്‍ന്നുള്ള കാലത്തത് പുരോഗമിച്ചത്. ഇതിന്റെ ഭാഗമായി യുഎസിന്റെ അനുഗ്രഹാശിസ്സുകളോടെ പ്രത്യക്ഷമായും പരോക്ഷമായും ഇസ്ലാം ‘ജന്മനാ ഭീകരവാദമാണ്’ എന്ന വിധം ആളും അര്‍ത്ഥവും ആയുധവുമുപയോഗിച്ച് ലോകമെങ്ങുംപ്രചാരണം നടത്തുകയുമുണ്ടായി. ഇതിന്റെയൊക്കെ ഫലമായി ശക്തിപ്പെട്ട ഒരു തരം ‘ഇസ്ലാമോഫോബിയ’ യോടൊപ്പം ഇസ്ലാം മതം കൂടി ഭാഗമാകുന്നതും, ഈ വിഷയങ്ങളെ മതവിഷയങ്ങള്‍ മാത്രമായി ചുരുക്കുക കൂടി ചെയ്യുന്നതിലൂടെ, ഇന്ത്യയില്‍ വിശേഷിച്ചും, അപകടകരമായ ഒരു സാഹചര്യമാണ് രൂപപ്പെടുന്നത്. ഇന്ത്യയില്‍ ഇസ്ലാം വിരുദ്ധതയെ പ്രധാന ആയുധമാക്കിയ ഹിന്ദു വര്‍ഗീയതയാണ് ഭരണത്തിലിരിക്കുന്നതെന്നു കൂടിയിരിക്കെ ഇത് കൂടുതല്‍ പ്രധാനവുമാകുന്നു.

വര്‍ഗീയതയെ മുഖ്യമായും രാഷ്ട്രീയ സംവര്‍ഗമായി കാണുന്നതില്‍ ‘ചിന്ത’യടക്കമുള്ള ഇടതുപക്ഷ ബൗദ്ധികലോകം പരാജയപ്പെടുന്നു എന്ന് ഈ ലേഖകന്‍ തന്നെ നേരത്തെ ചൂണ്ടിക്കാട്ടിയിട്ടുണ്ട്. (ഹിന്ദു രാഷ്ട്രവാദം : രാജ്യദ്രോഹത്തിന്റെ പ്രത്യയശാസ്ത്രം 1993). ബാബറി മസ്ജിദ് തകര്‍ത്തതിന്റെ പശ്ചാത്തലത്തിലായിരുന്നത്. പലരും കരുതുന്നപോലെ രാഷ്ട്രീയത്തെ ഉപയോഗിക്കുന്ന മതമല്ല, മറിച്ച് മതത്തെ ഉപയോഗിക്കുന്ന രാഷ്ട്രീയമാണത്. അതിനെ പ്രമുഖമായ ഒരു മതവിഷയമാക്കി ചുരുക്കുന്നവര്‍ യഥാര്‍ത്ഥത്തില്‍ ചെയ്യുന്നത് വര്‍ഗീയതയുടെ രാഷ്ട്രീയത്തിന്റെ കയ്യിലെ കരുക്കളാകുകയാണ.് വര്‍ഗ്ഗീയത ആഗ്രഹിക്കുന്നതും തങ്ങളുടെ ഭീകരവാദ രാഷ്ട്രീയത്തെ സാധാരണക്കാരായ കോടിക്കണക്കിന് മതവിശ്വാസികളുടെ വിഷയമാക്കി തെറ്റിദ്ധരിപ്പിച്ച് തങ്ങള്‍ക്കനുകൂലമായ മതപരമായ ഒരു ധ്രുവീകരണം നേടിയെടുക്കലാണ്. ഇസ്ലാമിക ഭീകരവാദം ഇക്കഴിഞ്ഞ ദശകങ്ങളില്‍ കൊന്നൊടുക്കിയവരും പീഢിപ്പിച്ചവരുമായ ലക്ഷങ്ങളെകുറിച്ച് വിലപിക്കുന്ന പലരും വിസ്മരിക്കുന്നത് ഇതില്‍ വളരെ തുച്ഛമായൊരു ശതമാനമൊഴിച്ച് ബാക്കിയെല്ലാം ഇസ്ലാം മതവിശ്വാസികള്‍ തന്നെയാണെന്നതാണ്. പണവും ആയുധങ്ങളും നല്കി ഇസ്ലാമിനെ കരുവാക്കി കളിക്കുന്ന യഥാര്‍ത്ഥ സാമ്പത്തിക രാഷ്ട്രീയ താല്പര്യങ്ങള്‍ സൗകര്യപൂര്‍വ്വം ഇതില്‍ രക്ഷപ്പെടുകയാണ് ചെയ്യുന്നത്.

കഴിഞ്ഞ ഒരു നൂറ്റാണ്ടു കാലം അമേരിക്കയുടെ നേതൃത്വത്തില്‍ ലോകത്ത് ശക്തിപ്പെട്ട ലോകക്രമത്തിന്റെ ഊര്‍ജ്ജ സ്രോതസ്സും പ്രധാനാധാരവും എണ്ണയായിരുന്നു. ഈ എണ്ണയുടെ പ്രധാന സ്രോതസ്സ് ഇസ്ലാമിക നാടുകളായി എന്നതാണ് ഇസ്ലാമിന്റെ ഏറ്റവും വലിയ ശാപം. ഇസ്രായേല്‍ എന്ന മതഭീകര രാഷ്ട്രത്തിന്റെ നിലനില്പിന്റെ രഹസ്യമോ, പെട്രോ ഡോളറിന്റെ സാമ്പത്തിക രാഷ്ട്രീയ മാനങ്ങളോ ഒന്നും കേട്ടറിഞ്ഞിട്ടുപോലുമില്ലാത്തവരുടെ താല്പര്യങ്ങള്‍ വേറെ പലതുമാകണം.

മറുവശത്ത്, സ്വന്തം രാജ്യസമ്പത്ത് പടിഞ്ഞാറിനൂറ്റിക്കൊടുത്ത് പങ്കു പറ്റുന്ന ഷെയ്ക്കന്‍മാരിലൂടെ കിട്ടുന്ന പിച്ചക്കാശ് കൊണ്ടാണ് ലോകമെങ്ങും ഇസ്ലാമിക ടെററിസം വളരുന്നതും.ജീവിതത്തിലെ വലിയ പങ്കും പടിഞ്ഞാറന്‍ നഗരങ്ങളില്‍ ജീവിതങ്ങള്‍ തേടുന്ന ഇതേ ആളുകള്‍ തന്നെയാണ് അഫ്ഗാനില്‍ സ്ത്രീകളെ ഇരുട്ടിലാക്കുന്ന വസ്ത്ര സംസ്‌കാരമടക്കം പ്രചരിപ്പിക്കാന്‍ പണം നല്കുന്നതും. ടെററിസ്റ്റുകള്‍ക്ക് തോക്കെത്തിക്കുന്നതും തോക്കെടുത്തെന്ന പേരില്‍ അവരുടെ തലയില്‍ ബോംബ് വര്‍ഷിക്കുന്നതും എല്ലാം ആത്യന്തികമായി യു എസ് തന്നെയെന്ന് പത്രം വായിക്കാനറിയാവുന്നവര്‍ക്കെല്ലാം മനസ്സിലാക്കാവുന്നതേയുള്ളൂ.

വര്‍ത്തമാന ലോകത്തിന്റെ ദൈവം ആ പാവം കൂട്ടിച്ചാത്തനോ രാമനും റഹീമുമോ ഒന്നുമല്ലെന്ന് ഇവര്‍ക്കെന്നാണാവോ തിരിച്ചറിവുണ്ടാകുക. സമൂഹത്തിന്റെ ഏതെങ്കിലും നിയന്ത്രണങ്ങള്‍ക്ക് വഴങ്ങാന്‍ വിസമ്മതിക്കുന്ന കേവലമായ അധീശ മൂലധനമാണിന്നത്തെ ദൈവം. ലോക നേതാവായി നടിക്കുന്ന അമേരിക്കന്‍ പ്രസിഡന്റു തന്നെയും വലിയൊരു പങ്കും ഇതേ മൂലധനത്തിന്റെ ഇച്ഛക്കനുസരിച്ചാണ് നിലപാടുകളെടുക്കുന്നത്. ഈ മൂലധന മായാമയന്റെ ലീലാവിലാസങ്ങളൊട്ടും തിരിച്ചറിയാന്‍ ശേഷിയില്ലാത്ത രാഷ്ട്രീയ ബൗദ്ധികങ്ങളെ ദുര്‍ഗന്ധം പ്രസരിപ്പിക്കുന്ന ടോയ്‌ലറ്റ് ബുദ്ധിജീവികളോടു ഉപമിച്ചാല്‍ അവര്‍ക്ക് പോലും അപമാനമായേക്കും.

വളരുന്ന ശാസ്ത്രത്തിനു മുമ്പില്‍ പ്രാകൃതമാകുന്ന യുക്തിവാദങ്ങള്‍

നമ്മുടെ യുക്തിവാദികളുടെ ധാരണ മനുഷ്യനെന്തോ ചിരസ്ഥായിയായ ചില യുക്തികളുണ്ടെന്നാണ്. മനുഷ്യന്‍ അവന്റെ ബാഹ്യലോകവുമായും തന്റെ തന്നെ പ്രകൃതിയുമായുമെല്ലാം നടത്തുന്ന കരണപ്രതികരണങ്ങളില്‍ നിന്നാണ് യുക്തികള്‍ രൂപമെടുക്കുന്നത്. മനുഷ്യന്റെയോ അവന്റെ തലച്ചോറിന്റെയോ ഉള്ളില്‍നിന്ന് സ്വയോല്‍ഭവമായല്ല യുക്തികള്‍ ഉണ്ടാവുന്നത.് എന്നാലവന്റെ തലച്ചോറിന്റെ ഘടനയും ഭാഷയുമെല്ലാം ലോകത്തെ അറിയുന്നതിന്റെയും അതിലിടപെടുന്നതിന്റെയും സാദ്ധ്യതകളും പരിമിതികളും നിര്‍ണ്ണയിക്കുന്നതില്‍ പങ്കുവഹിക്കുന്നുണ്ട്. പുരാതന മനുഷ്യന്റെ യുക്തികളല്ല ഇന്നത്തേത്. ശാസ്ത്രവും നരവംശ ശാസ്ത്രവുമടക്കം ഇതെല്ലാം തിരിച്ചറിഞ്ഞാലേ മതങ്ങളെയും ദൈവങ്ങളെയും മന്ത്രവാദത്തെയുമെല്ലാം ചരിത്ര സന്ദര്‍ഭ നിഷ്ടമായി ശരിയായി മനസിലാക്കാന്‍ ഒരാള്‍ക്കാകൂ.

ശാസ്ത്രമാണ് ഒരേയൊരു ജ്ഞാനരൂപമെന്ന് വിശ്വസിക്കുന്നവരാണ് ഇവരില്‍ പലരും. ശാസ്ത്രവും കേവല യുക്തികളല്ല. നിരന്തരം മാറുകയും വളരുകയും ചെയ്യുന്ന യുക്തികളെയാണാശ്രയിക്കുന്നത്. അതെപ്പോഴും ഒന്നാം ക്ലാസില്‍ തന്നെയല്ല പഠിക്കുന്നത്. 18-ാം നൂറ്റാണ്ടില്‍ ന്യൂട്ടണ്‍ പ്രകാശത്തിന്റെ തരംഗ സ്വഭാവം സമര്‍ത്ഥിച്ച കാലത്തു തന്നെ ദെക്കാര്‍ത്തെ പ്രകാശം കോര്‍പ്പസ്‌കുലര്‍ രൂപത്തില്‍ വ്യതിരിക്തത കണികകളായാണ് വംശ സഞ്ചരിക്കുന്നതെന്നു പറഞ്ഞിട്ടുണ്ട്. എന്നാല്‍ ആ കാലത്തിനതുള്‍ക്കൊള്ളാനാകുന്നതായിരുന്നില്ല. രണ്ടും വലിയവരും പ്രഗത്ഭരുമായതുകൊണ്ടാകാം അന്ന് പരിഹാസ രൂപത്തില്‍ പ്രചരിച്ച തമാശ, പ്രക്രാശം ചൊവ്വയും വെള്ളിയും കണികകളായും ബാക്കി ദിവസങ്ങളില്‍ തരംഗമായും സഞ്ചരിക്കുന്നു എന്നാണ്. എന്നാല്‍ ഇന്നത്തെ ക്വാണ്ടം ലോകത്ത് ഇതിലൊട്ടും തമാശയില്ല. പ്രകാശം ഒരേ സമയം ഇതു രണ്ടുമാണെന്നും തരംഗത്തിന്റെയും കണികകളുടെയും സ്വഭാവം കാണിക്കുകയും നിയമങ്ങളനുസരിക്കുകയും ചെയ്യുന്നുണ്ടെന്നുമാണിന്നത്തെ അംഗീകൃത യുക്തി. നിങ്ങളുടെ യുക്തിചിന്തയെ നിരന്തരം അത്ഭുതകരമാം വിധം പ്രകോപിപ്പിക്കുകയും അപ്രതീക്ഷിതമായ മേഖലകളിലേക്ക് കുതിച്ചു ചാടിച്ചുക്കൊണ്ടിരിക്കുകയും ചെയ്യുന്നതാണ,് ക്വാണ്ടം ലോകത്തെ യുക്തി വിചാരങ്ങള്‍. ക്ലാസിക്കല്‍ ബലതന്ത്രത്തിന്റെ (അതും പകുതി ദഹിച്ച) യുക്തികളില്‍ നിന്നാണ് യുക്തിവാദ കേസരികളില്‍ പലരും വര്‍ത്തമാന ശാസ്ത്ര വിചാരങ്ങളെ വിശദീകരിച്ചു കൂട്ടുപിടിക്കുന്നതെന്ന് തോന്നിയിട്ടുണ്ട്.ശാസ്ത്രമൊഴിച്ച് ചരിത്രമടക്കം എല്ലാ ജ്ഞാനരൂപങ്ങളെയും അവഗണിക്കുകയോ നിരാകരിക്കുകയോ ചെയ്യുന്നവര്‍ക്ക് ശാസ്ത്രത്തിന്റെ ചരിത്രവും അറിയേണ്ടതില്ലല്ലൊ.

ക്വാണ്ടം ബലതന്ത്രം ഒരു പ്രസ്ഥാനമായി രൂപപ്പെടുന്ന കാലത്തെ പിതൃസ്ഥാനീയമായ ഒരു വ്യക്തിത്വമാണ് നീല്‍സ് ബോര്‍. അദ്ദേഹത്തിന്റെ മുമ്പില്‍ പുതിയ ഏതെങ്കിലും പ്രബന്ധങ്ങളെത്തിയാല്‍ ആദ്യം ചോദിച്ചു പോന്നത് is it mad! അഥവാ ഭ്രാന്തമാണോ എന്നാണ്. നിലനില്‍ക്കുന്ന ശാസ്ത്രയുക്തിയെ അതിശയിപ്പിക്കും വിധം ഭ്രാന്തമായി അതിലംഘിക്കുന്നതെന്തെങ്കിലുമതിലുണ്ടോ എന്നാണദ്ദേഹമന്വേഷിച്ചു പോന്നത്. ഏത് യുക്തിവാദത്തിന്റെയും കുഞ്ഞന്‍ ചെപ്പിലൊതുങ്ങുന്നതല്ല വര്‍ത്തമാനശാസ്ത്രത്തിന്റെ ഭ്രാന്തന്‍ മുന്നേറ്റങ്ങള്‍. അന്നത്തെ നിലയില്‍ ഇതേ ഭ്രാന്തന്‍ ഗണിതയുക്തിയെ വെച്ചാണ് ഡിറാക് പ്രതി കണികകളെ പ്രവചിച്ചതും. ഷ്രോഡിംഗര്‍ സമവാക്യത്തെ ആപേക്ഷികതയുമായി ചേര്‍ത്ത് നിര്‍ദ്ധാരണം ചെയ്തപ്പോള്‍ പ്ലസും മൈനസുമായി രണ്ടുത്തരങ്ങള്‍ കിട്ടിയതാണ് തുടക്കം. സാധാരണ നിലയില്‍ അന്നത്തെ ഗണിതയുക്തി വെച്ച് എവിടെയോ തെറ്റു പറ്റിയതാകാമെന്ന നിലയില്‍ അത് നിരാകരിക്കേണ്ടതാണ്. കാരണം ഒരേ കണക്കിന് രണ്ടു ശരിയുത്തരങ്ങള്‍ സ്വീകാര്യമല്ല. എന്നാല്‍ ഡിറാക് ് എല്ലാ കണികകള്‍ക്കും പ്രതി കണികകളുണ്ടാകുമെന്നും അത് തെരയാനുമാണ് ശാസ്ത്രലോകത്തോട് പറഞ്ഞത്. പറഞ്ഞു വരുന്നത് അവരവരുടെയോ നിലനില്ക്കുന്നതോ ആയ യുക്തികള്‍ക്കകത്ത് യാഥാര്‍ത്ഥ്യത്തെ ഒതുക്കുകയല്ല, തിരിച്ച് യാഥാര്‍ത്ഥ്യങ്ങള്‍ക്കനുസരിച്ച് യുക്തിയെ മാറ്റുകയാണാവശ്യം. നാടന്‍ ഭാഷയില്‍ ചെരുപ്പിനനുസരിച്ച് കാലു മുറിക്കുകയല്ല വേണ്ടതെന്നര്‍ത്ഥം.

ഒരേസമയം രണ്ടിടത്തു പ്രത്യക്ഷപ്പെടുന്ന കണികാസ്വഭാവവും,ക്വാണ്ടം എന്‍ട്രാങ്കിള്‍മെന്റുമെല്ലാമടക്കം ക്വാണ്ടം ബലതന്ത്രമിന്ന് നിലവിലുള്ള യുക്തികള്‍ക്ക് ഒരുവിധത്തിലും ഉള്‍ക്കൊള്ളാന്‍ എളുപ്പമല്ലാത്ത വഴിയിലാണ്.സത്യത്തെയും വസ്തുനിഷ്ഠ യാഥാര്‍ത്ഥ്യത്തെ തന്നെയുമിന്നത് പ്രശ്‌നവല്ക്കരിച്ചു കഴിഞ്ഞു. ക്വാണ്ടം ബലതന്ത്രത്തിന്റെ തുടക്കങ്ങളിലൊന്നായ അനിശ്ചിതതത്വസിദ്ധാന്തം തന്നെ സുനിശ്ചിത യുക്തികള്‍ക്ക് വെല്ലുവിളിയായിരുന്നല്ലൊ.

യുക്തികള്‍ സമൂര്‍ത്ത യാഥാര്‍ത്ഥ്യങ്ങളെ സമൂര്‍ത്തമായി വിശകലനം ചെയ്യുന്നതിനുള്ള സഹായ ഉപകരണങ്ങളായാണ് വര്‍ത്തിക്കേണ്ടത്. അങ്ങനെയല്ലാത്ത യുക്ത്യാരാധന അര്‍ത്ഥറിയാത്ത വേദാലാപനം പോലെ അസംബന്ധ ജല്‍പ്പനങ്ങളാണ്. എല്ലാ യുക്തികള്‍ക്കും മൂര്‍ത്ത യാഥാര്‍ത്ഥ്യങ്ങള്‍ക്ക് പുറത്ത് ആപേക്ഷികമായ നിലനില്പുമാത്രമേയുള്ളൂ. യാഥാര്‍ത്ഥ്യങ്ങളില്‍ നിന്ന് മുക്തികളിലേക്കും തിരിച്ച് യാഥാര്‍ത്ഥ്യങ്ങളിലേക്കുമുള്ള നിരന്തരം വളര്‍ന്നുകൊണ്ടിരിക്കുന്ന ഒരു പ്രക്രിയയാതിനെ തിരിച്ചറിയുമ്പോഴേ അത് ജീവസ്സുറ്റതാകൂ.

അക്കാദമിക് ഡോക്ടറേറ്റുകളല്ല സമൂഹത്തെ നയിക്കേണ്ടത്

ഇന്ന് വിശേഷ അക്കാദമിക് ശാഖകളായി മാറിയ തത്വചിന്ത, ശാസ്ത്രം, സാങ്കേതികത, സമ്പദ്ശാസ്ത്രം, ചരിത്രം, രാഷ്ട്രീയം എന്നിങ്ങനെയുള്ള വിജ്ഞാന ശാഖകളെല്ലാം യഥാര്‍ത്ഥ ലോകത്ത് ഇങ്ങനെ വേറിട്ടല്ല നില്ക്കുന്നത്. ചരിത്രാരംഭം മുതല്‍ അതങ്ങനെയായിരുന്നുമില്ല. ഉദാഹരണത്തിന് ഗ്രീക്ക് ശാസ്ത്രമോ ഗണിതമോ ഒന്നും തത്വചിന്തയില്‍ നിന്ന് വേര്‍പെട്ടല്ല നിലനിന്നിരുന്നത്. മധ്യകാല യൂറോപ്പില്‍ തത്വചിന്തയുടെ രൂപമായി മാറിയ ദൈവശാസ്ത്രത്തിന്റെ ഭാഗമായിരുന്നു ഇതെല്ലാം. ആധുനികത വികസിപ്പിച്ച വിശേഷശാഖീകരണങ്ങള്‍ക്ക് ഇന്നത്തെ വിജ്ഞാന വിസ്‌ഫോടനത്തില്‍ വലിയ പങ്കുണ്ട്. എന്നാലതോടൊപ്പം തന്നെ പല പരിമിതികളും ഇതിനുണ്ട്. ഈ ജ്ഞാനശാഖകള്‍ക്കിടയിലുള്ള പരസ്പര ബന്ധവും, ഇവക്കോരോന്നിനും പ്രത്യേകമായി ആപേക്ഷികമായ നിലനില്‌പേയുള്ളൂ എന്ന കാര്യവും പലപ്പോഴും വിസ്മരിക്കപ്പെടുന്നു എന്നതാണത്. സാമാന്യവല്ക്കരണങ്ങളെയും തത്വചിന്തയും തന്നെ നിരാകരിക്കുന്ന ഉത്തരാധുനിക ചിന്തകളും ഇടക്കാലത്തിനാക്കം കൂട്ടിയിട്ടുണ്ട്.

ഒരു പക്ഷെ പ്രത്യക്ഷത്തില്‍ ബന്ധമില്ലാത്തതെന്ന് തോന്നിക്കുന്നതും ശുദ്ധവിജ്ഞാനമായി പലരും കാണുന്നതുമായ ശാസ്ത്രവും ഈ വസ്തുതക്കപവാദമല്ല. അനുഗ്രഹങ്ങളോടൊപ്പം വലിയ നിഗ്രഹശേഷിയും ശാസ്ത്രത്തിനുണ്ട് എന്ന് തിരിച്ചറിഞ്ഞാല്‍ തന്നെ ഇത് വ്യക്തമാകും. നിഗ്രഹം എന്നതിനെ ബോംബുകളായി മാത്രം ചുരുക്കേണ്ടതില്ല; കാര്‍ബണ്‍ ഉത്സര്‍ജ്ജനം പോലെ പലവഴികളില്‍ അത് നിഗ്രഹശക്തിയാകാം. സമ്പദ്ശാസ്ത്രവും രാഷ്ട്രീയവും തുടങ്ങി ഇതര മേഖലകളുമായി ചേര്‍ന്ന് ശാസ്ത്രത്തിന്റെ വഴി നിര്‍ണ്ണയിക്കുന്നതില്‍ സമൂഹത്തിനുണ്ടാകേണ്ട പ്രമുഖസ്ഥാനമാണ് പ്രശ്‌നം. വളര്‍ന്നു കൊണ്ടിരുന്ന മുതലാളിത്തത്തിന്റെ മത്സരത്തിന്റെയും അതിജീവനത്തിന്റെയും പശ്ചാത്തലം ഡാര്‍വിസിസത്തിന് പിന്നില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട് എന്ന നേരിട്ടു തന്നെയുള്ള സ്വാധീനത്തിന്റെ ചില നിരീക്ഷണങ്ങളുമുണ്ട്. ഇവക്കിടയിലെ ബന്ധങ്ങളെ ഇങ്ങനെ ഒന്ന് സമം ഒന്ന് എന്ന് കാണേണ്ടതില്ലെങ്കിലും. പൂര്‍വ്വ നിശ്ചിതമായ ഒരൊറ്റ വഴിയേ ശാസ്ത്രത്തിനുള്ളൂ എന്ന ദൈവ നിര്‍ണ്ണയിനം പോലുള്ള ഒരുതരം വിധിവാദമാണ് യുക്തിവാദ ശാസ്ത്രചിന്തകളുടെ ഒരു പ്രധാനപ്രശ്‌നം.

നവോത്ഥാന ദേശീയ പ്രസ്ഥാനങ്ങളുടെ കാലത്തും സ്വാതന്ത്ര്യ പ്രാപ്തിയുടെ ആദ്യ വര്‍ഷ കങ്ങളിലുമെല്ലാം അക്കാദമിക് അടക്കം ബുദ്ധിജീവികള്‍ക്ക് മേലുള്ള സാമൂഹ്യ പ്രസ്ഥാനങ്ങളുടെ സ്വാധീനം ഒരളവില്‍ നിര്‍ണ്ണായകമായിരുന്നു. എന്നാല്‍ സാമൂഹ്യ പ്രസ്ഥാനങ്ങളും നിലനില്ക്കുന്നവയുടെ സാമൂഹ്യ പരിഗണനകളും ദുര്‍ബലമായ ഇന്നത്തെ സാഹചര്യത്തില്‍ സമൂഹത്തിന്റെയും ചിന്തകളുടെയും അജണ്ടകള്‍ നിര്‍ണ്ണയിക്കുന്നതിലടക്കം അക്കാദമിക് മണ്ഡലം ഏതാണ്ട് നിര്‍ണ്ണായക പ്രാമുഖ്യം നേടുന്നതാണ് കാണുക. അക്കാദമികമെന്നാല്‍ അതങ്ങനെ ലിറ്റ്മസില്‍ ന്യുട്രലൊന്നുമല്ല.പടിഞ്ഞാറന്‍ ഏജന്‍സികള്‍ പലപ്പോഴും ആസൂത്രിതമായി തന്നെയോ അല്ലാതെയോ അപ്പപ്പോള്‍ പ്രാമുഖ്യം നേടിയെടുക്കുന്ന ചിന്തകളുടെ, വലിയൊരളവില്‍ പൊള്ളയായ അനുകരണത്തിലെ, അല്പ്പ ജഞതയാണതിനെ ഭരിക്കുന്നത്. ജീവിക്കുന്ന സമൂഹത്തിലെ വേരുകള്‍, ദുര്‍ബ്ബലമാകുന്ന ബൗദ്ധിക ലോകം, മിക്കവാറും വന്ധ്യമോ അല്ലെങ്കില്‍ പുറത്തുനിന്നുള്ള അജണ്ടകള്‍ക്ക് വിധേയമോ ആയി മാറുന്നു.സാമൂഹ്യ പ്രസ്ഥാനങ്ങളും അക്കാദമിക് ലോകവും തമ്മിലുള്ള പരസ്പ്പരം ദുര്‍ബലമാക്കലും ജീര്‍ണ്ണതയും ഒരു വിഷമവൃത്തമാണിന്ന്. മൗലികത നഷ്ടമാകുന്നതോടെ അക്കാദമിക് പ്രബന്ധങ്ങളും മിക്കവാറും സംഭാവനകളും പള്‍പ്പ് സാഹിത്യത്തിനാണിപ്പോള്‍ കൂടുതല്‍ മുതല്‍ക്കൂട്ടാകുന്നത്.

പരിതാപകരമെന്ന് തോന്നിക്കുന്ന ഈ അവസ്ഥയില്‍ വിലപിക്കുകയല്ല, സാമൂഹ്യോന്മുഖമായ ചിന്തകളും പ്രസ്ഥാനങ്ങളും വളര്‍ത്തുക വഴിയേ ഇതിനെ ഭേദിക്കാനാകൂ എന്ന് തിരിച്ചറിയുകയാണ് വേണ്ടത്.

(കടപ്പാട് – ജനശക്തി)

സുഹൃത്തെ,
അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പന്ത്രണ്ടാം വര്‍ഷത്തേക്ക് കടക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2024 - 25 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.

The Critic, A/C No - 020802000001158,
Indian Overseas Bank,
Thrissur - 680001, IFSC - IOBA0000208
google pay - 9447307829
സ്നേഹത്തോടെ ഐ ഗോപിനാഥ്, എഡിറ്റര്‍, thecritic.in


ഞങ്ങളുടെ ഫേസ്ബുക് പേജ് ലൈക് ചെയ്യൂ..


Published On

Be the first to write a comment.

Leave a Reply