ഇപ്പോഴും തടവറയില്‍ കഴിയുന്ന കിറ്റക്സ് തൊഴിലാളികള്‍ക്ക് നീതി വേണം
ഇക്കഴിഞ്ഞ ഡിസംബര്‍ 25 ന് എറണാകുളം കിഴക്കമ്പലത്തുണ്ടായ സംഭവത്തില്‍ 174 കുടിയേറ്റ തൊഴിലാളികള്‍ ഒരുമാസത്തിലധികമായി തടവറയിലാണ്. തൊഴില്‍ നിയമങ്ങളുടെയും മനുഷ്യാവകാശങ്ങളുടെയും പരിധിക്ക് പുറത്തേക്ക് വലിച്ചെറിയപ്പെട്ട ഈ അടിമത്തൊഴിലാളികള്‍ നേരിടുന്ന സാമൂഹിക, രാഷ്ട്രീയ, സാമ്പത്തിക വെല്ലുവിളികളും, അവര്‍ അഭിമുഖീകരിക്കുന്ന മറ്റു ക്രൂര യാഥാര്‍ഥ്യങ്ങളും ഈ സംഭവത്തോടെ നഗ്‌നമാക്കപ്പെട്ടിരിക്കുകയാണ്
ആഗോള മുതലാളിത്തത്തിന്റെ ആക്രമണോത്സുകമായ സാമ്പത്തിക നയങ്ങളുടെ ഭാഗമായാണ് കുടിയേറ്റ തൊഴിലാളികള്‍ നേരിടുന്ന പ്രശ്‌നങ്ങളെയും നാം കാണേണ്ടത്. സ്ഥിരതാമസമോ അര്‍ദ്ധസ്ഥിര താമസമോ ലക്ഷ്യം വെച്ച് ജനങ്ങള്‍ ഒരു പ്രത്യേക ഭൂമിശാസ്ത്ര പരിധി മറികടക്കുക എന്നതാണ് കുടിയേറ്റത്തിന്റെ ഏറ്റവും പ്രാഥമികമായ രൂപം. ഭൂമി ശാസ്ത്രപരമായി കുടിയേറ്റത്തെ വിലയിരുത്തുമ്പോള്‍ ഓരോ നാട്ടിലുള്ള പലായനം ഓരോ അര്‍ത്ഥതലങ്ങള്‍ വഹിക്കുന്നത് കാണാം ആദിവാസികളും നാനാതരം ഗോത്ര സമൂഹവും ഉള്‍പ്പെട്ട ഈ തൊഴിലാളികളുടെ കുടുംബങ്ങളുമായും സംസ്ഥാന ഗവണ്‍മെന്റുകളുമായും ബന്ധപ്പെട്ട് അറസ്റ്റ് വിവരങ്ങള്‍ കൈമാറാനും ഇവര്‍ക്ക് വേണ്ട നിയമ സംരക്ഷണം ലഭ്യമാക്കാനും ജയിലില്‍ പ്രാഥമിക സൗകര്യങ്ങള്‍ ഉറപ്പാക്കാനും സര്‍ക്കാര്‍ തയ്യാറായിട്ടില്ല. പോലീസ് കൃത്യമായ അന്വേഷണം നടത്താതെ കണ്ണില്‍ കണ്ട തൊഴിലാളികളെ മുഴുവന്‍ പിടിച്ചുകൊണ്ടുപോയി കുറ്റമാരോപിച്ച് ജയിലിലടച്ചിരിക്കുകയാണ്. നിരപരാധികളായ ഭൂരിപക്ഷം തൊഴിലാളികളെ അവര്‍ക്കുമേല്‍ കെട്ടിച്ചമച്ച കുറ്റാരോപണങ്ങള്‍ ഒഴിവാക്കി നിരുപാധികം മോചിപ്പിക്കാനും, അവര്‍ക്കര്‍ഹമായ ജാമ്യം ലഭ്യമാക്കി സ്വതന്ത്രരാക്കാനും ഭരണകൂടത്തിന്റെ ഭാഗത്തുനിന്ന് ഒരു ശ്രമവും ഇതുവരെ ഉണ്ടായിട്ടില്ല.
സംസ്ഥാന ഗവണ്‍മെന്റുകളുടെയും, തൊഴില്‍ വകുപ്പിന്റെയും, ലീഗല്‍ സര്‍വീസ് അതോറിറ്റികളുടെയും മനുഷ്യാവകാശ കമ്മീഷന്റെയും അടിയന്തിരമായ ഇടപെടല്‍ ആവശ്യപ്പെടുന്ന ഇത്തരം സന്ദര്‍ഭങ്ങളില്‍ അധികൃതര്‍ കാണിക്കുന്ന ഉദാസീനതകള്‍ തികച്ചും സംശയാസ്പദമാണ്. ജയിലില്‍ കഴിയുന്ന മിക്കവാറും തൊഴിലാളികള്‍ ജാര്‍ഖണ്ഡില്‍ നിന്നും അസമില്‍ നിന്നുമുള്ള ആദിവാസി – ഗോത്ര വിഭാഗക്കാരാണ്. കിറ്റക്‌സ് ഉടമയെ ജനാധിപത്യം ചവിട്ടിമെതിച്ച് മുന്നേറുകയും, ഭരണകൂടം വെറുമൊരു ഫെസിലിറ്റേറ്ററായി/ കാഴ്ചക്കാരനായി മാറുകയും തൊഴിലാളികളുടെ അവകാശങ്ങള്‍, അവര്‍ നേരിടുന്ന ദുരന്തപൂര്‍ണമായ ജീവിതം, ഭരണകൂടത്തിന്റെയും കമ്പനി മുതലാളിയുടെയും ഉല്‍ക്കണ്ഠയല്ലാതായിത്തീരുകയും ചെയ്യുന്നിടത്താണ് കിഴക്കമ്പലം പ്രശ്‌നം പോലെയുള്ള സാഹചര്യങ്ങള്‍ ഉടലെടുക്കുന്നത്.
ദി ക്രിട്ടിക് ഫേസ് ബുക്ക് പേജ് ലൈക്ക് ചെയ്യുക
കിഴക്കമ്പലം കിറ്റക്‌സിലുണ്ടായതുപോലെയുള്ള സാഹചര്യങ്ങള്‍ ഉണ്ടാകാതിരിക്കാന്‍ നടപടിയെടുക്കേണ്ട സര്‍ക്കാര്‍, പകരം തൊഴിലാളികളെ ജയിലിലടച്ച് ഇത്തരം കമ്പനികളുടെ കൊടിയ ചൂഷണങ്ങള്‍ മറച്ചുപിടിക്കാന്‍ ശ്രമിക്കുകയാണ് ചെയ്യുന്നത്. കുടിയേറ്റതൊഴിലാളികളുടെ ഭാഷ പോലും കൃത്യമായി അറിയാത്ത, കമ്പനിയുടെ ഗുണ്ടകളായ സ്വകാര്യ സെക്യൂരിറ്റികളും പോലീസും പ്രശ്‌നത്തെ വസ്തുനിഷ്ഠമായി മനസ്സിലാക്കാതെ അടിച്ചൊതുക്കാനാണ് ശ്രമിച്ചത്. ഇനിയെങ്കിലും ലീഗല്‍ സര്‍വീസ് അതോറിറ്റിയുടെ നേതൃത്വത്തില്‍ തൊഴിലാളികള്‍ക്ക് നിയമ സഹായം നല്‍കി എല്ലാ തൊഴിലാളികള്‍ക്കും ജാമ്യം ലഭ്യമാക്കാനും, ഹിന്ദി ഭാഷ കൂടി അറിയുന്നവരെ ചുമതലപ്പെടുത്തി ഇതിന് വേണ്ടി പ്രത്യേകം ഹെല്‍പ്പ് ഡെസ്‌ക് തയ്യാറാക്കാനും സര്‍ക്കാര്‍ നടപടികളെടുക്കണം.
നിരന്തരം ലംഘിക്കപ്പെടുന്ന കുടിയേറ്റ തൊഴില്‍ നിയമങ്ങള്‍
തൊഴിലാളികളുടെ സംരക്ഷണത്തെ കുറിച്ച് ഭരണഘടനയില്‍ വിശദമായ പ്രതിപാദനങ്ങളുണ്ട്. മൗലികാവകാശങ്ങള്‍, നിര്‍ദ്ദേശക തത്വങ്ങള്‍ എന്നിവയില്‍ തൊഴിലാളികളുടെ സംരക്ഷണാവകാശത്തെ വിശദമായി വിശദീകരിക്കുന്നു. അതുകൊണ്ട് മലയാളിയായ ഒരു തൊഴിലാളിയോട് അനീതി കാണിച്ചാല്‍ ഉണ്ടായേക്കാവുന്ന പ്രത്യാഘാതങ്ങളെ ഓര്‍ത്ത് തൊഴില്‍ദാതാവ് പുലര്‍ത്തുന്ന ജാഗ്രതയോടെ തന്നെ വേണം ഇതര സംസ്ഥാന തൊഴിലാളിയേയും സമീപിക്കാന്‍. തുല്യനീതിയും തുല്യ വേതനവും ഈ തൊഴിലാളികള്‍ക്ക് ഭരണഘടന നല്‍കുന്ന ഉറപ്പാണ്. ആര്‍ട്ടിക്കിള്‍ 21 പ്രകാരം ഏതൊരു മലയാളിയെ പോലെയും ഇവിടെ ജീവിക്കാനുള്ള അവകാശവും വ്യക്തി സ്വാതന്ത്ര്യവും ‘അന്യ’ സംസ്ഥാന തൊഴിലാളികള്‍ അഥവാ ‘അതിഥി’ തൊഴിലാളികള്‍ എന്ന് വിളിക്കപ്പടുന്നവര്‍ക്കുണ്ട്.
വര്‍ക്ക്മെന്‍ കോമ്പെന്‍സേഷന്‍ ആക്ട് 1923, പെയ്മന്റ് ഓഫ് വേജസ് ആക്ട് 1936, മിനിമം വേജസ് ആക്ട് 1948, കോണ്‍ട്രാക്റ്റ് ലേബര്‍ റെഗുലേഷന്‍ ആക്ട് 1970, ബോണ്ടഡ് ലേബര്‍ ആക്ട് 1976, ഈക്വല്‍ റെമൂണറേഷന്‍ ആക്ട് 1976, ബില്‍ഡിംഗ് ആന്‍ഡ് അദര്‍ കണ്‍സ്ട്രക്ഷന്‍ വര്‍ക്കേഴ്സ് ആക്ട് 1979, ഇന്റര്‍ സ്റ്റേറ്റ് മൈഗ്രന്റ് വര്‍ക്ക്മെന്‍ (റെഗുലേഷന്‍ ആന്‍ഡ് കണ്ടീഷന്‍സ് ഓഫ് സര്‍വീസസ്) ആക്ട് 1979, പ്രൊട്ടക്ഷന്‍ ഓഫ് ഹ്യൂമന്‍ റൈറ്റ്സ് ആക്ട് 1993 എന്നിങ്ങനെ ഇതര സംസ്ഥാന തൊഴിലാളികളെ സംരക്ഷിക്കാന്‍ നിരവധി നിയമങ്ങള്‍ നിലവിലുണ്ട്. ഇവരില്‍ ചൂഷണത്തിന് വിധേയനായ ഒരു തൊഴിലാളി ഈ നിയമങ്ങളുടെ പശ്ചാത്തലത്തില്‍ കോടതിയില്‍ പോയാല്‍ കോടതിയില്‍ നിന്ന് അര്‍ഹമായ പരിഗണനയും നിയമ സംരക്ഷണവും ലഭ്യമാവുകയാണെങ്കില്‍ കിറ്റക്‌സ് ഉള്‍പ്പെടെ പല മുതലാളിമാരും കെട്ടു കെട്ടേണ്ടി വരും.
ദി ക്രിട്ടിക് യു ട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
ഇന്റര്‍ സ്റ്റേറ്റ് മൈഗ്രന്റ് വര്‍ക്ക്മെന്‍ (റെഗുലേഷന്‍ ആന്‍ഡ് കണ്ടീഷന്‍സ് ഓഫ് സര്‍വീസസ്) ആക്ട് 1979 അനുസരിച്ച് ഇതര സംസ്ഥാന തൊഴിലാളികള്‍ക്ക് കൃത്യമായ തൊഴില്‍ സമയം നല്‍കേണ്ടത് തൊഴില്‍ ദാതാവിന്റെ കടമയാണ്. ഈ ആക്ട് പ്രകാരം വിദൂര സ്ഥലങ്ങളിലേക്ക് വണ്ടിക്കൂലി കൊടുക്കാതെ പറഞ്ഞയക്കുന്നതും ക്രിമിനല്‍ കുറ്റമാണ്. ഈ ആക്ടിലെ സെക്ഷന്‍ പതിനഞ്ചില്‍ അവധിക്ക് സ്വന്തം നാട്ടില്‍ പോകുമ്പോള്‍ യാത്രാക്കൂലിയും അവധിയെടുത്ത ദിനങ്ങളിലെ വേതനവും നല്‍കണമെന്ന നിര്‍ദേശം പോലുമുണ്ട്.
കുടിയേറ്റ തൊഴിലാളികളെ കേവലം ഒരു വിഭവമാക്കി മാത്രം ചുരുക്കിക്കൊണ്ട് ആഗോള മുതലാളിത്തത്തെയും സാമ്പത്തിക വിപണികളെയും പുനര്‍നിര്‍മ്മിക്കാനുള്ള തീവ്രമായ ശ്രമങ്ങളാണ് കേരളത്തില്‍ നടന്നുകൊണ്ടിരിക്കുന്നത്. കൂടുതല്‍ മെച്ചപ്പെട്ട സ്ഥലങ്ങളിലേക്ക് നടത്തുന്ന പലായനമാണ് ‘പുഷ് ആന്‍ഡ് പുള്‍’ സിദ്ധാന്തം മുന്നോട്ടുവയ്ക്കുന്ന ഈ കുടിയേറ്റം. അതിന്റെ ഭാഗമാണ് കേരളത്തിലേക്കുള്ള ഈ അടിമക്കടത്ത്. അതിദരിദ്ര ആദിവാസികള്‍ ഉള്‍പ്പെട്ട കുടിയേറ്റ തൊഴിലാളികളുടെ അവകാശങ്ങളെക്കുറിച്ചും നിയമ സംരക്ഷണത്തെക്കുറിച്ചുമുള്ള അവരുടെ അജ്ഞത മുതലെടുത്താണ് കിറ്റക്‌സ് പോലെയുള്ള മാടമ്പി മുതലാളിമാര്‍ ഏതു സാഹചര്യത്തിലും ഇവര്‍ ജീവിച്ചു കൊള്ളും എന്ന് ചിന്തിക്കുന്നതും അവര്‍ക്ക് ഭരണകൂടത്തില്‍ നിന്ന് സംരക്ഷണം ലഭിക്കുന്നതും.
ഭാഷയും സംസ്‌കാരവും, സാമൂഹ്യ – സാമ്പത്തിക – രാഷ്ട്രീയ ജീവിതവും സ്ഥിരം വെല്ലുവിളികള്‍ ഉയര്‍ത്തുന്ന നിത്യജീവിതത്തിലേക്കാണ് നമ്മുടെ നാട്ടിന്‍പുറങ്ങളുടേയും നഗര പ്രദേശങ്ങളുടെയും വികസനത്തില്‍ നേരിട്ട് പങ്കാളികളാകുന്ന കുടിയേറ്റ തൊഴിലാളികള്‍ എടുത്തെറിയപ്പെടുന്നത്. ഈ തിരിച്ചറിവോടെയായിരിക്കണം നിയമവശങ്ങളും അവരില്‍ നിന്നുണ്ടാകുന്ന പ്രതികരണങ്ങളും മനസ്സിലാക്കേണ്ടത്. അതുകൊണ്ട് കുറ്റകൃത്യത്തില്‍ നേരിട്ട് പങ്കാളികളല്ലാത്ത കുടിയേറ്റ തൊഴിലാളികള്‍ക്ക് നീതി ഉറപ്പാക്കുകയും അവരെ തടവില്‍ നിന്നും മോചിപ്പിക്കുകയും അവര്‍ക്കുമേല്‍ കെട്ടിച്ചമച്ച കുറ്റാരോപണങ്ങളുടെ FIR റദ്ദാക്കുകയും ചെയ്യാന്‍ അധികൃതര്‍ തയ്യാറാകണം. കുടിയേറ്റ തൊഴിലാളികള്‍ക്ക് നേരെയുള്ള ഈ കൊടുംക്രൂരതകള്‍ക്കും അനീതികള്‍ക്കുമെതിരെ തൊഴിലാളികളെയും ബഹുജനങ്ങളെയും അണിനിരത്തി വലിയ പ്രക്ഷോഭങ്ങള്‍ ഉയര്‍ന്നു വരേണ്ടതുണ്ട്.
സുഹൃത്തെ,
അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പന്ത്രണ്ടാം വര്‍ഷത്തേക്ക് കടക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2024 - 25 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.
The Critic, A/C No - 020802000001158,
Indian Overseas Bank,
Thrissur - 680001, IFSC - IOBA0000208
google pay - 9447307829
സ്നേഹത്തോടെ ഐ ഗോപിനാഥ്, എഡിറ്റര്‍, thecritic.in