കേരള മോഡല്‍ പൊളിച്ചെഴുതാന്‍ മന്ത്രി കെ. രാധാകൃഷ്ണന്‍ തയ്യാറാകുമോ?
സമകാലീന മലയാളം വാരികയില്‍ (2021 ജൂലൈ 12) പി.എസ്. റംഷാദ്, മന്ത്രി കെ. രാധാകൃഷ്ണനുമായി നടത്തിയ അഭിമുഖത്തോടുള്ള ഒരു പ്രതികരണമാണ് ഈ കുറിപ്പ്. ദലിത് – ആദിവാസി – പാര്‍ശ്വവല്‍കൃതരെ ഉള്‍ക്കൊള്ളുന്ന നിലയില്‍ കേരള മോഡല്‍ വികസന മാതൃക പരിവര്‍ത്തനപ്പെടേണ്ടതല്ലെ എന്ന ചോദ്യത്തോട് വളരെ തുറന്ന മനസ്സോടെ മന്ത്രി രാധാകൃഷ്ണന്‍ പ്രതികരിക്കുന്നുണ്ട്. ഭരണസംവിധാനങ്ങളിലുണ്ടായിരിക്കുന്ന വരേണ്യവല്‍ക്കരണം കാരണം ഏത് മുന്നണി അധികാരത്തില്‍ വന്നാലും പാര്‍ശ്വവല്‍കൃതര്‍ക്ക് നീതി കിട്ടില്ല എന്ന ഒരു പൊതുധാരണ നിലവിലുണ്ട്. എങ്കിലും ആദിവാസി – ദലിത് വിഭാഗങ്ങളുടെ പ്രശ്‌നങ്ങളോട് നീതിയുക്തമായ ഒരു സമീപനം മന്ത്രി രാധാകൃഷ്ണനില്‍ നിന്നുണ്ടാകും എന്ന പ്രതീക്ഷ നിരവധിപേര്‍ വച്ചുപുലര്‍ത്തുന്നുണ്ട്. പാര്‍ട്ടിയും മുന്നണികളുമാണ് ഭരണത്തിന്റെ ദിശ നിര്‍ണ്ണയിക്കുകയെങ്കിലും, അതിന് അതീതമായി ഭരണഘടനാദൗത്യം നിര്‍വ്വഹിക്കും എന്ന് ഈ കുറിപ്പെഴുതുന്ന വ്യക്തി ഉള്‍പ്പെടെ നിരവധി സംഘടനാ നേതൃത്വങ്ങളും പ്രതീക്ഷ വച്ചുപുലര്‍ത്തുന്നു. ആ നിലയിലാണ് മന്ത്രി കെ. രാധാകൃഷ്ണന്റെ അഭിമുഖത്തോട് പ്രതികരിക്കുന്നത്.
ശ്രദ്ധേയമായ നിരവധി നിരീക്ഷണങ്ങള്‍ മന്ത്രി കെ. രാധാകൃഷ്ണന്‍ നടത്തുന്നുണ്ടെങ്കിലും ദലിത് – ആദിവാസി വിഭാഗങ്ങള്‍ക്ക് സാമൂഹിക മൂലധനത്തിന്റെ (Social Capital) അഭാവം അല്ലെങ്കില്‍ അതിന്റെ കുറവ് ഒരു പ്രധാന പരിമിതിയായി അദ്ദേഹം കണ്ടെത്തുന്നുണ്ട്. ഇത് വളരെ ശരിയായ ഒരു കാര്യമാണ്. ഈ മേഖലയില്‍ പ്രവര്‍ത്തിക്കുന്ന ഏവരും അത് അംഗീകരിക്കുകയും ചെയ്യും. എന്നാല്‍ ഇത് ഒരു പുതിയ പ്രശ്‌നമല്ലെന്ന് നാം അംഗീകരിച്ചേ മതിയാകൂ. ഭരണഘടനാനിര്‍മ്മാണ വേളയില്‍ തന്നെ അത് അംഗീകരിച്ചതാണ്. അതുകൊണ്ടാണ് ഭരണഘടനപരിരക്ഷയും, ഒരു ക്ഷേമരാഷ്ട്ര സങ്കല്‍പവും, ജനാധിപത്യപത്യത്തില്‍ പാര്‍ശ്വവല്‍കൃതരുടെ പ്രതിനിധാനവും അംഗീകരിക്കപ്പെട്ടത്. കോണ്‍സ്റ്റിറ്റിയൂഷണല്‍ ആക്ഷന്‍ എന്നതിന് എസ്.സി./എസ്.ടി. വിഭാഗങ്ങളുടെ താല്പര്യങ്ങള്‍ സംരക്ഷിക്കുന്നതില്‍ നിര്‍ണ്ണായകപങ്കാണുള്ളത്. സാമൂഹിക മൂലധനമില്ലാത്തവര്‍ അവരുടെ പ്രതിനിധാനത്തിന് മുറവിളി കൂട്ടുമ്പോഴും ഭരണകര്‍ത്താക്കളില്‍ നിന്ന് കോണ്‍സ്റ്റിറ്റിയൂഷണല്‍ ആക്ഷന്‍ ഒഴിച്ചുകൂടാനാവാത്തതാണ്. ഇന്ത്യയിലും കേരളത്തിലും സമഗ്രമായ പ്രതിനിധാനത്തിന് വേണ്ടി – ഭൂമി, തൊഴില്‍, വിദ്യാഭ്യാസം, സംവരണം, വനാവകാശം, ആദിവാസി സ്വയംഭരണം തുടങ്ങിയവ – ആദിവാസി, ദലിത് വിഭാഗങ്ങള്‍ ശക്തമായ മുന്നേറ്റങ്ങള്‍ തുടരുന്നുണ്ട്. കേരളത്തിലാണെങ്കില്‍ ആഗോളവല്‍ക്കരണമാരംഭിച്ചതുമുതല്‍ ആദിവാസികളും ദലിതരും മത്സ്യതൊഴിലാളികളും തോട്ടം തൊഴിലാളികളുമാണ് കേരള മോഡലിനുള്ളില്‍ നിന്ന് പ്രക്ഷോഭങ്ങള്‍ ഉയര്‍ത്തിക്കൊണ്ടുവരുന്നത്. കഴിഞ്ഞ രണ്ടരദശകമായി ഇതാണ് പ്രവണത. എന്നാല്‍ ഭരണകര്‍ത്താക്കളില്‍ നിന്നുള്ള കോണ്‍സ്റ്റിറ്റിയൂഷണല്‍ ആക്ഷന്‍ ദുര്‍ബ്ബലപ്പെട്ടുവരികയാണ്.
10 – 15 വര്‍ഷങ്ങള്‍ക്ക് മുമ്പ് മന്ത്രി കെ. രാധാകൃഷ്ണന്‍ കൈകാര്യം ചെയ്ത വകുപ്പല്ല ഇപ്പോള്‍ എസ്.സി./എസ്.ടി. വകുപ്പ്. അത് ഏറെ ദുര്‍ബലപ്പെട്ടിരിക്കുന്നു. ഒരര്‍ത്ഥത്തില്‍ അത് അപ്രസക്തമാക്കപ്പെട്ടു എന്നും പറയാം. ഉദാഹരണത്തിന് പട്ടികവര്‍ഗ്ഗവകുപ്പിന് കഴിഞ്ഞ ഒരു ദശകമായി ഒരു ഡയറക്ടര്‍ പോലുമില്ല. 2011 മുതല്‍ വനംവകുപ്പിലെ ഒരു കണ്‍സര്‍വേറ്ററാണ് ഡയറക്ടര്‍ സ്ഥാനത്ത് താല്‍ക്കാലികമായി ചാര്‍ജ്ജ് വഹിക്കുന്നത്. പട്ടികവര്‍ഗ്ഗവകുപ്പിന്റെ ഭാഗമായ പുനരധിവാസമിഷന് പത്ത് വര്‍ഷമായി ഒരു ഐ.എ.എസുകാരനില്ല. കേരളത്തില്‍ ആദ്യം മിഷന്‍ മാതൃകയില്‍ നടപ്പാക്കാനുദ്ദേശിച്ചിരുന്ന ഒരു പദ്ധതിയായിരുന്നു ആദിവാസി പുനരധിവാസ മിഷന്‍. കഴിഞ്ഞ 10 വര്‍ഷത്തിനുള്ളില്‍ കേരളത്തിലെ സര്‍ക്കാര്‍ നടപ്പാക്കിയ ഒരു സവിശേഷ ഇടപെടലുകളിലും (കാര്‍ഷികപദ്ധതികള്‍, പ്രളയാനന്തരപുനരധിവാസം, കോവിഡ് പ്രതിരോധം, സാമ്പത്തിക വികസന പാക്കേജുകള്‍ തുടങ്ങിയവ) എസ്.സി./എസ്.ടി. വകുപ്പ് ചിത്രത്തിലില്ല. അല്ലെങ്കില്‍ ഒഴിവാക്കി നിര്‍ത്തുന്നു.
ദി ക്രിട്ടിക് ഫേസ് ബുക്ക് പേജ് ലൈക്ക് ചെയ്യുക
1995 കാലഘട്ടത്തില്‍ പഞ്ചായത്ത് രാജ് സംവിധാനം നടപ്പായതിന് ശേഷം താലൂക്ക് ഓഫീസുകള്‍ പുനഃസംഘടിപ്പിച്ച്, എസ്.സി./എസ്.ടി. പ്രമോട്ടര്‍മാരെ നിയമിച്ചു എന്നു പറയുമ്പോഴും തുടര്‍ന്നിങ്ങോട്ട് എസ്.സി.പി./എസ്.ടി.പി. ഫണ്ടിന്റെ വിനിയോഗരീതി അട്ടിമറിക്കപ്പെട്ടു എന്നതല്ലെ വസ്തുത? ആകെ വകയിരുത്തുന്ന ഫണ്ടിന്റെ 10% ത്തില്‍ താഴെ മാത്രമാണ് ചെലവഴിക്കപ്പെടുന്നത് എന്നതല്ലെ വസ്തുത? ത്രിതല പഞ്ചായത്ത് രാജ് സംവിധാനങ്ങള്‍ക്ക് ഫണ്ടിന്റെ ഗണ്യമായ ഒരു ഭാഗം (അതില്‍ കുറവ് വരുത്തിയിട്ടുണ്ട്) യാതൊരു വിധ മോണിറ്ററിംഗ് ഇല്ലാതെ നല്‍കുകയും, ലക്ഷ്യരഹിതമായി ചിതറിക്കുകയും ചെയ്യുന്നു. എന്നുമാത്രമല്ല കൈമാറുന്ന ഫണ്ട് ഏറെ വൈകി വിനിയോഗിക്കപ്പെടുന്നതിനാല്‍ വിനിയോഗം വളരെ കുറയുന്നു. ആദിവാസി – ദലിത് ജീവിതത്തില്‍ ഒരു മാറ്റവും ഇതുണ്ടാക്കിയില്ല. ഭവനനിര്‍മ്മാണ സാധ്യതകള്‍ ഫ്‌ളാറ്റുകളിലേക്ക് വഴിമാറുകയും ചെയ്തു.
സംസ്ഥാന സര്‍ക്കാരിന്റെ എസ്.സി./എസ്.ടി. വകുപ്പ് കൈവശം വച്ചുപോരുന്ന ബഡ്ജറ്റ് തുകയുടെ ഗണ്യമായ ഒരു ഭാഗം കോര്‍പസ് ഫണ്ട് എന്ന പേരില്‍ ബ്യൂറോക്രാറ്റുകളുടെ തന്നിഷ്ടം പോലെ ദുര്‍വിനിയോഗം ചെയ്യുന്നു. പഞ്ചായത്ത് രാജിന് ശേഷമുള്ള എസ്.സി.പി./ടി.എസ്.പി. ഫണ്ടിന്റെ പ്രത്യേകിച്ചും കോര്‍പസ് ഫണ്ടിന്റെ വിനിയോഗത്തെക്കുറിച്ച് അന്വേഷണം നടത്തിയാല്‍ ഞെട്ടിപ്പിക്കുന്ന വിവരങ്ങള്‍ പുറത്തുവരും. വിദ്യാഭ്യാസത്തിനും, മറ്റ് വികസനകാര്യങ്ങള്‍ക്കും വകുപ്പ് ചെലവഴിക്കുന്ന തുകയെ സംബന്ധിച്ച് അതിവിപുലമായ അഴിമതി ആരോപണങ്ങള്‍ ഉയര്‍ന്നുകൊണ്ടിരിക്കുന്നു. തിരുവനന്തപുരം – മലപ്പുറം ജില്ലകളില്‍ ഫണ്ട് തട്ടിയെടുത്ത വിഷയം, എസ്.ടി. വിദ്യാര്‍ത്ഥികള്‍ക്ക് ലാപ്‌ടോപ്പ് നല്‍കാന്‍ നടപ്പാക്കിയ പദ്ധതി പാതിവഴിയില്‍ കിടക്കുന്നത്, സ്വകാര്യസ്ഥാപനങ്ങള്‍ക്ക് വ്യാജപദ്ധതികളിലൂടെ പണം നല്‍കല്‍ തുടങ്ങി പല ഘട്ടങ്ങളിലായി അഴിമതി ആരോപണങ്ങള്‍ ഉയര്‍ന്നുവന്നുകഴിഞ്ഞു.
പട്ടികവര്‍ഗ്ഗവകുപ്പിനോട് യാതൊരു പ്രതിബദ്ധതയും ഇല്ലാത്ത ഒരു ഫോറസ്റ്റ് ഉദ്യോഗസ്ഥന്‍ വകുപ്പ് തലവനായി ഇരിക്കുന്നത് കാരണം പട്ടികവര്‍ഗ്ഗവികസന ഫണ്ടിന്റെ 10% മാത്രമെ 2020-21 ല്‍ ഉപയോഗിച്ചുള്ളു എന്നും കണക്കുകള്‍ പുറത്തുവന്നിട്ടുണ്ട്. സാമൂഹിക മൂലധനമില്ലാത്ത ഒരു സമൂഹത്തിന്റെ താല്പര്യങ്ങള്‍ സംരക്ഷിക്കാന്‍, കോണ്‍സ്റ്റിറ്റിയൂഷണല്‍ ആക്ഷന് ബാധ്യതപ്പെട്ട ഭരണസംവിധാനത്തെ – ബ്യൂറോക്രസിയെ – സജ്ജമാക്കാന്‍ മന്ത്രി രാധാകൃഷ്ണന് കഴിയുമോ? 1980- കളില്‍ സംഭവിച്ചതുപോലെ ഭരണത്തിലിരിക്കുന്നവര്‍ പുത്തന്‍ പദ്ധതികളെക്കുറിച്ച് ഇപ്പോള്‍ ഒന്നും ആലോചിക്കാറില്ല. അടിയന്തിരാവസ്ഥയില്‍ ജനാധിപത്യം കവര്‍ന്നെടുക്കപ്പെട്ടെങ്കിലും എസ്.സി./എസ്.ടി. വിഭാഗങ്ങളെ മുന്‍നിര്‍ത്തിയുള്ള കോണ്‍സ്റ്റിറ്റിയൂഷണല്‍ ആക്ഷന്‍ നിരവധി നടന്നിട്ടുണ്ട്. എന്നാല്‍ 1987 ല്‍ രൂപം നല്‍കിയ എസ്.സി./എസ്.ടി. കോര്‍പ്പറേഷന്‍ പല പദ്ധതികളുടെയും കാര്യത്തില്‍ ‘സമുന്നതി’ യുടെയും ന്യൂനപക്ഷവകുപ്പിന്റെയും പിന്നിലാണ്. സാമൂഹിക മൂലധനമില്ലാത്തവര്‍ക്ക് വേണ്ടി ഭരണഘടനാ ബാധ്യത നിറവേറ്റാനുള്ള സമൂലമുള്ള ഒരു അഴിച്ചുപണി ആവശ്യമായിവരും എന്ന് സൂചിപ്പിക്കാനാണ് ഇത്രയും വിശദീകരിച്ചത്. ഉടനടി ശ്രദ്ധ പതിയേണ്ട ചില വിഷയങ്ങള്‍ ചൂണ്ടിക്കാട്ടാം.
ദി ക്രിട്ടിക് യു ട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
1) 2006 ല്‍ ദേശീയതലത്തില്‍ നടപ്പാക്കിയ ആദിവാസി വനാവകാശ നിയമം കേരളത്തില്‍ നടപ്പാക്കിയിട്ടുണ്ട്. 40,000 – ത്തില്‍ അധികം ആദിവാസി കുടുംബങ്ങള്‍ക്ക് അതിന്റെ ഗുണം കിട്ടിയിട്ടുണ്ട്. എന്നാല്‍ ഇടുക്കി, കോട്ടയം, പത്തനംതിട്ട, എറണാകുളം എന്നീ നാല് ജില്ലകളിലെ 20,000 ത്തോളം വരുന്ന ആദിവാസികളുടെ വനാവകാശം റദ്ദാക്കി, റവന്യൂ പട്ടയമാക്കി മാറ്റിയിട്ടുണ്ട്. ആദിവാസികളിലെ സമ്പന്നരായ ചിലരുടെ പിന്‍തുണ ഇതിന് സര്‍ക്കാര്‍ നേടിയെടുത്തിട്ടുണ്ട്. ഭൂമി വില്‍പന ശക്തിപ്പെടുത്താനും, മുട്ടില്‍ പോലെ മരം മുറിക്കാനും, ക്വാറി മാഫിയകള്‍ക്ക് ഭൂമി കൈമാറാനുമുള്ള ഈ പദ്ധതിക്ക് ജി.ഒ. (എം.എസ്) /2020/2020 തീയതി 02-06-2020 എന്ന ഉത്തരവിലൂടെയാണ് തുടക്കം കുറിച്ചത്. പട്ടികവര്‍ഗ്ഗ വകുപ്പില്‍ നിന്നും മറച്ചുവച്ചുകൊണ്ട് റവന്യൂവകുപ്പും മറ്റും എടുത്ത ഉത്തരവ് റദ്ദാക്കാന്‍ ഉടനടി ഇടപെടണം. വകുപ്പ് തലവന്മാര്‍ ഈ നീക്കത്തിന് മൗനാനുവാദം നല്‍കുകയാണുണ്ടായത്.
2) 2004 ല്‍ ആദിവാസി പുനരധിവാസത്തിനായി കേന്ദ്രസര്‍ക്കാര്‍ കൈമാറിയ 19,000 ഏക്കര്‍ നിക്ഷിപ്ത വനഭൂമി സര്‍ക്കാരിന്റെ കൈയിലുണ്ട്. ഇത് മറ്റ് ആവശ്യങ്ങള്‍ക്ക് ഉപയോഗിക്കാന്‍ ഉത്തരവിറക്കിയിട്ടുണ്ട്. നിലമ്പൂരില്‍ വന്‍തോതില്‍ മരങ്ങള്‍ മുറിച്ചുനീക്കാന്‍ റവന്യൂവകുപ്പ് തീരുമാനിച്ചിട്ടുണ്ട്.
3) ആദിവാസി ഗ്രാമസഭാനിയമം (PESA നിയമം 1996) നടപ്പാക്കാന്‍ കേന്ദ്രം തത്വത്തില്‍ അംഗീകാരം നല്‍കിയിട്ടുണ്ട്. 2017 ല്‍ കേരള സര്‍ക്കാര്‍ ഒരു ടെക്‌നിക്കല്‍ കമ്മിറ്റിയുടെ പരിഗണനയ്ക്ക് വിട്ടതിന് ശേഷം യാതൊരു നടപടിയുമെടുത്തിട്ടില്ല.
4) എസ്.സി./എസ്.ടി. വിഭാഗങ്ങള്‍ക്ക് മറ്റ് ഭൂരഹിതര്‍ക്ക് ലഭിക്കാനുള്ള ഭൂമി അനധികൃതമായി തോട്ട ഉടമകള്‍കൈവശം വെക്കുകയാണ്. ഫ്‌ളാറ്റ് സമുച്ചയമെന്ന പുത്തന്‍കോളനികളില്‍ നിന്ന് മോചിപ്പിക്കാന്‍ എസ്.സി./എസ്.ടി. വകുപ്പില്‍ നിന്നും തോട്ടം ഭൂമി ഏറ്റെടുക്കാന്‍ ഒരു നിര്‍ദ്ദേശം ഉയര്‍ത്തിക്കൊണ്ടുവരുവാന്‍ കഴിയുമോ?
5) എസ്.സി.പി. / ടി.എസ്.പി. ഫണ്ടിന്റെ വിനിയോഗത്തെക്കുറിച്ച് സമഗ്രമായ പരിശോധനയ്ക്ക് വകുപ്പ് തയ്യാറാകുമോ? അഴിമതി ആരോപണവും, കെടുകാര്യസ്ഥതയും കൊണ്ട് ഫണ്ട് വിനിയോഗിക്കാതിരിക്കുകയും ചെയ്ത നടപടി അന്വേഷണ വിധേയമാക്കുമോ? പഞ്ചായത്ത് രാജ് സംവിധാനം തിരിച്ചടിയായി മാറിയതിനാല്‍ പുതിയ ഒരു സമീപനത്തിന് തയ്യാറാകുമോ?
6) കമ്മിറ്റ്‌മെന്റുള്ള നല്ല സിവില്‍ സര്‍വ്വീസുകാരെ എസ്.സി./എസ്.ടി. വകുപ്പിന്റെ തലപ്പത്ത് കൊണ്ടുവരുമോ? വനംവകുപ്പുകാരെ വനം വകുപ്പിലേക്ക് തിരിച്ചയക്കാനുള്ള ആര്‍ജ്ജവം കാട്ടുമോ? വനാവകാശനിയമം അട്ടിമറിക്കുന്നതിലും, ആദിവാസികളെ കാട്ടില്‍ നിന്നും കുടിയിറക്കുന്നതിനും (സ്വയംസന്നദ്ധപുനരധിവാസം), പട്ടികവര്‍ഗ്ഗഫണ്ട് ദുരുപയോഗം ചെയ്തതിലും (എസ്.ടി. ഫണ്ട് കുടിയിറക്കല്‍ പദ്ധതിക്ക് ദുരുപയോഗം ചെയ്തിട്ടുണ്ട്), ആദിവാസി പുനരധിവാസ ഭൂമി മറ്റ് ആവശ്യങ്ങള്‍ക്ക് കൈമാറ്റം ചെയ്യുന്നതിലും (പൂപ്പാറ, ആദിവാസി പുനരധിവാസഭൂമി കോളേജിന് കൈമാറി. ആറളം ഫാം ടൂറിസത്തിനായി വെറ്റിനറി യൂണിവേഴ്‌സിറ്റിക്ക് കൈമാറാനുള്ള തീരുമാനം എടുത്തു) മറ്റും ആദിവാസിവിരുദ്ധമായ തീരുമാനങ്ങളാണ് എസ്.ടി. ഡയറക്ടര്‍ കൈക്കൊള്ളത്.
7) ദേശീയ വിദ്യാഭ്യാസ നയത്തിന്റെയും കോവിഡ് അനന്തരവിദ്യാഭ്യാസ സാഹചര്യത്തിന്റെയും ഡിജിറ്റല്‍ ഡിവൈഡിന്റെയും പശ്ചാത്തലത്തില്‍ എസ്.സി./എസ്.ടി. വിദ്യാര്‍ത്ഥികള്‍ പുറന്തള്ളപ്പെടാതിരിക്കാന്‍ വകുപ്പ് ക്രിയാത്മകമായ നടപടി വിദ്യാഭ്യാസവകുപ്പിന് മുന്നില്‍ വെക്കുമോ?
8) സുപ്രീംകോടതി വിധിയുടെ പശ്ചാത്തലത്തില്‍ എസ്.സി./എസ്.ടി. പിന്നോക്ക വിഭാഗങ്ങളുടെ സംവരണ ക്വാട്ടയില്‍ നിന്നും മെറിറ്റ് ക്വാട്ടയില്‍ നിന്നും കവര്‍ന്നെടുത്ത് ഇ.ഡബ്ല്യു.എസ്. എന്ന പേരില്‍ സവര്‍ണര്‍ക്ക് നല്‍കുന്ന രീതി അവസാനിപ്പിക്കുകയും, എസ്.സ്/എസ്.ടി. വിഭാഗങ്ങള്‍ക്ക് പ്രത്യേക റിക്രൂട്ട്‌മെന്റ് നടത്തുകയും ചെയ്യുമോ?
ഭരണ സംവിധാനത്തെ നവീകരിക്കാതെ (Rejuvenation) ദലിത് – ആദിവാസി സമൂഹത്തിന് ജനാധിപത്യസംവിധാനത്തില്‍ മുന്നേറാന്‍ കഴിയുമെന്ന് തോന്നുന്നില്ല. നിശ്ചയമായും സാമൂഹിക മൂലധനമില്ലാത്ത ഒരു സമൂഹത്തിന് ഭരണഘടനാ പിന്തുണ അനിവാര്യമാണ്. എസ്.സി. / എസ്.ടി. വകുപ്പിന്റെ ഉത്തരവാദിത്തം ഏറ്റെടുത്ത മന്ത്രി കെ. രാധാകൃഷ്ണനില്‍ നിന്ന് കേരളത്തിലെ ആദിവാസി – ദലിത് – പാര്‍ശ്വവല്‍കൃതര്‍ പ്രതീക്ഷിക്കുന്നത് അതാണ്.
സുഹൃത്തെ,
അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പന്ത്രണ്ടാം വര്‍ഷത്തേക്ക് കടക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2024 - 25 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.
The Critic, A/C No - 020802000001158,
Indian Overseas Bank,
Thrissur - 680001, IFSC - IOBA0000208
google pay - 9447307829
സ്നേഹത്തോടെ ഐ ഗോപിനാഥ്, എഡിറ്റര്‍, thecritic.in