കേരളം: ആരോഗ്യത്തിന്റെ നിഷേധാത്മക മാതൃക
ആളോഹരി വരുമാനം ഏറ്റവും കുറവായിരിക്കേത്തന്നെ, മികച്ച ആരോഗ്യ സൂചകങ്ങള്‍ നേടാന്‍ കഴിഞ്ഞതാണ് കേരള മാതൃകയെ ലോകപ്രസിദ്ധമാക്കിയത്. ചുരുങ്ങിയ ചെലവില്‍ മികച്ച ആരോഗ്യം എന്നതായിരുന്നു അതിന്റെ സവിശേഷത. നേരെ വിപരീതമാണ് ഇന്ന് കേരളത്തിലെ അവസ്ഥ.
ആരോഗ്യത്തിന്റെ കേരള മാതൃക വൈവിധ്യത്തിന്റെയും വികേന്ദ്രീകൃത വികസനത്തിന്റെയും സര്‍വ്വാശ്ലേഷിത്വത്തിന്റേയും ഉല്പന്നമായിരുന്നുവെങ്കില്‍, കോര്‍പറേറ്റിസത്തിന്റെയും കേന്ദ്രീകരണത്തിന്റേയും ഏകപക്ഷീയതയുടേയും ഒഴിവാക്കലിന്റെയും സമീപനത്തിലൂടെ, ഇന്നത്, നിഷേധാത്മകമായ ഒരു മാതൃകയായി മറിയിരിക്കുന്നു.
‘ശിശുമരണനിരക്ക്, ആയുര്‍ദൈര്‍ഘ്യം തുടങ്ങിയ അംഗീകൃത മാനദണ്ഡങ്ങളുടെ അടിസ്ഥാനത്തിലാണ് കേരളം ആരോഗ്യ മേഖലയില്‍ വികസിത രാജ്യങ്ങള്‍ക്ക് ഏതാണ്ട് തുല്യമായ സ്ഥാനം നേടിയതായി കരുതപ്പെടുന്നത്: എന്നാല്‍ വികസ്വര രാജ്യങ്ങളില്‍ നിന്നും ആരോഗ്യമേഖലയില്‍ മികച്ചു നില്‍ക്കുന്ന ക്യൂബ, നിക്കാരഗ്വ , ശ്രീലങ്ക തുടങ്ങിയ രാജ്യങ്ങളില്‍ നിന്നും തുടച്ചുനീക്കപ്പെടുകയോ പൂര്‍ണ്ണമായി നിയന്ത്രിക്കപ്പെടുകയോ ചെയ്തിട്ടുള്ള പകര്‍ച്ചവ്യാധികള്‍ പലതും കേരളത്തില്‍ കാണപ്പെടുന്നു എന്നത് പ്രത്യേകം ശ്രദ്ധിക്കപ്പെടേണ്ടതാണ്. പകര്‍ച്ചവ്യാധികളുടേയും മറ്റും സാന്നിദ്ധ്യം പരിഗണിച്ച് നിഷേധ പരിഗണന (നെഗറ്റീവ് വെയ്‌റ്റേജ്) നല്‍കിയാല്‍ കേരളം ആരോഗ്യമികവില്‍ മറ്റു രാജ്യങ്ങളുടെ പട്ടികയില്‍ പുറകിലാവാന്‍ സാധ്യതയുണ്ട്. ‘
കേരളം ആരോഗ്യ പ്രതിസന്ധിയിലേയ്ക്കാ എന്ന ശീര്‍ഷകത്തില്‍ ഡോ. ബി. ഇഖ്ബാല്‍ എഴുതിയ ലേഖനത്തിലാണ് ഈ ആശങ്ക പ്രകടിപ്പിച്ചിട്ടുള്ളത്. എഴുപതുകളിലും എണ്‍പതുകളിലും കൊട്ടിഘോഷിക്കപ്പെട്ട ആരോഗ്യത്തിന്റെ കേരള മാതൃക 21-ാം നൂറ്റാണ്ടിന്റെ ആദ്യ ദശകങ്ങളില്‍ യൂട്ടേണെടുത്ത് നെഗറ്റീവ് മാതൃകയായി തീര്‍ന്നിരിക്കുന്നു എന്നാണിതിനര്‍ത്ഥം. ആളോഹരി വരുമാനം ഏറ്റവും കുറവായിരിക്കേത്തന്നെ, മികച്ച ആരോഗ്യ സൂചകങ്ങള്‍ നേടാന്‍ കഴിഞ്ഞതാണ് കേരള മാതൃകയെ ലോകപ്രസിദ്ധമാക്കിയത്. ചുരുങ്ങിയ ചെലവില്‍ മികച്ച ആരോഗ്യം എന്നതായിരുന്നു അതിന്റെ സവിശേഷത. നേരെ വിപരീതമാണ് ഇന്ന് കേരളത്തിലെ അവസ്ഥ. ആളോഹരി ചികിത്സാച്ചെലവ് ഏറ്റവും ഉയര്‍ന്നിരിക്കുമ്പോഴാണ് മുകളില്‍ ചൂണ്ടിക്കാട്ടിയ ആരോഗ്യ പ്രതിസന്ധിയുണ്ടാവുന്നത്.
ദി ക്രിട്ടിക് ഫേസ് ബുക്ക് പേജ് ലൈക്ക് ചെയ്യുക
കഴിഞ്ഞ രണ്ടു മൂന്നു ദശകങ്ങളായി കേരളം പിന്തുടരുന്ന പൊതുവായ വികസന നയവും ആരോഗ്യരംഗത്തെ തെറ്റായ മുന്‍ഗണനാക്രമങ്ങളും തന്നെയാണ് ഈ പ്രതിസന്ധിയിലേക്ക് നയിച്ചത് എന്ന കാര്യം അതിന്റെ മുഖ്യസൂത്രധാരകരിലൊരാളായ ഡോ. ഇക്ബാല്‍ സമ്മതിക്കാനിടയില്ലെങ്കിലും, ഒരു വസ്തുതയാണ്. ഇരുപതാം നൂറ്റാണ്ടിന്റെ ആദ്യ പകുതിയില്‍ നടന്ന സാമുദായിക പരിഷ്‌കരണങ്ങള്‍, നാല്പതുകളിലും അമ്പതുകളിലും നടന്ന കാര്‍ഷികസമരങ്ങള്‍, അതിന്റെ പരിസമാപ്തിയെന്നവണ്ണം നടന്ന ഭൂപരിഷ്‌ക്കരണം , ഇവയെല്ലാം ചേര്‍ന്നുണ്ടായ വിഭവങ്ങളുടെ സമതുലിതമായ വിതരണമാണ് എഴുപതുകളുടെ പകുതി എത്തിയപ്പോഴേക്കും കേരള മാതൃക സാധ്യമാക്കിയത്. സമ്പത്തിന്റെ വികേന്ദ്രീകൃതമായ വിതരണത്തിലൂടെ നേടിയ സാമൂഹിക വികസന സൂചകങ്ങളാണ് ഈ മാതൃകയുടെ സവിശേഷതയായി ചൂണ്ടിക്കാണിക്കപ്പെടുന്നത്. ചികിത്സാ രംഗത്ത് വ്യത്യസ്ത വൈദ്യശാസ്ത്ര രീതികളുടെ സാധ്യതകള്‍ ഒരുപോലെ പ്രയോജനപ്പെടുത്തുകയും ചെയ്തു.
വികേന്ദ്രീകരണത്തിലൂടെ നേടിയ ആ വികസന മാതൃക തൊണ്ണൂറുകളോടെ നേര്‍വിപരീത ദിശയിലേക്ക് പരിണമിച്ചു. മൂലധന കേന്ദ്രീകരണത്തിലൂടെയുള്ള , വന്‍കിട പദ്ധതികളെ ആശ്രയിക്കുന്ന , നഗരകേന്ദ്രീകൃതവികസനമായി ഇടതുവലതു ഭേദമില്ലാതെ കേരളത്തിന്റെ ആദര്‍ശമാതൃക. ഇതോടൊപ്പം, കാര്‍ഷിക സംസ്ഥാനമായിരുന്ന കേരളം ഉപഭോക്തൃസംസ്ഥാനമായി മാറി. ആവസ വ്യവസ്ഥ മുഖ്യമായും നാഗരികമായി . പ്രവാസി എക്കൗണ്ടുകളിലൂടെ ആണെങ്കിലും ആളോഹരി വരുമാനം പലമടങ്ങ് വര്‍ദ്ധിച്ചു. ആരോഗ്യ മേഖലയിലാവട്ടെ, സാമൂഹ്യ നിര്‍ണ്ണയ ഘടകങ്ങളെ (social determinants of health) പാടെ അവഗണിക്കുന്ന ബയോ മെഡിക്കല്‍ മോഡലിന് പ്രാമുഖ്യം ലഭിക്കുകയും ചെയ്തു. കോര്‍പ്പറേറ്റ് മൂലധനം ആരോഗ്യമേഖലയിലേക്ക് പഞ്ചനക്ഷത്ര ആശുപത്രികളായും മെഡിക്കല്‍ സാങ്കേതികവിദ്യകളായും സ്‌പെഷ്യലൈസേഷനായും ഇറങ്ങി വന്നു. കേരള യൂണിവേഴ്‌സിറ്റിയിലെ നിത്യ എന്‍ .ആര്‍ . (2013) ന്റെ ഒരു ഗവേഷണ പ്രബന്ധം കേരളത്തിലെ ആരോഗ്യരംഗത്തെ സമകാലിക പ്രവണതകള്‍ അക്കമിട്ട് നിരത്തുന്നുണ്ട്.
1. ചികിത്സയുടെ സ്വകാര്യവത്ക്കരണം
2. അമിതമായ ആശുപത്രി ചികിത്സ.
3. മരുന്നുകളുടെ അമിതോപയോഗം
4. ആവശ്യത്തിലധികം പെരുകുന്ന സ്‌പെഷ്യലിസ്റ്റുകള്‍
5. ചികിത്സാച്ചെലവിന്റെ വര്‍ദ്ധനവ്
6. ദരിദ്രരുടെ പാര്‍ശ്വവത്ക്കരണം
7. വേണ്ടത്ര യോഗ്യതയില്ലാത്ത ഡോക്ടര്‍മാര്‍
8. ആരോഗ്യരംഗത്തെ നൈതികതയുടെ അഭാവം
9. മരുന്നുകളുടെ വില വര്‍ദ്ധനവ്.
10. രാഷ്ട്രീയ പ്രതിബദ്ധതയുടെ അഭാവം
11. ഉദ്യോഗസ്ഥരുടെ കഴിവില്ലായ്മ
12. അഴിമതി
13. വേണ്ടത്ര ആസൂത്രണമില്ലായ്മ
(International journal of science and research- August 2013 )
ഇത്തരമൊരവസ്ഥയെ നേരിടുന്നതിന് കേരളത്തിലെ ഭരണസംവിധാനവും രാഷ്ട്രീയ നേതൃത്വവും എന്തു ചെയ്യുന്നു എന്ന ചോദ്യത്തിന്റെ പശ്ചാത്തലത്തിലാണ് പുതിയ ‘ പൊതുജനാരോഗ്യനിയമം – 2023 ‘ പരിശോധിക്കപ്പെടേണ്ടത്. 1939 ലെ മദ്രാസ് പൊതുജനാരോഗ്യനിയമത്തിനും 1955 ലെ തിരുക്കൊച്ചി പൊതുജനാരോഗ്യനിയമത്തിനും പകരമായിട്ടാണ് കേരളത്തിന് മുഴുവന്‍ ബാധകമായ ഈ നിയമം ഉണ്ടായിട്ടുള്ളത് .
ആരോഗ്യത്തിന്റെ ധനാത്മകമായ കേരളമാതൃക സൃഷ്ടിക്കാനിടയാക്കിയ വികേന്ദ്രീകൃത വികസന പ്രക്രിയയുടെ ഒരു തുടര്‍ച്ച ഈ നിയമത്തിലെവിടേയും കണ്ടെത്താനാവില്ലെന്നു മാത്രമല്ല, നേര്‍വിപരീതമായ കേന്ദ്രീകരണമാണ് ഈ നിയമത്തിന്റെ അടിസ്ഥാന ആശയം. ജനങ്ങളുടെ മുന്‍കയ്യുകളെ പ്രോത്സാഹിപ്പിക്കുന്ന നയങ്ങള്‍ക്കു പകരം അധികാര പ്രയോഗങ്ങളിലൂടെ , ശിക്ഷാനടപടികളിലൂടെ , പോലീസ് ഇടപെടലിലൂടെ ആരോഗ്യം എന്നതാണ് ഈ നിയമം വിഭാവനം ചെയ്യുന്നത്. പൊതുജനാരോഗ്യം ഒരു മനുഷ്യാവകാശമെന്നതിന് പകരം സര്‍ക്കാര്‍ ഔദാര്യമെന്ന നിലക്കാണ് ഈ നിയമം കാണുന്നത്. പോലീസിനെ ഉപയോഗിച്ച് ഗവണ്മെന്റ് സ്ഥാപിച്ചെട്ടക്കേണ്ട ഒന്നത്രേ ആരോഗ്യം!
ഇതിന്റെ ചില പ്രായോഗിക മാതൃകകള്‍ കോവിഡ് ഭീതിയുടെ കാലത്ത് കേരളത്തില്‍ പരീക്ഷിച്ചിരുന്നത് ഓര്‍ക്കാവുന്നതാണ്. അന്ന്, രോഗപ്രതിരോധത്തിന് പരീക്ഷിച്ച രീതികള്‍ പലതും ഫലപ്രദമായിരുന്നില്ല. വേണ്ടത്ര ജാഗ്രതയില്ലാതെ പല ഇംഗ്ലീഷ് മരുന്നുകളും പരീക്ഷിക്കപ്പെട്ടു. ചിലതെല്ലാം വിപരീതഫലം ചെയ്തു. ലോക്ഡൗണ്‍ പോലുള്ള നടപടികള്‍ ഗുണമോ ദോഷമോ ചെയ്തത് എന്നത് ഇപ്പോഴും സംശയാസ്പദമാണ്. കാര്യമായ നിയന്ത്രണങ്ങളും വാക്‌സിനേഷനും നടത്താതിരുന്ന പല ആഫ്രിക്കന്‍ രാജ്യങ്ങളിലും രോഗവ്യാപനം താരതമ്യേന കുറവായിരുന്നു . കോവിഡ് ചികിത്സയിലും പ്രതിരോധത്തിലും അലോപ്പതി ഇതര വൈദ്യശാസ്ത്ര ശാഖകളുടെ സാധ്യതകള്‍ പ്രകടമായിരുന്നിട്ടും അവ ഉപയോഗപ്പെടുത്തിയില്ല. മാത്രമല്ല, അലോപ്പതി യൊഴിച്ചുള്ള ചികിത്സാരീതികളെ രംഗത്തു നിന്നും പുറത്തു നിര്‍ത്തുകയും ചെയ്തു. ഈ അനുഭവത്തിന്റെ വെളിച്ചത്തില്‍ പുതിയ പൊതുജനാരോഗ്യ നിയമത്തിലെ വ്യവസ്ഥകള്‍ ഒട്ടും തന്നെ ആശാവഹമല്ല.
നിയമത്തിന്റെ രണ്ടാമധ്യായത്തില്‍ സംസ്ഥാന, ജില്ലാ, പ്രാദേശിക തലങ്ങളിലെ പൊതുജനാരോഗ്യ ഓഫീസര്‍ (PHO) മാരെക്കുറിച്ച് പറയുന്നു . ഓരോ തലത്തിലും നിയമം നടപ്പാക്കാനുള്ള അധികാരവും ചുമതലയും പി.എച്ച്. ഒ . മാര്‍ക്കാണ്. ഈ തസ്തിക സ്ഥിരമായി അലോപ്പതി വൈദ്യ വിഭാഗത്തിനായിരിക്കും. വളരെ വിപുലമായ അധികാരങ്ങളാണ് PHO മാരില്‍ കേന്ദ്രീകരിക്കപ്പെട്ടിരിക്കുന്നത്. പൊതുജനാരോഗ്യ സംബന്ധിയായ പദ്ധതികള്‍ തയ്യാറാക്കുന്നതും ആരോഗ്യ അടിയന്തിരാവസ്ഥ പ്രഖ്യാപിക്കാനുള്ള വ്യവസ്ഥകള്‍ നിര്‍ദ്ദേശിക്കുന്നതും നിയമത്തില്‍ പ്രത്യേകം പരാമര്‍ശിക്കുന്ന രോഗങ്ങളുടെ ചികിത്സാ പ്രോട്ടോക്കോള്‍ നിശ്ചയിക്കുന്നതും പി.എച്ച്.ഒ. യുടെ അധികാരപരിധിയില്‍ വരും. രോഗികള്‍ക്ക് ഇഷ്ടമുള്ള ചികിത്സ തിരഞ്ഞെടുക്കാനുള്ള അവകാശം പോലും അട്ടിമറിക്കാനിടവരുത്തുന്നതാണ് ഇതിലെ വകുപ്പുകള്‍ . എല്ലാ വിഭാഗത്തിലുള്ള ചികിത്സകരും രോഗികളുടെ ഡാറ്റ പി.എച്ച്.ഒ.യ്ക്ക് നല്‍കാന്‍ ബാധ്യസ്ഥരാണെന്നു മാത്രമല്ല, വീഴ്ചവരുത്തുന്നവരുടെ കയ്യില്‍ നിന്നും പിഴ ഈടാക്കാനും നിയമം വ്യവസ്ഥ ചെയ്യുന്നുണ്ട്. എന്നാല്‍ ഈ ഡാറ്റയുടെ സുരക്ഷിതത്വത്തെക്കുറിച്ച് നിയമം നിശ്ശബ്ദമാണ്. തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടേയും മറ്റു വകുപ്പുകളുടേയും അധികാര പരിധിയിലേക്ക് കൈകടത്താന്‍ പി.എച്ച് ഒ.ക്ക് അധികാരം നല്‍കുന്നുണ്ട് ഈ നിയമം . ഏതു സ്ഥലത്തും എപ്പോള്‍ വേണമെങ്കിലും മുന്‍കൂട്ടിയറിയിക്കാതെ കയറി പരിശോധിക്കാന്‍ ഈ ഓഫീസര്‍ക്ക് അധികാരമുണ്ട്. (താമസ സ്ഥലമാണെങ്കില്‍ രണ്ടു മണിക്കൂര്‍ മുമ്പേ അറിയിക്കണമെന്നു മാത്രം ) . ഇപ്രകാരമെടുക്കുന്ന നടപടികളെ സിവില്‍ കോടതിയില്‍ ചോദ്യം ചെയ്തുകൂടാ എന്നും നിയമം അനുശാസിക്കുന്നു. രോഗങ്ങളുടെ സാമൂഹിക നിര്‍ണ്ണയ ഘടകങ്ങളെ കണക്കിലെടുക്കാത്ത ഈ നിയമം പൊതുജനാരോഗ്യത്തെ പുരോഗമനപരമായ ഒരു കാഴ്ചപ്പാടില്‍ നിന്നുകൊണ്ട് നിര്‍വ്വചിക്കാന്‍ പോലും മിനക്കെടുന്നില്ല. ആരോഗ്യവിഷയത്തില്‍ സേവനത്തിനും വിദ്യാഭ്യാസത്തിനും നല്‍കേണ്ട പ്രാധാന്യം ശിക്ഷകള്‍ക്കും നിയന്ത്രണങ്ങള്‍ക്കുമാണ് ഈ നിയമം നല്‍കിയിരിക്കുന്നത്.
ദി ക്രിട്ടിക് യു ട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
രോഗാണു (Agent), രോഗം ബാധിക്കുന്ന മനുഷ്യന്‍ (Host) രോഗബാധയുണ്ടാക്കുന്ന ചുറ്റുപാട് (environment) എന്നിവയാണ് പകര്‍ച്ചവ്യാധികള്‍ക്ക് കാരണമാകുന്ന 3 ഘടകങ്ങള്‍. ഇ നിയമമാകട്ടെ, കേവലം രോഗാണുവിനെ(agent) മാത്രം കണക്കിലെടുക്കുകയും മറ്റു രണ്ടു ഘടകങ്ങളേയും അവഗണിക്കുകയും ചെയ്യുന്നു. അങ്ങനെയത് രോഗാണുവിനെതിരെ സൈനിക നടപടി പ്രഖ്യാപിച്ചു കൊണ്ട് ഒരു യുദ്ധാന്തരീക്ഷം സൃഷ്ടിക്കുന്നു. എന്നാല്‍ മറ്റ് പ്രദേശങ്ങളേക്കാള്‍ പകര്‍ച്ചവ്യാധികള്‍ മാരകമാകുന്ന സാഹചര്യം കേരളത്തില്‍ നിലവിലുണ്ട് എന്നത് മറന്നു കൂടാ. ആ സാഹചര്യത്തെ അഡ്ഡ്രസ് ചെയ്യാതെ പകര്‍ച്ചവ്യാധിനിയന്ത്രണം ഫലവത്താകാന്‍ പോകുന്നില്ല എന്നതാണ് വാസ്തവം.
‘ഏകാരോഗ്യം’ എന്ന സമീപനം വളരെയധികം വികലമായിട്ടാണ് കേരളത്തിലെ ആരോഗ്യ മേഖലയില്‍ പ്രയോഗിക്കപ്പെടുന്നത്. മനുഷ്യര്‍, ജന്തുക്കള്‍, സസ്യങ്ങള്‍, പ്രകൃതി എന്നിവയുടെ പാരസ്പര്യത്തിന് അടിവരയിടുന്നതാണ് ഏകാരോഗ്യ സങ്കല്പം. വൈവിധ്യത്തേയും വൈജാത്യങ്ങളേയും അംഗീകരിക്കുകയും അവതമ്മിലുള്ള പരസ്പര ബന്ധത്തേയും ആശ്രിതത്വത്തേയും തിരിച്ചറിയുന്നതുമാണ് ഈ സമീപനത്തിന്റെ രീതി. എന്നാല്‍ കേരളത്തിലത് ഒരൊറ്റ വൈദ്യം, ഒരൊറ്റ പ്രോട്ടോക്കോള്‍ ഒരൊറ്റ അധികാരി എന്ന നിലയിലാണ് നടപ്പാക്കാന്‍ ശ്രമിക്കുന്നത്.
ആരോഗ്യത്തിന്റെ കേരള മാതൃക വൈവിധ്യത്തിന്റെയും വികേന്ദ്രീകൃത വികസനത്തിന്റെയും സര്‍വ്വാശ്ലേഷിത്വ (inclusiveness) ത്തിന്റേയും ഉല്പന്നമായിരുന്നുവെങ്കില്‍, കോര്‍പറേറ്റിസത്തിന്റെയും കേന്ദ്രീകരണത്തിന്റേയും ഏകപക്ഷീയതയുടേയും ഒഴിവാക്കലി (exclusiveness) ന്റെയും സമീപനത്തിലൂടെ, ഇന്നത്, നിഷേധാത്മകമായ ഒരു മാതൃകയായി മാറിയിരിക്കുന്നു.
(കടപ്പാട് – ആഗസ്ത് ലക്കം പാഠഭേദം)
സുഹൃത്തെ,
അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പന്ത്രണ്ടാം വര്‍ഷത്തേക്ക് കടക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2024 - 25 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.
The Critic, A/C No - 020802000001158,
Indian Overseas Bank,
Thrissur - 680001, IFSC - IOBA0000208
google pay - 9447307829
സ്നേഹത്തോടെ ഐ ഗോപിനാഥ്, എഡിറ്റര്‍, thecritic.in
Dr peethambaran
August 31, 2024 at 7:43 am
ആരോഗ്യരംഗത്തെ നിങ്ങളുടെ പ്രവർത്തനവുമായി സഹകരിച്ചു പോകുവാൻ താല്പര്യമുണ്ട്