‘ഭാര്‍ഗവീനിലയങ്ങള്‍’ അതിഥി മന്ദിരങ്ങളാക്കിയാലോ?

കുരുന്നു നാള്‍ തൊട്ട് വളര്‍ത്തി വന്നൊരീ-
പ്പിറന്ന നാടിനെപ്പിരിക വയ്യെന്നോ?
അറിയുമേ ഞങ്ങളറിയും നീതിയും
നെറിയും കെട്ടൊരിപ്പിറന്ന നാടിനെ

ആസ്സാം പണിക്കാര്‍, വൈലോപ്പിള്ളി

‘Kerala: A ghost town in the world’s most populous coutnry’ എന്നായിരുന്നു ഈ അടുത്ത് ബിബിസിയില്‍ വന്ന ഒരു ലേഖനത്തിന്റെ തലക്കെട്ട്. മധ്യ തിരുവിതാംകൂറിലെ കുമ്പനാട് പോലെയുള്ള ചെറു നഗരങ്ങളില്‍ക്കൂടി യാത്ര ചെയ്ത ലേഖകന് പൂട്ടിയിട്ട മണിമാളികകളും ഒറ്റപ്പെട്ട വാര്‍ദ്ധക്യങ്ങളും ആളും ആരവവും ഇല്ലാത്ത നഗരവീഥികളും ബഹളമില്ലാത്ത സ്‌കൂളുകളും ആകെക്കൂടി ഒരു പ്രേതനഗരത്തിന്റെ പ്രതീതിയാണ് കാണാന്‍ കഴിഞ്ഞത്. കേരളത്തിന്റെ കുടിയേറ്റ പാരമ്പര്യത്തില്‍നിന്നും വിഭിന്നമായി, ഒരു കൂട്ടപ്പലായനത്തിന്റെ സമകാലിക സാമൂഹിക യാഥാര്‍ത്ഥ്യം കൂടി ചേര്‍ത്തുവായിക്കേണ്ടതുണ്ട് ഈ അവസ്ഥയെ നോക്കിക്കാണുമ്പോള്‍.

കേരളം നേരിടുന്ന ഏറ്റവും വലിയ സാമൂഹിക-സാമ്പത്തിക-പാരിസ്ഥിതിക പ്രശ്‌നമായി ‘വീടിനോടുള്ള മലയാളിഭ്രമ’ത്തെപ്പറ്റി എംപി പരമേശ്വരന്‍ പറഞ്ഞത് ഓര്‍ക്കുന്നു. ഏതോ നാട്ടില്‍ കിടന്ന് കഷ്ടപ്പെട്ട് സമ്പാദിച്ച കാശെല്ലാം വാരിയെറിഞ്ഞ് ഉള്ള മലയെല്ലാം വെട്ടിപ്പൊളിച്ച് പുഴയിലെ മണ്ണെല്ലാം വാരി ഒരു വീടുണ്ടാക്കി, കഴുത്തോളം കടത്തില്‍ മുങ്ങി ആ വീട് പൂട്ടിയിട്ടോ പ്രായമായ അച്ഛനമ്മമാരെ ഒറ്റക്കാക്കിയോ കടം തീര്‍ക്കാന്‍ വേണ്ടി വീണ്ടും ഏതോ നാട്ടില്‍പോയി കഷ്ടപ്പെടുന്ന മലയാളിയുടെ അവസ്ഥയെപ്പറ്റി.

പാര്‍പ്പിടം അടിസ്ഥാന അവകാശം തന്നെയാണ്; എന്നാല്‍ ജോലിക്കും ഉന്നത വിദ്യാഭ്യാസത്തിനും വേണ്ടി ചെറുപ്പക്കാര്‍ നാട് വിടുമ്പോള്‍, കുറെയേറെ ഭാര്‍ഗവീനിലയങ്ങളും (പൂട്ടിയിട്ട ആളില്ലാത്ത വീടുകള്‍) കൊട്ടാരം കണക്കെ കെട്ടിപ്പൊക്കിയ വീടുകളില്‍ ഒരു മുറിയുടെ മൂലയില്‍ ജീവിത സായാഹ്നം തള്ളിനീക്കുന്ന അച്ഛനമ്മമാരും കേരളത്തിലെ സ്ഥിരം കാഴ്ചയാണ്.

International Institute of Migration and Development ന്റെ സ്ഥാപക ഡയറക്ടറായ എസ് ഇരുദയ രാജന്‍ പറയുന്നതനുസരിച്ച് ഗള്‍ഫ് കുടിയേറ്റ കാലത്തില്‍നിന്നും വ്യത്യസ്തമാണ് ഇന്ന് കാണുന്ന കുടിയേറ്റം. കഴിഞ്ഞ കാലങ്ങളില്‍ കുടിയേറി പാര്‍ത്തവര്‍ അയച്ചുതരുന്ന തുകകള്‍ കേരള സമ്പദ് വ്യവസ്ഥക്ക് വലിയൊരു കരുത്തായിരുന്നെങ്കില്‍, ഇന്ന് കാണുന്ന വിദ്യാര്‍ഥികളുടെ കുടിയേറ്റം മൂലം, വിഭവശോഷണമാണ് കൂടുതല്‍ സംഭവിക്കുന്നത്. അവരാരും തന്നെ തിരികെ വരുമെന്ന വാര്‍ത്ത കേള്‍ക്കാനായി കാത്തിരിക്കുന്ന ഗ്രാമത്തെ സ്വപ്‌നം കണ്ടിരിക്കുന്ന നൊസ്റ്റാള്‍ജിയക്കാരല്ല; മറിച്ച് സമൃദ്ധിയുടെ മേച്ചില്‍പ്പുറങ്ങള്‍ തേടി പുതിയ ചില്ലകളില്‍ ചേക്കേറി കൂടുകെട്ടി രാപ്പാര്‍ക്കാന്‍ പോകുന്നവരാണ്. If in the past, the remittances from the migrants were a big strength for Kerala’s economy, today’s migration of students is causing more depletion of resources.

ദി ക്രിട്ടിക് ഫേസ് ബുക്ക് പേജ് ലൈക്ക് ചെയ്യുക

2018 ലെ കേരള മൈഗ്രേഷന്‍ സര്‍വേ അനുസരിച്ച് കേരളത്തിലെ അഞ്ചിലൊന്ന് വീടുകളില്‍ കുറഞ്ഞത് ഒരാളെങ്കിലും തൊഴിലിനും വിദ്യാഭ്യാസത്തിനും വേണ്ടി നാട് വിട്ടവര്‍ ആണ്. ഇതില്‍ ഉന്നത വിദ്യാഭ്യാസത്തിനുവേണ്ടി നാട് വിടുന്നവരുടെ എണ്ണത്തില്‍ 68% വര്‍ദ്ധനവാണ് കഴിഞ്ഞ ഒരു വര്‍ഷം കൊണ്ട് ഉണ്ടായിട്ടുള്ളത്. കുടിയേറ്റം അനസ്യൂതം തുടരുമ്പോഴും വീട് നിര്‍മ്മാണപ്രവര്‍ത്തനങ്ങള്‍ക്ക് കുറവൊന്നും ഇല്ല. 2001-2011 കാലയളവില്‍ മാത്രം കേരളത്തിലെ വീടുകളുടെ എണ്ണം 20% വര്‍ധിച്ച് 112 ലക്ഷം കടന്നു. അതില്‍ ഏതാണ്ട് 12 ലക്ഷത്തോളം വീടുകള്‍ (പത്തു ശതമാനത്തോളം) കേരളത്തില്‍ പൂട്ടിക്കിടക്കുകയാണ്.

ഈ സാഹചര്യം മുതലെടുക്കാം എന്ന വ്യാമോഹത്തില്‍ ആകണം, കടുത്ത സാമ്പത്തിക പ്രതിസന്ധികളിലൂടെ കടന്നുപോകുന്ന കേരള സര്‍ക്കാര്‍ കഴിഞ്ഞ സംസ്ഥാന ബഡ്ജറ്റ് പ്രസംഗത്തില്‍ ‘ഒഴിഞ്ഞു കിടക്കുന്ന വീടുകള്‍ക്കുള്ള ലെവി’ (Levy on vacant houses) ഏര്‍പ്പെടുത്താന്‍ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളോട് നിര്‍ദ്ദേശിച്ചത്. കടുത്ത എതിര്‍പ്പുകള്‍ക്കും വലിയ കോലാഹലങ്ങള്‍ക്കുമൊടുവില്‍ ‘Escape Tax’ എന്ന് ട്രോളപ്പെട്ട ഈ പ്രഖ്യാപനം പിന്‍വലിക്കേണ്ടി വന്നപ്പോള്‍ ഈ സര്‍ക്കാര്‍ എടുത്ത ഡ ടേണുകളുടെ പട്ടികയിലേക്ക് ഒന്നുകൂടി ചേര്‍ക്കപ്പെട്ടു. ഈ വീടുകള്‍ക്ക്, യാതൊരുവിധ സുരക്ഷയും ഇന്‍ഷുറന്‍സ് അടക്കമുള്ള സേവനങ്ങളും ഉറപ്പുനല്‍കാതെ ‘tax’ ചെയ്യുന്നത്, ന്യായമല്ല എന്നതാണ് ഉയര്‍ന്നുവന്ന ഒരു പ്രധാന വാദം.

ജീവിതം കെട്ടിപ്പടുക്കാന്‍ വേണ്ടി ഇത്രയനവധി ആളുകള്‍ക്ക് മറ്റിടങ്ങളിലേക്ക് കുടിയേറേണ്ടി വരുന്നതിന്റെ അടിസ്ഥാന കാരണങ്ങള്‍ കണ്ടെത്തുന്നതിനു പകരം ഒരു blanket tax വച്ച് പരിഹരിക്കാവുന്നത്ര ലളിതമല്ല കാര്യങ്ങള്‍ എന്ന് സര്‍ക്കാരും ഉപദേശകരും മനസ്സിലാക്കേണ്ടതുണ്ട്. ഭൗതിക സാഹചര്യങ്ങളുടെ കുറവാണ് ഈ കുടിയേറ്റ കുത്തൊഴുക്കിന് പ്രധാന കാരണം എന്ന് ഈ അടുത്താണ് കേരള ഹൈക്കോടതി നിരീക്ഷിച്ചത്. കൂടുതല്‍ തൊഴിലവസരങ്ങളും സൗകര്യങ്ങളും ഒരുക്കി യുവജനതയെ തിരിച്ച് കൊണ്ടുവരാനുള്ള പ്രതിബദ്ധത ബഡ്ജറ്റ് പ്രസംഗത്തില്‍ ധനമന്ത്രി പറഞ്ഞിരുന്നെങ്കിലും, ദീര്‍ഘവീക്ഷണത്തോട് കൂടിയുള്ള എന്തെങ്കിലും കര്‍മ്മ പദ്ധതികള്‍ ആവിഷ്‌കരിക്കുന്നതായി യാതൊരു അറിവുമില്ല.

സാധ്യതകള്‍ അനവധി

ലൈഫ് മിഷന്‍ അപേക്ഷകളുടെ കണക്കനുസരിച്ച് ഏകദേശം 5 ലക്ഷത്തോളമാണ് വീടില്ലാത്തവരുടെ എണ്ണം. പുതിയ വീടുകള്‍ നിര്‍മിച്ച് ഖജനാവിനും പ്രകൃതി വിഭവങ്ങള്‍ക്കും ആഘാതം ഉണ്ടാക്കുന്നത്തിനു പകരം, ഈ പൂട്ടിക്കിടക്കുന്ന വീടുകളില്‍ ചിലതെങ്കിലും ലീസ് അടിസ്ഥാനത്തില്‍ ലഭ്യമാക്കുന്നത്തിനുള്ള സംവിധാനം എന്തുകൊണ്ട് ആലോചിച്ചുകൂടാ? അമേരിക്കയെപ്പോലെ വീടില്ലായ്മ രൂക്ഷമായ വിദേശരാജ്യങ്ങളിലും യൂറോപ്പിലുമെല്ലാം ഒഴിഞ്ഞുകിടക്കുന്ന വീടുകള്‍ പിടിച്ചെടുത്തു താമസിക്കല്‍ ഒരു സമരരൂപമാണ് (Reclaimers Movement). സര്‍ക്കാര്‍ തന്നെ ഏറ്റെടുത്തു ഭവന രഹിതര്‍ക്കായി വിട്ടുകൊടുക്കുന്ന സംവിധാനങ്ങളും ഉണ്ട്. ജപ്പാന്‍ പോലെ വൃദ്ധ ജനസംഖ്യ കൂടിവരുന്ന രാജ്യങ്ങള്‍ ആകര്‍ഷകമായ ആനുകൂല്യങ്ങളുമായാണ് നാലിലൊന്നോളം വരുന്ന ഇത്തരം ഭാര്‍ഗവീനിലയങ്ങളിലേക്ക് താമസക്കാരെ ക്ഷണിക്കുന്നത്.

അകിയകള്‍ (Akiyas) എന്ന് വിളിപ്പേരുള്ള ജപ്പാനിലെ ഭാര്‍ഗവീനിലയങ്ങള്‍ക്ക് ഇന്ന് സിംഗപ്പൂരില്‍ നിന്നും ആസ്‌ത്രേലിയയില്‍ നിന്നും അമേരിക്കയില്‍ നിന്നുംവരെ ആവശ്യക്കാരുണ്ട്. നഗരത്തിന്റെ ബഹളങ്ങളില്‍നിന്ന് മാറി സ്‌നേഹക്കൂടുകളൊരുക്കാന്‍ താല്‍പ്പര്യമുള്ള ചിലരെങ്കിലും നഗരസൗധങ്ങള്‍ വിട്ട്, 85 ലക്ഷത്തില്‍ അധികം വരുന്ന ഈ അകിയകളെ തേടി വരുന്നുണ്ട്. അവിടത്തെ മുന്‍സിപ്പാലിറ്റികള്‍ അകിയകളെ ടാക്‌സ് ചെയ്യുന്നതിനൊപ്പം അകിയ ബാങ്കുകളും സബ്‌സിഡികളും അടക്കം നിരവധി സേവനങ്ങളും നല്‍കുന്നു. നഷ്ടപ്പെട്ടുകൊണ്ടിരിക്കുന്ന ജപ്പാനീസ് സംസ്‌കാരത്തിന്റെ കൂടി പ്രതീകങ്ങള്‍ ആയ അകിയകള്‍ക്ക് ആഗോളതലത്തില്‍ വലിയ വിലയുണ്ടെന്ന് തിരിച്ചറിവ്, പൊളിച്ചു കളയുന്നതിനുപകരം പുനരുപയോഗത്തിന് ഊന്നല്‍ നല്‍കിയിട്ടുണ്ട്. ജപ്പാനിലെ വൃദ്ധ ജനസംഖ്യയും അകിയകളും കേരളത്തിന്റെ ഇന്നത്തെ സാമൂഹ്യ സാഹചര്യത്തില്‍ നിന്ന് ഒരുപാട് അകലെ അല്ല, എന്നിരിക്കെ, ഇത്തരം അനുകരണീയമായ ആഗോള മാതൃകകളെ ഉറ്റുനോക്കേണ്ടതുണ്ട്.

എന്നാല്‍, ഭവനരഹിതര്‍ക്കും പുതിയൊരു വീടിന് അര്‍ഹത ഇല്ലേ എന്ന ന്യായമായ ചോദ്യം കണക്കിലെടുത്താലും വേറെയും ഉണ്ട് സാധ്യതകള്‍. ഒഴിഞ്ഞുകിടക്കുന്ന പഴയ വീടുകളെ ആര്‍ട്ട് ഗാലറികളും ഹെറിറ്റേജ് മ്യൂസിയങ്ങളും പഠന കേന്ദ്രങ്ങളും, എന്തിന്, വൃദ്ധ സദനങ്ങളും ടൂറിസ്റ്റ് റിസോര്‍ട്ടുകളും വരെ ആക്കാം. ചില ഓര്‍മകളെങ്കിലും ചിതലരിച്ച് പോകാതിരിക്കാനായി ഈ പ്രേതഭവനങ്ങളെ സാമൂഹിക ഇടങ്ങള്‍ക്കായി തുറന്നുകൊടുക്കാന്‍ മറുനാടന്‍ മലയാളികള്‍ തയ്യാറാണോ എന്നുള്ള ചോദ്യം പ്രസക്തമാണിവിടെ. വീടുംനാടും വിട്ട് കുടിയേറിപ്പോയവര്‍ക്ക് വീട് നോക്കാന്‍ ആരൊക്കെയോ ഉണ്ടെന്നുള്ള വിശ്വാസവും ഒപ്പം, അധിക വരുമാനവും ഉറപ്പ് കൊടുക്കാന്‍ കഴിഞ്ഞാല്‍ തള്ളിക്കളയാനാവാത്ത സാധ്യതകള്‍ ഏറെയാണ്.

പ്രേതഭവനങ്ങളും വൃദ്ധസദനങ്ങളും

പൂട്ടിക്കിടക്കുന്ന വീടുകളോടൊപ്പം ഒത്തുനോക്കേണ്ട ഒന്നാണ് കേരളത്തിലെ വൃദ്ധസദനങ്ങളുടെ എണ്ണം. ജനസംഖ്യയുടെ 13 ശതമാനത്തോളം വൃദ്ധരുള്ള കേരളത്തില്‍ 2017 ലെ കണക്കനുസരിച്ച് 565 വൃദ്ധസദനങ്ങള്‍ മാത്രമാണുള്ളത്. കേരളത്തിലെ വയോജനങ്ങള്‍ അര്‍ഹിക്കുന്ന ഒരു ജീവിതം അത്തരം വ്യവസ്ഥാപിത വൃദ്ധസദനങ്ങള്‍ നല്‍കുന്നുണ്ടോ എന്നതും സംശയമാണ്.

അതേസമയം, കേരളത്തിലെ പല വീടുകളും ഇന്ന് അക്ഷരാര്‍ത്ഥത്തില്‍ വൃദ്ധ സദനങ്ങളാണ്; അച്ഛന്‍, അമ്മ, മക്കള്‍ എന്ന അണുകുടുംബ സ്വര്‍ഗം തേടി മാറിപ്പാര്‍ത്ത ഒരു തലമുറ ഇന്ന് കടുത്ത ഒറ്റപ്പെടലില്‍ ആണ്. ക്ഷേമ പെന്‍ഷനുകളും മക്കള്‍ വല്ലപ്പോഴും അയച്ചു തരുന്ന ചില്ലറയും സഹായത്തിനുണ്ടെങ്കിലും ഈ പ്രായത്തിലും അവര്‍ക്കാരുമില്ല. അവര്‍ക്ക് വേണ്ടത് വ്യവസ്ഥാപിത വൃദ്ധ സദനങ്ങള്‍ അല്ല; പോയ കാലത്തിന്റെ ഊഷ്മളത ഓര്‍ത്തിരിക്കാനും പറ്റുന്ന കാലത്തോളം ഇഷ്ടമുള്ള പ്രവൃത്തികളില്‍ ഏര്‍പ്പെടാനും അനുവദിക്കുന്ന സാമൂഹിക ഇടങ്ങള്‍ ആണ്.

അവിടെയാണ് പൂട്ടിക്കിടക്കുന്ന ഈ വീടുകളുടെ സാധ്യത വരുന്നത്. ഇത്തരം ചില വീടുകള്‍ കണ്ടെടുത്ത് വയോജനങ്ങള്‍ക്ക് സാമൂഹിക ജീവിതത്തിനുള്ള സാഹചര്യം ഒരുക്കിക്കൂടേ? ഒറ്റക്കൊറ്റക്ക് വീടുകളില്‍ താമസിക്കുമ്പോള്‍ തന്നെ കൂട്ടുകൃഷിയും സാമൂഹ അടുക്കളകളും പോലുള്ള സാധ്യതകള്‍ പരീക്ഷിക്കുന്ന, സൊറ പറഞ്ഞിരിക്കാനും പുസ്തകം വായിക്കാനും യാത്ര ചെയ്യാനും സിനിമ കാണാനും ഒക്കെ സാഹചര്യം ഒരുക്കുന്ന ഇടങ്ങള്‍ നമുക്കൊരുക്കിക്കൂടെ? അത്തരം നവ ആവാസ വ്യവസ്ഥകള്‍ ഈ വീടുകള്‍ക്ക് ചുറ്റും ഉണ്ടാക്കിയെടുത്തൂടെ?

Ghost House കള്‍ Guest House കള്‍ ആകുമ്പോള്‍

അത്തരം ആവാസവ്യവസ്ഥകള്‍ പ്രായമായവര്‍ക്ക് സ്വാതന്ത്ര്യവും സുരക്ഷയും അന്തസ്സുമുള്ള ജീവിത സാഹചര്യം ഒരുക്കുമെന്നതിലുപരി മറ്റു ചില സാധ്യതകളും തുറന്നിടുന്നുണ്ട്. ഇത്തരം കമ്മ്യൂണിറ്റി ലിവിങ് സ്‌പേസുകള്‍ എന്തുകൊണ്ട് വിദേശ ടൂറിസ്റ്റുകള്‍ക്കും വേനലവധി ക്യാമ്പുകള്‍ക്കും വേണ്ടിക്കൂടി തുറന്നു കൊടുത്തുകൂടാ? കഥകള്‍ കേള്‍ക്കാനും ചരിത്രമറിയാനും നാടിനെ തൊട്ടറിയാനും വരുന്ന സഞ്ചാരിയെ കഥകളും ഓര്‍മകളും കേട്ടിരിക്കാന്‍ കേള്‍വിക്കാരില്ലാത്ത ഒരു കൂട്ടം ആളുകളുടെ അടുത്തെത്തിക്കുമ്പോള്‍ ടൂറിസത്തിന്റെ മറ്റൊരു തലം കൈവരിക്കുന്നതിനൊപ്പം ഒരു സാമൂഹ്യനീതി നടപ്പാക്കപ്പെടുക കൂടിയാണ്.

മാത്രമല്ല, ഈ നാടിന്റെ ബ്രാന്‍ഡ് അംബാസഡര്‍മാരാകാന്‍ അറുപതും എഴുപതും കഴിഞ്ഞ അനുഭവ സാക്ഷ്യങ്ങളേക്കാള്‍ ആര്‍ക്കാണര്‍ഹത? അവര്‍ അവരുടെ പഴയ പഞ്ഞ കാലത്തും അനുഭവിച്ച നിറവിന്റെ കഥ തുടരുമ്പോള്‍, കഥ കേട്ടുകൊണ്ട് ചക്കച്ചുള പറിക്കാനും മാങ്ങ ഈമ്പിക്കുടിക്കാനും മാങ്ങാണ്ടിക്കു കൂട്ട് പോകാനും മഴ കൊള്ളാനും മണ്ണില്‍ പണിയെടുക്കാനും നൂറാംകോലും കൊത്തംകല്ലും കളിക്കാനും അമ്മാനമാടാനും സഞ്ചാരികളെയും കുട്ടികളെയും പഠിപ്പിക്കുമ്പോള്‍ സംരക്ഷിക്കപ്പെടുന്നത് വീടുകളും ജീവിതങ്ങളും മാത്രമല്ല; ഒരു നാടിന്റെ ഓര്‍മകളുമാണ്, വൈവിധ്യങ്ങളേറെ ഉള്ള നാട്ടു സംസ്‌കാരങ്ങളാണ്. പൂട്ടിക്കിടക്കുന്ന പ്രേതഭവനങ്ങളെ ജീവിതം പൂത്തുലയുന്ന അതിഥി മന്ദിരങ്ങളാക്കാന്‍ സര്‍ക്കാരും സന്നദ്ധ സംഘടനകളും നാട്ടുക്കൂട്ടങ്ങളും മുന്‍കൈയെടുക്കേണ്ടതുണ്ട് എന്ന് മാത്രം. മാത്രമല്ല, അങ്ങ് ദൂരെയുള്ള വീട്ടുടമസ്ഥന് അധ്വാനത്തിന്റെ പകല്‍ അന്തിയാകുമ്പോള്‍, ജീവിത സായാഹ്നത്തില്‍ വീടും ഓര്‍മകളും ഒന്നും നഷ്ടപ്പെടാത്ത തന്റെ പഴയ മരച്ചില്ലയില്‍ തന്നെ വന്ന് രാപ്പാര്‍ക്കാം എന്ന് തോന്നിയാല്‍ അതും ആവാം. അതുവരെ ആ മരച്ചില്ല, കുറച്ച് അതിഥികള്‍ക്കായി തുറന്നു കൊടുത്തുകൂടേ?

(കടപ്പാട് – പാഠഭേദം)

സുഹൃത്തെ,
അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പന്ത്രണ്ടാം വര്‍ഷത്തേക്ക് കടക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2024 - 25 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.

The Critic, A/C No - 020802000001158,
Indian Overseas Bank,
Thrissur - 680001, IFSC - IOBA0000208
google pay - 9447307829
സ്നേഹത്തോടെ ഐ ഗോപിനാഥ്, എഡിറ്റര്‍, thecritic.in


ഞങ്ങളുടെ ഫേസ്ബുക് പേജ് ലൈക് ചെയ്യൂ..


Published On

Category: Business | Comments: 0 |

'ക്രിട്ടിക്കില്‍ പ്രസിദ്ധീകരിക്കുന്ന ലേഖനങ്ങള്‍ ലേഖകരുടെ അഭിപ്രായങ്ങളാണ്.. അവ പൂര്‍ണ്ണമായും ക്രിട്ടിക്കിന്റെ അഭിപ്രായങ്ങളാകണമെന്നില്ല - എഡിറ്റര്‍'

Be the first to write a comment.

Leave a Reply