ഒന്നിക്കും ഭാരതം, വിജയിക്കും ഇന്ത്യ

തീര്‍ച്ചയായും ഇന്ത്യ മുന്നണി രൂപീകരണം ഉയര്‍ത്തുന്ന വെല്ലുവിളി ബിജെപി തിരിച്ചറിയുന്നുണ്ട് എന്നുതന്നെ കരുതാം. ലോകസഭാ തെരഞ്ഞെടുപ്പ് നേരത്തെ നടത്താനുള്ള നീക്കം തന്നെ അതിന്റെ ഭാഗമാണ്. അടുത്തു നടക്കാന്‍ പോകുന്ന നിയമസഭാ തെരഞ്ഞെടുപ്പുകളില്‍ കാര്യമായ നേട്ടം ഉണ്ടാക്കാനാകില്ല എന്നവര്‍ക്കറിയാം. അവിടങ്ങളിലെ ഫലങ്ങള്‍ ഇന്ത്യാ മുന്നണിക്കു ഊര്‍ജ്ജം നല്‍കുമെന്നും അത് ലോകസഭാ തെരഞ്ഞെടുപ്പില്‍ തങ്ങള്‍ക്ക് ഭീഷണിയാണെന്നും അവര്‍ തിരിച്ചറിയുന്നുണ്ട്. അതിന്റെ കൂടി ഭാഗമാണ് ഒറ്റ രാജ്യം ഒറ്റതെരഞ്ഞെടുപ്പ് എന്ന മുദ്രാവാക്യവും ലോകസഭാ തെരഞ്ഞെടുപ്പ് നേരത്തെയാക്കാനുള്ള നീക്കവും.

വരുന്ന ലോക്സഭാ തെരഞ്ഞെടുപ്പില്‍ ‘കഴിയുന്നത്ര’ ഒരുമിച്ചു മത്സരിക്കുമെന്ന പ്രതിപക്ഷ ‘ഇന്ത്യ’ മുന്നണിയുടെ മൂന്നാമതു യോഗത്തിനു ശേഷമുള്ള പ്രഖ്യാപനം പ്രതീക്ഷ നല്‍കുന്ന ഒന്നാണ്. ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പു എന്ന ബിജെപിയുടെ നയത്തിന്റേയും ലോകസഭാതെരഞ്ഞെടുപ്പ് നേരത്തെയാക്കുമെന്ന വാര്‍ത്തയുടേയും പശ്ചാത്തലത്തില്‍ ഇന്ത്യ മുന്നണിയുടെ ഐക്യം വളരെ പ്രസക്തമാണ്. തീര്‍ച്ചയായും വലിയ തോതിലുള്ള ഭിന്നതകള്‍ നിലനില്‍ക്കുന്ന പാര്‍ട്ടികളാണ് മുന്നണിയിലുള്ളത്. ജാതി സെന്‍സസിന്റെ വിഷയത്തിലും മറ്റും അത് പ്രകടമാണ്. സീറ്റുവിഭജനത്തിലൊക്കെ തര്‍ക്കം ഉറപ്പാണ്. അപ്പോഴും 1977ല്‍ ഇതിനേക്കാള്‍ കുറഞ്ഞ സമയം കൊണ്ട് വ്യത്യസ്ഥനിലപാടുള്ള പാര്‍ട്ടികള്‍ ലയിച്ച് ജനതാപാര്‍ട്ടി എന്ന ഒറ്റപാര്‍ട്ടിയായതും മറ്റനവധി പാര്‍ട്ടികളുമായി സഖ്യമുണ്ടാക്കി അന്നത്തെ സമഗ്രാധിപത്യപാര്‍ട്ടിയായിരുന്ന കോണ്‍ഗ്രസ്സിനെ തറപറ്റിച്ചതുമായ ചരിത്രം നമുക്കു മുന്നിലുണ്ട്. അത്തരമൊരു ചരിത്രം പുതിയ സാഹചര്യത്തില്‍ ആവര്‍ത്തിക്കപ്പെടുമെന്ന പ്രതീക്ഷയാണ് ഇന്ത്യ മുന്നണി നല്‍കുന്നത്.

‘ജുഡേഗാ ഭാരത്, ജീത്തേഗാ ഇന്ത്യ’ (ഒരുമിക്കും ഭാരതം, വിജയിക്കും ഇന്ത്യ) എന്ന വളരെ പ്രസക്തമായ രാഷ്ട്രീയ മുദ്രാവാക്യമാണ് സഖ്യം മുന്നോട്ടുവെക്കുന്നത്. തര്‍ക്കമുണ്ടാകാനിടയുള്ള നേതൃവിഷയങ്ങളിലേക്കും സീറ്റുവിഭജനത്തിലേക്കുമൊന്നും തല്‍ക്കാലം കടന്നിട്ടില്ല. രൂപീകരിച്ച സമിതികളിലാകട്ടെ നെഹ്‌റു കുടുംബത്തില്‍ നിന്നാരുമില്ലെന്നത് പ്രസക്തമാണ്. 28 പാര്‍ട്ടികളില്‍ നിന്നു 63 പ്രതിനിധികളാണ് മുംബൈ യോഗത്തില്‍ പങ്കെടുത്തത്. സഖ്യത്തിന്റെ പൊതു അജന്‍ഡ, സാമൂഹികമാധ്യമ കര്‍മപദ്ധതി, ഗവേഷണവും ഡേറ്റാ വിശകലനവും, സംയുക്ത പ്രചാരണ പരിപാടികള്‍ എന്നീ വിഷയങ്ങളിലൂന്നി നാല് ഉപ സമിതികള്‍ക്കും രൂപം നല്‍കിയിട്ടുണ്ട്. മുന്നണിയുടെ ലോഗോ പിന്നീട് പുറത്തിറക്കും. ബി.ജെ.പിക്കെതിരേ പരമാവധി സീറ്റുകളില്‍ പൊതുസ്ഥാനാര്‍ഥിയെ മത്സരിപ്പിക്കാനാണു ധാരണ. തീര്‍ച്ചയായും കേരളം പോലുള്ള സംസ്ഥാനങ്ങളില്‍ അതു സാധ്യമാകില്ല. ആവശ്യവുമില്ല. പക്ഷെ മിക്കവാറും സംസ്ഥാനങ്ങളില്‍ ഇതു പ്രായോഗികമാക്കാന്‍ കഴിഞ്ഞാല്‍ സംഘപരിവാറിന്റെ രഷ്ട്രീയ – വര്‍ഗ്ഗീയ ലക്ഷ്യങ്ങള്‍ അടുത്ത തെരഞ്ഞടുപ്പില്‍ നേടാനാകുമെന്ന ആഗ്രഹം അസ്ഥാനത്താകുമെന്നുറപ്പ്.

തീര്‍ച്ചയായും ഇന്ത്യ മുന്നണി രൂപീകരണം ഉയര്‍ത്തുന്ന വെല്ലുവിളി ബിജെപി തിരിച്ചറിയുന്നുണ്ട് എന്നുതന്നെ കരുതാം. ലോകസഭാ തെരഞ്ഞെടുപ്പ് നേരത്തെ നടത്താനുള്ള നീക്കം തന്നെ അതിന്റെ ഭാഗമാണ്. അടുത്തു നടക്കാന്‍ പോകുന്ന നിയമസഭാ തെരഞ്ഞെടുപ്പുകളില്‍ കാര്യമായ നേട്ടം ഉണ്ടാക്കാനാകില്ല എന്നവര്‍ക്കറിയാം. അവിടങ്ങളിലെ ഫലങ്ങള്‍ ഇന്ത്യാ മുന്നണിക്കു ഊര്‍ജ്ജം നല്‍കുമെന്നും അത് ലോകസഭാ തെരഞ്ഞെടുപ്പില്‍ തങ്ങള്‍ക്ക് ഭീഷണിയാണെന്നും അവര്‍ തിരിച്ചറിയുന്നുണ്ട്. അതിന്റെ കൂടി ഭാഗമാണ് ഒറ്റ രാജ്യം ഒറ്റതെരഞ്ഞെടുപ്പ് എന്ന മുദ്രാവാക്യവും ലോകസഭാ തെരഞ്ഞെടുപ്പ് നേരത്തെയാക്കാനുള്ള നീക്കവും. അതിനായാണ് പ്രത്യേക പാര്‍ലിമെന്റ് സമ്മേളനം വിളിച്ചിരിക്കുന്നത് എന്നാണ് പൊതുവിലയിരുത്തല്‍.

ദി ക്രിട്ടിക് ഫേസ് ബുക്ക് പേജ് ലൈക്ക് ചെയ്യുക

ഉറപ്പായും ഇത്തവണയും ബിജെപി ഉയര്‍ത്തിപിടിക്കാന്‍ ശ്രമിക്കുന്നത് വര്‍ഗ്ഗീയ അജണ്ടകള്‍ തന്നെയായിരിക്കും. ശ്രീരാമക്ഷേത്ര നിര്‍മ്മാണം അതിലൊന്നായിരിക്കാന്‍ ഇടയുണ്ട്. രണ്ട് എംപിമാരില്‍ നിന്ന് ബിജെപിയെ ഇന്നത്തെ അവസ്തയിലെത്തിച്ചതിന്റെ അടിത്തറ തന്നെ അയോദ്ധ്യയും ബാബറി മസ്ജ്ിദ് തകര്‍ക്കലുമായിരുന്നല്ലോ. ഇപ്പോഴിതാ ആര്‍ എസ് എസ് രൂപീകരണത്തിന്റെ നൂറാം വര്‍ഷമടക്കുമ്പോള്‍ വന്‍ ഭൂരിപക്ഷം നേടാനും ഹിന്ദുരാഷ്ട്ര പ്രഖ്യാപനം നടത്താനും അവര്‍ ഊന്നാന്‍ പോകുന്നത് രാമക്ഷേത്ര നിര്‍മ്മാണത്തില്‍ തന്നെയാകാനാണ് സാധ്യത. സ്വന്തം ക്യാമ്പില്‍ നിന്നുതന്നെ പ്രതിഷേധമുയര്‍ന്നതിനെ തുടര്‍ന്ന ഏക സിവില്‍ കോഡ് തല്‍ക്കാലം മാറ്റിവെച്ചിരിക്കുകയാണെന്നും വിലയിരുത്തപ്പെടുന്നു. രാമക്ഷേത്രനിര്‍മ്മാണത്തിലൂടെ ഉണ്ടാകുന്ന ധ്രൂവീകരണത്തിലാണ് അവരുടെ പ്രതീക്ഷ. മറുവശത്താകട്ടെ ചന്ദ്രയാനിലൂടേയും ആദിത്യയിലൂടേയുമൊക്കെ തങ്ങള്‍ ശാസ്ത്രത്തിന് എതിരല്ല എന്നും ഇന്ത്യ വികസനത്തിന്റെ പാതയിലാണെന്നും സമര്‍ത്ഥിക്കാന്‍ അവര്‍ക്കാകും. ഒപ്പം അതിന്റെ അടിത്തറ ആര്‍ഷഭാരത സംസ്‌കാരത്തിലുണ്ടെന്നും സമര്‍ത്ഥിക്കാന്‍ ശ്രമിക്കും.

ശാസ്ത്രത്തേയും ആര്‍ഷഭാരതസംസ്‌കൃതി എന്നുു പേരിട്ടിരിക്കുന്ന മൂല്യങ്ങളേയും സമന്വയിപ്പിക്കുന്ന തന്ത്രംതന്നെയാണ് പല വിഷയങ്ങളിലും സംഘപരിവാര്‍ സ്വീകരിക്കുന്നത് എന്നു കാണാം. ഉയര്‍ത്തിപിടിക്കുന്നതും വിഭാവനം ചെയ്യുന്നതും സവര്‍ണ്ണ മനുസ്മൃതി മൂല്യങ്ങളാണെങ്കിലും ആദിവാസി – ദളിത് വിഭാഗങ്ങളെ ഉള്‍ക്കൊള്ളാന്‍ അവര്‍ പ്രകടിപ്പിക്കുന്ന തന്ത്രങ്ങള്‍ മറ്റൊരു ഉദാഹരണമാണ്. സാമൂഹ്യനീതിക്കായി നലകൊള്ളു്‌നനു എന്നവകാശപ്പെടുന്ന പല പാര്‍ട്ടികളേയും അവര്‍ ഇക്കാര്യത്തില്‍ മറികടക്കുന്നു എന്നത് കാണാതിരുന്നുകൂട. ഇതിനെല്ലാമൊപ്പം പാക്കിസ്ഥാനേയും ചൈനയേയും ചൂണ്ടികാട്ടി ദേശീയവികാരം കൂടി ഉത്തേജിപ്പിക്കാനായാല്‍ തുടര്‍ഭരണം സുനശ്ചിതം എന്ന പ്രതീക്ഷയിലാണ് സംഘപരിവാര്‍. അതിന്റെ ഭാഗമായാണ് അടുത്ത ആഗസ്ത് 15നും താന്‍തന്നെയായിരിക്കും ത്രിവര്‍ണ്ണപതാക ഉയര്‍ത്തുക എന്നു മോദി പ്രഖ്യാപിച്ചത്.

നമ്മുടെ രാജ്യം നെഹ്‌റുവില്‍ നിന്നും മോദിയിലെത്തി എന്ന യാഥാര്‍ത്ത്യം നിലനില്‍ക്കുമ്പോഴും സ്വാതന്ത്ര്യപ്രാപ്തിക്കുശേഷം ജനാധിപത്യത്തിന്റേതായ വന്‍മുന്നറ്റങ്ങളും ഇവിടെ നടന്നിട്ടുണ്ട് എന്നതു മറക്കാനാവില്ല. ഏറ്റവും പ്രധാനം മുകളില്‍ സൂചിപ്പിച്ച അടിയന്തരാവസ്ഥക്കുശേഷം നടന്ന തെരഞ്ഞെടുപ്പുതന്നെ. ഏറെ ചര്‍ച്ച ചെയ്യപ്പെട്ടതായതിനാല്‍ വിശദാംശങ്ങലിലേക്കു കടക്കുന്നില്ല. ഏകപാര്‍ട്ടി ഭരണത്തിനും ഭരണത്തുടര്‍ച്ചക്കും കുടുംബാധിപത്യത്തിനുമൊക്കെ താല്‍ക്കാലികമായെങ്കിലും അറുതി വരുത്താനായി എന്നതു ചെറിയ കാര്യമല്ല. അന്ന് ജനാധിപത്യചേരിയിലായിരുന്ന ഇന്നത്തെ ബിജെപി ഇപ്പോള്‍ ഫാസിസ്റ്റ് ചേരിയിലും അന്ന് ഫാസിസ്റ്റ് ചേരിയിലായിരുന്ന കോണ്‍ഗ്രസ്സ് ഇന്ന് ജനാധിപത്യചേരിയിലാണെന്നതും ചരിത്രത്തിന്റെ കാവ്യനീതിയായിരിക്കാം. അപ്പോഴും രണ്ടിനേയും ഒരുപോലെ കാണുന്നത് ശരിയല്ല. അന്നത്തെ കോണ്‍ഗ്രസ്സിനേക്കാള്‍ എത്രയോ ഭീകരമായ ഒന്നാണ് ഫാസിസത്തിന്റെ എല്ലാ ലക്ഷണങ്ങളും തികഞ്ഞ സംഘപരിവാര്‍ എന്നത് മറക്കാനാവില്ല.

ജനാധിപത്യത്തിന്റെ മറ്റൊരു സുന്ദരനിമിഷം മണ്ഡല്‍ കമ്മീഷന്‍ റിപ്പോര്‍ട്ട് നടപ്പാക്കാനുള്ള തീരുമാനമായിരുന്നു. സാമൂഹ്യനീതി എന്ന മനോഹരമായ മുദ്രാവാക്യമുയര്‍ത്തിപിടിച്ച ആ സന്ദര്‍ഭം രാജ്യത്തി നിരവധി പിന്നോക്ക – ദളിത് പ്രസ്ഥാനങ്ങളുടേയും പ്രാദേശിക പ്രസ്ഥാനങ്ങളുടേയും ഉദയത്തിനു കാരണമായി. തീര്‍ച്ചയായും ഈ രണ്ടു സന്ദര്‍ഭങ്ങളേയും തങ്ങളുടെ വളര്‍ച്ചക്കായി ഉപയോഗിക്കാനും ഫാസിസ്റ്റുകള്‍ക്കു കഴിഞ്ഞു എന്നതു മറക്കുന്നില്ല. ജനാധിപത്യത്തിന്റെ മറ്റൊരു സുന്ദര സന്ദര്‍ഭം പൗരത്വഭേദഗതിക്കും കര്‍ഷകനിയമങ്ങള്‍ക്കുമെതിരായ പോരാട്ടങ്ങളായിരുന്നു. ഇന്ത്യന്‍ ജനാധിപത്യവും മതേതരത്വവും അതിജീവിക്കുമെന്ന സന്ദേശമായിരുന്നു അവ നല്‍കിയത്.

ദി ക്രിട്ടിക് യു ട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഈ ദിശയിലുള്ള മറ്റൊരു സന്ദര്‍ഭമാണ് രാജ്യം ഇപ്പോള്‍ അഭിമുഖീകരിക്കുന്നത്. ആ വെല്ലുവിളി ഏറ്റെടുക്കാന്‍ അഭിപ്രായ ഭിന്നതകള്‍ പരമാവധി മാറ്റിവെച്ച് രാഷ്ട്രീയ പ്രസ്ഥാനങ്ങള്‍ മുന്നോട്ടുവന്നത് പ്രതീക്ഷ നല്‍കുന്നു. പലപ്പോഴും ആവര്‍ത്തിക്കപ്പെട്ടിട്ടുള്ള പോലെ ബഹുസ്വരതയാണ് ഇന്ത്യയുടെ മുഖമുദ്ര. അതാണ് ഇന്ത്യന്‍ ജനാധിപത്യത്തിന്റെ കരുത്ത്. അതിനെ ഹിന്ദുത്വ രാഷ്ട്രീയത്താല്‍ തകര്‍ക്കുക എന്നത് അത്ര എളുപ്പമല്ല. പ്രത്യേകിച്ചും ഈ ബഹുസ്വരതയെ സംരക്ഷിക്കുന്ന കരുത്തുറ്റ ഭരണഘടന നിലവിലുള്ളപ്പോള്‍. ഒപ്പം ഒരുപാട് അഭിപ്രായ ഭിന്നതകള്‍ ഉണ്ടായിരുന്നപ്പോഴും ഗാന്ധിയും നെഹ്‌റുവും അംബേദ്കറും പകര്‍ന്നു തന്നെ മഹത്തായ മൂല്യങ്ങള്‍ ഇപ്പോഴും പൂര്‍ണ്ണമായി ന,്ടപ്പെട്ട ഒരു ജനതയൊന്നുമല്ല നമ്മള്‍. അവരുടെ ഓര്‍മ്മകള്‍ ഇല്ലാതാക്കാനുും ചരിത്രത്തെയും വിദ്യാഭ്യാസത്തേയുമെല്ലാം അതനുസരിച്ച് മാറ്റിതീര്‍ക്കാനുമുള്ള ശ്രമങ്ങള്‍ ശക്തമായി നടക്കുന്നുണ്ടെങ്കിലും അതെല്ലാം എളുപ്പംം സാധ്യമാകുമെന്നു കരുതുന്നവര്‍ വിഡ്ഢികളുടെ മൂഢസ്വര്‍ഗ്ഗത്തിലാണ് കഴിയുന്നതെന്നുതന്നെ പറയേണ്ടിവരും. ജൂഡേഗാ ഭാരത്, ജീതേഗാ ഇന്ത്യ. അതെ, ഭാരതം ഒന്നാകും, ഇന്ത്യ വിജയിക്കും. അത് കാലത്തിന്റെ ആവശ്യമാണ്. ചരിത്രത്തിന്റെ അനിവാര്യതയാണ്.

സുഹൃത്തെ,
അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പന്ത്രണ്ടാം വര്‍ഷത്തേക്ക് കടക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2024 - 25 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.

The Critic, A/C No - 020802000001158,
Indian Overseas Bank,
Thrissur - 680001, IFSC - IOBA0000208
google pay - 9447307829
സ്നേഹത്തോടെ ഐ ഗോപിനാഥ്, എഡിറ്റര്‍, thecritic.in


ഞങ്ങളുടെ ഫേസ്ബുക് പേജ് ലൈക് ചെയ്യൂ..


Published On

Be the first to write a comment.

Leave a Reply