ജോജിയും മാക്‌ബെത്തും; പ്രതിഷ്ഠിക്കപ്പെടുന്ന മോഹങ്ങളുടെ ഡിസ്‌റ്റോപ്പിയ

കോവിഡ് കാലഘട്ടത്തില്‍ ഇറങ്ങിയ പല സിനിമകളും മാസ്‌കോ സാനിറ്റൈസറോ ഇല്ലാത്ത ഒരു ‘ഉട്ടോപ്യന്‍’ സമൂഹത്തെ നമ്മുടെ മുന്നിലേക്കെത്തിച്ചപ്പോള്‍ നമ്മുടെ സമൂഹത്തിന്റെ എല്ലാ ദുര്‍ബലതകളും ജോജി എന്ന സിനിമ എടുത്തുകാണിച്ചിട്ടുണ്ട്. റിയലിസ്റ്റിക് സിനിമകളുടെ വക്താവായ ദിലീഷ് പോത്തന്റെ ഒരു ബ്രില്ല്യന്‍സ് തന്നെയാണ് ഈ കാലഘട്ടത്തിന്റെ അടയാളപ്പെടുത്തലില്‍ പ്രകടമാകുന്നത്.

ഇംഗ്ലീഷ് സാഹിത്യത്തിന്റെ ചരിത്രത്തില്‍ തന്നെ ഏറ്റവും വലിയ പങ്കു വഹിച്ച, ഇന്നും വലിയ പങ്കുവഹിക്കുന്ന മഹാപ്രതിഭാസങ്ങളില്‍ ഒന്നാണ് പതിനേഴാം നൂറ്റാണ്ടില്‍ ജീവിച്ചിരുന്ന ബ്രിട്ടീഷ് നാടകകൃത്തായ വില്യം ഷേക്‌സ്പിയര്‍. ഭാഷാശൈലിയോ, നാടകീയതയുടെ അന്തരംഗങ്ങളിലേക്ക് ഒരോ കാഴ്ചക്കാരനെയും വായനക്കാരനെയും നയിക്കാനുള്ള കഴിവോ മാത്രമല്ല, മറിച്ച് പതിനേഴാം നൂറ്റാണ്ടില്‍ അദ്ദേഹം എഴുതിയ പല നാടകങ്ങളും കാലാതീതമായതായിരുന്നു എന്നതാണ് ഷേക്‌സ്പിയറെ ലോകം കണ്ടതില്‍ വെച്ച് ഏറ്റവും വലിയ നാടകകൃത്താക്കുന്നത്. മാക്‌ബെത്ത് എന്ന പേരിലുള്ള ഷേക്‌സ്പിയറിന്റെ വിശ്വവിഖ്യാതമായ നാടകത്തിന്റെ കഥാതന്തു ഇന്ന് എത്തിനില്‍ക്കുന്നത് ശ്യാം പുഷ്‌ക്കരന്‍ എഴുതി, ദിലീഷ് പോത്തന്‍ സംവിധാനം ചെയ്ത്, ഫഹദ് ഫാസില്‍ പ്രധാനവേഷത്തില്‍ അഭിനയിച്ച ‘ജോജി’ എന്ന സിനിമയിലാണ്.

മാക്‌ബെത്ത് ഒരു ദുരന്ത നാടകമാണ്. ഡങ്കന്‍ എന്ന സ്‌കോട്‌ലാന്‍ഡിലെ രാജാവിന്റെ സൈന്യാധിപനായ മാക്‌ബെത്ത്, താന്‍ രാജാവാകുമെന്ന മൂന്ന് മന്ത്രവാദിനികളുടെ അരുളപ്പാട് വിശ്വസിച്ച്, തന്റെ ഭാര്യയായ ലേഡി മാക്‌ബെത്തിന്റെ വാക്കുകളാല്‍ സ്വാധീനിക്കപ്പെട്ട്, ഡങ്കനേയും, എതിരായി വരുന്ന മറ്റ് പല കഥാപാത്രങ്ങളെയും വധിച്ച് സ്വന്തം നാശത്തിന് കാരണക്കാരനായ ഒരു ‘ട്രാജിക് ഹീറോ’ ആണ്. ആ ‘ഹീറോയിസം’ ഇന്ന് എത്തിനില്‍ക്കുന്നത് വളരെ തന്മയത്വമുള്ള, റിയലിസ്റ്റിക്കായ, ദുരന്തപര്യവസായിയായ ജോജി എന്ന സിനിമയിലാണ്.

ദി ക്രിട്ടിക് ഫേസ് ബുക്ക് പേജ് ലൈക്ക് ചെയ്യുക

സിനിമാരംഗത്തെ ഹീറോയിക് സങ്കല്പങ്ങളെ പൊളിച്ചെഴുതുന്ന ഒരു കഥാനായകനാണ് ജോജി. ഒന്നുമല്ലാത്തവന്റെ എന്തെങ്കിലുമാവാനുള്ള ദാഹമാണ് അയാള്‍. സമ്പത്തിനും, എരിഞ്ഞണഞ്ഞുപോയ വ്യക്തിത്വത്തിനും വേണ്ടിയുള്ള ദുര്‍ഘടമായ ഒരു തിരച്ചില്‍ അയാളെ മുന്നോട്ട് നയിക്കുന്നു. ഷേക്‌സ്പീയറിന്റെ മാക്‌ബെത്ത് തികച്ചും ഒരു ഹീറോയാണ്. ഗ്രീക്ക് ചിന്തകനായ അരിസ്‌റ്റോട്ടില്‍ അദ്ദേഹത്തിന്റെ ‘പോയെറ്റിക്‌സ്’ എന്ന പുസ്തകത്തില്‍ പരാമര്‍ശിക്കുന്ന ഒരു ‘ട്രാജിക് ഹീറോയുടെ’ എല്ലാ ഗുണങ്ങളും മാക്‌ബെത്തിലുണ്ട്. എന്നാല്‍ ജോജി ഇതില്‍ നിന്നും വ്യത്യസ്തമായ, പുതുമയേറിയ ഒരു ദുരന്താനുഭവമാണ് കാഴ്ചക്കാര്‍ക്ക് നല്‍കുന്നത്. രണ്ടും വ്യത്യസ്ത കോണുകളില്‍ നില്‍ക്കുന്ന കഥാതന്തുക്കളാണെങ്കിലും, അവയ്ക്ക് നമ്മില്‍ പലരും ജീവിച്ച, ഇന്നും ജീവിച്ചുകൊണ്ടിരിക്കുന്ന ഈ സമൂഹത്തെക്കുറിച്ചും, കുടുംബ സാഹചര്യങ്ങളെക്കുറിച്ചും ചിലത് പറയാനുണ്ട്. തീവ്രമായ ‘അഭിലാഷം’ ആണ് മാക്‌ബെത്തിനെയും ജോജിയെയും ദുരന്തത്തിലേക്കെത്തിക്കുന്നത്. സമ്പത്തിന് വേണ്ടിയും അതിന്മേലുള്ള അധികാരത്തിനുവേണ്ടിയും അവര്‍ നെട്ടോട്ടം ഓടുന്നു. അന്നം തന്ന കരങ്ങളാണോ, കൂടെപ്പിറപ്പാണോ, സുഹൃത്താണോ എന്നൊന്നും വകവെക്കാതെ തനിക്കെതിരായി വരുന്ന എല്ലാവരെയും മരണത്തിന് ഇരയാക്കുന്നു. മാക്‌ബെത്ത് എന്ന നാടകത്തിലെ അതി സൂക്ഷ്മമായ ചില അംശങ്ങള്‍ വളരെ നൈസര്‍ഗികമായ രീതിയില്‍ ഈ സിനിമയില്‍ ഉള്‍ക്കൊള്ളിച്ചിട്ടുണ്ട്. ജോജിയുടെ ബന്ധുവായ ഡോക്ടര്‍ ഫെലിസ്‌ക്‌സിന്റെ കഥാപാത്രം അവനെ ‘കോടീശ്വരാ’ എന്ന് വിളിക്കുന്നതും, ജോജിയുടെ ജ്യേഷ്ഠനായ ജെയ്‌സന്റെ ഭാര്യ ബിന്‍സിയുടെ സ്വാധീനവും മാക്‌ബെത്ത് എന്ന നാടകത്തിലെ മൂന്ന് മന്ത്രവാദിനികളേയും, ലേഡി മാക്‌ബെത്തിനേയും ഓര്‍മപ്പെടുത്തുന്നു. നാടകത്തിലെ പല കഥാപാത്രങ്ങളും ഈ സിനിമയിലൂടെ പൊളിച്ചെഴുതപ്പെടുമ്പോള്‍ രൂപഘടനം ചെയ്യപ്പെടുന്നത് കാലത്തോട് ചേര്‍ന്നുനില്‍ക്കുന്ന ചില പുതുമയേറിയ കഥാപാത്രങ്ങളാണ്. ജോജി പ്രതിഷ്ഠിക്കപ്പെടുന്നത് നാശം വിതക്കുന്ന ഒരു ‘ഡിസ്‌ടോപിയന്‍’ സമൂഹത്തിലാണ്.

കോവിഡ് കാലഘട്ടത്തില്‍ ഇറങ്ങിയ പല സിനിമകളും മാസ്‌കോ സാനിറ്റൈസറോ ഇല്ലാത്ത ഒരു ‘ഉട്ടോപ്യന്‍’ സമൂഹത്തെ നമ്മുടെ മുന്നിലേക്കെത്തിച്ചപ്പോള്‍ നമ്മുടെ സമൂഹത്തിന്റെ എല്ലാ ദുര്‍ബലതകളും ജോജി എന്ന സിനിമ എടുത്തുകാണിച്ചിട്ടുണ്ട്. റിയലിസ്റ്റിക് സിനിമകളുടെ വക്താവായ ദിലീഷ് പോത്തന്റെ ഒരു ബ്രില്ല്യന്‍സ് തന്നെയാണ് ഈ കാലഘട്ടത്തിന്റെ അടയാളപ്പെടുത്തലില്‍ പ്രകടമാകുന്നത്.

അര്‍ണോള്‍ഡ് വാന്‍ ജിന്നെപ് എന്ന ഫ്രഞ്ച് ചിന്തകന്‍ അദ്ദേഹത്തിന്റെ ‘റൈറ്റ്‌സ് ഡി പാസ്സേജ്’ എന്ന പുസ്തകത്തില്‍ ചര്‍ച്ച ചെയ്ത ‘ലിമിനാലിറ്റി’ (Liminality) എന്ന ആശയമാണ് ഈ സിനിമ നമ്മെ ഓര്‍മിപ്പിക്കുന്നത്. സമൂഹം ഒരു പ്രത്യേക ഘടനയില്‍ നിന്ന് ഒരു പുതിയ ഘടനയിലേക്ക് എത്തുമ്പോള്‍ ആ സഞ്ചാരത്തിന്റെ മധ്യത്തില്‍ ഉണ്ടാകുന്ന ഭ്രാന്തമായ, ക്രമരഹിതമായ അവസ്ഥയാണ് ‘ലിമിനലിറ്റി’. ജോജി കടന്നുപോകുന്നതും ഇങ്ങനെ ഒരു അവസ്ഥയിലൂടെയാണ്. പി.ക്കെ കുട്ടപ്പന്‍ പനച്ചേല്‍ എന്ന പനച്ചേല്‍ വീട്ടിലെ കുടുംബാധിപന്റെയും, അദ്ദേഹത്തിന്റെ മൂത്ത മകന്‍ ജോമോന്‍ പനച്ചേലിന്റെയും മരണത്തിന് ശേഷം മറ്റൊരു കുടുംബഘടന അവിടെ രൂപീകരിക്കപ്പെടുകയാണ്. മേല്പറഞ്ഞ മരണങ്ങള്‍ക്കും ജോജിയേപ്പറ്റിയുള്ള വെളിപ്പെടുത്തലുകള്‍ക്കും ശേഷം ഈ ഘടനയുടെ അവകാശം അവസാന ഘട്ടത്തില്‍ യഥാര്‍ത്ഥ അവകാശിയായ പോപ്പിക്കാകുമെന്ന് നമ്മള്‍ േ്രപക്ഷകര്‍ക്ക് ഊഹിക്കാവുന്നതേയുള്ളൂ. ഈ ഘടനാ വ്യതിയാനത്തിന്റെ ഇടയില്‍ ജോജി എന്ന കഥാപാത്രത്തിലുണ്ടായ സന്തുലിതാവസ്ഥയും, അത് ആ ചുറ്റുപാടിനുണ്ടാക്കിയ ഭ്രാന്തമായ മാറ്റങ്ങളുമാണ് ഈ ചിത്രത്തിലെ ‘ലിമിനലിറ്റി’. ഈ ആശയം എല്ലാ സമൂഹത്തിന്റെയും ഒരു അഭിവാജ്യ ഘടകമാണ്. ഇതേ ഭ്രാന്തമായ അവസ്ഥയാണ് മാക്‌ബെത്തിലും നമുക്ക് കാണാന്‍ കഴിയുന്നത്. മാക്‌ബെത്തിന്റെയും ജോജിയുടേയും രൂപകല്‍പനയില്‍ സമൂഹത്തിന്റെ പങ്ക് ചെറുതല്ല. സമൂഹം ഒരു മനുഷ്യനിലേക്ക് കുത്തിവെക്കുന്ന അനാവശ്യ അഭിലാഷങ്ങളാണ് ഇത്തരം കഥാപാത്രങ്ങള്‍ക്ക് ഒരു ഹേതുവാകുന്നത്. മാക്‌ബെത്തിലുണ്ടാകുന്ന ദീര്‍ഘദര്‍ശനങ്ങളെല്ലാം സമൂഹത്തിന്റെ വാക്കുകളായി നമുക്ക് കാണാം. ജോജിയിലും ഇതേ ക്രമം പ്രതിഫലിച്ചുനില്‍ക്കുന്നു. സിനിമയുടെ ആദ്യഘട്ടങ്ങളില്‍ ഡോക്ടര്‍ ഫെലിക്‌സിന്റെ ജോജിയെ പറ്റിയുള്ള അഭിപ്രായം അത്ര മികച്ചതല്ല. സമൂഹത്തിനോ കുടുംബത്തിനോ ഉപകാരമില്ലാത്ത, പിതാവിന്റെ അധീനതയില്‍ ജീവിക്കുന്ന, അടിച്ചമര്‍ത്തപ്പെട്ട, വ്യക്തിത്വം നഷ്ടപെട്ട ഒരു കഥാപാത്രമാണ് ജോജി. മാക്‌ബെത്ത് അതില്‍ നിന്നും വ്യത്യസ്തനായിരുന്നു. അദ്ദേഹത്തിന് ഇനിയും പദവിയും സമ്പത്തും വേണം എന്ന അതിമോഹം ആയിരുന്നെങ്കില്‍, എല്ലാമുണ്ടായിട്ടും ഓച്ഛാനിക്കേണ്ടി വരുന്നവന്റെ രോഷമാണ്
ജോജിക്ക്. അടിച്ചമര്‍ത്തപ്പെടുന്നതിന്റെ രോഷം ഈ ചിത്രത്തിലെ മറ്റുപല കഥാപാത്രങ്ങളിലും കാണാവുന്നതാണ്. എന്നാല്‍ ജോജി എന്ന കഥാപാത്രം ഇത് കൈകാര്യം ചെയ്യുന്നത് നിഷ്ഠൂരമായാണ്. താന്‍ ചെയ്ത കൊലപാതകങ്ങളില്‍ ജോജി വേദനിക്കുന്നുവെന്ന് ഒരിക്കലും തോന്നിയില്ല. ജോജിയെ സ്വാധീനിച്ച ബിന്‍സിയുടെ കഥാപാത്രം വളരെ നിസ്സംഗമായ രീതിയില്‍ പ്രതികരിക്കുമ്പോഴും ജോജിയുടെ മുഖത്ത് തന്റെ പിതാവിന്റെ മരണത്താലുണ്ടായ ഒരു ചെറു പുഞ്ചിരി നമുക്ക് കാണാം. തന്റെ പ്രതിബിംബത്തില്‍ നോക്കി അത് മാസ്‌കാല്‍ മറക്കുമ്പോഴും ഈ സത്യങ്ങള്‍ ഒരുപാട് കാലം മറച്ചുവെക്കാന്‍ സാധിക്കില്ലെന്ന് അയാളോര്‍ക്കുന്നില്ല. സ്വന്തം ജ്യേഷ്ഠനായ ജോമോന്‍ പനച്ചേലിനെ കൊല്ലുന്ന രംഗത്തിലൊക്കെ ജോജി ഒരു ഭ്രാന്തനായി മാറിക്കൊണ്ടിരിക്കുന്നത് പോലെയാണ് അനുഭവപ്പെട്ടത്. പിന്നീട് ആ കഥാപാത്രത്തെ കാണുമ്പോള്‍ േ്രപക്ഷക മനസ്സില്‍ ഉണ്ടാകുന്ന ഒരു ഭയമുണ്ട്. ഈ കൊലകള്‍ ഇനിയും തുടരുമോ എന്നൊരുല്‍കണ്ഠ. പിടിക്കപ്പെട്ടു എന്നറിഞ്ഞപ്പോള്‍ മരണത്തിലേക്ക് ഒളിച്ചോടിയ ഒരു നിസ്സഹായനാണ് ജോജി. മാക്‌ബെത്തിന്റെ ഭ്രാന്ത് അദ്ദേഹത്തെ കൂടുതല്‍ ധൈര്യവാനാക്കുകയും, കൂടുതല്‍ കൊലപാതകങ്ങള്‍ക്ക് പ്രേരിപ്പിക്കുകയും ചെയ്യുമ്പോള്‍, ജോജിയുടെ ഭ്രാന്ത് കോടതിയും, ചട്ടങ്ങളും, ക്രമങ്ങളുമൊക്കെയുള്ള ഇരുപത്തിയൊന്നാം നൂറ്റാണ്ടിന്റെ ഭാഗമാണ്. മരണത്തോടടുക്കുന്ന സമയം അയാള്‍ യാഥാര്‍ഥ്യത്തിലേക്ക് അടുക്കുന്നപോലെയാണ് തോന്നപ്പെട്ടത്. നാമെല്ലാം ദുര്‍ഘടമായ യാഥാര്‍ഥ്യത്തിന്റെ ഭാഗങ്ങളാണെന്നും, ആ യാഥാര്‍ഥ്യത്തില്‍ നിന്നും നമുക്ക് ഒളിച്ചോടാന്‍ സാധിക്കില്ലെന്നുമുള്ള സത്യം ഈ ചിത്രം വരച്ചുകാട്ടുന്നു. എങ്കിലും അയാളുടെ കണ്ണുകള്‍ക്ക് അവസാനം വരെ എന്തോ സംവദിക്കാനുള്ളതുപോലെ തോന്നി. ജോജി ഒരിക്കലും മരിക്കുന്നില്ല, കണ്ണുകള്‍ മാത്രം അനക്കാന്‍ സാധിക്കുന്ന ഒരു ജീവച്ഛവമായി മാറുകയാണ്.

ആശുപത്രിയില്‍ വെച്ച് വിചാരണ ചെയ്യപ്പെടുമ്പോഴും താനാണ് കൊലപാതകി എന്ന് അയാള്‍ സമ്മതിക്കുന്നില്ല. പ്രതീക്ഷയോടെ ജോജി ഉറ്റുനോക്കുന്നത് തന്നെ വീര്‍പ്പുമുട്ടിച്ചുകൊണ്ടിരുന്ന ആ വീട്ടിലെ സ്വന്തം ഇടുങ്ങിയ മുറിയിലേക്കാണ്. പിന്നീട് ആ വീടിന്റെ പല ഭാഗങ്ങളിലേക്ക് ആ കണ്ണുകള്‍ ചലിക്കുന്നു. അങ്ങിനെ അവ പച്ചപ്പിന്റെ നിശ്ശബ്ദതയിലേക്ക് ചേക്കേറുന്നു. ജോജി ആഗ്രഹിച്ച സ്വാതന്ത്ര്യത്തിന്റെ അവസാന കണികയാവുമത്. പ്രതീക്ഷയുടെ ഭ്രാന്തമായ പച്ചപ്പിലേക്ക് അവന്‍ ആഴ്‌നിറങ്ങിയത് പോലെ ആ ദൃശ്യങ്ങള്‍ തോന്നിപ്പിച്ചു.

‘ഫോര്‍ഷാഡോവിങ്ങ്’ എന്നറിയപ്പെടുന്ന, വരാനിരിക്കുന്ന സന്ദര്‍ഭങ്ങളെ മുന്‍കൂട്ടി കാണിക്കുന്ന രീതിയിലുള്ള ഒരു രൂപരേഖയിലാണ് ഈ ചിത്രം മുന്നോട്ട് പോകുന്നത്. ഇത് മാക്‌ബെത്തിലെയും ഒരു മുഖ്യ ഘടകമായിരുന്നു. ചിത്രം തുടങ്ങുന്നത് തന്നെ മലകള്‍ താണ്ടി വന്ന് ഒരാള്‍ പോപ്പിക്ക് എയര്‍ഗണ്‍ എത്തിക്കുന്ന രംഗത്തിലാണ്. അതെ രംഗത്തില്‍ തന്നെയാണ് ‘ജോജി’ എന്ന ചിത്രത്തിന്റെ പേരെഴുതി കാണിക്കുന്നതും. ചൂണ്ടയും, ഗുളികയും, എയര്‍ഗണ്ണുമൊക്കെ ആ തലക്കെട്ടില്‍ തന്നെ ഒളിഞ്ഞുകിടപ്പുണ്ട്. അതിലുപരി, സിനിമയിലെ ദുരന്തത്തിന്റെ ചലനത്തിന് നിര്‍ണായകമായ ഒരു പങ്ക് ഈ എയര്‍ഗണ്‍ വഹിച്ചിട്ടുണ്ട്.

‘ചെക്കോവ്‌സ് ഗണ്‍’ എന്ന നാടകീയമായ റഷ്യന്‍ തത്വം ഇവിടെ ശബ്ദാര്‍ത്ഥപ്രകാരമായിത്തന്നെ വിനിയോഗിച്ചിട്ടുണ്ട്. അതുപ്രകാരം, ഒരു കഥയില്‍ വരുന്ന ചെറു കണികകള്‍ പോലും ആ കഥക്ക് ആവശ്യമായതാണെന്നും, അനാവശ്യമായ ഘടകങ്ങളൊന്നും ഒരു കഥയില്‍ ഉള്‍കൊള്ളിക്കില്ലെന്നുമാണ് പറയപ്പെടുന്നത്. ഇതുതന്നെയാണ് നമുക്ക് ഈ സിനിമയിലും വായിച്ചെടുക്കാന്‍ സാധിക്കുന്നത്. എയര്‍ഗണ്ണും, ചൂണ്ടയും അങ്ങിനെ വിനിയോഗിച്ചിരിക്കുന്ന മറ്റുപല വസ്തുക്കള്‍ക്കും പ്രത്യക്ഷമായതും പ്രതീകാത്മകവുമായ അര്‍ത്ഥതലങ്ങളുണ്ട്. ഇതുപോലെയുള്ള ശാസ്ത്രീയവും പ്രാചീനവുമായ പല സാഹിത്യപ്രയോഗങ്ങളും ഈ സിനിമയില്‍ ഉപയോഗിച്ചതുപോലെ തോന്നി. ഷേക്‌സ്പിയറിന്റെ മാക്‌ബെത്തിന്റെയും, കെ ജി ജോര്‍ജ് എഴുതി സംവിധാനം ചെയ്ത് 1985ല്‍ പുറത്തിറങ്ങിയ ഇരകള്‍ എന്ന സിനിമയുടെയും, കൂടത്തായി കൂട്ടക്കൊലകളുടേയുമെല്ലാം പ്രചോദനത്തില്‍നിന്നും ഉത്ഭവിക്കപ്പെട്ട ഈ സിനിമ നമ്മെ വളരെയധികം ചിന്തിപ്പിക്കുന്ന ഒരു ദൃശ്യാനുഭവമാണ്. ജോജിയെ ഇവക്കെല്ലാമുപരി മാക്‌ബെത്തുമായി കൂട്ടിവായിക്കാന്‍ എന്നെ േ്രപരിപ്പിച്ച ചില പ്രധാന ഘടകങ്ങളുണ്ട്. ഇരകളിലെ ബേബി എന്ന കഥാപാത്രം മനഃശാസ്ത്ര സംബന്ധമായ ബുദ്ധിമുട്ടുകളും, അക്രമങ്ങളെക്കുറിച്ചുള്ള ഭ്രമചിത്തമായ ചിന്തകളുമുള്ള ഒരാളാണ്. ബേബിയിലൂടെ അതുമെല്ലെ വളര്‍ന്നുകൊണ്ടിരുന്നു. ജോജി എന്ന സിനിമയിലെ കുടുംബ പശ്ചാത്തലം കുറേയൊക്കെ ഇരകളിലേതുപോലെ തോന്നപ്പെട്ടുവെങ്കിലും ജോജി ഒരിക്കലും ഒരു സമൂഹ്യവിരുദ്ധനായ കഥാപാത്രത്തിനെ പോലെ ആദ്യമൊന്നും തോന്നിയിരുന്നില്ല. ജോജിയുടെ ചെയ്തികള്‍ ഒരിക്കലും േ്രപക്ഷകന് ന്യായീകരിക്കാന്‍ സാധിക്കുന്നവയുമല്ല. എന്നിരുന്നാലും, മാക്‌ബെത്തിന് വിപരീതമായി ഒരുപാട് അടിച്ചമര്‍ത്തലുകള്‍ സ്വേച്ഛാധിപതിയായ സ്വന്തം അച്ഛനില്‍ നിന്നുതന്നെ നേരിടേണ്ടി വന്നവനാണ് ജോജി.

ദി ക്രിട്ടിക് യു ട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

സാമൂഹ്യമാധ്യമങ്ങളുടെ പങ്ക് ജോജിയില്‍ ചെറുതല്ല. എങ്ങനെ കൊലപാതകം നടത്താമെന്നും, തന്റെ മൂത്ത ജ്യേഷ്ഠന്റെ മരണത്തിന്റെ കുറ്റാന്വേഷണങ്ങളെ കുറിച്ചുമെല്ലാം ജോജി അറിയുന്നത് സാമൂഹ്യ മാധ്യമങ്ങളിലൂടെയാണ്. സാമൂഹ്യ മാധ്യമങ്ങള്‍ മനുഷ്യനുവേണ്ടി വിസ്മയത്തിന്റെയും പുതിയ അറിവുകളുടെയും വാതിലുകള്‍ തുറന്നുപിടിക്കുമ്പോള്‍ ഇതിനുള്ളില്‍ ഒളിഞ്ഞിരിക്കുന്ന ഇരുട്ടില്‍ മുങ്ങിപ്പോകുന്ന ചിലരുണ്ട്. സ്വന്തം ജീവിതത്തെ മറ്റൊന്നിനോടുപമിച്ച് ത്രാസില്‍ തൂക്കി നോക്കുന്നതുപോലെ. സാമൂഹ്യ മാധ്യമങ്ങളാവാം ജോജിയുടെ സമൂഹം. അതിനാല്‍ തന്നെയാണ് ആ സമൂഹത്തെ അവന്റെ മരണമൊഴിയിലൂടെ അവന്‍ തൂക്കിലേറ്റുന്നതും.

എങ്കിലും സമൂഹത്തെയോ കുടുംബത്തെയോ മാത്രം ഇവിടെ കുറ്റപ്പെടുത്താന്‍ സാധിക്കില്ല. മാക്‌ബെത്തിലെ പോലെ തന്നെ ജോജിയിലും അതിമോഹങ്ങള്‍ക്കും അധികാരങ്ങള്‍ക്കുമായുള്ള ഒരു അടങ്ങാത്ത തൃഷ്ണ എടുത്തുകാണിക്കുന്നുണ്ട്. മാക്‌ബെത്തും ജോജിയും ഒന്നിക്കുന്ന തട്ടകത്തില്‍ ഇരുവരും ഒരുപോലെ ഇരയുമാകുന്നു വേട്ടക്കാരനുമാകുന്നു.

പതിനേഴാം നൂറ്റാണ്ടിലെ എലിസിബെത്തന്‍ ഫ്യുഡല്‍ സങ്കല്പങ്ങളെ ഓര്‍മിപ്പിക്കുന്ന വിധമുള്ള ഒരു മാടമ്പിയാണ് പനച്ചേല്‍ കുട്ടപ്പന്‍. ഈ സാമൂഹിക രാഷ്ട്രീയ ചിന്താധാരകള്‍ ഇന്നും ഊട്ടിയുറപ്പിക്കപ്പെടാം എന്ന് ഈ ചിത്രം പറയാതെ പറയുന്നു. അടിച്ചമര്‍ത്തപ്പെട്ടവരുടേയും ആഗ്രഹങ്ങള്‍ നിഷേധിക്കപ്പെട്ടവരുടേയും നിശബ്ദ നിലവിളികള്‍ പനച്ചേല്‍ തറവാട്ടില്‍ മുഴങ്ങി കേള്‍ക്കാം. ഒരുപാട് ആത്മഭാഷണങ്ങളിലൂടെ ഷേക്‌സ്പിയര്‍ രൂപാന്തരം ചെയ്‌തെടുത്ത ലേഡി മാക്‌ബെത്ത് എന്ന അതിഗഹനമായ കഥാപാത്രം വളരെ ചുരുങ്ങിയ സംഭാഷണങ്ങിലൂടെയും, മുഖഭാവങ്ങളിലൂടെയും ബിന്‍സി ഗംഭീരമാക്കി. എല്ലാം തന്റെ കാല്‍കീഴിലാക്കണം എന്ന ബിന്‍സിയുടെ അതിമോഹം കെട്ടടങ്ങപ്പെടുമ്പോഴും ജോജി തന്റെ ഭ്രമങ്ങള്‍ക്ക് അടിമപ്പെട്ടുകൊണ്ടേയിരുന്നു. സാമ്രാജ്യം വെട്ടിപ്പിടിച്ചെന്ന ചിന്തയില്‍ സ്വന്തം പിതാവിനെ കൊന്ന ശേഷം ജോജി പ്രൗഢിയോടെ മലമുകളില്‍ നില്‍ക്കുന്ന രംഗമൊക്കെ രാജപദവിയേറിയ മാക്‌ബെത്തിനെ ഓര്‍മിപ്പിക്കുന്നതായിരുന്നു. മാക്‌ബെത്തിന്റെ അന്ത്യം സംഭവിക്കുന്ന കോട്ടപോലെ ശ്രദ്ധിക്കേണ്ടതാണ് ‘ജോജി’സ് പാലസ്’ എന്ന് വാതിലിന്മേല്‍ എഴുതിവെച്ച ജോജിയുടെ ഇടുങ്ങിയ മുറിയും.

ഈ രണ്ടു കഥാപാത്രങ്ങളും സ്വപ്നം കണ്ടതും, അത്യാശകളുടെ കൊട്ടാരങ്ങള്‍ പടുത്തുയര്‍ത്തിയതും എന്തിനുവേണ്ടിയാണോ, അതെല്ലാം നഷ്ടമായി അവസാനം ഒന്നുമില്ലാത്ത ദുരന്ത നായകന്മാരാകുന്നുണ്ട്. ഈ രണ്ട് ഇതിവൃത്തങ്ങളും വ്യത്യസ്ത ദിശകളില്‍ സഞ്ചരിക്കുന്നവയാണെങ്കിലും മാക്‌ബെത്ത് എന്ന നാടകത്തിന്റെ സത്ത് ഉള്‍കൊള്ളാന്‍ ഈ ചിത്രത്തിന് സാധിച്ചിട്ടുണ്ടെന്ന് നിസ്സംശയം പറയാം. മാക്‌ബെത്തും ജോജിയുമെല്ലാം ഈ സമൂഹത്തോട് എങ്ങനെ ആവണമെന്നോ,എങ്ങനെ ആവരുതെന്നോ, മാനുഷിക ധാര്‍മികതയെക്കുറിച്ചോ ഘോര ഘോരം പ്രസംഗിക്കാനുണ്ടെന്ന് തോന്നിയില്ല. മാക്‌ബെത്തും ജോജിയും സമൂഹത്തിന്റെ സ്വാര്‍ത്ഥതയുടെയും, അടിച്ചമര്‍ത്തലിന്റെയും, അധികാരക്രമങ്ങളുടേയുമെല്ലാം പൊളിച്ചെഴുത്താണ്. നമ്മുടെയെല്ലാം പച്ചയായ ജീവിതത്തില്‍ നിശ്ശബ്ദമായി ഒളിഞ്ഞുകിടക്കുന്ന അന്ധകാരത്തിന്റെയും, ഉന്മാദത്തിന്റെയും മാറ്റൊലി പോലെ…

(ലേഖിക ഹൈദരാബാദ് ഇഫ്‌ളുവിലെ വിദ്യാര്‍ത്ഥിനിയാണ്)

സുഹൃത്തെ,
അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പന്ത്രണ്ടാം വര്‍ഷത്തേക്ക് കടക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2024 - 25 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.

The Critic, A/C No - 020802000001158,
Indian Overseas Bank,
Thrissur - 680001, IFSC - IOBA0000208
google pay - 9447307829
സ്നേഹത്തോടെ ഐ ഗോപിനാഥ്, എഡിറ്റര്‍, thecritic.in


ഞങ്ങളുടെ ഫേസ്ബുക് പേജ് ലൈക് ചെയ്യൂ..


Published On

Category: Cinema | Tags: , , , | Comments: 0 |

'ക്രിട്ടിക്കില്‍ പ്രസിദ്ധീകരിക്കുന്ന ലേഖനങ്ങള്‍ ലേഖകരുടെ അഭിപ്രായങ്ങളാണ്.. അവ പൂര്‍ണ്ണമായും ക്രിട്ടിക്കിന്റെ അഭിപ്രായങ്ങളാകണമെന്നില്ല - എഡിറ്റര്‍'

Be the first to write a comment.

Leave a Reply