ജനഗണമനയും പുഴുവും – കാലത്തിന്റെ രാഷ്ട്രീയ സിനിമകള്‍

കമ്യൂണിസ്റ്റ് പ്രസ്ഥാനത്തിനു ആധിപത്യമുള്ളതും ഗാന്ധി, അംബേദ്കര്‍, ലോഹ്യ തുടങ്ങിയവരുടെ ചിന്തകളെയും സാമൂഹ്യനീതി, സ്വത്വബോധം, ലിംഗനീതി തുടങ്ങിയ ആശയങ്ങളേയുമൊക്കെ തടഞ്ഞുനിര്‍ത്താന്‍ പരമാവധി ശ്രമിക്കുന്ന ഒന്നാണല്ലോ നമ്മുടെ മുഖ്യധാരാ രാഷ്ട്രീയം. സ്വാഭാവികമായും അതിന്റെ പ്രതിഫലനം സിനിമയിലും സാഹിത്യത്തിലും കലയിലുമൊക്കെ കാണാതിരിക്കില്ല. ഈ പറഞ്ഞ ആശയങ്ങളെ സ്വാശീകരിച്ച ഗംഭീരമെന്നു പറയാവാവുന്ന നിരവധി സിനിമകള്‍ പല ഭാഷകളിലുമുണ്ടായിട്ടും മലയാളത്തിലിത്തരം മുന്നേറ്റം ഇനിയുമുണ്ടായെന്നു പറയാനാകില്ല. അവിടെയാണ് ഈ സിനിമകള്‍ പ്രസക്തമാകുന്നത്.

രാഷ്ട്രീയസിനിമകള്‍ തീരെ ഉണ്ടാകാത്ത ഒന്നാണ് മലയാള സിനിമാ രംഗം എന്നു പറഞ്ഞാല്‍ ശരിയാകില്ല. രാഷ്ട്രീയം പ്രമേയമാക്കിയ പല രീതിയിലുള്ള സിനിമകള്‍ ഇവിടെ ഉണ്ടായിട്ടുണ്ട്. പൈങ്കിളി വിപ്ലവ രാഷ്ട്രീയ സിനിമകള്‍ എന്നു വിളിക്കാവുന്നവയാണ് അവയില്‍ പലതും. ലാല്‍സലാം, സ്റ്റാലിന്‍ ശിവദാസ്, അറബികഥ, മെക്‌സിക്കന്‍ അപാരത, സഖാവ്, വണ്‍ എന്നിങ്ങനെ ആ പട്ടിക നീളുന്നു. ആദ്യകാലത്തെ കമ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്റെ വളര്‍ച്ചയുടെ കാലത്ത് പുറത്തുവന്ന തുലാഭാരം, പുന്നപ്ര വയലാര്‍, മൂലധനം, നിങ്ങളെന്നെ കമ്യൂണിസ്റ്റാക്കി പോലുള്ളവക്ക് സ്വാഭാവികമായും സിനിമയുടെ ബാലാരിഷ്ടതകള്‍ ഉണ്ടായിരുന്നു. ആ നിരയില്‍ പിന്നീടുവന്ന മെച്ചപ്പെട്ട സിനിമകളാണ് മുഖാമുഖം, മീനമാസത്തിലെ സൂര്യന്‍ തുടങ്ങിയവ. അതേ സമയം നക്‌സല്‍ പ്രസ്ഥാനം സൃഷ്ടിച്ച ഇടിമുഴക്കം സിനിമയിലും പ്രതിഫലിച്ചു. കബനിനദി ചുവന്നപ്പോള്‍, അമ്മ അറിയാന്‍, പിറവി, ഇത്തിരിപ്പൂവേ ചുവന്ന പൂവേ, ആരണ്യകം, പഞ്ചാഗ്നി, തലപ്പാവ് , ഗുല്‍മോഹര്‍, പട എന്നിങ്ങനെ ഈ പട്ടികയും നീളുന്നു. തീര്‍ച്ചയായും ഈ പട്ടികയില്‍ കലാമൂല്യവും കച്ചവട മൂല്യവും ഒന്നിച്ച പല സിനിമകളുമുണ്ട് എന്നതില്‍ സംശയമില്ല. അപ്പോഴും രാഷ്ട്രീയ സിനിമകളില്‍ മലയാളം വളരെ പുറകിലാണെന്നു തന്നെയാണ് പൊതുവില്‍ പറയാനാകുക.

കമ്യൂണിസ്റ്റ് പ്രസ്ഥാനത്തിനു ആധിപത്യമുള്ളതും ഗാന്ധി, അംബേദ്കര്‍, ലോഹ്യ തുടങ്ങിയവരുടെ ചിന്തകളെയും സാമൂഹ്യനീതി, സ്വത്വബോധം, ലിംഗനീതി തുടങ്ങിയ ആശയങ്ങളേയുമൊക്കെ തടഞ്ഞുനിര്‍ത്താന്‍ പരമാവധി ശ്രമിക്കുന്ന ഒന്നാണല്ലോ നമ്മുടെ മുഖ്യധാരാ രാഷ്ട്രീയം. സ്വാഭാവികമായും അതിന്റെ പ്രതിഫലനം സിനിമയിലും സാഹിത്യത്തിലും കലയിലുമൊക്കെ കാണാതിരിക്കില്ല. ഈ പറഞ്ഞ ആശയങ്ങളെ സ്വാശീകരിച്ച ഗംഭീരമെന്നു പറയാവാവുന്ന നിരവധി സിനിമകള്‍ പല ഭാഷകളിലുമുണ്ടായിട്ടും മലയാളത്തിലിത്തരം മുന്നേറ്റം ഇനിയുമുണ്ടായെന്നു പറയാനാകില്ല. ഉദാഹരണമായി ദളിത് സിനിമകള്‍ എന്നു വിശേഷിപ്പിക്കാവുന്ന സിനിമകള്‍ മറാഠിയില്‍ വ്യാപകമായി പ്രത്യക്ഷപ്പെടുകയും പിന്നീടവ തമിഴ് നാട്ടിലേക്ക് വ്യാപിക്കുകയും ചെയ്തിരിക്കുകയാണല്ലോ. ആ സംസ്ഥാനങ്ങളിലെ രാഷ്ട്രീയ ചരിത്രം തന്നെയാണ് സമകാലിക ലോകത്ത് ഏറ്റവും പ്രസക്തമായ ഇത്തരം വിഷയങ്ങള കേന്ദ്രീകരിച്ച ഈ സിനിമകള്‍ക്ക് കാരണം. അവയാകട്ടെ വന്‍തുക ചിലവഴിച്ചും വന്‍താരങ്ങളെ അണിനിരത്തിയും തന്നെ നിര്‍മ്മിക്കുന്നു എന്നതാണ് പ്രധാനം. പാ രഞ്ജിത്തിനേയും വെട്രിമാരനേയും പോലുള്ള സംവിധായകരുടെ കാര്യം പ്രത്യേകം പറയണം. തമിഴ് നാട്ടിലും മറ്റും ഈ മാറ്റം നടക്കുമ്പോള്‍ മലയാള സിനിമ സവര്‍ണ്ണ – പുരുഷ ബിംബങ്ങളില്‍ അഭിരമിക്കുകയായിരുന്നു. സിനിമക്കകത്തും മാത്രമല്ല, സിനിമക്കു പുറത്തെയും അവസ്ഥ നടിയെ അക്രമിച്ച സംഭവത്തോടെ കൂടുതല്‍ വ്യക്തതയോടെ പുറത്തുവന്നല്ലോ. കമ്യൂണിസ്റ്റ് – നക്‌സലൈറ്റ് രാഷ്ട്രീയ സിനിമകളാകട്ടെ അപ്രസക്തമാകുകയും ചെയ്തു.

തീര്‍ച്ചയായും ഡോ ബിജു, സനല്‍ കുമാര്‍ ശശിധരന്‍ തുടങ്ങി അപൂര്‍വ്വം ചിലര്‍ ഈ ദിശയില്‍ ചില ശ്രമങ്ങള്‍ നടത്തി. എന്നാല്‍ അവരുടേത് കേവലം സമാന്തരമേഖലയിലെ പരീക്ഷണങ്ങളായി മാറുകയായിരുന്നു. ഇത്തരം സാഹചര്യത്തിലാണ് അടുത്തയിടെ പ്രേക്ഷകരിലെത്തിയ ജനഗണമന, പുഴു എന്നീ സിനിമകള്‍ ശ്രദ്ധേയമാകുന്നത്. സമകാലിക ഇന്ത്യന്‍ രാഷ്ട്രീയത്തില്‍ ഏറെ പ്രസക്തമായ ദളിത് പീഡനം, മുസ്ലിം അപരവല്‍ക്കരണം, ലിംഗനീതി പോലുള്ള വിഷയങ്ങളാണ് രണ്ടു സിനിമകളുടേയും പ്രമേയം. ജനഗണമന ഇതെല്ലാം വിശാലമായ രാഷ്ട്രീയ കാന്‍വാസില്‍ കൈകാര്യം ചെയ്യുമ്പോള്‍ പുഴുവിലത് കുടുംബ – മാനസിക പശ്ചാത്തലമാണ്. ഇരുസിനിമകളും സമാന്തരസിനിമകള്‍ എന്ന ഗണത്തില്‍ പെടാതെ മുഖ്യധാരയില്‍ തന്നെ പ്രദര്‍ശിപ്പി്ക്കുന്നു എന്നതാണ് പ്രധാനം. ഒന്ന് തിയറ്ററുകളിലും രണ്ടാമത്തേത് ഒ ടി ടി പ്ലാറ്റ് ഫോമിലുമാണെന്നു മാത്രം.

ദി ക്രിട്ടിക് ഫേസ് ബുക്ക് പേജ് ലൈക്ക് ചെയ്യുക

ഹൈദരാബാദ് കേന്ദ്രസര്‍വ്വകലാശാലയില്‍ ഇന്‍സ്റ്റിട്യൂഷണല്‍ കൊലക്കു വിധേയനായ രോഹിത് വെമുലയേയും അല്ലെങ്കില്‍ ചെന്നൈ ഐ ഐ ടിയില്‍ ആത്മഹത്യ ചെയ്ത ഫാത്തിമയേയും അതുമല്ലെങ്കില്‍ ഗാന്ധി സര്‍വ്വകലാശാലക്കുമുന്നില്‍ സമരം ചെയ്ത ദീപാ പി മോഹനനേയും ഓര്‍മ്മിപ്പിക്കുന്ന, കേന്ദ്രസര്‍വ്വകലാശാലയിലെ വിദ്യാര്‍ത്ഥിനിയുടെ മരണവുമായി ബന്ധപ്പെട്ടാണ് ജനഗണമന പുരോഗമിക്കുന്നത്. സംഭവം നടക്കുന്നത് ദക്ഷിണേന്ത്യയില്‍ എവിടേയോ ആണ്. അവളുടെ മരണത്തിനു ഏക കാരണം ജാതിയായിരുന്നു. അതിന്റെ പേരിലാണ് സവര്‍ണ്ണ പ്രൊഫസര്‍ അവുടെ ഗവേഷണത്തെ തടഞ്ഞത്. ആ വിഷയം ഏറ്റെടുത്ത് അവള്‍ക്ക് നീതിക്കായി പോരാടിയ യുവവനിതാ അധ്യാപികയാകട്ടെ കൊല്ലപ്പെടുന്നു. അതുമായി ബന്ധപ്പെട്ട രാജ്യമാകെ നടക്കുന്ന വിദ്യാര്‍ത്ഥികളുടേയും അല്ലാത്തവരുടേയും പ്രക്ഷോഭങ്ങളുടെ പശ്ചാത്തലത്തിലാണ് സിനിമ വികസിക്കുന്നത്. വസ്ത്രധാരണത്തില്‍ നിന്നു തീവ്രവാദികളെ തിരിച്ചറിയാമെന്ന പ്രസ്താവനക്കു മറുപടിയായി അതുവരെ തലമറക്കാതിരുന്ന വിദ്യാര്‍ത്ഥിനി തല മറച്ചുതന്നെ പ്രക്ഷോഭത്തിനു നേതൃത്വം നല്‍കുന്നു. ഹൈദരാബാദില്‍ നടന്ന ഒരു ബലാല്‍സംഗ സംഭവത്തിലെന്ന പോലെ, സിനിമയിലും പ്രതികളെന്നാരോപിക്കുന്നവരെ പോലീസ് വെടിവെച്ചുകൊല്ലുന്നു. കൊല്ലപ്പെടുന്നവര്‍ കോളനി നിവാസികള്‍ തന്നെ. ഈ സംഭവവികാസങ്ങളുമായി ബന്ധപ്പെട്ട് കോടതിയില്‍ നടക്കുന്ന കേസിലൂടെയാണ് കഥ വികസിക്കുന്നത്. കോടതിയിലെ പല രംഗങ്ങളും ജയ് ഭീമിനെ ഓര്‍മ്മിപ്പിക്കും.

ചിത്രത്തിലുടനീളം ആകാംക്ഷയും പിരിമുറുക്കവും നിലനിര്‍ത്താന്‍ സംവിധായകന്‍ ഡിജോ ജോസിനായി. ഡ്രൈവിംഗ് ലൈസസന്‍സിനെ ഓര്‍മ്മിപ്പിക്കുമാറ് പോലീസ് ഉദ്യോഗസ്ഥനായി സുരാജ് വെഞ്ഞാറമൂടും അഡ്വക്കേറ്റായി പൃഥീരാജും മത്സരിച്ചഭിനയിക്കുന്നു. അതേസമയം നായകര്‍ക്കും നായകനടന്മാര്‍ക്കുമൊക്കെ പ്രാധാന്യം കുറയുമോ എന്ന പതിവു ആശങ്ക സംവിധായകനുണ്ടായി എന്നു വേണം കരുതാന്‍. സിനിമയുടെ അവസാനഭാഗം അത്തരമൊരു പ്രതീതിയാണ് സൃഷ്ടിക്കുന്നത്. ആധുനിക കാല രാഷ്ട്രീയ സമസ്യകളോടും സവര്‍ണ്ണ ഫാസിസ്റ്റ് രാഷ്ട്രീയം ഉയര്‍ത്തുന്ന വെല്ലുവിളികളോടും വിദ്യാര്‍ത്ഥികളടക്കമുള്ള കേരളീയ സമൂഹം എത്ര ഉദാസീനമാണെന്നും മഹാരാജ് കോളേജ് രംഗങ്ങളീലൂടെ സംവിധായകന്‍ കാണിച്ചുതരുന്നു. അപ്പോഴും വിപ്ലവത്തെ കുറിച്ച് ഘോരഘോരം സംസാരിക്കുന്ന അധ്യാപകനെ കൊണ്ട് ചുംബനസമരത്തെ കളിയാക്കി സംസാരിപ്പിച്ചതിന്റെ ഉദ്ദേശം മനസ്സിലായില്ല.

ദി ക്രിട്ടിക് യു ട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

മുകളില്‍ സൂചിപ്പിച്ചപോലെ ഇതേപ്രമേയത്തെ കേരളത്തിലെ ഒരു സവര്‍ണ്ണ കുടുംബപശ്ചാത്തലത്തില്‍ അവതരിപ്പിക്കുകയാണ് പുഴുവില്‍ നവ സംവിധായിക രത്തീന ചെയ്യുന്നത്. പലപ്പോഴും അക്രമാസക്തമായി തീരാറുണ്ടെങ്കിലും കേരളത്തില്‍ സവര്‍ണ്ണമൂല്യങ്ങള്‍ കൂടുതല്‍ ശക്തമായി നിലനില്‍ക്കുന്നത് സാംസ്‌കാരികവും കുടുംബപരവും മാനസികവുമായ തലങ്ങളിലാണല്ലോ. ആ മൂല്യങ്ങള്‍ ആന്തരവല്‍ക്കരിച്ചിരിക്കുന്ന, സവര്‍ണ്ണനായ മുന്‍ പോലീസ് ഉദ്യോഗസ്ഥന്‍ കൂടിയായ, അന്തര്‍മുഖനായ കഥാപാത്രത്തെയാണ് മമ്മുട്ടി അവതരിപ്പിക്കുന്നത്. സഹോദരി, നാടക പ്രവര്‍ത്തകന്‍ കൂടിയായ ദളിതനെ വിവാഹം കഴിച്ചതോടെ ആ കുടുംബത്തിലുണ്ടാകുന്ന സംഭവങ്ങള്‍ കേരളത്തില്‍ അസംഭവ്യമല്ല. അവസാനം കേരളത്തില്‍ പലയിടത്തും നടന്ന ദുരഭിമാന ജാതികൊലയെന്നു വിളിക്കാവുന്ന സംഭവത്തിലേക്കുതന്നെ പുഴുവുമെത്തുന്നു. ഒരു പുഴുവായി വന്ന തക്ഷകന്‍ പരീക്ഷിത്ത് രാജാവിനോട് കണക്ക് തീര്‍ത്ത ഇതിഹാസത്തെയും സിനിമയില്‍ വിളക്കിചേര്‍ക്കുന്നു. മുമ്പ് തീവ്രവാദിയെന്നു മുദ്രയടിച്ച് ഇദ്ദേഹം ജയിലിലടച്ച മുസ്ലിം ചെറുപ്പക്കാരന്റെ മകനാണ് സിനിമയുടെ അന്ത്യത്തില്‍ ഇയാളെ കൊല്ലാനെത്തുന്നത്.

പ്രമേയത്തിലും അവതരണത്തിലും മാത്രമല്ല, സിനിമാബാഹ്യമായ പല കാരണങ്ങളാലും ഈ സിനിമ മലയാളസിനിമാ ചരിത്രത്തില്‍ വളരെ പ്രാധാന്യം അര്‍ഹിക്കുന്നു. മലയാള സിനിമാമേഖലയിലെ സമകാലിക സംഭവങ്ങളുമായി ബന്ധപ്പെട്ട് പരിശോധിക്കുമ്പോള്‍ മമ്മുട്ടി താരപരിവേഷം അഴിച്ചുവെച്ച് സാധാരണക്കാരനായി, നെഗറ്റീവ് കഥാപാത്രമായി അഭിനയിക്കുന്നതും ഒപ്പം പാര്‍വ്വതി തന്നെ പ്രധാനപ്പെട്ട കഥാപാത്രമായി വരുന്നതും സിനിമ സംവിധാനം ചെയ്യുന്നത് ഒരു വനിതയായതും വളരെ അര്‍ത്ഥതലങ്ങള്‍ ഉള്ളതാണ്. സിനിമയുടെ പ്രമോഷനുമായി നടന്ന പല ഇന്റര്‍വ്യൂകളിലും സിനിമാമേഖലയില്‍ ഇന്നു ചര്‍ച്ചാവിഷയങ്ങളായ പ്രധാനപ്പെട്ട വിഷയങ്ങളൊന്നും ചോദിക്കുന്നില്ല എന്ന പരാതിയുണ്ടെങ്കിലും ഈ കഥാപാത്രമായി അഭിനയിക്കുന്നതിലൂടെ മമ്മുട്ടി അവക്കു പോസറ്റീവ് ആയ മറുപടി നല്‍കുന്നു എന്നു തന്നെ പറയാം. അക്കാര്യത്തില്‍ മമ്മുട്ടി അഭിനന്ദനമര്‍ഹിക്കുന്നു. താനടക്കമുള്ളര്‍ കാലങ്ങളായി പറയുന്ന സത്യങ്ങളാണ് ഈ സിനിമയിലൂടെ ചിത്രീകരിച്ചിരിക്കുന്നതെന്ന പാര്‍വ്വതിയുടെ വാക്കുകള്‍ അര്‍ത്ഥഗര്‍ഭമാണ്. ചുരുക്കത്തില്‍ സമകാലിക ഇന്ത്യയോടും കേരളത്തോടുമുള്ള മികച്ച രാഷ്ട്രീയ – സാസ്‌കാരിക പ്രതികരണങ്ങളാണ് ജനഗണമനയും പുഴുവുമെന്ന് പറായാതിരിക്കാനാവില്ല….

സുഹൃത്തെ,
അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പന്ത്രണ്ടാം വര്‍ഷത്തേക്ക് കടക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2024 - 25 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.

The Critic, A/C No - 020802000001158,
Indian Overseas Bank,
Thrissur - 680001, IFSC - IOBA0000208
google pay - 9447307829
സ്നേഹത്തോടെ ഐ ഗോപിനാഥ്, എഡിറ്റര്‍, thecritic.in


ഞങ്ങളുടെ ഫേസ്ബുക് പേജ് ലൈക് ചെയ്യൂ..


Published On

Category: Cinema | Tags: , , , | Comments: 0 |

'ക്രിട്ടിക്കില്‍ പ്രസിദ്ധീകരിക്കുന്ന ലേഖനങ്ങള്‍ ലേഖകരുടെ അഭിപ്രായങ്ങളാണ്.. അവ പൂര്‍ണ്ണമായും ക്രിട്ടിക്കിന്റെ അഭിപ്രായങ്ങളാകണമെന്നില്ല - എഡിറ്റര്‍'

Be the first to write a comment.

Leave a Reply