ഇറ്റ്‌ഫോക്ക് : സാംസ്‌കാരിക നഗരം ഇനിയും വളരണം
അതേസമയം ഇറ്റ്‌ഫോക് ഈ നിലയില്‍ എത്രകാലം മുന്നോട്ടുപോകുമെന്നത് ചോദ്യചിഹ്നമാണ്. അഞ്ചോളം വേദികളിലായാണ് നാടകങ്ങള്‍ അവതരിപ്പിക്കുന്നത്. അതില്‍ സ്ഥിരം തിയറ്ററായ കെ ടി മുഹമ്മദ് ഓഡിറ്റോറിയത്തില്‍ മത്രമാണ് മാന്യമായി ഇരുന്ന് നാടകം കാണാനുള്ള സാഹചര്യമുള്ളത്. മറ്റെല്ലായിടത്തും അതിനുള്ള അവസരമില്ല. താല്‍ക്കാലികമായ സംവിധാനങ്ങള്‍ ആവശ്യമാകാം. അപ്പോഴും നടക്കുന്നത് ഒരു അന്താരാഷ്ട്ര നാടകോത്സവമാണെന്നും മറ്റു രാജ്യങ്ങളില്‍ നിന്നു വരുന്നവര്‍ക്ക് സൗകര്യമായി നാടകം അവതരിപ്പിക്കാനുള്ള അവസരമുണ്ടാകണമെന്നും പ്രേക്ഷകര്‍ക്കും മാന്യമായ രീതിയില്‍ ഇരിപ്പടം ഉണ്ടാക്കണമെന്നും സംഘാടകര്‍ ഓര്‍ക്കണം. പക്ഷെ അതു കാണുന്നില്ല
ഒന്നിക്കണം മാനവികത എന്ന സന്ദേശത്തെ മുന്‍നിര്‍ത്തിയായിരുന്നു കഴിഞ്ഞ 10 ദിവസങ്ങളിലായി തൃശൂരില്‍ പതിമൂന്നാമത് കേരള അന്താരാഷ്ട്ര നാടകോത്സവം സംഘടിപ്പിച്ചത്. വളരെ ആകര്‍ഷകമായ, എന്നാല്‍ സമകാലിക ലോകത്ത് തീര്‍ത്തും അമൂര്‍ത്തമായ, അപ്രായോഗികമായ ഒന്നാണ് ഈ സന്ദേശമെന്നത് വ്യക്തമാണ്. നിറത്തിന്റേയും വര്‍ണ്ണത്തിന്റേയും ജാതിയുടേയും മതത്തിന്റേയും വര്‍ഗ്ഗത്തിന്റേയും ലിംഗത്തിന്റേയുമൊക്കെ പേരില്‍ കടുത്ത വിവേചനം ഇപ്പോഴും നിലനില്‍ക്കുന്ന ലോകത്ത്, ഇപ്പോഴും ശക്തിയുള്ള രാഷ്ട്രങ്ങള്‍ ശക്തി കുറഞ്ഞ രാഷ്ട്രങ്ങളെ കടന്നാക്രമിക്കുമ്പോള്‍, അനന്തമായ പലായനം ഇപ്പോഴും തുടരുമ്പോള്‍ കാണാവുന്ന കിനാവു മാത്രമാണല്ലോ മാനവികത. നാടകോത്സവത്തിലെ പല നാടകങ്ങളും ഇത്തരത്തിലുള്ള വൈരുദ്ധ്യങ്ങളുടെ ആവിഷ്‌കാരങ്ങളുമായിരുന്നു. അപ്പോഴും ഏതൊരു കലാകാരനും, അല്ല ഏതൊരു മനുഷ്യനും കാണാന്‍ കഴിയുന്ന മനോഹരമായ സ്വപ്‌നം തന്നെയാണ് ഒന്നിക്കണം മാനവികത എന്നത് എന്ന കാര്യത്തില്‍ തര്‍ക്കമുണ്ടാകാനിടയില്ല. സംഘാടകര്‍ അവകാശപ്പെടുന്ന പോലെ തിയറ്റര്‍ എന്നത് പൗരത്വത്തിന്റേയും ദേശീയതയുടേയും വിലക്കുകളും വിലങ്ങുകളും ഇല്ലാത്ത സ്വതന്ത്ര റിപ്പബ്ലിക്കാണ്. എന്നാല്‍ വിലക്കുകളും വിലങ്ങുകളുമുള്ള ലോകത്ത് അതെത്രമാത്രം സാധ്യമാകുമെന്ന ചോദ്യം അവശേഷിക്കും.
പതിമൂന്നാമത് അന്താരാഷ്ട്ര നാടകോത്സവം സമാപിച്ചപ്പോള്‍ സ്വാഭാവികമായും ഉയരുന്ന ചോദ്യം കഴിഞ്ഞ 12 തവണകളായി നിരവധി അന്താരാഷ്ട്ര നാടകങ്ങള്‍ കണ്ടിട്ടും അത് കേരളത്തിലെ നാടകവേദിയെ ഗുണപരമായി എത്രമാത്രം സ്വാധീനിച്ചു എന്നതാകുമല്ലോ. തീര്‍ച്ചയായും ആദ്യകാലത്ത് ഗുണപരമായ സ്വാധീനത്തിന്റെ കുറെ നിഴലാട്ടങ്ങള്‍ കണ്ടിരുന്നു. എന്നാല്‍ ഇപ്പോള്‍ നമ്മുടെ യാത്ര പുറകോട്ടാണെന്നാണ് ഇത്തവണത്തെ നാടകോത്സവത്തില്‍ അവതരിപ്പിച്ച മലയാളം നാടകങ്ങള്‍ നല്‍കിയ സൂചന. അന്താരാഷ്ട്ര – ദേശീയ നാടകങ്ങളിലാകട്ടെ ചില മിന്നലാട്ടങ്ങള്‍ കണ്ടെങ്കിലും പല മുന്‍ ഫെസ്റ്റിവലിലും ഉണ്ടായപോലെ ബ്രഹ്മാണ്ഡനാടകം എന്നൊക്കെ പറയാവുന്ന ഒന്നും കണ്ടില്ല. അപ്പോഴും പല നാടകങ്ങളും മികച്ച രാഷ്ട്രീയ സന്ദേശം ഉള്‍ക്കൊണ്ടിരുന്നു. മറുവശത്ത് ഒരുപക്ഷെ ചിലവുചുരുക്കാനായിരിക്കാം, പല വിദേശനാടകങ്ങളും സോളോ പെര്‍പോമന്‍സായിരുന്നു താനും.
അതേസമയം ഇറ്റ്‌ഫോക് ഈ നിലയില്‍ എത്രകാലം മുന്നോട്ടുപോകുമെന്നത് ചോദ്യചിഹ്നമാണ്. അഞ്ചോളം വേദികളിലായാണ് നാടകങ്ങള്‍ അവതരിപ്പിക്കുന്നത്. അതില്‍ സ്ഥിരം തിയറ്ററായ കെ ടി മുഹമ്മദ് ഓഡിറ്റോറിയത്തില്‍ മത്രമാണ് മാന്യമായി ഇരുന്ന് നാടകം കാണാനുള്ള സാഹചര്യമുള്ളത്. മറ്റെല്ലായിടത്തും അതിനുള്ള അവസരമില്ല. താല്‍ക്കാലികമായ സംവിധാനങ്ങള്‍ ആവശ്യമാകാം. അപ്പോഴും നടക്കുന്നത് ഒരു അന്താരാഷ്ട്ര നാടകോത്സവമാണെന്നും മറ്റു രാജ്യങ്ങളില്‍ നിന്നു വരുന്നവര്‍ക്ക് സൗകര്യമായി നാടകം അവതരിപ്പിക്കാനുള്ള അവസരമുണ്ടാകണമെന്നും പ്രേക്ഷകര്‍ക്കും മാന്യമായ രീതിയില്‍ ഇരിപ്പടം ഉണ്ടാക്കണമെന്നും സംഘാടകര്‍ ഓര്‍ക്കണം. പക്ഷെ അതു കാണുന്നില്ല. പ്രേക്ഷകരെ സംബന്ധിച്ച് നാടകങ്ങള്‍ കണ്ടാല്‍ മാത്രം പോര, സബ് ടൈറ്റില്‍സ് വായിക്കുക കൂടിവേണം. അതിനുള്ള മിനിമം സൗകര്യം പോലും ഇല്ലാത്ത രീതിയിലാണ് നാടകവേദികള്‍ സൃഷ്ടിച്ചിരിക്കുന്നത്. മാത്രമല്ല, സ്വസ്ഥമായി ഇരിക്കാവുന്നതിന്റെ ഇരട്ടിയോളം പേരെ കയറ്റുകയും ചെയ്യുന്നു. പ്രേക്ഷകര്‍ കൂടുമ്പോള്‍ കൂടുതല്‍ അവതരണങ്ങള്‍ നടത്തുക എന്നല്ലാതെ നാടകം കാണല്‍ ഒരു ദുരിതമായി മാറ്റുകയല്ല വേണ്ടത്. പക്ഷെ അതാണ് നടന്നത്. അതിനു ന്യായീകരണമായി എല്ലാവരും ചേര്‍ന്നിരിക്കണം, ഒന്നിക്കണം മാനവികത എന്നൊക്കെ അനൗണ്‍സ് ചെയ്യുന്നതുപോലും കേട്ടു.
ദി ക്രിട്ടിക് ഫേസ് ബുക്ക് പേജ് ലൈക്ക് ചെയ്യുക
തീര്‍ച്ചയായും നാടകോത്സവമടക്കമുള്ള വന്‍പരിപാടികള്‍ തൃശൂരില്‍ മനോഹരമായി സംഘടിപ്പിക്കാനാകും. ഔദ്യോഗികമായ അക്കാദമികള്‍ സ്ഥിതി ചെയ്യുന്നതിനാലാണല്ലോ തൃശൂരിനെ സ്ാംസ്‌കാരികനഗരമെന്നു പറയുന്നത്. സാഹിത്യ അക്കാദമി, ലളിതകലാ അക്കാദമി, സംഗീത നാടക അക്കാദമി, സ്‌കൂള്‍ ഓഫ് ഡ്രാമ, കലാമണ്ഡലം, ഫൈനാര്‍ട്‌സ് കോളേജ് എന്നിവയൊക്കെ ഇവിടെയാണ്. അ്തിനാല്‍ തന്നെ നിരന്തരമായി സാംസ്‌കാരിക പരിപാടികള്‍ നടക്കുന്നു. പക്ഷെ അതിനുള്ള സൗകര്യങ്ങള്‍ കുറവാണ്. ഈ സാഹചര്യത്തിലാണ് ഏതാനും വര്‍ഷം മുമ്പ് സാംസ്‌കാരിക പ്രവര്‍ത്തകര്‍ ഒരു നിവേദനം സര്‍ക്കാരിനു സമര്‍പ്പിച്ചത്. മൂന്നു അക്കാദമികള്‍, മുണ്ടശ്ശേരി സ്മാരകം, രാമനിലയം, കെ ടി ഡി സി, ഫൈനാര്‍ട്‌സ് കോളേജ്. ടൗണ്‍ ഹാള്‍, പബ്ലിക് ലൈബ്രറി, ശക്തന്‍ പാലസ്, മ്യൂസിയം, ഇന്‍ഡോര്‍ സ്‌റ്റേഡിയം, പാലസ് ഗ്രൗണ്ട്, ബാലഭവന്‍ എന്നിവയെല്ലാം സ്ഥിതി ചെയ്യുന്നത് നഗരത്തിലെ പാലസ് റോഡിലും അതിനോടു ചേര്‍ന്നുമാണ്. ഇതിനു തൊട്ടടുത്താംണ് മൃഗശാല സ്ഥിതി ചെയ്യുന്നത്. അത് പുത്തൂരിലേക്ക് മാറ്റാനുള്ള തീരുമാനമെടുത്ത് വര്‍ഷങ്ങളായി. ഇതുവരേയും നടന്നില്ല. ഈ വര്‍ഷം നടക്കുമെന്നു ഉറപ്പായിട്ടുണ്ട്. അങ്ങനെ വരുമ്പോള്‍ നിരവധി വൃക്ഷങ്ങളാല്‍ സമൃദ്ധമായ ഇപ്പോള്‍ മൃഗശാല നില്‍ക്കുന്ന സ്ഥലം ഒരു കള്‍ച്ചറല്‍ കോംപ്ലേക്‌സ് ആക്കണമെന്നും പാലസ് റോഡിനെ കള്‍ച്ചറല്‍ റോഡ് എന്നു നാമകരണം ചെയ്യണമെന്നുമായിരുന്നു നിവേദനം. നിലവിലെ അന്തരീക്ഷം പരമാവധി സംരക്ഷിച്ച് നാടകാവതരണത്തിനും സിനിമ കാണിക്കാനും സെമിനാറുകള്‍ നടത്താനും ചിത്ര – ശില്‍പ്പ – പുസ്തക പ്രദര്‍ശനത്തിനും മറ്റുമായി അത്യാവശ്യം കെട്ടിടങ്ങള്‍ നിര്‍മ്മിക്കാം. ഇപ്പോള്‍ സ്ഥല പരിമിതി മൂലം വീര്‍പ്പുമുട്ടുന്ന പബ്ലിക് ലൈബ്രറിക്കും റീഡിങ്ങ് റൂമിനുമായി ഒരു കെട്ടിടവും നിര്‍മ്മിക്കാം.
നിവേദനം കൊടുത്ത് കാലം കുറച്ചായെങ്കിലും തീരുമാനമാകാത്തതിന്റെ പേരില്‍ വീണ്ടും നിവേദനം കൊടുക്കാനുള്ള നീക്കത്തിലാണ് സാംസ്‌കാരിക പ്രവര്‍ത്തകര്‍. എന്നാല്‍ പോസറ്റീവായ പ്രതികരണം ഉണ്ടാകുമോ എന്നു കാത്തിരുന്നു കാണേണ്ടിവരും. നഗരത്തില്‍നല്ല പച്ചപ്പുള്ള ഈ ഭാഗത്തെ നിരത്തിലേയും സ്ഥാപനങ്ങളിലേയും മരങ്ങള്‍ ഒരാവശ്യവുമില്ലാതെ വെട്ടിനിരത്താനുള്ള ശ്രമങ്ങളാണ് നിരന്തരമായി നടക്കുന്നത്. പലവട്ടം പരിസ്ഥിതി – സാംസ്‌കാരിക പ്രവര്‍ത്തകര്‍ ഇടപെട്ടാണവ തടഞ്ഞത്. എന്നിട്ടും നിരവധി വൃക്ഷങ്ങളുടെ തലയറുത്തു. ഈ നാടകോത്സവ സമയത്തുപോലും അതുണ്ടായി. അത്തരത്തിലുള്ള വ്യവസ്ഥാപിത സാംസ്‌കാരിക നായകരില്‍ നിന്നു ഇത്തരത്തിലുള്ള നീക്കമുണ്ടാകുമോ എന്നു കാത്തിരുന്നു കാണേണ്ടിവരും. പൊതു പരിപാടികളൊന്നുമില്ലാത്ത ദിവസം അഞ്ചുമണിയാകുമ്പോഴേക്കും എല്ലാവരേയും പുറത്താക്കി ഗേറ്റടക്കാനാണ് അവര്‍ക്കെല്ലാം താല്‍പ്പര്യം. ഒരിക്കല്‍ അക്കാദമി പ്രസിഡന്റായിരുന്ന എം മുകുന്ദന്‍, ലോകത്തെ നിരവധി സാംസ്‌കാരിക സ്ഥാപനങ്ങളില്‍ പോയിട്ടുള്ള താന്‍ ഏറ്റവും മികച്ച രാഷ്ട്രീയ – സാംസ്‌കാരിക ചര്‍ച്ചകള്‍ കേട്ടിട്ടുള്ളത് അക്കാദമി മുറ്റത്താണെന്നു പറയുകയുണ്ടായി. അക്കാദമിക്കകത്തല്ല എന്നദ്ദേഹം കൂട്ടിചേര്‍ക്കുകയും ചെയ്തു. നഗരത്തിലെ പല പ്രതിരോധ പ്രതിഷേധ പരിപാടികളും ആരംഭിക്കുന്നതും ഇവിടെ നിന്നാണ്. എന്നാലതൊന്നും നമ്മുടെ വ്യവസ്ഥാപിത സാംസ്‌കാരിക നായകര്‍ക്ക് ദഹിക്കില്ലല്ലോ.
ഈ നാടകോത്സവത്തില്‍ തന്നെ മറ്റൊരു സംഭവമുണ്ടായി. നാടകങ്ങളും സംഗീതാവിഷ്‌കാരങ്ങളും കുടുംബശ്രീയുടെ ഭക്ഷ്യമേളയും മറ്റും നടന്നിരുന്നത് അക്കാദമിക്ക് എതിര്‍ വശത്തായിരുന്നു. വലിയ വാഹനതിരക്കുള്ള റോഡു മുറിച്ചുകടന്നുവേണം അങ്ങോട്ടുപോകാന്‍. ഈ സാഹചര്യത്തില്‍ ഈ ദിവസങ്ങളില്‍ വൈകുന്നേരങ്ങളിലെങ്കിലും ഈ റോഡിലൂടെയുള്ള വാഹനഗതാഗതം നിയന്ത്രിക്കാന്‍ മുന്‍കൈ എടുക്കണമെന്ന് സാംസ്‌കാരിക പ്രവര്‍ത്തകര്‍ സംഗീത നാടക അക്കാദമി ഭാരവാഹികള്‍ക്ക് നിവേദനം നല്‍കിയിരുന്നത് തൊട്ടടുത്ത റോഡിലെ വണ്‍വേ നിയന്ത്രണത്തില്‍ അന്നേരം ഇളവു കൊടുത്താല്‍ ്അതു സാധ്യമാകുമായിരുന്നു. മുമ്പൊരിക്കല്‍ നോ കാര്‍ ഡേക്ക് അത്തരത്തില്‍ തീരുമാനിച്ചിരുന്നു. ആ സമയത്ത ഈ റോഡില്‍ സൈക്കിളോടിക്കാനും കലാവിഷ്‌കാരങ്ങള്‍ നടത്താനുമൊക്കെ അവസരം നല്‍കിയിരുന്നു. നിരവധി പേര്‍ അതില്‍ പങ്കെടുത്തു. ആധുനിക കാലത്ത് പല നഗരങ്ങളിലും അത്തരത്തിലുള്ള നിരത്തുകള്‍ ഉണ്ട്. തിരുവനന്തപുരത്തെ മാനവീയം വീഥിയുടേയും സങ്കല്‍പ്പം അതാണല്ലോ. ഈ ന്ിവേദനം പരിഗണിച്ച അക്കാദമി പോലീസും കോര്‍പ്പറേഷനുമൊക്കെയായി ബന്ധപ്പെട്ട് അംഗീകരിച്ചതായി അറിയിച്ചിരുന്നു. എന്നാല്‍ നടപ്പായില്ല എന്നു മാത്രം. നടപ്പായിരുന്നു എങ്കില്‍ ആ നിരത്തില്‍ പല രീതിയിലുള്ള സ്വതന്ത്ര ആവിഷ്‌കാരങ്ങള്‍ നടക്കുമായിരുന്നു. പകരമത് അക്കാദമി വളപ്പിലെ മരത്തണലില്‍ ഒതുങ്ങുകയായിരുന്നു. ഈ സാഹചര്യത്തില്‍ പുതിയ നിര്‍ദ്ദേശങ്ങള്‍ പരിഗണിക്കാനാണ് ബന്ധപ്പെട്ടവര്‍ തയ്യാറാകേണ്ടത്. അല്ലാതെ ഇറ്റ്‌ഫോകിലൂടെ കേരളം കലയുടെ അന്താരാഷ്ട്ര സ്‌പേസ് ആയി എന്നവകാശപ്പെട്ട് ഇരിക്കലല്ല. ഇനിയാക്ടടെ തൃശൂരില്‍ അന്താരാഷ്ട്ര സാഹിത്യോത്സവവും ആരംഭിക്കാന്‍ പോകുകയാണല്ലോ.
ഈ വര്‍ഷത്തെ ഇറ്റ്‌ഫോക് നാടകങ്ങളെ കുറിച്ച്
ഫെസ്റ്റിവലില്‍ അവതരിപ്പിച്ച നാടകങ്ങളെ കുറിച്ചു കൂടി പരാമര്‍ശിക്കട്ടെ. ബ്രെറ്റ് ബെയ്‌ലി എന്ന വിഖ്യാത ദക്ഷിണാഫ്രിക്കന്‍ സംവിധായകന്റെ സാംസണ്‍ എന്ന നാടകമായിരിക്കാം ഫെസ്റ്റിവലില്‍ ഏറെ പ്രശംസിക്കപ്പെട്ടത്. ബൈബിളിലെ സാംസണ്‍ എന്ന പോരാളിയെ സമകാലിക ലോകത്തേക്ക് കൊണ്ടുവന്ന്, പാര്‍ശ്വവല്‍കൃതരുടെ പോരാട്ടത്തിനു ഊര്‍ജ്ജം നല്‍കുകയാണ് ദക്ഷിണാഫ്രിക്കന്‍ സ്വത്വമാണ് തന്റെ ഊര്‍ജ്ജമെന്നവകാശപ്പെടുന്ന സംവിധായകന്‍ ചെയ്യുന്നത്. ആ ഊര്‍ജ്ജത്തിന്റഎ പ്രവാഹം പ്രേക്ഷകരിലാവാഹിക്കുന്ന രീതിയില്‍ തന്നെയായിരുന്നു നാടകാവതരണം. 1996 മുതല്‍ നാടകവേദിയിലുള്ള തേഡ് വേള്‍ഡ് ബണ്‍ഫൈറ്റ് എന്ന സംഘമാണ് നാടകാവതരണം നടത്തിയത്. തല്‍സമയസംഗീതവും നൃത്തവുമെല്ലാം നാടകത്തെ കൂടുതല്‍ ആകര്‍ഷകമാക്കി.
വളരെ സങ്കീര്‍ണ്ണവും പ്രക്ഷുബ്ദവുമായ രാഷ്ട്രീയ കാലാവസ്ഥ നിലനില്‍ക്കുന്ന ലെബണനില്‍ നിന്നുള്ള അമ്മമാരുടെ സ്‌നേഹത്തിന്റെയും പ്രതീക്ഷയുടേയും മനോഹരമായ ആവിഷ്‌കാരമാണ് അലി ചാഹ്രോര്‍ സംവിധാനം ചെയ്ത told by mother എന്ന നാടകം. കാണാതായ മകനെ തിരയുന്ന അമ്മ, മകന്‍ രക്തസാക്ഷിയാകുന്നതില്‍ നിന്നു രക്ഷിക്കാനായി ജീവിക്കുന്ന അമ്മ തുടങ്ങി പല അമ്മമാരുടേയും സ്‌നേഹമാണ് സംഗീതസാന്ദ്രമായി നാടകം ആവിഷ്‌കരിക്കുന്നത്. പ്രേക്ഷകരുടെ മനസ്സിലൊരു വിങ്ങലായി നാടകം നിലനില്‍ക്കുന്നത് സ്വാഭാവികം. സമാനമായ അനുഭവമായിരുന്നു പാലസ്തീനില്‍ നിന്നുള്ള ഓഡിയോ വിഷ്വല്‍ അവതരണം നല്‍കിയത്. പാലസ്തീന്‍ കവിയത്രി അസ്മ അസൈസേയുടെ കവിതയിലൂടെ അറബി ജനതയുടെ വൈയക്തികവും സാമൂഹ്യവുമായ ജീവിതത്തിന്റെ അസന്നിഗ്ധതകളാണ് പ്രേക്ഷകരിലെത്തുന്നത്. അതിനായി വീഡിയോ ദൃശ്യങ്ങളും വ്യാപകമായി ഉപയോഗിക്കുന്നു.
വില്യം ഷേക്‌സ്പിയറിന്റെ വിശ്വവിഖ്യാതമായ ദി ടെബസ്റ്റിനെ പ്രമേയമാക്കി പീറ്റര്‍ ബ്രൂക്കും മേരിഹെലിന്‍ എസ്റ്റീനും സംവിധാനം ചെയ്ത ടെമ്പസ്റ്റ് പ്രോജക്ട് എന്ന നാടകം ഈ മേളയിലെ മുഖ്യ ആകര്‍ഷകമാകുമെന്നായിരുന്നു പ്രചാരണം. എന്നാല്‍ മിക്കവാറും പ്രേക്ഷകര്‍ നാടകം കണ്ട് നിരാശരാകുകയാണുണ്ടായത്. ഒവ്‌ല്യകൂലി സംവിധാനം ചെയ്ത് യു കെയില്‍ നിന്നുള്ള ആന്റിഗണിയും യുദ്ധത്തിന്റെ ദുരന്തങ്ങളുടെ ആവിഷ്‌കാരമാണ്. എതിര്‍ പക്ഷത്ത് യുദ്ധം ചെയ്ത തന്റെ രണ്ടു സഹോദരന്മാരും മരിച്ചു എന്നറിയുന്ന ആന്റിഗണി സേച്ഛാധിപതി ക്രിയോണിനെ ധിക്കരിച്ച്, അയാള്‍ തെരുവിലഴുകാന്‍ വിട്ട തന്റെ സഹോദരന്റെ മൃതദേഹം അട്കകാന്‍ തീരുമാനിക്കുന്നതും അതിനായുള്ള ശ്രമങ്ങളുമാണ് നാടകം. രണ്ടു കഥാപാത്രങ്ങളിലൂടെയാണ് നാടകം വികസിച്ചത്. ഏകാംഗ കഥാപാത്രങ്ങളിലൂടെ വികസിച്ച ഡെന്‍മാര്‍ക്കില്‍ നിന്നുള്ള ആവേ മറിയ, പാലസ്റ്റീനില്‍ നിന്നുളള ഹാഷ്, പാരീസില്‍ നിന്നുള്ള കാഫ്ക എന്നിവ പൊതുവില്‍ പ്രേക്ഷകര്‍ സ്വീകരിച്ചു. ഒരു തിരശീലയിലേക്ക് നൂറുകണക്കിനു വാക്കുകളെ അതിരൂക്ഷമായ ശബ്ദവിന്യാസത്തോടെ ഒന്നിനു പുറകെ ഒന്നായി വിക്ഷേപിച്ച് പ്രേക്ഷകരെ തീര്‍ത്തും നിസഹായരാക്കുന്ന, ഇറ്റലിയില്‍ നിന്നുള്ള ദി തേഡ് റെയ്ക്ക് എന്ന വീഡിയോ ഇന്‍സ്റ്റ്‌ലേഷന്‍ തികച്ചും പുതുമയുള്ളതായി. എന്നാലത് കൊച്ചിയിലെ ബിനാലെയാണ് പ്രദര്‍ശിപ്പിക്കേണ്ടിയിരുന്നതെന്ന അഭിപ്രായവും കേട്ടു. തെയ്‌വാനില്‍ നിന്നുള്ള ആധുനിക ഓപ്പറെ ഹീേറാ ബ്യൂട്ടി കാണികള്‍ കയ്യടികലോടെ സ്വീകരിച്ചു.
ദി ക്രിട്ടിക് യു ട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
ഇറ്റ്‌ഫോക്കില്‍ ഇത്തവണ അവതരിപ്പിച്ച ഇന്ത്യന്‍ നാടകങ്ങള്‍ പൊതുവില്‍ അരികുവല്‍ക്കരിക്കപ്പെട്ട വിഭാഗങ്ങളുടെ പോരാട്ടങ്ങളുടെ രംഗഭാഷ്യമായിരുന്നു എന്നു പൊതുിവല്‍ പറയാം. ബീഹാറില്‍ നിന്നുള്ള ഫൗള്‍ പ്ലേ, തമിഴ് നാട്ടില്‍ നിന്നുള്ള ഇദകിനി കഥയരഥ, കര്‍ണാടകയില്‍ നിന്നുള്ള ഡാക്ലകഥ ദേവീകാവ്യ, ആസാമില്‍ നിന്നുള്ള റാഥേര്‍ റാഷി എന്നിവ ഉദാഹരണങ്ങള്‍. ഇവയാകട്ടെ സംഗീതസാന്ദ്രവുമായിരുന്നു. ശ്രീലങ്കന്‍ ആഭ്യന്തരയുദ്ധത്തിന്റെ പശ്ചാത്തലമാക്കി, പോണ്ടിച്ചേരിയില്‍ നിന്നുള്ള ഫ്‌ളൈയിംഗ് ചാരിയറ്റ്‌സ് പ്രേക്ഷക കയ്യടി നേടി. അതേസമയം കാടിനെ ചൊല്ലി വിലപിക്കുന്ന മരത്തിന്റെ കഥയാണ് മണിപ്പൂരില്‍ നിന്നുള്ള പൈ തഡോയ് എന്ന നാടകം പറഞ്ഞത്. രണ്ടാം ലോകമഹായുദ്ധത്തിനുശേഷം നടന്ന ഡീനാസിഫിക്കേഷനെ പ്രമേയമാക്കി റൊണാള്‍ഡ് ഹാര്‍വുഡ് രചിച്ച്, അതുല്‍ കുമാര്‍ സംവിധാനം ചെയ്ത ടേക്കിംഗ് സൈഡ്‌സും രാഷ്ട്രീയനാടകം തന്നെ. ഇന്ത്യയെ ലോകത്തിനുമുന്നില്‍ പ്രതിനിധീകരിക്കുന്ന മൂന്നു ചിഹ്നങ്ങള്‍ തെരഞ്ഞെടുക്കാന്‍ നിയമിക്കപ്പെട്ട ട്രൈബ്യൂണലിന്റെ ചര്‍ച്ചകള്‍ ആവിഷ്‌കരിച്ച ഫോര്‍ ദ റെക്കോഡ് എന്ന ഡെല്‍ഹിയില്‍ നിന്നുള്ള നാടകം രാഷ്ട്രീയത്തോടൊപ്പം ചിരിക്കും വകനല്‍കി. ഇന്ത്യ ഈസ് നത്തിംഗ് എന്ന പ്രഖ്യാപനത്തോടെയാണ് നാടകം സമാപിക്കുന്നത്. മഹാഭാരതത്തില്‍ നിന്നുള്ള ഒരു ഭാഗത്തെ പ്രമേയമാക്കി, ആധുനിക സാങ്കേതിക വിദ്യകളോടെ എന്നാല്‍ പൗരാണികമായ രീതിയില്‍ തെലുങ്കാനയില്‍ നിന്നുള്ള ശ്രീവെങ്കിടേശ്വര സുരഭി തിയറ്റര്‍ അവതരിപ്പിച്ച മായാബസാര്‍ എന്ന വര്‍ണ്ണശബലനാടരം ഇറ്റ്‌ഫോക്കില്‍ വന്നതെങ്ങിനെ എന്ന സംശയം ന്യായം. എങ്കിലും ഇന്ത്യന്‍ ാടകവേദിയിലെ വ്യത്യസ്തമായൊരു ആവിഷ്‌കാരം എന്ന നിലക്കത് സ്വീകരിക്കപ്പെട്ടു. അതേസമയം ഏകകഥാപാത്രത്തിലൂടെ ബ്ലാക്ക് ഹോളിലൂടെ സഞ്ചാരത്തിനു ശ്രമിച്ച ബ്ലാക് ഹോള്‍ എന്ന മഹാരാഷ്ട്രയില്‍ നിന്നുള്ള നാടകത്തിനൊപ്പം സഞ്ചരിക്കുക എളുപ്പമായിരുന്നില്ല.
തൃശൂര്‍ എന്‍ക്ലേവ് തിയറ്ററിന്റെ നിലവിളികള്‍, മര്‍മ്മരങ്ങള്‍, ആക്രോശങ്ങള്‍, ഇടം ശാസ്താം കോട്ടയുടെ ആര്‍ക്ടിക്, ആലപ്പുഴ നെയ്തല്‍ നാടകസംഘത്തിന്റെ കക്കുകളി, കനല്‍ സാംസ്‌കാരിക വേദിയുടെ സോവിയറ്റ് സ്‌റ്റേഷന്‍ കടവ് എന്നിവയായിരുന്നു മലയാളത്തില്‍ നിന്നുള്ള നാടകങ്ങള്‍. ഏതാനും പതിറ്റാണ്ടുകള്‍ക്കുമുമ്പത്തെ മധ്യതിരുവിതാംകൂറിലെ കൃസ്ത്യന്‍ കുടുംബത്തെ പശ്ചാത്തലമാക്കി കുടുംബത്തിനകത്തെ സ്ത്രീകളുടെ നിലവിളികളും പുരുഷന്റെ ആക്രോശങ്ങളുമാണ് ആദ്യനാടകത്തിന്റഎ പ്രമേയം. അവതരണത്തില്‍ പുതിയ രീതി സ്വീകരിക്കാന്‍ ശ്രമിച്ചെങ്കിലും അതത്ര വിജയിച്ചു എന്നു പറയാനാകില്ല. മലയാള നാടകങ്ങളില്‍ താരതമ്യെന മികച്ചുനിന്നത് പ്രകൃതിയുടെ രാഷ്ട്രീയം പറയാന്‍ ശ്രമിച്ച ആര്‍ക്ടിക് ആണ്. മറ്റു രണ്ടു നാടകങ്ങളും കേരള പശ്ചാത്തലത്തില്‍ കയ്യടി ലഭിക്കാന്‍ ഇടതുപക്ഷ രാഷ്ട്രീയം കൃത്രിമമായി കുത്തികയറ്റുന്ന രീതിയിലായി പോയി. നാടകാവതരണങ്ങള്‍ക്കുപുറമെ നിരവധി ചര്‍ച്ചകളും പ്രഭാഷണങ്ങളും സ്ത്രീ വര്‍ക്ക്‌ഷോപ്പും തെരുവിലെ വരകളും സംഗീതപരിപാടികളുമെല്ലാം ഉത്സവത്തിന്റെ ഭാഗമായി. ഉദ്ഘാടനവേദിയില്‍ നടന്‍ പ്രകാശ് രാജിന്റെ സാന്നിധ്യം ശ്രദ്ധേയമായിരുന്നു.
സുഹൃത്തെ,
അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പന്ത്രണ്ടാം വര്‍ഷത്തേക്ക് കടക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2024 - 25 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.
The Critic, A/C No - 020802000001158,
Indian Overseas Bank,
Thrissur - 680001, IFSC - IOBA0000208
google pay - 9447307829
സ്നേഹത്തോടെ ഐ ഗോപിനാഥ്, എഡിറ്റര്‍, thecritic.in