മുഖ്യമന്ത്രി നേരിട്ടത് ജാത്യാധിക്ഷേപമോ?

പിണറായി വിജയനെ അനുകൂലിച്ചു കൊണ്ട് ഇന്നലെ നവമാധ്യമങ്ങളില്‍ പ്രത്യക്ഷപ്പെട്ട ഒരു എഴുത്തിനെ എടുത്തുപറയേണ്ടതുണ്ട്. ‘എണ്ണംപറഞ്ഞ പാര്‍ട്ടി കുടുംബങ്ങളും നേതാക്കളും കഴിവേറിയ യുവനേതാക്കളും കോംപീറ്റ് ചെയ്യുന്ന കണ്ണൂര്‍ പോലൊരിടത്ത്, ഗോഡ്ഫാദറോ പാരമ്പര്യമോ ഇല്ലാതെ 1970ല്‍ അത്ര ചുവപ്പല്ലാത്ത കൂത്തുപറമ്പില്‍ നിയമസഭാ കാന്‍ഡിനേറ്റായി’ എന്നിങ്ങനെയാണ് പിണറായി വിജയനെ ഉയര്‍ത്തി കാണിക്കുന്ന പ്രസ്തുത എഴുത്ത് വികസിക്കുന്നത്. മുഖ്യമന്ത്രിയെ അനുകൂലിക്കുന്ന ഈ കുറിപ്പ് പോലും പാര്‍ട്ടിക്കകത്ത് നിലനിന്നിരുന്ന കുടുംബവാഴ്ച എന്ന അപകടത്തെ തിരിച്ചറിയുന്നോ പ്രശ്‌നവത്കരിക്കുന്നോ ഇല്ല.

വര്‍ത്തമാനകാല സമൂഹത്തിലെ ജാതിയുടെ പ്രവര്‍ത്തനം തിരിച്ചറിയപ്പെടുന്നതിലെ അവ്യക്തതകളാണ് അതിനെ ഇന്നും അപരിഹാര്യമായി നിലനിര്‍ത്തുന്നത്. മുഖ്യമന്ത്രി പിണറായി വിജയന് നേരെ നടന്ന ഏറ്റവും പുതിയ അധിക്ഷേപത്തിന്റെ അടിസ്ഥാനത്തില്‍ ജാതിയുടെ ആധുനിക വ്യവഹാരത്തെ വിശകലനം ചെയ്യാനുള്ള ഒരു ശ്രമമാണ് ഇവിടെ നടത്തുന്നത്. Indira Gandhi Centre എന്ന പേരിലുള്ള ഫേസ്ബുക്ക് പേജാണ് പ്രസ്തുത അവഹേളനത്തിന്റെ പ്രഭവകേന്ദ്രം. ‘ഓര്‍ക്കുക സഖാക്കളേ ചെത്തല്ല; സ്വാതന്ത്ര്യസമര പോരാട്ടമാണ് പാരമ്പര്യം’- എന്നതാണ് അവര്‍ പുറത്തുവിട്ട അവഹേളന വാചകം. ഈ വാചകം പിന്നീട് കോണ്‍ഗ്രസിന്റെ വിദ്യാര്‍ത്ഥി സംഘടനയായ KSU അടക്കമുള്ളവര്‍ ഏറ്റുപിടിക്കുകയുണ്ടായി. ഞാന്‍ അല്‍പകാലം അധ്യാപകനായി ജോലി ചെയ്ത മമ്പാട് എം.ഇ.എസ് കോളേജിലെ KSU യൂണിറ്റിന്റെ ഔദ്യോഗിക ഫേസ്ബുക്ക് പേജില്‍ വന്ന വരികള്‍ ഇങ്ങനെയാണ്: ‘തെങ്ങുംപൂക്കുലയില്‍ ചെത്തിയെടുത്തുണ്ടാക്കിയ പാരമ്പര്യമല്ല ഇത്. ഇന്ത്യന്‍ സ്വാതന്ത്ര്യസമരസേനാനി മുല്ലപ്പള്ളി ഗോപാലന്റെ ചോരയും പാരമ്പര്യവുമാണ്’ അധിക്ഷേപത്തിന്റെ ആന്തരിക ആശയം ഏതെങ്കിലും ഫ്യൂഡല്‍ മധ്യവയസ്‌കരുടെ കയ്യബദ്ധമല്ലെന്നും വിദ്യാര്‍ത്ഥികളടക്കമുള്ളവരില്‍ വിമര്‍ശന സാധ്യതകളേതുമില്ലാത്തവിധം അന്തര്‍ലീനമാണെന്നുമാണ് ഈ സൂചനകള്‍ തെളിയിക്കുന്നത്.

ജാതീയമായ ഒരു അധിക്ഷേപമെന്ന നിലയിലാണ് മുഖ്യമന്ത്രിയടക്കമുള്ള പുരോഗമന ചിന്താഗതിക്കാര്‍ സര്‍വ്വരും ഈ വിഷയത്തെ നേരിട്ടത് എന്നത് ആശങ്കകള്‍ക്ക് ആക്കം കൂട്ടുകയാണ്. ഒരേ ജാതിയില്‍ ഉള്‍പ്പെടുന്ന രണ്ട് വ്യക്തികളില്‍, ഒരാളെ ഇകഴ്ത്തിയും മറ്റൊരാളെ പുകഴ്ത്തിയും എങ്ങനെ ജാത്യാധിക്ഷേപം സാധ്യമാകുമെന്ന സാമാന്യയുക്തി പോലും നഷ്ടമാവുന്ന സാഹചര്യമാണ് ഈ ആശങ്ക വര്‍ധനയുടെ അടിസ്ഥാനം. ഏതാനും മാസങ്ങള്‍ക്കുമുന്‍പ് ബിനീഷ് ബാസ്റ്റിന്‍ എന്ന നടനുമായി ബന്ധപ്പെട്ട് നടന്ന കോലാഹലങ്ങള്‍ നമ്മള്‍ മറന്നിട്ടില്ല. സവര്‍ണ്ണനായ ഒരാളില്‍ നിന്ന് നേരിട്ട അപമാനത്തെ ബിനീഷടക്കമുള്ളവര്‍ അന്ന് വ്യാഖ്യാനിച്ചതും ‘ജാതീയത’ എന്ന നിലയിലാണ്. എന്നാല്‍ പ്രകടമായ ജാതീയത(മേല്‍പ്പറഞ്ഞ രണ്ടവസരങ്ങളിലും) പ്രവര്‍ത്തിച്ചു കാണുന്നുമില്ല. നവോത്ഥാനന്തര കേരളത്തിലെ വേഷപ്രച്ഛന്നമായ ജാതി മൂല്യങ്ങളാണ് ഇരു സന്ദര്‍ഭങ്ങളിലും പത്തിവിരിച്ചത്. അതിനെ സാമാന്യമായി പാരമ്പര്യം എന്ന് വിശേഷിപ്പിക്കാവുന്നതാണ്. തൊഴില്‍, വിദ്യാഭ്യാസം, ഭൂസ്വത്ത് തുടങ്ങിയവയെ (ഒന്നോ രണ്ടോ തലമുറ മുന്‍പുള്ളതടക്കം) അടിസ്ഥാനപ്പെടുത്തി സമൂഹത്തില്‍ സാമാന്യമായി വിതരണം ചെയ്യപ്പെടുന്ന അംഗീകാരത്തുടര്‍ച്ചയാണ് ഇതിന്റെ കാമ്പായി വര്‍ത്തിക്കുന്നത്.

ഈ തുടര്‍ച്ചാസംവിധാനത്തില്‍ ഭൗതിക മൂലധനവും സാമൂഹിക മൂലധനവും ഒരുപോലെ പ്രസക്തിയുള്ളതാണ്. ഇവ രണ്ടിനെയും സംയോജനമാണ് ജാത്യാധിഷ്ഠിത/ പാരമ്പര്യാധിഷ്ഠിത- ധനാധിഷ്ഠിത സാമൂഹ്യക്രമത്തില്‍ വ്യക്തിയെ സമുന്നതനാക്കുന്നത്. പലപ്പോഴും സാമൂഹിക മൂലധനം ഭൗതിക മൂലധനത്തെക്കാള്‍ മുന്തിയതാവുന്നെന്നും കാണാവുന്നതാണ്. അതിന് കാരണമാകുന്നത് ഫ്യൂഡല്‍ അവശേഷിപ്പുകള്‍ ഇന്നും തുടരുന്ന തലമുറാതീത സഞ്ചാരം തന്നെയാണ്. പിണറായി വിജയനെ അനുകൂലിച്ചു കൊണ്ട് ഇന്നലെ നവമാധ്യമങ്ങളില്‍ പ്രത്യക്ഷപ്പെട്ട ഒരു എഴുത്തിനെ എടുത്തുപറയേണ്ടതുണ്ട്.  ‘എണ്ണംപറഞ്ഞ പാര്‍ട്ടി കുടുംബങ്ങളും നേതാക്കളും കഴിവേറിയ യുവനേതാക്കളും കോംപീറ്റ് ചെയ്യുന്ന കണ്ണൂര്‍ പോലൊരിടത്ത്, ഗോഡ്ഫാദറോ പാരമ്പര്യമോ ഇല്ലാതെ 1970ല്‍ അത്ര ചുവപ്പല്ലാത്ത കൂത്തുപറമ്പില്‍ നിയമസഭാ കാന്‍ഡിനേറ്റായി’ എന്നിങ്ങനെയാണ് പിണറായി വിജയനെ ഉയര്‍ത്തി കാണിക്കുന്ന പ്രസ്തുത എഴുത്ത് വികസിക്കുന്നത്. മുഖ്യമന്ത്രിയെ അനുകൂലിക്കുന്ന ഈ കുറിപ്പ് പോലും പാര്‍ട്ടിക്കകത്ത് നിലനിന്നിരുന്ന കുടുംബവാഴ്ച എന്ന അപകടത്തെ തിരിച്ചറിയുന്നോ പ്രശ്‌നവത്കരിക്കുന്നോ ഇല്ല. പാര്‍ട്ടി പാരമ്പര്യവും ജാതി-വര്‍ഗ്ഗ-തൊഴില്‍- വിദ്യാഭ്യാസങ്ങളില്‍ അധിഷ്ഠിതമായ പാരമ്പര്യവും സാമാന്യമായി -‘പാരമ്പര്യം’ എന്ന ഒറ്റ നൂലില്‍ കോര്‍ക്കപ്പെട്ടിരിക്കുന്നു എന്ന വസ്തുതയാണ് ഇവിടെ ദൃശ്യത നേടാതെ തുടരുന്നത്. പാര്‍ട്ടി കുടുംബവാഴ്ച പാരമ്പര്യത്തെ അതിജീവിച്ച ‘പിണറായി വിജയന്റെ പാരമ്പര്യം’ എന്നത് പാരമ്പര്യ നൂലിലെ അവസാന കനല്‍ മുത്തായി കൂട്ടിച്ചേര്‍ക്കപ്പെടുകയാണ് ഇവിടെ. ഈ നിലയില്‍ ജാതിയതയുടെ ഉപ/നവ ഉല്‍പ്പന്നങ്ങളാല്‍ നിര്‍മ്മിതമായ ചൂഷണാധിഷ്ഠിത ബൗദ്ധിക ഘടനയുടെ വിദൂരമായ തകര്‍ച്ചാ സാധ്യതകള്‍ പോലും ഉള്ളടങ്ങിയിട്ടില്ലാത്ത സ്വയം പ്രഖ്യാപിത പുരോഗമന രാഷ്ട്രീയമാണ് നമ്മുടെ മുന്‍പിലുള്ളതെന്നു വരുന്നു.

സുഹൃത്തെ,
അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പന്ത്രണ്ടാം വര്‍ഷത്തേക്ക് കടക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2024 - 25 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.

The Critic, A/C No - 020802000001158,
Indian Overseas Bank,
Thrissur - 680001, IFSC - IOBA0000208
google pay - 9447307829
സ്നേഹത്തോടെ ഐ ഗോപിനാഥ്, എഡിറ്റര്‍, thecritic.in


ഞങ്ങളുടെ ഫേസ്ബുക് പേജ് ലൈക് ചെയ്യൂ..


Published On

Category: Politics | Comments: 0 |

'ക്രിട്ടിക്കില്‍ പ്രസിദ്ധീകരിക്കുന്ന ലേഖനങ്ങള്‍ ലേഖകരുടെ അഭിപ്രായങ്ങളാണ്.. അവ പൂര്‍ണ്ണമായും ക്രിട്ടിക്കിന്റെ അഭിപ്രായങ്ങളാകണമെന്നില്ല - എഡിറ്റര്‍'

Be the first to write a comment.

Leave a Reply