ഗാന്ധിയുടെ തോട്ടിയല്ല മോദിയുടെ തോട്ടി

തീര്‍ച്ചയായും കാലം കരുതിവെച്ചത് ഗാന്ധിയോ അംബേദ്കറോ നെഹ്‌റുവോ വിഭാവനം ചെയ്തവയായിരുന്നില്ല. ആയിരുന്നെങ്കില്‍ നെഹ്‌റു ഇരുന്ന കസേരയില്‍ മോദി ഇരിക്കുമായിരുന്നില്ലല്ലോ. ആ മാറ്റം തന്നെയാണ് സമകാലിക ഇന്ത്യ നേരിടുന്ന വെല്ലുവിളി.

പതിവുപോലെ ഗാന്ധി ജയന്തി ദിനത്തില്‍ ഇക്കുറിയും ആ ചിത്രം കണ്ടു. പ്രധാനമന്ത്രി കയ്യില്‍ തോട്ടിയുമായി തെരുവില്‍ ശുചീകരണം നടത്തുന്ന ചിത്രം. തീര്‍ച്ചയായും അതു നല്‍കുന്നത് നല്ല ഒരു സന്ദേശമാണെന്നുതോന്നാം. എന്നാലതിലൂടെ മറച്ചുവെക്കപ്പെടുന്ന മറ്റൊരു സന്ദേശവുമുണ്ട്. ഗാന്ധിയുടെ ശുചീകരണയജ്ഞം തെരുവിലെ മാലിന്യങ്ങള്‍ വലിച്ചെറിയുന്നതില്‍ ഒതുങ്ങുന്നതല്ല. അത് പ്രതീകാത്മകം മാത്രമാണ്, ഗാന്ധിയുടെ ജീവിതം പൊതുജീവിതത്തിലെ, രാഷ്ട്രീയമാലിന്യങ്ങള്‍ ഇല്ലാതാക്കാനുള്ള സമരമായിരുന്നു. ഇന്നത്തെ നമ്മുടെ പൊതുജീവിത്തതിലെ ഏറ്റവും വലിയ മാലിന്യം ഏതെന്ന ചോദ്യത്തിന് ജനാധിപത്യത്തിലും മതേതരതത്വത്തിലും വിശ്വസിക്കുന്ന ആര്‍ക്കും സംശയമുണ്ടാകില്ല. അതു വര്‍ഗ്ഗീയഫാസിമല്ലാതെ മറ്റൊന്നല്ല. ആ വര്‍ഗ്ഗീയഫാസിസമാണ് ഗാന്ധിയുടെ ജീവനെടുത്തതും രാജ്യത്തെ ഇന്നത്തെ അവസ്ഥയിലെത്തിച്ചതും. ആ ഫാസിസ്റ്റ് ധാരയുടെ ഇന്നത്തെ പ്രധാന കണ്ണിയായ ഒരാള്‍ തോട്ടിയെടുത്ത് തെരുവിലെ മാലിന്യം വൃത്തിയാക്കുന്നത് അതുകൊണ്ടുതന്നെ അപഹാസ്യമാകുകയാണ്. ഗാന്ധിയുടെ കൈവശമുണ്ടായിരുന്ന തോട്ടിയല്ല ഇദ്ദേഹത്തിന്റെ കൈവശമുള്ളത്.

ഇന്നു നാം പിന്തുടരുന്ന, പാശ്ചാത്യമാതൃകയിലുള്ള ജനാധിപത്യത്തിലും മതേതരത്വത്തിലും വിശ്വസിക്കാതിരുന്ന ഒരാളായിരുന്നു ഗാന്ധി. താനൊരു സനാതനഹിന്ദുവാണെന്നു ഗാന്ധി തന്നെ വ്യക്തമാക്കിയിട്ടുള്ളതാണ്. രാമരാജ്യം എന്ന പദവും അദ്ദേഹം ഉപയോഗിച്ചു. എന്നിട്ടും ഗാന്ധിയെ ഇല്ലാതാക്കിയത് മറ്റു മതസ്ഥാരായിരുന്നില്ല. സനാതനഹിന്ദുക്കള്‍ തന്നെയാണ് എന്നഭിമാനിക്കുന്നവരും അത്തരമൊരു സാമൂഹ്യസംവിധാനം വീണ്ടും യാഥാര്‍ത്ഥ്യമാക്കുക എന്ന ലക്ഷ്യത്തോടെ പ്രവര്‍ത്തിക്കുന്ന പ്രസ്ഥാനത്തിന്റെ ഭാഗമായവരുമായിരുന്നു. അതായിരുന്നു ഗാന്ധി. ഒരുപാട് വൈരുദ്ധ്യങ്ങളുണ്ടെന്നു തോന്നാമെങ്കിലും ആത്യന്തികമായി മനുഷ്യസ്‌നേഹത്തിലും സാഹോദര്യത്തിലും വിശ്വസിച്ചിരുന്ന പോരാളി. ഇതെല്ലാം തിരിച്ചറിഞ്ഞുതന്നെയാണ് ഗാന്ധി ദിനത്തില്‍ അതേശക്തികള്‍ തോട്ടിയെടുക്കുന്നത്. നേരിട്ടു യുദ്ധം ചെയ്ത് തോല്‍പ്പിക്കാനാവില്ലെങ്കിലുള്ള മാര്‍ഗ്ഗം ധൃതരാഷ്ട്രാലിംഗനമാണല്ലോ.

ദി ക്രിട്ടിക് ഫേസ് ബുക്ക് പേജ് ലൈക്ക് ചെയ്യുക

ഒരാളും പൂര്‍ണ്ണനോ വിമര്‍ശനാതീതനോ അല്ല എന്നതുപോലെ ഗാന്ധിയും അങ്ങനെയല്ല. ഒരുപാട് വൈരുദ്ധ്യങ്ങളും ഗാന്ധിയില്‍ അന്തര്‍ലീനമായിരുന്നു. ദക്ഷിണാഫ്രിക്കയില്‍ വര്‍ണ്ണവിവേചനത്തോട് എതിരിടുമ്പോഴും അന്നത്തെ ആധുനിക ജീവിതം തന്നെയായിരുന്നു ഗാന്ധി നയിച്ചത്. അതേ ഗാന്ധിയായിരുന്നു പിന്നീട് ഇന്ത്യയിലെത്തി പാന്റ്‌സും സ്യൂട്ടും വലിച്ചറിഞ്ഞ് അര്‍ദ്ധനഗ്നനായത്. പിന്നാലെ ഭഗവത് ഗീതയുടെ ഉപാസകനുമായി അദ്ദേഹം മാറുന്നു. രാജ്യം മുഴുവന്‍ യാത്രചെയ്ത് ജനങ്ങളെ നേരില്‍ കണ്ട് അവരുടെ ജീവിതം മനസിലാക്കിയാണ് അദ്ദേഹം സ്വാതന്ത്ര്യസമരത്തിന്റേയും കോണ്‍്ര്രഗസിന്റേയും നേതൃത്വത്തിലെത്തുന്നത്. അങ്ങനെയാണ് ഇന്ത്യന്‍ രാഷ്ട്രീയത്തെ ഇപ്പോഴും നിയന്ത്രിക്കുന്ന, പിടിച്ചുകുലുക്കുന്ന പല സുപ്രധാന സംഭവങ്ങള്‍ക്കും തുടക്കമാകുന്നത്. ഒരു ഹൈന്ദവസംഘടനയായി മാറുമായിരുന്ന കോണ്‍ഗ്രസ്സിന്റെ മാറ്റവും മറുവശത്ത് ആര്‍ എസ് എസ് രൂപം കൊള്ളുന്നതുമായിരുന്നു അത്. താനൊരു സനാതനഹിന്ദുവാണെന്നു പ്രഖ്യാപിച്ചുതന്നെയായിരുന്നു അദ്ദേഹം കോണ്‍ഗ്രസിനെ ഹിന്ദുത്വപാര്‍ട്ടിയായി മാറ്റാനുള്ള ശ്രമങ്ങള്‍ക്ക് തടയിട്ടത്. അങ്ങനെ രൂപം കൊണ്ട സംഘപരിവാര്‍ ശക്തികളാണ് ഇത്രയും കാലത്തിനുശേഷവും ഇന്ത്യന്‍ ജനാധിപത്യത്തിനും മതേതരത്വത്തിനും ഭീഷണിയായിരിക്കുന്നത്.

ഇതരമതസ്ഥനെ നെഞ്ചോടുചേര്‍ക്കുന്ന ഒന്നായിരുന്നു ഗാന്ധിയുടെ ഹിന്ദുമതം. ഹിന്ദുവാണെന്നു പ്രഖ്യാപിച്ചുതന്നെ, രാമമന്ത്രമുരുവിട്ടുതന്നെ ഇതരമതസ്ഥരെ സ്‌നേഹിക്കുന്ന ഒരാള്‍ ജീവിച്ചിരിക്കുന്നതാണ് സ്വതന്ത്ര ഇന്ത്യയില്‍ തങ്ങള്‍ നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളി എന്ന് ഹിന്ദുത്വവാദികള്‍ അന്നേ തിരിച്ചറിഞ്ഞിരുന്നു. താന്‍ ഹിന്ദുവാണെങ്കിലും പാക്കിസ്ഥാന്‍ രൂപം കൊണ്ടാലും ഈ രാഷ്ട്രം ഹിന്ദുവാകരുത് എന്ന ഗാന്ധിയുടെ നിലപാട് അവര്‍ക്ക് അംഗീകരിക്കാവുന്നതില്‍ നിന്ന് ഏറെ അകലെയായിരുന്നു. രാമനൊപ്പം റഹിം എന്നുകൂടി പറയുന്ന ഒരാള്‍ ഇന്ത്യയില്‍ ജീവി്‌ക്കേണ്ട എന്നവര്‍ തീരുമാനിക്കുകയായിരുന്നു. അത് മറ്റൊരു തുടക്കമായിരുന്നു. ഏറെകാലം തിരശീലക്കുപിറകില്‍ നില്‍ക്കേണ്ടിവന്നെങ്കിലും അടിയന്തരാവസ്ഥകാലത്ത് കിട്ടിയ അവസരം ഭംഗിയായി ഉപയോഗിക്കാന്‍ അവര്‍ക്കായി,. പിന്നീട് ബാബറി മസ്ജിദ്, ഗുജറാത്ത് മുതല്‍ മണിപ്പൂര്‍ വരെയുള്ള വംശീയഹത്യകള്‍, ഭീകരനിയമങ്ങള്‍, കൊലപാതകങ്ങള്‍, ചരിത്രം തന്നെ തിരുത്തിയെഴുതല്‍, ബഹുസ്വരതയെ തകര്‍ത്ത് എല്ലാം ഒന്നാക്കല്‍ തുടങ്ങി രാജ്യത്തിന്റെ പേരുമാറ്റലും ഭരണഘടന തിരുത്തലും വരെ എത്തിയിരിക്കുന്നു കാര്യങ്ങള്‍. അടുത്തവര്‍ഷം നടക്കുന്ന ലോകസഭാതെരഞ്ഞെടുപ്പോടെ തങ്ങള്‍ ലക്ഷ്യം വെക്കുന്ന അധ്യായം പൂര്‍ത്തിയാകുമെന്നുമവര്‍ കരുതുന്നു. ഗാന്ധിക്കുപകരം സവര്‍ക്കര്‍ പ്രതിഷ്ഠിക്കപ്പെടുന്ന കാലത്തിനു തുടക്കമാകും അതെന്നും അവര്‍ കരുതുന്നു ഈ പശ്ചാത്തലത്തിലാണ് ആ ശക്തികള്‍ക്ക് നേതൃത്വം നല്‍കുന്ന ഒരാള്‍ ഗാന്ധിയെ സ്മരിച്ച് തോട്ടിയുമായി തെരുവു വൃത്തിയാക്കുന്നത് എന്നതാണ് തമാശ.

ഇതരമതസ്ഥരോടുള്ള ഗാന്ധിയുടെ നിലപാട് ഇത്തരത്തിലായിരിക്കുമ്പോഴും ജാതിവ്യവസ്ഥയോടുള്ള അ്‌ദ്ദേഹത്തിന്റെ നിലപാട് ഇന്നേറെ വിമര്‍ശിക്കപ്പെടുന്നു എന്നത് സ്വാഭാവികം മാത്രം. ജാതിവ്യവസ്ഥയും കുലത്തൊഴിലുമൊക്കെ അനിവാര്യമാണെന്നും നമുക്കു ചെയ്യാവുന്നത് കാരുണ്യത്തോടെ അതിലിടപെടലുമാണെന്ന ഗാന്ധിയുടെ നിലപാട് തീര്‍ച്ചയായും ആധുനിക കാല ജനാധിപത്യ മൂല്യങ്ങള്‍ക്ക് വിരുദ്ധമാണ്. അക്കാര്യം തിരിച്ചറിയാത്ത ഒരു വ്യക്തിയായിരുന്നില്ല ഗാന്ധി എന്നുറപ്പ്. ഗീതയും തന്റെ സനാതന വിശ്വാസങ്ങളും മുറുക്കിപിടിച്ച് ഒരു വശത്ത് തീവ്രഹിന്ദുത്വ വാദികളേയും മറുവശത്ത് ബ്രി്ടീഷുകാരേയും ചെറുക്കാനാവുമെന്നദ്ദേഹം കരുതിയിരിക്കാം. എന്നാല്‍ അതിലൂടെ അദ്ദേഹം നിഷേധിച്ചത് വലിയൊരു വിഭാഗം ജനങ്ങളുടെ മനുഷ്യാവകാശങ്ങളായിരുന്നു എന്നതില്‍ സംശയമില്ല. ഈ വിഷയത്തില്‍ ഗാന്ധിയും ്അംബേദ്കറുമായി നടന്ന സംവാദങ്ങളില്‍ അംബേദ്കറായിരുന്നു പൊതുവില്‍ ശരിയെന്നു നിസംശയം പറയാം. സാമൂഹ്യനീതിയോ സാമൂഹ്യജനാധിപത്യമോ ഇല്ലാതെ സ്വാതന്ത്ര്യമോ ജനാധിപത്യമോ ഉണ്ടായിട്ടും ഒരു കാര്യവുമില്ലെന്ന അംബേദ്കര്‍ നിലപാടുകള്‍ ഗാന്ധിക്ക് ഉള്‍ക്കൊള്ളാനായില്ല. പൂനാ പാക്ട് വിഷയത്തിലും മറ്റും കണ്ടത് അതാണ്.

ദി ക്രിട്ടിക് യു ട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

കാര്യങ്ങള്‍ അങ്ങനെയായിരിക്കുമ്പോഴും, ഇന്ത്യന്‍ ഭരണഘടന നിര്‍മ്മിക്കുന്നതിന്റെ സാരഥ്യം അംബേദ്കറെ ഏല്‍പ്പിക്കുന്നതില്‍ ഗാന്ധിക്ക് ഒരെതിര്‍പ്പുമുണ്ടായിരുന്നില്ല. അതായിരുന്നു ഗാന്ധി. മറുവശത്ത് നോ്ക്കൂ. ഗാന്ധിയുടെ സാമ്പത്തിക വീക്ഷണങ്ങളോടും സ്വാശ്രയ സ്വരാജ് രാഷ്ട്രസങ്കല്‍പ്പത്തോടും വിയോജിപ്പുണ്ടായിരുന്ന, ആധുനിക ജനാധിപത്യത്തിലും സോഷ്യലിസത്തിലും വിശ്വസിച്ചിരുന്ന നെഹ്‌റുവിനെ പ്രധാനമന്ത്രിയാക്കണമെന്നായിരുന്നു ഗാന്ധി ആവശ്യപ്പെട്ടത്. പട്ടേലടക്കമുള്ളവരെയായിരുന്നില്ല ഗാന്ധി പിന്തുണച്ചത്. ഗാന്ധിയുടെ ഈ രണ്ടു തീരുമാനങ്ങളും ഇന്നും പലര്‍ക്കും മനസ്സിലാകാത്തവയാണ്. എന്നാല്‍ അവയായിരുന്നു ശരി എന്ന് ഇന്നു തിരിഞ്ഞുനോക്കുമ്പോള്‍ വ്യക്തമാണല്ലോ.

തീര്‍ച്ചയായും കാലം കരുതിവെച്ചത് ഗാന്ധിയോ അംബേദ്കറോ നെഹ്‌റുവോ വിഭാവനം ചെയ്തവയായിരുന്നില്ല. ആയിരുന്നെങ്കില്‍ നെഹ്‌റു ഇരുന്ന കസേരയില്‍ മോദി ഇരിക്കുമായിരുന്നില്ലല്ലോ. ആ മാറ്റം തന്നെയാണ് സമകാലിക ഇന്ത്യ നേരിടുന്ന വെല്ലുവിളി. നിരവധി വൈരുദ്ധ്യങ്ങളുണ്ടെങ്കിലും ജനാധിപത്യത്തേയും മതേതരത്വത്തേയും സാമൂഹ്യനീതിയേയും കുറിച്ചൊന്നും പറഞ്ഞില്ലെങ്കിലും പ്രവര്‍ത്തിയില്‍ അവക്കായി നിലകൊണ്ട, അതിനായി ജീവന്‍ ത്യജിച്ച ഒരാളെ കുറിച്ചോര്‍ക്കുമ്പോള്‍ നാമെടുക്കേണ്ട പ്രതിജ്ഞ അവ കണ്ണിലെ കൃഷ്ണമണി പോലെ സംരക്ഷിക്കുമെന്നാണ്. എന്നാല്‍ ഗാന്ധിപോലും ഹൈജാക് ചെയ്യപ്പെടുന്ന കാഴ്ചയാണ് തോട്ടി കയ്യിലേന്തിയ മോദിയുടെ ചിത്രം വെളിവാക്കുന്നത്. ആ തോട്ടി ഗാന്ധി കൈയിലേന്തിയ തോട്ടിയല്ല എന്ന തിരിച്ചറിവാണ് കാലം ആവശ്യപ്പെടുന്നത്.

സുഹൃത്തെ,
അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പന്ത്രണ്ടാം വര്‍ഷത്തേക്ക് കടക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2024 - 25 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.

The Critic, A/C No - 020802000001158,
Indian Overseas Bank,
Thrissur - 680001, IFSC - IOBA0000208
google pay - 9447307829
സ്നേഹത്തോടെ ഐ ഗോപിനാഥ്, എഡിറ്റര്‍, thecritic.in


ഞങ്ങളുടെ ഫേസ്ബുക് പേജ് ലൈക് ചെയ്യൂ..


Published On

Category: The Critic | Tags: , , , , , | Comments: 0 |

'ക്രിട്ടിക്കില്‍ പ്രസിദ്ധീകരിക്കുന്ന ലേഖനങ്ങള്‍ ലേഖകരുടെ അഭിപ്രായങ്ങളാണ്.. അവ പൂര്‍ണ്ണമായും ക്രിട്ടിക്കിന്റെ അഭിപ്രായങ്ങളാകണമെന്നില്ല - എഡിറ്റര്‍'

Be the first to write a comment.

Leave a Reply