കരുതല്‍ മേഖല പ്രശ്‌നത്തെ എങ്ങിനെ സമീപിക്കണം?

ദേശീയോദ്യാനങ്ങള്‍ക്കും വന്യജീവി സങ്കേതങ്ങള്‍ക്കും ചുറ്റില്‍ ഒരു കി.മി കരുതല്‍ മേഖല വേണമെന്ന സുപ്രീകോടതി വിധി നിര്‍ദ്ദേശം കേരളത്തില്‍ പതിവ് പോലെ വലിയ കോലാഹലങ്ങള്‍ക്കിടയാക്കിയിരിക്കുകയാണ്. ഒരു പക്ഷേ ഗാഡ്ഗില്‍ കമ്മറ്റി റിപ്പോര്‍ട്ടിനെതിരെ ഉണ്ടായ കലാപ സമാനമായ സ്ഥിതിഗതികളിലേക്ക് ജനങ്ങള്‍ക്കുണ്ടായ ആശങ്കകളെ പര്‍വ്വതീകരിക്കുവാനുള്ള ശ്രമങ്ങള്‍ ഇനിയും തീവ്രമായേക്കാമെന്നാണ് കാണുന്നത്. എന്നാല്‍ ജനങ്ങള്‍ക്ക് പ്രധാനമായും മലയോര നിവാസികള്‍ക്കുണ്ടായ ആശങ്കകള്‍ തീരെ അസ്ഥാനത്തല്ല എന്നും കാണാവുന്നതാണ്

ടി.എന്‍. തിരുമുല്‍പ്പാട് സുപ്രീം കോടതിയില്‍ 1995 ല്‍ സമര്‍പ്പിച്ച പൊതുതാല്‍പര്യ ഹരജിയിലെ 2003 ലെ 1000 ആം നമ്പര്‍ ഇടക്കാല ഹരജിയുടെ ഉത്തരവാണ് ഇപ്പോള്‍ വിവാദങ്ങളുടെ ചുഴിയില്‍പ്പെട്ടിട്ടുള്ളത് അഥവാ പെടുത്തിയിട്ടുള്ളത്. നീലഗിരി ജില്ലയിലെ വനങ്ങളുടെ സംരക്ഷണം ആവശ്യപ്പെട്ടു കൊണ്ടാണ് ടി.എന്‍. തിരുമുല്‍പ്പാട് കേസ് കൊടുത്തിരുന്നത്. എന്നാല്‍ രാജ്യത്തെ എല്ലാ സംരക്ഷിത ദേശീയോദ്യാനങ്ങള്‍ക്കും വന്യ ജീവി സങ്കേതങ്ങളുടെയും സംരക്ഷണം എന്ന വിശാലമായ ഒരു തലത്തിലേക്ക് കേസ്സിന്റെ സ്വഭാവം മാറുകയുണ്ടായി. ഇപ്പോള്‍ പുറത്തു വന്ന ഇടക്കാല ഹരജിയില്‍ പ്രധാനമായ 2കാര്യങ്ങളാണ് കോടതി പരിഗണിക്കുകയും പരിശോധിക്കുകയും ചെയ്തിട്ടുള്ളത്. രാജസ്ഥാനിലെ രാംഗഢിലെ ജംവ വന്യ ജീവി സങ്കേതത്തിനുള്ളിലും സമീപ ഭൂഭാഗത്തും ഉള്ള അനിയന്ത്രിതവും അനധികൃതവുമായ ഖനന പ്രവര്‍ത്തനങ്ങള്‍ പ്രത്യേകമായി പരിഗണിച്ച കൂട്ടത്തില്‍ രാജ്യത്തെ മൊത്തം വന്യജീവി സങ്കേതങ്ങളിലും ദേശീയോദ്യാനങ്ങളിലും അവയുടെ സമീപത്തുമുള്ള വാണിജ്യ പ്രവര്‍ത്തനങ്ങള്‍ നിയന്ത്രിക്കുന്നതുമായി ബന്ധപ്പെട്ട് പരിസ്ഥിതി ലോല പ്രദേശങ്ങള്‍ നിശ്ചയിക്കേണ്ടതുണ്ടോ എന്ന വിഷയവും കോടതിയുടെ മുന്നില്‍ എത്തി. കോടതി മുമ്പ് പുറപ്പെടുവിച്ച ഉത്തരവുകള്‍ നടപ്പില്‍ വരുത്തുന്നതിന് മേല്‍നോട്ടം വഹിക്കുന്നതിന് 2002 മെയ് 9 ന്റെ കോടതിയുടെ നിര്‍ദ്ദേശപ്രകാരം ഒരു സെന്‍ട്രല്‍ എംപവേഡ് കമ്മറ്റി(സി.ഇ.സി) രൂപീകരിച്ചിരുന്നു. അതോടൊപ്പം 2002 സപ്തം.17 ന് കേന്ദ്ര വനം പരിസ്ഥിതി മന്ത്രാലയം 1986 ലെ പരിസ്ഥിതി നിയമം 3(3) വകുപ്പ് പ്രകാരവും മറ്റൊരു കമ്മറ്റി ഉണ്ടാക്കി. അതാത് സമയങ്ങളില്‍ സി.ഇ.സി. കോടതിക്ക് റിപ്പോര്‍ട്ടുകള്‍ നല്‍കി വന്നിരുന്നു. ഈ കേസ്സ് പരിഗണിച്ചു കൊണ്ടിരിക്കെ പല സമയങ്ങളിലായി ഖനനം നടത്തുന്നവരും ചില സംസ്ഥാന സര്‍ക്കാറുകളും മുന്‍ ഉത്തരവുകളില്‍ മാറ്റം ആവശ്യപ്പെട്ട് ഹരജികള്‍ ബോധിപ്പിക്കുകയുണ്ടായി. ഈ ഹരജികളിലെ മുഖ്യ ആവശ്യം സംരക്ഷിത പ്രദേശങ്ങളിലും സമീപവുമുള്ള ഇടങ്ങളില്‍ മുന്‍ ഉത്തരവുകളില്‍ പ്രഖ്യാപിച്ച ഖനനങ്ങള്‍ക്കുള്‍പ്പെടെ ഏര്‍പ്പെടുത്തിയ നിരോധനങ്ങളും നിയന്ത്രണങ്ങളും ഒഴിവാക്കണമെന്നതായിരുന്നു ആവശ്യം. സംസ്ഥാന സര്‍ക്കാരുകള്‍ സാമ്പത്തിക വികസനത്തിന്റെ പേരില്‍ വാണിജ്യ നിയന്ത്രണങ്ങളും നിരോധനങ്ങളും നീക്കണമെന്ന വാദവും ഉന്നയിക്കുകയുണ്ടായി. അതുപോലെ ബഫര്‍ സോണ്‍ നിശ്ചയിക്കാനുള്ള മാനദണ്ഡങ്ങളെയും രണ്ടു കൂട്ടരും ഒരുപോലെ എതിര്‍ത്ത് വാദങ്ങള്‍ ഉന്നയിച്ചു.

2003 ല്‍ സി.ഇ.സി. നല്‍കിയ റിപ്പോര്‍ട്ട് 1000-ാം നമ്പര്‍ ഇടക്കാല ഹരജിയായി പരിഗണിച്ച് അതിലാണ് ഇപ്പോഴത്തെ ഉത്തരവ് പുറപ്പെടുവിച്ചിട്ടുള്ളത്. ഈ റിപ്പോര്‍ട്ടില്‍ ജംവ സംരക്ഷിത പ്രദേശത്തിനുളളിലും അതിന് തൊട്ടടുത്തും നടക്കുന്ന വന്‍ ഖനനങ്ങള്‍ ചൂണ്ടിക്കാണിച്ചിരുന്നു. ഖനന പ്രവര്‍ത്തനങ്ങള്‍ക്ക് ഒത്താശ ചെയ്തു കൊടുക്കുന്ന നിലയില്‍ രാജസ്ഥാന്‍ സര്‍ക്കാര്‍ 25 മീറ്റര്‍ വീതിയിലുള്ള പ്രദേശമാണ് ബഫര്‍ സോണായി കണക്കാക്കിയിട്ടുണ്ടായിരുന്നത്. രാജസ്ഥാനില്‍ തന്നെ ഉള്ള മറ്റ് സംരക്ഷിത പ്രദേശങ്ങള്‍ക്ക് 500 മീറ്ററും മധ്യപ്രദേശില്‍ 250 മീറ്ററും ആണ് ബഫര്‍ സോണ്‍. ജംവയുടെ കാര്യത്തില്‍ വനം വകുപ്പ് നിശ്ചയിച്ച 25 മീറ്റര്‍ വീതി തീര്‍ത്തും അപര്യാപ്തമാണെന്നും ഈ മേഖലയിലും സംരക്ഷിത പ്രദേശത്തിനകത്തും ഉള്ള ഖനനങ്ങളുടെ ആഘാതം അതിലും അകലേക്ക് പോലും ഉണ്ടാകുന്നുണ്ടെന്നും അനുമതി നല്‍കുമ്പോള്‍ വെച്ചിരുന്ന നിബന്ധനകള്‍ എല്ലാം തന്നെ കാറ്റില്‍ പറത്തുകയാണെന്നും അവിടെ 500 മീറ്ററെങ്കിലും ബഫര്‍ സോണ്‍ പരിധി വേണമെന്നും റിപ്പോര്‍ട്ട് നിര്‍ദ്ദേശിക്കുകയുണ്ടായി. സി.ഇ.സി 2012 ല്‍ സമര്‍പ്പിച്ച രണ്ടാമത്തെ റിപ്പോര്‍ട്ടില്‍ പരിസ്ഥിതി ലോല മേഖലകള്‍ രാജ്യത്തെ എല്ലാ സംരക്ഷിത പ്രദേശങ്ങള്‍ക്കും ബാധകമാക്കണമെന്ന നിര്‍ദ്ദേശം മുന്നോട്ട് വെച്ചു. അതിനു മുമ്പ് സമാന ആവശ്യവുമായി സുപ്രീം കോടതിയില്‍ ഗോവ ഫൗണ്ടേഷന്‍ 2004ല്‍ കൊടുത്ത കേസ്സില്‍ 2006 ല്‍ കോടതി മറ്റൊരു ഉത്തരവ് പുറപ്പെടുവിച്ചിരുന്നു. 2005 ല്‍ വനം പരിസ്ഥിതി മന്ത്രാലയം ബഫര്‍ സോണിന്റെ പരിധിസംബന്ധിച്ച് നിര്‍ദ്ദേശങ്ങള്‍ സമര്‍പ്പിക്കുവാന്‍ സംസ്ഥാനങ്ങളോട് പറഞ്ഞിട്ടുണ്ടെന്ന് ബോധിപ്പിക്കുകയുണ്ടായി. നിശ്ചിത കാലപരിധിക്കുള്ളില്‍ സംസ്ഥാനങ്ങളുടെ നിര്‍ദ്ദേശങ്ങള്‍ ലഭിക്കാത്ത പക്ഷം 2002 ല്‍ സുപ്രീം കോടതി ഇട്ട ഉത്തരവനുസരിച്ച് 10 കി.മി വീതിയില്‍ ബഫര്‍ സോണ്‍ നിശ്ചയിക്കുമെന്ന് 2006 ലെ വിധിയില്‍ എടുത്തു പറഞ്ഞിട്ടുണ്ട്.

ദി ക്രിട്ടിക് ഫേസ് ബുക്ക് പേജ് ലൈക്ക് ചെയ്യുക

എന്നാല്‍ 2011 ഫിബ്രുവരി 9ന് വനം പരിസ്ഥിതി, കാലാവസ്ഥാ വ്യതിയാന വകുപ്പ് പരിസ്ഥിതി ലോല പ്രദേശങ്ങള്‍ കണക്കാക്കുന്നതിനും അതിന്റെ പരിപാലനത്തിനുമുള്ള മാര്‍ഗനിര്‍ദ്ദേശങ്ങള്‍ സമര്‍പ്പിക്കുകയുണ്ടായി. അതിലെ പ്രധാന നിര്‍ദ്ദേശം ഓരോ സംരക്ഷിതപ്രദേശത്തിന്റെയും പ്രത്യേകത കണക്കിലെടുത്ത് അതാതിടങ്ങള്‍ക്കനുയോജ്യമായ വീതിയില്‍ വേണം ബഫര്‍ സോണ്‍ നിശ്ചയിക്കാനെന്നാണ്. ഉദാഹരണം പറഞ്ഞത് തമിഴ്‌നാട്ടിലെ ഗിണ്ടി ദേശീയോദ്യാനം ചെന്നൈ നഗരത്തോട് ചേര്‍ന്നിട്ടുള്ളതാണെന്നാണ്. എങ്കിലും ഒരു പൊതു സമീപനമെന്ന നിലയില്‍ ബഫര്‍ സോണിന്റെ വീതി10 കി.മീ വരെ നിശ്ചയിക്കാമെന്നും മാര്‍ഗ നിര്‍ദ്ദേശങ്ങളില്‍ പറയുന്നുണ്ട്. പരിസ്ഥിതി ഇടനാഴികള്‍ പോലുളളിടങ്ങളില്‍ അതിലും കൂട്ടണമെന്നും നിര്‍ദ്ദേശിക്കുന്നുണ്ട്. ഈ മേഖലയില്‍ കൊണ്ടുവരേണ്ട നിരോധനങ്ങളും, നിയന്ത്രണങ്ങളും അനുവദനീയമായ കാര്യങ്ങളും തീരുമാനിക്കുന്നതിന് ഓരോ സംസ്ഥാനത്തും ചീഫ് വൈല്‍ഡ് ലൈഫ് വാര്‍ഡന്‍, പരിസ്ഥിതി ശാസ്ത്രജ്ഞന്‍, തദ്ദേശ സ്വയംഭരണ സ്ഥാപനത്തിലെയും റവന്യൂ വകുപ്പിലെയും ഓരോ ഉദ്യോഗസ്ഥര്‍ എന്നിവരടങ്ങിയ കമ്മറ്റി രൂപീകരിക്കണമെന്നുള്ള ശിപാര്‍ശയും ഉണ്ടായിരുന്നു. അവയ്ക്ക് പുറമെ സംരക്ഷിത മേഖലകള്‍ക്ക് ചുറ്റും രൂപീകരിക്കേണ്ട പരിസ്ഥിതി ലോല മേഖലയുടെ പരിധി, അവയുടെ പരിപാലന രീതികള്‍, മാസ്റ്റര്‍ പ്ലാനില്‍ ഉള്‍പ്പെടുത്തപ്പെട്ട പ്രവര്‍ത്തനങ്ങളുടെ നടത്തിപ്പ് എന്നിവ തീരുമാനിക്കാനുള്ള ചുമതലയും ഈ കമ്മറ്റിക്ക് നല്‍കി. ജനങ്ങളുടെ ദൈനംദിന പ്രവര്‍ത്തികള്‍ തടയുകയല്ല സംരക്ഷിത മേഖലക്ക് പുറത്ത് പരിസ്ഥിതി ലോല മേഖലകളില്‍ വന്‍ നിര്‍മ്മാണങ്ങള്‍, മലിനീകാരകങ്ങളായ വ്യവസായങ്ങള്‍, ഖനനങ്ങള്‍ എന്നിവക്ക് നിരോധനമോ നിയന്ത്രണമോ കൊണ്ടുവരിക എന്നതാണ് പരിസ്ഥിതി ലോല മേഖലകള്‍ നിശ്ചയിക്കുന്നതിന്റെ ആവശ്യകതയെക്കുറിച്ചുള്ള മാര്‍ഗനിര്‍ദ്ദേശങ്ങളിലെ ലക്ഷ്യമായി പറഞ്ഞിട്ടുള്ളത്.

നിരോധന പട്ടികയിലുള്ളവ:

1. വാണിജ്യ ഖനനം. എന്നാല്‍ വീടുകളുടെ നിര്‍മ്മാണത്തിന് കുഴികളെടുക്കുന്നതും സ്വന്തം ആവശ്യത്തിന് ടൈലുകള്‍ നിര്‍മ്മിക്കുന്നതിനും നിരോധനമില്ല.
2.മരം മില്ലുകള്‍
3. ശബ്ദം, വായു, ജല,മണ്ണ് മലിനീകരണം സൃഷ്ടിക്കുന്ന വ്യവസായങ്ങള്‍.
4. ജലവൈദ്യുത പദ്ധതികള്‍
5. അപകടരമായ വസ്തുക്കളുടെ ഉപയോഗം
6. ടൂറിസം.
7. ഹോട്ടലുകള്‍, മറ്റ് വ്യവസായ സ്ഥാപനങ്ങള്‍ എന്നിവയുടെ വാണിജ്യ വിറക് ഉപയോഗം.

നിയന്ത്രണമുള്ളവ:

1. ഹോട്ടലുകള്‍, റിസോര്‍ട്ടുകള്‍ എന്നിവ മാസ്റ്റര്‍ പ്ലാനിനനുസരിച്ച് വന്യമൃഗങ്ങളുടെ സഞ്ചാരത്തിന് തടസ്സമുണ്ടാകാത്ത വിധത്തില്‍ ആവാം.
2. കൃഷിരീതിയിലുള്ള വന്‍ മാറ്റങ്ങള്‍
3. ജലസ്രോതസ്സുകളുടെയും ഭൂഗര്‍ഭ ജലത്തിന്റെയും വാണിജ്യ ഉപയോഗം.ഇത് മാസ്റ്റര്‍ പ്ലാനിനസരിച്ച് വന്യമൃഗങ്ങള്‍ക്ക് ശല്യമാവാത്ത നിലയില്‍ ആവാം.
4. ഇലക്ട്രിക് കമ്പികള്‍ കെട്ടി ഉയര്‍ത്തുന്നത്. ഇതിനു പകരം ഭൂമിക്കടിയിലുള്ള കേബിളുകള്‍ പ്രോത്സാഹിപ്പിക്കണം.
5. ഹോട്ടലുകളും റിസോര്‍ട്ടുകളും വേലികെട്ടുന്നത്.
6. കച്ചവട സ്ഥാപനങ്ങള്‍ പ്ലാസ്റ്റിക് കാരിബാഗുകള്‍ ഉപയോഗിക്കുന്നത്.
7. റോഡുകളുടെ നിര്‍മ്മാണം, വീതി കൂട്ടല്‍ എന്നിവ പരിസ്ഥിതി ആഘാതപഠനത്തോടെ ആവാം.
8. വാണിജ്യാവശ്യത്തിനുള്ള വാഹനങ്ങളുടെ രാത്രി കാല ഗതാഗതം.
9. വിദേശ ഇനം ചെടികള്‍
10. വ്യോമ, ജലഗതാഗതങ്ങള്‍
11. പരസ്യ ഫലകങ്ങള്‍
12. നിലവിലെ കൃഷിഭൂമിയുടെ വന്‍ തോതിലുള്ള വികസനം മാസ്റ്റര്‍ പ്ലാനിനനുസരിച്ച് നിയന്ത്രിക്കപ്പെടണം.

അനുവദിക്കേണ്ടുന്നതും പ്രോത്സാഹിപ്പിക്കേണ്ടുന്നതും.

1. നിലവിലെ തദ്ദേശിയ സമൂഹങ്ങളുടെ കൃഷിരീതി.
2. മഴവെള്ള സംഭരണം
3. ജൈവ കൃഷി
4. പുന:രുപയോഗ ഊര്‍ജം.
5. ഹരിത സാങ്കേതിക വിദ്യയുടെ ഉപയോഗം.

2012 ല്‍ സി.ഇ.സി. സമര്‍പ്പിച്ച മറ്റൊരു റിപ്പോര്‍ട്ടില്‍ സംരക്ഷിത പ്രദേശങ്ങളുടെ വിവിധ ഗ്രൂപ്പുകളായി നിര്‍ണയിക്കുന്നതിനുള്ള മാനദണ്ഡങ്ങള്‍ നിര്‍ദ്ദേശിച്ചിരുന്നു. ഇപ്പോഴത്തെ സുപ്രീം കോടതിയുടെ ഉത്തരവിന്റെ അടിസ്ഥാനം സി.ഇ.സി യുടെ റിപ്പോര്‍ട്ടുകളും വനം പരിസ്ഥിതി മന്ത്രാലയത്തിന്റെ മാര്‍ഗനിര്‍ദ്ദേശങ്ങളുമാണ്.

ഒരു കാര്യം ജനങ്ങളും സര്‍ക്കാറും മനസ്സിലാക്കേണ്ടത് സംരക്ഷിത പ്രദേശങ്ങളുടെയും പരിസ്ഥിതിയുടെയും സംരക്ഷണം സര്‍ക്കാറിന്റെ നിയമപരമായ ബാധ്യതയാണ് എന്നതാണ്. ഇന്ത്യന്‍ നിയമങ്ങള്‍ അനുസരിച്ച് മാത്രമല്ല ഇന്ത്യ അംഗമായിട്ടുള്ള അന്താരാഷ്ട്ര ഉടമ്പടികളനുസരിച്ചും അതിനുള്ള ബാധ്യതയുണ്ട്. ഇത് ശരിയായിരിക്കുമ്പോള്‍ തന്നെയും ഇതിലെ തെറ്റ് എന്നു പറയുന്നത് അങ്ങേയറ്റം ഏകപക്ഷീയവും കേന്ദ്രീകൃതവുമാണ് അവ സംബന്ധിച്ച് രൂപീകരിക്കപ്പെടുന്ന സമീപനങ്ങള്‍ എന്നതാണ്. ഇപ്പോഴും കൊളോണിയല്‍ ഭരണകാലത്തെ സമീപനം തന്നെയാണ് സര്‍ക്കാറുകള്‍ പിന്തുടരുന്നത്. വനം പരിസ്ഥിതി മന്ത്രാലയത്തിന്റെ മേല്‍ പറഞ്ഞ മാര്‍ഗനിര്‍ദ്ദേശങ്ങള്‍ ജനങ്ങള്‍ക്ക് അത്ര ഗുരുതരമായ ആഘാതങ്ങള്‍ ഉണ്ടാക്കുന്നവയല്ല. എന്നാല്‍ അവ തയ്യാറാക്കിയ പ്രക്രിയയില്‍ പ്രാദേശിക ജനവിഭാഗങ്ങള്‍ക്ക് യാതൊരു പങ്കുമില്ല. വനം വകുപ്പിന് ഇപ്പോള്‍ തന്നെയുള്ള അമിതാധികാരം സംരക്ഷിത മേഖലക്ക് പുറത്തുള്ള ജന ആവാസ മേഖലകളിലും ലഭിക്കുമെന്നുള്ളതാണ് ഈ പരിപാലന പ്രക്രിയയുടെ പ്രതിലോമകരമായ വശം. ജനങ്ങള്‍ ഭയപ്പെടുന്നതും അതാണ്. എല്ലാം ചീഫ് കണ്‍സര്‍വേറ്ററുടെ അധികാരത്തിന്‍ കീഴിലാകുകയാണ് ചെയ്യുക. ഇപ്പോള്‍ തന്നെ വനം വകുപ്പിന്റെ അധികാര പ്രയോഗം കേരളത്തിലെ മലയോര കര്‍ഷകരെ മാത്രമല്ല ദ്രോഹിക്കുന്നത്, വനത്തെ ആശ്രയിച്ചു കഴിയുന്ന വന മേഖലയോട് ചേര്‍ന്ന് കൃഷി ചെയ്തുവരുന്ന ആദിവാസി ഗോത്ര സമൂഹങ്ങളെയും അവരുടെ പരമ്പരാഗത കൃഷിഭൂമികളില്‍ നിന്ന് ഒഴിപ്പിക്കുകയും ചെയ്യുന്നതിന് ഇടയാക്കിയിട്ടുണ്ട്. അടുത്ത കാലത്ത് ഇത്തരത്തിലുള്ള സംഭവം വയനാട്ടില്‍ നിന്ന് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടതാണല്ലോ? ലോകത്തെമ്പാടും ഉള്ളതുപോലെയും കൊളോണിയല്‍ ഭരണകാലത്തിന് മുമ്പ് ഇന്ത്യയില്‍ ഉണ്ടായിരുന്നതുപോലെയും കാടും പാരിസ്ഥിതികാവാസ വ്യവസ്ഥയും സംരക്ഷിച്ചു പോന്നിട്ടുള്ളത് ഗ്രാമീണ ജനസമൂഹങ്ങളാണ്. ഇവയുടെ മേല്‍ അവര്‍ക്കുണ്ടായിരുന്ന സാമൂഹിക ഉടമസ്ഥതയാണ് അതിനെ നിലനിര്‍ത്തിയതിന്റെ അടിസ്ഥാനം. കൊളോണിയല്‍ ഭരണകാലത്ത് ഈ ഉടമസ്ഥത റദ്ദ് ചെയ്യപ്പെടുകയും അവ സ്റ്റേറ്റിന്റെ കുത്തകാധികാരത്തിനു കീഴില്‍ കൊണ്ടുവരികയും ചെയ്തു. അതിനു ശേഷവും ഈ വ്യവസ്ഥയില്‍ ഒരു മാറ്റവും സ്വതന്ത്ര ഇന്ത്യയില്‍ സംഭവിച്ചിട്ടില്ല. അടിത്തട്ടില്‍ നിന്നുള്ള അനുഭവങ്ങളും പഠനങ്ങളും തെളിയിക്കുന്നത് സാമൂഹിക ഉടമസ്ഥത ഇപ്പോഴും നിലനില്‍ക്കുന്ന അപൂര്‍വ്വം ചിലയിടങ്ങളില്‍ പരമ്പരാഗത സമൂഹങ്ങള്‍ വനം വകുപ്പിന്റെതിനെക്കാള്‍ വളരെ ഫലപ്രദമായും വളരെ ചുരുങ്ങിയ ചെലവിലും വനം സംരക്ഷിക്കുന്നുണ്ട് എന്നതാണ്. വനനശീകരണത്തിനും വന്യജീവി സമ്പത്തിലെ ഇടിവിനും കാരണമാകുന്നത് വനം വകുപ്പും സര്‍ക്കാറും നിയമവിധേയമായും അല്ലാതെയും വനവിഭവങ്ങളെ സാമ്പത്തിക ലക്ഷ്യം വെച്ചു കൊണ്ട് വില്പന ചരക്കായി കണക്കാക്കുന്നതാണ്. അതേ സമയം വനമേഖലയോട് അടുത്തു താമസിക്കുന്ന ജനങ്ങളെ കൈയ്യേറ്റക്കാരായി ചിത്രീകരിച്ച് അവരെ പരിസ്ഥിതിയുടെ ശത്രുക്കളായി കാണുകയും ചെയ്യുന്നു.

ദി ക്രിട്ടിക് യു ട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

പാരിസ്ഥിതിക വ്യവസ്ഥയുടെ സംരക്ഷണത്തില്‍ തദ്ദേശീയ സമൂഹങ്ങളുടെ സാമൂഹിക ഉടമസ്ഥതയുടെ പ്രാധാന്യം ഐക്യരാഷ്ട്ര സഭക്കു കീഴിലുള്ള വിവിധ സംഘടനകള്‍ തിരിച്ചറിയുന്നുണ്ട്. അതിനാലാണ് ജൈവ വൈവിധ്യ പരിപാലനത്തില്‍ ഗ്രാമ സമൂഹങ്ങളുടെ പങ്കിനെ അടയാളപ്പെടുത്തുന്ന തരത്തില്‍ എല്ലാ രാജ്യങ്ങളിലും ജൈവ വൈവിധ്യ നിയമം ഉണ്ടാക്കണമെന്ന് അംഗരാഷ്ട്രങ്ങളോട് നിഷ്‌കര്‍ഷിച്ചത്. 2002 ലെ ആഗോള ജൈവ വൈവിധ്യ കണ്‍വന്‍ഷന്റെ പ്രഖ്യാപനത്തിന്റെ അടിസ്ഥാനത്തിലാണ് ഗ്രാമ പഞ്ചായത്ത് തലങ്ങളില്‍ ജൈവവൈവിധ്യ പരിപാലന സമിതികളും ഗ്രാമീണരുടെ മുന്‍ കൈയ്യില്‍ തയ്യാറാക്കപ്പെടുന്ന ജൈവ വൈവിധ്യ രജിസ്റ്ററുകളും ഒക്കെ ഉണ്ടാവുന്നത്. എന്നാല്‍ അതിനനുസൃതമായി ഇന്ത്യയില്‍ നിയമം ഉണ്ടാക്കിയപ്പോള്‍ ഉദ്യോഗസ്ഥര്‍ക്ക് മേല്‍ക്കൈ കിട്ടുന്നതരത്തിലുള്ള വ്യവസ്ഥകളാണ് കൊണ്ടുവന്നിട്ടുള്ളത്. അതുപോലെ വനത്തിന് മേല്‍ ഗോത്ര സമൂഹങ്ങള്‍ക്ക് ഉടമസ്ഥത നല്‍കണമെന്ന ഐക്യരാഷ്ട്രസംഘടനയുടെ പ്രഖ്യാപനത്തെ തുടര്‍ന്നാണ് വനാവകാശ നിയമം ഇന്ത്യയില്‍ കൊണ്ടുവന്നത്. കേരളമുള്‍പ്പടെ പല സംസ്ഥാനങ്ങളിലും ഇത് നടപ്പാക്കിയിട്ടില്ല. സര്‍ക്കാറുകളുടെ വിപണി താല്പര്യങ്ങളും ഉദ്യോഗസ്ഥ വൃന്ദത്തിന്റെ അധികാരങ്ങളും ഇല്ലാതാകുമെന്ന ഭയമായിരിക്കാം കാരണം.

ഗാഡ്ഗില്‍ കമ്മറ്റി റിപ്പോര്‍ട്ടിനെതിരെ ചന്ദ്രഹാസമിളക്കാന്‍ ഇവരെ പ്രേരിപ്പിച്ചതും യഥാര്‍ത്ഥത്തില്‍ ഇതാണ്. ഇവരുടെ കുത്തകാധികാരങ്ങളെ അതിലംഘിച്ചുകൊണ്ട് പരിസ്ഥിതിലോല പ്രദേശങ്ങളുടെ പരിപാലനവ്യവസ്ഥ എപ്രകാരമായിരിക്കണമെന്ന് തീരുമാനിക്കാനും അത് നടപ്പിലാക്കാനും ഉള്ള അവകാശം ഗ്രാമസഭകള്‍ക്കും ഗ്രാമീണ ജനസമൂഹങ്ങള്‍ക്കും ലഭിക്കുന്നതിനെ അട്ടിമറിക്കുക എന്നതായിരുന്നു ലക്ഷ്യം. ഈ രീതിയിലുള്ള പരിപാലനവ്യവസ്ഥ ഉള്ളയിടങ്ങളില്‍ ഖനനം പോലും ഖനന മാഫിയകളെ അകറ്റി ശാസ്ത്രീയവും സുസ്ഥിരവുമായ രീതിയില്‍ ഗ്രാമസഭകള്‍ കൈകാര്യം ചെയ്യുന്ന അനുഭവമാണ് സര്‍ക്കാരുകളും രാഷ്ട്രീയ നേതൃത്വങ്ങളും ഭയപ്പെട്ടത്.

ഗാഡ്ഗില്‍ കമ്മറ്റി ശിപാര്‍ശകള്‍ നടപ്പിലാക്കുകയും അതിന്റെ രീതിശാസ്ത്രം പിന്‍പറ്റുകയും ചെയ്തിരുന്നെങ്കില്‍ വനം പരിസ്ഥിതി മന്ത്രാലയം സുപ്രീം കോടതിയില്‍ സമര്‍പ്പിച്ച നിര്‍ദ്ദേശങ്ങള്‍ ഉദ്യോഗസ്ഥ തലത്തില്‍ രൂപീകരിക്കപ്പെടുന്ന സാഹചര്യമോ അതുപോലെ ഏകപക്ഷീയമാകുകയോ ഇല്ലായിരുന്നു. സുപ്രീം കോടതി വിധി ഏകപക്ഷീയമാണെന്ന വിമര്‍ശനവും ഉണ്ടാകുമായിരുന്നില്ല. നിലവിലെ നിയമസംവിധാനങ്ങളുടെ വ്യവസ്ഥ സ്വീകരിക്കുക മാത്രമെ കോടതിക്ക് നിര്‍വ്വാഹമുണ്ടായിരുന്നുള്ളൂ. കേരള സര്‍ക്കാര്‍ 2019 ല്‍ കരുതല്‍ മേഖലയുടെ വീതി 1 കി.മി.ആക്കുന്നതില്‍ വിരോധമില്ലെന്ന് എംപവേഡ് കമ്മറ്റിയെ അറിയിച്ചിട്ടുള്ളതാണ്. ഗാഡ്ഗില്‍ കമ്മറ്റി റിപ്പോര്‍ട്ടിനെതിരെ ജനങ്ങളെ തെറ്റിദ്ധരിപ്പിച്ച് കലാപമുണ്ടാക്കിയവരുടെ താല്‍പര്യങ്ങള്‍ പിന്നീട് പലപ്പോഴായി മറ നീക്കി പുറത്തുവന്നിട്ടുണ്ട്. തീരുമാനമെടുക്കുന്നതില്‍ ജനങ്ങള്‍ക്ക് ലഭിക്കുമായിരുന്ന പങ്കാളിത്തം നഷ്ടപ്പെടുത്തിയവര്‍ ഇന്ന് കോടതിയെ കുറ്റം പറഞ്ഞ് ജനങ്ങളുടെ ആശങ്കകളെ പെരുപ്പിക്കുകയാണ്. ക്വോറി മാഫിയകളാണ് ഇതിന്റെ ഫലം കൊയ്യുക. ജനങ്ങളെ പരിസ്ഥിതിക്കെതിരെ തിരിക്കുന്നതിലൂടെ കൈ നനയാതെ നിക്ഷിപ്ത താല്‍പര്യക്കാര്‍ക്ക് മീന്‍പിടിക്കാനും കഴിയും.

കേരള സര്‍ക്കാറിന്റെ ഇക്കാര്യത്തിലുള്ള പ്രതികരണം ഉത്തരവാദിത്തത്തോടെയുള്ളതല്ല എന്ന് പറയേണ്ടി വരും. സര്‍ക്കാര്‍ ഈ വിധി സൂക്ഷ്മമായി പഠിച്ചിട്ടുള്ളതായും തോന്നുന്നില്ല. സംരക്ഷിത പ്രദേശങ്ങളായ ദേശീയോദ്യാനങ്ങള്‍ക്കും വന്യജീവി സങ്കേതങ്ങള്‍ക്കും ചുറ്റും പരിസ്ഥിതി ലോല മേഖല ഉണ്ടാകുമെന്ന കാര്യവും അതുപോലെ അവയുടെ സംരക്ഷണവും പരിപാലനവും സുനിശ്ചിതമായതുമാണ്. ഇവിടെ എല്ലാ വനഭൂമിക്കും ചുറ്റും കരുതല്‍ മേഖല കോടതി നിശ്ചയിച്ചിരിക്കുന്നുവെന്നാണ് പ്രചരിപ്പിക്കപ്പെടുന്നത്.

കേരളത്തിന്റെ സാഹചര്യത്തില്‍ സംരക്ഷിത പ്രദേശങ്ങള്‍ക്കു സമീപമുള്ള ഗ്രാമസഭകള്‍ വിളിച്ചു ചേര്‍ത്ത് അതിന്റെ പരിധി എത്രയായിരിക്കണമെന്നും ജനസമൂഹങ്ങളുടെ ദൈനംദിന വ്യവഹാരങ്ങളെ ബാധിക്കാത്ത തരത്തിലും അവരുടെ നിലവിലെ ജീവിതത്തെ ദോഷകരമായി ബാധിക്കാത്ത തരത്തിലും ഈ പരിസ്ഥിതി ലോല മേഖലകളുടെ പരിപാലനത്തിന്റെ വ്യവസ്ഥകള്‍ രൂപപ്പെടുത്തണം. സുപ്രീം കോടതി രാജസ്ഥാന്‍ സര്‍ക്കാറിന്റെ ആവശ്യം പരിഗണിച്ച് ജംവയുടെ കാര്യത്തില്‍ 500 മീറ്ററാക്കി കൊടുത്തിട്ടുണ്ട്. നിയന്ത്രണ പട്ടികയിലുള്ള നിര്‍മ്മാണങ്ങള്‍ക്ക് അനുമതി നല്‍കാനുള്ള അധികാരം വനം വകുപ്പിലെ ഉദ്യോഗസ്ഥനില്‍ നിന്ന് മാറ്റി നിയമപരമായി തന്നെ ഗ്രാമസഭകളുടെ ശിപാര്‍ശയിന്‍മേല്‍ ഗ്രാമ പഞ്ചായത്തുകള്‍ക്ക് നല്‍കണം. സുപ്രീം കോടതിയുടെ ഉത്തരവിന്റെ അന്ത:സത്ത സംരക്ഷിത പ്രദേശങ്ങളിലെയും കരുതല്‍ മേഖലകളിലെയും വാണിജ്യപരമായ പ്രവര്‍ത്തികള്‍ തടയുക എന്നതാണ്. അത് 1997ലെ പ്രശസ്തമായ എം.സി.മേത്ത കേസ്സില്‍ പ്രകൃതി വിഭവങ്ങള്‍ ജനങ്ങള്‍ക്കും സമൂഹത്തിനും ഭാവിതലമുറക്കും വേണ്ടി പരിപാലിക്കുന്ന ട്രസ്റ്റിയാണ് ഭരണകൂടം എന്ന സങ്കല്പത്തിന്റെ അടിസ്ഥാനത്തിലാണ് സുപ്രീം കോടതി അത്തരമൊരു തീരുമാനം എടുത്തത്. അതു കൊണ്ട് തന്നെ അവ മൊത്തം ജനസമൂഹങ്ങള്‍ക്കും വേണ്ടി സുസ്ഥിരവും വിവേകപൂര്‍ണവുമായ വിനിയോഗ മാതൃകകളിലൂടെ ഉപയോഗപ്പെടുത്താവൂ എന്ന സമീപനം കോടതി ഈ വിധിയിലും ഊന്നിപ്പറഞ്ഞിട്ടുണ്ട്. അതായത് വാണിജ്യ പ്രവര്‍ത്തികളെ സഹായിക്കുന്നതോ അത്തരം താല്പര്യങ്ങള്‍ ഒളിച്ചു കടത്തുന്നതോ ആയ നിര്‍ദ്ദേശങ്ങളുമായി കോടതിയിലേക്ക് പോകുന്നത് ഗുണകരമായിരിക്കില്ല. ഒറിജിനല്‍ കേസ്സ് ചീഫ് ജസ്റ്റിസിന്റെ പരിഗണനക്ക് വിട്ട സാഹചര്യത്തില്‍ കൃത്യമായ നിലപാടുകളുമായി ഉപഹരജിയിലൂടെ കോടതിയെ സമീപിക്കാന്‍ പ്രയാസമില്ല. പരിസ്ഥിതി ലോല മേഖലകള്‍ വനാതിര്‍ത്തികളോട് ചേര്‍ന്നുള്ളത് മാത്രമല്ല. വിധിയില്‍ തണ്ണീര്‍തടങ്ങളും പരിസ്ഥിതി ലോല മേഖലയാണെന്ന് കോടതി പ്രസ്താവിച്ചിട്ടുണ്ട്. കേരളത്തിലെ തണ്ണീര്‍തടങ്ങളുടെ കാര്യത്തിലും സംരക്ഷിത പ്രദേശങ്ങള്‍ക്ക് ചുറ്റിലുമുള്ള പാരിസ്ഥിതിക മേഖലകളുടെ കാര്യത്തിലുള്ള പരിപാലനവ്യവസ്ഥകള്‍ കൊണ്ടുവരുന്നതിനുള്ള തീരുമാനങ്ങളും സര്‍ക്കാര്‍ ഇതൊന്നിച്ച് സ്വീകരിക്കേണ്ടതുണ്ട്. അങ്ങിനെ വരുമ്പോള്‍ പരിസ്ഥിതി സംരക്ഷണം മലയോര ജനതയുടെ മാത്രം ഉത്തരവാദിത്തമാണെന്ന രീതിയിലാണ് സര്‍ക്കാര്‍ കാണുന്നതെന്നതെന്ന അവരുടെ ആക്ഷേപം ഇല്ലാതാക്കാനും കഴിയും. കൃഷിയിടങ്ങളിലെ രൂക്ഷമായ വന്യമൃഗശല്യമാണ് സാധാരണക്കാരായ കര്‍ഷകരെ കാടിനും വന്യജീവികള്‍ക്കും എതിരാക്കുന്നത്. ഏതെങ്കിലും തരത്തില്‍ ഇതിനെ പ്രതിരോധിക്കാന്‍ പറ്റുമെന്ന പ്രതീക്ഷപോലും പുതിയ കോടതി ഉത്തരവ് മൂലം ഇല്ലാതാകുമെന്ന കര്‍ഷകരുടെ ഭയവും അസ്ഥാനത്തല്ല. ഈ പ്രശ്‌നം കൂടി ഉള്‍പ്പെടുത്തി ആയിരിക്കണം കോടതിയെ സമീപിക്കേണ്ടത്. ഈ പ്രശ്‌നത്തിന് കേരള സര്‍ക്കാറിന് പരിഹാരം കാണാന്‍ കഴിയും.

വന്യമൃഗങ്ങള്‍ കാടിറങ്ങുന്നത് അവിടുത്തെ ആവാസ വ്യവസ്ഥ ഭംഗപ്പെടുന്നതുകൊണ്ടെന്നതു പോലെ കാട്ടില്‍ ലഭിക്കുന്നതിനെക്കാള്‍ രൂചികരമായ ഭക്ഷണമാണ് കൃഷിയിടങ്ങളില്‍ ലഭിക്കുന്നതെന്ന വന്യമൃഗങ്ങളുടെ തിരിച്ചറിവുകൊണ്ട് കൂടിയാണ്. വനത്തിനുള്ളിലെ വാണിജ്യ ആവശ്യത്തിനുള്ള നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ അവസാനിപ്പിക്കുന്നതോടൊപ്പം വന്യ ജീവി സങ്കേതങ്ങള്‍ക്കും വനത്തിനും ഉള്ളില്‍ ജനങ്ങള്‍ക്ക് വേതനം കൊടുത്തുകൊണ്ട് വന്യമൃഗങ്ങള്‍ ഇഷ്ടപ്പെടുന്ന വിഭവങ്ങള്‍ കൃഷി ചെയ്യാനുള്ള പദ്ധതി ഉണ്ടാക്കാന്‍ സര്‍ക്കാര്‍ തയ്യാറാവേണ്ടതാണ്. ഇതിനുള്ള അധികാരം ഗ്രാമപഞ്ചായത്തുകള്‍ക്ക് നല്‍കാം. പാരിസ്ഥിതിക ലോല മേഖലകളുടെ പരിപാലനവ്യവസ്ഥയില്‍ ഇത്തരത്തിലുള്ള അനുബന്ധ വിഷയങ്ങള്‍ കൂടി ഉള്‍പ്പെടുത്തി വേണം സര്‍ക്കാര്‍ കോടതിയെ സമീപിക്കേണ്ടത്. മലയോര ജനങ്ങളെയും ഗോത്ര ജനതയെയും കൂടി ഉള്‍പ്പെടുത്തിക്കൊണ്ടുള്ള പരിപാലനവ്യവസ്ഥകള്‍ മാത്രമാണ് പോംവഴി.

സുഹൃത്തെ,
അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പന്ത്രണ്ടാം വര്‍ഷത്തേക്ക് കടക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2024 - 25 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.

The Critic, A/C No - 020802000001158,
Indian Overseas Bank,
Thrissur - 680001, IFSC - IOBA0000208
google pay - 9447307829
സ്നേഹത്തോടെ ഐ ഗോപിനാഥ്, എഡിറ്റര്‍, thecritic.in


ഞങ്ങളുടെ ഫേസ്ബുക് പേജ് ലൈക് ചെയ്യൂ..


Published On

Category: Ecology | Tags: , | Comments: 0 |

'ക്രിട്ടിക്കില്‍ പ്രസിദ്ധീകരിക്കുന്ന ലേഖനങ്ങള്‍ ലേഖകരുടെ അഭിപ്രായങ്ങളാണ്.. അവ പൂര്‍ണ്ണമായും ക്രിട്ടിക്കിന്റെ അഭിപ്രായങ്ങളാകണമെന്നില്ല - എഡിറ്റര്‍'

Be the first to write a comment.

Leave a Reply