കേരളത്തില്‍ ബുദ്ധിജീവികളും സാംസ്‌കാരിക നായകരും ഉണ്ടാകുന്നതിങ്ങനെ

കേരളത്തില്‍ ‘ബുദ്ധിജീവികള്‍’ എന്നും ‘സാംസ്‌കാരിക നായകര്‍ ‘ എന്നും മറ്റും വിളിക്കുന്നുന്നത് പൊതുവേ അറിയപ്പെടുന്ന മലയാളം എഴുത്തുകാരെയാണ്. കേരളത്തെ സംബന്ധിച്ചു അവര്‍ മലയാളത്തില്‍ ഒന്ന് രണ്ടു പുസ്തകം എങ്കിലും എഴുതിയിരിക്കണം . അവരില്‍ ഒട്ടു മിക്ക ആളുകളും പലപ്പോഴും മലയാളം അധ്യാപകര്‍ ആയിരിക്കും. അതില്‍ തന്നെ കൂടുതല്‍ പ്രകീര്‍ത്തിക്കപ്പെടുന്നത് ഒരു പാര്‍ട്ടിയുടെയോ വലിയ സംഘ ബലത്തിന്റെയോ ഒക്കെ ഒത്താശ ഉള്ളവരാണ് . സുകുമാര്‍ അഴിക്കോടും , എം എന്‍ വിജയനും ഒക്കെ ആ ഗണത്തില്‍ പെടുന്ന പ്രസംഗം നടത്തി ‘മിത്തുകള്‍’ ആയവരാണ്. ഇവരെപോലെയുള്ളവരെ അവരുടെ യഥാര്‍ത്ഥ ഇന്റെലെക്ച്ചുവല്‍ േെകാണ്‍ട്രിബ്യുഷനും ഉപരി അതിശോക്തിയോടെ വാഴ്ത്തപ്പെട്ടവരാണ്..

കേരളത്തില്‍ ‘ബുദ്ധിജീവി സാംസ്‌കാരിക ‘ നായകര്‍ക്ക് ചില വാര്‍പ്പ് മാതൃകകള്‍ ഉണ്ട് . ഇത് ഓരോ സ്പീച്ച് കമ്മ്യൂണിറ്റി അഥവാ ഭാഷ സമൂഹത്തിലും ഉണ്ടാകുന്നത് സാമൂഹികവും ചരിത്രപരവുമായ കാരണങ്ങള്‍ കൊണ്ടാണ്. അതായത് ഭാഷ സമൂഹ വ്യവഹാരങ്ങള്‍ക്ക് പലപ്പോഴും സാധുത നല്‍കുന്നത് മേല്‍കോയ്മകളുടെ അധികാര സ്വരൂപങ്ങളാണു.അതാത് സമൂഹത്തില്‍ വാഴുന്ന ജാതി , മത, വര്‍ഗ സ്വതങ്ങള്‍ ആയിരിക്കും. അതു കേരളത്തിലെ സാമൂഹിക ‘പൊതു ബോധ’ നിര്‍മ്മിതിയിലുമുണ്ട്. മേല്‍ക്കോയ്മ (hegemonic) സാമൂഹിക അധികാര നെറ്റ്വര്‍ക്കിന് പുറത്തു വര്‍ത്തിക്കുന്നവര്‍ക്ക് ‘ ‘സാസ്‌കാരിക നായകര്‍ ‘ ആകുവാന്‍ ഉള്ള സാധ്യത കുറവാണ്.

ഞങ്ങളുടെ ചെറുപ്പകാലത്ത് ഒരു മാതൃഭൂമി വാരികയോ കലാകൗമുദി വാരികയോ കക്ഷത്തില്‍, അല്പം താടി വളര്‍ത്തി, അലസമായി ജുബ്ബയൊക്കെ ഇട്ടുകൊണ്ടു കൊണ്ട് ‘ബുദ്ധിജീവി ചമഞ്ഞു’ വരുന്നവരും ഉണ്ടായിരിന്നു. പിന്നെ അല്പം സിനിമ . സ്വല്പം സാഹിത്യം. ചില വലിയ പേരുകള്‍ പറയുക . ടാര്‍കൊവ്‌സ്‌കി, ഗോദാര്‍ദ്, കുറസോവ, ഗബ്രിയേല്‍ മാര്‍ക്വസ് , നേരുദാ, ഒക്ടോവിയോ പാസ് , ക്യാമു, കഫ്കാ . ഇതൊക്കെ ഇടക്ക് പറഞ്ഞു അല്പം താടിയും തുണി സഞ്ചിയും ചില ‘കിടിലന്‍’ ബുക്കുകളും ഉണ്ടെങ്കില്‍ എണ്‍പതുകളില്‍ ഒരു ലോക്കല്‍ ‘ബുദ്ധിജീവി ‘ ആകാമായിരുന്നു .പലര്‍ക്കും ജോണ്‍ എബ്രഹാമിന്റ് ബാധ കയറിയ അസുഖം ഉള്ളവരായിരുന്നു. അല്പം അനാര്‍ക്ക് ലൈനില്‍ പോകുന്നവര്‍.

രാജഭരണ കാലത്തും രാജധാനിയെ ചുറ്റി പറ്റി കവിത ഒക്കെ എഴുതി ‘പട്ടും വളയും’ ഒക്കെ വാങ്ങിക്കുന്ന എഴുത്തുകാരുണ്ടായിരുന്നു. ഇപ്പോഴും പല എഴുത്തുകാരും അധികാര- ഭരണ- വ്യവസ്ഥയുടെ ആശ്രീതരോ, സ്തുതിപ്പുകാരോ അല്ലെങ്കില്‍ ആ തണലില്‍ വളരുന്നവരുമാണ്. അവാര്‍ഡുകളും പദവികളും വേദികളും സര്‍ക്കാര്‍ ‘സാംസ്‌കാരിക’ സ്ഥാപനങ്ങളിലെ ‘സ്ഥാനമാനങ്ങളും ‘ എല്ലാം നല്ല പ്രലോഭനങ്ങളാണ്.അതിനര്‍ത്ഥം എല്ലാ എഴുത്തുകാരും അങ്ങനെയാണ് എന്നല്ല .

ഇതിനു വിപരീതമായി ഒരു നോണ്‍-കണ്‍ഫെര്‍മിസ്റ്റ് ലൈനില്‍ പോകുന്ന ‘ എഴുത്തുകാരെ ‘ വിഗ്രഹവല്‍ക്കരിച്ചു ‘ മിത്തുകള്‍’ ആക്കുന്ന കാഴ്ച്ചയും കേരളത്തില്‍ കാണാന്‍ കഴിയും . പലപ്പോഴും മാധ്യമങ്ങളാണ് ഒരു സാധാരണ എഴുത്തുകാരെ പോലും പൊടിപ്പും തൊങ്ങലും ഒക്കെ വച്ച് ‘ബുദ്ധിജീവികളും’ ‘സാംസ്‌കാരിക നായകരും’ ഒക്കെ ആക്കുന്നത് . കേരളത്തില്‍ അധികാര-ഭരണ- സന്നാഹങ്ങളുടെയും ‘വ്യവസ്ഥാപിത മാധ്യമ’ പ്രസരണത്തിലൂടെ അല്ലാതെ ‘സാംസ്‌കാരിക നായകര്‍’ ആകുവാന്‍ പ്രയാസമാണ്. ഇതില്‍ ചിലരൊക്കെ ചിലപ്പോള്‍ കുറച്ചൊക്കെ സ്വതന്ത്രര്‍ ആയിരുന്നാലും അധികാര-ഭരണ സംവിധാനങ്ങളുടെ സഹയാത്രികരാണോരുപാടു പേര്‍ . വ്യവസ്ഥകള്‍ക്ക് എതിരെ ചോദ്യങ്ങള്‍ ചെയ്ത സ്വതന്ത്ര ആക്റ്റിവിസ്റ്റ് എഴുത്തുകാര്‍ പണ്ടും ഇന്നും ഉണ്ടെന്നു മറക്കുന്നില്ല. പക്ഷെ അവന്‍ ‘സാംസ്‌കാരിക നായകര്‍ ‘ ആകാനുള്ള സാധ്യത കുറവാണ് .

കേരളത്തില്‍ മാത്രമാണ് ഒരാള്‍ക്ക് ഒരു നോവലോ രണ്ടു വോളിയം കവിതകളോ കഥാസമാഹാരങ്ങളോ ഇറക്കിയാല്‍ പിന്നെ മാധ്യമ പ്രസരണ നെറ്റ്വര്‍ക്ക് മാനേജു ചെയ്തു പെട്ടന്ന് ‘ബുദ്ധിജീവി’ സംസ്‌ക്കാരിക നായക പട്ടം കിട്ടുന്നത് . ഏതെങ്കിലും ഒരു കഥ എഴുതി ഏതെങ്കിലും ഒരു മാസികയുടെ മുഖചിത്രമായാല്‍ കേരളത്തില്‍ പിന്നെ പ്രമുഖ എഴുത്തു സാംസ്‌കാരിക നായകരാകും. പലപ്പോഴും പല ശരാശരിയോ അതില്‍ താഴെയോ ഉള്ള എഴുത്തുകാര്‍ പോലും ഒരു സംഘ ബലം ഉണ്ടെങ്കില്‍ ഊതി വീര്‍പ്പിച്ചു കൊട്ടി ഘോഷിക്കപ്പെടും. ഇതില്‍ പലരും ഒരു ഇടതുപക്ഷ ഭാഷയും മേമ്പോടിക്കും മാര്‍ക്‌സിസവുമൊക്കെ അറിയാമെങ്കില്‍ പിന്നെ വന്‍കിട ‘ ‘സാംസ്‌കാരിക നായകരായി പരിണമിക്കും . അവര്‍ എല്ലാ സര്‍ക്കാര്‍ വിലാസം ഉത്സവങ്ങളിലും സ്ഥിരം വേദിക്കാരാകും. സത്യത്തില്‍ പലരും ‘ആവറേജ്’ എഴുത്തുകാരണെങ്കിലും സിനിമ സംവിധായകന്‍ ആണെങ്കിലും ഒരു ‘ഇടതു’ ‘ പുരോഗമന ‘ ടൈപ്പ് എന്ന് വരുത്തി വ്യവസ്ഥാപിത ഇടതു പാര്‍ട്ടി അനുഭാവിയാണെങ്കില്‍ കൊട്ടിഘോഷിക്കപ്പടാനുള്ള സാധ്യത കൂടുതലാണ്. അതുകൊണ്ട് തന്നെ കേരളത്തില്‍ പിടിച്ചു നില്ക്കാന്‍ അത് ഒരു നല്ല സ്ട്രാട്ടെജി ആണ് . അതിനു പുറത്തു സ്‌കോപ്പ് ചുരുക്കമാണ്.

മലയാളികളായ English എഴുത്തുകാര്‍ക്ക് പൊതുവെ കേരളത്തില്‍ ‘സാംസ്‌കാരിക’ പട്ടം കൊടുക്കാറില്ല. ഉദാഹാരങ്ങളാണ് അരുന്ധതി റോയ്, ശശി തരൂര്‍ മുതലായവര്‍ .അവര്‍ രണ്ടും വ്യത്യസ്ത ധ്രൂവങ്ങളില്‍ ആണെങ്കിലും കേരളത്തിലെ വാര്‍പ്പ് മാതൃകള്‍ക്ക് പുറത്താണ്. ശശി തരൂര്‍ ഇന്ത്യയിലും പുറത്തും അറിയപ്പെടുന്ന എഴുത്തുകാരന്‍. അകെ ഉള്ള കുഴപ്പം അദ്ദേഹം മലയാള എഴുത്തുകാരനല്ല. കേരളത്തിനു വെളിയിലാണ് കൂടുതല്‍ അറിയപ്പെടുന്നത്.

പിന്നെ കോണ്‍ഗ്രെസ്സുകാരനാണ്. കോണ്‍ഗ്രെസ്സുകാര്‍ പലപ്പോഴും കൂടുതല്‍ വായനയുമെഴുത്തുമുള്ളവരെ കഴിവതും അടുപ്പിക്കില്ല. ദൂരെ നിര്‍ത്തും. വേദി കൊടുക്കില്ല. അതു കൊണ്ടു കൂടിയാണ് പലരും ഇടതു റൂട്ടില്‍ പോകുന്നത്.

മലയാളിയായ ലോക പ്രശസ്തനായ എഴുത്തുകാരനാണ് ഡോ. എബ്രഹാം വര്‍ഗീസ്. കാലിഫോര്‍ണിയ യൂണിവേഴ്‌സിറ്റിയില്‍ മെഡിസിന്‍ പ്രൊഫസര്‍. പക്ഷെ അദ്ദേഹം കേരളത്തിലെ വാര്‍പ്പ് മാതൃക ബുദ്ധിജീവിയോ സാംസ്‌കാരിക നായകനോ ‘ ഇടതോ ‘ അല്ലാത്തതിനാല്‍ അധികമാരും അറിയുക പോലുമില്ല. അത് പോലെ കേരളത്തില്‍ നിന്നുള്ള എത്ര പ്രഗല്‍ഭരായ ശാസ്ത്രജ്ഞരെ മലയാളികള്‍ക്ക് അറിയാം ? എത്ര മികച്ച ഡോക്ടര്‍മാരെ അറിയാം ? എത്ര വലിയ പണ്ഡിതരെയറിയാം? പല മേഖലകളിലും വ്യക്തി മുദ്ര പതിപ്പിച്ച മികച്ച എത്ര യഥാര്‍ത്ഥ ബുദ്ധിജീവികളെ കേരളം അറിയും .? എന്താണ് കെ എം രാജും ഡോ . വലിയത്താനും, ബി ആര്‍ പി ഭാസ്‌ക്കരും ഒന്നും ‘സാംസ്‌കാരിക’ നായകര്‍ ആകാത്തത് ? .

കേരളം ഇന്ത്യക്ക് സംഭാവന നല്‍ക്കിയ മൂന്ന് പേരുണ്ട് . ഒന്ന് വീ പി മേനോന്‍, രണ്ടു വര്‍ഗീസ് കുര്യന് . മൂന്ന് കെ ആര്‍ നാരായണ്‍ . പക്ഷെ ഇവര്‍ എല്ലാം കേരളത്തിലെ ഹെഗെമണിക്ക് പുറത്തും വാര്‍പ്പുമാതൃകള്‍ക്ക് പുറത്തു പ്രവര്‍ത്തിച്ചവരാണ് . പിന്നെയുള്ള കാര്യം നിങ്ങളുടെ ജാതി – മത കോമ്പിനേഷന്‍ ‘ശരി ദൂര’ മല്ലെങ്കില്‍ നിങ്ങള്‍ കേരളത്തില്‍ ‘സാംസ്‌കാരിക നായകര്‍ ‘ ആകുവാനുള്ള സാധ്യത കുറവാണ്. അത് കൊണ്ടാണ് പലപ്പോഴും പലരും ‘സണ്ണി കപിക്കാടിനെ പോലുള്ളവരെ ‘സാംസ്‌കാരിക നായകര്‍’ ഗണിക്കാത്തത്. കേരളത്തിലെ ഒരു നൂറു കൊല്ലത്തെ ചരിത്രം പരതിയാല്‍ അവഗണിക്കപെട്ടവരനേകരുണ്ട്.

ദി ക്രിട്ടിക് ഫേസ് ബുക്ക് പേജ് ലൈക്ക് ചെയ്യുക

പക്ഷെ കാര്യങ്ങള്‍ മാറുകയാണ് ഇതിനു ഒരു കാരണം സാമ്പ്രദായിക മാധ്യമ വ്യവസ്ഥക്ക് അപ്പുറം സോഷ്യല്‍ മീഡിയയുടെയും ഓണ്‍ ലൈന്‍ മീഡിയകളുടെയും പൊതു ഇടങ്ങള്‍ (virtual public sphere) ഓരോ വിര്‍ച്വല്‍ സ്പീച്ച് കമ്മ്യുണിറ്റിയിലും ഉണ്ടാകുന്നു എന്നതാണ്..

ചോംസ്‌കിയുടെ ഒരു ലേഖനമുണ്ട് . Responsibility of Intellectuals . അതിലെ ഒരു വരികൂടി എഴുതി നിര്‍ത്താം : Intellectuals are in a position to expose the lies of governments, to analyze actions according to their causes and motives and often hidden intentions.to seek the truth lying hidden behind the veil of distortion and misrepresentation, ideology and class interest, through which the events of current history are presented to us. The responsibilities of intellectuals, then, are much deeper the the ‘responsibility of people,’ എന്തായാലും ചോംസ്‌കി ലോകത്തിലെ ഏറ്റവും അറിയപ്പെടുന്ന യഥാര്‍ത്ഥ ജീനിയസ്സാണ് . ചോംസ്‌കിയുടെ മാനദണ്ഡ പ്രകാരമുള്ള എത്ര ബുദ്ധിജീവികളും ‘സാംസ്‌കാരിക നായകരും ഉണ്ട് കേരളത്തില്‍ ?

ഇത് ആരുയും വ്യക്തിപരമായി കുറ്റപെടുത്തുവാന്‍ എഴുതിയതല്ല.നല്ല എഴുത്തു വായിക്കാനും നല്ല മലയാളം പ്രസംഗം കേള്‍ക്കാനും നല്ല സിനിമ കാണാനും ഇഷ്ട്ടപ്പെടുന്നയാളാണ് . സാഹിത്യമാണ് പഠിച്ചത് . അതു കൊണ്ട് തന്നെ ഇത് സാഹിത്യത്തിനോ എഴുത്തിനോ എതിരല്ല. എഴുത്തുകാരെയും അല്ലാത്തവരെയും ബഹുമാനമാണ് . ഇന്ന് രാവിലെ എന്റെ സുഹൃത്ത് Jayasankar Peethambaran സക്കറിയയെ കുറിച്ച് എഴുതിയ ഒരു പോസ്റ്റിനു മറുപടി ആയി തുടങ്ങിയതാണ് . അതുകൊണ്ട് തന്നെ ഇത് പൊതുവായ ഒരു സാമൂഹിക നിരീക്ഷണം ആണ് അപ്പോള്‍ ഇത് ചര്‍ച്ച ചെയ്യേണ്ട വിഷയം ആയി തോന്നി. ഇത് ഞാന്‍ കഴിഞ്ഞ മുപ്പതു കൊല്ലമായി കണ്ടു വരുന്ന ചില തോന്നലുകള്‍ ആണ് . അത് ഒരു ദൂരെ കാഴ്ചയാണ് – സൂക്ഷ്മ വിശകലനം അല്ല.

(2018 ജൂലൈയില്‍ എഴുതിയത്)

 

സുഹൃത്തെ,
അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പന്ത്രണ്ടാം വര്‍ഷത്തേക്ക് കടക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2024 - 25 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.

The Critic, A/C No - 020802000001158,
Indian Overseas Bank,
Thrissur - 680001, IFSC - IOBA0000208
google pay - 9447307829
സ്നേഹത്തോടെ ഐ ഗോപിനാഥ്, എഡിറ്റര്‍, thecritic.in


ഞങ്ങളുടെ ഫേസ്ബുക് പേജ് ലൈക് ചെയ്യൂ..


Published On

Category: Social | Tags: , | Comments: 0 |

'ക്രിട്ടിക്കില്‍ പ്രസിദ്ധീകരിക്കുന്ന ലേഖനങ്ങള്‍ ലേഖകരുടെ അഭിപ്രായങ്ങളാണ്.. അവ പൂര്‍ണ്ണമായും ക്രിട്ടിക്കിന്റെ അഭിപ്രായങ്ങളാകണമെന്നില്ല - എഡിറ്റര്‍'

Be the first to write a comment.

Leave a Reply