കഥ – ഗോമാതാ

എന്താണ് സംഭവിക്കുന്നതെന്നറിയാതെ അവള്‍ സ്തംഭിച്ച് നില്‍ക്കുമ്പോള്‍ അവളുടെ ഉള്ളിലേയ്ക്ക് തടിച്ചുരുണ്ട എന്തോ ഒന്ന് കുത്തിക്കേറുന്നതായും ഗര്‍ഭപാത്രത്തിന്റെ ഭിത്തിയില്‍ മുട്ടുന്നതായും അവള്‍ക്ക് തോന്നി. കണ്ണുകളില്‍ തീ പുകഞ്ഞു. ചെവികളില്‍ ചൂടും. അവളുടെ ഞെരമ്പുകള്‍ തളര്‍ന്നു. തരളമായി. മുലകളിലെ അവസാന തുള്ളിയും ഊറ്റിയെടുത്ത് അവര്‍ പോയി. രാത്രി നീറ്റലിലും പുകച്ചലിലും അവള്‍ക്ക് കിടക്കാന്‍ പോലും കഴിഞ്ഞില്ല. ദിവസങ്ങളോളം ഈ പുതിയ പ്രയോഗം ആവര്‍ത്തിക്കപ്പെട്ടു. മലവും മൂത്രവും അവളുടെ നിയന്ത്രണത്തിലല്ലാതായി. അവള്‍ മാലിന്യത്തില്‍ അഴുകി.

കൈകാലുകളുടെ ശക്തി ചോര്‍ന്നൊലിച്ചു. മൂത്രവും മലവും പുറത്തേയ്‌ക്കൊഴുകി. എത്ര ശ്രമിച്ചിട്ടും അസ്ഥിമാത്രമായ ശരീരം നേരെ നിര്‍ത്താന്‍ അവള്‍ക്കായില്ല. പൊള്ളുന്ന പാതയുടെ മദ്ധ്യത്തിലായി അവള്‍ കുഴഞ്ഞ് വീണു.

വൃന്ദാവനത്തിലേക്കിനി എത്ര ദൂരമുണ്ട്? ചുടുകാറ്റില്‍ വേണുനാദത്തിന്റെ നേര്‍ത്ത അലകളുണ്ടോ?

കാതില്‍ കൂറ്റന്‍ ട്രക്കുകളുടെ ഹുങ്കാരം……..

ജ്വരബാധിതമായ അവളുടെ ശരീരം വിറച്ചു. വായില്‍ നിന്ന് നുരയും പതയും ചാടി. കനല്‍റോഡില്‍ നീണ്ട മുഖമമര്‍ത്തി അവള്‍ ശ്വാസമെടുക്കാന്‍ മൂക്ക് വിടര്‍ത്തി. മൂക്കില്‍ നിന്നും ഉഷ്ണവായു പുറത്തേയ്ക്ക് തള്ളി. അവളുടെ മൂക്കിന്‍ തുമ്പില്‍ വട്ടമിട്ടിരുന്ന ഈച്ച തളര്‍ന്ന് വീണു.

ബോധം അവളില്‍ നിന്ന് കുറേശ്ശെ കുറേശ്ശെയായി അസ്തമിച്ചു.

സൂര്യന്‍ തീക്കനല്‍ വാരിയെറിഞ്ഞു കൊണ്ടിരുന്നു.

അവബോധത്തിന്റെ നിലയില്ലാ കയങ്ങളില്‍ നിന്ന് അര്‍ദ്ധ ബോധത്തിന്റെ ജലപ്പരപ്പിലേയ്ക്ക് അവളെത്തുമ്പോള്‍ സൂര്യന്‍ അസ്തമിച്ചിരുന്നു. ചെമ്പുരുക്കിയതിന്റെ പ്രാക്തന ശോഭയില്‍ പാതക്കിരുവശവുമുള്ള ഭൂമി മരണം ശ്വസിച്ച് കിടന്നു. ദിക്ക് തെറ്റിയ ഒരു കാക്ക തണല്‍ തേടി നിലവിളിച്ച് അവള്‍ക്ക് മുകളിലൂടെ പറന്നു. അതിന്റെ ഭയവിസര്‍ജ്ജ്യം അവളുടെ മുതുകില്‍ പതിച്ചു.

വീതിയേറിയ പാതയിലൂടെയുള്ള വാഹനങ്ങളുടെ ഒഴുക്ക് കുറഞ്ഞു. വറ്റി വരണ്ടു.

രംഭയുടെ കുടിലിനോടുചേര്‍ന്നുള്ള പുല്ല് മേഞ്ഞ എരുത്തിലേയ്ക്ക് അവരുടെ മകള്‍ പ്രേമ ഓടിയെത്തുന്നതാണ് അവളുടെ മൃഗസ്മരണയിലെ ആദ്യത്തെ കുളിര്‍കാറ്റ്.

വസന്തത്തിന്റെ ആദ്യദിനങ്ങളിലൊന്ന്. തളിരിലകള്‍ തിന്ന് കുയിലുകള്‍ വൃക്ഷശാഖികളില്‍ മറഞ്ഞിരുന്ന് വസന്തത്തിന്റെ വരവറിയിച്ചു.നദിക്കരയില്‍ നിന്നും അരിഞ്ഞെടുത്ത കുശപ്പുല്ലിന്റെ ഇളംനാമ്പുകളുടെ നറുമണത്തില്‍ അവളുടെ ചെറുമൂക്ക് വിടര്‍ന്നു. കണ്ണുകള്‍ തിളങ്ങി. വാലാട്ടി അവള്‍ കുതിയ്ക്കാനൊരുങ്ങി. പ്രേമയുടെ കിലുങ്ങുന്ന ചിരിയില്‍ അവള്‍ മുന്നോട്ടേയ്ക്കുള്ള കുതിപ്പിനെ നിയന്ത്രിച്ചു.

പ്രേമ അവളുടെ ഇളം മേനി തലോടി. പ്രേമയുടെ മൃദുലമായ വിരലുകളുടെ ഓമനച്ചൂടില്‍ അവള്‍ക്ക് മധുരിച്ചു. പ്രേമ വായില്‍ വെച്ച് തന്ന ഓരോ പുല്‍നാമ്പും അവള്‍ സാവകാശം ചവച്ചിറക്കി. മധുരരുചി നാവില്‍ നിന്നും ശരീരത്തിന്റെ ഓരോ അണുവിലേയ്ക്കും വ്യാപരിച്ചു. അവള്‍ പ്രേമയുടെ കൈകളില്‍ നക്കി. പ്രേമ ഇക്കിളിച്ചിരിയില്‍ പൂത്തുലഞ്ഞു.

പ്രേമയുടെ കയ്യിലെ കുശപ്പുല്ല് തീര്‍ന്നപ്പോള്‍ ഇനിയെന്തെന്ന് അവളും പ്രേമയും കണ്ണുകളാല്‍ ചോദിച്ചു.

ഉടുപ്പിനുള്ളില്‍ ഒളിപ്പിച്ച് വെച്ചിരുന്ന മണി കോര്‍ത്ത കറുത്ത ചരട് പ്രേമ അവളുടെ കണ്ണിനുനേരെ നീട്ടി. അവളുടെ കഴുത്തില്‍ ചെറിയ കുടമണി കെട്ടിക്കഴിഞ്ഞതും പ്രേമ മുന്നോട്ടോടി. അവള്‍ കുതികുതിച്ച് പിന്നാലെയും.

അവളില്‍ നിന്നും പുറപ്പെട്ട ഓട്ടുമണിയുടെ മന്ദ്രസ്വരം അവളില്‍ ലഹരിയായി. ആനന്ദലഹരിയില്‍ അവള്‍ മുറ്റത്തും പഞ്ചാരമണലിന്റെ നദിക്കരയിലും ഓടിക്കളിച്ചു. അവര്‍ക്കൊപ്പം ചിത്രശലഭങ്ങളും ചെറുകിളികളും കൂടി. നദിയിലെ കുഞ്ഞോളങ്ങള്‍ ആരവങ്ങളുയര്‍ത്തി. മീനുകള്‍ തുള്ളി. വെള്ളമേഘങ്ങള്‍ ഭൂമിയിലേയ്‌ക്കൊഴുകി. രാത്രിയുടെ വരവിനായി ആകാശത്തെവിടെയോ മറഞ്ഞിരുന്ന നക്ഷത്രങ്ങള്‍ അക്ഷമരായി കണ്ണ് മിഴിച്ചു.

കളിയുടെ ഒഴിവുകളില്‍ അമ്മയുടെ അകിട്ടിലേയ്ക്ക് ഓടിയെത്തുമ്പോള്‍ അമ്മ ചേര്‍ത്ത് പിടിച്ച് പറയും; മോളേ നിന്റെ സന്തോഷം കാണുമ്പോള്‍ അമ്മയുടെ ഉള്ള് കിനിയുന്നു. ഒപ്പം എന്തെന്നില്ലാത്ത ഭയവും.

അവള്‍ അമ്മയെ ആശങ്കയോടെ നോക്കും. അമ്മ തുടരും. നമ്മുടെ മുതുമുത്തശ്ശിമാരുടെയും മുത്തച്ഛന്മാരുടെയും ചരിത്രം നിനക്കറിവുണ്ടാവില്ല. ചരിത്രം ഭാവിയിലേയ്ക്കുള്ള അടയാളമാണ്.

അമ്മ വിദൂരമായ മലകളിലേയ്ക്ക് നീളന്‍ കണ്ണ് ചൂണ്ടും: കാലങ്ങള്‍ക്ക് മുമ്പ് ആ കൊടും കാടുകളിലായിരുന്നു നമ്മള്‍. എപ്പോഴോ സ്വാര്‍ത്ഥിയായ മനുഷ്യന്‍ നമ്മുടെ വിലയറിഞ്ഞു. മനുഷ്യന്റെ മുന്നോട്ടുള്ള പ്രയാണത്തില്‍ നാം വേര്‍പെടുത്താനാവാത്ത കരുക്കളായി. ക്രമേണ നാം മനുഷ്യന്റെ അടിമകളായി. ചന്തകളില്‍ വാങ്ങാനും വില്‍ക്കാനുമുള്ള വസ്തുക്കള്‍. ഒരു കാലത്ത് നമ്മെപ്പോലെ മനുഷ്യര്‍ മനുഷ്യരെത്തന്നെ അതേ ചന്തകളില്‍ വില്ക്കാന്‍ കെട്ടിയിട്ടിരുന്നു. മോളേ, അതാണ് മനുഷ്യന്‍!

ചണ്ടിയായാല്‍ മനുഷ്യന്‍ നമ്മെ തിരിഞ്ഞ് നോക്കില്ല. നിന്റെ കളിക്കൂട്ടുകാരിയായ പ്രേമയെപ്പോലുള്ള കുഞ്ഞുങ്ങള്‍ പോലും.

നിന്റെ മുത്തശ്ശി കണ്ണില്‍ പീളയടിഞ്ഞ് വ്രണങ്ങളില്‍ പുഴുനുരഞ്ഞ് ഈച്ചയാര്‍ത്ത് ശ്വാസംമുട്ടി മരിച്ചത് ഞാനോര്‍ക്കുന്നു, മോളേ. നമ്മുടെ എല്ലും തോലും കൊണ്ട് ജീവിക്കുന്ന ദരിദ്രരായ മനുഷ്യര്‍ക്ക് മാത്രമാണ് മരണശേഷം നമ്മെ ആവശ്യമുള്ളത്. യൗവ്വനത്തിളപ്പില്‍ നമ്മുടെ ഇറച്ചിക്കുവേണ്ടി ആര്‍ത്തിപിടിക്കുന്ന മനുഷ്യന്‍ മുതുക്കികളുടെ ഇറച്ചി രുചിയില്ലാത്തതാണെന്ന് പറഞ്ഞ് ഒഴിവാക്കും.

അമ്മയുടെ കണ്ണീര്‍ അവള്‍ നീണ്ടമുഖം കൊണ്ട് തുടച്ചു. അന്നവള്‍ അമ്മയുടെ കൂടെത്തന്നെ നിന്നു.

അവളിലൂടെ മുത്തശ്ശിമാരും മുത്തശ്ശന്മാരും കടന്ന് പോയി. കാട്ടില്‍ നിന്നും മുതുമുത്തശ്ശിയെ കുരുക്കിട്ട് പിടിച്ച് വളര്‍ത്താന്‍ കൊണ്ടുപോയ ആദ്യത്തെ മനുഷ്യന്റെ മുഖം അവള്‍ സങ്കല്പിച്ചു. എവിടെയോ ആ മുഖം ആകൃതിരഹിതമായി. ആ മുഖത്തിന് അവളുടെ കൂട്ടുകാരി പ്രേമയുടെ മുതുമുത്തച്ഛന്റെ മുഖമാണോ?

വീണ്ടും അതോര്‍ക്കാന്‍ അവള്‍ വിസമ്മതിച്ചു. അമ്മയുടെ വാക്കുകളും മറന്നു. പ്രേമയോടൊപ്പം ഓടിക്കളിച്ചു.

പെട്ടെന്നൊരു ദിവസം നദിക്കരയിലെ മരത്തില്‍ കെട്ടിയിട്ടിരുന്ന അമ്മ ഉറക്കെ നിലവിളിക്കുന്നതവള്‍ കേട്ടു. അത് മാതൃത്വത്തിന്റെ മുന്നറിയിപ്പായിരുന്നു.

നദിക്കരയിലേയ്ക്ക് നോക്കുമ്പോള്‍ കയ്യില്‍ മടക്കിപ്പിടിച്ച കയറുമായി ഒരു കറുത്ത മനുഷ്യന്‍ പ്രേമയുടെ കുടിയിലേയ്ക്ക് ചിരിച്ചുകൊണ്ട് നടന്നടുക്കുന്നു. മുറ്റത്ത് പ്രേമയുടെ അച്ഛന്‍ അയാളെ കാത്ത് നില്‍ക്കുകയായിരുന്നു:

അയാള്‍ ചോദിച്ചു: ‘രാംലാല്‍ എവിടെ നിങ്ങളുടെ നന്ദിനിബേട്ടീ’?

പ്രേമയുടെ അച്ഛന്‍ എരുത്തിന് നേരെ കൈചൂണ്ടി. അന്ന് രാവിലെ അവളില്‍ നിന്നും അമ്മയെ വേര്‍പ്പെടുത്തി നദിക്കരയിലേയ്ക്ക് കൊണ്ടുപോയതും അവളെ എരുത്തിലെ കുറ്റിയില്‍ പതിവിനുവിപരീതമായി കെട്ടിയിട്ടതും അവള്‍ ഓര്‍ത്തു.

അവളെ കൊടുംവെയിലില്‍ കെട്ടിവലിച്ചാണ് കറുത്ത മനുഷ്യന്‍ കൊണ്ടുപോയത്. തിരിഞ്ഞ് നിന്ന് പ്രേമയെ നോക്കാന്‍പോലും അയാള്‍ സമ്മതിച്ചില്ല.

നദിക്കരയില്‍ അമ്മയുടെ നിലവിളി നീണ്ട തേങ്ങലായി. എവിടെയൊ അസ്തമിച്ചു. പിന്നീടൊരിക്കലും അവള്‍ അമ്മയെ കണ്ടിട്ടില്ല.

അവളുടെ കഴുത്തിലിട്ടിരുന്ന കയറിന്റെ അറ്റംകൊണ്ട് അയാളവളെ പള്ളയിലും മുതുകിലും അടിച്ചു. എന്തിനാണ് അയാളവളെ അടിച്ച് കൊണ്ടിരുന്നതെന്ന് അയാള്‍ക്കുപോലും അറിയില്ലെന്ന് തോന്നി. ഇടക്കിടെ ഉച്ചത്തില്‍ ശകാരിക്കുകയും ഒപ്പം കയറിന്റെ അറ്റംകൊണ്ട് അടിക്കുകയും ചെയ്യുന്നതില്‍ അയാള്‍ രസിച്ചു. വായിലിട്ട് ചവച്ചിരുന്ന പുകയില ചണ്ടിയാക്കി അയാള്‍ ഇടക്കിടെ തുപ്പിക്കൊണ്ടിരുന്നു. മിക്കപ്പോഴും അത് അവളുടെ ദേഹത്താണ് പതിച്ചത്. തന്റെ ശരീരം പരിശുദ്ധമാണെന്ന് അവള്‍ക്ക് അതുവരെ തോന്നിയിരുന്നു. ദൈവങ്ങള്‍ക്ക് പ്രിയപ്പെട്ടവരാണ് തങ്ങളെന്ന് എപ്പോഴും അമ്മയും അവളോട് പറഞ്ഞിട്ടുണ്ട്. പുരാണേതിഹാസങ്ങളിലെ കാമധേനുവിന്റെ വംശപരമ്പരയിലെ കണ്ണി! അസുരന്മാര്‍ക്ക് മോഷ്ടിക്കാന്‍ തക്ക അമൂല്യമായ ദൈവാംശം. ശപിക്കപ്പെട്ട് മൃഗമായിത്തീര്‍ന്നതാണത്രെ! മൃഗമായിട്ടും ദൈവവിശുദ്ധി തങ്ങളുടെ വംശപരമ്പരയില്‍ നിന്നും ചോര്‍ന്ന് പോയില്ലത്രെ! സസ്യാഹാരികള്‍, ദേവാലയങ്ങളിലെ പൂജാവിഗ്രഹങ്ങള്‍. കാരുണ്യത്തിന്റെ കവിതയെന്ന്, മനുഷ്യനിലെ മഹാകവികള്‍…..

അവള്‍ പഴങ്കഥകള്‍ അയവിറക്കി, നെടുവീര്‍പ്പിട്ടു. വഴിനീളെ ഇളംപുല്ലും തളിരിലകളും നീരരുവികളും അവളെ വാ വായെന്ന് വിളിച്ചെങ്കിലും ഒന്ന് സ്പര്‍ശിക്കാന്‍ പോലും അയാള്‍ അവളെ അനുവദിച്ചില്ല.

ഇരുട്ടിലാണ് അവള്‍ പുതിയ മുറ്റത്തെത്തിയത്. കറുത്ത മനുഷ്യന്‍ ഒച്ചയുണ്ടാക്കി ഇരുട്ടിലേയ്ക്ക് മാറി നിന്നു; അവളെ തനിച്ചാക്കി. വേണമെങ്കില്‍ ആ നിമിഷം ഇരുട്ടിലേയ്ക്ക് ഓടിമറയാമായിരുന്നു. പക്ഷേ ആ സ്വാതന്ത്ര്യം ഒരു കയറിന്റെ ദൂരമേയുള്ളൂവെന്ന് അവള്‍ ഇതിനകം തിരിച്ചറിഞ്ഞിരുന്നു.

മദ്ധ്യവയസ്‌കയായ സ്ത്രീ പിച്ചളത്താലത്തില്‍ കത്തിച്ച വിളക്കും സുഗന്ധക്കൂട്ടുകളും പഴങ്ങളുമായെത്തി. ആ സ്ത്രീയുടെ മൂക്കുത്തിയുടെ വജ്രശോഭയില്‍ അവരുടെ സൗന്ദര്യം ചുറ്റിനും തിരയടിച്ചു. ഗോതമ്പിന്റെ നിറമുള്ള അവരുടേതുപോലൊരു സ്ത്രീരൂപം അവള്‍ അതുവരെ കണ്ടിട്ടില്ല. അവളുടെ അമ്മപോലും അവര്‍ക്ക് മുമ്പില്‍ മിന്നാമിനുങ്ങാണ്. അവരുടെ ചലനങ്ങള്‍ താളാത്മകമായിരുന്നു. പിന്നീടുളള ദിവസങ്ങളില്‍ ആ വലിയ വീടിന്റെ അകത്തലങ്ങളില്‍ നിന്നും മുഴങ്ങിയ ചിലങ്കകളുടെ ശബ്ദവും സംഗീതവും അത് ശരിവെച്ചു.

പിച്ചളമൊന്തയില്‍ ഗംഗാജലവുമായി അവരുടെ പിന്നാലെ ഗൃഹനാഥനുമെത്തി. കഷണ്ടി കയറി ഒരു വൃദ്ധന്‍. ഗംഗാജലം തളിച്ച് വൃദ്ധന്‍ അവളുടെ ശരീരം ശുദ്ധമാക്കി. അയാള്‍ കറകറ ശബ്ദത്തില്‍ വേദമന്ത്രങ്ങള്‍ ഉരുവിട്ടു.

കുടുംബനാഥ അവളെ ആരതിയുഴിഞ്ഞു. ഒരു പഴമെടുത്ത് അവളുടെ നേരെ നീട്ടി. അവള്‍ക്കെന്തുകൊണ്ടോ രൂചി തോന്നിയില്ല. അവളുടെ മനസ്സ് നിറയെ പ്രേമയുടെ കിലുകിലുക്കവും നദിക്കരയിലെ മരത്തില്‍ കെട്ടിയിട്ട അമ്മയുടെ നിലവിളിക്കുന്ന കണ്ണുകളുമായിരുന്നു.

‘ദരിദ്രരാണെങ്കിലും രാംലാലിന്റെ വീട്ടുകാര്‍ ഇവള്‍ക്ക് സമൃദ്ധമായി തീറ്റ കൊടുത്തതിന്റെ ലക്ഷണം ഇവളുടെ ശരീരത്തിലുണ്ട്. ഞാന്‍ ചെല്ലുമ്പോള്‍ രാംലാലിന്റെ മകള്‍ ചോളപ്പൊടി കലക്കി ഇവള്‍ക്ക് കൊടുക്കാന്‍ തയ്യാറാക്കുകയാണ്. എന്നെക്കണ്ടതും കുട്ടി എങ്ങോ ഓടി മറഞ്ഞു. നദിക്കരയില്‍ നിന്നും അരിഞ്ഞെടുത്ത കുശപ്പുല്ലിന്റെ തളിരുകളും വേണ്ടുവോളം. പിന്നെയെങ്ങിനെ കള്ളിപ്പെണ്ണിന് വിശപ്പുണ്ടാകും?’

ഇരുട്ടില്‍ നിന്നുകൊണ്ട് കറുത്ത മനുഷ്യന്‍ പറഞ്ഞു; അവളുടെ നേരെ നീട്ടിയ പഴത്തിനു നേരെ കൊതിയോടെ നോക്കി.

‘അമ്മേ, ഇവള്‍ നന്ദിനിയാണ്. അമ്മയുടെ സൗന്ദര്യവും ഐശ്വര്യവും ഇവള്‍ കാരണം പതിന്മടങ്ങാകും’.

അയാള്‍ പറഞ്ഞു.

ഗൃഹനാഥനും ഗൃഹനാഥയും അകത്ത് മറഞ്ഞു. പോകുന്നതിനിടയില്‍ ഗൃഹനാഥ അയാള്‍ക്ക് മുന്നറിയിപ്പ് നല്‍കി: ‘കണ്ടാലറിയാം അവള്‍ സൂത്രക്കാരിയാണെന്ന്. പാല്‍പോലെ വെളുത്ത ദേഹത്തില്‍, കൊമ്പുകളുടെ മദ്ധ്യത്തിലായി കറുത്ത ചുഴി കണ്ടോ? അതില്‍ ചതി പതിയിരിപ്പുണ്ട്. എരുത്തിലെ കുറ്റിയില്‍ നന്നായി മുറുക്കിക്കെട്ടണം’.

അയാളവളെ എരുത്തിലേയ്ക്ക് കൊണ്ടുപോയി. വൈക്കോലും പുല്ലും അവളുടെ മുമ്പിലിട്ടു. മണ്‍തൊട്ടിയില്‍ വെള്ളവും.

അയാള്‍ ഇരുട്ടില്‍ അപ്രത്യക്ഷനായി. എന്തുചെയ്യണമെന്നറിയാതെ അവള്‍ ഇരുട്ടിലേയ്ക്ക് നോക്കി നിശ്വസിച്ചു. നിശ്വാസത്തിന്റെ കുമിളകള്‍, അകലെ അമ്മയുടെ കണ്ണുകളില്‍ നിറയുമെന്നോര്‍ത്തപ്പോള്‍ അവള്‍ സ്വയം ശാന്തയായി.

അവളെ കുരുക്കിയ കയറിന്റെയും കുറ്റിയുടെയും ശക്തിക്ക് കാലങ്ങളുടെ ശക്തിയുണ്ട്. അമ്മ ഓര്‍മ്മിപ്പിക്കാറുള്ളതുപോലെ വളര്‍ത്തുമൃഗങ്ങള്‍ക്ക് അടിമത്തമാണ് ജീവിതം. അനുസരണയും ക്ഷമയുമാണ് ശീലങ്ങള്‍.

അവള്‍ പതുക്കെ വൈക്കോലും പുല്ലും ചവച്ചു. വെള്ളത്തൊട്ടിയില്‍ തലയിട്ടു. നദിയിലെ വെള്ളത്തിന്റെ മധുരമല്ല. പഴക്കത്തിന്റെ ചവര്‍പ്പും പുളിയും. അവള്‍ തലകുടഞ്ഞു.

ദാഹം സഹിക്കാതായപ്പോള്‍ വീണ്ടും തൊട്ടിയിലേയ്ക്ക് തലയിട്ടു. ചവര്‍പ്പും പുളിയും രുചിയായി.

മയക്കത്തിലേയ്ക്ക് വീണതും ആരോ തന്റെ ശരീരത്തില്‍ നക്കുന്നതായി അനുഭവപ്പെട്ടു. അവള്‍ ചാടിയെണീറ്റു.

ഇരുട്ടിന്റെ നേര്‍ത്ത വെളിച്ചത്തില്‍ നാക്ക് നീട്ടി നില്‍ക്കുന്ന രൂപം അവള്‍ കണ്ടു. തന്നേക്കാള്‍ പ്രായമുള്ള കരുത്തനായ ഒരു മൂരിക്കുട്ടന്‍. അവന്റെ കണ്ണുകളില്‍ താന്‍ അതുവരെ കാണാത്ത ഒരു തീ കത്തിജ്വലിക്കുന്നു. അവന്‍ സങ്കോചത്തോടെ അവളില്‍ നിന്ന് മാറി ഉറക്കത്തിലേയ്ക്ക് വീണു. അവളും.

മൂന്ന് വസന്തങ്ങള്‍ പിന്നിട്ട ശൈത്യത്തില്‍ അവള്‍ ഗര്‍ഭിണിയായി. അതോടെ വീട്ടുകാരുടെ ശ്രദ്ധ അവളിലായി. പുല്ലും വൈക്കോലും പഴങ്ങളും സുലഭമായി. തൊട്ടിയില്‍ ചോളപ്പൊടി കലക്കിയ വെള്ളം ഏത് നേരവും നിറഞ്ഞു. വേലക്കാരന്‍ രാവിലെയും വൈകീട്ടും അവളെ തീറ്റാനായി തൊടിയിലേയ്ക്ക് കൊണ്ടുപോയി. വൈകീട്ട് കുളിപ്പിച്ചു.

ഗൃഹനാഥ ഇടക്കിടെ അവളെയനേ്വഷിച്ചെത്തി. സുഖവിവരങ്ങള്‍ വേലക്കാരനോട് തിരക്കി. ഗര്‍ഭകാല പരിചരണങ്ങള്‍ നിര്‍ദ്ദേശിച്ചു.

ദിവസവും രാവിലെ അവര്‍ കുളിച്ച് മോടിയിലുള്ള വസ്ത്രങ്ങളണിഞ്ഞ് പിച്ചളത്താലത്തില്‍ വിളക്കും പഴങ്ങളും കുങ്കുമച്ചെപ്പുമായി എരുത്തിലെത്തി. നെറ്റിയില്‍ കുങ്കുമമണിയിച്ചു. പഴങ്ങള്‍ കൊടുത്തു. ആരതിയുഴിഞ്ഞു.

അവളുടെ കഴുത്തിലെ ചെറിയ കുടമണി മാറ്റി. പലവര്‍ണ്ണങ്ങളിലുള്ള നൂലുകളാല്‍ പിരിച്ചുണ്ടാക്കിയ കയറില്‍ ഓട്ടുമണി കോര്‍ത്ത് അവളുടെ കഴുത്തിലണിയിച്ചു.എന്തോ, അതിന്റെ ശബ്ദത്തിന് പ്രേമ കെട്ടിയ മണിയുടെ സ്വരമാധുര്യമുണ്ടായിരുന്നില്ല. പുതിയതിന്റേത് ചിലമ്പിച്ച ശബ്ദമായിരുന്നു.

അമ്മയായതോടെ അവളുടെ പദവി ഒന്നുകൂടി ഉയരത്തിലായി. അവളെയും കുഞ്ഞിനെയും കാണാന്‍ ഗൃഹനാഥ ഇടക്കിടെ എരുത്തിലെത്തി. അവളുടെ അഴകിനെപ്പറ്റിയും സൗശീലത്തെപ്പറ്റിയും അവര്‍ ഉച്ചത്തില്‍ കണ്ടവരോടെല്ലാം പറഞ്ഞു. അവള്‍ ഒരു മഹാല്കഷ്മി! വീടിന്റെ കാമധേനു!

അവര്‍ ചിലനേരം അവളെ എന്റെ നന്ദിനിമോളേയെന്ന് താലോലിച്ചു. അവള്‍ കേള്‍ക്കാത്ത ഭാവത്തില്‍ അകലെയ്ക്ക് നോക്കി അയവിറക്കി. ഒപ്പമുള്ള അവളുടെ കുഞ്ഞിനെ അവര്‍ ശ്രദ്ധിച്ചതേയില്ല.

വേലക്കാരന്‍ വലിയ പിച്ചളമൊന്തയുമായി ആദ്യമായി കറക്കാന്‍ വന്ന സമയം കൂടെ അവരുമുണ്ടായിരുന്നു. അന്നും ആരതിയുഴിഞ്ഞു. അവളുടെ നെറ്റിയില്‍ ചൊറിഞ്ഞു. കണ്ണ് പറ്റാതിരിക്കാന്‍ അവളുടെ കൊമ്പുകളില്‍ കറുത്ത ചരടുകള്‍ കെട്ടി. നിറഞ്ഞ പാല്‍ മൊന്തയുമായി നീങ്ങുമ്പോള്‍ അവര്‍ ചിരിച്ച് തുളുമ്പി.

വൈകീട്ടും വേലക്കാരനെത്തി, മൊന്തയുമായി. അവള്‍ പ്രതിഷേധിച്ചെങ്കിലും ഫലമൊന്നുമുണ്ടായില്ല. അവര്‍ കുട്ടിയെ അവളില്‍ നിന്നും അടര്‍ത്തി മാറ്റി വേലക്കാരനോട് കറക്കാന്‍ കല്പിച്ചു.

ഒരു ദിവസം അതിരാവിലെ അവള്‍ ഉറക്കത്തില്‍ നിന്നുമുണര്‍ന്നത് ഞെട്ടലോടെയായിരുന്നു. ചൂട് പറ്റിക്കിടന്നിരുന്ന കുട്ടിയെ കാണാനില്ല. അവള്‍ കുറേ നേരം കരഞ്ഞു. വീര്‍ത്തുകെട്ടിയ അകിട്ടില്‍ കൈവെച്ച വേലക്കാരനെ പിന്‍കാലുകൊണ്ട് തൊഴിച്ചു. പിച്ചളമൊന്ത തെറിച്ചു. അയാള്‍ പിന്നാക്കം മറിഞ്ഞു.

ഇതറിഞ്ഞ ഗൃഹനാഥയെത്തിയത് ക്രുദ്ധയായിട്ടാണ്. അവരുടെ കയ്യില്‍ ചാട്ടവാര്‍ ഉണ്ടായിരുന്നു. തലങ്ങും വിലങ്ങും അവര്‍ അവളെ പ്രഹരിച്ചു. വേലക്കാരന്‍ അനുനയിപ്പിച്ച് അവരെ പുറത്തേയ്ക്ക് കൊണ്ടുപോകും വരെ.

അയാള്‍ അവരോട് പറയുന്നതവള്‍ കേട്ടു: ‘യജമാനത്തി, തല്ലിയിട്ടൊന്നും കാര്യമില്ല. അവള്‍ ചുരത്തുന്നത് കറന്നെടുക്കുകയേ വഴിയുള്ളൂ. കുട്ടിയെ കാണാത്ത ഏത് തള്ളയും ഇങ്ങിനെയാണ്’.

കുറച്ച് നേരത്തെ നിശബ്ദതയ്ക്കുശേഷം അയാള്‍ തുടര്‍ന്നു: ‘ഞാനന്നേ യജമാനത്തിയോട് പറഞ്ഞതല്ലേ, കുട്ടിക്കുള്ളത് തള്ളയുടെ അകിട്ടില്‍ നിര്‍ത്തി ബാക്കിയേ കറന്നെടുക്കാവൂയെന്ന്. തള്ളയുടെ പാല് കുറച്ചെങ്കിലും കുടിച്ചിരുന്നെങ്കില്‍ കുട്ടി ചാകുമായിരുന്നില്ല. ഇനി ഒറ്റ വഴിയേയുള്ളൂ…..’

ആ വഴിയെന്താണെന്ന് അയാള്‍ പറഞ്ഞെങ്കിലും അവള്‍ കേട്ടില്ല. ആ സ്ത്രീയുടെ തൊട്ടടുത്ത് നിന്നാണയാള്‍ അത് പറഞ്ഞത്.

പിറ്റേന്ന് രാവിലെ അയാളെത്തിയത് ഒരു പശുക്കുട്ടിയെ തോളിലേറ്റിയായിരുന്നു. സ്വന്തം മകനെ തിരിച്ച് കിട്ടിയതില്‍ അവള്‍ ആശ്വസിച്ചു.

പക്ഷേ, കുട്ടിയെ വേലക്കാരന്‍ നിലത്ത് വെച്ച നിമിഷം അവള്‍ അമറിക്കരഞ്ഞു. അത് പൈത്തോല്‍ പുതപ്പിച്ച ജീവനില്ലാത്ത രൂപമാണെന്ന്. അവളുടെ കണ്ണുകളില്‍ വേദന പൊടിഞ്ഞു.

വേലക്കാരന്‍ പൊയ്ക്കുട്ടിയുടെ മുഖം അവളുടെ അകിട്ടില്‍ മുട്ടിച്ചു. അവള്‍ക്കിക്കിളിയായി. പാല്‍ ചുരത്തി.

ഗൃഹനാഥയ്ക്ക് പിച്ചളമൊന്ത കൈമാറുമ്പോള്‍ വേലക്കാരന്‍ പറഞ്ഞു: ‘പകുതി പാലേ കിട്ടിയുള്ളൂ. അവള്‍ ചുരത്തുന്നില്ല. മൃഗമാണെങ്കിലും മക്കളെ തിരിച്ചറിയാതിരിക്കുമോ?’

ഗൃഹനാഥ ഉറപ്പിച്ചു: ‘അവളെ ആദ്യം കണ്ടപ്പോഴെ ഞാന്‍ പറഞ്ഞിരുന്നു. അവള്‍ വഞ്ചകിയാണെന്ന്’.

അയാള്‍ തിരുത്തി: ‘യജമാനത്തി, ഒരമ്മയും പൊയ്കുഞ്ഞിന്റെ മൃതസ്പര്‍ശത്തില്‍ പാല്‍ ചുരത്തില്ല. ജീവിനുള്ള മുലകളില്‍ മരണം ചുംബിക്കുന്നത് പോലെയല്ലേ അത്!’

ഗൃഹനാഥ കോപിഷ്ടയായി മൊന്തയുമായി വീട്ടിലേയ്ക്ക് വലിഞ്ഞു.

അവള്‍ക്ക് തിന്നാനും കുടിക്കാനുമുള്ള രൂചി നഷ്ടപ്പെട്ടു. മുമ്പിലിട്ട പുല്ലും വൈക്കോലും അതുപോലെത്തന്നെ കിടന്നു. വെള്ളത്തൊട്ടിയില്‍ ഉറുമ്പുകളും പാറ്റകളും കുമിഞ്ഞു.

ഓരോ ദിവസവും പാലിന്റെ അളവ് കുറഞ്ഞു. വേലക്കാരന്‍ കറക്കാനെത്തുന്നത് ഗൃഹനാഥ ശ്രദ്ധിക്കാതെയായി.

അങ്ങിനെയിരിക്കെ, ഒരു ദിവസം രാവിലെ ഗൃഹനാഥനെയും കൂട്ടി അവരെത്തി. കൂടെ വേലക്കാരനും.

അവളുടെ കൈകാലുകള്‍ ബന്ധിച്ചു. വായ അടച്ചുകെട്ടി മുഖം കുറ്റിയിലേയ്ക്ക് ചേര്‍ത്ത് കുരുക്കിട്ടു.

എന്താണ് സംഭവിക്കുന്നതെന്നറിയാതെ അവള്‍ സ്തംഭിച്ച് നില്‍ക്കുമ്പോള്‍ അവളുടെ ഉള്ളിലേയ്ക്ക് തടിച്ചുരുണ്ട എന്തോ ഒന്ന് കുത്തിക്കേറുന്നതായും ഗര്‍ഭപാത്രത്തിന്റെ ഭിത്തിയില്‍ മുട്ടുന്നതായും അവള്‍ക്ക് തോന്നി.

കണ്ണുകളില്‍ തീ പുകഞ്ഞു. ചെവികളില്‍ ചൂടും. അവളുടെ ഞെരമ്പുകള്‍ തളര്‍ന്നു. തരളമായി. മുലകളിലെ അവസാന തുള്ളിയും ഊറ്റിയെടുത്ത് അവര്‍ പോയി.

രാത്രി നീറ്റലിലും പുകച്ചലിലും അവള്‍ക്ക് കിടക്കാന്‍ പോലും കഴിഞ്ഞില്ല. ദിവസങ്ങളോളം ഈ പുതിയ പ്രയോഗം ആവര്‍ത്തിക്കപ്പെട്ടു. മലവും മൂത്രവും അവളുടെ നിയന്ത്രണത്തിലല്ലാതായി. അവള്‍ മാലിന്യത്തില്‍ അഴുകി.

ഒരു ദിവസം വേലക്കാരന്‍ പറഞ്ഞു: ‘യജമാനത്തി, ഇനി ഈ പാപത്തിന് കൂട്ടുനില്‍ക്കാന്‍ എനിക്കാവില്ല. തരാനുള്ള പണം ഞാന്‍ കരങ്കല്ല് ചുമന്നായാലും തന്ന് തീര്‍ത്തോളാം. എന്നെ ഈ ദൈവനിന്ദയില്‍ നിന്ന് ഒഴിവാക്കണം’.

അയാള്‍ പിച്ചളമൊന്ത നിലത്തിട്ട് യാത്രപോലും പറയാതെ നടന്നകന്നു.

അന്ന് വൈകീട്ട് ഗൃഹനാഥയും ഗൃഹനാഥനും എരുത്തിലെത്തി. അവളുടെ കുടമണിയും ചരടുകളും അറുത്തെടുത്തു. കഴുത്തിലെ കയര്‍ ഊരി.

എരുത്തിന്റെ വാതില്‍ തുറന്ന് അവളെ അവര്‍ പുറത്തേയ്ക്ക് തള്ളി. അവള്‍ പതുക്കെ പതുക്കെ മുറ്റം കടന്നു. വീടിന്റെ പുറത്തേയ്ക്ക് നടന്നു. ഗൃഹനാഥ വീടിന്റെ പടി ചേര്‍ത്തടച്ചു: ‘അശ്രീകരം. ഈ ഭാഗത്തിനി നിന്നെ കണ്ട് പോകരുത്. വൃത്തികെട്ട ജന്തു. എവിടെയെങ്കിലും പോയി തുലയ്’.

പരന്ന് കിടക്കുന്ന ഇരുട്ട് അവളെ ഒട്ടും ഭയപ്പെടുത്തിയില്ല. പടിയ്ക്കകത്തുള്ള വെളിച്ചത്തേക്കാള്‍ എത്ര ആശ്വാസകരം! അവള്‍ക്ക് അതുവരെയില്ലാത്ത ഒരു സ്വാതന്ത്ര്യം അനുഭവപ്പെട്ടു. അടിമത്തത്തില്‍ നിന്ന് രക്ഷപ്പെട്ടതിന്റെ സന്തോഷത്തില്‍ അവള്‍ ഇരുട്ടിലൂടെ നടന്നു. ഉള്ളിലെ വേദനപോലും കുറഞ്ഞു.

എപ്പോഴോ എവിടെയോ അവള്‍ വീണുറങ്ങി. കണ്ണ് തുറന്നത് തെളിനീരൊഴുകുന്ന പുഴയിലേയ്ക്കാണ്. അവള്‍ ദാഹം തീരുവോളം കുടിച്ചു.

സൂര്യന്റെ ഇളം പ്രഭയില്‍ അവള്‍ ആകസ്മികമായി തന്റെ മുഖം പുഴയുടെ കണ്ണാടിയില്‍ കണ്ടു. യൗവ്വനത്തില്‍ മുതുക്കിഴവിയായവള്‍. നോക്കിനില്‍ക്കെ അവള്‍ സ്വയം പറഞ്ഞു: ഞാന്‍ സുന്ദരിയായിരുന്നു. ഇപ്പോഴും അഴകിന്റെ സ്ഫുരണങ്ങള്‍ എന്നില്‍ മിന്നിമായുന്നുണ്ട്. അങ്ങിനെയല്ലേയെന്ന് അവള്‍ സൂര്യനോട് ചോദിച്ചു.

സൂര്യന്‍ അവളെ ഓര്‍മ്മപ്പെടുത്തി.: ‘കുഞ്ഞേ, ആത്മാനുരാഗം ജീവിക്കാനുള്ള വിശ്വാസം പകരും. ഇപ്പോള്‍ നിനക്കത് ആവശ്യമാണ്. എന്നാല്‍, ആത്മാനുരാഗം ആത്മബോധത്തിന് വഴി മാറണം.

അവള്‍ പറഞ്ഞു, ശരിയാണ് പ്രഭോ! ഞാന്‍ പെട്ടെന്ന് എന്റെ അവസ്ഥ മറന്ന് പോയി. യൗവ്വനത്തിലെ അനാഥമായ വാര്‍ധക്യമാണ് ഞാന്‍. അങ്ങ് മാപ്പാക്കണം.

എങ്കിലും അവള്‍ക്ക് ദു:ഖം തോന്നിയില്ല. വിലക്കുകള്‍ കൊണ്ട് കെട്ടിയിടാന്‍ ആരുമില്ല. പ്രേമയുടെ കൂടെ ഓടിക്കളിച്ച കാലത്തേയ്ക്കാള്‍ സ്വാതന്ത്ര്യമുണ്ട്. സമയത്തിന്റെയും സ്ഥലിയുടെയും ചെറിയ സൂചനകള്‍ പോലും തല്‍ക്കാലം അവളില്‍ നിന്നൊഴിഞ്ഞു.

ചിലനേരം അവള്‍ ദേവാലയങ്ങളുടെ മുമ്പില്‍ ചെന്ന് പെട്ടു. അകത്തേയ്ക്ക് പോകുന്ന ഭക്തര്‍ അവളെ ശ്രദ്ധിച്ചില്ല. ഒരു ചാവാലിപ്പശുവിനെ ദൈവത്തിനുപോലും വേണ്ട എന്നായിരുന്നു അവരുടെ മുഖഭാവം.

മുത്തശ്ശിമാരുടെ കൂടെയുണ്ടായിരുന്ന ചില കുട്ടികള്‍ അവളെ ചൂണ്ടി മുത്തശ്ശിമാരോട് സ്വകാര്യം പറഞ്ഞു. മുത്തശ്ശിമാര്‍ പഴങ്ങളില്‍ ഏറ്റവും ചീഞ്ഞത് തെരഞ്ഞെടുത്ത് കുട്ടികളുടെ കയ്യില്‍ കൊടുത്തു: ‘ഗോമാതാവിന്റെ മുമ്പിലേയ്ക്ക് ചെല്ല്’. കുട്ടികള്‍ അവളുടെ വായിലേയ്ക്ക് സ്‌നേഹത്തോടെ അവയിട്ടു.

ആണ്‍കുട്ടികളില്‍ ചിലര്‍ ഒളിഞ്ഞിരുന്ന് അവളെ കല്ലെറിഞ്ഞു. അവള്‍ അവരുടെ ഏറുകള്‍ നിശബ്ദമായി സഹിച്ചു. അവരുടെ നേരെ അവള്‍ കൊമ്പാട്ടുകയോ തിരിഞ്ഞുനോക്കുകയോ ചെയ്യുന്നില്ലെന്ന് കണ്ട് അവര്‍ മടുപ്പോടെ ഏറ് നിര്‍ത്തി.

വഴിയരികില്‍ ഇരുന്നിരുന്ന ഭിക്ഷക്കാര്‍ പിറുപിറുത്തു: ‘എന്തിനാണിവര്‍ ഈ സാധു മൃഗത്തെ കല്ലെറിയുന്നത്?’

എത്രകാലം അവളിങ്ങനെ അലഞ്ഞ് തിരിഞ്ഞുയെന്ന് അവള്‍ക്ക് പോലും ഊഹമില്ല. ഒരു പാഴിലയായി അവള്‍ ഒരിടത്തു നിന്ന് മറ്റൊരിടത്തേയ്ക്ക് കാറ്റിന്റെ ഗതിയില്‍ നീങ്ങുകയായിരുന്നു.

ഒരിക്കല്‍ റോഡിലൂടെ നടക്കുമ്പോള്‍, മുമ്പില്‍ ഒരു ട്രക്ക് സഡണ്‍ ബ്രേക്കിട്ട് നിര്‍ത്തുന്നത് അവള്‍ കണ്ടു. അവള്‍ ശ്രദ്ധിച്ചില്ല. നടത്തം തുടര്‍ന്നു.

ട്രക്കില്‍ നിന്ന് ചാടിയിറങ്ങിയവര്‍ ഏതോ മന്ത്രങ്ങള്‍ ഉറക്കെ വിളിച്ച് അവളെ വളഞ്ഞു. ഒരാള്‍ അവളുടെ നെറ്റിയില്‍ കുങ്കുമം തൊട്ടു. മറ്റൊരാള്‍ അവളുടെ കഴുത്തില്‍ ഒരു പൂമാലയിട്ടു.

അവള്‍ക്ക് പേടിയായി.

പക്ഷേ, അവരിലൊരാള്‍ പഴങ്ങള്‍ അവളുടെ നേരെ നീട്ടി. വിശപ്പുണ്ടായിരുന്നതിനാല്‍ അതെല്ലാം അവള്‍ അകത്താക്കി. മറ്റൊരാള്‍ കുടത്തില്‍ നിന്ന് വെള്ളം ഒഴിച്ച് കൊടുത്തു. മൂന്നാമന്‍ ഒരു ചെറിയ ചെമ്പുകുടത്തില്‍ നിന്നുള്ള വെള്ളം അവളുടെ ദേഹത്ത് തളിച്ചു. പണ്ട് ഗൃഹനാഥ ശുദ്ധിവരുത്തിയ പോലെ.

അവര്‍ അവളുടെ കഴുത്തില്‍ കയര്‍ കുരുക്കിട്ടു. അവളുടെ ചെറിയ ചെറുത്ത് നില്പുകള്‍ വകവെയ്ക്കാതെ തുറന്നിരിക്കുന്ന ട്രക്കിന്റെ പിന്‍വാതിലിലൂടെ അവളെ അകത്തേയ്ക്ക് വലിച്ച് കയറ്റി. കയര്‍ അഴിച്ചുമാറ്റി. ട്രക്കിന്റെ വാതിലടഞ്ഞു. വണ്ടി മുന്നോട്ട് നീങ്ങി.

ആകാശം കാണുന്ന ട്രക്കില്‍ അവളെ കൂടാതെ പിന്നെയും കുറച്ച് പേരുണ്ടായിരുന്നു. പ്രായം ചെന്നവര്‍. ക്ഷീണിതര്‍. ശരീരമാകെ വ്രണമുള്ളവര്‍. കണ്ണില്‍ പീളയടിഞ്ഞവര്‍. നിര്‍ത്താതെ മലമൂത്രങ്ങള്‍ വിസര്‍ജ്ജിക്കുന്നവര്‍. അതിനിടയില്‍ നിലത്തെ പുല്ലും വൈക്കോലും ചവയ്ക്കുന്നവര്‍.

സന്ധ്യയ്ക്ക് മുമ്പായി ട്രക്ക് കമ്പിവേലികൊണ്ട് അതിരിട്ട ഗോശാലയിലെത്തി. കാവല്‍ക്കാരന്‍ ഇരുമ്പ് ഗേറ്റിന്റെ വാതില്‍ തുറന്നു. ട്രക്കില്‍ നിന്ന് ഓരോരുത്തരെയായി താഴേയ്ക്ക്് തള്ളിയിട്ടു.

അടഞ്ഞ ഇരുമ്പ് ഗേറ്റിനുള്ളില്‍ അവളെപ്പോലെ അനേകം പേരുണ്ട്. ആരും പരസ്പരം നോക്കിയില്ല. എല്ലാവരും തലതാഴ്ത്തി ഒരേ നില്പ് തുടര്‍ന്നു. പുതിയവര്‍ക്കായി ശരീരങ്ങളൊതുക്കി സ്ഥലമുണ്ടാക്കി.

ഓരോ ദിവസവും സന്ധ്യയ്ക്ക് ട്രക്കെത്തി. കാലിയാക്കി തിരിച്ച് പോയി.

വെയിലും മഴയും മഞ്ഞും മാറിമാറിയെത്തി. വല്ലപ്പോഴും ഒരു കാക്ക ഗോശാലയ്ക്കടുത്തുള്ള ഒരു പാഴ്മരത്തിലിരുന്ന് അവരുടെ നേരെ നോക്കി തൊള്ളയിട്ടു.

ഗോശാലയുടെ അധിപനായ ബാബ തൊട്ടടുത്തുള്ള ആ്രശമത്തില്‍ നിന്നും ആഴ്ചയിലൊരിക്കല്‍ ഗേറ്റിന് പുറത്ത് കാര്‍ നിര്‍ത്തി. ബാബയുടെ പരിചാരകര്‍ പുല്ലും പഴങ്ങളും വൈക്കോലും വെള്ളവുമായെത്തി. അവിടവിടെ കുഴിച്ചിട്ടിരുന്ന മണ്‍തൊട്ടികളില്‍ വെള്ളം നിറച്ചു. വൈക്കോലും പുല്ലും അതാതിടങ്ങളില്‍ പരത്തി.

വെള്ളവും ഭക്ഷണവും കണ്ട് ആരും തിരക്ക് കൂട്ടിയില്ല. ചിലര്‍ തൊട്ടിയില്‍ തലയിട്ട് അല്പം വെള്ളം കുടിച്ചു. രണ്ടിഴ വൈക്കോലോ പുല്ലോ ചവച്ചു.

മുന്നില്‍ കണ്ടവയുടെ നെറ്റിയില്‍ ബാബ കുങ്കുമം വരച്ചു. ഒരിക്കല്‍ അവളുടെ നെറ്റിയിലും ബാബ സ്പര്‍ശിക്കുകയുണ്ടായി..

പാതിരയോടടുക്കുമ്പോള്‍ ഗേറ്റ് തുറക്കുന്നത് അവള്‍ കേള്‍ക്കാറുണ്ട്. നാലഞ്ച് മനുഷ്യര്‍ കൂടി നില്‍ക്കുന്നത് കാണാം. തുറന്ന ഗേറ്റിലൂടെ അഞ്ചോ ആറോ പേരെ അവര്‍ പുറത്തേയ്ക്ക് കൊണ്ട് പോയി. ചെറിയ ട്രക്കുകളില്‍ കയറ്റി. കാവല്‍ക്കാരന്റെ കീശയില്‍ കറന്‍സിനോട്ടുകള്‍ തിരുകി അവര്‍ ട്രക്കുകളുമായി പോയി. ഈ ഇടപാടിനിടയില്‍ ഒന്നുരണ്ടുപേര്‍ കാവല്‍ക്കാരനറിയാതെ ഗേറ്റിലൂടെ പുറത്ത് കടന്നു. അങ്ങിനെയുള്ള ഒരു രാത്രിയിലാണ് അവളും ഗേറ്റ് കടന്ന് പുറത്തെത്തിയത്.

എന്തിനാണ് പുറത്ത് കടന്നതെന്നോ എങ്ങോട്ടാണ് പോകുന്നതെന്നോ അവള്‍ ആലോചിച്ചതേയില്ല. ഏതോ ഒരുള്‍പ്രേരണയാല്‍ അവള്‍ പുറത്തെത്തി.

ഇരുവശങ്ങളിലേയ്ക്കും വാഹനങ്ങള്‍ ചീറിപ്പാഞ്ഞു.

പെട്ടെന്നൊരു നിമിഷം വാഹനങ്ങള്‍ ഇല്ലാതായി. കനത്ത നിശബ്ദത. വിശാലമായ ഭൂമിയ്ക്കും ആകാശത്തിനുമിടയില്‍ അവള്‍ മാത്രം. അന്തരീക്ഷത്തിലൂടെ ഓടക്കുഴലിന്റെ നേര്‍ത്ത അലകള്‍. വൃന്ദാവനത്തിലെ കൃഷ്ണനാണ്. അതേ ദിശയില്‍ അവള്‍ മുന്നോട്ട് നീങ്ങി. അടുത്ത നിമിഷം എല്ലാം പഴയപോലെയായി.

ഏറെനേരം കാറ്റ് പോലും ചലിച്ചില്ല. ആകാശവും ഭൂമിയും നിശ്ചലമായപോലെ. നക്ഷത്രങ്ങള്‍ നിശബ്ദരായി താഴേയ്ക്ക് നോക്കി. മേഘങ്ങള്‍ നിശ്ചേഷ്ടരായി നക്ഷത്രങ്ങളുടെ ചുറ്റിനും കൂടി.

തന്റെ അന്ത്യം അടുത്തുവെന്ന് അവള്‍ക്ക് ബോധ്യമായി. അവള്‍ മരണം കാത്ത് കണ്ണടച്ചു. പക്ഷേ, മഹാമൗനത്തിലേയ്ക്ക് മനുഷ്യന്റെ കാലടികള്‍ നീങ്ങുന്നതവള്‍ കേട്ടു. അവള്‍ മെല്ലെ കണ്ണ് തുറന്നു.

തലയില്‍ ഭാരമുള്ള സഞ്ചിയും പേറി ഇടതുകയ്യിലെ യന്ത്രം ചെവിയിലമര്‍ത്തി ഭീതിയില്‍ ആരോടോ ഉറക്കെ സംസാരിക്കുന്ന ഒരു മനുഷ്യന്‍. അയാളുടെ വലതുകയ്യില്‍ തൂങ്ങി അഞ്ചോ ആറോ വയസ്സുള്ള പെണ്‍കുട്ടി. അവളുടെ തലയിലും ചെറിയൊരു ഭാണ്ഡമുണ്ട്. തൊട്ടുപിന്നിലായി തലയിലും ഇരുതോളുകളിലും മുതുകിലും ഭാരങ്ങള്‍ പേറി ഒരു സ്ത്രീ.

ആദ്യത്തെ കൂട്ടം കടന്നുപോയിക്കഴിഞ്ഞപ്പോള്‍ വീണ്ടും മൗനമിഴഞ്ഞു.

എന്താണ് സംഭവിക്കുന്നതെന്നറിയാന്‍ അവള്‍ ക്ഷീണിച്ച കണ്ണുകള്‍ ബലമായി തുറന്ന് പിടിച്ചു. കുറെ നേരത്തേയ്ക്ക് ഒന്നുമുണ്ടായില്ല.

അവളുടെ കണ്ണുകള്‍ അടയാന്‍ തുടങ്ങിയതും മനുഷ്യശബ്ദങ്ങള്‍ അടുത്തെത്തി. പിന്നീടത് നിലച്ചില്ല. മനുഷ്യര്‍ ഒറ്റയ്ക്കും കൂട്ടമായും അവളെ കടന്നുപോയി. അവളുടെ എതിര്‍ദിശയിലൂടെ. അമ്മ പറയാറുള്ള ഒരു പഴയ പലായനത്തിന്റെ കഥ അവള്‍ ഓര്‍ത്തു.

‘ഓ……. അമ്മാ, ഇതാ റോഡിന്റെ നടുവില്‍ ഗോമാതാ’.

അച്ഛനും അമ്മയും രണ്ടുപെണ്‍കുട്ടികളുമടങ്ങുന്ന കുടുംബം ഭാരങ്ങളുമായി അവളുടെ മുമ്പില്‍ നിന്നു. അമ്മ കുനിഞ്ഞ് അവളുടെ മൂക്കിനുനേരെ കൈവെച്ചു.

‘പാവം ചത്തിട്ടില്ല’.

ഇളയ പെണ്‍കുട്ടി തോളില്‍ ഞാണ്ടുകിടന്ന ബാഗില്‍ നിന്ന് രണ്ട് പഴങ്ങളെടുത്തു.

അച്ഛന്‍ പ്രോത്സാഹിപ്പിച്ചു: ‘മോളേ, ഗോമാതായ്ക്ക് വായില്‍ വെച്ച് കൊടുക്ക്. ഗോമാതായുടെ അനുഗ്രഹം വാങ്ങ്. ഗോമാതായുടെ അനുഗ്രഹമുണ്ടെങ്കില്‍ ഈ മഹാമാരിയില്‍ നിന്ന് ഭൂമി രക്ഷപ്പെടും…..!’

സ്ത്രീ കൂട്ടിച്ചേര്‍ത്തു: ‘നോക്കൂ, ഗോമാതാ വൃന്ദാവനത്തിലേയ്ക്കാണ് തലവെച്ചിട്ടുള്ളത്. തീര്‍ച്ച, കൃഷ്ണന്‍ നമ്മുടെ സഹായത്തിനെത്തും’.

ഇളയപെണ്‍കുട്ടി: ‘അമ്മേ, ഗോമാതാ പഴം തിന്നുന്നില്ല’.

സ്ത്രീ ദു:ഖിതയായി കൂട്ടിച്ചേര്‍ത്തു: ‘നോക്കൂ, ഗോമാതായ്ക്ക് എന്തോ പന്തികേടുണ്ട്….’

പുരുഷന്‍: ‘നിങ്ങളവിടെ അങ്ങിനെ കുനിഞ്ഞ് നില്‍ക്കണ്ട. ഗോമാതായെയും മഹാമാരി ബാധിച്ചിട്ടുണ്ടാവും. ശ്വാസത്തിലൂടെ നിങ്ങളിലേയ്ക്ക് പടരും……’

അയാള്‍ ഇളയ പെണ്‍കുട്ടിയുടെ കൈപിടിച്ച് വലിച്ച് മുന്നോട്ട് നീങ്ങി. ധൃതിയില്‍ സ്ത്രീയും മൂത്തപെണ്‍കുട്ടിയും അവരെ പിന്തുടര്‍ന്നു. പെണ്‍കുട്ടി ഗോമാതയുടെ മുഖത്തിനുതാഴെയിട്ട പഴത്തിനു ചുറ്റും ഉറുമ്പുകള്‍ നിറഞ്ഞു. ചിലവ അവളുടെ മൂക്കിലെയ്ക്ക് വഴിയുണ്ടാക്കി. അതിലൂടെ ഉറുമ്പുകള്‍ നിരനിരയായി നീങ്ങി. ദേശീയപാതയിലൂടെ മനുഷ്യരും.

സൂര്യന്‍ ഉദിച്ച് പൊങ്ങി. ആകാശത്ത് ഒരു കഴുകന്‍ പ്രത്യക്ഷപ്പെട്ടു. മരണത്തിന്റെ ഗന്ധം അറിഞ്ഞ് അത് താഴ്ന്ന് പറന്നു.

സുഹൃത്തെ,
അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പന്ത്രണ്ടാം വര്‍ഷത്തേക്ക് കടക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2024 - 25 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.

The Critic, A/C No - 020802000001158,
Indian Overseas Bank,
Thrissur - 680001, IFSC - IOBA0000208
google pay - 9447307829
സ്നേഹത്തോടെ ഐ ഗോപിനാഥ്, എഡിറ്റര്‍, thecritic.in


ഞങ്ങളുടെ ഫേസ്ബുക് പേജ് ലൈക് ചെയ്യൂ..


Published On

Category: Literature | Tags: , | Comments: 0 |

'ക്രിട്ടിക്കില്‍ പ്രസിദ്ധീകരിക്കുന്ന ലേഖനങ്ങള്‍ ലേഖകരുടെ അഭിപ്രായങ്ങളാണ്.. അവ പൂര്‍ണ്ണമായും ക്രിട്ടിക്കിന്റെ അഭിപ്രായങ്ങളാകണമെന്നില്ല - എഡിറ്റര്‍'

Be the first to write a comment.

Leave a Reply