ഗാന്ധി : ആധുനികതയുമായുള്ള സംവാദങ്ങള്‍
ഗാന്ധിജിയുടെ 75-ാം രക്തസാക്ഷി വാര്‍ഷിക ദിനാചരണത്തിന്റെ ഭാഗമായി, സാഹിത്യ അക്കാദമിയുടെ സഹകരണത്തോടെ സെക്യുലര്‍ ഫോറം സംഘടിപ്പിച്ച ‘വീണ്ടെടുപ്പ്’ പഞ്ചദിന പ്രഭാഷണപരമ്പരയില്‍ നടത്തിയ പ്രഭാഷണത്തില്‍ നിന്ന് കേട്ടെഴുതിയത്….
ചരിത്രത്തില്‍ സ്തംഭിച്ചു നിന്നവരല്ല. സജീവമായി ഇടപെടുകയും അക്കാലത്തെ സംഭവവികാസങ്ങളോട് സക്രിയമായി പ്രതികരിക്കുകയും കാലത്തെ അഴിച്ചുപണിയാനായി തങ്ങളെ തന്നെ സമര്‍പ്പിക്കുകയും ചെയ്ത മനുഷ്യര്‍ എന്ന നിലക്ക് നിന്നിടത്തുനിന്നവരല്ല ഗാന്ധിയും മാര്‍ക്‌സും അംബേദ്കറും പോലുള്ള പ്രതിഭകള്‍. ഇവരാരും. പറഞ്ഞതുതന്നെ പറഞ്ഞുകൊണ്ടിരുന്നവരുമല്ല. അവരൊക്കെ ചലനാത്മകമായ പ്രക്രിയകള്‍ ആയിരുന്നു. നിശ്ചലവ്യക്തിത്വങ്ങളോ കേവലസത്തകളോ അല്ല. അവര്‍ ചരിത്രത്തെ മാറ്റിതീര്‍ക്കുന്നു, ചരിത്രം അവരേയും.. അല്ലെങ്കില്‍ ദക്ഷിണാഫ്രിക്കയില്‍ വെച്ചെഴുതിയ ലേഖനങ്ങളില്‍ നിന്ന് ഉദ്ധരണി എടുത്ത് ഗാന്ധിയെ വര്‍ണ്ണവെറിയനാക്കാം. 1920കളില്‍ മതത്തെ കുറിച്ചെഴുതിയവയെടുത്ത് അദ്ദേഹം രാഷ്ട്രീയത്തില്‍ മതത്തെ കുത്തി കേറ്റുന്നു എന്നാരോപിക്കാം. 1930കളിലെ പല നിലപാടുകളെടുത്ത് ജാതിവാദിയാക്കാം… സ്ത്രീകള്‍ വീടിനകത്ത് ഒതുങ്ങണമെന്ന അഭിപ്രായത്തെ മുന്‍നിര്‍ത്തി സ്ത്രീവിരുദ്ധനാക്കാം. ചലനാത്മക വ്യക്തിത്വം എന്ന നിലക്ക് ഒരാള്‍ ചരിത്രത്തില്‍ എങ്ങനെ ഇടപെടുന്നു എന്നു തിരിച്ചറിയുന്നതാണ് പ്രധാനം. നിര്‍ഭാഗ്യവശാല്‍ എല്ലാവരേയും നിശ്ചലസ്ഥാനങ്ങളാക്കി നിര്‍ത്താനും അവസാനമില്ലാത്ത വൈരുദ്ധ്യങ്ങളാണ് അവരിലുള്ളതെന്ന് സ്ഥാാപിക്കാനുമാണ് പൊതുവില്‍ കാണുന്ന ശ്രമങ്ങള്‍. അത് ശരിയല്ല. തീര്‍ച്ചയായും നിലപാടുകളില്‍ വൈരുദ്ധ്യങ്ങളുണ്ടാകാം. എന്നാല്‍ ഇവരെല്ലാം മനുഷ്യവംശത്തിന്റെ പൊതു പൈതൃകങ്ങളാണ്.
ഗാന്ധി നിരന്തരമായി സ്വന്തം അഭിപ്രായങ്ങളെ തിരുത്തികൊണ്ടിരുന്നു. അദ്ദേഹം 60 വര്‍ഷത്തോളം സാമൂഹ്യജീവിതത്തിന്റെ കേന്ദ്രത്തിലുണ്ടായിരുന്നു. അദ്ദേഹത്തിന് എക്കാലത്തും ഒരേ അഭിപ്രായങ്ങളായിരുന്നില്ല. അഭിപ്രായസ്ഥിരതയുടെ ദുര്‍ഭൂതത്തെ ഞാന്‍ കൊണ്ടുനടക്കുന്നില്ല എന്നദ്ദേഹം വ്യക്തമാക്കിയിട്ടുണ്ട്. ജീവിതത്തിന്റെ ഓരോ നിമിഷത്തോടും സത്യസന്ധനായിരിക്കുന്ന ഒരള്‍ക്ക്, വിജയന്‍ മാഷ് പറഞ്ഞപോലെ പറഞ്ഞതുതന്നെ പറഞ്ഞുകൊണ്ടിരിക്കാനാവില്ല. അയാള്‍ക്ക് മാറിവരുന്ന ജീവിതയാഥാര്‍ത്ഥ്യങ്ങളോട് എന്‍ഗേജ് ചെയ്യേണ്ടിവരും. അപ്പോള്‍ അസ്ഥിരത എന്നത് വലിയൊരു കുറ്റകൃത്യമല്ല. അവര്‍ ചരിക്കുന്നത് അവരുടെ സ്വാര്‍ത്ഥത മുന്‍നിര്‍ത്തിയല്ല. മറിച്ച് ചരിത്രം മാറുന്നു, ജീവിതഗതി മാറുന്നു, അതിന്റെ യാഥാര്‍ത്ഥ്യത്തെ അവര്‍ അഭിസംബോധന ചെയ്യുന്നു.
ഗാന്ധിജിയും ആധുനികതയുമായുള്ള സംവാദങ്ങളാണ് വിഷയം. പൊതുവില്‍ നിലനില്‍ക്കുന്ന ധാരണ അദ്ദേഹം ആധുനികതക്ക് എതിരാണെന്നാണ്. ബൈനറികള്‍ സ്ൃഷ്ടിക്കലാണല്ലോ എവിടേയും പൊതുവില്‍ കാണുന്ന രീതി. അത്തരത്തിലുള്ള ഒന്നാണ് നെഹ്‌റു ആധുനികതയുടെ പ്രതിനിധിയും ഗാന്ധി മറിച്ചാണെന്നുമുള്ള ധാരണ. തീര്‍ച്ചയായും ഇത്തരമൊരു നിലപാടിന് പല ഗുണഭോക്താക്കളുമുണ്ട്.. അതിലൊരു കൂട്ടര്‍ ആധുനികതക്ക് എതിരു നില്‍ക്കുന്ന വര്‍ഗ്ഗീയവാദികളാണ്.
ആധുനികത എന്നത് ഏകമാനവും സുനശ്ചിതവുമായ ഒറ്റ പ്രതലത്തില്‍ നിലകൊള്ളുന്ന ഒന്നല്ല. അതിനുള്ളില്‍ തമ്മില്‍ പോരടിക്കുന്ന ധാരാളം ബലങ്ങളുണ്ട്..അവ തമ്മിലുള്ള സംവാദങ്ങളും സംഘര്‍ഷങ്ങളും കൂടി ഉള്‍പ്പെട്ടതാണ് ആധുനികത. അത് കേവല സംജ്ഞയോ സ്ഥിരമായ കുറെ മൂല്യങ്ങളോ അല്ല, വൈരുദ്ധ്യാത്മകമായ ഒരു ചരിത്രപ്രക്രിയയാണ്. അത് എന്തിനോട് ഇടഞ്ഞു, എന്തിനോട് സംവദിച്ചു, എന്തിനെ സ്വീകരിച്ചു എന്ന് വേറിട്ടുതന്നെ മനസ്സിലാക്കണം.. അല്ലെങ്കില്‍ നാം ആധുനികതയെ ശാശ്വതവല്‍ക്കരിക്കും. സത്താവല്‍ക്കരിക്കും, കേവലമായ ഒരു സ്ഥാനമായി പ്രതിഷ്ഠിക്കും.. മറുഭാഗത്ത് ഗാന്ധിയേയും പ്രതിഷ്ഠിക്കും. ഗാന്ധി ഒരു ആധുനികവിരുദ്ധനാണെന്ന് ഉറപ്പിക്കും.
ദി ക്രിട്ടിക് ഫേസ് ബുക്ക് പേജ് ലൈക്ക് ചെയ്യുക
തീര്‍ച്ചയായും ഒരുപാട് ചിന്തകര്‍ ഗാന്ധിയെ സ്വാധീനിച്ചിട്ടുണ്ട്. 18-ാം നൂറ്റാണ്ടിന്റെ അവസാനം മുതല്‍ 19-ാം നൂറ്റാണ്ടിന്റെ ആദ്യം വരെ, ആദ്യകാല ആധുനികത വ്യവസായിക നാഗരികതയായി പരിണമിക്കുന്ന സമയത്ത് അതിനോട് വളരെ വിമര്‍ശനാത്മക നിലപാടെടുത്ത ചിന്താസരണിക്കാരായിരുന്നു അവരില്‍ പ്രധാനം. എന്നാലവര്‍ യാഥാസ്ഥിതികരോ കാല്‍പ്പനികരോ ആയിരുന്നില്ല. പുതുതായി രൂപം കൊണ്ടുവരുന്ന വ്യവസായ നാഗരികതയോട് സവിശേഷമായ രീതിയില്‍ പ്രതികരിക്കാന്‍ ശ്രമിച്ചവരായിരുന്നു. ഗാന്ധിസമടക്കം ഒരു ഇസത്തേയും ഗാന്ധി അംഗീകരിച്ചിരുന്നില്ല. ഇസമെന്നത് അതിന്റെ അവതാരകനെ പിന്തുടരുന്ന ഒന്നാണ്. താനങ്ങനെയല്ല എന്നദ്ദേഹം പറഞ്ഞു. കനപ്പെട്ട വാക്കുകളില്‍ ചിന്താപദ്ധതി ആവിഷ്‌കരിക്കുകയായിരുന്നില്ല അദ്ദേഹം. എന്നാല്‍ അതില്‍ വളരെ ആഴമുള്ള ദാര്‍ശനിക പ്രമേയങ്ങളുണ്ടായിരുന്നു. അഖില്‍ ബില്‍ഗ്രാമി എന്ന മാര്‍ക്‌സിസ്റ്റ് ചിന്തകന്‍ പറയുന്നത് ഗാന്ധി ഒരു പ്രൊഫഷണല്‍ ഫിലോസഫറല്ല, ഓര്‍ഗാനിക് ഫിലോസഫറാണെന്നാണ്. പ്രൊഫഷണല്‍ ഫിലോസഫര്‍ തത്വചിന്തയുടെ പദാവലികളുപയോഗിച്ച് അതിന്റെ സംവര്‍ഗ്ഗങ്ങള്‍ക്കകത്ത് സുനിശ്ചിതവും ക്രമീകൃതവുമായ രീതിയില്‍ സംസാരിക്കുമ്പോള്‍ ഓര്‍ഗാനിക് തിങ്കര്‍ ജീവിതത്തിന്റെ നടുക്കടലില്‍ നിന്നുകൊണ്ട് താനനുഭവിക്കുന്നതിനെ ഏറ്റവും സരളമായി ആവിഷ്‌കരിക്കുന്നു. അതാണ് ഗാന്ധി ചെയ്തത്.
ആധുനികത എന്നു പറയുന്നത് പൊതുവില്‍ സുനിശ്ചിതവും അന്തിമസ്വഭാവമുള്ളതും ആദിമധ്യാന്തപൊരുത്തമുള്ളതുമായ രീതികളെ ഉയര്‍ത്തികൊണ്ടുവരാന്‍ ശ്രമിച്ച കാലമാണ്. ഓരോ ചിന്താപദ്ധതികളും യാഥാര്‍ത്ഥ്യത്തെ അന്തിമമായി വിശദീകരിച്ചിരിക്കുന്നു എന്നു പ്രഖ്യാപിക്കുകയുണ്ടായി. ഉദ്ഗ്രഥിതവും സമഗ്രവും ആദിമധ്യാന്തപൊരുത്തമുള്ളതും അന്തിമവുമായ ജാഞാനരൂപങ്ങള്‍ വിജ്ഞാന വ്യവസ്ഥകള്‍, വിചാരക്രമങ്ങള്‍, അവതരിപ്പിച്ചുകൊണ്ടാണ് പൊതുവില്‍ ആധുനികതയുടെ ആലോചനാരീതികള്‍ വികസിച്ചത്. ഗാന്ധിജി പക്ഷെ കരുതിയത് തന്റേത് അന്തിമസ്ഥാനമാണെന്നല്ല, മറിച്ച് അഴിഞ്ഞു കിടക്കുകയാണെന്നാണ്. പില്‍കാലത്ത് വലിയ തോതില്‍ ഉന്നയിക്കപ്പെട്ട, ആധുനികത ജന്മം നല്‍കിയ രാഷ്ട ദേശീയതയോട് ഏറ്റവും ആഴത്തില്‍ ഇടഞ്ഞയാളായിരുന്നു അദ്ദേഹം. അത് സാന്ദര്‍ഭികമായ ഇടയലല്ല. അദ്ദേഹത്തിന്റെ ജീവിതബോധ്യങ്ങള്‍ക്കുള്ളില്‍ അതിന്റെ വേരുണ്ട്. അതുകൊണ്ടുകൂടിയാണ് താനൊരു ഇസത്തിന്റെയും ആളല്ല എന്നു ഖണ്ഡിതമായി അദ്ദേഹം പറഞ്ഞത്.
ആധുനികത എന്നതുകൊണ്ട് എന്താണ് നാം അര്‍ത്ഥമാക്കുന്നത് എന്നതു പരിശോധിക്കേണ്ടതുണ്ട്. വളരെ ലഘുവായി പറയാന്‍ ശ്രമിക്കാം. അധുനികതയുടെ ഉല്‍പ്പാദനക്രമം മുതലാളിത്തത്തിന്റേതാണ്. ആധുനികപൂര്‍വ്വത്തില്‍ അതു നാടുവാഴിത്തമായിരുന്നു. ആധുനിക ഉല്‍്പപാദനം വ്യവസായികവും അതിനുമുമ്പത്തേത് കാര്‍ഷികവും. ആധുനികതയുടെ അടിസ്ഥാനപ്രകൃതം ദേശരാഷ്ട്രങ്ങളെ മുന്‍നിര്‍ത്തുന്നതാണെങ്കില്‍ ആധുനിക പൂര്‍വ്വ സന്ദര്‍ഭം രാജവാഴ്ചയുടേതാണ്. ആധുനികലോകം അച്ചടിയുടേതും പൂര്‍വ്വം വാമൊഴി, കേള്‍വി എന്നിവയുടേതുമായിരുന്നു. ആധുനികതയുടെ സത്യാത്മക ജ്ഞാനം ശാസ്ത്രമാണെങ്കില്‍ അതിനുമുമ്പ് പലതരം വിജ്ഞാനങ്ങള്‍ കൂടിചേര്‍ന്നതായിരുന്നു. ആധുനികലോകം സൗരകേന്ദ്രീകൃത പ്രപഞ്ചാവബോധത്തെ ഉള്‍്കകൊള്ളുന്നു. പൂര്‍വ്വസന്ദര്‍ഭം ഭൂമിയെ കേന്ദ്രമായാണ് കണ്ടിരുന്നത്. ഇവയെയല്ലാം ഉള്‍ക്കൊള്ളുന്ന മൂല്യവ്യവസ്ഥയെയാണ് ആധുനികത എന്ന പദം കൊണ്ട് വിവക്ഷിക്കുന്നത് എന്നു പറയാം. കേവലം ഭൗതികമായ മാറ്റമല്ല. മറിച്ച് അത് ലോകബോധത്തിന്റെ പുതിയ പ്രകാരങ്ങളേയും കൂട്ടികൊണ്ടുവരുന്നു. രണ്ടുംകൂടിചേര്‍ന്ന വിപുലവ്യൂഹത്തെയാണ് ആധുനികത എന്നു വിളിക്കാനാവുക.
ആധുനിക പൂര്‍വ്വലോകം പൊതുവെ പറഞ്ഞാല്‍ മതാത്മകമായിരുന്നു. ആധുനികമാകട്ടെ മതനിരപേക്ഷമാണ്. പൂര്‍വഘട്ടം പ്രാദേശിക ജീവിതക്രമങ്ങളുടേതായിരുന്നെങ്കില്‍ ആധുനികതയുടെ ആദര്‍ശം സാര്‍വ്വദേശീയതയാണ്. പൂര്‍വകാലം വിശ്വാസബന്ധിതമായിരുന്നു. ആധുനികതയുടെ അടിസ്ഥാനം യുക്തിവിചാരമാണ്. മുമ്പ് മനുഷ്യര്‍ പറ്റങ്ങളായാണ് സ്വയം മന,സ്സിലാക്കിയിരുന്നതെങ്കില്‍ ആധുനികത മനുഷ്യനെ ഒറ്റക്കൊരാളായി, individual ആയി പുനര്‍നിര്‍വ്വചിച്ചു. ആധുനികപൂര്‍വ്വമായ ലോകബോധം നിശ്ചലമോ ചാക്രികമോ ആണെങ്കില്‍ ആധുനിക കാല ലോകബോധം രേഖീയമായ പുരോഗതിയുടേതാണ്. പൂര്‍വ്വഘട്ടം രാജാധികാരവും നാടുവാഴിത്തവും. ആധുനികഘട്ടം ജനാധിപത്യം.. പൂര്‍വ്വസന്ദര്‍ഭം സമൂഹത്തെ പല തട്ടുകളായി കാണുകയും ഈ .തട്ടുകള്‍ സ്വാഭാവികമെന്നു കരുതുകയും ചെയ്തു. അസമത്വം ജന്മസഹജവംു ദൈവഹിതവുമാണെന്നു വിശ്വസിച്ചു. ആധുനികത സമത്വത്തെ അടിസ്ഥാന മൂല്യമാക്കി.. ആധുനികപൂര്‍വ്വം വ്യവസ്ഥാ നിഷ്ഠമാണെങ്കില്‍ ആധുനികലോകം സ്വതന്ത്ര്യത്തെ കുറിച്ചുള്ള ബോധത്തിന്റെ കാലമാണ്. മനുഷ്യര്‍ സ്വതന്ത്രരായി ജനിക്കുന്നു, എന്നാല്‍ വ്യവസ്ഥകള്‍ അവരെ ചങ്ങലക്കുള്ളിലാക്കുന്നുവെന്ന റൂസ്സോവിന്റെ വാക്കുകള്‍ ഓര്‍ക്കാം. ചങ്ങല വ്യവസ്ഥയുടേതാണ്, മാനുഷിക യാഥാര്‍ത്ഥ്യം അടിസ്ഥാനപരമായി അസ്വാതന്ത്ര്യത്തിന്റേതല്ല. ഇങ്ങനെ മതനിരപക്ഷതയേയും സ്വാതന്ത്ര്യത്തേയും യുക്തിബോധത്തേയും പുരോഗതിയേയും ജനാധിപത്യത്തേയും സാമ്പത്തിക സമത്വത്തേയും ഉള്‍ക്കൊള്ളുന്ന മൂല്യമണ്ഡലവും മുതലാളിത്തവും ദേശരാഷ്ട്രവും അച്ചടിയും വ്യവസായവും ആധുനിക ശാസ്ത്രവും സൂര്യകേന്ദ്രീകൃതമായ പ്രപഞ്ചസങ്കല്‍പ്പവുമെല്ലാം ഉള്‍ക്കൊള്ളുന്ന ഭൗതികാധാരങ്ങളും ചേര്‍ന്ന ജീവിത സന്ദര്‍ഭത്തെ, ഏതാണ്ട് 18-ാം നൂറ്റാണ്ടിലെ ഫ്രഞ്ച് ചിന്തയിലെ ജ്ഞാനോദയം മുതല്‍ രണ്ടാംലോക യുദ്ധാനന്തരംവരെ മനുഷ്യവംശത്തിന്റെ സാമൂഹ്യാവബോധത്തെ നിര്‍ണയിച്ച ഭൗതികവും അവബോധപരവുമായ ചട്ടക്കൂടുകളെ ആകെ ചേര്‍ത്താണ് നാം ആധുനികത എന്നു പറയുന്നത്. ഇവ മാത്രമല്ല, വേറേയും ഒരുപാടു ഘടകങ്ങളുണ്ട് താനും.
ആധുനികത സാര്‍വ്വത്രികമായി ഏകമുഖമാണോ? സമീര്‍ അമീന്‍ പറയുന്നത് ആധുനികത അതിന്റെ ജനനത്തിലും വളര്‍ച്ചയിലും മുതലാളിത്തത്തോടൊപ്പമായിരുന്നു എന്നാണ്. ആധുനികതയെ മൂല്യവ്യവസ്ഥയായി കണ്ടാല്‍പോര, അതിന്റെ മൂര്‍ത്തജീവിതത്തേയും കാണണം. സമീര്‍ അമീന്‍ പറയുന്നത് മുതലാളിത്തലോകത്ത് രണ്ടു മഹത്തായ വിപ്ലവമുദ്രാവാക്യങ്ങളുണ്ടായി. ഒന്ന് ഫ്രഞ്ച് വിപ്ലവത്തിന്റേത്, മറ്റൊന്ന് അമേരിക്കന്‍. വിപ്ലവത്തിന്റേത്. ഫ്രഞ്ച് വിപ്ലവം സ്വാതന്ത്ര്യം, സമത്വം, സാഹോദര്യം എന്നീ ആശയങ്ങള്‍ മുന്നോട്ടുവെച്ചു. എന്നാലിത് മുന്നോട്ടുവെച്ച ഫ്രഞ്ച് ബൂര്‍ഷ്വാസിക്ക് ഇത് സാക്ഷാല്‍ക്കരിക്കാനാവില്ല. സമത്വമെന്ന മുദ്രാവാക്യത്തെ സാക്ഷാല്‍ക്കരിക്കാന്‍ ശ്രമിച്ചാല്‍ അതാദ്യം ബാധിക്കുക ബൂര്‍ഷ്വാസിയെതന്നെയായിരിക്കുമല്ലോ. നടപ്പാക്കിയത് അമേരിക്കന്‍ വിപ്ലവത്തിന്റെ liberty and property. സ്വാതന്ത്ര്യവും സ്വത്തുടമസ്ഥതയും എന്ന മുദ്രാവാക്യമായിരുന്നു. സ്വാതന്ത്ര്യത്തിന്റെ മാനദണ്ഡം സമത്വമല്ല, സാഹോദര്യമല്ല, സ്വത്തുടമസ്ഥതയാണ്. right to liberty എന്നത് right to property ആണെന്നര്‍ത്ഥം. അതായത് ഫ്രഞ്ച് വിപ്ലവത്തിലൂടെ ബൂര്‍ഷ്വാസി, അല്ല ആധുനികത തന്നെ, ഉയര്‍ത്തികൊണ്ടുവന്ന മൂല്യങ്ങള്‍ അട്ടിമറിക്കപ്പെട്ടു. .സ്വത്തുടമസ്ഥതയെ സ്വാതന്ത്ര്യവുമായി ബന്ധിപ്പിക്കുകയും സമത്വത്തേയും സാഹോദര്യത്തേയും അകറ്റുകയും ചെയ്തു. അങ്ങനെ ഓരോരരുത്തരും തങ്ങളില്‍ പൂര്‍ണ്ണരും ആദിമധ്യാന്തപൊരുത്തമുള്ളവരും മറ്റുള്ളവരില്‍ നിന്നു വേര്‍പെട്ട പൂര്‍ണ്ണമായും സ്വതന്ത്ര കര്‍ത്തൃത്വങ്ങളാണെന്ന ധാരണ ധ്വനിപ്പിക്കുന്നു. ഇതിനെതിരെയാണ് മനുഷ്യന്‍ ഒരു സത്തയല്ലെ എന്നും സാമൂഹ്യബന്ധങ്ങളാണെന്നും മാര്‍ക്‌സ് പറഞ്ഞത്. യഥാര്‍ത്ഥത്തില്‍ ബന്ധങ്ങളിലൂടെ ഉരുത്തിരിഞ്ഞതാണെങ്കിലും, അതിനെ മറച്ചുപിടിച്ച് ഒറ്റതിരിഞ്ഞതാണെന്ന് നമ്മെ ബോധിപ്പിക്കുന്ന ഒരു ജീവിതാവസ്ഥയിലേക്ക് നാം ചെന്നുവീഴുന്നു. അങ്ങനെയാണ് അമേരിക്കന്‍ വിപ്ലവത്തിന്റെ മുദ്രാവാക്യം നടപ്പിലായതും ഫ്രഞ്ച് മുദ്രാവാക്യം പിന്‍വാങ്ങിയതും. പണമാണ് ദൈവമെന്നു കരുതുന്നു എന്നതാണ് അവരുടെ അടിസ്ഥാനപ്രശ്‌നമെന്നു മനസ്സിലാക്കിയാല്‍ നിങ്ങള്‍ക്ക് പല പ്രശ്‌നങ്ങള്‍ക്കുമുള്ള പരിഹാരമാകും എന്നു ഗാന്ധി പറഞ്ഞതും ഓര്‍ക്കാവുന്നതാണ്.
തീര്‍ച്ചയായും ആധുനികതയാണ് സാര്‍വ്വദേശീയത എന്നും മനുഷ്യവംശം എന്നുമൊക്കെ നമ്മോട് ആദ്യം പറഞ്ഞത്. പക്ഷെ ആധുനികതക്കുള്ളില്‍ തന്നെയാണ് കൊളോണിയലിസമുണ്ടായത് എന്നതും മറക്കരുത്. സാര്‍വ്വദേശീയതക്കു പകരം കൊളോണിയലിസം. സ്വതന്ത്രവ്യക്തിക്കു പകരം വെള്ളക്കാരനായ യൂറോപ്യനായ പുരുഷന്‍. (ന്ത്യനവസ്ഥയിലത് ബ്രാഹ്മണനാകും) പുരോഗതി എന്ന ആധുനിക മൂല്യത്തിനു പകരം വളര്‍ച്ച. വളര്‍ച്ചയെന്നാലോ മൂലധന വളര്‍ച്ച. അങ്ങനെയാണ് ജി ഡി പി ഗ്രോത്ത് വളര്‍ച്ചയായി മാറിയത്. അതുകൊണ്ടാണ് ഒരു ഭാഗത്ത് ലോകത്തെ അഞ്ചാമത്തെ സാമ്പത്തിക ശക്തിയാണ് ഇന്ത്യ എന്നു കൊട്ടിഘോഷിക്കുമ്പോള്‍ പട്ടിണിയില്‍ 121 രാജ്യങ്ങളില്‍ 107-ാം രാജ്യമാണ് നമ്മുടേതെന്ന കണക്കും പുറത്തുവരുന്നത്. ശാസ്ത്രമെന്നതാകട്ടെ സാങ്കേതിക വിദ്യയാകുന്നു. സത്യം കണ്ടെത്താനുള്ള മനുഷ്യന്റെ ഏറ്റവും വലിയ ഉപാധിയായിട്ടാണ് ശാസ്ത്രത്തെ ഗാന്ധി കണ്ടത്. യുക്തിബോധമെന്നത് മിക്കവാറും ഉപകരണവാദമായി. ജനാധിപത്യമെന്നത് ഭൂരിപക്ഷവാദമായി. ഭൂരിപക്ഷവാദത്തിലൂടെ ജനാധിപത്യത്തിലൂടെ തെരഞ്ഞെടുപ്പില്‍ ജയിച്ച് അധികാരത്തിലെത്തിയ ഹിറ്റ്‌ലറേയും മുസോളനിയേയും മറ്റുപലരേയും നാം ചരിത്രത്തില്‍ കാണുന്നു. സ്വാതന്ത്യമെന്നത് വ്യക്തിപരവും മൂലധനപരവുമായി.
ഇങ്ങനെ നാനാതരത്തിലുള്ള വൈരുദ്ധ്യങ്ങള്‍ ആധുനികതക്കുള്ളില്‍ തന്നെ പ്രവര്‍ത്തിക്കുകയും അതു മുന്നോട്ടുവെച്ച മൂല്യങ്ങളെ അതിനകമേതന്നെ റദ്ദാക്കുക.യും ചെയ്യുന്നതു കാണാന്‍ കഴിയും. മനുഷ്യവംശത്തെ കുറിച്ച് വാ തോരാതെ സംസാരിക്കുമ്പോള്‍ തന്നെയാണ് ആഫ്രിക്കയില്‍ നിന്നും ലാറ്റിനമേരിക്കയില്‍ നിന്നും ആളുകളെ കച്ചവടവസ്തുക്കളായി കൊണ്ടുവന്ന് യൂറോപ്പിലെ പ്രദര്‍ശനശാലകളില്‍ അവതരിപ്പിച്ചിരുന്നത്, ജന്തുക്കളേക്കാള്‍ ഹീനമായി കൈകാര്യം ചെയ്തിരുന്നത്, വിറ്റിരുന്നത്. എന്‍ലൈറ്റ്‌മെന്റ് മൂല്യങ്ങള്‍ സര്‍വ്വകലാശാലകളില്‍ പഠിപ്പിക്കുമ്പോള്‍ തന്നെ അടിമകച്ചവടവും നടന്നിരുന്നു. എന്താണ് ജ്ഞാനോദയം എന്ന പ്രബന്ധമെഴുതി അതിന് തത്വശാസ്ത്രപരമായ അടിത്തറയൊരുക്കിയ ഇമ്മാനുവല്‍ കാന്റ് തന്നെ ആഫ്രിക്കക്കാര്‍ മനുഷ്യരായി പരിഗണിക്കപ്പെടാന്‍ യോഗ്യരല്ല എന്നു കരുതിയിരുന്നു. ചരിത്രത്തിന്റെ പരിണാമഗതി വിശദീകരിച്ച ഹെഗലിനെ പോലൊരാള്‍ ചരിത്രം ജനിച്ചതും വളര്‍ന്നതും അന്തിമമായ ഫലപ്രാപ്തിയിലെത്തിയതും യൂറോപ്പിലാണ്, യൂറോപ്പില്‍ പോലുമല്ല, തന്റെ പഞ്ചായത്തായ പ്രഷ്യയിലാണ് എന്നെഴുതിയിരുന്നു. ബൂര്‍ഷ്വാസി സ്വന്തം മാതൃകയിലാണ് ലോകം നിര്‍മ്മിച്ചത്, മനുഷ്യവംശമെന്നൊക്കെ പറയുമെങ്കിലും അതില്‍ വാസ്തവത്തില്‍ ബൂര്‍ഷ്വാമനുഷ്യരേ ഉള്ളു എന്നു മാര്ക്‌സ് വ്യക്തമായിതന്നെ പറയുന്നുണ്ട്.
ഇവിടടെനിന്ന് ഗാന്ധിയിലേക്കും അദ്ദേഹം ആധുനികതയോട് പുലര്‍ത്തിയ സംവാദങ്ങളിലേക്കും പോകാം. ഗാന്ധി സ്വയമേവ ആധുനികതക്കുള്ളില്‍ ജീവിച്ചയാളാണ്. അദ്ദേഹത്തിന്റെ വിദ്യാഭ്യാസം ഇംഗ്ലീഷ് ജന്റില്‍മാനാകാനുള്ള പരിശലനമായിരുന്നു. നന്നായി വക്കില്‍ പരീക്ഷ പാസായി. പാശ്ചാത്യ സമ്പ്രദായങ്ങള്‍ പരിശീലിച്ചു. സായാഹ്നസവാരിക്ക് ധരിക്കാനായി ഇവനിംഗ് കോട്ട്. പാശ്ചാത്യരീതിയില്‍ വയലിന്‍. വെസ്റ്റേണ്‍ ഡാന്‍സ് പോലും പഠിച്ചു. സംസ്‌കൃതം പഠിച്ചിട്ടില്ല. ഇംഗ്ലണ്ടില്‍ പോകുമ്പോള്‍ ഇന്ത്യയിലെ ഒരു മതഗ്രന്ഥവും ഇതിഹാസവും വായിച്ചിട്ടില്ല. പിന്നീട് ഭഗവത് ഗീത വായിക്കുന്നത് ഇംഗ്ലീഷിലാണ്. ഫ്രഞ്ച് വിപ്ലവത്തിന്റെ ശതാബ്ദി ആഘോഷങളില്‍ പങ്കെടുക്കാന്‍ പാരീസിലെത്തി. ഇക്കാലത്ത് വെജിറ്റേറിയനിസവുമായി ബന്ധപ്പെടുന്നതൊഴിച്ചാല്‍ ആധുനികതയുമായി അടുത്ത ബന്ധമായിരുന്നു അദ്ദേഹത്തിന്. അക്കാലത്താണ് ഗാന്ധി നേരത്തെ പറഞ്ഞ ചിന്താപദ്ധതിയുമായി ബന്ധപ്പെടുന്നത്. അവരുയര്‍ത്തിയ വ്യവസായിക നാഗരികതയോടുള്ള വിമര്‍ശനങ്ങളെ അദ്ദേഹം മനസ്സിലാക്കാന്‍ ശ്രമിച്ചു. ജോണ്‍ റസ്‌കിനേയും ടോള്‍സ്‌റ്റോയിയേയും ആഴത്തില്‍ ഉള്‍ക്കൊള്ളാന്‍ ശ്രമിച്ചു. ടോള്‍സ്‌റ്റോയിയില്‍ നിന്നാണ് അദ്ദേഹം തൊഴിലിന്റെ അന്തസ് മനസ്സിലാക്കിയത്. ഇന്‍ഫാന്‍ ഹബീബ് പറഞ്ഞത്, ഇത്തരത്തില്‍ കണ്ടെത്തിയ മൂല്യങ്ങളെ ഗാന്ധി അവതരിപ്പിക്കുന്നത് ഇന്ത്യന്‍ പാരമ്പര്യം എന്ന നിലക്കാണെന്നാണ്.
ഭഗവത് ഗീതയില്‍ ഗാന്ധി മുഖ്യമായും കണ്ടെത്തിയത് അഹിംസയും സത്യബോധവും തൊഴിലിന്റെ അന്തസുമാണ്. ഇന്‍ഫാന്‍ പറയുന്നത് ഗീതയില്ലാത്തതെല്ലാം ഗാന്ധി അതില്‍ കണ്ടുപിടിച്ചു എന്നാണ്. യുദ്ധം വേണ്ട എന്നു പറഞ്ഞ് തിരിച്ചുപോയ ആളെകൊണ്ട് യുദ്ധം ചെയ്യിച്ചതാണ് ഭഗവത് ഗീത. അതിനെ അഹിംസയാണെന്ന് ഗാന്ധി കരുതുന്നു. നീ എത്ര നന്നായി പരധര്‍മ്മമനുഷ്ഠിച്ചാലും അതിനേക്കാള്‍ മികച്ചത് മോശമായി ചെയ്യുന്ന സ്വധര്‍മ്മമാണ് എന്ന് കൃഷ്ണന്‍ പറയുന്നുണ്ട്. ഈ ധര്‍മ്മമെന്നത് ജാതി തന്നെയാണ്. ജാതി ധര്‍മ്മമാണ്. എന്നിട്ടും ഗാന്ധി മുകളില്‍ പറഞ്ഞ ഗുണങ്ങള്‍ ഗീതയില്‍ കാണുന്നു. പാരമ്പര്യത്തിന്റെ പരിവേഷത്തിനുള്ളില്‍ ആധുനികതയുടെ മൂല്യങ്ങളെ ഉയര്‍ത്തികൊണ്ടുവരുകയാണ് ഗാന്ധി ചെയ്യുന്നത്. ഇതാണ് ഗാന്ധിയുടെ വൈരുദ്ധ്യാത്മകത. സത്യത്തില്‍ ഇന്ത്യയുടെ പാരമ്പര്യം അഹിംസയല്ല. പക്ഷെ സ്വാതന്ത്ര്യപ്രാപ്തിക്കുശേഷം അഹിംസയെ നമ്മള്‍ ആദര്‍ശമാക്കി ഉയര്‍ത്തികൊണ്ടുവന്നു. അതിന്റെ വഴി പറഞ്ഞുതന്നത് ഗാന്ധിയാണ്.
ഇന്ത്യക്ക് സ്വന്തമായി ചരിത്രമില്ല എന്നാക്ഷേപിച്ചവരോട് ഗാന്ധി പറഞ്ഞത് അത് കുറവല്ല, മികവാണെന്നാണ്. ചരിത്രമെന്നത് ആണുങ്ങളുടേയും അധികാരത്തിന്റേയും ലോകമാണെന്നും അദ്ദേഹം കൂട്ടിചേര്‍ത്തു. ചരിത്രമെന്ന ജ്ഞാനശാഖയില്‍ ലീനമായിരിക്കുന്ന അധികാരബന്ധങ്ങളെ ഗാന്ധി തിരിച്ചറിയുന്നുണ്ട്. ആധുനിക മൂല്യവ്യവസഥിയില്‍ നിന്ന് ചിലതെല്ലാം സ്വാശീകരിക്കുകയും അതിനെതന്നെ പാരമ്പര്യത്തിന്റെ പദാവലികള്‍ കൊണ്ട് വിശദീകരിക്കാന്‍ ശ്രമിക്കുകയും ചെയ്തു. ഇന്‍ഫാന്‍ ഹബീബ് പറയുന്നത് ഗന്ധിയുടെ ചിന്തയുടെ അന്തര്‍ധാര ആത്മനിഷ്ഠാപരമായി മുതലാളിത്ത വിരുദ്ധവും സാമ്രാജ്യത്വവിരുദ്ധവുമാണ്. പക്ഷെ മുതലാളിത്തത്തെ ഘടനാപരമായി തിരിച്ചറിഞ്ഞ്, അതിന്റെ ഉള്ളില്‍ ചെന്ന് അദ്ദേഹത്തിന് എതിര്‍ക്കാനായില്ല. മുതലാളി ട്രസ്റ്റിയാണെന്നാണ് ഗാന്ധി പറഞ്ഞത്. സ്വകാര്യസ്വത്ത് ഇല്ലാതാകണമെന്ന നിലപാടില്ല. പക്ഷെ സ്വത്ത് പൊതുസമൂഹത്തിനായി ഉപയോഗിക്കാന്‍ മുതലാളി ബാധ്യസ്ഥനാണ് താനും. തീവണ്ടിക്ക് എതിരായിരിക്കുമ്പോഴും ഏറ്റവുമധികം അതില്‍ സഞ്ചരിച്ചത് ഗാന്ധിയായിരു്‌നനു. തപാല്‍ സംവിധാനം മനുഷ്യര്‍ക്കിടയിലെ സ്വാഭാവിക സംഭാഷണത്തെ ഇല്ലാതാക്കുമെന്നു കരുതിയ ഗാന്ധി ഒരുലക്ഷത്തി ആറായിരം കത്തുകള്‍ എഴുതിയിട്ടുണ്ട്. കലയോടും സിനിമയോടുമൊന്നും വലിയ താല്‍പ്പര്യമുണ്ടായിരുന്നില്ലെങ്കിലും അവയെ ഏറ്റവുമധികം സ്വാധീനിച്ചതും മറ്റാരുമല്ല.
നേരത്തെ സൂചിപ്പിച്ച, ആധുനികതയുടെ മൂല്യവ്യവസ്ഥയുടെ പശ്ചാത്തലത്തില്‍ പരിശോധിച്ചാല്‍ ഗാന്ധിയില്‍ അവയെല്ലാം വര്‍ത്തിക്കുന്നു എന്നുകാണാം. വ്യക്തിജീവിതത്തിലും മൂല്യവ്യവസ്ഥ എന്ന രീതിയിലും അത് പ്രകടമാണ്. അവയില്‍ പലതും പാശ്ചാത്യ നാഗരികതയില്‍ നിന്ന് സ്വീകരിച്ചതാണ്. അതേസമയം ഗാന്ധിയില്‍ വ്യവസ്ഥാപരമായ ആധുനികതാ വിമര്‍ശനവുമുണ്ട്. ഒന്നിച്ചുനില്‍ക്കാന്‍ എളുപ്പമല്ലാത്ത രണ്ടു സങ്കല്‍പ്പങ്ങളാണല്ലോ സമത്വവും സ്വാതന്ത്ര്യവും. അതേസമയം സ്വാതന്ത്ര്യമില്ലാത്ത സമത്വവും സമത്വമില്ലാത്ത സ്വാതന്ത്ര്യവും അര്‍ത്ഥരഹിതവുമാണ്. ഈ പ്രതിസന്ധി മറികടക്കാന്‍ അംബേദ്കര്‍ കൊണ്ടുവരുന്നത് സാഹോദര്യത്തെയാണ്. സാഹോദര്യമെന്നത് പൊളിറ്റിക്കല്‍ കാറ്റഗറിയാണ്. സ്വാതന്ത്ര്യവും സമത്വവും പരസ്പരപൂരിതമാണെങ്കിലും അവ ത്മിലുള്ള വൈരുദ്ധ്യം പരിഹരിക്കാനുള്ള വഴി ഇവ രണ്ടിനേയും ചിട്ടപ്പെടുത്തുന്ന സാഹോദര്യമാണ്. എന്റെ സ്വാതന്ത്ര്യബോധം നിങ്ങള്‍ക്ക് എതിരാകരുതെന്നും സമൂഹത്തിന്റെ സമത്വഭാവം എന്റെ സ്വാതന്ത്ര്യത്തിനു വിഘാതമാകരുതെന്നും നാം അനുഭവപരമായി ഉള്‍ക്കൊള്ളുന്നതിന്റെ പേരാണ് സാഹോദര്യം. സാഹോദര്യം നിലനില്‍ക്കുന്നത് മതത്തിലാണ് എന്നു കരുതിയതിനാലാണ്, സാഹോദര്യത്തിന്റെ വേര് മൈത്രിയിലാണ് എന്നു കരുതികൊണ്ടാണ് അംബേദ്കര്‍ അവസാനം ബുദ്ധമതം സ്വീകരിച്ചത്. ബില്‍ഗ്രാമി പറയുന്നത് ഗാന്ധിയും മാര്‍ക്‌സും ഇതിനു കണ്ട പരിഹാരം അന്യവല്‍കൃതമല്ലാത്ത ജീവിതമാണ് എന്നാണ്. ആധുനികത മനുഷ്യാവസ്ഥയെ അന്യവല്‍ക്കരിക്കുകയും അതവരെ ഒറ്റതിരിഞ്ഞവരാക്കുകയും തമ്മില്‍ തമ്മിലുള്ള ബന്ധങ്ങളേയും അവരും ലോകവുമായുള്ള ബന്ധങ്ങളേയും വസ്തുവല്‍ക്കരിക്കുകയും ചെയ്യുന്നു. ഈ വസ്തുവല്‍ക്കരണത്തിനെതിരെ മനുഷ്യാവസ്ഥയുടെ വീണ്ടെടുക്കലായിരുന്നു മാര്‍ക്‌സിന്റെ പ്രധാന താല്‍പ്പര്യം. ഗാന്ധിയുടേയും. മാര്‍ക്‌സ് ഇക്കാര്യം വളരെ സൂക്ഷ്മമായി പരിശോധിച്ചു, എന്നാല്‍ ഗാന്ധി അതെ കുറിച്ചുള്ള പൊതുചിത്രമാണ് മുന്നോട്ടുവെച്ചതെന്നുമാത്രം.
പാശ്ചാത്യ നാഗരികത മുന്നോട്ടുവെച്ച ഉദാര മാനവികാ വാദത്തിനു എന്തു സംഭവിക്കുന്നു എന്നു ചോദിച്ചാല്‍ ലളിതമായി പറയാവുന്നത്, വ്യക്തിയെ വസ്തുവാക്കുക, തമ്മില്‍ തമ്മിലുള്ള ബന്ധങ്ങളില്‍ നിന്ന് വ്യക്തിയെ മോചിപ്പിക്കുക, സ്വാതന്ത്ര്യമെന്നത് സ്വത്തവകാശത്തിനുള്ള സ്വാതന്ത്ര്യമാക്കി മാറ്റുന്നതിലൂടെ ഇന്റിവിജ്വല്‍ എന്നതിനെ കേന്ദ്രബിന്ദുവാക്കുക, ഞാന്‍ എന്നതില്‍ അടങ്ങിയിരിക്കുന്ന നിങ്ങള്‍, നിങ്ങളിലടങ്ങിയിരിക്കുന്ന ഞാന്‍, ഞാനെന്നതിലുള്ള ലോകം, ലോകത്തിലുള്ള ഞാന്‍ ഈ നിലയിലെല്ലാം മനസ്സിലാക്കുന്നതിനു പകരം ഞാനും ലോകവും ഞാനും നിങ്ങളും എന്ന വിഭജിതാവസ്ഥയില്‍ നമ്മെ മനസ്സിലാക്കുക…. ഇതാണ് ആധുനികതയുടെ പ്രതിസന്ധി. ഇതിനെതിരെയാണ് മനുഷ്യന്‍ സാമൂഹ്യബന്ധങ്ങളുടെ സമുച്ചയമാണെന്ന് മാര്‍ക്‌സ് പറഞ്ഞത്. ഫാസിസമെന്നത് ആധുനികതക്കു പുറത്തുനിന്ന് അതിലേക്ക് കുത്തിവെച്ചതല്ല, അതിന്റെ ആന്തരിക വൈരുദ്ധ്യത്തില്‍ നിന്നു ഉടലെടുത്തതാണെന്ന് പല ചിന്തകരും ചൂണ്ടികാട്ടിയിട്ടുള്ളത്. ഞാന്‍ ഞാനായിരിക്കുന്നത് ഞാനല്ലാത്ത എല്ലാറ്റിനേയും ഒഴിവാക്കിയാണ് എന്ന് ഞാന്‍ കരുതുന്നതോടെ, അപരനിഷേധത്തിലൂടെ നിലവില്‍ വരുന്ന ആത്മം ഒരു നിത്യമായ ശത്രുതയെ അതിനുള്ളില്‍ നിലനിര്‍ത്തും. ഈ ശത്രുഭാവത്തിനു രാഷ്ട്രരൂപമാകുന്നതാണ് ഫാസിസം.
ദി ക്രിട്ടിക് യു ട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
എങ്ങനെയാണ് ഈ ഷിഫ്റ്റ് സംഭവിച്ചത്? എങ്ങനെയാണ് ആധുനികത മുന്നോട്ടുവെച്ച സമുന്നതമായ മൂല്യബോധവും മൂല്യവ്യവസ്ഥയും അതിന്റെ ജീവിതക്രമവും തമ്മിലുള്ള വൈരുദ്ധ്യത്തിന്റെ കാതല്‍ എന്ന നിലയില്‍ നാലു ഘടകങ്ങള്‍ ബില്‍ഗ്രാമി എടുത്തുപറയുന്നുണ്ട്. ജീവിക്കാനുള്ള ഒരിടം എന്ന നിലയില്‍ ഭൂമിയെ കാണുന്നതിനു പകരം കയ്യടക്കാനും നിയന്ത്രിക്കാനും കഴിയുന്ന ഒരിടം എന്നു നാം എപ്പോഴാണ് ഭൂമിയെ കാണാന്‍ തുടങ്ങിയത്? പ്രകൃതിയില്‍ നിന്നു പ്രകൃതി വിഭവങ്ങളിലേക്കുള്ള മാറ്റം, മനുഷ്യര്‍ എന്നതില്‍ നിന്ന് പൗരന്മാര്‍ എന്നതിലേക്കുള്ള മാറ്റം, ജനങ്ങളില്‍ നിന്നു ജനസംഖ്യയിലേക്കുള്ള മാറ്റം, വിജ്ഞാനത്തില്‍ നിന്ന് വൈദഗ്ധ്യത്തിലേക്കുള്ള മാറ്റം എന്നിവയാണവ. ബില്‍ഗ്രാമി പറയുന്നത് ആധുനികതയുടെ അടിസ്ഥാന വൈരുദ്ധ്യങ്ങള്‍ ഇവയിലാണെന്നാണ്. മനുഷ്യന്റ പുറത്തുനില്‍ക്കുന്ന കേവലപ്രകൃതിയെന്ന സങ്കല്‍പ്പവും പ്രകൃതിക്കുപുറത്തുനില്‍ക്കുന്ന കേവലമനുഷ്യനെന്ന സങ്കല്‍പ്പവും മുതലാളിത്ത ആധുനികതയുടെ സൃഷ്ടിയാണ്. ഈ ബൈനറിയുടെ കേന്ദ്രത്തിലാണ് nature is inganic body of human എന്ന പ്രസ്താവനയിലൂടെ മാര്ക്‌സ് പോയി തൊടുന്നത്. മനുഷ്യര്‍ എന്നതിനു പകരം പൗരന്മാരാകുന്നതോടെ നമ്മള്‍ രാഷ്ട്രത്തോട് കൂറുപുലര്‍ത്താന്‍ ബാധ്യസ്ഥരാകുന്നു. അങ്ങനെ മനുഷ്യവംശത്തിന്റെ സാഹോദര്യമെന്നതില്‍ നിന്ന് ഒരു ഇടുക്കത്തിലേക്ക നമ്മെ എത്തിക്കുന്നു. ജനങ്ങളെന്നാല്‍ ആശകളും വൈവിധ്യങ്ങളും വൈരുദ്ധ്യങ്ങളുമെല്ലാം കൂടി ചേര്‍ന്ന ഒരു ജൈവികതയാണ്. ജനസംഖ്യയെന്നാല്‍ ഒരു ബൗണ്ടറിക്കുള്ളില്‍ താമസിക്കുന്ന മനുഷ്യരുടെ എണ്ണം മാത്രമാണ്. അതായത് അതൊരു സ്റ്റാറ്റിറ്റിക്‌സാണ്. വിജ്ഞാനമെന്നത് വൈദഗ്ധ്യമാകുന്നതോടെ, എത്ര വിജ്ഞാനം നേടിയാലും സാമൂഹ്യവിരുദ്ധരായിരിക്കാന്‍ നമുക്കാവുന്നു. ഈ നാലുഘടകങ്ങളെ മറികടക്കാനാണ് മാര്‍ക്‌സും ഗാന്ധിയും ശ്രമിച്ചത്. അത് വാസ്തവത്തില്‍ ആധുനികത മുന്നോട്ടുവെച്ച മൂല്യവ്യവസ്ഥയും അതിനുള്ളില്‍ മൂലധനം ആധുനികതയുടെ ജീവിതക്രമത്തിലുണ്ടാക്കിയ വിപര്യയവും തമ്മിലുള്ള ഒരു ബന്ധമാണ്. ഉപകരണവാദപരമായ, പ്രയോജനപരമായ ഒരു ജീവിതക്രമമായി ആധുനികത മാറി. ഈ പ്രക്രിയയെ മൊത്തമായി സൂചിപ്പിക്കാന്‍ മാര്ക്‌സ് ഉപയോഗിച്ച വാക്ക് വസ്തുവല്‍ക്കരണം എന്നാണ്. ഗാന്ധി ഉപയോഗിച്ചത് ശുദ്ധവല്‍ക്കരണത്തിനെതിരെ അഥവാ പ്രകൃതി.യുടെ അപശുദ്ധീകരണം എന്ന മതാത്മകമായ വാക്ക്. മതാത്മകധ്വനികളോടുകൂടിയ നിസംഗമായ വിപ്ലവത്തിന്റെ സരള സിദ്ധാന്തമാണ് ഗാന്ധിയുടേതെന്ന് ഗ്രാംഷി കണ്ടെത്തുന്നുണ്ട്. വിപ്ലവാത്മകമായ അംശത്തോടൊപ്പം അതില്‍ മതാത്മക ധ്വനികളും ഉണ്ട്.
ആധുനികതക്കുള്ളില്‍ അതിന്റെ മൂല്യവ്യവസ്ഥയെ സ്വാംശീകരിച്ചുകൊണ്ടും വ്യവസായിക നാഗരികതയായി തീര്ന്ന അതിന്റെ പ്രയോഗതലത്തെ വിമര്‍ശനാത്മകമായി മറികടക്കാന്‍ ശ്രമിക്കുകയും ചെയ്ത ഒന്നായിരുന്നു ഗാന്ധിയുടെ നിലപാട്. ശത്രുതാഭാവത്തോടൊപ്പം പരിത്യാഗഭാവവും മനുഷ്യരിലുണ്ടെന്നും ശത്രുതാഭാവത്തെ കേന്ദ്രത്തില്‍ നിര്‍ത്തി അതിനെ മനുഷ്യസമൂഹത്തിന്റെ ഘടനാപരമായ ക്രമീകരണത്തിനു അടിസ്ഥാനമാക്കുന്നത് ശരിയല്ല എന്നും പരിത്യാഗത്തിനുള്ള മനുഷ്യന്റെ ശേഷിയില്‍ സഹനത്തിന്, സ്‌നേഹത്തിന്, വാത്സല്യത്തിന് ഒക്കെയുള്ള മനുഷ്യന്റെ ശേഷിയില്‍ നിന്ന് മറ്റൊരു മൂല്യക്രമം, ഭരണക്രമം ഉണ്ടാകണമെന്നാണ് ഗാന്ധി ആധുനിക ഭരണകൂടത്തോടുയര്‍ത്തിയ പ്രധാന വിമര്‍ശനം. അങ്ങനെയല്ലാത്തതിനാല്‍ ധാര്‍മ്മികത എന്നത് നാം നിയമപരമായി പാലിക്കേണ്ട അമൂര്‍ത്തമായ തത്വമായി തീര്‍ന്നു, അനുഭവമൂല്യമില്ലാതായി തീര്‍ന്നു. മറ്റുള്ളവര്‍ പരിഗണനാര്‍ഹമായി തീരുന്നത് നിയമപരമായോ സ്വാര്‍ത്ഥമായ താല്‍പ്പര്യങ്ങള്‍ക്കോ വേണ്ടിയാണ്. മാനുഷികതയുടെ പ്രകാശനമായല്ല അനിവാര്യവും വേദനാകരവുമായ നിയന്ത്രണങ്ങളായിട്ട് ധാര്‍മ്മികത മാറിതീര്‍ന്നു. സമൂഹം ഭയത്തിലും സംശയത്തിലും അധിഷ്ഠിതമായ ഒന്നായി തീരുന്നു. അധാര്‍മ്മികമായ ഭയമാണ് നമ്മുടെ ധാര്‍മ്മികജീവിതത്തിന്റെ ആധാരമായി തീരുന്നതെന്ന് ഗാന്ധി പറയുന്നു. ആധുനിക നാഗരികത വ്യക്തികളെ അടിസ്ഥാനപരമായി തട്ടുതിരിഞ്ഞ, ഭയത്തിലധിഷ്ഠിതമായ, വിഭജിതമായ മനോഘടനയിലേക്ക് കൊണ്ടുപോകുകയും മനുഷ്യര്‍ക്കിടയിലെ സഹജമായ സാഹോദര്യത്തെ, ഉണ്ടാകേണ്ട സ്‌നേഹഭാവത്തെ, പരിത്യാഗമൂല്യങ്ങളെ പിന്‍നിരയിലേക്ക് തള്ളിമാറ്റുകയും ചെയ്യുന്നു. അതിനാലാണ് ആധുനിക നാഗരികത നിലനില്‍ക്കാന്‍ യോഗ്യമല്ല എന്ന വിമര്‍ശനം ഗാന്ധി ഉന്നയിക്കുന്നത്. അതായത് ആധുനികത മുന്നോട്ടുവെച്ച സമത്വത്തിന്റെ, സാഹോദര്യത്തിന്റെ, സ്വാതന്ത്ര്യത്തിന്റെ, പുരോഗതിയുടെ യുക്തിയെ അതിനകമേ തന്നെ തകര്ക്കാന്‍ പോന്ന നിലയിലാണ് ആധുനികത വികസിച്ചുവന്നത്. അതിനാലാണ് അതിനെ ഗാന്ധിക്കു നിരസിക്കേണ്ടി വന്നത്. അതിനര്‍ത്ഥം ഗാന്ധിയെ ആധുനികനോ ആധുനികവിരുദ്ധനോ എന്ന ബ്ലാക്ക് ആന്റ് വൈറ്റ് ചിത്രത്തിനക്തത് പ്രതിഷ്ഠിക്കാനുമാകില്ല. ഹിന്ദുത്വവാദികള്‍ പ്രചരിപ്പിക്കാന്‍ ശ്രമിക്കുന്നതുപോലെ ആധുനികതയുടെ വിപരീത സ്ഥാനത്തെ ഒരു മതാത്മകവാദിയോ നെഹ്‌റുവിന്റെ ശത്രുവോ പാരമ്പര്യത്തിന്റെ കേവലാരാധകനോ അന്ധവിശ്വാസങ്ങളുടെ പ്രചാരകനോ ആയിരുന്നില്ല അദ്ദേഹം.
(തുടക്കത്തില്‍ പറഞ്ഞ മതവര്‍ഗ്ഗീയതയുമായി ഇതിനുള്ള ബന്ധമെന്താണെന്നു കൂടി സൂചിപ്പിക്കാം. അടിസ്ഥാനപരമായി ഭയത്തിന്റെ വിദ്വേഷത്തിന്റെ വിഭജനത്തിന്റെ വെറുപ്പിന്റെ യുക്തിയെ ഒരു സമൂഹത്തില്‍ സാര്‍വ്വത്രികമായി പടര്‍ത്തുക എന്നതാണ് ഫാസിസ്റ്റുകളുടെ അടിസ്ഥാന സ്വഭാവം. അപരന്റെ ശബ്ദം സംഗീതമായി ആസ്വദിക്കുന്നതിനു പകരം വിദ്വേഷത്തിന്റേയും വെറുപ്പിന്റേയും പകയുടേയും മാത്രം സ്രോതസ്സായി കാണുന്ന ഒരു ജീവിതക്രമത്തിന്റെ രൂപപ്പെടലാണ് ഫാസിസം. അപരനെ ശത്രുവായി കാണുന്ന യുക്തി ആധുനികതക്കുള്ളില്‍ തന്നെ വികസിച്ചുവന്നതായും നാം കണ്ടു. അങ്ങനെ അതില്‍ ഫാസിസത്തിന്റെ വേരുകള്‍ കാണാനാവും)
സുഹൃത്തെ,
അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പന്ത്രണ്ടാം വര്‍ഷത്തേക്ക് കടക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2024 - 25 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.
The Critic, A/C No - 020802000001158,
Indian Overseas Bank,
Thrissur - 680001, IFSC - IOBA0000208
google pay - 9447307829
സ്നേഹത്തോടെ ഐ ഗോപിനാഥ്, എഡിറ്റര്‍, thecritic.in