
Political Philosopher തന്നെയാണ് ഗാന്ധി
ദി ക്രിട്ടികിന്റെ യു ട്യൂബ് ചാനലില്‍ കണ്ട, സണ്ണി കപിക്കാടും, കെ. അരവിന്ദാക്ഷനും തമ്മില്‍ ഗാന്ധിയെയും അംബേദ്കറിനേയും കുറിച്ചുള്ള സംഭാഷണത്തോട് തോന്നിയ പ്രതികരണമാണ് ഈ കുറിപ്പ്. അതുകൊണ്ടു തന്നെ ഇതിന് പൂര്‍ണ്ണമായും സ്വതന്ത്രമായ ഒരു നില്പ് ഉണ്ടാകുമോ എന്ന് സംശയമാണ്. (സംഭാഷണത്തിന്റെ ലിങ്ക് താഴെ….)
സംവാദത്തിന് തുടക്കമിട്ടുകൊണ്ട് സണ്ണി ഉന്നയിക്കുന്ന ഒരു പ്രശ്‌നം ഗാന്ധിയെ Political Philosopher, രാഷ്ട്രീയ ചിന്തകന്‍, സൈദ്ധാന്തികന്‍ എന്നൊക്കെ വിശേഷിപ്പിക്കാമോ എന്നതാണ്. പലപ്പോഴും പലരാല്‍ ഉന്നയിക്കപ്പെട്ടിട്ടുള്ള ഒരു പ്രശ്‌നം തന്നെയാണ് ഇത്. ‘മനുഷ്യന്റെ ധാര്‍മ്മിക ജീവിതത്തിലെ ആത്യന്തികമായ ശരിതെറ്റുകള്‍’, ‘മനുഷ്യനന്മ എന്നിവയെകുറിച്ചെല്ലാം വലിയ ആശയങ്ങള്‍, സ്വപ്‌നങ്ങള്‍’ മുന്നോട്ട് വെച്ച ഗാന്ധി എങ്ങിനെ രാഷ്ട്രീയ ചിന്തകനാകും എന്നതാണ് ചോദ്യം. അങ്ങിനെ അടയാളപ്പെടുത്തുന്നതില്‍ ഒരു പരിമിതിയില്ലേ? ‘Political Philosophy is something different’ എന്നാണ് സണ്ണിയുടെ വാദം.
രണ്ട് തരം അവ്യക്തതകള്‍ ഇവിടെ പ്രവര്‍ത്തിക്കുന്നുണ്ട് എന്നു തോന്നുന്നു. ദര്‍ശനം, തത്വചിന്ത/ധാര്‍മ്മികത/നൈതികത തുടങ്ങിയ പരികല്പനകളെ സംബന്ധിച്ചുള്ളതും, രാഷ്ട്രമീമാംസ/രാഷ്ട്രീയ ചിന്തയെ (Political Philosopher/Political thought) സംബന്ധിച്ചുള്ളതും. രണ്ടും, അടിസ്ഥാനപരമായി ഉണ്മാപരമായ (Ontological) പ്രശ്‌നങ്ങളുമാണ്. ‘തത്വചിന്തയെന്നത് എഴുത്തിന്റെ ഒരു വഴിയാണ്, കവിതപോലെ’ എന്ന് ഏറെക്കുറെ ഗാന്ധിയുടെ സമകാലികനായ യൂറോപ്യന്‍ തത്വചിന്തകന്‍ ലുഡ്‌വിഗ് വിറ്റ്‌ഗെന്‍സ്റ്റൈന്‍ (1889-1951) നിരീക്ഷിക്കുന്നുണ്ട്. അതിഭൗതിക (Metaphysical) ചിന്തയാണ് ദര്‍ശനം എന്ന പരമ്പരാഗതമായ ധാരണയെ അപനിര്‍മ്മിക്കുകയായിരുന്നു അദ്ദേഹം. അതുവഴി സൈദ്ധാന്തിക ചിന്തയുടെ (Theoretical writing/ Praxis) എഴുതി പതിഞ്ഞ ശീലങ്ങളും നിരാകരിക്കപ്പെട്ടു. പ്ലേറ്റോവിന്റെ റിപ്പബ്ലിക്, മാര്‍ക്‌സിന്റെ മൂലധനം തുടങ്ങി പഠനമുറിയുടെ, ലൈബ്രറിയുടെ സ്വകാര്യതയിലിരുന്ന്, ഏകാഗ്രമായി കമ്പോട് കമ്പ് എഴുതി പൂര്‍ത്തിയാക്കുന്നതാണ് സിദ്ധാന്തരചനയുടെ (Theoretical writing) ഏകവഴി, മാതൃക എന്ന പ്രബല ധാരണ തിരുത്തപ്പെടുകയായിരുന്നു. അങ്ങിനെ എഴുതാന്‍ ശ്രമിക്കുമ്പോള്‍ എന്റെ ചിന്തകള്‍ മുടന്താന്‍ തുടങ്ങും എന്നാണ് വിറ്റ്‌ഗെന്‍സ്റ്റൈന്‍ പറയാറുള്ളത്. ചെറിയ കടലാസുകീറുകളില്‍, പുസ്തകത്തിന്റെ വശങ്ങളില്‍ കുത്തിക്കുറിക്കുകയും ഒഴിഞ്ഞ ചോക്കുപെട്ടിയിലോ മേശവലിപ്പുകളിലോ അലക്ഷ്യമായി ഉപേക്ഷിക്കപ്പെടുകയും, മരണശേഷം വിദ്യാര്‍ത്ഥികളും അധ്യാപകരും അനുയായികളും ചേര്‍ന്ന് കണ്ടെടുത്ത് ക്ലാസിഫൈ ചെയ്ത് പ്രസിദ്ധീകരിച്ചവയുമാണ് ആധുനിക യൂറോപ്യന്‍ ദര്‍ശനത്തെ മാറ്റിമറിച്ച ഈ ചിന്തകന്റെ ഒന്നൊഴികെയുള്ള എല്ലാ പുസ്തകങ്ങളും. താരതമ്യേന സ്വയം സമ്പൂര്‍ണ്ണമായ ചെറുപാരഗ്രാഫുകളുടേയോ, വാചകങ്ങളുടേയോ, സൂക്തങ്ങളുടേയോ ഒരു അയഞ്ഞ സഹവാസം മാത്രമുള്ള ഫെഡറല്‍ ഘടനകളാണ് ആ പുസ്തകങ്ങളെല്ലാം. അദ്ദേഹത്തിന്റെ ജീവിതത്തിലും സമാനമായ അനാര്‍ക്കിയാണ് കാണാന്‍ സാധിക്കുക. യൂറോപ്യന്‍ നാഗരികത രോഗാതുരമാണെന്നത് അദ്ദേഹത്തിന്റെ അടിസ്ഥാനബോധ്യങ്ങളിലൊന്നായിരുന്നു. ആധുനികോത്തരതയുടെ സ്രോതസ്സ് തേടിപ്പോകുന്ന ഒരാള്‍ എത്തിച്ചേരുന്നത് വിറ്റ്‌ഗെന്‍സ്റ്റൈനിലായിരിക്കും.
ഗാന്ധി വിറ്റ്‌ഗെന്‍സ്റ്റൈനിനെ വായിച്ചിട്ടുണ്ട് എന്ന് പറയാന്‍ ശ്രമിക്കുകയല്ല. അതിന് യാതൊരു സാധ്യതയുമില്ല. ഒരേ കാലത്ത് ജീവിക്കുകയും ചിന്തിക്കുകയും രണ്ട് ഭൂഖണ്ഡങ്ങളിലും, രണ്ട് പ്രവര്‍ത്തന മേഖലകളിലും വ്യാപരിക്കുകയും ചെയ്ത രണ്ട് വ്യക്തികളെ മുഖാമുഖം നിര്‍ത്തുന്നു എന്നു മാത്രം. പടിഞ്ഞാറന്‍ നാഗരികത അതിന്റെ രോഗാതുരമായ അന്ത്യത്തിലേക്ക് അടുക്കുന്നു എന്ന് തിരിച്ചറിഞ്ഞവര്‍.’ശാസ്ത്രം ചിന്തിക്കുന്നില്ല’ (വിറ്റ്‌ഗെന്‍സ്റ്റൈന്‍) എന്ന തിരിച്ചറിവിലൂടെ മനുഷ്യവിരുദ്ധമായ വികസനസങ്കല്പത്തിലൂടെ മനുഷ്യന്റെയും സര്‍വചരാചരങ്ങളുടെയും, പ്രകൃതിയുടെ തന്നെയും വിനാശത്തിലേക്ക് നയിക്കുന്നു എന്ന് മനസ്സിലാക്കുകയും; രണ്ട് പ്രകരണങ്ങളില്‍ നില്‍കുമ്പോഴും അതിനെ തങ്ങളുടെ ബോദ്ധ്യങ്ങളുടെ അടിസ്ഥാനമായി സ്വീകരിക്കുകയും ചെയ്ത രണ്ടുപേര്‍. ഇവരില്‍ സിദ്ധാന്തരചനയുടെ പ്ലാറ്റോണിയന്‍ മാതൃകകളെ തിരയുന്നതില്‍ കാര്യമില്ല. ഒരു (മെക്കോളിയന്‍) ലൈബ്രറിയുടെ അലമാരകളില്‍ തത്വചിന്ത, സാഹിത്യം, ശാസ്ത്രം, രാഷ്ട്രീയചിന്ത, ധര്‍മ്മചിന്ത, മെഡിസിന്‍ എന്നിങ്ങനെയുള്ള ലേബലുകളില്‍ ഇത്തരം ചിന്തകരെ ഒതുക്കിയിടാന്‍ കഴിഞ്ഞെന്നു വരില്ല. അത് പലരും കരുതുന്നതുപോലെ ‘ആശയക്കുഴപ്പമല്ല’, പരിചിതമായ കള്ളികള്‍ കവിഞ്ഞ് പടരുന്ന ഒരു ചിന്താപ്രയോഗത്തിനെ മനസ്സിലാക്കുന്നതില്‍ നമുക്കുള്ള പരിമിതിയാകാം.
യൂറോപ്യന്‍ നാഗരികതയെക്കുറിച്ച് അഭിപ്രായമാരാഞ്ഞയാളോട് ‘It is a brilliant idea’ എന്ന് പറയാനുള്ള സൂക്ഷ്മതയും, തെളിച്ചവും, മൂര്‍ച്ചയും ഉണ്ടായിരുന്നു ഗാന്ധിക്ക്. ആ മനുഷ്യന്‍ political thinker ആണോ അതോ ‘മനുഷ്യജീവിതത്തിലെ ധാര്‍മ്മിക/ നൈതികതയെ കുറിച്ച്, ആത്യന്തികമായ ശരി തെറ്റുകളെ കുറിച്ച്, പവിത്രയെക്കുറിച്ച് വലിയ ആശയങ്ങള്‍/ സ്വപ്‌നങ്ങള്‍’ (സണ്ണി) ഉണ്ടായിരുന്ന ഒരു ‘സാധു’ മാത്രമാണോ എന്ന സംശയത്തിന്, Hind Swaraj എന്ന ചെറിയ കൃതി മാത്രം മുന്‍ നിര്‍ത്തി നിവൃത്തി വരുത്താവുന്നതാണ്. ആത്മകഥയിലും ഹരിജന്‍ ലേഖനങ്ങളിലും, കത്തുകളിലും, സംഭാഷണങ്ങളിലും, ഉപവാസ സമരങ്ങളിലും, പ്രാര്‍ത്ഥനായോഗങ്ങളിലും, ഉപ്പ് സത്യാഗ്രഹത്തിലും, ചമ്പാരനിലും, ചര്‍ക്കയിലും, നവഖലിയിലും… ഗാന്ധിജി അതേ ടെക്സ്റ്റ് തന്നെയാണ് ‘എഴുതി’ക്കൊണ്ടിരുന്നത്. അത് വ്യത്യസ്തമായ ഒരു എഴുത്തു പ്രയോഗമായിരുന്നു. അക്കാദമിക് എഴുത്തിന്റെ ചിട്ടവട്ടങ്ങള്‍ക്കകത്തായിരുന്നില്ല അത്. എഴുത്തിന്റെ, രാഷ്ട്രീയ ചിന്തയുടെ ഏക മാതൃകയായി അതിനെ കാണാന്‍ ഉപയോഗിക്കുന്ന കണ്ണടകളാണ് മാറേണ്ടത്. നവോത്ഥാനം, ആധുനിക-ശാസ്ത്ര-സാങ്കേതികത, ലിബറല്‍ ജനാധിപത്യം, മുതലാളിത്തം, ജ്ഞാനോദയം തുടങ്ങിയ യൂറോപ്യന്‍ ബ്രഹദ് ആഖ്യാനങ്ങളുടെ തണലില്‍ നിന്ന് മാറി, (സ്വന്തം) രാജ്യത്തിലെ തെരുവിന്റെ ചൂടിലേക്കും വെളിച്ചത്തിലേക്കുമിറങ്ങി നില്‍ക്കുകയും, സ്വന്തം സംസ്‌കൃതിയുടെ, തനത് സാംസ്‌കാരിക പാരമ്പര്യങ്ങളില്‍ നിന്നുള്ള ലോക്കല്‍/ ചെറു ആഖ്യാനങ്ങള്‍ക്കൊണ്ട് കൊരുത്തെടുക്കുകയും ചെയ്ത രാഷ്ട്രീയ ചിന്ത- പ്രവര്‍ത്തനമായിരുന്നു ഗാന്ധിയുടേത്. സ്ഥലവും കാലവും വിഘടിച്ചു നിന്നിരുന്ന ക്ലാസ്സിക്കല്‍ പ്രപഞ്ച സങ്കല്പത്തെ മാറ്റി മറിച്ച space time continuum എന്ന ഐന്‍സ്റ്റൈനിന്റെ കണ്ടെത്തലിന് സമാനമാണത്. കാലവും ഏറെക്കുറെ ഒന്നാണല്ലോ. ചിന്ത-പ്രയോഗം എന്ന തുടര്‍ച്ചയിലൂടെ, ചിന്തക്കും പ്രയോഗത്തിനുമിടയിലുള്ള വിള്ളല്‍ നികത്തിയെടുക്കുകയായിരുന്നു. ഗാന്ധിയില്‍ ഇത് രണ്ടും രണ്ടല്ല. അഭിന്നമാണ്. അദ്വൈതം!
അതേ, അദ്വൈതം തന്നെ. അത് അത്ര ‘കപടമായ ഒരു സാധന’ (അരവിന്ദാക്ഷന്‍) മൊന്നുമല്ല തന്നെ. നാരായണഗുരു എഴുതിയ പോലെ, ‘നീ തന്നെ സൃഷ്ടിയും, സൃഷ്ടാവായതും സൃഷ്ടിജാലവും, നീയല്ലോ സൃഷ്ടിക്കുള്ള സാമഗ്രിയായതും’. വൈവിധ്യങ്ങളെ, അതിന് മേലേ നില്‍ക്കുന്ന ഒന്നിലേക്ക്, കീഴ്‌പ്പെടുത്തുകയല്ല, പ്രത്യക്ഷങ്ങള്‍ക്ക് അന്തര്യാമിയായ ഒരു സൂക്ഷ്മക്കാഴ്ചയെ അനുഭവിപ്പിക്കുകയാണ് അദ്വൈതം. ‘വൈവിധ്യങ്ങളുടെ പരസ്പരാശ്രിതത്വം’ (അരവിന്ദാക്ഷന്‍) എന്ന് തന്നെ പറയണമെന്നുണ്ടെങ്കില്‍ അങ്ങിനെയും ആവാം. അപ്പോഴും അത് ആ ‘സാധന’ത്തിന് എതിരാവുന്നില്ല. അത് മറ്റൊരു എഴുത്തും പേച്ചുമാണ്. ഉള്‍ക്കാഴ്ചയാണ്. പലമയില്‍ കഴിയുമ്പോഴും ഒരുമയുടെ (ഒന്നിനെയല്ല) ഒരു തലം (dimension) അനാവരണം ചെയ്യപ്പെടുകയാണ്.
സത്യത്തിലൂന്നിയ നൈതികതയെന്ന പരിപ്രേഷ്യത്തിനകത്തു തന്നെയാണ് ഗാന്ധിയുടെ എഴുത്തും, ഭാഷയും, പ്രവര്‍ത്തനങ്ങളും സംഭവിച്ചിരുന്നത്. രാഷ്ട്രീയ വിചാരങ്ങളും പ്രയോഗങ്ങളും അങ്ങിനെ തന്നെ. തോറോയും, എമേഴ്‌സണും ടോള്‍സ്റ്റോയിയുമെല്ലാം അദ്ദേഹത്തില്‍ പ്രവേശിച്ചത് ഈ വഴിയിലൂടെയാണ്. അധികാരത്തിലും ആയുധബലത്തിലുമല്ല, അഹിംസയിലും ആത്മബലത്തിലു(soul force)മാണ് ഊന്നല്‍, റെവല്യൂഷനല്ല, ഇവല്യൂഷനാണ് ഗാന്ധിയന്‍ രാഷ്ട്രീയ ചിന്താപ്രയോഗത്തിന്റെ താളവും ഗതിയും നിര്‍ണ്ണയിക്കുന്നത്. കേവലം ഒരു ഭരണവ്യവസ്ഥയുടെ മാറ്റത്തിനുമപ്പുറം, ഒരു നാഗരികതാ ബദലിനെ മുന്നോട്ട് വെക്കുന്നിടത്താണ് ഗാന്ധിയന്‍ രാഷ്ട്രീയ ചിന്ത സമഗ്രമാവുന്നത്. അത് സ്വപ്നവും, കേവല ധര്‍മ്മചിന്തയുമാണെങ്കില്‍ മാര്‍ക്‌സിസമടക്കം ഏത് ബദല്‍ രാഷ്ട്രീയ പദ്ധതിയാണ്, സിദ്ധാന്തമാണ് സ്വപ്നമല്ലാതിരിക്കുന്നത്? നാളത്തെ മാറ്റത്തെക്കുറിച്ചുള്ള ഇന്നിന്റെ സ്വപ്നം തന്നെയാണ്, ആ ചക്രവാളത്തിലേക്കുള്ള ഒരു സൂചകം തന്നെയാണ് എല്ലാ രാഷ്ട്രീയ ചിന്താപദ്ധതികളും.
‘എല്ലാവരുടേയും ആവശ്യത്തിനുള്ളത് ഈ ഭൂമിയിലുണ്ട്, ആര്‍ത്തിക്കുള്ളത് ഇല്ല’ എന്ന ഒരു ഗാന്ധിയന്‍ നിരീക്ഷണം. കൂട്ടത്തില്‍ ഏറ്റവും പിന്‍നിരയിലുള്ളവന്റെ ക്ഷേമത്തിനുതകുന്നതാണോ നമ്മുടെ നയങ്ങള്‍ എന്നതാകണം രാഷ്ട്രീയത്തിന്റെ മാനദണ്ഡം. ഇത് രണ്ടും വികസിപ്പിച്ചാല്‍ ലഭിക്കുന്നതിനേക്കാള്‍ വലിയ രാഷ്ട്രമീമാംസയേതാണ്? തൊട്ടുകൂടായ്മക്കും ജാതിസ്പര്‍ധകള്‍ക്കുമെതിരായി നിരന്തരം സമരം ചെയ്തതും, ഏത് തൊഴിലും ആര്‍ക്കും ചെയ്യാവുന്നതാണെന്ന് സ്വയം കാണിച്ചുകൊടുത്തതും ഈ രാഷ്ട്രീയ ചിന്തയുടെ ഭാഗമാണ്. അക്കാദമിക് ശീലങ്ങളില്‍ ഉറഞ്ഞുപോയ കാഴ്ചകള്‍ക്ക് അത് കാണുക എളുപ്പമല്ല. വൈരുദ്ധ്യങ്ങളും, സമരസപ്പെടാതെ ഇടറിത്തെറിച്ച് നില്‍ക്കുന്ന നിലപാടുകളും, കേവല ധര്‍മ്മ പ്രബോധനങ്ങളും, ആത്മീയ വാചാടോപങ്ങളുമൊക്കെയായിരിക്കും ആ കാഴ്ചയില്‍ തെളിയുക. മുന്‍കൂട്ടി തീരുമാനിച്ച, ‘എഴുതിപൂര്‍ത്തിയാക്കിയ’ ഒരു സിദ്ധാന്തത്തിലേക്ക് അനുഭവങ്ങളെ ഒതുക്കിയെടുക്കുകയല്ല, ഇന്ത്യന്‍ സ്വാതന്ത്യസമരം പോലെ പ്രചണ്ഡമായ, ജനകീയവും പ്രക്ഷുബ്ധവുമായ ഒരു സമരമുഖത്തു നിന്ന് ക്രിയാത്മകമായി പരിണമിച്ചു വരുന്ന ഒരു ചിന്താ പ്രദേശമാണ് ഗാന്ധിയന്‍ ആശയസ്ഥലി. വെട്ടും തിരുത്തും, വൈരുദ്ധ്യങ്ങളുമെല്ലാം അതിന്റെ സ്വഭാവമായിരിക്കും. ഒരു കാര്യത്തില്‍ ഏറ്റവും അവസാനം പറയുന്നതാണ് എന്റെ ശരി എന്ന ഗാന്ധിയന്‍ കരുതല്‍, അനുഭവങ്ങള്‍ക്കു നേരെ തുറന്നതും, തിരുത്തപ്പെടാന്‍ സദാസന്നദ്ധവുമായ മനസ്സുള്ളതുകൊണ്ട് മാത്രം സാധിക്കുന്നതാണ്. അത് തന്ത്രപരമായ ഒഴിഞ്ഞു മാറലോ നീട്ടിവെപ്പോ അല്ല. സര്‍ഗ്ഗാത്മകമായ ഒരു ചിന്താ പ്രയോഗത്തിന്റെ പരിണാമ നൈരന്തര്യത്തെ, അതിന്റെ ആന്തരിക താളത്തിന്റെ അടയാളപ്പെടുത്തലാണ്.
ദി ക്രിട്ടിക് ഫേസ് ബുക്ക് പേജ് ലൈക്ക് ചെയ്യുക
മനുഷ്യചരിത്രത്തില്‍ ഇന്നേ വരെ ഉണ്ടായിട്ടുള്ള ചിന്താപദ്ധതികളെല്ലാം മുന്‍ഗാമികളുടെ പഠനങ്ങളില്‍ നിന്നും ആശയങ്ങളില്‍ നിന്നും പ്രചോദനവും ഉള്‍ക്കാഴ്ചകളും സ്വീകരിച്ചല്ലാതെ രൂപപ്പെട്ടിട്ടില്ല. ഗാന്ധിയുടെ കാര്യത്തില്‍ ഒരു കുസൃതിച്ചിരിയോടെ ‘യൂറോപ്യന്‍ അപരജീവിതത്തില്‍ നിന്ന് കണ്ടെടുക്കപ്പെട്ട മാതൃക’ എന്ന് പ്രത്യേകം വിശേഷിപ്പിക്കേണ്ടതുണ്ടെന്ന് തോന്നുന്നില്ല. തോറോയും എമേഴ്‌സണും, റസ്‌കിനും, ടോള്‍സ്റ്റോയിയും എല്ലാം തന്നെ പൗരസ്ത്യദര്‍ശനത്തില്‍ നിന്നും ഉള്‍ക്കാഴ്ചകള്‍ സ്വീകരിച്ചിട്ടുള്ളവരാണല്ലോ? ടോള്‍സ്റ്റോയിയുടെ കൗമാരത്തില്‍, പടിഞ്ഞാറന്‍ റഷ്യയിലെ കസാനില്‍ കണ്ടുമുട്ടിയ ഒരു ബുദ്ധസന്യാസി അദ്ദേഹത്തില്‍ ചെലുത്തിയ സ്വാധീനത്തെക്കുറിച്ച് രേഖപ്പെടുത്തപ്പെട്ടിട്ടുണ്ട്. ഒരു മടിയും കൂടാതെ ഗാന്ധി തന്നെ തന്നിലുണ്ടായ സ്വാധീനങ്ങള്‍ സൂചിപ്പിക്കുന്നുമുണ്ട്. പ്രത്യേകിച്ചും റസ്‌കിന്റെ ‘അണ്‍ ടു ദിസ് ലാസ്റ്റ്’ അദ്ദേഹത്തിന്റെ ജീവിതത്തെ മാറ്റി മറിച്ചതിനെ കുറിച്ച് ഗാന്ധി രേഖപ്പെടുത്തിയിട്ടുണ്ട്. ആ പുസ്തകത്തില്‍ മൂന്ന് ആശയങ്ങള്‍ ക്രോഡീകരിച്ചിട്ടുള്ളതായി അദ്ദേഹം പറയുന്നു. ‘മുഴുവന്‍ പേര്‍ക്കും നന്മ വരുന്നതിലൂടെ മാത്രമേ വ്യക്തിക്കും നല്ലത് വരൂ. വക്കീലിന്റേയും ക്ഷുരകന്റേയും തൊഴിലിന് ഒരേ മൂല്യമാണ്, അവകാശവും. മണ്ണില്‍ പണിയെടുക്കുന്നയാളുടേയും കൈത്തൊഴില്‍ ചെയ്യുന്നയാളുടെയും ജീവിതമാണ് ജീവിക്കാന്‍ കൊള്ളാവുന്നത്. (ശാരീരിക അദ്ധ്വാനത്തോടുള്ള ആഭിമുഖ്യത്തില്‍ ആകര്‍ഷിക്കപ്പെട്ട്, മുന്‍പ് സൂചിപ്പിച്ച വിറ്റ്‌ഗെന്‍ സ്റ്റൈന്‍ സോവിയറ്റ് റഷ്യയില്‍ സ്ഥിരതാമസമാക്കാന്‍ ആലോചിച്ചിരുന്നതായി രേഖപ്പെടുത്തിയിട്ടുണ്ട്. ഭാഗ്യത്തിന് അത് സംഭവിച്ചില്ല) ഗാന്ധി പറയുന്നു. ‘ആദ്യത്തേത് ഞാന്‍ മനസ്സിലാക്കിയിട്ടുണ്ട്. രണ്ടാമത്തേതും നേരിയ തോതില്‍ എനിക്ക് തോന്നിയിട്ടുണ്ട്. മൂന്നാമത്തേത് എനിക്ക് ഒരിക്കലും തോന്നിയിട്ടില്ല. രണ്ടും മൂന്നും ഒന്നാമത്തേതില്‍ അടങ്ങിയിരിക്കുന്നു എന്ന് ‘അണ്‍ ടു ദിസ് ലാസ്റ്റ്’ പകല്‍പോലെ തെളിച്ചത്തോടെ എനിക്ക് ബോധ്യപ്പെടുത്തി തന്നു. പിറ്റേന്ന് പ്രഭാതത്തോടൊപ്പം ഞാന്‍ എഴുന്നേല്‍ക്കുന്നത് ഇത് പ്രയോഗത്തില്‍ കൊണ്ടുവരാന്‍ തയ്യാറായിക്കൊണ്ടാണ്.’ യൂറോപ്യന്‍ ആധുനികതയില്‍ നിന്ന് ‘കണ്ടെടുക്കപ്പെട്ട മാതൃക’ തന്നെയല്ലേ അംബേദ്കറെയും പ്രചോദിപ്പിച്ചിട്ടുള്ളത്. ബുദ്ധനും ദീര്‍ഘകാലം പൂര്‍വ്വസൂരികളുടെ ആശയങ്ങളും മാര്‍ഗ്ഗങ്ങളും പഠിക്കാന്‍ ചിലവഴിച്ചിട്ടില്ലേ? ഗൗതമനു മുന്‍പ് മഹാവീരനും മറ്റും അഹിംസ പ്രഘോഷിച്ചിട്ടില്ലേ? ക്ലാസിക്കല്‍ ബ്രിട്ടീഷ് സാമ്പത്തിക ശാസ്ത്രം, ഫ്രഞ്ച് രാഷ്ട്രീയ ചിന്ത, ജര്‍മ്മന്‍ ഫിലോസഫി എന്നിവയാണ് എന്റെ ആശയങ്ങളുടെ അടിത്തറയിലുള്ളതെന്ന് മാര്‍ക്‌സ് സമ്മതിക്കുന്നുണ്ടല്ലോ? ത്യാഗരാജന്‍ ചിട്ടപ്പെടുത്തിയ ഒരു കീര്‍ത്തനം ടി.എം കൃഷ്ണ ആലപിക്കുമ്പോള്‍ അത് ത്യാഗരാജന്റെ ഒരു copy cat ആകുമോ? സ്പിന്‍ ബൗളര്‍ പന്തിന് കൃത്യമായ നിമിഷത്തില്‍ കൊടുക്കുന്ന ഒരു സ്പിന്നാണ് ആ ഏറിനെ സര്‍ഗ്ഗാത്മകമാക്കുന്നത്. അംബേദ്കറും ഗാന്ധിയുമെല്ലാം ആ അര്‍ത്ഥത്തിലുള്ള സ്പിന്‍ ബൗളര്‍മാര്‍ തന്നെ!
‘യൂറോപ്യന്‍ ജീവിതവുമായി സമരസപ്പെടാന്‍ നോക്കി പരാജയപ്പെട്ട’ (സണ്ണി) ഒരു കൗശലക്കാരനായിരുന്നില്ല ഗാന്ധി. കാര്യങ്ങളെ ഗൗരവമായി കാണുന്ന ഒരു വ്യക്തിയില്‍ നിന്ന് ഒട്ടും പ്രതീക്ഷിക്കാത്തതായിരുന്നു ആ ആക്ഷേപം. ഒരു below the belt kick! ബ്രിട്ടീഷുകാരുടെ ആയുധബലത്തിനു മുന്‍പിലുള്ള ‘പരാജയപ്പെട്ടവന്റെ’ അടവുനയമായിരുന്നില്ല അഹിംസ. ഏറ്റവും ചുരുങ്ങിയത് മഹാഭാരതകൃതിയെങ്കിലും പരിചയമുള്ള ഒരാള്‍ക്ക് തോന്നുന്നതാണ് യുദ്ധങ്ങളുടെ, ഹിംസയുടെ ആത്യന്തികമായ ഫലശൂന്യത. ശേഷം ചരിത്രം നമുക്ക് സമ്മാനിച്ച എത്രയോ അനുഭവങ്ങള്‍ ഉണ്ട് ഇതിന് സാക്ഷ്യം പറയാന്‍. ബുദ്ധനും ജൈനനുമെല്ലാം എത്രയോ മുന്‍പ് നമ്മെ പഠിപ്പിക്കാന്‍ ശ്രമിച്ചതാണ്. എച്ച് എസ് സാള്‍ട്ടിന്റെ ‘A Plea for Vegetariansim and other essays’ ഉം ഗാന്ധിജിക്ക് വെളിപാടിന്റെ വെളിച്ചം നല്‍കിയ കൃതിയായിരുന്നു. വുഡ് കോക്ക് അതേ പറ്റി രേഖപ്പെടുത്തുന്നത് ഇങ്ങിന : ‘അര്‍ദ്ധ ശ്രദ്ധാലുവായിരുന്ന അദ്ദേഹത്തിന്റെ ശൈശവ മനസ്സിന് മിത്തുകളിലൂടെയും പുരാണ കഥകളിലൂടെയും ലഭിച്ച പാഠങ്ങളെ യുക്തിയുടെ ഭാഷയിലൂടെ പ്രതിരോധിക്കുകയായിരുന്നു’ ആ ഗ്രന്ഥം. കോട്ടും സൂട്ടുമണിഞ്ഞ് യൂറോപ്യന്മാരേക്കാള്‍ യൂറോപ്യനായി കാണപ്പെട്ടിരുന്ന ഒരു യുവാവ് തന്റെ ധൈഷണികവും, നൈതികവുമായ ജാഗ്രതയും തെളിച്ചവും കൊണ്ടാണ് പാളത്താറുടുത്ത ‘സാധു’വായി മാറിയത്. ആന്തരികമായി സംഭവിക്കുന്ന സര്‍ഗ്ഗാത്മകമായ പരിണാമമായി അതിനെ കാണാന്‍ കഴിയാത്തത് ദുഃഖകരമാണ്. അങ്ങിനെ കാണാന്‍ കഴിയുന്നവരാണ് ‘കുറെ കാലം കഴിഞ്ഞാല്‍ ഇങ്ങിനെയൊരാള്‍ ഭൂമിയില്‍ ജീവിച്ചിരുന്നതായി ആരും വിശ്വസിക്കില്ല’ (ഐന്‍സ്റ്റൈന്‍), ‘He is an amazing man’ (മേതില്‍ രാധാകൃഷ്ണന്‍) എന്നൊക്കെ പറയാറുള്ളത്. യൂറോപ്യനായി തുടരാന്‍ വേണ്ട വിഭവങ്ങളും അസംസ്‌കൃത വസ്തുക്കളുമൊക്കെ വേണ്ടുവോളമുണ്ടായിരുന്ന മോഹന്‍ദാസ് കരംചന്ദ് ഗാന്ധി, ആ ശ്രമത്തില്‍ പരാജയപ്പെട്ടതുകൊണ്ടായിരുന്നില്ല മഹാത്മാഗാന്ധിയായി മാറിയത്. അംബേദ്കറും, നെഹ്‌റുവും വിഭവ ദാരിദ്ര്യം കൊണ്ടായിരുന്നില്ല യൂറോപ്യന്മാരായി തുടരാതിരുന്നത്. അവരും ഉള്ളിലെ ഒരു വിളി കേള്‍ക്കുകയായിരുന്നു.
ദി ക്രിട്ടിക് യു ട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
ഗാന്ധിയന്‍ രാഷ്ട്രീയ ചിന്തയുടെ കേന്ദ്രമായി ആദര്‍ശവത്കൃത ഗ്രാമത്തെ (Idealised village) പ്രതിഷ്ഠിച്ചിരിക്കുന്നു എന്നതാണ് സണ്ണിയുടെ മറ്റൊരു പ്രധാന വിമര്‍ശനം. ഗബ്രിയേല്‍ ഗാര്‍സ്യ മാര്‍ക്വേസിനെ പരാമര്‍ശിച്ചുകൊണ്ട് അരവിന്ദാക്ഷന്‍ അതിനെ rebut ചെയ്യുന്നുണ്ട്. കോളനിവല്‍കരണമെന്ന നിഷ്ഠുരമായ ചരിത്ര പ്രക്രിയയിലൂടെ സംഭവിച്ച ബാഹ്യ ഇടപെടലിനെതിരായ തദ്ദേശീയ സംസ്‌കാരങ്ങളുടെ രാഷ്ട്രീയ-സാംസ്‌കാരിക പ്രതിരോധത്തിന്റെ നിലപാടുതറ എന്ന നിലയിലാണ് ഗ്രാമജീവിതത്തെ ഗാന്ധി ഉയര്‍ത്തിക്കൊണ്ടുവരുന്നത്. വിദേശാധിപത്യത്തിന് മുന്‍പുണ്ടായിരുന്ന ഇന്ത്യന്‍ ഗ്രാമങ്ങള്‍ കറകളഞ്ഞ നന്മയുടെ തുരുത്തുകളായിരുന്നു എന്ന നിലക്കല്ല. അങ്ങിനെയായിരുന്നെങ്കില്‍ വിദേശാധിപത്യത്തിനെതിരെ രാഷ്ട്രീയസ്വാതന്ത്ര്യ സമരത്തിന് സമാന്തരമായി, തൊട്ടുകൂടായ്മക്കും തീണ്ടിക്കൂടായ്മയ്ക്കും (untouchability) എതിരെയുള്ള പോരാട്ടത്തിന്റെ ആവശ്യമില്ലല്ലോ. ‘മാവേലി നാടു വാണീടും കാലം’ പോലെയുള്ള ഒരു ആദര്‍ശസങ്കല്പമോ ഗൃഹാതുരത്വമോ ആയിരുന്നില്ല അത്. എങ്കില്‍ പിന്നെയെന്തിന് ജാതിവ്യവസ്ഥയടക്കമുള്ള അസംഖ്യം ജീര്‍ണ്ണതകള്‍ക്കെതിരായി സമരത്തിലേര്‍പ്പെടുന്ന ഒരു അജണ്ട അദ്ദേഹം ബോധപൂര്‍വ്വം ഏറ്റെടുത്തു. ഇന്ത്യന്‍ ഗ്രാമീണ സമൂഹങ്ങളിലെ അഴുക്കും, തിന്മകളും, പീഢനവും, ചൂഷണവും വകഞ്ഞു മാറ്റിയാല്‍ തെളിയുന്ന ഗ്രാമജീവിതത്തിന്റെ ലാളിത്യവും, യുക്തിയും, പ്രകൃതി സൗഹൃദവും, നൈസര്‍ഗ്ഗികവും, പരസ്പരാശ്രിതവുമായ മറു ജീവനത്തിന്റെ ഒരു താളവുമുണ്ട്. വ്യവസായ- ശാസ്ത്ര സാങ്കേതികതയിലധിഷ്ഠിതമായ, നഗരാധിഷ്ഠിതമായ ആധുനിക നാഗരികതയ്ക്ക് എതിരായി പിടിക്കുന്ന ഒരു ബദലാണ് ഗാന്ധിയുടെ സ്വയം സമ്പൂര്‍ണ്ണ ഗ്രാമ സങ്കല്പം. നിലനില്‍ക്കുന്ന ഗ്രാമങ്ങളെ ആദര്‍ശപരം എന്ന് കാണാനുള്ള മൗഢ്യമൊന്നും അദ്ദേഹത്തിനില്ലായിരുന്നു. താന്‍ വിഭാവനം ചെയ്യുന്ന ഭാവി കമ്മ്യൂണിസ്റ്റ് സമൂഹത്തിന്, പ്രിമിറ്റീവ് കമ്മ്യൂണിസ്റ്റ് സമൂഹങ്ങളിലെ പ്രാകൃതികവും ചരിത്രപരവുമായ പരിമിതികള്‍ക്കകത്താണെങ്കില്‍ പോലും നിലനിന്നിരുന്നു എന്ന് അദ്ദേഹം മനസ്സിലാക്കിയ, സമഭാവനയുടെ യുക്തിയില്‍ നിന്ന് മാര്‍ക്‌സ് പ്രചോദനമുള്‍ക്കൊണ്ടതുപോലെ. മാര്‍ക്‌സിന്റേയും ഗാന്ധിജിയുടേയും പൊളിറ്റിക്കല്‍ പ്രൊജക്ടിനോട് ആര്‍ക്കും യോജിക്കാം, വിയോജിക്കാം, നിരാകരിക്കാം. പക്ഷേ അവയ്ക്ക് നിരക്കാത്ത, നമുക്ക് പഥ്യമായ ആക്ഷേപങ്ങള്‍ അവക്ക് മേല്‍ ചാര്‍ത്തിക്കൊടുക്കുന്നത് അക്ഷന്തവ്യ മായ അപരാധമാണ്.
തോട്ടിപ്പണിയും, വക്കീല്‍ പണിയും ഒരേ വിധം മാന്യതയുള്ള രണ്ട് തൊഴിലുകളാണ്. ആര്‍ക്കും ചെയ്യാവുന്നതാണ് എന്ന് പറയുമ്പോഴും ‘ആദര്‍ശവല്‍കരണം’ എന്ന പരാതി തന്നെയാണ് സണ്ണി ഉന്നയിക്കുന്നത്. നമ്മുടെ മനസ്സിലാക്കലിന്റെ ഒരു പ്രശ്‌നമാണ് എന്ന് പറഞ്ഞ് അരവിന്ദാക്ഷന്‍ അദ്ദേഹത്തെ തിരുത്താന്‍ ശ്രമിക്കുന്നുമുണ്ട്. ജീവസന്ധാരണത്തിനായി മഹാനഗരങ്ങളിലേക്ക് പലായനം ചെയ്യേണ്ടതില്ലാത്ത, താരതമ്യേന സമ്പൂര്‍ണ്ണവും സ്വച്ഛന്ദവുമായ നിലനില്പുള്ള അയഞ്ഞ ഒരു കോണ്‍ഫെഡറേഷന്‍ എന്ന ആശയമാണ് ഗാന്ധിയന്‍ സ്വരാജിന്റെ അടിത്തറ. തൊട്ടുകൂടായ്മ, കുലത്തൊഴില്‍ തുടങ്ങിയ നിഷേധാത്മകതകളിലൂടെ അദ്ധ്വാനശക്തിയെ, തൊഴിലിനെ ജാതിക്കള്ളികളില്‍ തളച്ചിട്ടിരുന്ന പരമ്പരാഗത ജാതിവ്യവസ്ഥക്കെതിരായ ഗാന്ധിയുടെ നിരന്തര സമരങ്ങളും പ്രവര്‍ത്തനങ്ങളും അതിന്റെ ഭാഗമാണ്. മനുഷ്യാന്തസ്സിനൊപ്പം, തൊഴിലിന്റെ ജാതിനിരപേക്ഷമായ അന്തസ്സും വീണ്ടെടുക്കുന്ന നീക്കമായിരുന്നു അത്. ബ്രാഹ്മണനെയും കീഴ്ജാതിക്കാരെയും നിതാന്ത ശത്രുതയില്‍ നിര്‍ത്തി, ഹിംസാത്മകമായ വര്‍ഗ്ഗസമരങ്ങളിലൂടെയുള്ള സാമൂഹ്യ – രാഷ്ട്രീയമാറ്റം ഗാന്ധിയുടെ മാര്‍ഗ്ഗമല്ല. ചൂഷകനേയും ചൂഷിതനേയും ഒരേ വിമോചന പദ്ധതിയുടെ ഭാഗമായി കണ്ട് ഒരേ സമയം രണ്ടുപേരെയും ചരിത്രപരവും പ്രത്യയശാസ്ത്രപരവുമായ കപടസ്വത്വങ്ങളില്‍ നിന്നും മാനുഷികതയിലേക്ക് വീണ്ടെടുക്കുകയാണ്. സാമൂഹ്യവും ചരിത്രപരവുമായ സംഘര്‍ഷങ്ങളെ, വിഭജനങ്ങളെ പരമാവധി മൂര്‍ച്ചിപ്പിച്ച്, ഹിംസാത്മകമായ സമരങ്ങളിലൂടെ അക്രമാസക്തമായ കലാപങ്ങളിലൂടെയുള്ള രാഷ്ട്രീയം അതിലേക്കുള്ള മാര്‍ഗ്ഗമല്ല. പരസ്പര സഹകരണത്തിലൂടെ, സ്‌നേഹപൂര്‍വ്വമായ പ്രേരണയിലൂടെ, സഹനത്തിലൂടെ, ക്ഷമാപൂര്‍വ്വമുള്ള ശാശ്വതമാറ്റമാണ് ഗാന്ധിയുടെ മാര്‍ഗ്ഗം. വിപ്ലവത്തിന്റെ വേഗവും തിടുക്കവുമല്ല; പരിണാമത്തിന്റെ വിവേകവും ക്ഷമയും സഹനവും അവധാനതയുമാണ് അതിന് ആധാരം.
‘എന്നിട്ടരിശം തീരാത്ത മട്ടില്‍’ ഗാന്ധിയെ വര്‍ണ്ണാശ്രമ ധര്‍മ്മത്തില്‍ കുരുക്കിയിടാനുള്ള വെമ്പല്‍ കൗതുകകരമാണ്. ഒരിക്കല്‍ ശരിയെന്ന് തോന്നിയ ഒരു നിലപാടില്‍ മരണം വരെ ഉറച്ച് നില്‍ക്കുന്ന ‘ആദര്‍ശ ധീരനായിരുന്നില്ല’ ഗാന്ധി. പക്ഷേ പറയുന്നതും തിരുത്തുന്നതും സ്വയംബോദ്ധ്യത്തിന്റെ മാത്രം അടിസ്ഥാനത്തിലായിരിക്കണം എന്നതില്‍ അദ്ദേഹം ഒരു ‘കടുംപിടുത്തക്കാരനാ’യിരുന്നു. അതില്‍ മാത്രം. ‘ആത്മീയ വിളിയോടാണ് എനിക്ക് ബാധ്യത’ (സണ്ണി) എന്നു പറയുന്നതിലെ കാര്യം അത്രയേ ഉള്ളു. ‘ആത്മീയ… തുടങ്ങിയ വാക്കുകളോട് അലര്‍ജിയുള്ളവര്‍, പകരം അവര്‍ക്ക് പഥ്യമായ മറ്റ് പദങ്ങള്‍കൊണ്ട് അവയെ പകരം വെക്കുകയേ നിവൃത്തിയുള്ളൂ. പ്രസ്ഥാനവും, പള്ളിയും, രാഷ്ട്രവും, അധികാരവും, സമ്പത്തും, ആലങ്കാരികമായി പറഞ്ഞാല്‍ ഒരു മൊട്ടുസൂചി പോലും സ്വന്തമാക്കാന്‍ ആഗ്രഹമില്ലാത്തവിധം, അനാസക്തിയുടെ അന്തമില്ലാത്ത സ്വാതന്ത്ര്യം രുചിച്ചവന് മാത്രം കേള്‍ക്കാവുന്നതാണ് ‘ആത്മാവിന്റെ വിളി’. കൊട്ടാരം വിട്ടിറങ്ങുമ്പോള്‍ ഗൗതമന്‍ അതിലേക്കുള്ള ആദ്യ ചുവട് വെക്കുകയായിരുന്നു. ത്യജിക്കലുകളിലൂടെ, അനാസക്തിയിലൂടെ മാത്രം നേടാവുന്നതാണ് ബുദ്ധത്വം. ത്യജിക്കാനാണ് ബുദ്ധന്‍ ഏറെ കഷ്ടപ്പെട്ടിട്ടുണ്ടാവുക. നേടാനുള്ള കഷ്ടപ്പാട് മാത്രമാണ്, നമുക്ക് അിറയാവുന്നത്. ‘ആത്മീയ വിളി’യോട് മാത്രമേ ബുദ്ധനും കടപ്പെട്ടിട്ടുള്ളൂ. എല്ലാത്തില്‍ നിന്നും, മരണത്തില്‍ നിന്നു പോലും, എല്ലാ ‘അര്‍ത്ഥ’ത്തില്‍ നിന്നും (Pun Intended) സ്വതന്ത്രനായ ഒരു വ്യക്തിക്ക് സ്വന്തം ആത്മാവിനോടല്ലാതെ മറ്റെന്തിനോട് ബാധ്യത ? ഉത്തരവാദിത്തബോധത്തിന്റെ, സഹനത്തിന്റെ ഉന്നതമായ ഒരു മനോനിലയാണത്. അയാളാണ് യഥാര്‍ത്ഥ ഗുരു. അയാള്‍ വിശ്വാസികളെയല്ല സൃഷ്ടിക്കുക. അനുയായികളേയും. തന്റെ മുന്നിലെത്തുന്നയാളെ സ്വയം ഒരു ഗുരുവാകാന്‍ സഹായിക്കുകയാണ് യഥാര്‍ത്ഥ ഗുരു ചെയ്യുന്നത്. അതാണ് ഗുരുവിന്റെ മാന്ത്രികസ്പര്‍ശം. ഓഷോ പറയും പോലെ ഗുരു ഒരു കവാടമാണ്. കോട്ടയല്ല. മുന്നോട്ട് കടന്നു പോകാനുള്ള ഒരു കവാടം മാത്രം.
തൊഴിലില്‍ നിന്ന് കുലവും ജാതിയില്‍ നിന്ന് അസ്പൃശ്യതയും (untouchability) നീക്കം ചെയ്താല്‍, നഷ്ടപ്പെട്ട വാലിന്റെ സ്മരണക്കായി പരിണാമം സൂക്ഷിച്ചുവെച്ച നമ്മുടെ നട്ടെല്ലിന്റെ കീഴറ്റം പോലെ നിര്‍ദ്ദോഷമായ ഒരു അലങ്കാരം പോലെയാകും ജാതിയും. താന്‍ വര്‍ണ്ണവ്യവസ്ഥയെന്ന സങ്കല്പനത്തെയും ജാതി വ്യവസ്ഥയേയും തകര്‍ക്കുകയാണെന്ന് അലറി വിളിക്കാതെ തന്നെ അവയെ അപ്രസക്തമാക്കുന്ന തന്ത്രപരമായ ഒരു നീക്കമായിരുന്നു ഗാന്ധിയുടേത് എന്ന് വേണം ധരിക്കാന്‍. അതിനകത്തു നിന്നു തന്നെ അതിനെ തകര്‍ക്കുന്ന (implosion) രീതിയാണത്. വിഭജിച്ച് ഭരിക്കുകയെന്ന സാമ്രാജ്യത്വ തന്ത്രത്തെ ചെക്ക്‌മേറ്റ് ചെയ്യുകയെന്ന ലക്ഷ്യവും ഈ നീക്കത്തിന് പുറകിലുണ്ടായിരിക്കാം. അന്നത്തെ അടിയന്തിര സാഹചര്യത്തില്‍ അത് തന്ത്രപരമായ ഒരു ആവശ്യവുമായിരുന്നിരിക്കണം. ‘ഗാന്ധി തിരുത്തി, പക്ഷേ ചരിത്രം തിരുത്തിയില്ല’ (സണ്ണി) എന്നത് അദ്ദേഹത്തിന്റെ പരിമിതിയെന്നതിനേക്കാള്‍ ചരിത്രത്തിന്റെയും നമ്മുടേയും പരിമിതിയാണ്. Separate electorate എന്ന അംബേദ്കറുടെ നിലപാടിനെതിരായ ഗാന്ധിയുടെ കടുത്ത നിലപാടിലും ഈ യുക്തിയായിരിക്കണം പ്രവര്‍ത്തിച്ചിട്ടുണ്ടാവുക. Separate Electorate എന്നതുപോലും ദളിത് ജനവിഭാഗങ്ങളുടെ പ്രശ്‌നങ്ങള്‍ക്ക് ആത്യന്തിക പരിഹാരമാകുമായിരുന്നോ എന്ന ന്യായമായ സംശയം അരവിന്ദാക്ഷന്‍ ഉയര്‍ത്തുന്നുമുണ്ട്. ഹരിജനങ്ങളെ, അവര്‍ അനുഭവിക്കുന്ന ചരിത്രപരമായ അനീതികള്‍ക്കും അക്രമങ്ങള്‍ക്കും അറുതി വരുത്തി ഹൈന്ദവ സമൂഹത്തിനകത്തു തന്നെ തുല്യമനുഷ്യരായി ഉള്‍ക്കൊള്ളുന്ന സമീപനമായിരുന്നു ഗാന്ധിക്കുണ്ടായിരുന്നത്. ‘പരിഷ്‌കൃതനായ ഹിന്ദു സാധ്യമാണോ?’ (സണ്ണി) തുടങ്ങിയ സംശയങ്ങള്‍ക്ക് സമകാലീന രാഷ്ട്രീയത്തിന്റെ തിമിരക്കാഴ്ചയില്ലെങ്കില്‍ ശരിയായ ഉത്തരം ലഭ്യമാണ്. ഗാന്ധി തന്നെയാണ് അതിന്റെ ഏറ്റവും ശരിയുത്തരം. അങ്ങിനെ ലക്ഷക്കണക്കിന് പേര്‍. ‘ഹിന്ദുയിസം ആക്രമണോത്സുകമാണ്’ സഹജമായി; കാരണം ‘ജാതി പരിഷ്‌കരിക്കുക അസാദ്ധ്യം’ തുടങ്ങിയ നിരീക്ഷണങ്ങളും ശത്രുതാപരമായ മുന്‍വിധികളുടെ ഫലമാണ്. മാറാത്തതായി, പരിഷ്‌കരണം സാധ്യമല്ലാത്തതായി, ഒന്നിനേയും അടച്ചാക്ഷേപിക്കാതിരിക്കുന്നതിനുള്ള സന്മനസ്സ് എല്ലാവര്‍ക്കും ഉണ്ടാകട്ടെ എന്ന് പ്രാര്‍ത്ഥിക്കുവാനേ സാധിക്കൂ. ജീര്‍ണ്ണമായ ജാതിവ്യവസ്ഥയായി അധഃപതിച്ച, മനുഷ്യരുടെ പ്രകൃതം/ സഹജഗുണം സംബന്ധിച്ച ഒരു പഴയകാല ബ്രഹദ് ആഖ്യാനമെന്ന നിലയില്‍ വര്‍ണ്ണ സങ്കല്പത്തോട് ഗാന്ധിജിക്കുണ്ടായിരുന്ന ധൈഷണികാഭിമുഖ്യം, പില്‍ക്കാലത്ത് നഷ്ടപ്പെടുന്നുണ്ട്. പക്ഷേ, മരണം വരെയും, ജാതിവ്യവസ്ഥയുടെ അധാര്‍മ്മികതകള്‍ക്കെതിരെ, മനുഷ്യവിരുദ്ധതക്കെതിരെ പതിതര്‍ക്കൊപ്പം നിന്ന് അദ്ദേഹം പോരാടിയിട്ടുള്ളത് കാണാം.
നാളിതു വരെയുള്ള മനുഷ്യചരിത്രം വര്‍ഗ്ഗവിഭജനത്തിന്റേതാണ്. അന്നു മുതല്‍ ഇന്നു വരെ സമ്പത്തിന്റെ തുല്യവിതരണം (equitable distribution of wealth) എന്ന സ്വപ്നം ഏതെങ്കിലും ഒരു പ്രത്യയശാസ്ത്രത്തിനോ പ്രസ്ഥാനത്തിനോ പരിഹരിക്കാനായിട്ടുള്ളതല്ല. മുതലാളിത്തം അത് ആഗ്രഹിക്കുന്നു പോലുമില്ല. കൊളോണിയലിസം നീചമായ കൊള്ളയടി പ്രസ്ഥാനമായിരുന്നുതാനും. പരിഹാരമായി ആഘോഷിക്കപ്പെട്ട ‘വലിയ സ്വപ്നങ്ങള്‍, ആശയങ്ങള്‍’ മുന്നോട്ട് വെച്ച കമ്മ്യൂണിസം നിഷ്ഠുരമായ ചൂഷണ, ഏകാധിപത്യ സംവിധാനങ്ങളായി നിലം പതിക്കുകയും, നിലനില്‍ക്കുന്നതുമാണ് നാം കണ്ടതും കാണുന്നതും. പടിഞ്ഞാറന്‍ പാര്‍ലമെന്ററി ജനാധിപത്യത്തിന്റെ രാഷ്ട്രീയ രൂപത്തിനകത്ത് സാദ്ധ്യമായ പരിഷ്‌കാരങ്ങള്‍ നിര്‍ദ്ദേശിക്കുവാന്‍ മാത്രമാണ് അംബേദ്കര്‍ക്കും സാധിച്ചിട്ടുള്ളത്. സമഗ്രമായ ഒരു ബദല്‍ നാഗരികതയുടെയോ, സമ്പത്തിന്റെ മൗലികമായ പുനര്‍വിതരണത്തിലേക്കെത്തുന്ന ഒരു പദ്ധതി, ‘സ്വപ്നവും വലിയ ആശയ’വുമായി പോലും അദ്ദേഹത്തിന് ഉണ്ടായിരുന്നതായി അറിയില്ല. ഹൈന്ദവ ജനവിഭാഗങ്ങള്‍ക്കിടയില്‍ കാലങ്ങളായി തുടരുന്ന ജാതിചൂഷണത്തിനെതിരായ അദ്ദേഹത്തിന്റെ സംഭാവനകളെ, ജാതിവ്യവസ്ഥയെ ഇല്ലായ്മ ചെയ്യേണ്ടതിന്റെ അടിയന്തിരതയെ അടയാളപ്പെടുന്നതിനും, ആ ദിശയില്‍ ഏറെ ദൂരം മുന്നോട്ടു പോകുന്നതിനും സാധിച്ച അദ്ദേഹത്തിന്റെ പരിശ്രമങ്ങളെ തരിമ്പും കുറച്ച് കാണാതെയാണ് ഇത് സൂചിപ്പിക്കുന്നത്. ഇന്ത്യന്‍ രാഷ്ട്രീയ ചരിത്രത്തിലെ ഏറ്റവും സര്‍ഗ്ഗാത്മകമായ ഒരു ഇടപെടല്‍ തന്നെയായിരുന്നു അംബേദ്കറിന്റേത്. അക്രമാസക്തവും ഹിംസാത്മകവുമായ ഒട്ടനവധി വിപ്ലവങ്ങളും നാം കണ്ടു ശീലിച്ചതാണ്. ഒന്നുപോലും സമ്പത്തിന്റെ പുനര്‍വിതരണമെന്ന ഹിമാലയന്‍ പ്രശ്‌നത്തിന്റെ അരികുപോലും സ്പര്‍ശിച്ചതായി അറിവില്ല. സമകാലീന ലോകത്ത് സമ്പത്തിന്റെ കേന്ദ്രീകരണം വന്‍തോതില്‍ വര്‍ദ്ധിക്കുന്നതുമാണ് നാം കണ്ടുകൊണ്ടിരിക്കുന്നത്. ഭരണകൂടങ്ങള്‍ കൊഴിഞ്ഞുപോകുകയല്ല, ശാസ്ത്ര സാങ്കേതികതയുടെ പിന്‍ബലത്തില്‍ കൂടുതല്‍ കരുത്താര്‍ജിച്ചുകൊണ്ടിരിക്കുകയാണ്. സംഗതമാണെന്ന് തോന്നിപ്പിക്കുന്ന ഒരു പരിഹാരവും മനുഷ്യരാശിയുടെ മുന്നിലുള്ളതായി അറിയില്ല. നാളെ അങ്ങിനെയൊന്ന് കണ്ടെത്തപ്പെടുകയാണെങ്കില്‍ അത് സ്വാഗതാര്‍ഹവുമാണ്. ഈ സന്ദര്‍ഭത്തിലാണ്, സര്‍വ്വചരാചരങ്ങളുടെയും സമഭാവനയില്‍, വ്യക്തിയുടെ ധാര്‍മ്മികതയെ ഉണര്‍ത്തിയെടുത്ത്, അഹിംസയിലൂടെയും സ്‌നേഹത്തിന്റെ പ്രേരണ ശക്തിയിലൂടെയും, അയാളുടെ മന:പരിവര്‍ത്തനത്തിലൂന്നുന്ന പരിണാമപരമായ സാമൂഹ്യമാറ്റത്തിനും സമ്പത്തിന്റെ പുനര്‍വിതരണത്തിന്റെയും ഭാഗമായി ട്രസ്റ്റിഷിപ്പ് എന്ന ‘ഒരിക്കലും നടക്കുകേല്ലാത്ത ഒരു കാര്യം'(സണ്ണി) ഗാന്ധിജി മുന്നോട്ട് വെക്കുന്നത്. ആ മാറ്റത്തിന് ഒച്ചിന്റെ വേഗമായിരിക്കാം. പക്ഷേ അതിന്റെ സഞ്ചാരപഥത്തില്‍ അത് ഒന്നിനേയും ചതച്ചരക്കുകയില്ലെന്നെങ്കിലും സമാധാനിക്കാം. ഇതിലും നല്ലതായ, ഫലപ്രദവും അതിവേഗതയുമുള്ള, രക്തദാഹിയല്ലാത്ത ‘നടക്കുമെന്നുറപ്പുള്ള’ വലിയ സ്വപ്നമോ ആശയമോ ഭാവിയില്‍ ഉണ്ടാകുകയാണെങ്കില്‍ നമുക്ക് ഗാന്ധിയുടെ ‘നടക്കുകേല്ലാത്ത കാര്യ’ത്തെ അതുകൊണ്ട് പകരം വെക്കാം. തിരുത്തിനും, കൂട്ടിച്ചേര്‍ക്കലുകള്‍ക്കും സദാസന്നദ്ധമായ ഒരു തുറന്ന പദ്ധതിയാണല്ലോ (open project) ഗാന്ധിയുടേത്. ‘ഗാന്ധിയന്‍ എഴുത്ത്’ അങ്ങിനെ തുടര്‍ന്നു പോകേണ്ടതുമാണ്. കാരണം അത് അടഞ്ഞ ഒരു കൃതിയോ, കോട്ടയോ അല്ല. ആര്‍ക്കും കടന്നു പോകാനുള്ള ഒരു കവാടം മാത്രമാണ്.
സുഹൃത്തെ,
അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പന്ത്രണ്ടാം വര്‍ഷത്തേക്ക് കടക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2024 - 25 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.
The Critic, A/C No - 020802000001158,
Indian Overseas Bank,
Thrissur - 680001, IFSC - IOBA0000208
google pay - 9447307829
സ്നേഹത്തോടെ ഐ ഗോപിനാഥ്, എഡിറ്റര്‍, thecritic.in