അറബിക്കടലിലെ അമേരിക്കന്‍ മോഡല്‍ – ധാരണാപത്രവും ധാരണപ്പിശകും
ലോകത്തെ പ്രധാനപ്പെട്ട 15 ഫിഷിംഗ് ഗ്രൗണ്ടുകളില്‍ പതിമൂന്നും അമിതചൂഷണത്തിന് വിധേയമായി എന്നും മത്സ്യം അവശേഷിക്കുന്ന രണ്ടു കടലുകള്‍ ഇന്ത്യാ മഹാസമുദ്രത്തിലെ അറബിക്കടലും ബംഗാള്‍ ഉള്‍ക്കടലുമാണെന്ന് കേന്ദ്ര ഫിഷറീസ് സെക്രട്ടറി ഡോ. തരുണ്‍ ശ്രീധര്‍ അടുത്തിടെ പറയുകയുണ്ടായി. അറബിക്കടലിലെ മത്സ്യങ്ങള്‍ക്ക് രുചി കൂടുതലാണെന്നതും താരതമ്യേനെ മാലിന്യ രഹിതവുമാണെന്നതും വിദേശികള്‍ക്ക് പ്രത്യേകിച്ച് അമേരിക്കക്കാര്‍ക്ക് ഇവിടം പ്രിയപ്പെട്ടതാക്കുന്നു. ഇ.എം.സി.സി. നാനൂറ് യാനങ്ങളുമായി വരുന്നതിന്റെ സാഹചര്യം ഇതാണ്.
കേരളത്തിന്റെ മത്സ്യ മേഖലയില്‍ അയ്യായിരം കോടി രൂപയുടെ നിക്ഷേപ വാഗ്ദാനവുമായി രംഗത്തെത്തിയ അമേരിക്കന്‍ കണ്‍സോര്‍ഷ്യം ഇ.എം.സി.സി.,യും കേരളത്തിലെ ഷിപ്പിംഗ് ആന്റ് നാവിഗേഷന്‍ കോര്‍പ്പറേഷനുമായി ഉണ്ടാക്കിയ ധാരണാപത്രം സര്‍ക്കാര്‍ റദ്ദാക്കിയിരിക്കുകയാണ്. മത്സ്യബന്ധനം, വിപണനം, സംസ്‌കരണം, കയറ്റുമതി, അടിസ്ഥാന വികസനം എന്നീ മേഖലകളില്‍ വന്‍ നിക്ഷേപത്തിന്റെ സമഗ്ര പദ്ധതിയുമായാണ് സ്ഥാപനം രംഗത്തെത്തിയത്. രാജ്യത്ത് കാര്‍ഷിക മേഖലയെ കുത്തകകള്‍ക്ക് തീറെഴുതുന്നതിനെതിരേ ശക്തമായ പ്രക്ഷോഭം തുടരുകയാണ്. ആഴക്കടല്‍ മേഖലകളിലടക്കം സ്വകാര്യ നിക്ഷേപത്തെ പ്രോത്സാഹിപ്പിക്കുമെന്ന കേന്ദ്ര ഫിഷറീസ് നയം കഴിഞ്ഞ മാസം പ്രഖ്യാപിക്കപ്പെട്ടിരിക്കുകയുമാണ്. ഈ പശ്ചാത്തലത്തിലാണ് ഇതുമായി ബന്ധപ്പെട്ട നടപടികള്‍ മുന്നോട്ടുപോയതെന്നതാണ് ശ്രദ്ധേയം. മത്സ്യമേഖലയിലടക്കം ഉയര്‍ന്നുവന്ന പ്രതിഷേധമാണ് സര്‍ക്കാരിനെ മാറി ചിന്തിപ്പിക്കാന്‍ പ്രേരിപ്പിച്ചതെന്നത് വ്യക്തമാണ്. ഉയര്‍ന്നുവന്ന വിവാദങ്ങളെ മേഖലയുടെ സമഗ്രമായ പുനഃസംഘാടനവുമായി ബന്ധപ്പെട്ട ആരോഗ്യകരമായ സംവാദമാക്കി എങ്ങിനെമാറ്റാം എന്ന പരിശോധനയാണ് ഇന്നാവശ്യം.
മത്സ്യമേഖലയിലെ പ്രതിസന്ധി
സാങ്കേതിക വിദ്യ കൂടുതല്‍ വികസിക്കുകയും, മത്സ്യബന്ധന മേഖലയില്‍ കൂടുതല്‍ നിക്ഷേപം നടക്കുകയും ചെയ്യുന്നുവെങ്കിലും മത്സ്യോല്പാദനം കുറഞ്ഞുകൊണ്ടിരിക്കുകയാണെന്ന് ഐക്യരാഷ്ട്ര സംഘടനയുടെ കണക്കുകള്‍ പറയുന്നു. കഴിഞ്ഞ 20 വര്‍ഷമായി ആഗോള സമുദ്ര മത്സ്യോല്പാദനം ശരാശരി 86 ദശലക്ഷം ടണ്ണില്‍ സ്ഥായിയായി നില്‍ക്കുന്നു. 2010 ല്‍ അത് 90 ദശലക്ഷം ടണ്‍ വരെ എത്തിയെങ്കിലും ഇപ്പോള്‍ 80 ദശലക്ഷം ടണ്ണായി ഇടിഞ്ഞിരിക്കുന്നു. എന്നാല്‍ മത്സ്യ ഉപഭോഗമാകട്ടെ ഇക്കാലയളവിനുള്ളില്‍ 47 ദശലക്ഷം ടണ്ണില്‍ നിന്നും 180 ദശലക്ഷം ടണ്ണായി വര്‍ധിച്ചിട്ടുമുണ്ട്. കൂടുതല്‍ സബ്‌സിഡികള്‍ നല്‍കിയും, അക്വാകള്‍ച്ചറിലൂടെ ഉല്പാദനം വര്‍ധിപ്പിച്ചും ഈ പ്രശ്‌നം പരിഹരിക്കാനാണ് മുതലാളിത്ത രാജ്യങ്ങള്‍ ശ്രമിക്കുന്നത്. ഏറ്റവും കൂടുതല്‍ ഡിമാന്റുള്ള സാല്‍മണ്‍ എന്ന മത്സ്യം വളര്‍ത്തണമെങ്കില്‍ നാലുകിലോഗ്രാം ചെറു മത്സ്യം തീറ്റയായി നല്‍കേണ്ടതുണ്ട്. ഇത് പുതിയ പ്രശ്‌നങ്ങളും സൃഷ്ടിക്കുന്നു.
യൂറോപ്പിലെ പ്രധാന മത്സ്യങ്ങളായ പാറ്റഗോണിയന്‍ ടൂത്ത് ഫിഷ്, ഓറഞ്ച് റഫി, അറ്റ്‌ലാന്റിക് സ്റ്റര്‍ജിയന്‍, ബ്ലൂവിറ്റിംഗ്, സേബിള്‍ ഫിഷ് തുടങ്ങിയ മത്സ്യ ഇനങ്ങളൊക്കെത്തന്നെ തകര്‍ച്ചയുടെ വക്കിലാണ്. കാനഡയുടെ തീരത്ത് സുലഭമായിരുന്ന കോഡ് മത്സ്യം 1990ല്‍ പൂര്‍ണ്ണമായും തകര്‍ന്നു. മുപ്പതിനായിരം തൊഴിലാളികള്‍ക്ക് ജോലി നഷ്ടപ്പെട്ടു. മുപ്പതു വര്‍ഷം കഴിഞ്ഞിട്ടും ഉല്പാദനം പുനഃസ്ഥാപിക്കാനായിട്ടില്ല. ഇന്നത്തെ രീതിയിലുള്ള മത്സ്യബന്ധനം തുടരുകയാണെങ്കില്‍ 2048 ആകുമ്പോഴേക്കും ഭക്ഷ്യയോഗ്യമായ മത്സ്യങ്ങള്‍ ഈ ഭൂമിയില്‍ നിന്നും അപ്രത്യക്ഷമാകുമെന്ന് ആറ് രാജ്യങ്ങളിലെ പതിനാല് ഗവേഷകര്‍ ചേര്‍ന്ന് നടത്തിയ പഠന റിപ്പോര്‍ട്ട് പ്രസിദ്ധീകരിച്ച നേച്ചര്‍ മാസിക പറയുന്നു. യൂറോപ്പില്‍ നിലവിലുള്ള 136 മത്സ്യ ഇന(സ്റ്റോക്ക്)ങ്ങളില്‍ കേവലം എട്ട് ശതമാനം മാത്രമേ 2022ല്‍ അവശേഷിക്കൂ എന്ന് യൂറോപ്യന്‍ ഫിഷറീസ് കമ്മീഷണറായിരുന്ന മരിയ ദെമനാക്കിയും പറയുന്നു.
ദി ക്രിട്ടിക് ഫേസ് ബുക്ക് പേജ് ലൈക്ക് ചെയ്യുക
മത്സ്യബന്ധനത്തിന്റെ മാരകസ്വഭാവവും സാങ്കേതിക വിദ്യ വികസിച്ചതോടെ വര്‍ധിച്ചിട്ടുണ്ട്. 12 ജംബോ ജെറ്റുകള്‍ ഒന്നിച്ചു കയറാവുന്ന വാ വിസ്തൃതിയുള്ള ട്രോള്‍ വലകളാണ് യൂറോപ്പിലെ കപ്പല്‍ സമൂഹങ്ങള്‍ ഉപയോഗിക്കുന്നത്. 60 കിലോമീറ്റര്‍ വരെ നീളമുള്ള ‘മരണത്തിന്റെ ഭിത്തി’ എന്നു വിളിക്കുന്ന ഡ്രിഫ്റ്റ് നെറ്റാണ് ജപ്പാനില്‍ ഉപയോഗിക്കുന്നത്. ആയിരക്കണക്കിന് കടലാമകളും, ഡോള്‍ഫിനുകളും, സസ്തനികളും, തിമിംഗലങ്ങളും ഇതില്‍ കുടുങ്ങി മരണമടയാറുണ്ട്. ടൂണയെ പിടിക്കാന്‍ അവര്‍ ഉപയോഗിക്കുന്ന 120 കിലോമീറ്റര്‍ വരെയുള്ള ലോംഗ് ലൈനര്‍ വലകളില്‍ കുടുങ്ങി പ്രതിവര്‍ഷം 44,000 ആല്‍ബട്രോസ് പക്ഷികളും മരണമടയുന്നുണ്ട്. ഈ സാഹചര്യത്തില്‍ യൂറോപ്പും അമേരിക്കയും ചില നിയന്ത്രണങ്ങളും ക്രമീകരണങ്ങളും പ്രാബല്യത്തില്‍ വരുത്തിയിട്ടുമുണ്ട്. മൊത്തത്തില്‍ പിടിക്കാവുന്ന മത്സ്യങ്ങളുടെ കണക്ക് നിജപ്പെടുത്തുക (ടി.എ.സി.) ഓരോ യാനവും പിടിക്കേണ്ട ക്വാട്ട നിശ്ചയിക്കുക, ക്യാച്ച് പോയിന്റ് റിസര്‍വ്വ് നിശ്ചയിക്കുക തുടങ്ങിയവയാണത്. ഇത് ലംഘിക്കുന്നവര്‍ക്ക് കര്‍ശന ശിക്ഷയും ഉറപ്പുവരുത്തിയിട്ടുണ്ട്. എങ്കിലും മത്സ്യം പിടിക്കാനുള്ള വ്യഗ്രതമൂലം അയല്‍രാജ്യങ്ങളുടെ അതിര്‍ത്തിയിലേക്കുള്ള കടന്നുകയറ്റവും വ്യാപകമാണ്. ബ്രിട്ടണും അയര്‍ലണ്ടും നടത്തിയ ‘കോഡ് വാര്‍’ ഈ രംഗത്തെ പ്രധാന സംഭവമാണ്. ഗ്രീന്‍ലാന്റ് ഹാലിബട്ട് എന്ന മത്സ്യം പിടിക്കുന്നത് കാനഡ നിരോധിച്ചപ്പോള്‍ സ്‌പെയിന്റെ എസ്തായി എന്ന ചെറുകപ്പല്‍ അവിടെ മത്സ്യബന്ധനം നടത്തുകയുണ്ടായി. ഗണ്‍ബോട്ടുകളെ ഉപയോഗിച്ച് കാനഡ ആ കപ്പല്‍ പിടിച്ചെടുത്തു. ‘എന്റിക്ക ലെക്‌സി സംഭവം പോലെ സാര്‍വ്വദേശീയമായ ഒരു വിവാദമായി അതു മാറ്റുകയുണ്ടായി.
സെനഗലൈസേഷന്‍ :
യൂറോപ്പിലെ കടലുകളിലെ 82 ശതമാനം മത്സ്യങ്ങളും അമിതചൂഷണത്തിനു വിധേയമായി തകര്‍ന്ന സാഹചര്യത്തില്‍ പടിഞ്ഞാറന്‍ ആഫ്രിക്കയിലേക്ക് കപ്പല്‍ സമൂഹം നീങ്ങുകയാണ്. പല രാജ്യങ്ങളുമായി അവര്‍ ഫിഷറീസ് പാര്‍ട്ണര്‍ഷിപ്പ് എഗ്രിമെന്റ് എന്ന മേഖലാ സഹകരണ കരാറുകളില്‍ ഏര്‍പ്പെട്ടു. നിസ്സാര തുക ലൈസന്‍സ് ഫീ നല്‍കി സെഗലിന്റെ കടലില്‍ പ്രവര്‍ത്തിച്ച സ്പാനിഷ് ട്രോളറുകള്‍ അവിടത്തെ കടല്‍ തൂത്തുവാരി. 1994ല്‍ സെനഗലിലെ തൊഴിലാളികള്‍ 95,000 ടണ്‍ മത്സ്യം പിടിച്ചിടത്ത് പത്ത് വര്‍ഷം കഴിഞ്ഞപ്പോള്‍ അത് നേര്‍പകുതിയായി. പിറോഗസ് എന്നു വിളിക്കുന്ന അവിടത്തെ നാടന്‍ ബോട്ടുകളില്‍ പകുതിയും പ്രവര്‍ത്തന രഹിതമായി. മത്സ്യസംസ്‌കരണ ശാലകളിലെ 50-60 ശതമാനം പേരെയും പിരിച്ചുവിട്ടു. തുടര്‍ന്ന് സെനഗല്‍ മത്സ്യ സഹകരണ കരാറില്‍ നിന്നും പിന്‍മാറി. സെനഗലൈസേഷന്‍ എന്നു മത്സ്യ ഗവേഷകര്‍ വിളിക്കുന്ന ഈ ദുരന്തം തൊട്ടടുത്ത രാജ്യങ്ങളായ മൊറോക്കോ, സിയറ ലിയോണ്‍, കേപ് വെര്‍ദെ എന്നീ രാജ്യങ്ങളില്‍ ഇപ്പോഴും തുടരുകയാണ്. ലോകത്ത് ഏറ്റവും കൂടുതല്‍ ചൂര (ട്യൂണ) പിടിക്കുന്ന രാജ്യമായ സൊമാലിയയിലെ കടലുകളില്‍ വിദേശ കപ്പലുകള്‍ മീന്‍പിടിക്കുമ്പോള്‍ സമീപത്ത് മീന്‍ പിടിക്കുന്ന ചെറുയാനങ്ങളിലെ തൊഴിലാളികളെ വെടിവെച്ചുവീഴ്ത്തി. ചിലരുടെ ദേഹത്ത് തിളച്ച ടാറ് ഒഴുക്കി. കല്ലും കവണയും ഉപയോഗിച്ച് ചെറുത്ത തദ്ദേശീയ സമൂഹം പിന്നീട് യന്ത്രത്തോക്കുളുപോയിച്ചാണ് ചെറുത്തത്. ആസമൂഹം പടിപടിയായി കടല്‍ക്കൊള്ളക്കാരായ ദുരന്തത്തിന് ലോകം സാക്ഷിയാണ്. പക്ഷേ ഇപ്പോഴവിടത്തെ കടല്‍ക്കൊള്ള സംഘങ്ങള്‍ പലതും മത്സ്യക്കൊള്ള നടത്തുന്ന കപ്പല്‍ സംഘങ്ങള്‍ക്ക് അകമ്പടിക്കാരായെന്നത് വര്‍ത്തമാന ദുരന്തത്തിന്റെ നേര്‍സാക്ഷ്യമാണ്.
ഇന്ത്യയിലെ അവസ്ഥ:
ലോകത്തെ പ്രധാനപ്പെട്ട 15 ഫിഷിംഗ് ഗ്രൗണ്ടുകളില്‍ പതിമൂന്നും അമിതചൂഷണത്തിന് വിധേയമായി എന്നും മത്സ്യം അവശേഷിക്കുന്ന രണ്ടു കടലുകള്‍ ഇന്ത്യാ മഹാസമുദ്രത്തിലെ അറബിക്കടലും ബംഗാള്‍ ഉള്‍ക്കടലുമാണെന്ന് കേന്ദ്ര ഫിഷറീസ് സെക്രട്ടറി ഡോ. തരുണ്‍ ശ്രീധര്‍ അടുത്തിടെ പറയുകയുണ്ടായി. അറബിക്കടലിലെ മത്സ്യങ്ങള്‍ക്ക് രുചി കൂടുതലാണെന്നതും താരതമ്യേനെ മാലിന്യ രഹിതവുമാണെന്നതും വിദേശികള്‍ക്ക് പ്രത്യേകിച്ച് അമേരിക്കക്കാര്‍ക്ക് ഇവിടം പ്രിയപ്പെട്ടതാക്കുന്നു. ഇ.എം.സി.സി. നാനൂറ് യാനങ്ങളുമായി വരുന്നതിന്റെ സാഹചര്യം ഇതാണ്. നോര്‍വ്വേയുടെ സാങ്കേതിക വിദ്യ ഉപയോഗിച്ച് നാവിഗേഷന്‍ കോര്‍പ്പറേഷന്‍ യാനങ്ങള്‍ നിര്‍മ്മിക്കുമെന്നും മത്സ്യം മുഴുവന്‍ പ്രത്യേകിച്ച് ചെമ്മീന്‍ അമേരിക്കയിലേക്ക് കൊണ്ടുപോകുമെന്നും ഇ.എം.സി.സി.യുടെ ഡയറക്ടറായ ഷിജോവര്‍ഗ്ഗീസ് വെളിപ്പെടുത്തിയിട്ടുണ്ട്. ഈ കണ്‍സോര്‍ഷ്യത്തിലുള്‍പ്പെട്ട പത്ത് കമ്പനികളിലൊന്നിനുപോലും മത്സ്യബന്ധനവുമായും കടലുമായും യാതൊരു ബന്ധവുമില്ലെന്നതും ദുരൂഹത വര്‍ധിപ്പിക്കുന്നു.
ഇന്ത്യയിലെ ചെറുത്തുനില്പും കേരളവും :
1991 ജൂലൈയില്‍ നരസിംഹറാവു സര്‍ക്കാരിന്റെ കാലത്ത് പുത്തന്‍ ആഴക്കടല്‍ മത്സ്യബന്ധന നയം പ്രഖ്യാപിച്ചു. 129 ലൈസന്‍സുകളിലൂടെ 400 വിദേശകപ്പുലുകള്‍ക്ക് സംയുക്ത സംരംഭങ്ങളായി ഇന്ത്യന്‍ കടലുകളില്‍ പ്രവര്‍ത്തിക്കാനനുമതി നല്‍കി. സ്വാതന്ത്ര്യ സമരകാലത്തുപോലും ദര്‍ശിക്കാനാകാത്ത ചെറുത്തുനില്പിനാണ് മത്സ്യമേഖല പിന്നീട് സാക്ഷ്യം വഹിച്ചത്. 1994 നവംബര്‍ 23നും 24 നും രണ്ടു ദിവസത്തെ പണിമുടക്കും മത്സ്യ മേഖലാ ബന്ദും നടത്തപ്പെട്ടു. റാവു ഗവണ്‍മെന്റ് തെരഞ്ഞെടുപ്പില്‍ പരാജയപ്പെട്ടു. തുടര്‍ന്നുവന്ന യു.എഫ്. സര്‍ക്കാര്‍ 1995 മെയ്മാസത്തില്‍ പി. മുരാരി അധ്യക്ഷനായുള്ള 41 അംഗ കമ്മിറ്റി രൂപീകരിച്ചു. വിദേശ മത്സ്യക്കപ്പലുകളുടെ ലൈസന്‍സ് റദ്ദു ചെയ്യാനും, തദ്ദേശീയ മത്സ്യ ബന്ധന മൂഹത്തെ ശാക്തീകരിക്കാനുമുള്ള മുരാരിയുടെ 21 നിര്‍ദ്ദേശങ്ങളും ദേവഗൗഡ സര്‍ക്കാര്‍ അംഗീകരിച്ചു.
ദി ക്രിട്ടിക് യു ട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
2014 – ജൂണ്‍ മാസം 29ന് ഇപ്പോഴത്തെ പ്രധാന മന്ത്രി നരേന്ദ്രമോദി ‘രണ്ടാം നീലവിപ്ലവം’ പ്രഖ്യാപിച്ചു. നിലവിലുള്ള യാനങ്ങള്‍ക്കു പുറമേ 270 പുതിയ വിദേശയാനങ്ങളടക്കം ഇന്ത്യയുടെ കടലില്‍ 1178 യാനങ്ങള്‍ പ്രവര്‍ത്തിപ്പിക്കണമെന്ന ഡോ. ബി. മീനാകുമാരി കമ്മിറ്റിയുടെ റിപ്പോര്‍ട്ട് 2015 ആഗസ്റ്റ് 20ന് കേന്ദ്ര സര്‍ക്കാര്‍ അംഗീകരിച്ചു. ഇതിനെതിരായ പ്രക്ഷോഭത്തില്‍ കേരളത്തിലെ മത്സ്യത്തൊഴിലാളികള്‍ മുന്‍പന്തിയിലുണ്ടായി. യു.ഡി.എഫ്. – എല്‍.ഡി.എഫ്. സര്‍ക്കാരുകളും പ്രക്ഷോഭത്തെ പിന്തുണച്ചു കേന്ദ്രസര്‍ക്കാരില്‍ സമ്മര്‍ദ്ദം ചെലുത്തി. പ്രക്ഷോഭം ഫലം കണ്ടു. മീനാകുമാരി റിപ്പോര്‍ട്ട് മരവിപ്പിക്കപ്പെട്ടു. 2016 ഫെബ്രുവരിയില്‍ അവസാനത്തെ നാല് എല്‍.ഒ.പി. യാനങ്ങളുടേയും ലൈസന്‍സ് റദ്ദു ചെയ്യപ്പെട്ടു. കപ്പലുകള്‍ രാജ്യം വിട്ടു.
തുടര്‍ന്ന് 2016 മാര്‍ച്ച് 2ന് കേന്ദ്ര കൃഷിമന്ത്രി രാധാമോഹന്‍ സിംഗ് വിളിച്ചു ചേര്‍ത്ത ഗവേഷകരുടെ യോഗത്തില്‍ ഇന്ത്യന്‍ നിര്‍മ്മിത യാനങ്ങളുമായി ബന്ധപ്പെട്ട് ഒരു സ്‌കീം അവതരിപ്പിക്കാനാവശ്യപ്പെട്ടു. മാര്‍ച്ച് 4നും 5നും കൊച്ചിയില്‍ ചേര്‍ന്ന ഗവേഷണ സ്ഥാപനങ്ങളുടെ മേധാവികളടക്കം പങ്കെടുത്ത ശില്പശാല ആഴക്കടലില്‍ ഇന്ത്യക്ക് ഇനി മൊത്തത്തില്‍ വേണ്ടത് 270 യാനങ്ങളാണെന്ന് വിലിയിരുത്തി. ഇതില്‍ 240 എണ്ണം ട്യൂണ ലോംഗ് ലൈനറുകളാണ്. കേരളത്തിന് കേവലം 37 യാനങ്ങള്‍ ഈയിനത്തില്‍ മതിയാകുമെന്ന് യോഗം ശുപാര്‍ശ ചെയ്തു. ഇതിന്റെയടിസ്ഥാനത്തില്‍ 74 കോടി രൂപ ചെലവുവരുന്ന 44 യാനങ്ങള്‍ക്കുള്ള അപേക്ഷ കേരളം സമര്‍പ്പിച്ചത് കേന്ദ്രം നിഷ്‌ക്കരുണം തള്ളിക്കളഞ്ഞു. ആഴക്കടല്‍ മത്സ്യബന്ധനത്തിന് പ്രാവീണ്യമുള്ള കേരളത്തിലെ 21 മത്സ്യത്തൊഴിലാളി ഗ്രാമങ്ങളിലെ സഹകരണ സംഘങ്ങള്‍ക്കായിട്ടാണ് നാം സ്‌കീം അവതരിപ്പിച്ചത്. എന്നാല്‍ തമിഴ്‌നാടിന് ഈ ഇനത്തില്‍ 800 കോടി കേന്ദ്രസര്‍ക്കാര്‍ അനുവദിച്ചു. ദെല്‍ഹിയില്‍ വെച്ച് കേന്ദ്ര മന്ത്രാലയത്തിലെ ഉയര്‍ന്ന ഉദ്യോഗസ്ഥനായ പോള്‍ പാണ്ഡ്യനുമായി ഈ ലേഖകന്‍ കയര്‍ത്തു സംസാരിച്ചപ്പോള്‍ നിങ്ങളുടെ യാനങ്ങള്‍ക്ക് ചെലവു കൂടുതലാണെന്ന ന്യായീകരണമാണ് അദ്ദേഹം നിരത്തിയത്. എന്നിട്ട് അതേ തുകയ്ക്ക് തമിഴ്‌നാടിന് അനുവദിച്ച ബോട്ടുകള്‍ കൊച്ചി കപ്പല്‍ ശാലയില്‍ നിന്ന് നീറ്റിലിറക്കിയത് നീറ്റലോടെയും നിസ്സഹായത്തോടെയും നാം നോക്കിക്കണ്ടു.
കടലിലെ അവകാശത്തെയും സുസ്ഥിരതയേയും സംബന്ധിച്ച കേരളത്തിന്റെ നിലപാടുകള്‍ രാജ്യത്തിനാകെ തന്നെ മാതൃകയാണ്. ഇന്ത്യയിലൊട്ടാകെ ഇന്ന് 2.6 ലക്ഷം യാനങ്ങളാണ് കടലിലുള്ളത്. കടലില്‍ നിന്നും ലഭിക്കാവുന്ന മത്സ്യം 5.3 ദശലക്ഷം ടണ്ണാണെന്ന് കേന്ദ്ര സര്‍ക്കാര്‍ നിയമിച്ച കമ്മിറ്റി കണ്ടെത്തിയിട്ടുണ്ട്. അതു പിടിക്കുന്നതിന് കേവലം 76,967 യാനങ്ങള്‍ മാത്രം മതിയാകുമെന്നും ഇപ്പോഴാവശ്യമായതിന്റെ 3.4 മടങ്ങ് യാനങ്ങളുണ്ടെന്നും കമ്മിറ്റി വിലയിരുത്തിയിട്ടുണ്ട്. കേരളത്തിന്റെ അവസ്ഥ ഇതിലും പരിതാപകരമാണ്. 590 കിലോമീറ്റര്‍ മാത്രം ദൈര്‍ഘ്യമുള്ള കേരള കടലോരത്ത് നിലവില്‍ 39,000 യാനങ്ങളാണ് പ്രവര്‍ത്തിക്കുന്നത്. ഇതില്‍ ട്രോള്‍ ബോട്ടുകള്‍ 3900ത്തിനുമേലുണ്ട്. സുസ്ഥിര മത്സ്യബന്ധനത്തിന് കേലവം 1145 ട്രോള്‍ ബോട്ടുകള്‍ മതിയെന്ന ഡോ. എ.ജി. കലാവര്‍ കമ്മിറ്റി ശുപാര്‍ശ ചെയ്ത സ്ഥാനത്താണിത്.
2018-ല്‍ ഞങ്ങളുമായി നടത്തിയ ചര്‍ച്ചയെത്തുടര്‍ന്ന് ഇനിയുള്ള പത്ത് വര്‍ഷത്തേക്ക് പുതിയ യാനങ്ങള്‍ക്ക് രജിസ്‌ട്രേഷന്‍ നല്കില്ല എന്നും ഇതിനൊരു മോറട്ടോറിയം ഏര്‍പ്പെടുത്താനും സംസ്ഥാന ഫിഷറി വകുപ്പ് തീരുമാനിക്കുകയുണ്ടായി. 58 ഇനം മത്സ്യങ്ങളുടെ കുറഞ്ഞ വലുപ്പം നിജപ്പെടുത്തി നിയമനിര്‍മ്മാണവും നടത്തുകയുണ്ടായി. വിപണിയിലെ ഇടത്തട്ടുകാരെ നിയന്ത്രിക്കുക എന്ന ലക്ഷ്യം വെച്ച് ഒരു ഓര്‍ഡിനന്‍സും ഇറക്കുകയുണ്ടായി. അഭിപ്രായഭേദങ്ങള്‍ വിഭാഗങ്ങള്‍ക്കിടയിലുണ്ടെങ്കിലും പരമ്പരാഗത മത്സ്യബന്ധന സമൂഹം പൊതുവില്‍ ഇത് സ്വീകരിക്കുകയുണ്ടായി. ആഴക്കടല്‍ മത്സ്യബന്ധനത്തിന് പരമ്പരാഗത സമൂഹത്തെ പടിപടിയായി കൊണ്ടുപോകുക എന്ന ലക്ഷ്യംവെച്ച് പത്ത് യാനങ്ങള്‍ നിര്‍മ്മിക്കുന്നതിന് കൊച്ചി ഷിപ്പ് യാര്‍ഡുമായും ധാരണാപത്രത്തില്‍ ഒപ്പുവെക്കുകയുമുണ്ടായി. ഈ നടപടിക്രമങ്ങള്‍ക്കൊക്കെ കരിനിഴല്‍ വീഴ്ത്തുന്ന നടപടിയാണ് ഇപ്പോഴുണ്ടായിരിക്കുന്നത്.
ആഴക്കടല്‍ മേഖലയില്‍ 400 യാനങ്ങള്‍ പ്രവര്‍ത്തിക്കുന്നത് അവിടത്തെ പാരിസ്ഥിക സന്തുലിതാവസ്ഥയെ തകര്‍ക്കുമെന്ന കാര്യത്തില്‍ സംശയമേതുമില്ല. കടലിന്റെ അടിത്തട്ടിനെ തകര്‍ക്കുന്ന ഒരു മത്സ്യബന്ധന സംവിധാനമാണ് ട്രോളിംഗ്. അമേരിക്കയ്ക്ക് ചെമ്മീന്‍ ആവശ്യമായതിനാലാണ് ട്രോളറുകള്‍ തന്നെ വെക്കുന്നതെന്ന് ഇ.എം.സി.സി. മേധാവി ഷിജോ വര്‍ഗ്ഗീസ് തന്നെ പറഞ്ഞിട്ടുണ്ട്. യഥാര്‍ത്ഥത്തില്‍ അതിവിസ്തൃതമായ ആഴക്കടലില്‍ നിന്നും വളരെക്കുറച്ച് മത്സ്യം മാത്രമേ ലഭ്യമാകൂ. അതിന് ചെലവും കൂടും. അറബിക്കടലിലെ മത്സ്യസമ്പത്തിലെ 95 ശതമാനം മത്സ്യങ്ങളും ലഭിക്കുന്നത് തീരക്കടലിലും തൊട്ടടുത്ത പുറംകടലിലുമായതിനാല്‍ ആഴക്കടലിലായിരിക്കില്ല അവര്‍ പ്രവര്‍ത്തിക്കുക. അങ്ങനെ വരുമ്പോള്‍ നിലവിലുള്ള ബോട്ടുകാരുടേയും വള്ളക്കാരുടേയും വയറ്റത്തടിക്കുന്ന നടപടിയായിരിക്കും അത്. ചുരുക്കത്തില്‍ പാരിസ്ഥിതികമായും, ഉപജീവനവുമായി ബന്ധപ്പെട്ടും, രാഷ്ട്രീയമായും തെറ്റായ സന്ദേശങ്ങളുണ്ടാക്കുന്ന നടപടികളാണ് നടന്നത്. വൈകിയാണെങ്കിലും തെറ്റ് തിരുത്തുന്നത് സ്വാഗതാര്‍ഹമാണ്.
സവ്യസാചികളുടെ നാട് :
ഇരുകൈകൊണ്ടും ഒരേസമയം പ്രഹരിക്കാന്‍ വൈദഗ്ധ്യം ഉള്ളവരുടെ നാടായി നമ്മുടെ നാടും മാറിയിരിക്കുകയാണ്. തുടര്‍ച്ചയായ രണ്ടു പ്രളയത്തിനുശേഷം ഇനിയങ്ങോട്ടുള്ള കേരളത്തിന്റെ വികസനത്തിന് പാരിസ്ഥിതക ഘടകങ്ങളുടെ പ്രാധാന്യം വര്‍ധിച്ചുവരികയാണ്. പാരിസ്ഥിതിക സൗഹൃദ വികസനത്തേക്കുറിച്ച് ഒരു വശത്ത് മുഖ്യമന്ത്രി തന്നെ സംസാരിക്കുന്നു. മറുവശത്ത് വിവേചന രഹിതമായി നിക്ഷേപങ്ങളെ സ്വീകരിക്കുന്ന നിക്ഷേപ സൗഹൃദസംസ്ഥാനത്തെക്കുറിച്ചും പറഞ്ഞുകൊണ്ടിരിക്കുന്നു. ഇവ തമ്മിലുള്ള പരസ്പര ബന്ധത്തെക്കുറിച്ച് നാം ബോധ്യപ്പെടണമെങ്കില്‍ ഇനിയും മണ്ടോ മൂന്നോ പ്രളയങ്ങള്‍കൂടി വേണ്ടിവന്നേക്കാം! ഓഖിയില്‍ ലക്ഷദ്വീപ് കടലില്‍ മുങ്ങിപ്പോയ ആറ് ബോട്ടുകളിലെ 69 മനുഷ്യരുടെ ശരീരംപോലും ഇനിയും പുറത്തെടുക്കപ്പെട്ടിട്ടില്ല. കടലില്‍ക്കിടന്ന് അവര്‍ ചോദിക്കുന്നു… രക്ഷകരെ ആര് രക്ഷിക്കും…?
കേരള മത്സ്യത്തൊഴിലാളി ഐക്യവേദി (ടി.യു.സി.ഐ.)യുടെ സംസ്ഥാന പ്രസിഡന്റാണ് ലേഖകന്‍
സുഹൃത്തെ,
അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പന്ത്രണ്ടാം വര്‍ഷത്തേക്ക് കടക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2024 - 25 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.
The Critic, A/C No - 020802000001158,
Indian Overseas Bank,
Thrissur - 680001, IFSC - IOBA0000208
google pay - 9447307829
സ്നേഹത്തോടെ ഐ ഗോപിനാഥ്, എഡിറ്റര്‍, thecritic.in