ന്യൂസ് റുമുകളെ ഭയം ഗ്രസിക്കുന്നു

തന്നെയടക്കം മുഴുവന്‍ ന്യൂസ് റുമുകളേയും ഭയം ഗ്രസിച്ചിരിക്കുകയാണെന്നും ടെലഗ്രാഫില്‍ നല്‍കാനുദ്ദേശിച്ച രാഷ്ട്രീയ തലക്കെട്ടുകളില്‍ ഭയം മൂലം വരുത്തേണ്ടിവന്ന തിരുത്തുകള്‍ വിശദീകരിച്ചും പ്രശസ്ത മാധ്യമപ്രവര്‍ത്തകന്‍ ആര്‍ രാജഗോപാല്‍ തൃശൂരില്‍ വി അരവിന്ദാക്ഷന്‍ പുരസ്‌കാരം സ്വീകരിച്ച്, പുരസ്‌കാരം ന്യൂസ് ക്ലിക് എഡിറ്റര്‍ പ്രബീര്‍ പുര്‍കായസ്തക്കു സമര്‍പ്പിച്ച് നടത്തിയ പ്രഭാഷണത്തിന്റെ സംക്ഷിപ്തരൂപം.

തലക്കെട്ടുകളുടെ രാഷ്ട്രീയത്തെ കുറിച്ച് ലോകത്തെവിടേയും വന്നതില്‍ വെച്ച് ഏറ്റവും മനോഹരമായ ആവിഷ്‌കാരം മലയാളത്തില്‍ തന്നെയാണ്. നാമെല്ലാം വായിച്ചിട്ടുള്ള എന്‍ എസ് മാധവന്റെ ചെറുകഥ തിരുത്ത് തന്നെ. അതില്‍ തന്റെ ജൂനിയറായ സുഹ്‌റ എന്ന പെണ്‍കുട്ടി കൊടുത്ത തര്‍ക്കമന്ദിരം തകര്‍ത്തു എന്ന തലക്കെട്ട് എഡിറ്റര്‍ ചുല്യാറ്റ് ബാബറി മസ്ജിദ് തകര്‍ത്തു എന്നു തിരുത്തുന്നതിനേക്കാള്‍ ശക്തമായ ഒരു രാഷ്ട്രീയം ന്യൂസ് റുൂമിനെ കുറിച്ച് ഇതുവരെ ഉണ്ടായിട്ടില്ല. അന്ന് രാജ്യത്തെ ഒരു പ്രധാന പത്രം തര്‍ക്കമന്ദിരം തകര്‍ത്തു എന്നുതന്നെയാണ് ഈ വാര്‍ത്തക്ക് തലക്കെട്ട് കൊടുത്തത് എന്നോര്‍ക്കണം. അപ്പോഴും മിക്കവാറും പത്രങ്ങളെല്ലാം ശരിയായ തലക്കെട്ടുതന്നെ കൊടുത്തു എന്നു മാത്രമല്ല, മസ്ജിദ് തകര്‍ത്ത നടപടിയെ രൂക്ഷമായി വിമര്‍ശിച്ചു മുഖപ്രസംഗങ്ങള്‍ എഴുതിയിരുന്നു.

എന്നാല്‍ കാലം മാറുകയാണ്. ഇപ്പോള്‍ ന്യൂസ് റൂമുകളെയെല്ലാം ഭയം ഗ്രസിച്ചിരിക്കുന്നു. ടെലഗ്രാഫിലെ ടൈറ്റിലുകള്‍ കണ്ട് പലരും എന്റെ ധൈര്യത്തെ കുറിച്ച് പറയാറുണ്ട്. എന്നാല്‍ അതല്ല സത്യം. മുട്ടിടിക്കുന്ന ഭയത്തില്‍ തന്നെയാണ് ഞാനും. ഇപ്പോള്‍ ന്യൂസ് റൂമില്‍ നടക്കുന്ന തിരുത്തലുകള്‍ മാധവന്റെ തിരുത്തിനെ പോലെയല്ല. നേരെ വിപരീതമാണ്. 1992ല്‍ മസ്ജിദ് തകര്‍ത്തപ്പോള്‍ പ്രതികരിച്ച, രാഷ്ട്രീയം പറഞ്ഞ പത്രങ്ങള്‍ മസ്ജിദ് നിന്നിരുന്ന സ്ഥലം രാമക്ഷേത്രം നിര്‍മ്മിക്കാന്‍ വി്ട്ടുകൊടുത്ത സുപ്രിംകോടതി വിധി വന്നപ്പോള്‍  എങ്ങനെയാണ് റിപ്പോര്‍ട്ട് ചെയ്തതെന്നു പരിശോധിച്ചാല്‍ ഇക്കാര്യം ബോധ്യമാകും. ഏതാണ്ടെല്ലാവരും ചെയ്തത് തികച്ചും അരാഷ്ട്രീയമായി റിപ്പോര്‍ട്ട് ചെയ്യുക മാത്രമായിരുന്നു. അയോദ്ധ്യയിലിനി രാമക്ഷേത്രമുയരും എന്നിങ്ങനെയുള്ള സാധാരണ അരാഷ്ട്രീയ തലക്കെട്ടുകളോടെ. In the name of Ram, the site is now HINDU STHAN എന്ന ഞങ്ങളുടെ പത്രത്തിന്റെ തലക്കെട്ടിനെ പലരും പ്രകീര്‍ത്തിച്ചു. Hindusthan എന്നതിനെ Hindu എന്നും Sthan എന്നും രണ്ടായി വിഭജിച്ചാണ് കൊടുത്തത്. എന്നാല്‍ സത്യമെന്താണ്? വാസ്തവത്തില്‍ ഇതായിരുന്നില്ല ആദ്യം ഞാന്‍ കൊടുത്ത തലക്കെട്ട്. അത് In the name of Ram, the land is now HINDU STHAN എന്നായിരുന്നു. അതായത് ആ site അല്ല, രാജ്യം തന്നെ ഹിന്ദുരാഷ്ട്രമാകാന്‍ പോകുന്നു എന്നുതന്നെയാണ് ഉദ്ദേശിച്ചത്. എന്നാല്‍ സഹപ്രവര്‍ത്തകര്‍ എന്നെ പിന്തിരിപ്പിക്കുകയായിരുന്നു. സുപ്രിംകോടതിയോട് കളിക്കുന്നത് സക്ഷിച്ചുവേണം എന്നായിരുന്നു അവര്‍ പറഞ്ഞത്. ആരെങ്കിലും സുപ്രിം കോടതി അങ്ങനെ പറഞ്ഞിട്ടില്ലെന്നും ആ ടൈറ്റില്‍ കോടതിയെ അധിക്ഷേപ്ിക്കുന്നതാണെന്നും പറഞ്ഞ് കേസുകൊടുത്താല്‍ ഉണ്ടാകുന്ന പ്രത്യാഘാതങ്ങള്‍ ചെറുതായിരിക്കില്ല എന്നായിരുന്നു അവര്‍ പറഞ്ഞത്. ബിജെപി അടുത്തകാലത്തായി ഉപയോഗിക്കുന്ന തന്ത്രം തന്നെ അതാണല്ലോ. അങ്ങനെയാണ് land മാറി site ആയത്. ഭയം തന്നെയായിരുന്നു അതിനു പുറകില്‍. ഞങ്ങളുടെ സേഫ്റ്റിയും… വിധിക്കെതിരെ പിറ്റേന്ന് രാജ്യമാകെ പ്രതിഷേധമുണ്ടാകുമെന്നായിരുന്നു അന്നു ഞാന്‍ കരുതിയത്. എന്നാല്‍ ഒന്നുമുണ്ടായില്ല. land എന്ന പദം തന്നെയായിരുന്നു ശരി എന്നു പിന്നീടുണ്ടായ, ഇപ്പോഴുമുണ്ടാകുന്ന സംഭവങ്ങളെല്ലാം ഉറപ്പിക്കുന്നു. പക്ഷെ ഭയം തന്നെയായിരുന്നു മാധവന്റെ തിരുത്തിനു നേരെ വിപരീതമായ ആ തിരുത്തിനു കാരണം.

ഇനി പറയാന്‍ പോകുന്നത് ക്രൂരമെന്നു പലരും ആക്ഷേപിച്ച ഒരു തലക്കെട്ടിനെ കുറിച്ചാണ്. ചീഫ് ജസ്റ്റീസായിരുന്ന, റഫാല്‍ പോലുള്ള പല കേസുകളിലും സര്‍ക്കാരിനു സഹായകരമാകുന്ന രീതിയില്‍ വിധി പ്രസ്താവിച്ച രഞ്ജന്‍ ഗോഗോയിയെ രാജ്യസഭാംഗമായി നോമിനേറ്റ് ചെയ്ത രാഷ്ട്രപതി രാം നാഥ് കോവിന്ദിന്റെ നടപടിയെ കുറിച്ചുള്ള വാര്‍ത്തയുടെ തലക്കെട്ട് കൊടുത്തത് Kovind not Covid, did it എന്നായിരുന്നു. കൊവിഡിന്റെ ആദ്യഘട്ടമായിരുന്നു അത്. പാത്രം കൊട്ടിയും മറ്റും കൊവിഡിനെ തുരത്താന്‍ ശ്രമിച്ചിരുന്ന കാലം. ആര്‍ക്കും രോഗത്തിന്റെ ഗൗരവത്തെ കുറിച്ച് കാര്യമായി അറിയാമായിരുന്നില്ല. അതൊക്കെ അത്തരമൊരു തലക്കെട്ടു കൊടുക്കുന്നതിനു കാരണമായിരിക്കാം. ആ ടൈറ്റിലിനെതിരെ വായനക്കാരില്‍ നിന്നുതന്നെ പ്രതിഷേധമുയര്‍ന്നിരുന്നു. ജാതീയമായ അധിക്ഷേപമെന്നാരോപിച്ച് സോഷ്യല്‍ മീഡിയയിലും വലിയ പ്രതിഷേധമുയര്‍ന്നു. ഞാനത് ചിന്തച്ചിരുന്നതുപോലുമില്ല. എന്നാല്‍ അന്വേഷിച്ചപ്പോള്‍ കോവിന്ദ് എന്നത് ജാതിപ്പേരല്ല എന്നു ബോധ്യമായി. സാധാരണനിലയില്‍ സര്‍ക്കാരിന്റെ തീരുമാനങ്ങളാണ് രാഷ്ട്രപതി നടപ്പാക്കേണ്ടത്, എന്നാല്‍ രാജ്യസഭാംഗത്തെ നോമിനേറ്റ് ചെയ്യാന്‍ രാഷ്ട്രപതിക്ക് അവകാശമുണ്ട് എന്നതിനാലായിരുന്നു ആ തലക്കെട്ട് കൊടുത്തത്.

അന്നുതന്നെ ഒരു കേന്ദ്രമന്ത്രി എന്നെ വിളിച്ചു. അടിയന്തരാവസ്ഥ കാലത്ത് പ്രസ് ഫീഡത്തിനുവേണ്ടി പോരാടുകയും ജയിലില്‍ പോകുകയും ചെയ്ത വ്യക്തിയാണ് താനെന്നു പറഞ്ഞു. പിന്നെ പറഞ്ഞത് പത്രത്തിന്റെ തലക്കെട്ട് പിന്‍വലിക്കണമെന്നാണ്. തലക്കെട്ട് കണ്ട് മന്ത്രിയുടെ ബോസ് ദേഷ്യപ്പെട്ടിരിക്കുകയാണെത്രെ. ആരാണ് ബോസെന്ന ചോദ്യത്തിനു മറുപടി പറഞ്ഞില്ല. പക്ഷെ വ്യക്തമാണല്ലോ. പിന്‍വലിക്കാനാവില്ല എന്നുറപ്പിച്ചു പറഞ്ഞപ്പോള്‍, ഫ്രീഡം ഓഫ് പ്രസ് ഒക്കെ പോയി. പല സിനിമകളിലും മാഫിയ തലവന്മാര്‍ പറയുന്നപോലെ God bless you എന്ന് പറഞ്ഞ് ഫോണ്‍ കട്ട് ചെയ്തു. . എന്തായാലും അന്നുതന്നെ പ്രസ് കൗണ്‍സിില്‍ എനിക്കെതിരെ സ്വമേധയാ കെസെടുത്തു. രാഷ്ട്രപതിയെ ഹാസ്യാത്മകമായി ആക്ഷേപിക്കാന്‍ പാടില്ലത്രെ. തുടര്‍ന്ന് എന്നെ സെന്‍ഷ്വര്‍ ചെയ്തു. ഇപ്പോള്‍ അതിന്റെ കേസ് നടക്കുകയാണ്. പിന്നീട് താന്‍ വേതനം വാങ്ങുന്നില്ല, സേവനം മാത്രമേയുള്ളു എന്നൊക്കെ ഗോഗോയ് പറഞ്ഞു. എന്നാല്‍ അതൊന്നും ആ തെറ്റിനെ ന്യായീകരിക്കുന്നില്ല. എന്തായാലും ആ തലക്കെട്ടില്‍ തെറ്റുണ്ടെന്ന് ഞാനിപ്പോഴും കരുതുന്നില്ല. പലര്‍ക്കും ഇഷ്ടപ്പെട്ടില്ലാായിരിക്കാം. പക്ഷെ എല്ലാവര്‍ക്കും ഇഷ്ടപ്പെടാന്‍ ഇത് ബോബനും മോളിയുമല്ലല്ലോ..

എന്നെ സെന്‍ഷ്വര്‍ ചെയ്ത മറ്റൊരു തലക്കെട്ടിനെ കുറിച്ചും പറയാം. Gujarath model reaches Delhi എന്നായിരുന്നു അത്. 2002ല്‍ ഗുജറാത്തിലെ വംശഹത്യയുടെ കാലത്ത് റിപ്പോര്‍ട്ട് ചെയ്യാനെത്തിയെ ബി ബി സിയുടെ, മുസ്ലിം വംശജനായ ഫൈസല്‍ എന്ന പ്രതിനിധിയും അദ്ദേഹത്തിന്റെ റിത്തു എന്ന ഹിന്ദുവായ ഭാര്യയും സഞ്ചരിച്ചിരുന്ന കാര്‍ കലാപകാരികള്‍ തടഞ്ഞു. തന്റെ കൂടെയുള്ളത് മുസ്ലിമാണെന്നു ജനക്കൂട്ടത്തിനു ബോധ്യമായാല്‍ കൊല്ലുമെന്നുറപ്പായ ഡ്രൈവര്‍ ഫൈസലിനോട് ഐഡന്റിറ്റി കാര്‍ഡ് ഒളിപ്പിക്കാന്‍ പറഞ്ഞു. പകരം ഭാര്യയുടെ ഐ ഡി കാര്‍ഡ് കാണിച്ചാണ് അവര്‍ രക്ഷപ്പെട്ടത്. 2019ല്‍ ഡെല്‍ഹിയിലുണ്ടായ വര്‍ഗ്ഗീയകലാപ സമയത്തും സമാനമായ സംഭവം ആവര്‍ത്തിച്ചു. അന്ന് കാറിലുണ്ടായിരുന്ന ഒരു ജേര്‍ണ്ണലിസ്റ്റ് താന്‍ ബ്രാഹ്മണനാണെന്നു പറഞ്ഞ് കഴുത്തിലെ രുദ്രാക്ഷമാല കാണിച്ചാണ് രക്ഷപ്പെട്ടത്. 2002ല്‍ ഗുജറാത്തിലെ മുഖ്യമന്ത്രിയായിരുന്ന മോദിയായിരുന്നല്ലോ 2019ല്‍ പ്രധാനമന്ത്രി. ഇത്തരം സാഹചര്യത്തില്‍ ഇത്തരമൊരു തലക്കെട്ടല്ലാതെ മറ്റെന്താണ് കൊടുക്കുക? ആ പശ്ചാത്തലം അറിയാത്ത പലരും തലക്കെട്ടിനെ വിമര്‍ശിച്ചിരുന്നു. ഇക്കാര്യത്തിലും പ്രസ് കൗണ്‍സില്‍ കേസെടുത്തു സെന്‍ഷ്വര്‍ ചെയ്തു. കാരണമെന്താണെന്നോ? കലാപത്തെ ആളിക്കത്തിക്കാന്‍ പ്രേരണ നല്‍കിയെന്ന്. ഡെല്‍ഹിയില്‍ നടക്കുന്ന കലാപത്തെ ആളിക്കത്തിക്കാന്‍ കല്‍ക്കട്ടയില്‍ നിന്നിറങ്ങുന്ന പത്രം കാരണമായെന്ന്. മിക്കവാറും ഈ കേസില്‍ ശിക്ഷിക്കപ്പെടാന്‍ സാധ്യതയുണ്ട്.

അതേസമയം മാധവന്റെ തിരുത്തിന്റെ തുടര്‍ച്ചയെന്നു പറയാവുന്ന ഒരു തിരുത്തിനെ കുറിച്ചും പറയാനുണ്ട്. അതാകട്ടെ തികഞ്ഞ അഭിമാനത്തോടെ. കാരണം തിരുത്തില്‍ ജൂനിയറിനെ സീനിയര്‍ തിരുത്തുകയാണെങ്കില്‍ ഇവിടെ സീനിയര്‍ ആയ എന്നെ ജൂനിയര്‍ ആയ, ഡെപ്യൂട്ടി എഡിറ്റര്‍ ഹര്‍ഷിത കല്യാണ്‍ എന്ന പെണ്‍കുട്ടിയാണ് തിരുത്തിയത്. പലരും ധരിച്ചിരിക്കുന്നത് പത്രപ്രവര്‍ത്തകരൊക്കെ മാനേജ്‌മെന്റിന്റെ കടുത്ത നിയന്ത്രണത്തിലാണെന്ന്. എന്നാലത് ശരിയല്ല. രാത്രിയായാല്‍ ഓഫീസില്‍ വിരലിലെണ്ണാവുന്നവരെ ഉണ്ടാകൂ. അവിടെ നടക്കുന്നതിനേയോ വാര്‍ത്തകളേയോ തലകെട്ടുകളേയോ നിയന്ത്രിക്കാന്‍ ആരുമുണ്ടാകില്ല. ചിലപ്പോള്‍ പിറ്റേന്ന് ജോലി പോകുമായിരിക്കും എന്നത് വേറെ കാര്യം. വിഷയത്തിലേക്കുവരാം. ബാബറി മസ്ജിദ് നിന്നിരുന്ന സ്ഥലം ക്ഷേത്രം നിര്‍മ്മിക്കാന്‍ വിട്ടുകൊടുത്ത വിധിക്കുശേഷം പ്രധാനമന്ത്രിതന്നെ പോയി പൂജാകര്‍മ്മങ്ങള്‍ നടത്തി ക്ഷേത്രത്തിനു തറക്കല്ലിട്ട ദിവസം. രാജഭരണകാലത്തുപോലും രാജാക്കന്മാര്‍ നേരിട്ട് ഇതൊന്നും ചെയ്യാറില്ല. അത് ചെയ്തിരുന്നത് പുരോഹിതരായിരുന്നു. എന്നാല്‍ ഈ ആധുനികകാലത്താണ് ഇന്ത്യയിലിതു സംഭവിച്ചത്. അതെന്തായാലും വാര്‍ത്ത എന്ന രീതിയില്‍ അതിനു വലിയ പ്രാധാന്യമുണ്ട്. ഫോട്ടോ അടക്കം ആദ്യപേജില്‍ പ്രധാന വാര്‍ത്തയായി തന്നെ വരേണ്ടതാണത്. എന്തായാലും പ്രധാനമന്ത്രിയുടെ ചിത്രം പ്രധാന ചിത്രമാക്കാനാകില്ല എന്ന വാശിയായിരുന്നു ഞങ്ങള്‍ക്ക്. അതെങ്ങനെ സാധ്യമാകും? അങ്ങനെയാണ് എല്ലാവരേയും ഒരുപോലെ കണ്ട് ഭരിക്കുമെന്ന പ്രതിജ്ഞ മോദിയെ ഓര്‍മ്മിപ്പിക്കാനായി ഭരണഘടനയുടെ ചിത്രം വെക്കാന്‍ തീരുമാനിച്ചത്. ഒപ്പം The book that begins with We, the people of India, is എന്ന വിശേഷണത്തോടെ THE GOD THAT FAILED US എന്ന തലക്കെട്ടും കൊടുത്തു. എന്നാല്‍ അവാസാനനിമിഷം ഹര്‍ഷിത ഒരു തിരുത്ത് നിര്‍ദ്ദേശിച്ചു. ഇന്ന് നമ്മെ പരാജയപ്പെടുത്തുന്ന ദൈവം ഭരണഘടനയല്ല എന്നും ഒരു തവണത്തെ അനുഭവമുണ്ടായിട്ടും രണ്ടാമതും മോദിയെ തന്നെ തെരഞ്ഞെടുത്ത നമ്മള്‍ തന്നെയാണെന്നുമാണെന്നാണ് അവര്‍ പറഞ്ഞത്. ചുല്യാറ്റ് ചെയ്തപോലെ അവര്‍ ഒരു വാക്കുമാത്രം തിരുത്തി ഇങ്ങനെയാക്കി. The book that begins with We, the people of India, is THE GOD THAT WE FAILED. അപ്പോഴാണ് ആ തലക്കെട്ട് തികച്ചും രാഷ്ട്രീയമായത്. എന്റെ പത്രപ്രവര്‍ത്തന ജീവിതത്തിലെ അഭിമാനകരമായ നിമിഷമായിരുന്നു അത്.

പാര്‍ലിമെന്റ് പുതിയ മന്ദിരം ഉദ്ഘാടനവേളയിലുണ്ടായ, തികച്ചും പ്രാകൃതമായ പൂജകളേയും ആചാരങ്ങളേയും രാഷ്ട്രീയമായി വിമര്‍ശിക്കുന്നതായിരുന്നു ഏറെ ചര്‍ച്ച ചെയ്യപ്പെട്ട BC 2023 എന്ന തലക്കെട്ട്. ഒരു ചെങ്കോലും വെച്ചായിരുന്നു പാര്‍ലിമെന്റില്‍ അതെല്ലാം സംഭവിച്ചത്. അപ്പോള്‍ ഇതല്ലാതെ മറ്റെന്താകണം തലക്കെട്ട്? പക്ഷെ വളരെ കുറച്ചു ദിവസത്തിനുള്ളില്‍ തന്നെ ഭയം കൊണ്ട് മറ്റൊരു തലക്കെട്ട് തിരുത്തിയ സംഭവവുമുണ്ടായി. പുതിയ പാര്‍ലിമെന്റില്‍ വെച്ച് ഡാനിഷ് അലിയെന്ന മുസ്ലിമായ ബി എസ് പി എംപിയെ ബിജെപി എം പി അക്ഷരാര്‍ത്ഥത്തില്‍ തെറി വിളിച്ച സംഭവവുമായി ബന്ധപ്പെട്ടായിരുന്നു അത്. Shamegol എന്ന ടൈറ്റില്‍ കൊടുത്ത് താഴെ The day the symbol of jusitce and good governance was twisted out of shape in the august House എന്നായിരുന്നു അത്. ആദ്യം കൊടുത്ത ടൈറ്റിലില്‍ ചെങ്കോലിനെ കുറിച്ച് ഈ വിശേഷണം ഉണ്ടായിരുന്നില്ല. പകരം No Chenkol can hide the ugly mind എന്നായിരുന്നു കൊടുത്തത്.

ഞങ്ങള്‍ക്കൊക്കെ വീട്ടില്‍ നിന്നു ഭക്ഷണമെല്ലാം കഴിച്ച് വൈകുന്നേരം ആറുമണിക്കൊക്കെ ഓഫീസിലെത്തുമ്പോള്‍ വലിയ ധൈര്യമായിരിക്കും. പിന്നീട് പകല്‍ ഡ്യൂട്ടിയിലുണ്ടായിരുന്ന ഓരോരുത്തരായി പോയിത്തുടങ്ങും. വളരെ കുറച്ചുപേരേ അവശേഷിക്കൂ. അപ്പോഴേക്കും ധൈര്യം കുറഞ്ഞു കുറഞ്ഞുവരും. അന്നുമതാണ് സംഭവിച്ചത്. ഏഴുമണിയോടെ ഈ ടൈറ്റില്‍ നല്‍കിയെങ്കിലും പിന്നീട് ഭയം ഗ്രസിക്കാന്‍ തുടങ്ങി. ചെങ്കോല്‍ ഒരു മതപരമായ പ്രതീകമാണെന്നും അതിനെ അധിക്ഷേപിക്കുന്നത് അപകടകരമാണെന്നും സഹപ്രവര്‍ത്തകരില്‍ ചിലര്‍ പറഞ്ഞു. സത്യത്തില്‍ അതു ശരിയല്ല. ചെങ്കോല്‍ അധികാരത്തിന്റേയും അഹങ്കാരത്തിന്റേയും അടിച്ചമര്‍ത്തലിന്റേയും പ്രതീകമാണ്. ഏതെങ്കിലും മതവുമായി അതിനു ബന്ധമൊന്നുമില്ല. പക്ഷെ മറ്റുള്ളവരെപോലെ ന്യൂസ് റൂമിലെ ഭയം എന്നേയും ഗ്രസിച്ചു. ആദ്യം ചെങ്കോല്‍ എന്ന വാക്കു മാറ്റി പകരം അതേ അര്‍ത്ഥമുള്ള യൂറോപ്യന്‍ പദം Scepter എന്നാക്കി. എന്നാല്‍ സമയം വൈകുന്തോറും ധൈര്യം കുറഞ്ഞുകൊണ്ടേയിരുന്നു. അങ്ങനെയാണ് പാര്‍ലിമെന്റില്‍ നടന്ന സംഭവങ്ങളെ വിമര്‍ശിച്ചെങ്കിലും ചെങ്കോലിനെ the symbol of jusitce and good governance എന്നു വിശേഷിപ്പിച്ചത്. തികച്ചും തെറ്റാണ് ആ വിശേഷണമെന്നറിഞ്ഞുതന്നെ.

2014ല്‍ മോദി അദികാരത്തിലെത്തി ഒരു വര്‍ഷമാകുമ്പോള്‍ നടന്ന ഒരു സംഭവം. മോദി ഭരണത്തിലെ ആദ്യത്തെ Scandal എന്നു പറയാവുന്ന സംഭവവുമായി ബന്ധപ്പെട്ട് ലളിത് മോദി യു കെയിലേക്ക് രക്ഷപ്പെട്ട സംഭവമാണ് ഉദ്ദേശിക്കുന്നത്. ആരാണ് അദ്ദേഹത്തിനു യാത്രചെയ്യാനുള്ള രേഖകളെല്ലാം തയ്യാറാക്കി കൊടുത്തത് എന്നത് വലിയ ചര്‍ച്ചയായി. പലരും ധരിച്ചത് സുഷമാ സ്വരാജ് ആയിരുന്നു എന്നായിരുന്നു അത്. എന്നാല്‍ പിന്നീട്ത് വസുന്ധരാ രാജെ സിന്ധ്യയാണെന്നു വ്യക്തമായി. പക്ഷെ പലരും അത് പറയാന്‍ മടിച്ചു. അതുവരെ ഏതു സംഭവത്തേയും കുറിച്ച് വാ തോരാതെ സംസാരിച്ചിരുന്ന മോദി മൗനത്തെ ആയുധമാക്കിയത് അന്നു മുതലായിരുന്നു. ആ സമയത്തായിരുന്നു അന്താരാഷ്ട്ര യോഗദിനം. മോദി കണ്ണടച്ച് യോഗ അഭ്യസിക്കുന്ന ചിത്രം കൊടുത്ത് Wake up and see the sign എന്ന തലക്കെട്ടോടെ വസുന്ധരാ രാജെ സിന്ധ്യയുടെ sign (ഒപ്പ്) അടക്കം ചേര്‍ത്താണ് അന്നു ഞങ്ങള്‍ വാര്‍ത്ത കൊടുത്തത്.

എന്നാല്‍ അന്ന് ഇത്തരത്തില്‍ ചെയ്യാന്‍ ധൈര്യം കാണിച്ച ഞങ്ങളുടെ ധൈര്യം 2023 ആയപ്പോഴേക്കും ചോര്‍ന്നു പോയതിനെ കുറിച്ചാണ് ഏറെ ശ്രദ്ധേയമായ crocodile തലക്കെട്ടുമായി ബന്ധപ്പെട്ട് പറയാനുള്ളത്. ഹെഡ് ലൈന്‍ ഇല്ലാതെയാണ് ആ പേജ് ചെയ്തത്. പകരം മുതലയുടെ ചിത്രം. രണ്ടു സ്ത്രീകളെ നഗ്നരാക്കി നടത്തി ക്രൂരമായി ബലാല്‍സംഗം ചെയ്ത് സംഭവം പുറത്തുവന്നതിനെ തുടര്‍ന്ന് മണിപ്പൂരിനെ കുറിച്ച് ആദ്യമായി പ്രധാനമന്ത്രി മിണ്ടിയ ദിവസമായിരുന്നു അത്. അതിനെയാണ് It took 79 days for pain and shame to pierce 56 inch skin എന്ന വിശേഷണത്തോടെ മുതലയുടെ പടം വെച്ച് ടൈറ്റിലില്ലാതെ കൊടുത്തത്. ആരെയാണെന്നു ഉന്നം വെക്കുന്നതെന്ന് ആര്‍ക്കും മനസ്സിലാകുമെങ്കിലും തുറന്നു പറയാനുള്ള ധൈര്യമുണ്ടായിരുന്നില്ല. അതിനാലാണ ് ഒളിപോരുപോലെ ചില പരീക്ഷണങ്ങള്‍ നടത്തുന്നത്. മറ്റുള്ളവര്‍ അതുപോലും ചെയ്യാത്തതിനാല്‍ telegraph ശ്രദ്ധിക്കപ്പെടുന്നു എന്നുമാത്രം. മൂക്കില്ലാ രാജ്യത്ത് മുറിമൂക്കന്‍ രാജാവ് എന്നു പറയുന്നപോലെ. ഇപ്പോള്‍ പക്ഷെ മുറിമൂക്കുപോലും ഇല്ലാതാവുകയാണ്.

അന്ന് മൂന്നു പ്രധാന വാര്‍ത്തകളുാണ് പുറത്തുവന്നത്. ഒന്ന് മോദി മണിപ്പൂരിനെ കുറിച്ച് മിണ്ടിയത്. രണ്ട്. ഇത്തരത്തിലുള്ള സംഭവങ്ങള്‍ നിരവധി നടക്കുന്നുണ്ടെന്ന മണിപ്പൂര്‍ മുഖ്യമന്ത്രിയുടെ പ്രസ്താവന. മൂന്ന്. മണിപ്പൂര്‍ വിഷയത്തില്‍ തന്നെ സുപ്രിംകോടതി സ്വമേധയാ കേസെടുത്ത് സര്‍ക്കാരിനെ രൂക്ഷമായി വിമര്‍ശിച്ചത്. സാധാരണനിലക്ക് ഇതുമൂന്നും ആദ്യപേജില്‍ വരേണ്ട വാര്‍ത്തകളാണ്. എന്നാല്‍ സുപ്രിംകോടതിയുടെ വാര്‍ത്ത ആദ്യപേജില്‍ കൊടുത്താല്‍ മുതലയുടെ പടം അതേകുറിച്ചാണെന്നു വ്യാഖ്യാനിക്കപ്പെട്ടാലോ, ആരെങ്കിലും കോടതിയെ അധിക്ഷേപിച്ചു എന്നാരോപിച്ച് കേസുകൊടുത്താലോ എന്ന ഭയം മൂലം അടുത്ത പേജിലേക്ക് മാറ്റുകയായിരുന്നു. സ്വയരക്ഷക്കുവേണ്ടിതന്നെ. അല്ലെങ്കില്‍ മുതലയെ കൊല്ലണമായിരുന്നു. ന്യൂസിനെ സാക്രഫൈസ് ചെയ്ത് രാഷ്ട്രീയം പറയാന്‍ തീരുമാനിക്കുകയായിരുന്നു. അതൊരു രാഷ്ട്രീയ തീരുമാനമായിരുന്നു. പല വായനക്കാര്‍ക്കും ഇഷ്ടപ്പെട്ടില്ല എന്നത് വേറെ കാര്യം

സാധാരണ നിലക്ക് ഒരാള്‍ ഒരു പത്രം കയ്യിലെടുത്താല്‍ പരമാവധി അതോടൊപ്പം ചിലവഴിക്കുക മൂന്നോ നാലോ മിനിട്ടാണ്. പിന്നെ ചോറുപൊതിയാനും ബീവറേജില്‍ നിന്നു വാങ്ങുന്നത് പൊതിയാനും മറ്റുമായിരിക്കും അതുപയോഗിക്കുക. പക്ഷെ പത്രപ്രവര്‍ത്തകര്‍ക്ക് അതുപറ്റില്ല. പത്രത്തോടൊപ്പം അവര്‍ക്ക് പിന്നേയും ഏറെ സമയം ചിലവഴിക്കേണ്ടിവരും. ഇപ്പറഞ്ഞ ദിവസത്തേക്ക് തിരിച്ചുവരാം. ഒരുപാട് അകലെ നടക്കുന്ന വിഷയങ്ങളെ കുറിച്ച് കയ്യോടെ പ്രതികരിക്കുകയും എന്നാല്‍ തൊട്ടടുത്തുള്ള വിഷയങ്ങളെ കുറിച്ച് മൗനമായിരിക്കുകയും ചെയ്യുന്ന മോദിയുടെ രീതിയെയാണ് മുതലയുടെ ചിത്രത്തോടൊപ്പമുള്ള ഗ്രാഫിക് ചിത്രീകരണം കൊണ്ട് ഉദ്ദേശിച്ചത്. മണിപ്പൂര്‍ മാത്രമല്ല, ദാദ്രി മുതല്‍ അധ്യാപിക വിദ്യാര്‍ത്ഥിയെ കൊണ്ട് സഹപാഠിയെ മര്‍ദ്ദിപ്പിച്ച സംഭവമെല്ലാം ഉദാഹരണങ്ങള്‍. ഇത്തരത്തില്‍ ഓരോ സംഭവം നടക്കുന്ന സ്ഥലവും മോദിയുമായുള്ള ദൂരവും മിണ്ടാനെടുക്കുന്ന സമയവുമൊക്കെ കണക്കെടുത്താണ് ആ ചിത്രീകരണം തയ്യാറാക്കിയത്. പത്രത്തിന്റെ ആദ്യ രണ്ടു എഡിഷന്‍ പോയി കഴിഞ്ഞ ശേഷമാണ് ലോക അത്‌ലറ്റിക്‌സില്‍ നീരജ് ചോപ്ര വിജയിയായ വാര്‍ത്തവരുന്നത്. പേജ് മാറ്റി ഡിസൈന്‍ ചെയ്യാനുള്ള സമയമില്ലാതിരുന്നതിനാല്‍ അവസാന സിറ്റി എഡിഷനില്‍ ആദ്യപേജിന്റെ മുകള്‍ഭാഗം മൊത്തം മാറ്റി ആ വാര്‍ത്ത കൊടുക്കുകയായിരുന്നു. മുതലയും ചിത്രീകരണവുമൊക്കെ മാറ്റേണ്ടിവന്നു.

അന്നു രാത്രി ഞാന്‍ നന്നായി ഉറങ്ങി. ആ ടൈറ്റില്‍ മാറ്റിയില്ലായിരുന്നെങ്കില്‍ വീട്ടിലെത്തിയാലും ഞാന്‍ ഉറങ്ങുമായിരുന്നില്ല. ഓരോ 15 മിനിട്ടിലെങ്കിലും ഞാന്‍ എണീറ്റ് ആദ്യപേജിലെ ചിത്രീകരണത്തിലെ കണക്കുകളൊക്കെ ശരിയാണോ എന്നു പരിശോധിക്കുമായിരുന്നു. രാവിലെ വരെ അതു തുടരുമായിരുന്നു. എന്നാല്‍ വാര്‍ത്ത മാറ്റിയതോടെ അതു വേണ്ടിവന്നില്ല. പുതിയ വാര്‍ത്ത ആര്‍ക്കും അലോസരമുണ്ടാക്കാത്തതായതിനാല്‍ മറ്റൊന്നും ചിന്തിക്കാനുണ്ടായിരുന്നില്ല. സുഖമായി ഉറങ്ങി. ന്യൂസ് റൂമുകള്‍ നന്നായി ഉറങ്ങുന്നു എങ്കില്‍ അതിനര്‍ത്ഥം അവിടെ ജോലിനടക്കുന്നില്ല,. പിറ്റേന്നത്തെ പത്രം ഒന്നിനും കൊള്ളില്ല എന്നാണ്. സുഖമായി ഉറങ്ങുന്നവരെ ശല്യപ്പെടുത്തുകയാണ് ഉറങ്ങാതിരുന്ന് ന്യൂസ് റുമുകള്‍ ചെയ്യേണ്ടത്. എന്നാല്‍ എല്ലാവര്‍ക്കും അതിനുള്ള ധൈര്യം നഷ്ടപ്പെടുകയാണ്. അത്രമാത്രം ന്യൂസ് റൂമുകളെ ഭയം ഗ്രസിച്ചിരിക്കുന്നു. അക്കാരണം കൊണ്ടുതന്നെ ഞാന്‍ ഈ പുരസ്‌കാരം ന്യൂസ് ക്ലിക് എഡിറ്റര്‍ പ്രബീര്‍ പുര്‍കായസ്തക്കു സമര്‍പ്പിക്കുന്നു…

സുഹൃത്തെ,
അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പന്ത്രണ്ടാം വര്‍ഷത്തേക്ക് കടക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2024 - 25 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.

The Critic, A/C No - 020802000001158,
Indian Overseas Bank,
Thrissur - 680001, IFSC - IOBA0000208
google pay - 9447307829
സ്നേഹത്തോടെ ഐ ഗോപിനാഥ്, എഡിറ്റര്‍, thecritic.in


ഞങ്ങളുടെ ഫേസ്ബുക് പേജ് ലൈക് ചെയ്യൂ..


Published On

Category: Social | Tags: , , , | Comments: 1 |

'ക്രിട്ടിക്കില്‍ പ്രസിദ്ധീകരിക്കുന്ന ലേഖനങ്ങള്‍ ലേഖകരുടെ അഭിപ്രായങ്ങളാണ്.. അവ പൂര്‍ണ്ണമായും ക്രിട്ടിക്കിന്റെ അഭിപ്രായങ്ങളാകണമെന്നില്ല - എഡിറ്റര്‍'

Feedback

One thought on “ന്യൂസ് റുമുകളെ ഭയം ഗ്രസിക്കുന്നു

  1. There’s a little hope prevailing….But a majority of so called journalists teetotallers when it comes to hard truth.They demands pension and like facilities from political bosses and frame the news according to thier master’s voice.

Leave a Reply