ലോകത്തിലെ പ്രാകൃതമായ ഒരു സംസ്‌കാരത്തിന്റെ വിസര്‍ജ്ജ്യങ്ങള്‍ ചുമക്കുന്നവരാണ് നമ്മള്‍

ജോണി് എം എല്‍ ആമുഖത്തില്‍ പറയുന്നപോലെ മനുഷ്യന്റെ സാമൂഹിക സ്വത്വത്തെ നിര്‍ണയിക്കുകയും മനുഷ്യനെ നിന്നിടത്തുതന്നെ പിടിച്ചുനിര്‍ത്തുകയും ചെയ്യുന്ന മതം, ജാതി, അന്ധവിശ്വാസം, സദാചാരം, ആത്മഹത്യ, രാഷ്ട്രീയം, തൊലിനിറം, ലൈംഗികത തുടങ്ങിയ ഘടകങ്ങളെയാണ് ഈ പുസ്തകത്തില്‍ പരിശോധിക്കുന്നത് – പ്രസാദ് അമോറിന്റെ ”വിശ്വാസം, സമൂഹം, ലൈംഗികത” എന്ന പുസ്തകത്തെ പരിചയപ്പെടുത്തുന്നു

പൗരാണികമായ ഒരു സംസ്‌കാരത്തിന്റെ പിന്തുടര്‍ച്ചക്കാരാണ് അഭിമാനിക്കുമ്പോഴും ലോകത്തിലെ പ്രാകൃതമായ ഒരു സംസ്‌കാരത്തിന്റെ വിസര്‍ജ്ജ്യങ്ങള്‍ ചുമക്കുന്നവരാണ് നമ്മള്‍ – എത്രയോ കൃത്യമായ നിരീക്ഷണമാണ് എഴുത്തുകാരനും യാത്രികനും മനശാസ്ത്രജ്ഞനുമായ പ്രസാദ് അമോറിന്റേത്. ഇത്തരമൊരു നിലപാടില്‍ നിന്ന് വര്‍ത്തമാനകാലത്തെ പല സമസ്യകള്‍ക്കും ഉത്തരം തേടുകയാണ് ”വിശ്വാസം, സമൂഹം, ലൈംഗികത” എന്ന തന്റെ പുതിയ പുസ്തകത്തില്‍ പ്രസദ് അമോര്‍ ചെയ്യുന്നത്. മനുഷ്യന്റെ വൈകാരികതലങ്ങളേയും നിലപാടുകളേയും സ്വാധീനിക്കുന്ന വിവിധ സാമൂഹിക നിര്‍മ്മിതികളെ ആധുനിക ജ്ഞാനത്തിന്റെ അടിസ്ഥാനത്തിലും പുതിയ സാങ്കേതിക വിദ്യകളുടെ പിന്‍ബലത്താലും പരിശോധിക്കുകയാണ് ഈ ഗ്രന്ഥത്തില്‍ ലേഖകന്‍ ചെയ്യുന്നത്. ഇരുപത്തിയഞ്ച് കുറിപ്പുകളിലൂടെയാണ് അമോര്‍ തന്റെ ആശയങ്ങള്‍ ആവിഷ്‌കരിക്കുന്നത്.

ദി ക്രിട്ടിക് ഫേസ് ബുക്ക് പേജ് ലൈക്ക് ചെയ്യുക

ഉത്തര്‍പ്രദേശിലെ മീററ്റിലെ നഗരചേരികളിലൂടെയുള്ള യാത്രാനുഭവങ്ങള്‍ ഇന്ത്യക്കാരായിരിക്കുന്നത് അഭിമാനകരമോ അപമാനകരമോ എന്ന ചോദ്യം ലേഖകനെ കൊണ്ട് ചോദിപ്പിക്കുന്നു. ജാതിവ്യവസ്ഥയെ ജൈവമായി നിലനിര്‍്ത്തുകയും ജാതീയപീഡനങ്ങളെ ഇരകളെകൊണ്ടുപോലും ദൈവഹിതമെന്നു വിശ്വസിപ്പിക്കുകയും ചെയ്യുന്ന സംവിധാനം നിലനിര്‍ത്തുന്ന ഒരു രാജ്യക്കാരനാവുന്നത് അഭിമാനകരമോ അപമാനകരമോ എന്നു ലേഖകന്‍ മറുപടി പറയുന്നില്ല. പകരമതു വായനക്കാര്‍ക്ക് വിടുന്നു. യുക്തിവാദിയാണെങ്കിലും വിശ്വാസികള്‍ എന്തിനു ക്ഷേത്രങ്ങളില്‍ ആശ്വാസം തേടുന്നു എന്ന ചോദ്യത്തിനു അമോര്‍ നല്‍കുന്ന ഉത്തരം സാധാരണ യുക്തിവാദികളുടെ ഉത്തരത്തില്‍ നിന്ന് ഏറെ വ്യത്യസ്ഥമാണ്. ആരാധനാലയങ്ങളിലെ കാഴ്ചകളും ശബ്ദങ്ങളും ആള്‍ക്കൂട്ടങ്ങളും ആഘോഷങ്ങളുമെല്ലാം എങ്ങനെയാണ് ഒരു തെറാപ്പിയുടെ ഗുണം ചെയ്യുന്നതെന്നാണ് അദ്ദേഹം വിശദീകരിക്കുന്നത്. രജസ്വലയായ ദേവിയുടെ ആര്‍ത്തവരക്തം കുടിക്കുന്നത് മഹാഭാഗ്യമായി കാണുന്ന ആസാമിലെ കാമാഖ്യ ക്ഷേത്രത്തില്‍ ബ്രിട്ടീഷ് നരവംശശാസ്ത്രജ്ഞനൊപ്പം സന്ദര്‍ശനം നടത്തിയ അനുഭവവും അമോര്‍ വിവരിക്കുന്നു. തങ്ങള്‍ പാശ്ചാത്യര്‍ക്ക് ഇന്ത്യക്കാരുടെ ആചാരങ്ങളെ കുറിച്ച് കേള്‍ക്കുന്നത് കൗതുകകരമാണെന്നാണ് ആ വിദേശി പറയുന്നത്. എന്തുകൊണ്ട് പശുവിന്റെ പേരില്‍ മനുഷ്യരെ കൊല്ലുന്നു എന്ന ചോദ്യത്തിനുത്തരും സാമൂഹ്യമായും രാഷ്ട്രീയമായും മാത്രമല്ല, ജനിതകപരമായും ലേഖകന്‍ പരിശോധിക്കുന്നുണ്ട്.

സാമൂഹ്യമായും ലൈംഗികമായും മറ്റുമുള്ള വിലക്കുകള്‍ ഉണ്ടാകുന്നതിനെ കുറിച്ചുള്ള അമോറിന്റെ വിശകലനം ചരിത്രപരം മാത്രമല്ല, മനശാസ്ത്രപരവും കൂടിയാണ്. അതിന്റെ തുടര്‍ച്ചയായി എങ്ങനെയാണ് ലൈംഗികപരവും സദാചാരപരവുമായ വിലക്കുകള്‍ രൂപം കൊണ്ടു എന്നും ലേഖകന്‍ പരിശോധിക്കുന്നു. അതോടൊപ്പം അവികസിത സമൂഹങ്ങളേയും അശ്ലീലമായി കാണുന്ന ഒന്നാം ലോകത്തേയും തുറന്നു കാണിക്കുന്നു. വെളുത്തവരാകാന്‍ ആഗ്രഹിക്കുന്നതിനു പുറകിലെ രാഷ്ട്രീയവും മനശാസ്ത്രവും ചര്‍ച്ച ചെയ്യുന്നു. ലൈംഗികതയില്‍ കര്‍ശനനിയന്ത്രണങ്ങളില്ലാതിരുന്ന കേരളീയസമൂഹത്തിലും മറ്റും അതെങ്ങിനെയാണ് കര്‍ശനമായതെന്നും പരിശോധിക്കുന്നു. എന്തുകൊണ്ട് പുരുഷന്മാര്‍ മുലകളില്‍ നോക്കുന്നു എന്ന കുറിപ്പില്‍ ലൈംഗികചോദനകളുടെ ആവിഷ്‌കാരത്തെ കുറിച്ചാണ് ചര്‍ച്ച ചെയ്യുന്നത്.

ദി ക്രിട്ടിക് യു ട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

കേരളീയ സമൂഹത്തില്‍ വളരെ പ്രസക്തമായ മറ്റനവധി വിഷയങ്ങളും പ്രസാദ് അമോര്‍ ഈ പുസ്തകത്തില്‍ ചര്‍ച്ച ചെയ്യുന്നു. എന്തുകൊണ്ട് ആത്മഹത്യാനിരക്ക് കൂടുന്നു, എന്തുകൊണ്ട് പ്രണയങ്ങളും ബലാല്‍സംഗങ്ങളും കൊലപാതകങ്ങളും, എന്തുകൊണ്ട് നമ്മള്‍ യുദ്ധം ആഗ്രഹിക്കുന്നു, സോഷ്യല്‍ മീഡിയയില്‍ നമ്മള്‍ തിരയുന്നതെന്ത്? തുടങ്ങിയ കുറിപ്പുകളെല്ലാം രാഷ്ട്രീയമായും സാമൂഹ്യമായും എ്ന്നതിനോടൊപ്പം മനശാസ്ത്രപരവുമായ പരിശോധനയാണ്. മനശാസ്ത്രജ്ഞന്‍ എന്നതിനോടൊപ്പം നിരന്തരയാത്രകളിലൂടെ നേടിയ അറിവും അനുഭവവുമാണ് ഈ പുസ്‌കത്തിന്റെ അന്തര്‍ധാര. ജോണി് എം എല്‍ ആമുഖത്തില്‍ പറയുന്നപോലെ മനുഷ്യന്റെ സാമൂഹിക സ്വത്വത്തെ നിര്‍ണയിക്കുകയും മനുഷ്യനെ നിന്നിടത്തുതന്നെ പിടിച്ചുനിര്‍ത്തുകയും ചെയ്യുന്ന മതം, ജാതി, അന്ധവിശ്വാസം, സദാചാരം, ആത്മഹത്യ, രാഷ്ട്രീയം, തൊലിനിറം, ലൈംഗികത തുടങ്ങിയ ഘടകങ്ങളെയാണ് അമോര്‍ ഈ പുസ്തകത്തില്‍ പരിശോധിക്കുന്നത്.

വിശ്വാസം, സമൂഹം, ലൈംഗികത
പ്രസാദ് അമോര്‍
ഗയ പുത്തകച്ചാല, തൃശൂര്‍
വില 150 രൂപ

സുഹൃത്തെ,
അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പന്ത്രണ്ടാം വര്‍ഷത്തേക്ക് കടക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2024 - 25 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.

The Critic, A/C No - 020802000001158,
Indian Overseas Bank,
Thrissur - 680001, IFSC - IOBA0000208
google pay - 9447307829
സ്നേഹത്തോടെ ഐ ഗോപിനാഥ്, എഡിറ്റര്‍, thecritic.in


ഞങ്ങളുടെ ഫേസ്ബുക് പേജ് ലൈക് ചെയ്യൂ..


Published On

Category: Literature | Comments: 0 |

'ക്രിട്ടിക്കില്‍ പ്രസിദ്ധീകരിക്കുന്ന ലേഖനങ്ങള്‍ ലേഖകരുടെ അഭിപ്രായങ്ങളാണ്.. അവ പൂര്‍ണ്ണമായും ക്രിട്ടിക്കിന്റെ അഭിപ്രായങ്ങളാകണമെന്നില്ല - എഡിറ്റര്‍'

Be the first to write a comment.

Leave a Reply