എരി : പ്രദീപിനെ വീണ്ടും വായിക്കുമ്പോള്‍

പ്രദീപന്‍ പാമ്പിരിക്കുന്നിന്റെ എരി എന്ന നോവലിനെ പ്രമേയമാക്കി, Amazon Kindle പ്രസിദ്ധീകരിച്ച സനല്‍ ഹരിദാസിന്റെ ‘കീഴാള ഭൂതകാലത്തിന് ഒരാമുഖം’ എന്ന പുസ്തകത്തെ അടിസ്ഥാനമാക്കി, ഡല്‍ഹി ദൂരദര്‍ശന്‍ ഡപ്യൂട്ടി ഡയറക്ടര്‍ സാജന്‍ ഗോപാലന്‍ നടത്തുന്ന നിരീക്ഷണം.

വളരെ യാദൃച്ഛികമായി ഒരു ദൂരദര്‍ശന്‍ അഭിമുഖത്തില്‍ ആണ് പ്രദീപന്‍ പാമ്പിരിക്കുന്നിനെ കാണുന്നത് എത്ര അനായാസമായി മനോഹരമായി ഈ ചെറുപ്പക്കാരന്‍ സംസാരിക്കുന്നു എന്നോര്‍ത്തു അടുത്ത തവണ കോഴിക്കോട് പോകുമ്പോള്‍ പരിചയപ്പെടണം എന്നും തോന്നി. എന്നാല്‍ പിന്നീട് കേള്‍ക്കുന്നത് ഒരു ബസ് അപകടത്തില്‍ പ്രദീപ് മരിച്ചു എന്ന വാര്‍ത്തയാണ് ..ഞാന്‍ തരിച്ചിരുന്നു പോയി.. പിന്നീട് തപ്പിയെടുത്തു പ്രദീപിന്റെ നോവല്‍ എരി വായിച്ചു …എന്തൊരു പ്രതിഭാശാലിയായ ചിന്തകനെയാണ് നഷ്ടപ്പെട്ടത് എന്ന് അപ്പോഴാണ് കൂടുതല്‍ വ്യക്തമായത് ..

ഈ പുസ്തകം കേരളത്തില്‍ പരിമിതമായെങ്കിലും ചര്‍ച്ച ചെയ്യപ്പെട്ടു ..എന്നാല്‍ ഈ പുസ്തകം ഉയര്‍ത്തുന്ന സവിശേഷമായ ചിന്തകള്‍ വേണ്ടത്ര കേരളം മനസ്സിലാക്കി എന്ന് തോന്നുന്നില്ല ഈ പശ്ചാത്തലത്തിലാണ് സനല്‍ ഹരിദാസ് എഴുതിയ കീഴാള ഭൂതകാലത്തിന് ഒരു ആമുഖം എന്ന പഠനം പ്രസക്തമാവുന്നത് ..എരിയിലെ ചരിത്ര ദര്‍ശനമാണ് സനല്‍ ഈ ചെറിയ ഗ്രന്ഥത്തില്‍ പരിശോധിക്കുന്നത് …കിന്‍ഡില്‍ വഴിയാണ് പ്രസിദ്ധീകരണവും വിതരണവും

നാം വായിക്കുന്ന ചരിത്രം വിജയി എഴുതിയ ചരിത്രമാണ് എന്ന് പറയാറുണ്ട്. കേരളത്തെ സംബന്ധിച്ചും ഇത് വളരെ പ്രസക്തമാണ്. ഇവിടെ പാഠവല്‍ക്കരിക്കപ്പെട്ട ചരിത്രം അവര്‍ണ സമൂഹത്തെയും അവരുടെ ജ്ഞാന ആവിഷ്‌കാര രൂപങ്ങളേയും ഭൂതകാലത്തെയും പൂര്‍ണമായും അവഗണിക്കുന്നു എന്ന് സനല്‍ ചൂണ്ടികാണിക്കുന്നു. ഇങ്ങനെ അവഗണിക്കപ്പെട്ട കീഴാളരുടെ ചരിത്രത്തെ വീണ്ടെടുക്കാന്‍ ശ്രമിക്കുന്ന പുതിയ കാല നീതിബോധത്തിന്റെ സര്‍ഗാത്മക രൂപമാണ് പ്രദീപ് പാമ്പിരിക്കുന്നിന്റെ എരി എന്ന നോവല്‍.  പറയവിഭാഗത്തിലെ ഒരു സാമൂഹിക പരിഷ്‌കര്‍ത്താവാണ് എരി. ഇദ്ദേഹത്തെ അന്വേഷിച്ചുള്ള ഒരു ഗവേഷകന്റെ യാത്രയാണ് നോവല്‍. അങ്ങനെ രണ്ടു നൂറ്റാണ്ടുകള്‍ക്കപ്പുറവും ഇപ്പുറവുമുള്ള രണ്ടു ഗവേഷകര്‍ തങ്ങളുടെ കീഴാളപ്രാതിനിധ്യത്തെ അടയാളപ്പെടുത്തുകയാണ്. മിത്തുകളും വാമൊഴി വഴക്കങ്ങളും ഓര്‍മകളും ഭാവനയുമെല്ലാം ഈ യാത്രയില്‍ കടന്നുവരുന്നുണ്ട്.

മൂന്നു അധ്യായങ്ങളായാണ് സനല്‍ ഈ പഠനം ക്രമീകരിച്ചിരിക്കുന്നത്. നിലനില്‍ക്കുന്ന ചരിത്രം എത്ര നീതിപൂര്‍ണമാണ് എന്നതാണ് ആദ്യത്തെ അന്വേഷണം. രണ്ടാമതു പരിശോധിക്കുന്നത് നോവലിന്റെ ചരിത്ര ദര്‍ശനമാണ്. മൂന്നാമതായി ഈ ബദല്‍ സമീപനങ്ങളെ അവതരിപ്പിക്കുന്നു. കേരളത്തിന്റെ ഇതേവരെ എഴുതപ്പെട്ട ചരിത്രം ഹിംസാത്മകമാണെന്ന ഡോ കെ എസ് മാധവന്റെ നിരീക്ഷണത്തോടെയാണ് ആദ്യത്തെ അധ്യായം തുടങ്ങുന്നത്. ഇതേവരെ എഴുതിയതൊക്കെ കേരളത്തിലെ ഇടനാടിന്റെ മാത്രം ചരിത്രമാണ്. ക്ഷേത്രങ്ങള്‍ക്ക്പുറത്തുള്ള അറിവുരൂപങ്ങളെ കണ്ടെടുക്കാത്ത രചനകളാണവ. ആദ്യകാല ചരിത്ര രചയിതാക്കള്‍ സൃഷ്ഠിച്ച പരിമിതികള്‍ മറികടക്കാന്‍ പില്‍ക്കാലത്തു വന്ന മാര്‍ക്‌സിസ്റ്റ് ചരിത്രകാരന്മാര്‍ക്കും കഴിഞ്ഞില്ലെന്നും ചൂണ്ടി കാട്ടുന്നുണ്ട്.

ഈ പരിമിതി മറികടക്കാനാണ് നോവലില്‍ ഗവേഷകന്‍ ശ്രമിക്കുന്നത്. അതുകൊണ്ടാണ് ഓര്‍മകളെയും വാമൊഴി സാഹിത്യത്തെയും ഏറെ അവലംബിക്കുന്നു. ആഫ്രിക്കയിലെ വംശ ചരിത്രങ്ങള്‍ പുനഃസൃഷ്ടിക്കാന്‍ ശ്രമിക്കുന്ന ചിനുവ അച്ചേബെ പോലുള്ള എഴുത്തുകാരെപ്പോലെ historiographic metafiction എന്ന വിഭാഗത്തിലാണ് എരി വരുന്നത് എന്ന് സനല്‍ അഭിപ്രായപ്പെടുന്നു. സത്യത്തില്‍ പ്രദീപ് ഈ നോവല്‍ എഴുതിയത് തന്നെ തന്റെ ചരിത്രാന്വേഷണത്തിന്റെ ഭാഗമായാണ്. ആധുനിക കേരളം എങ്ങനെ രൂപപ്പെട്ടു എന്ന അന്വേഷണം.

ഈ അന്വേഷണത്തില്‍ അദ്ദേഹത്തെ ഞെട്ടിക്കുന്നത് ചരിത്രത്തില്‍ നിന്ന് നിഷ്‌കാസിതരായ അനവധി സമുദായങ്ങളുടെ ചിത്രമാണ്: സനല്‍ എഴുതുന്നു: ”’ആശാരി, മൂശാരി, കൊല്ലന്‍, കല്ലന്‍, തട്ടാന്‍, കല്ലാശാരി, കല്‍ത്തച്ചന്‍, കമ്മാള, കംമ്പാല, കരുവാന്‍, മലയാള, കമ്മാള, പാണ്ടിക്കമ്മാള, തച്ചന്‍, വിയോശാന്‍, കക്കോട്ടി കന്നാന്‍, എട്ടിലപ്പരിഷ, ചെമ്പോട്ടി, ഓടായി എന്നിങ്ങനെയുള്ള അനേകം ജാതികളുടെയും ഉപജാതികളുടെയും പരമ്പരാഗത ജ്ഞാനരൂപങ്ങള്‍ പില്‍ക്കാലത്ത് ആരാലും ഗണിക്കപ്പെടാതെ പോവുകയാണുണ്ടായതെന്നും നോവലിലെ ഗവേഷകന്‍ തന്റെ അന്വേഷണങ്ങള്‍ക്കിടയില്‍ കണ്ടെത്തുന്നുണ്ട്.’

 

 

 

 

 

പ്രദീപിനെക്കുറിച്ചു ശ്രീഹരി എഴുതിയ കവിതയിലെ
”കേകയിലെഴുത്തച്ഛ-
നെഴുതുന്നേരം കാണ്‍മാ-
നില്ലയെന്‍ വംശത്തിന്റെ-
യക്ഷരമൊന്നും!”
എന്ന വരികളാണ് നമുക്ക് ഓര്മ വരിക.

എരിയുടെ അപഗ്രഥനത്തിലൂടെ കേരള ചരി ത്രത്തെക്കുറിച്ചുള്ള ഏറെ പഠനങ്ങളിലൂടെയും സാഹിത്യ സന്ദര്‍ഭങ്ങളിലൂടെയും സനല്‍ കടന്നു പോവുന്നു. ചെറുതെങ്കിലും ഗാഢമാണ് സനലിന്റെ വായന. എരി എന്ന നോവല്‍ വീണ്ടും വീണ്ടും വായിക്കപ്പെടണം. അതിനു ഏറെ പ്രേരകമാണ് സനലിന്റെ ഈ പഠനം. കിന്‍ഡില്‍ ഉപയോഗിച്ചാണ് സനല്‍ ഈ പുസ്തകം പ്രസിദ്ധീകരിച്ചിരിക്കുന്നത്. എഴുത്തുകാര്‍ക്ക് ഇത് വലിയ സാധ്യതയാണ്. കിന്‍ഡില്‍ വേര്‍ഷന്‍ എളുപ്പത്തില്‍ വാങ്ങാവുന്നതേ ഉള്ളൂ…നിങ്ങളുടെ ഫോണില്‍ തന്നെ കിന്‍ഡില്‍ ഡൗണ്‍ലോഡ് ചെയ്യാമല്ലോ. നൂറു രൂപയാണ് വില..

ഇത്തരമൊരു പഠനം നടത്തിയ സനലിന് വളരെ നന്ദി … പ്രദീപിന്റെ ഓര്‍മ്മകള്‍ കേരള സമൂഹത്തെ വീണ്ടും വീണ്ടും സ്വയം വിമര്‍ശനത്തിന് വിധേയമാക്കാന്‍ പ്രേരിപ്പിക്കട്ടെ

ഈ ലിങ്കിലൂടെ പുസ്തകം വാങ്ങിയോ കിന്‍ഡില്‍ അണ്‍ലിമിറ്റഡ് വഴിയോ വായിക്കാവുന്നതാണ് :

സുഹൃത്തെ,
അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പന്ത്രണ്ടാം വര്‍ഷത്തേക്ക് കടക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2024 - 25 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.

The Critic, A/C No - 020802000001158,
Indian Overseas Bank,
Thrissur - 680001, IFSC - IOBA0000208
google pay - 9447307829
സ്നേഹത്തോടെ ഐ ഗോപിനാഥ്, എഡിറ്റര്‍, thecritic.in


ഞങ്ങളുടെ ഫേസ്ബുക് പേജ് ലൈക് ചെയ്യൂ..


Published On

Category: Literature | Tags: , | Comments: 0 |

'ക്രിട്ടിക്കില്‍ പ്രസിദ്ധീകരിക്കുന്ന ലേഖനങ്ങള്‍ ലേഖകരുടെ അഭിപ്രായങ്ങളാണ്.. അവ പൂര്‍ണ്ണമായും ക്രിട്ടിക്കിന്റെ അഭിപ്രായങ്ങളാകണമെന്നില്ല - എഡിറ്റര്‍'

Be the first to write a comment.

Leave a Reply