‘എരി’യുടെ ചരിത്രം തിരയുമ്പോള്‍
ചരിത്രം ഏകപക്ഷീയമാകുന്നിടത്തെല്ലാം തന്നെ തിരസ്‌കരിക്കപ്പെട്ട ജനതയുടെമേല്‍ അത് ഹിംസാത്മകമാകുന്നതു കാണാം. ബഹുമുഖമായ കാര്യകാരണമാണ് ഇതിനു പുറകില്‍ വര്‍ത്തിക്കുന്നത്. രേഖപ്പെടുത്തിയിട്ടുള്ളതും പാഠവത്കരിക്കപ്പെട്ടതുമായ ചരിത്രത്തില്‍ നിന്ന് അദൃശ്യമാക്കപ്പെട്ട കീഴാള ജനതക്കു നേരെ തിരിച്ചു പിടിച്ചൊരു കണ്ണാടിയായി പ്രദീപന്‍ പാമ്പിരിക്കുന്നിന്റെ ‘എരി’ എന്ന നോവലിനെ മുന്നോട്ടുവച്ചുകൊണ്ട് യുവ എഴുത്തുകാരന്‍ സനല്‍ ഹരിദാസ് രചിച്ച ചരിത്രാത്മക പ്രബന്ധമായ ‘കീഴാള ഭൂതകാലത്തിന് ഒരാമുഖം’ ഈ സമസ്യയെ വിമര്‍ശനാത്മകമായി പരിശോധിക്കുന്ന ഒന്നാണ് – പോണ്ടിച്ചേരി സര്‍വ്വകലാശാലയിലെ പി ജി വിദ്യാര്‍ത്ഥിനി ആര്‍ഷ എഴുതുന്നു.
നോവലിലെ നായകനായ ‘എരി’യുടെ ചരിത്രമന്വേഷിച്ചിറങ്ങിയ ഗവേഷക കഥാപാത്രത്തിനോട് താദാത്മ്യപ്പെട്ടു കൊണ്ട് തിരസ്‌കരിക്കപ്പെട്ട കീഴാള ഭൂതകാല ചരിത്രത്തിന്റെ ആന്തരിക യാഥാര്‍ത്ഥ്യങ്ങളിലേക്ക് വിരല്‍ ചൂണ്ടുകയാണ് ‘എരി’ ചെയ്യുന്നത്. ലോകചരിത്രം പരിശോധിക്കുകയാണെങ്കില്‍ ലിഖിത ചരിത്രം എന്നും അതാത് സമൂഹത്തില്‍ സാമൂഹിക – സാമ്പത്തിക വിഭവങ്ങള്‍ കൈയടക്കി വച്ചിരുന്ന അധീശ വിഭാഗങ്ങളോട് കൂറ് പുലര്‍ത്തിയിരിക്കുന്നതായി മനസ്സിലാക്കാം. മേല്പറഞ്ഞ വിഭാഗങ്ങളുടെ നിരന്തരമായ വിവേചനങ്ങള്‍ക്കും ചൂഷണങ്ങള്‍ക്കും വിധേയരാക്കപ്പെട്ട ബഹുഭൂരിപക്ഷത്തിന്റെ ഭൂതകാലം മുഖ്യധാരാ ചരിത്രത്തില്‍ തികച്ചും അദൃശ്യമാണ്.
അമേരിക്കയിലെ ‘നേറ്റീവ് അമേരിക്കന്‍സ്’ എന്നറിയപ്പെടുന്ന തദ്ദേശീയരായ ജനവിഭാഗത്തിന്റെയും കറുത്ത വര്‍ഗ്ഗക്കാരായ അടിമകളുടെയും ചരിത്രം വിസ്മരിക്കപ്പെട്ടത് ഈ പ്രവണതയുടെ അനേകം ഉദാഹരണങ്ങളില്‍ ഒന്ന് മാത്രമാണ്. വ്യവസ്ഥാപിതമായ സാമൂഹ്യ ശ്രേണീകരണത്തിന്റെ പരിണിത ഫലമായി വന്നു ചേര്‍ന്ന ഒന്നുമാണിത്.
ഇന്ത്യയുടെ രേഖപ്പെടുത്തിയിട്ടുള്ള മുഖ്യധാരാ ചരിത്രം രൂപീകരിക്കുന്നതില്‍ തീവ്രമായ സ്വാധീനം ചെലുത്തിയ ഒന്നാണ് ജാതി വ്യവസ്ഥ. കൊളോണിയല്‍ ധാര പിന്‍പറ്റി മുഖ്യധാരാ ചരിത്രകാരന്മാര്‍ ബ്രഹ്മണ്യസംസ്‌കാരത്തെയും അധിവാസ കേന്ദ്രങ്ങളെയും അംഗീകൃതമായ ചരിത്രവും സംസ്‌കാരവുമായി വിലയിരുത്തുകയും ജാതിശ്രേണിയിലെ താഴെത്തട്ടില്‍ നിലകൊള്ളുന്ന അവര്‍ണ്ണരുടെ ചരിത്രത്തെയും സംസ്‌കാരത്തെയും പാടെ അവഗണിക്കുകയുമാണുണ്ടായത്.
നോവലിലെ ‘എരി’ യുടെ ചരിത്രമന്വേഷിച്ചിറങ്ങുന്ന ഗവേഷകനെ കാത്തിരിക്കുന്നത് താനുള്‍പ്പെടെയുള്ള അവര്‍ണ വിഭാഗത്തിന്റെ ചരിത്രം എവിടെയും രേഖപ്പെടുത്തിയിട്ടില്ല എന്ന തിരിച്ചറിവാണ്. കൃത്യമായ ജ്ഞാനരൂപങ്ങളും സംസ്‌കാരവും കലയും സ്വന്തമായുണ്ടായിരുന്ന അവര്‍ണ ജനതയുടെ ബൃഹദ് പാരമ്പര്യത്തെ സവര്‍ണര്‍ തങ്ങളുടേതാക്കി മാറ്റുകയോ ചരിത്ര രചനകളില്‍ നിന്ന് തിരസ്‌കരിക്കുകയോ ചെയ്തുവെന്ന് ഗവേഷകന്‍ പല ഉദാഹരണങ്ങളിലൂടെ തുടര്‍ന്ന് ചൂണ്ടിക്കാട്ടുന്നു. വൈദ്യത്തിലും,സൂതികര്‍മത്തിലും, ആയോധനകലയിലും പ്രഗത്ഭരായിരുന്ന അവര്‍ണ്ണരുടെ ചരിത്രം വാമൊഴികളിലും നാടന്‍ പാട്ടുകളിലും മാത്രമായി ഒതുങ്ങിപ്പോവുകയാണുണ്ടായത്. ഇതിനെ തുടര്‍ന്ന് സാമ്പ്രദായിക രേഖീകൃത ചരിത്രത്തില്‍ നിന്ന് വ്യതിചലിച്ച് വാമൊഴിയിലൂടെയും നാടോടിക്കഥകളിലൂടെയും അനാവൃതമാകുന്ന എരിയുടെയും തന്റെ തന്നെ കീഴാള സ്വത്വത്തിന്റെയും വേരുകള്‍ തിരഞ്ഞിറങ്ങുകയാണ് ഗവേഷകന്ന കഥാപാത്രം.
എരിയിലെ ഗവേഷകന്‍ തുടങ്ങി വച്ച കീഴാള ഭൂതകാലാന്വേഷണങ്ങളെ പിന്‍പറ്റി അവര്‍ണന്റെ വിസ്മൃത ചരിത്രത്തെ ഇഴ കീറി പരിശോധിച്ചുകൊണ്ട് വസ്തുനിഷ്ഠമായ നിഗമനങ്ങളിലൂടെ സവര്‍ണാധിഷ്ഠിത ചരിത്രത്തിന്റെ ഹിംസാത്മകതയിലേക്കു വെളിച്ചം വീശുകയാണ് ‘കീഴാള ഭൂതകാലത്തിന് ഒരാമുഖം’.
കേരള ചരിത്രം ക്ഷേത്ര കേന്ദ്രീകൃതമാണെന്നതും ക്ഷേത്രങ്ങളില്‍ നിന്നും കൊട്ടാരങ്ങളില്‍ നിന്നും കണ്ടെടുത്ത ചെപ്പേടുകളും ശാസനങ്ങളും മുഖ്യ സ്രോതസായി കണ്ടുള്ള ചരിത്ര പഠനം ചരിത്രരചനയില്‍ സവര്‍ണാധിപത്യം സൃഷ്ടിച്ചുവെന്നും അവര്‍ണ്ണരുടെ വിജ്ഞാനം, സംസ്‌കാരം, അനുഭവം, ആവിഷ്‌കാരം, ജാതി, ലൈംഗികത തുടങ്ങിയ അനവധി പ്രധാന മേഖലകള്‍ അവഗണനയ്ക്കു പാത്രമായെന്നും സനല്‍ ഹരിദാസ് ചൂണ്ടിക്കാട്ടുന്നു. വിദ്യാഭ്യാസം നേടാനുള്ള അവകാശം സവര്‍ണന് മാത്രം സ്വന്തമായിരുന്ന കാലത്ത് അവര്‍ണന്റെ ചരിത്രം എഴുതിവയ്ക്കപ്പെടാതെ പോയതില്‍ അത്ഭുതമില്ല. സമാനമായൊരു നിരീക്ഷണം പ്രമുഖ ദളിത് ചിന്തകനും എഴുത്തുകാരനുമായ ‘കാഞ്ച ഇലയ്യ’ തന്റെ ‘ണവ്യ ക’ാ ചീ േമ ഒശിറൗ’ എന്ന പുസ്തകത്തില്‍ മുന്നോട്ടു വയ്ക്കുന്നുണ്ട്. ഇന്ത്യയുടെ ഹിന്ദു സംസ്‌കാരം എന്നത് തീര്‍ത്തും സവര്‍ണാധിഷ്ഠിതമാണെന്നും അവര്‍ണ്ണരുടെ ഭാഷയും സംസ്‌കാരവും ആചാരങ്ങളും കുടുംബ- സാമൂഹിക- സാമ്പത്തിക ബന്ധങ്ങളുമെല്ലാം സവര്‍ണാധിഷ്ഠിതമായ ഹിന്ദു സംസ്‌കാരത്തില്‍ നിന്ന് തികച്ചും വിഭിന്നവും വൈവിധ്യപൂര്‍ണവുമാണെന്നും 1990 കളുടെ തുടക്കത്തില്‍ ശക്തി പ്രാപിച്ച സംഘ് പരിവാറിന്റെ ഹിന്ദു ദേശീയത വാദം ബ്രാഹ്മണ്യസംസ്‌കാരത്തെ ദളിതരുടെ മേല്‍ അടിച്ചേല്‍പ്പിക്കുകയാണെന്ന് ഇലയ്യ അഭിപ്രായപ്പെടുന്നുണ്ട്.
ചരിത്രത്തില്‍ കാര്യമായ തിരുത്തലുകളും കൂട്ടിച്ചേര്‍ക്കലുകളും നടത്തി സവര്‍ണ്ണമേധാവിത്വത്തിനെ വെള്ള പൂശുകയും ഗൃഹാതുരമായ ഭൂതകാലമായി ചരിത്രത്തെ കാല്പനികവത്കരിക്കുകയും അതിനെ വീണ്ടെടുക്കാനുള്ള തീവ്രശ്രമങ്ങള്‍ ഭരണകൂടത്തിന്റെ ഭാഗത്തു നിന്ന് തന്നെ ഉയരുകയും ചെയ്യുമ്പോള്‍ നിശബ്ദമാക്കപ്പെട്ട കീഴാളഭൂതകാലചരിത്രത്തിന്റെ വീണ്ടെടുക്കല്‍, അനിവാര്യതയ്ക്കുമപ്പുറം ചെറുത്തുനില്‍പ്പ് കൂടിയാകുന്നു. അതിനാല്‍ തന്നെ ‘എരി’ സര്‍ഗാത്മകമായി മുന്നോട്ടു വക്കുന്നതും ‘കീഴാള ഭൂതകാലത്തിന് ഒരാമുഖം’ വിശകലന-വികസനങ്ങള്‍ക്ക് വിധേയമാക്കുന്നതുമായ പ്രതിരോധത്തിന്റെ ഭാഷ വര്‍ത്തമാനകാല ഇന്ത്യയില്‍ ഏറെ പ്രസക്തമായ ഒന്നാണെന്നത് തീര്‍ച്ചയാണ്.
സുഹൃത്തെ,
അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പന്ത്രണ്ടാം വര്‍ഷത്തേക്ക് കടക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2024 - 25 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.
The Critic, A/C No - 020802000001158,
Indian Overseas Bank,
Thrissur - 680001, IFSC - IOBA0000208
google pay - 9447307829
സ്നേഹത്തോടെ ഐ ഗോപിനാഥ്, എഡിറ്റര്‍, thecritic.in